1809 ലെ വേലുത്തമ്പി ദളവയുടെ മരണവും 1851 ലെ വൈകുണ്ഠസ്വാമിയുടെ സമാധിയും കഴിഞ്ഞതോടെ തിരുവിതാംകൂറില്‍ മിഷണറിമാര്‍ക്കെതിരെ ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള എതിര്‍പ്പുകള്‍ അവസാനിച്ചു. അയ്യാ വൈകുണ്ഠസ്വാമികള്‍ മിഷണറിമാരോട് കിടപിടിക്കുന്ന രീതിയില്‍ സന്യാസപരമ്പരകളെയും ആത്മീയ തത്വങ്ങളെയും ആശ്രമങ്ങളെയും ആരാധനാലയങ്ങളെയും ഉണ്ടാക്കിയെങ്കിലും ഇതിനൊരു പിന്തുടര്‍ച്ചയും സന്യാസ പരമ്പരയും ഉണ്ടാക്കുവാന്‍ വൈകുണ്ഠസ്വാമികള്‍ക്ക് കഴിഞ്ഞില്ല. വൈകുണ്ഠസ്വാമികളുടെ ഓര്‍മകള്‍ പോലും ഒരിക്കലും ഉയരരുതെന്ന നിര്‍ബ്ബന്ധത്തോടെയാണ് ഹിന്ദു സമൂഹത്തിനെതിരെ മിഷണറിമാര്‍ പ്രചരണങ്ങള്‍ അഴിച്ചുവിട്ടത്.
വൈകുണ്ഠസ്വാമിക്കെതിരെ എല്‍.എം.എസ് നാഗര്‍കോവില്‍ മിഷന്‍ വൈകുണ്ഠസ്വാമി മരിച്ച് 23 വര്‍ഷത്തിന് ശേഷം 1874 ല്‍ ലണ്ടനിലേക്ക് അയച്ച റിപ്പോര്‍ട്ടിലും ഉണ്ട് വൈകുണ്ഠനാഥനോടുള്ള തിരുസഭയുടെ രോഷാഗ്‌നി. റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയാണ്. ‘വാസ്തവത്തില്‍ നമുക്കാര്‍ക്കും ഉറങ്ങുവാനുള്ള സമയമായിട്ടില്ല. എന്തെന്നാല്‍ ശത്രുക്കള്‍, ദൈവത്തിന്റെ ആള്‍ക്കാരായി ദാസന്മാരായി ആത്മനശീകരണ പ്രക്രിയയില്‍ ആസക്തരായിരിക്കുന്നു. ഈ വിഡ്ഢിത്തം എത്ര വലുതായാലും അതിന് സുവിശേഷത്തേക്കാള്‍ പുരോഗതി ഉണ്ടായിക്കൊണ്ടിരിക്കുന്നു. പഴയ ബ്രാഹ്മണ പൗരോഹിത്യവും സാത്താന്‍ സേവയും അധ:പതിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ക്രിസ്തു പ്രചരണങ്ങളോട് ബാഹ്യസാമ്യമുള്ള ചില ഇസങ്ങള്‍ വളരുകയും വ്യാപിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. അങ്ങനെ വളരെ മുമ്പല്ലാതെ ജീവിച്ചിരുന്ന മുത്തുക്കുട്ടി എന്ന സാത്താനെ ആരാധിക്കുന്നത് നടക്കുന്നു. ആരാധനയും നടത്തപ്പെടുന്നു. നമ്മുടെ ഗ്രാമീണ പള്ളികളെപ്പോലുള്ള കെട്ടിടത്തില്‍ അയാളുടെ അനുയായികള്‍ കൂടിവരുന്നു. ഇവര്‍ നൃത്തം വെക്കുകയും പ്രാര്‍ത്ഥനയുടെ സിംഹഭാഗവും വലിയ ശബ്ദമുണ്ടാക്കി അജ്ഞരായ ആത്മാക്കളുടെ വിഡ്ഢിത്തത്തിന് പറ്റിയ രീതിയില്‍ കേണപേക്ഷിക്കുകയും ചെയ്കയാല്‍ അവര്‍ സുവിശേഷ വചനങ്ങള്‍ അനുസരിക്കുന്നതില്‍ നിന്നും വ്യതിചലിച്ചുകൊണ്ടിരിക്കുന്നു.’
