ഇന്ത്യയിലെ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയെ നിയന്ത്രിച്ചിരുന്നത് ഇംഗ്‌ളിഷ് പാര്‍ലമെന്റായിരുന്നുവെങ്കില്‍ ആ പാര്‍ലമെന്റിനെ നിയന്ത്രിക്കുന്നതില്‍ പ്രൊട്ടസ്റ്റന്റ് സഭക്ക് വലിയ പങ്കുണ്ടായിരുന്നു. ഇന്ത്യയുമായുള്ള നയം രൂപപ്പെടുത്തിയിരുന്നതില്‍ പാര്‍ലമെന്റിനും സഭക്കും ഒരുപോലെ പങ്കുണ്ടായിരുന്നു. കച്ചവടത്തിലും ഭരണത്തിലും മാത്രമല്ല മതത്തിലും തങ്ങള്‍ക്കുള്ള താല്‍പര്യങ്ങള്‍ നിഴലിക്കുന്നതായിരുന്നു അവിടെ നടന്ന ഓരോ ചര്‍ച്ചകളും. 1833ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ വ്യാപാരകുത്തക പൂര്‍ണ്ണമായും നിര്‍ത്തലാക്കുകയും നാട്ടുരാജ്യങ്ങള്‍ക്ക് അനുവദിച്ചുകൊടുത്തിരുന്ന സ്വതന്ത്ര നിയമനിര്‍മ്മാണാധികാരങ്ങള്‍ എടുത്തുകളയുകയും ഇന്ത്യയിലെ ബ്രിട്ടീഷ് തലവനായ ഗവര്‍ണ്ണര്‍ ജനറലില്‍ അവ നിക്ഷിപ്തമാക്കുകയും ചെയ്തു. ഇങ്ങനെ ഭരണാധികാരമെല്ലാം സായിപ്പിന്മേല്‍ കേന്ദ്രീകരിച്ചിരിക്കെയാണ് ഇവിടെ മിഷണറിമാരും കമ്പനിയും വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്ന നാടകങ്ങള്‍ കളിച്ചത്.
പ്രൊട്ടസ്റ്റന്റ് സഭക്ക് തന്നെ ഈ നാടകം മറ്റൊരു രൂപത്തില്‍ പിന്നീട് തുറന്ന് സമ്മതിക്കേണ്ടിവന്നു. സഭാ പക്ഷ ചരിത്രകാരനായ എന്‍.കെ.ജോസ് പുലയ ലഹള എന്ന പുസ്തകത്തില്‍ ഇങ്ങനെ എഴുതുന്നു. ‘യൂറോപ്യന്‍ മിഷണറിമാര്‍ ഒരു വശത്തും ഇംഗ്ലീഷ് ഉദ്യോഗസ്ഥര്‍ മറുവശത്തുമായി അടിയായ്മ അവസാനിപ്പിക്കുന്നതിന് പരസ്പരവിരുദ്ധമായ ഒരു നിലപാടാണ് ഇക്കാലത്ത് സ്വീകരിച്ചിരുന്നത്. അടിമകളെ മോചിപ്പിച്ച് കഴിയുമെങ്കില്‍ ക്രിസ്തുമതത്തില്‍ ചേര്‍ക്കുക എന്നതായിരുന്നു മിഷണറിമാരുടെ ലക്ഷ്യം. നാട്ടുരാജാക്കന്മാരുടെയും അവരുടെ അനുചരന്മാരായ സവര്‍ണ്ണരുടെയും അപ്രിയം ഉണ്ടാക്കാതെ തങ്ങളുടെ രാഷ്ട്രീയ വ്യാപാരലക്ഷ്യങ്ങള്‍ നേടുക എന്നതായിരുന്നു ഉദ്യോഗസ്ഥരുടെ ഉദ്ദേശ്യം. ഈ ലക്ഷ്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ പലപ്പോഴും ദൃശ്യമായിരുന്നു. തിരുവല്ല ശാസനത്തെ മദ്രാസ് ഗവണ്‍മെന്റ് അംഗീകരിച്ചതും അതിനെതിരായി മദ്രാസ് ചര്‍ച്ച് മിഷണറി സൊസൈറ്റി റിക്കാര്‍ഡ് എന്ന ഒരു ലഘുലേഖ മിഷണറിമാര്‍ പ്രസിദ്ധീകരിച്ചതും ഈ ഏറ്റുമുട്ടലിന്റെ ഭാഗങ്ങളാണ്.’
