മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ ഓഫീസുകളില്‍ നിന്നെല്ലാം മാര്‍ക്‌സിന്റെയും ലെനിന്റെയും ചെഗുവേരയുടെയും പടങ്ങള്‍ എടുത്തുമാറ്റി തല്‍സ്ഥാനത്ത് സ്വപ്‌ന സുരേഷിന്റെയും ശിവശങ്കരന്റെയും ബിനീഷ് കോടിയേരിയുടെയും പടം സ്ഥാപിക്കാന്‍ പോളിറ്റ് ബ്യൂറോയുടെ തിട്ടൂരം എന്നാണിറങ്ങുക എന്ന് അറിയാന്‍ കാത്തിരിക്കയാണ് സഖാക്കള്‍. പാര്‍ട്ടിയ്ക്കു വേണ്ടി ചാനല്‍ ചര്‍ച്ചകള്‍ക്ക് ക്യാപ്‌സ്യൂളിന്റെ ബലത്തില്‍ തയ്യാറെടുക്കുന്ന സഖാക്കള്‍ മനഃപാഠമാക്കുന്നതു ഇ.എം. എസ്സിന്റെ വാക്കുകളല്ല; സ്വപ്‌നയുടെ ജയില്‍ മൊഴികളാണ്. അവരുടെ റിങ്‌ടോണില്‍ നിന്ന് സ്വപ്‌ന മൊഴിയുകയാണ്: സിപിഎമ്മിനുവേണ്ടി ശിവശങ്കരനോടൊപ്പം യു.എ.ഇയില്‍ പോയി ഫിനാന്‍ഷ്യല്‍ നെഗോസിയേഷന്‍ നടത്തി എന്നു പറയാന്‍ എന്നെ നിര്‍ബ്ബന്ധിക്കുന്നു. ഈ മൊഴികേട്ട് പിണറായി സഖാവിന്റെയും പാര്‍ട്ടി സെക്രട്ടറിയുടെയുമൊക്കെ നിരപരാധിത്വം തെളിഞ്ഞു കണ്ട് സഖാക്കള്‍ ഉള്ളുരുകി കരയുകയാണ്. ചെഗുവേര ഏറ്റുവാങ്ങിയതിലും കൊടിയ പീഡനമല്ലേ സ്വപ്‌നയും ശിവശങ്കരനുമൊക്കെ ഇഡിയില്‍ നിന്നും ഏറ്റുവാങ്ങുന്നത്. ഇതൊക്കെ ആര്‍ക്കുവേണ്ടി? സംശയംവേണ്ട പാര്‍ട്ടിയ്ക്കുവേണ്ടി തന്നെ.
സ്വര്‍ണ്ണക്കടത്തുകേസില്‍ പാര്‍ട്ടിയുടെ നിരപരാധിത്വം തെളിയിക്കാന്‍ സംസ്ഥാനകമ്മറ്റി നാലുപേജുള്ള ബഹുവര്‍ണ്ണ ലഘുലേഖ ഇയ്യിടെ പുറത്തിറക്കിയിരുന്നു. അതില്‍ സ്വപ്‌നയുടെ ചിത്രം പ്രത്യേകം അച്ചടിച്ചിരുന്നു. പാര്‍ട്ടിയ്ക്കുവേണ്ടി ജയിലില്‍ കിടക്കുന്ന സഖാവ് സ്വപ്‌നയെ പാര്‍ട്ടിയ്ക്ക് മറക്കാന്‍ പറ്റുമോ? സ്വര്‍ണ്ണക്കടത്തു കേസ് അന്വേഷണം ആരംഭിച്ച നാളുകളില്‍ ബംഗളൂരുവിലേയ്ക്ക് കടക്കുന്നതിനു മുമ്പ് സഖാവ് സ്വപ്‌ന ഒരു ചാനലിനു അയച്ചു കൊടുത്ത വീഡിയോ ക്ലിപ്പിങ്ങുണ്ട്. ഇടതു സര്‍ക്കാരിനെ ഇതുകൊണ്ടൊന്നും ഒരു ചുക്കും ചെയ്യാനാവില്ല എന്ന് അന്നു സഖാവ് തീര്‍ത്തു പറഞ്ഞതാണ്. അതുകേട്ട് ചോരതിളയ്ക്കാത്ത സഖാക്കളില്ല. അന്നത്തേതിലും ആവേശത്തില്‍ മുഷ്ടി ചുരുട്ടി സഖാവ് സ്വപ്‌നയ്ക്കുവേണ്ടി അവര്‍ ‘ലാല്‍സലാം’ മുഴക്കുകയാണ്; പാര്‍ട്ടി പത്രം വീരവനിതയാക്കുകയാണ്. കേന്ദ്രകമ്മറ്റിയും ജനറല്‍ സെക്രട്ടറി യെച്ചൂരി സഖാവും വരെ സ്വപ്‌നയെ ഉദ്ധരിച്ച് പ്രസ്താവനയിറക്കുന്നു. അതുകൊണ്ടാണു പറഞ്ഞത് ഇതു ചെഗുവേരയുടെ കാലമല്ല, സ്വപ്‌നയുടെയും ബിനീഷിന്റെയും കാലമാണെന്ന്.