ഒരുപാട് കെട്ടുകഥകള്‍ ഹിന്ദു പീഡനമെന്ന പേരില്‍ സൃഷ്ടിക്കപ്പെട്ടു. ഓരോ കഥകളും ഓരോ ജാതികളുടെ ഉള്ളിലും അതാത് ജാതിക്കാരെ ബാധിക്കുന്ന പോലെ നന്നായി തന്നെ പ്രചരിപ്പിച്ചു. എന്‍.കെ.ജോസ് എഴുതിയ ചാന്നാര്‍ലഹള എന്ന പുസ്തകത്തിലെ ഒരു കഥ കേട്ടോളൂ: ‘ചാന്നാര്‍ സ്ത്രീകളുടെ പ്രഥമ രാത്രി ശൂദ്രര്‍ക്കുള്ളതാണ്. സുന്ദരിയായ ഒരു ചാന്നാര്‍ യുവതിയെ ഒരിക്കല്‍ ഒരു രാജാവ് കാണാന്‍ ഇടയായി. അവളില്‍ ആകൃഷ്ടനായ രാജാവ് അവളെ കൊട്ടാരത്തിലേക്ക് കൊണ്ടുവരുവാനായി തന്റെ അംഗരക്ഷകരെ അയച്ചു. പക്ഷെ യുവതിയുടെ പിതാവ് സമ്മതിച്ചില്ല. രാജാവ് രാത്രിയിലെത്തും എന്നറിയിച്ചിട്ട് അംഗരക്ഷകര്‍ സ്ഥലംവിട്ടു. രാത്രി രാജാവ് എത്തുന്നതിന് മുമ്പായി പിതാവ് മകളെ വെട്ടിനുറുക്കി കിണറ്റിലിട്ടു കൂടെ ചാടി ആത്മഹത്യ ചെയ്തു. ചാന്നാര്‍ യുവതികള്‍ക്ക് അംഗലാവണ്യം ലഭിച്ചാലുള്ള അനുഭവം അതായിരുന്നു. രാജാവിനെ നിരന്തരം ശല്യംചെയ്തു കൊണ്ടിരുന്ന ആ യുവതിയുടെ പ്രേതത്തില്‍ നിന്ന് രക്ഷപ്രാപിക്കുന്നതിനും പാപത്തിന് പരിഹാരം ചെയ്യുവാനും രാജാവ് ബ്രാഹ്മണര്‍ക്ക് ഏറെ പണം ദാനം ചെയ്തു. അതും ചാന്നാരില്‍ നിന്ന് അതിലേക്ക് പ്രത്യേക നികുതി ഈടാക്കിയായിരുന്നു.
ഇത്തരം സൂപ്പര്‍ സ്‌പെഷ്യാലിറ്റി സാങ്കല്‍പ്പിക കഥകളാല്‍ സമ്പന്നമാണ് മിഷണറി ചരിത്രം. രാജ്യവും പേരും ഒന്നുമില്ലാത്ത ഒരു രാജാവ് ഒരു ചാന്നാര്‍ യുവതിയെ കണ്ട് പ്രഥമ രാത്രിക്ക് ക്ഷണിക്കുന്നത് മുതല്‍ വെട്ടിക്കൊല, ആത്മഹത്യ തുടങ്ങിയ കടും കൃത്യങ്ങളിലൂടെ മുന്നോട്ടുപോയി പാപപരിഹാരത്തിനായി ബ്രാഹ്മണര്‍ക്ക് ദാനം നല്‍കുവാന്‍ ചാന്നാരില്‍ നിന്ന് തന്നെ പ്രത്യേക നികുതി ഈടാക്കുന്നതുവരെയുള്ള കഥ എത്ര വിശ്വസനീയമായിട്ടാണ് പ്രചരിപ്പിക്കുവാന്‍ ശമിക്കുന്നത്. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ അതിനെ സാമാന്യവല്‍ക്കരിച്ച്, അന്യ മതവിദ്വേഷത്തിന്റെ വിഷം ചീറ്റുന്ന ഇത്തരം ഏകപക്ഷീയമായ ചരിത്ര രചനകളാക്കുന്നതിനെ യഥാസമയം തുറന്നുകാട്ടുന്നതിന് കേരളത്തിന്റെ ഇതുവരെയുള്ള രാഷ്ട്രീയ സാമൂഹ്യ ചരിത്രം അനുകൂലമായിരുന്നില്ല. ഇതേ കഥ തന്നെ നാടാരെ മാറ്റി മറ്റ് ജാതിക്കാരുടെ പേരില്‍ എത്രയോ സ്ഥലങ്ങളില്‍ പ്രയോഗിച്ചിരിക്കുന്നു. സംഭവം ഒന്ന് തന്നെ. ജാതി മാത്രം മാറും.
