പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സില്‍ നിന്ന് 21 വയസ്സാക്കിയാല്‍ എന്താണ് കുഴപ്പം? തന്തയില്ലാത്ത കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് മുസ്ലീംലീഗിന്റെ വനിതാവിഭാഗമായ വുമണ്‍ലീഗിന്റെ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ് പറയുന്നത്. പെണ്‍കുട്ടികളെ അമ്മമാരാക്കാന്‍ പതിനെട്ടു വയസ്സാകുന്നതും കാത്തുനില്‍ക്കുകയാണ് ലീഗുനേതാക്കള്‍ എന്നു തോന്നും ഇതുകേട്ടാല്‍. വിവാഹപ്രായം പിന്നെയും ഉയര്‍ത്തി ഇരുപത്തൊന്നാക്കിയാല്‍ അവര്‍ക്ക് സഹിക്കാനാവില്ല. പിന്നെ സംഭവിക്കുന്നതെന്തെന്ന് പറയേണ്ടല്ലോ എന്നു സാരം. സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള നിര്‍ദ്ദേശത്തിനെതിരെ വനിതാലീഗുകാരെത്തന്നെ മുന്നില്‍ നിര്‍ത്തി പ്രതിഷേധിക്കുന്നത് ഈ ആവശ്യം സ്ത്രീകളുടെതാണ് എന്നു വിശ്വസിപ്പിക്കാനാണ്. കാന്തപുരവും സമസ്തക്കാരുമടക്കമുള്ള മുസ്ലിം യാഥാസ്ഥിതിക മതനേതാക്കള്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടിലും താഴെയാക്കണമെന്ന് വാശിപിടിക്കുന്നവരാണ്.
കോഴിക്കോട് യൂത്തുലീഗിന്റെ സംസ്ഥാന സമ്മേളനത്തില്‍ വേദിയിലുണ്ടായിരുന്ന ഏക വനിതാലീഗുനേതാവ് ഖമറുന്നീസ അന്‍വര്‍ സംസാരിക്കാന്‍ മൈക്കിനടുത്തെത്തിയപ്പോള്‍ ആണുങ്ങളുടെ പൊതുയോഗത്തില്‍ സ്ത്രീകള്‍ സംസാരിക്കണ്ട എന്നു പറഞ്ഞുവിലക്കിയത് അദ്ധ്യക്ഷനായ മായിന്‍ഹാജിയാണ്. 60 വര്‍ഷത്തിനകം ലീഗില്‍ സംസ്ഥാന സമിതിയിലേയ്ക്ക് മൂന്നു സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയത് വലിയ വിപ്ലവമായിരുന്നു. സ്ത്രീയെന്നാല്‍ വിത്തിറക്കാനുള്ള പാടമാണെന്നു മദ്രസകള്‍ വഴി പഠിപ്പിക്കുന്നവര്‍ വിവാഹത്തിന് പെണ്‍കുട്ടിയുടെ പ്രായമേ നോക്കണ്ട എന്നു വാശിപിടിക്കുന്നതില്‍ അതിശയിക്കണ്ട. സ്ത്രീപുരുഷ സമത്വം പ്രസംഗിക്കുകയും സ്ത്രീകള്‍ക്ക് തങ്ങളുടെ മതം മഹനീയസ്ഥാനം നല്‍കുന്നു എന്ന് മേനി നടിക്കുകയും ചെയ്യുന്ന ലീഗിന് പര്‍ദ്ദയ്ക്കുള്ളിലിരിക്കാനും കുട്ടികളെ പെറ്റുകൂട്ടാനും മാത്രം വിധിക്കപ്പെട്ട അവര്‍ക്ക് ജനാധിപത്യത്തിന്റെ പേരില്‍ കൂടുതല്‍ അവകാശവും തുല്യതയും എങ്ങനെ നല്‍കാനാകും?