പ്രൊട്ടസ്റ്റന്റ് സഭയുടെ അനുഗ്രഹത്തോടെ ബ്രിട്ടീഷുകാര്‍ ഭരിക്കുന്ന മദ്രാസ് ഗവണ്മെന്റിനെതിരായി ബ്രിട്ടീഷ് സഭയായ ചര്‍ച്ച് മിഷന്‍ സൊസൈറ്റി ലഘുലേഖ ഇറക്കിയെന്ന് പറയുന്നത് നേരത്തെ സൂചിപ്പിച്ച തന്ത്രപരമായ അടവുനയം തന്നെയായിരുന്നു. വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും അത് പരിഹരിക്കാതെ നീറ്റി നീറ്റി നിലനിര്‍ത്തി സാമൂഹ്യ അസ്വസ്ഥതകള്‍ രാജാവിനെതിരെ തിരിച്ചുവിടുക എന്ന നയം. എന്നാല്‍ സ്വാതന്ത്ര്യവും സാമൂഹ്യ ഉന്നതിയും മോഹിച്ച് മതം മാറി കഴുത്തില്‍ കുരിശ് മാല അണിഞ്ഞവര്‍ ഈ അടവുനയത്തിനെതിരെ രംഗത്ത് വന്നു. സവര്‍ണ്ണ-അവര്‍ണ്ണ പള്ളികളും രണ്ട് തരം പള്ളിക്കൂടങ്ങളും രണ്ട് തരം പ്രാര്‍ത്ഥനകളും എന്തിനധികം രണ്ട് തരം സെമിത്തേരികള്‍ പോലും നാട്ടിലെമ്പാടും ഉണ്ടായി. സാമൂഹ്യനീതിക്കെന്നും പറഞ്ഞ് മതം മാറ്റപ്പെട്ടവര്‍ അപസ്വരങ്ങളുയര്‍ത്തി പൂര്‍വമതത്തിലേക്ക് തിരിച്ചുപോക്കിനൊരുങ്ങി. ഈ ഘട്ടത്തില്‍ 1855 ജൂണ്‍ 24ന് തിരുവിതാംകൂറില്‍ അടിമവ്യവസ്ഥ നിര്‍ത്തലാക്കിയതായി തിരുവിതാംകൂര്‍ രാജാവിനെ കൊണ്ട് മദ്രാസ് ഗവര്‍ണ്ണര്‍ ഉത്തരവ് പുറപ്പെടുവിച്ചു.1812 ല്‍ തിരുവിതാംകൂറില്‍ അടിമക്കച്ചവടം നിര്‍ത്തിയതായി കേണല്‍ മണ്‍റോ പ്രഖ്യാപനം നടത്തിയിരുന്നത് ഓര്‍ക്കുക. എന്നിട്ടും ഒന്നും സംഭവിച്ചില്ല എന്ന് ചുരുക്കം.
ഈ പ്രഖ്യാപനവും തന്ത്രപരമായ ഒരു ശുദ്ധ തട്ടിപ്പായിരുന്നു. രാജാവിന് കീഴില്‍ ജോലി ചെയ്തിരുന്ന പണ്ടാര വക അടിമകള്‍ (സര്‍ക്കാര്‍ അടിമകള്‍) മാത്രമാണ് സ്വതന്ത്രരാക്കപ്പെട്ടത്. ഇവരുമായി മിഷണറിമാര്‍ക്കോ സഭക്കോ ബന്ധമുണ്ടായിരുന്നില്ല. സഭാ സ്ഥാപനങ്ങളിലും സ്വകാര്യ വ്യക്തികളുടെ കീഴിലും ജോലി ചെയ്തിരുന്ന അടിമകള്‍ അടിമകളായി തന്നെ തുടര്‍ന്നു. ഈ പ്രഖ്യാപനമോ കാര്യങ്ങളോ ഒന്നും അവര്‍ അറിഞ്ഞിരുന്നില്ല. മതം മാറ്റുവാന്‍ വേണ്ടി കുന്നും മലയും താണ്ടി രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തുന്ന മിഷണറിമാര്‍ക്ക് ഈ അടിമ നിരോധന പ്രഖ്യാപനം സ്വകാര്യ അടിമകളിലും എത്തിക്കാമായിരുന്നു. എന്നാല്‍ അവരത് ചെയ്തില്ല. കാരണം സ്വകാര്യ അടിമകളില്‍ ഭൂരിഭാഗവും ക്രൈസ്തവ ജന്മിമാരുടെ കീഴിലായിരുന്നു.