ഭരണത്തിന്റെ തണ്ടും സമ്പത്തിന്റെ ശക്തിയും മിഷണറിമാരെയും അവരോടൊപ്പം മതം മാറിയവരെയും വല്ലാതെ അഹങ്കരിപ്പിച്ചിരുന്നു. തങ്ങളുടെ പ്രതാപങ്ങള്‍ കാണിക്കുന്ന രീതിയില്‍ അവര്‍ ആരാധനാലയങ്ങളും അവയോട് ചേര്‍ന്ന സ്ഥാപനങ്ങളും പണിതുയര്‍ത്തി. ഭൗതിക സാഹചര്യങ്ങള്‍ കാട്ടി മറ്റ് ജാതികളെ ആകര്‍ഷിക്കുകയെന്നത് ഇതിന്റെ പ്രധാന ഭാഗമായിരുന്നു. എന്നാല്‍ ജാതി പീഡനം ഒഴിവാക്കാനെന്ന പേരില്‍ ക്രിസ്തുമതത്തിലെത്തിയ ജാതികള്‍ ആ ജാതിയുടെ പേരില്‍ തന്നെയാണ് അവിടെയും അറിയപ്പെട്ടത്. ഹിന്ദുസമൂഹത്തിലെ ജാതിവ്യവസ്ഥ എപ്രകാരം ആയിരുന്നുവോ അത് തന്നെ ക്രിസ്തുമതത്തിലും നിലനിന്നു. ഒരാളെ ക്രിസ്ത്യാനിയാക്കുവാന്‍ ചെയ്യുന്ന പ്രാഥമിക കൂദാശയായ മാമോദീസ പോലും താഴ്ന്ന ജാതിക്കാര്‍ക്ക് നിഷേധിക്കപ്പെട്ടു. 1854 വരെ പുലയര്‍ക്ക് ജ്ഞാനസ്‌നാനം എന്ന മാമോദീസ പോലും നിഷേധിക്കപ്പെട്ടിരുന്നുവെന്ന് പ്രൊട്ടസ്റ്റന്റ് പാതിരിയായ റോബിന്‍ ജഫ്രി തന്നെ രേഖപ്പെടുത്തായിട്ടുണ്ട്.
ഇങ്ങനെയൊരു സഹചര്യത്തില്‍ അടവ് നയം സ്വീകരിക്കുവാന്‍ പ്രൊട്ടസ്റ്റന്റ് സഭ തീരുമാനിച്ചു. ജാതിയെ പേടിച്ച് മതപരിവര്‍ത്തന പണിയില്‍ നിന്ന് പിന്മാറുവാന്‍ കഴിയില്ല. മിഷണറി പണിയെന്നാല്‍ മതം മാറ്റലാണ്. ഒരാള്‍ ക്രിസ്ത്യാനിയായിട്ടും ജാതി നിലനില്‍ക്കുന്നതിനെപ്പറ്റി വലിയ വലിയ ചര്‍ച്ചകള്‍ നടന്നു. ഒടുവില്‍ ചാള്‍സ് മീഡ് എന്ന മിഷണറിയുടെ അഭിപ്രായം അവര്‍ അംഗീകരിച്ചു. ജാതിയെ ഒരു പ്രശ്‌നമായി കാണേണ്ടതില്ല. അതിനാല്‍ ക്രിസ്ത്യാനിയാകുന്നവര്‍ ജാതി ഉപേക്ഷിക്കേണ്ടതില്ല. ആവശ്യക്കാര്‍ക്ക് ജാതി തുടരാം. ഇങ്ങനെ സവര്‍ണ്ണ ക്രിസ്ത്യാനികള്‍ക്ക് മേലാളപള്ളികളും ദളിതുകള്‍ക്ക് പുലയപള്ളികളും പണിതു കൊടുത്തു. സെമിത്തേരികളിലും ഉണ്ടായിരുന്നു ഈ ജാതിവിവേചനം. മേല്‍ജാതിക്കാരന്റെ സെമിത്തേരിയില്‍ അടക്കം ചെയ്ത കീഴ്ജാതിക്കാരന്റെ മൃതദേഹം മേല്‍ജാതി കുഴിയില്‍ നിന്ന് എടുപ്പിച്ച് കീഴ്ജാതി കുഴിയില്‍ അടക്കം ചെയ്ത സംഭവങ്ങള്‍ വരെ നിരവധി ഉണ്ടായി.
