മോദി തരംഗം വീശിയടിച്ച 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എതിരാളികളെ നിഷ്പ്രഭരാക്കിയാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണി ബീഹാറില്‍ ആകെയുള്ള 40 സീറ്റില്‍ 39 സീറ്റും നേടിയത്. മത്സരിച്ച എല്ലാ സീറ്റുകളിലും ബി.ജെ.പിയും രാംവിലാസ് പാസ്വാന്റെ ലോക് ജന്‍ ശക്തി പാര്‍ട്ടിയും (എല്‍.ജെ.പി) വിജയിച്ചപ്പോള്‍ ഒന്നൊഴികെ ബാക്കി എല്ലാ സീറ്റും ജനതാദള്‍ യുണൈറ്റഡ് സ്വന്തമാക്കി. രാജ്യത്തെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പോരാട്ടം (എന്ന് ലുട്യന്‍സ് മാധ്യമങ്ങള്‍ അവകാശപ്പെട്ട) നടന്ന ബെഗുസരായ് ലോക്‌സഭാ മണ്ഡലത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല (ജെ.എന്‍.യു) മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാര്‍ വലിയ മാര്‍ജിനില്‍ പരാജയപ്പെട്ടിരുന്നു. അവിടെ ബി.ജെ.പിയുടെ കരുത്തനായ നേതാവ് ഗിരിരാജ് സിംഗിന്റെ വിജയം പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് കന്‍ഹയ്യയുടെ പരാജയം. ഇന്ത്യന്‍ ചെഗ്വേര ജനിച്ചു എന്നും മോദിയ്ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികളായിരിക്കുമെന്നും ഉറക്കെ പ്രഖ്യാപിച്ച കന്‍ഹയ്യയെ ബെഗുസരായിലെ സാധാരണ ജനങ്ങള്‍ തള്ളിക്കളഞ്ഞത് ഇന്ത്യന്‍ ക്യാമ്പസുകളില്‍ ദേശവിരുദ്ധത പ്രചരിപ്പിക്കുന്ന നവബുദ്ധിജീവികള്‍ കണ്ണുതുറന്നു കാണേണ്ടതാണ്.
2016 ഫെബ്രുവരി 9ന് ജെ.എന്‍.യുവില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണത്തിനും അതിനോട് ചേര്‍ന്ന് മുഴങ്ങിയ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ക്കും ശേഷമാണ് കന്‍ഹയ്യ കുമാര്‍ എന്ന പേര് രാജ്യത്തെ ജനങ്ങള്‍ കേട്ടുതുടങ്ങിയത്. ഇന്ത്യന്‍ യുവജനതയുടെ ശബ്ദം എന്ന രീതിയില്‍ ഇടതുപക്ഷ ബുദ്ധിജീവികളും മാധ്യമങ്ങളും ഇസ്ലാമിക മതമൗലികവാദികളും കന്‍ഹയ്യയെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമമായിരുന്നു പിന്നീട്. കന്‍ഹയ്യയുടെ അഭിമുഖങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷമാക്കി. ന്യൂസ് ചാനലുകളുടെ കോണ്‍ക്ലേവുകളിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി ഞൊടിയിടയില്‍ അയാള്‍ മാറി.
ജനാധിപത്യത്തെപ്പറ്റിയും സ്വാതന്ത്ര്യത്തെപ്പറ്റിയും സംഘപരിവാര്‍ ‘ഫാസിസത്തെപ്പറ്റിയും’ കന്‍ഹയ്യ ഘോര ഘോരം പ്രസംഗിച്ചു. അക്കാദമിക്ക് മതില്‍ക്കെട്ടുകള്‍ക്കപ്പുറമുള്ള യഥാര്‍ത്ഥലോകത്ത് കന്‍ഹയ്യ കുമാര്‍ പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രത്തിന്റെ സ്വീകാര്യത തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.
ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ രോഹിത് വെമുലയുടെ ആത്മഹത്യ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയമായി ഉപയോഗിച്ചുകൊണ്ടിരിക്കെ ജെ.എന്‍.യു സംഭവവും അവര്‍ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കി മാറ്റി. രാജ്യത്തെ സര്‍വ്വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു എന്നും മറ്റുമുള്ള’പ്രൊപ്പഗാണ്ടയുടെ’ മുഖമായി അങ്ങനെ കന്‍ഹയ്യ മാറി. ദേശീയത എന്നത് അറപ്പോടെ കാണേണ്ട ഒന്നാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ആയിരുന്നു ജെ.എന്‍.യുവിലെ ചില അധ്യാപകരുടെ ശ്രമവും.