അടിമത്ത നിരോധനം പ്രായോഗികമായി പരാജയമായിരുന്നു. ഇത് വിജയിപ്പിക്കുന്നതിനേക്കാള്‍ ഇതിന്റെ മറവില്‍ എങ്ങിനെ മതം മാറ്റം നടത്താം എന്നതില്‍ മാത്രമായിരുന്നു മിഷണറിമാരുടെ ശ്രദ്ധ. ഉപരിപ്ലവകരമായ മതം മാറ്റത്തിനപ്പുറം മതം മാറ്റപ്പെട്ടവര്‍ക്ക് അതുകൊണ്ട് പ്രത്യേകമായ ഗുണങ്ങളൊന്നുമുണ്ടായില്ല. പരിവര്‍ത്തനവുമുണ്ടായില്ല. ജാതിയും അകലവും തീണ്ടലുമെല്ലാം മുമ്പ് എങ്ങിനെയായിരുന്നുവോ അതുപോലെ തന്നെ തുടര്‍ന്നു. ഇതിന് ചരിത്രരേഖകള്‍ തേടി അലയേണ്ടതില്ല. വിവിധങ്ങളായ ക്രൈസ്തവസഭകള്‍ മറക്കുവാന്‍ ശ്രമിക്കുകയും ചരിത്രപുരുഷന്മാരുടെ പട്ടികയില്‍ ഇടം കിട്ടുവാന്‍ ദീര്‍ഘകാലം കാത്തിരിക്കേണ്ടിവരികയും ചെയ്ത പൊയ്കയില്‍ അപ്പച്ചന്‍, പൊയ്കയില്‍ യോഹന്നാന്‍, പൊയ്കയില്‍ കുമാര ഗുരുദേവന്‍ എന്നൊക്കെ അറിയപ്പെടുന്ന ഒരു മഹാത്മാവിന്റെ ജീവിതത്തിലേക്കൊന്ന് കണ്ണോടിച്ചാല്‍ മതി.
1855-ലെ അടിമ നിരോധന നിയമം കഴിഞ്ഞ് 24 കൊല്ലത്തിന് ശേഷം 1879 ഫെബ്രുവരി 17 നാണ് പൊയ്കയില്‍ ചരിത്ര പുരുഷന്റെ ജനനം. പത്തനംതിട്ട ജില്ലയില്‍ തിരുവല്ലയിലെ ഇരവിപേരൂര്‍ ഗ്രാമത്തില്‍ ശങ്കരമംഗലം മാര്‍തോമ ക്രൈസ്തവ കുടുബത്തിലെ അടിമകളായ കണ്ടനും കുഞ്ഞളേച്ചിയുമാണ് മാതാപിതാക്കള്‍. മാതാപിതാക്കള്‍ അടിമകള്‍ ആയതിനല്‍ അടിമയായിട്ടാണ് കുമാരന്റെ ജനനം. ജാതിയില്‍ പറയന്മാരായിരുന്നു ഇവര്‍. കാലി മേക്കലായിരുന്നു തൊഴില്‍. ആ നാട്ടില്‍ സി.എം.എസ് സഭയുടെ ഒരു പള്ളിക്കൂടം ഉണ്ടായിരുന്നു. മുത്തുറ്റ് കൊച്ചുകുഞ്ഞ് എന്നൊരു ഉപദേശിയുടെ മേല്‍നോട്ടത്തിലായിരുന്നു ഈ സ്ഥാപനം. അടിമോദ്ധാരണ മിഷന്‍ എന്ന മിഷണറി സംഘമായിരുന്നു നടത്തിപ്പുകാര്‍. സ്വകാര്യ ജന്മിമാരുടെ കീഴിലുള്ള അടിമക്കുഞ്ഞുങ്ങളൊന്നും കാര്യമായി പള്ളിക്കൂടങ്ങളില്‍ വന്നിരുന്നില്ല. ഓരോ നിയമം കൊണ്ടുവരുമ്പോഴും ക്രൈസ്തവ വിഭാഗങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കുവാനും പരമാവധി സഹായിക്കുവാനും മിഷണറിമാര്‍ പരമാവധി ശ്രമിച്ചിരുന്നു. അതിനാല്‍ തന്നെ അടിമക്കുഞ്ഞുങ്ങളെ പള്ളിക്കൂടങ്ങളിലെത്തിച്ച് അടിമകള്‍ക്ക് ബോധവല്‍ക്കരണം നടത്തി ഉടമകളെ കാര്യമായി ബുദ്ധിമുട്ടിക്കാതിരിക്കുവാന്‍ മിഷണറിമാര്‍ ശ്രദ്ധിച്ചിരുന്നു. ആ കാലഘട്ടത്തില്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഭൂരിഭാഗവും മതപ്രചരണക്കാരുടെ കൈകളിലായിരുന്നു. ബൈബിള്‍ പഠിപ്പിക്കലാണ് ഒരു പ്രധാന പദ്ധതി. പറ്റാവുന്നവരെയൊക്കെ സുവിശേഷത്തിന്റെ വഴിയിലേക്ക് തിരിച്ച് വിടുന്നതാണ് പരിപാടി. നമ്മുടെ കഥാനായകനായ പൊയ്കയില്‍ കുമാരന്‍ കൊച്ചു കുഞ്ഞിന്റെ ശിക്ഷണം മൂലം ഉപദേശിയിലേക്ക് തിരിഞ്ഞു. വാക്ചാതുര്യം മൂലം കുമാരന്‍ പെട്ടെന്ന് പ്രശസ്തനായി.
തങ്ങളുടെ അടിമ സന്താനം നല്ലൊരു ഉപദേശിയായതില്‍ ഉടമകളായ ശങ്കരമംഗലം കുടുംബം സന്തോഷിച്ചു. അവര്‍ ഈ മിടുക്കനെ തങ്ങളുടെ സഭയായ മാര്‍തോമാ സഭയില്‍ ചേര്‍ത്തു. കുമാരനും കുടുംബവും ഒന്നടങ്കം ക്രിസ്ത്യാനികളായി. കുമാരന്‍ യോഹന്നാന്‍ എന്ന പേര് സ്വീകരിച്ചു. യോഹന്നാന്റെ പ്രശസ്തമായ സുവിശേഷ പ്രസംഗത്തിനായി വിശ്വാസികള്‍ കാത്ത് നിന്നു. യോഹന്നാന്റ സുവിശേഷ ഗാനങ്ങളും പ്രശസ്തമായിരുന്നു.
വലിയ ജന്മിമാരും സമ്പന്നന്‍മാരുമൊക്കെ ഉള്‍ക്കൊള്ളുന്ന വിവിധ ക്രൈസ്തവ സഭകള്‍ക്ക് യോഹന്നാന്റെ പ്രശസ്തി അത്ര ദഹിച്ചില്ല. അവര്‍ യോഹന്നാനെ പഴയ അടിമയായിട്ട് മാത്രമേ കണ്ടിരുന്നുള്ളു. മാര്‍ത്തോമാ സഭാംഗമായ യോഹന്നാന്‍ സഭാപരിപാടികള്‍ക്ക് പോകുമ്പോള്‍ സഭാംഗങ്ങളും കൂടെ പോകുക പതിവായിരുന്നു. ഈ യാത്രകളിലൊക്കെ സമ്പന്നന്‍മാരായ സഭാംഗങ്ങളുടെ പെട്ടിയും കിടക്കയും ചുമക്കേണ്ട ചുമതല യോഹന്നാനായിരുന്നു. ഉടമകള്‍ കൈയും വീശി നടക്കുമ്പോള്‍ അവര്‍ക്ക് പിന്നാലെ അവരുടെ ചുമടുകളുമായി യോഹന്നാന്‍ നടന്നു. മാത്രമല്ല പരിപാടികള്‍ക്ക് ശേഷമുള്ള ഭക്ഷണ സമയത്ത് മറ്റു സഭാംഗങ്ങള്‍ മേശയിന്മേല്‍ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ യോഹന്നാന് ഭക്ഷണം കൊടുത്തിരുന്നത് തറയില്‍ ഇരുത്തിയിട്ടായിരുന്നു.