ജാതി വ്യവസ്ഥയില്‍ നടുവില്‍ നില്‍ക്കുന്ന നാടാര്‍ക്കും കിട്ടി നാടാര്‍ പള്ളികള്‍. നായര്‍ക്കും പള്ളികള്‍ പണിയുവാന്‍ മിഷണറിമാര്‍ തയ്യാറായിരുന്നെങ്കിലും ആ വിഭാഗം കാര്യമായി മിഷണറി വലയത്തില്‍ പെട്ടില്ല. ഇങ്ങനെ ജാതിവ്യവസ്ഥയെ തകര്‍ക്കുവാന്‍ വന്നവര്‍ ജാതി വ്യവസ്ഥയുടെ സംരക്ഷകരായി മാറി. ക്രിസ്തുവില്‍ അധിഷ്ഠിതമായ ഏക ശീലാഘടനയുള്ള ക്രിസ്തുമതത്തെ സൃഷ്ടിക്കുന്നതില്‍ യൂറോപ്യന്‍ സഭകള്‍ ഇന്ത്യയില്‍ ദയനീയമായി പരാജയപ്പെട്ടു.
എന്നാല്‍ മിഷണറിമാരുടെ വാദഗതികള്‍ സത്യത്തിന് വിപരീതമായിരുന്നു. അവരുടെ ഭരണത്തിന്റെ ഫലമായി ഇവിടെയെല്ലാം സമത്വസുന്ദരമായിയെന്നായിരുന്നു വാദങ്ങള്‍. ലോകത്തിലെ അടിമവ്യവസ്ഥിതിയുടെ തലസ്ഥാനം ഇംഗ്ലണ്ടായിരുന്നു. ഈ വ്യവസ്ഥിതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളായിരുന്നു പ്രൊട്ടസ്റ്റന്റ്‌സഭ അടക്കമുള്ള വിവിധ ക്രൈസ്തവസഭകള്‍.അവിടെ നിന്ന് വന്ന മിഷണറിമാര്‍ ഇവിടത്തെ അടിമവ്യവസ്ഥിതി കണ്ട് ഞെട്ടുകയും ഇതിനെതിരെ നടപടി എടുക്കുകയും ചെയ്തായി ചരിത്രത്തിലുണ്ട്. ഈ അടിമത്ത നിരോധന നിയമത്തിലുണ്ടായിരുന്നു മിഷണറിമാരുടെ ഇരട്ടത്താപ്പ്.