ജെ.എന്‍.യുവില്‍ ഒരു മാസക്കാലം സംഘടിപ്പിച്ച ദേശീയതയെപ്പറ്റിയുള്ള സമാന്തര ക്ലാസ്സുകളില്‍ ദേശീയത വികലമായി ചിത്രീകരിക്കപ്പെട്ടുകൊണ്ടേയിരുന്നു. കാശ്മീരിന്റെ സ്വാതന്ത്ര്യവും ഇന്ത്യയിലെ ‘മുസ്‌ലിം പീഡനവും’ ഭാരതത്തിന്റെ ചരിത്രമില്ലായ്മയും അവിടെ ചര്‍ച്ചാവിഷയമായി. ജെ.എന്‍.യു സ്വതന്ത്രമായ ഒരു ഇടമാണ്, അവിടെ ചിന്തകളെ തടുക്കുകയില്ല എന്ന ന്യായമാണ് അവിടെനിന്നുയര്‍ന്നത്. പക്ഷെ മകരന്ദ് പരഞ്ചപേ എന്ന അധ്യാപകന്‍ ഇടതുപക്ഷത്തിനും രാജ്യവിരുദ്ധ ശക്തികള്‍ക്കും എതിരെ അതേ വേദിയില്‍ നിന്നുകൊണ്ട് സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗം വിദ്യാര്‍ത്ഥികള്‍ അലങ്കോലപ്പെടുത്തി. ആവിഷ്‌കാര സ്വാതന്ത്ര്യം ക്യാമ്പസുകളില്‍ ഇടതുപക്ഷത്തിന്റെ കുത്തകയാണ് മറ്റാര്‍ക്കും അതില്‍ അവകാശമില്ല എന്ന് തന്നെ വേണം അനുമാനിക്കാന്‍.
ഇനി ബെഗുസരായിലേക്ക് വരുമ്പോള്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കേരളത്തിന് പുറത്ത് ശക്തിയുള്ള ചുരുക്കം ചില ഇടങ്ങളില്‍ ഒന്നാണവിടം. 2009, 2014 ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ ഏകദേശം 20 ശതമാനം വോട്ട് നേടാന്‍ പാര്‍ട്ടിക്ക് അവിടെ സാധിച്ചിട്ടുണ്ട്. 2019 ലും അത് തന്നെ സംഭവിച്ചു. തങ്ങളുടെ വിപ്ലവ നായകന് വിജയം സുനിശ്ചിതമാണെന്ന് കരുതിയവര്‍ ഒരു കാര്യം മറന്നുപോയി. ഈ രാഷ്ട്രത്തിന്റെ ചേതനയെ സംരക്ഷിക്കുന്നത് സഹസ്രാബ്ദങ്ങളോളം പഴക്കമുള്ള ഋഷീശ്വരന്മാരുടെ തപസ്യയാണ്. വൈദേശിക പ്രത്യയശാസ്ത്രങ്ങളുടെ പാപഭാരം പേറി നടക്കുന്നവര്‍ക്ക് ഭാരതത്തിന്റെ ആത്മാവില്‍ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാനാവില്ല.
ഭാരതത്തില്‍ ഇടതുപക്ഷത്തിന്റെ സാധ്യത എത്രത്തോളമുണ്ടെന്ന് കന്‍ഹയ്യയ്ക്കും ബാക്കി സഖാക്കള്‍ക്കും ഇതിനോടകം മനസ്സിലായിക്കാണണം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമാവലി ആധാരമാക്കിപ്പറഞ്ഞാല്‍ സി.പി.ഐക്കും സി.പി.എമ്മിനും ഇപ്പോള്‍ ദേശീയ പാര്‍ട്ടിയാവാനുള്ള യോഗ്യത ഇല്ല. ത്രിപുരയില്‍ നിന്നും ബംഗാളില്‍ നിന്നും അപ്രത്യക്ഷമായ ഇടതുപക്ഷം ആകെ സാധ്യത കാണുന്നത് കേരളത്തില്‍ മാത്രമാണ്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് എം.പി ആയതുപോലെ ഇന്ത്യന്‍ ചെഗ്വേരയ്ക്ക് ഗര്‍ജ്ജിക്കാന്‍ കേരളാ നിയമസഭയോ പഞ്ചായത്ത് ഹാളുകളോ മറ്റോ തുറന്നുകൊടുക്കേണ്ടി വരുമോ എന്ന് കാലം തെളിയിക്കും.