ലോകത്തില്‍ നിലനില്‍ക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം സുവിശേഷമാണെന്നും സുവിശേഷത്തിലൂടെ ക്രിസ്തുവിലെത്തിയാല്‍ പിന്നെ വിവേചനമില്ലെന്നും യോഹന്നാന്‍ ഉജ്ജ്വലമായി പ്രസംഗിച്ചു. ആയിരങ്ങള്‍ ഇത് കേള്‍ക്കാന്‍ തടിച്ചുകൂടി. തന്റെ പ്രസംഗ ചാതുര്യവും ഗാനവൈഭവവും തന്നെ മുന്‍നിരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് യോഹന്നാന്‍ പ്രതീക്ഷിച്ചു. എന്നാല്‍ യോഹന്നാനെ ഒരു അടിമയായി മാത്രമേ സഭകള്‍ കണ്ടുള്ളൂ. അടിമകളോട് മുമ്പ് എങ്ങിനെയാണോ പെരുമാറിയിരുന്നത് അത് പോലെ മാത്രമേ യോഹന്നാനോടും അവര്‍ പെരുമാറിയുള്ളൂ. നാളെ അല്ലെങ്കില്‍ തൊട്ടടുത്ത ദിവസം അവര്‍ തന്നോട് സമന്മാരെപ്പോലെ പെരുമാറുമെന്ന് യോഹന്നാന്‍ ഓരോ ദിവസവും ചിന്തിച്ചതിലും അത് മാത്രം ഉണ്ടായില്ല. യോഹന്നാന്റെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍ ഏല്‍ക്കുവാന്‍ തുടങ്ങി. താന്‍ മതം മാറിയിട്ടും ഇന്നും അടിമയാണെന്ന നഗ്‌ന സത്യം യോഹന്നാനെ തുറിച്ചുനോക്കി. യോഹന്നാന്റെ സുവിശേഷ പ്രസംഗങ്ങളില്‍ സ്വന്തം അടിമത്തവും അതിന്റെ സാഹചര്യങ്ങും വിഷയങ്ങളായി വരുവാന്‍ തുടങ്ങി. അടിമകളെ ഈ പ്രസംഗങ്ങള്‍ ആവേശം കൊള്ളിക്കുകയും ഇത് വിവിധ സഭകളില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയും ചെയ്തു. അടിമത്തത്തിനെതിരായ പ്രസംഗങ്ങള്‍ സഭകള്‍ക്കെതിരായ പ്രസംഗമായി വ്യാഖ്യാനിക്കപ്പെട്ടുതുടങ്ങി. ഓരോ സഭയ്ക്കും ഇത്തരം വിഷയങ്ങള്‍ തങ്ങളെ ഉദ്ദേശിച്ചാണ് യോഹന്നാന്‍ ഉന്നയിക്കുന്നതെന്ന തോന്നലുളവാക്കി. വശ്യസുന്ദരമായ മോചന പ്രസംഗങ്ങളിലൂടെ യോഹന്നാന്‍ അതിനകം പതിനായിരക്കണക്കിന് അനുയായികളെ സമ്പാദിച്ച് കഴിഞ്ഞിരുന്നു.
അടിമകളുടെ മോചനം സുവിശേഷത്തില്‍ മാത്രമേയുള്ളുവെന്നും പ്രായോഗിക ജീവിതത്തില്‍ ഇല്ലെന്നും മനസ്സിലാക്കിയ യോഹന്നാനും കൂട്ടരും സഭ വിടുവാന്‍ തീരുമാനിച്ചു. ക്രിസ്ത്യാനിയായിട്ടും ജാതിപോകുന്നില്ലെങ്കില്‍ പിന്നെ മതം മാറിയിട്ടെന്ത് കാര്യം?
1901 ല്‍ ഇരുപത്തിരണ്ടാം വയസ്സില്‍ പറയജാതിക്കാരനായ യോഹന്നാന്‍ ചേരമര്‍ സമുദായക്കാരിയായ മറിയയെ വിവാഹം ചെയ്തുവെങ്കിലും ദാമ്പത്യം പരാജയപ്പെട്ടു. ക്രിസ്ത്യന്‍ ചേരമര്‍ ആയ മറിയയെ ക്രിസ്ത്യന്‍ പറയനായ യോഹന്നാന്‍ ജാതി മാറി വിവാഹം ചെയ്തത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. യോഹന്നാന് നേരെ പല തവണ ക്രൂരമായ മര്‍ദ്ദനവും വധശ്രമം പോലും ഉണ്ടായി.
പൊയ്കയില്‍ യോഹന്നാന്റെ സുവിശേഷ പ്രസംഗങ്ങള്‍ സഭകള്‍ക്കും പ്രത്യേകിച്ച് സ്വന്തം സഭയായ മാര്‍ത്തോമ സഭയ്ക്കും വലിയ തലവേദനയായി. യോഹന്നാനോട് സംസാരിക്കുവാന്‍ മാര്‍ത്തോമ സഭ കൊച്ചുവര്‍ക്കിച്ചായന്‍ എന്നൊരു പാതിരിയെ പറഞ്ഞയച്ചു. സഭയിലെ ആഡ്യത്വവും അവസ്ഥകളും പറയുവാനും യോഹന്നാന്‍ അടിമ തന്നെയാണെന്ന് ബോധ്യപ്പെടുത്തലുമായിരുന്നു കൊച്ചുവര്‍ക്കിയുടെ ദൗത്യം. യോഹന്നാനെ അനുനയിപ്പിക്കുവാന്‍ കൊച്ചുവര്‍ക്കിക്കായില്ല. അടിമയോട് പരാജിതനായ കൊച്ചുവര്‍ക്കി യോഹന്നാനെ മാര്‍ത്തോമ സഭയില്‍ നിന്ന് പുറത്താക്കുവാന്‍ ശുപാര്‍ശ ചെയ്തു.
സഭകള്‍ക്ക് ഉള്ളിലെല്ലാം സവര്‍ണ്ണ-അവര്‍ണ്ണ വേര്‍തിരിവ് ശക്തമായിരുന്നു. എല്ലാം രണ്ടായിരുന്നു. ശ്മശാനഭൂമിയും രണ്ടായിരുന്നു. അങ്ങിനെയിരിക്കേ പുല്ലാട് ഉള്ള ഒരു അടിമ ക്രിസ്ത്യാനിയുടെ മൃതദേഹം പുല്ലാരിക്കാട്ടുള്ള സവര്‍ണ മാര്‍ത്തോമസഭ ക്രിസ്ത്യാനികളുടെ പള്ളി ശ്മശാനത്തില്‍ അടക്കുവാന്‍ ഇടയായി. ഇതൊരു വലിയ സംഘര്‍ഷത്തിലാണ് കലാശിച്ചത്. ഇതിനെ വലിയൊരു അഭിമാന പ്രശ്‌നമായി സവര്‍ണ്ണര്‍ കാണുകയും മൃതദേഹം സവര്‍ണ്ണ ശ്മശാനത്തില്‍ നിന്ന് മാന്തിയെടുത്ത് നാട്ടു പുറമ്പോക്കില്‍ കുഴിച്ചിടുകയും ചെയ്തു. ഇത് അടിമകള്‍ക്ക്, പ്രത്യേകിച്ച് യോഹന്നാന് വലിയ പ്രഹരമായിരുന്നു. മാര്‍ത്തോമ സഭക്ക് ഉള്ളില്‍ പുകഞ്ഞ് പുകഞ്ഞ് നിന്നിരുന്ന യോഹന്നാന്‍ ഈ സംഭവത്തോടെ സഭ വിട്ടു. അദ്ദേഹത്തോടൊപ്പം പതിനായിരക്കണക്കിന് അനുയായികളും സഭക്ക് പുറത്തായി.