1792 ല്‍ മലബാറിലെ ബ്രിട്ടീഷ് കമ്മീഷണര്‍ അടിമ സമ്പ്രദായം നിരോധിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയെങ്കിലും അത് പ്രാവര്‍ത്തികമാക്കുവാന്‍ നടപടി സ്വീകരിച്ചില്ല. 1811 ല്‍ കേണല്‍ മണ്‍റോ തിരുവിതാംകൂറിലെ ദിവാനും റസിഡന്റുമായിരുന്ന സമയത്ത് കൃഷിയുമായി ബന്ധമില്ലാത്ത അടിമകളെ മോചിപ്പിച്ചതായി ഉത്തരവ് ഇറക്കി. ഇതും മണ്‍റോയുടെ മറ്റൊരു കളിയായിരുന്നു. കാര്‍ഷികവൃത്തിക്ക് അടിമകളെ ഉപയോഗിച്ചിരുന്നവരില്‍ വലിയൊരു ഭാഗം ജന്മിമാരായ ക്രിസ്ത്യാനികളായിരുന്നു. കാര്‍ഷിക വൃത്തിയില്‍ നിന്ന് അടിമകളെ മോചിപ്പിച്ചാല്‍ അതിന്റെ സമുദായികമായ ഏറ്റവും വലിയ നഷ്ടം ഇവര്‍ക്കായിരിക്കുമെന്നതിനാല്‍ മണ്‍റോ അതിന് മുതിര്‍ന്നില്ല. പകരം രാജ്യവും കൊട്ടാരവുമായും ബന്ധമുള്ള പൊതുപണികള്‍ ചെയ്യുന്നവരെ മോചിപ്പിച്ചു. എന്നാല്‍ തിരുവിതാംകൂര്‍ കാര്‍ഷിക രാജ്യമായതുകൊണ്ടും കാര്‍ഷിക അടിമകളെ നിരോധിച്ചാല്‍ അത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്നുള്ളതിനാലും രാജാവും കൂട്ടരും അടിമവ്യവസ്ഥ നിരോധിക്കുവാന്‍ അനുവദിച്ചില്ലെന്ന ഒരു ന്യായം പ്രൊട്ടസ്റ്റന്റ്‌സഭാ ചരിത്രകാരന്മാര്‍ പറഞ്ഞുവെക്കുന്നുണ്ട്. തങ്ങളുടെ താല്‍പര്യത്തിനപ്പുറം ഒരു നാട്ടുരാജ്യത്തിന്റെയും താല്‍പര്യം സംരക്ഷിക്കാത്ത ബ്രിട്ടീഷ് ഭരണകൂടം തങ്ങള്‍ക്ക് ഇരട്ടത്താപ്പുള്ള വിഷയങ്ങള്‍ വരുമ്പോഴൊക്കെ രാജ്യതാല്‍പര്യം സംരക്ഷിക്കാനെന്ന പേരില്‍ തന്ത്രങ്ങള്‍ സ്വീകരിക്കാറുണ്ട്.
അന്ന് തിരുവിതാംകൂറില്‍ 1,65,000 അടിമകള്‍ ഉണ്ടായിരുന്നുവെന്നതാണ് കണക്ക്. ഇവരില്‍ നിന്ന് ഒരു അടിമക്ക് ഒരു പണം എന്ന കണക്കില്‍ വര്‍ഷം 1,65,000 രൂപ സര്‍ക്കാരിന് കിട്ടിയിരുന്നു. അന്ന് ഇതൊരു വലിയ തുകയായിരുന്നു. രാജ്യത്തിന്റെ ഖജനാവില്‍ പണമുണ്ടെങ്കിലേ ബ്രിട്ടീഷ് കമ്പനിക്ക് സംരക്ഷണ ചിലവും കപ്പവുമൊക്കെയായി പണം കിട്ടുകയുള്ളു. ധന സ്രോതസ്സുകള്‍ അടയ്ക്കാതെ തന്നെ തങ്ങളുടെ അജണ്ടയുമായി മുന്നോട്ടു പോകുവാനുള്ള തന്ത്രങ്ങള്‍ പതിവുപോലെ കമ്പനി മിഷണറി സഖ്യം മെനഞ്ഞു. മിഷണറിമാര്‍ അടിമവ്യവസ്ഥക്കെതിരെ പ്രചാരണം നടത്തി അധ:സ്ഥിത ജനവിഭാഗങ്ങളുടെ രക്ഷകര്‍ തങ്ങളാണെന്ന് വരുത്തി മതപരിവര്‍ത്തന പണിയുമായി മുന്നോട്ട് പോയപ്പോള്‍ അടിമവ്യവസ്ഥിതിക്കെതിരെ ദുര്‍ബല നിയമങ്ങള്‍ ഉണ്ടാക്കി അത് നിലനിര്‍ത്താനുള്ള പണി കമ്പനിയെടുത്തു. 1853 ല്‍ തിരുവിതാംകൂര്‍ രാജാവ് പ്രഖ്യാപിച്ച അടിമ നിരോധന വിളംബരം ഇത്തരത്തില്‍ ഒന്നായിരുന്നു. ബ്രിട്ടീഷ് കമ്പനിയുടെ അനുവാദമില്ലാതെ ഒരു ഉത്തരവും ഇറക്കുവാന്‍ രാജാവിന് അധികാരം ഉണ്ടായിരുന്നില്ല.