പിന്നീട് യോഹന്നാന്‍ ചേരുന്നത് ബ്രദര്‍ മിഷന്‍ എന്ന സഭയില്‍ ആയിരുന്നു. വേര്‍പാട് സഭയെന്നും ബ്രദറന്‍സഭയെന്നും ഇത് അറിയപ്പെട്ടിരുന്നു. പണത്തിന്റെയും സമ്പത്തിന്റെയും ഉറവിടമായി മാറിയ ക്രൈസ്തവ ലോകത്തില്‍ നിരവധി സഭകള്‍ വിവിധ ചിന്താധാരയില്‍ രൂപം കൊണ്ടിരുന്നു. ഓരോ വിഭാഗത്തിനും ആവശ്യാനുസരണം പണം കിട്ടിയിരുന്നതുകൊണ്ട് സഭകള്‍ക്ക് ഒരിക്കലും ക്രൈസ്തവ ലോകത്തില്‍ പണക്ഷാമം ഉണ്ടായിരുന്നില്ല. ബ്രദറന്‍ സഭയിലും പൊയ്കയില്‍ യോഹന്നാന്‍ ശ്രദ്ധാകേന്ദ്രമായി. യോഹന്നാനോടൊപ്പം എത്തിയ പതിനായിരങ്ങള്‍ ബ്രദറണ്‍ സഭയെ മറ്റു സഭകളോടൊപ്പം അംഗബലത്തില്‍ എത്തിച്ചു. ഇവിടെയെങ്കിലും താന്‍ അംഗീകരിക്കപ്പെടുമെന്ന പ്രത്യാശ യോഹന്നാന് ഉണ്ടായിരുന്നു. എന്നാല്‍ ഉണ്ടായ അനുഭവം മാര്‍ത്തോമ സഭയുടേത് തന്നെയായിരുന്നു. സഭാ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സാധാരണ ഉണ്ടാകാറുള്ള സദ്യകളിലും ഭക്ഷണം കഴിക്കുന്ന വേളകളിലും മറ്റുള്ളവര്‍ യോഹന്നാനെ ഒഴിവാക്കുവാന്‍ ശ്രമിച്ചിരുന്നു. ഇനി അഥവാ ഉള്‍പ്പെടുത്തേണ്ടി വന്നാല്‍ യോഹന്നാന്റെ സ്ഥാനം നിലത്ത് തന്നെയായിരുന്നു. മറ്റുള്ളവര്‍ ബഞ്ചിലും കസേരകളിലും ഇരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ യോഹന്നാന്‍ താഴെയിരുന്നു ഭക്ഷണം കഴിക്കണം. ഇത് കൂടാതെ അവിടെ വരുന്ന വിദേശ മിഷണറിമാരുടെ പെട്ടിയും സഞ്ചിയും യോഹന്നാന്‍ എടുക്കുകയും വേണം. മാര്‍ത്തോമാസഭയും ബ്രദറണ്‍ സഭയും പേരില്‍ മാത്രമേ വ്യത്യാസമുള്ളുവെന്ന് യോഹന്നാന് ബോധ്യപ്പെട്ടു.
ഇതിനിടയില്‍ ഒരു സംഭവമുണ്ടായി. ബ്രദറണ്‍ സഭയില്‍ അംഗമായ മറിയാമ്മ ഏന്നൊരു സുറിയാനി യുവതിയും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദാനിയേല്‍ എന്ന ഒരു പറയ യുവാവും പ്രണയബന്ധിതരായി. ഇവരുടെ പ്രേമസാഫല്യത്തിന് യോഹന്നാന്‍ കാര്‍മികനായി. ഇതോടെ ബ്രദറണ്‍ സുറിയാനികള്‍ ഇളകി. യോഹന്നാന് നേരെ ഭീഷണിയായി. അന്ന് തന്നെ യോഹന്നാന്‍ നാടുവിട്ടു. ബ്രദറണ്‍ സഭയിലും യോഹന്നാന്‍ പുകഞ്ഞ കൊള്ളിയായി.
1905 മുതല്‍ യോഹന്നാന്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. യോഹന്നാന്‍ ദളിതുകളെയും അടിമകളെയും സംഘടിപ്പിക്കുവാന്‍ തുടങ്ങിയപ്പോള്‍ മേല്‍ജാതിക്കാര്‍ യോഹന്നാനെ കായികമായി ഇല്ലാതാക്കുവാന്‍ ശ്രമം തുടങ്ങി. ഇതില്‍ മാര്‍ത്തോമക്കാര്‍ മാത്രമല്ല സവര്‍ണ ബോധമുള്ള എല്ലാ ക്രൈസ്തവ വിഭാഗങ്ങളും ഉണ്ടായിരുന്നു. അടിമകളും ദളിതുകളും യോഹന്നാന് സംരക്ഷണവലയം തീര്‍ത്തു. യോഹന്നാന് നേരെയുണ്ടായ ഓരോ ആക്രമണവും നാട്ടില്‍ വലിയ കലാപങ്ങള്‍ സൃഷ്ടിച്ചു. അതെല്ലാം പിന്നീട് ചരിത്രത്തില്‍ ലഹളകളായി അറിയപ്പെട്ടു. വാകത്താനം ലഹള (1907), മുണ്ടക്കയം ലഹള (1908), കൊഴുക്കുച്ചിറ ലഹള (1913), മംഗലം ലഹള (1913) എന്നിങ്ങനെ പോകുന്നു ആ പട്ടിക.