പ്രധാനമായും രണ്ടുതരം അടിമകളാണ് ഉണ്ടായിരുന്നത്. സര്‍ക്കാര്‍ അടിമകളും സ്വകാര്യ അടിമകളും. 1853 ലെ പ്രഖ്യാപനം സര്‍ക്കാര്‍ അടിമകളെക്കുറിച്ച് മാത്രമായിരുന്നു. സ്വകാര്യ അടിമകളെ സ്പര്‍ശിക്കുവാന്‍ സര്‍വാധികാരിയായ ബ്രിട്ടീഷ് കമ്പനി അനുവദിച്ചില്ല. കാരണം സ്വകാര്യ അടിമകളുടെ ഉടമകളായ വ്യക്തികളില്‍ അധികവും കമ്പനിക്കും മിഷണറിമാര്‍ക്കും വേണ്ടപ്പെട്ടവരായ ക്രിസ്ത്യന്‍ ജന്‍മിമാരും ഭൂഉടമകളുമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അടിമകളുടെ മുതലാളി രാജാവായിരുന്നു. പ്രൊട്ടസ്റ്റന്റ് മിഷണറിമാര്‍ക്കുവേണ്ടി ഒരുപാട് ചരിത്രമെഴുതിയിട്ടുള്ള എന്‍.കെ.ജോസ് അദ്ദേഹത്തിന്റെ പുലയ ലഹള എന്ന പുസ്തകത്തില്‍ ഇങ്ങനെ എഴുതി: ‘ഈ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ അടിമകള്‍ക്ക് മേലില്‍ ഉണ്ടാകുന്ന കുട്ടികള്‍ അടിമകള്‍ ആയിരിക്കുകയില്ല. സ്വതന്ത്രരായിരിക്കും എന്നതാണ് പ്രസ്തുത വിളംബരത്തിന്റെ സാരം. ഫലത്തില്‍ യാതൊരു പ്രയോജനം ചെയ്യാത്തതും പ്രത്യേകമായ യാതൊരു മാറ്റവും സൃഷ്ടിക്കാത്തതുമായിരുന്നു പ്രസ്തുത വിളംബരം. വ്യക്തികളുടെ കീഴിലുള്ള അടിമകളെ വിളംബരം സ്പര്‍ശിക്കുക പോലുമുണ്ടായില്ല. സര്‍ക്കാരിന്റെ നേരിട്ടുള്ള ഉടമസ്ഥതയിലെ അടിമകള്‍ക്ക് 1853 സപ്തംബര്‍ 15ന് ശേഷം ഉണ്ടാകുന്ന കുട്ടികള്‍ അടിമകളായിരിക്കുകയില്ലെന്ന് പറയുമ്പോള്‍ പ്രസ്തുത കുട്ടികള്‍ അന്നും അടിമകളായിരിക്കുന്ന മാതാപിതാക്കളോടൊപ്പമാണ് കഴിയുന്നത് എന്ന കാര്യം വിസ്മരിക്കരുത്. ഇങ്ങനെ ഒരു വിളംബരം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട് എന്ന് അറിയുന്ന അടിമകള്‍ തന്നെ ഒരു പക്ഷെ ആരും കാണുകയില്ല. ഉടമകള്‍ അവരെ വിവരം അറിയിക്കുവാന്‍ തയ്യാറാകും എന്നു പ്രതീക്ഷിക്കേണ്ടതില്ലല്ലോ. അതുകൊണ്ട് കുട്ടികള്‍ സ്വാതന്ത്രരാണെന്ന് സര്‍ക്കാരിന്റെ കടലാസ് പറയുന്നതുകൊണ്ട് എന്തു ഫലം. അവര്‍ക്ക് പത്ത് പതിനഞ്ച് വയസ്സായി തനിച്ച് ജീവിക്കുവാന്‍ കഴിയുമാറാകുമ്പോള്‍ ഇങ്ങനെ ഒരു വിളംബരം ഉണ്ടായിരുന്നുവെന്ന് അവരെ പറഞ്ഞ് ബോധ്യപ്പെടുത്തി സ്വതന്ത്രരാക്കുവാന്‍ പ്രേരണ ചെലുത്തുവാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ പ്രസ്തുത വിളംബരം കൊണ്ട് ഏന്തെങ്കിലും ഫലം ഉണ്ടാകുകയുള്ളു. പിന്നെ തിരുവിതാംകൂര്‍ സര്‍ക്കാരും അടിയായ്മക്ക് എതിരായ വിളംബരം പുറപ്പെടുവിച്ചുവെന്ന് പറയാം. അന്നത്തെ തിരുവിതാംകൂര്‍ റസിഡന്റ് ജനറല്‍ കല്ലനായിരുന്നു. റസിഡന്റുമാര്‍ ഭരിച്ചിരുന്നത് ബ്രിട്ടീഷ് കമ്പനിയുടെ നേരിട്ടുള്ള നിര്‍ദ്ദേശാനുസരണമായിരുന്നു. റസിഡന്റ് ഈ അടിമത്ത നിരോധനം പ്രാവര്‍ത്തികമാക്കുന്നതില്‍ താല്‍പര്യമൊന്നും കാണിച്ചില്ല. അതേസമയം മിഷണറിമാര്‍ ഈ വിഷയത്തില്‍ പ്രചരണം ഊര്‍ജ്ജസ്വ ലമാക്കുകയും ചെയ്തു. അടിമത്തം നിലനിന്നാല്‍ മാത്രമേ അത് നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രചരണം നടത്തുവാന്‍ കഴിയുകയുള്ളുവെന്നതിനാല്‍ ഇത് നിലനിര്‍ത്തേണ്ടത് ആത്യന്തികമായി മിഷണറിമാരുടെ ആവശ്യമായിരുന്നു.
എന്നാല്‍ മിഷണറിമാര്‍ ആഗ്രഹിച്ചതുപോലെയല്ല കാര്യങ്ങള്‍ പോയത്. ഹിന്ദുസമൂഹത്തിലെ ജനവിഭാഗങ്ങളെ ജാതി പീഡയും സ്വാതന്ത്ര്യവും പറഞ്ഞ് മതംമാറ്റി ഒരു മാലയിലെ മുത്തുമണികള്‍ പോലെ കോര്‍ത്ത് തങ്ങള്‍ക്ക് പിന്നില്‍ അണിനിരത്താമെന്നായിരുന്നു മിഷണറിമാരുടെ മോഹമെങ്കിലും സംഭവിച്ചത് മറ്റൊന്നാണ്. പ്രൊട്ടസ്റ്റന്റ് സഭാചരിത്രകാരനായ എന്‍.കെ.ജോസ് തന്നെ പറയട്ടെ: ‘തെക്കന്‍ തിരുവിതാംകൂറില്‍ പ്രവര്‍ത്തനം നടത്തിയിരുന്ന എല്‍.എം.എസുകാര്‍ കൂടുതല്‍ മിഷണറിമാരെ യൂറോപ്പില്‍ നിന്ന് കൊണ്ടുവന്നു കൂടുതല്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. വടക്കന്‍ തിരുവിതാംകൂറില്‍ സി.എം.എസുകാരും യാക്കോബായക്കാരുമായുണ്ടായ ഭിന്നിപ്പ് ഈ ഘട്ടത്തിലായിരുന്നു. അതിനെ തുടര്‍ന്ന് സി.എം.എസുകാര്‍ അവര്‍ണരെ ക്രിസ്തുമതത്തില്‍ ചേര്‍ക്കുവാന്‍ തങ്ങളുടെ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ചു. അന്നുവരെ യാക്കോബായക്കാരുടെ സൗഹൃദം പ്രതീക്ഷിച്ചുകൊണ്ടു നിന്ന സി.എം.എസുകാര്‍ അധഃകൃതരെ ക്രിസ്തുമതത്തില്‍ ചേര്‍ക്കുന്നതില്‍ വിമുഖരായിരുന്നു. ക്രൈസ്തവരായ അവര്‍ണരോടൊത്തു കഴിയുവാന്‍ ആഢ്യന്മാരെന്ന് കരുതപ്പെടുന്ന സുറിയാനിക്കാര്‍ തല്പരരല്ലായിരുന്നു.
മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കുഴപ്പങ്ങളെ ക്ഷണിച്ചുവരുത്തുകയാണ് ചെയ്തത്.സ്വതന്ത്രരായ ശേഷം ക്രിസ്തുമതത്തില്‍ ചേര്‍ന്ന അടിമകള്‍ ക്രിസ്ത്യാനികളെപ്പോലെ പെരുമാറുവാനും ക്രിസ്ത്യാനികളുടെ അവകാശങ്ങളെ ഉപയോഗിക്കുവാനും തുടങ്ങി. എന്നാല്‍ അവരെ ക്രിസ്ത്യാനികളായി അംഗീകരിക്കുവാന്‍ ഹൈന്ദവ സവര്‍ണരോ കൈസ്തവ സവര്‍ണരോ തയ്യാറായില്ല. തിരുവല്ല ക്ഷേത്രത്തിന് സമീപത്തുകൂടി ചെറിയാന്‍ എന്ന ഒരു മുന്‍ ഈഴവന്‍ കടന്നു പോയത് പ്രശ്‌നമായി. ചെറിയാനെ സവര്‍ണ ഹൈന്ദവര്‍ അധിക്ഷേപിച്ചു. മിഷണറിമാര്‍ ചെറിയാന്റ സംരക്ഷണത്തിന് വേണ്ടി പാര്‍വത്യക്കാരെ (വില്ലേജ് തല ഉദ്യോഗസ്ഥന്‍) സമീപിച്ചു. പാര്‍വത്യക്കാര്‍ ദിവാന്റെ അഭിപ്രായം ആരാഞ്ഞു. ദിവാന്‍ ചെറിയാനെ ഈഴവനായിത്തന്നെ കാണുവാന്‍ നിര്‍ദ്ദേശിച്ചു. അതാണ് കുപ്രസിദ്ധമായ തിരുവല്ല ശാസനം.
അടിമകള്‍ക്കുവേണ്ടി മിഷണറിമാരും അടിമകള്‍ക്ക് എതിരായി രാജാവും നില്‍ക്കുന്നുവെന്ന പ്രതീതിയാണുണ്ടായത്. എന്നാല്‍ ഈ നാടകം അധികം നാള്‍ നിലനിര്‍ത്തുവാന്‍ അവര്‍ക്കായില്ല. ബ്രിട്ടന് കീഴില്‍ ഇന്ത്യാ രാജ്യത്ത് നടക്കുന്ന നൂറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന ഒരു ഭരണമായിരുന്നു ബ്രിട്ടന്റെ ലക്ഷ്യം. ജാതി പ്രശ്‌നങ്ങളും അതിന്റെ ഗുണദോഷങ്ങളും എങ്ങിനെയെല്ലാം തങ്ങള്‍ക്ക് അനുകൂലമാക്കാമെന്നതായിരുന്നു ഇവരുടെ ചിന്ത. പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും അത് ദീര്‍ഘനാള്‍ നിലനിര്‍ത്തുകയും വേണം. ജാതികള്‍ തമ്മില്‍ ഏറ്റുമുട്ടുകയും ഇതിലെല്ലാം പ്രതിസ്ഥാനത്ത് വ്യവസ്ഥിതിയും രാജാവും വരികയും വേണം. ജനങ്ങളെ രാജാവിനെതിരെ തിരിച്ച് വിടുകയും ആ പ്രശ്‌നങ്ങളില്‍ മദ്ധ്യസ്ഥനായി ഇടപെട്ട് രാജാവിനെ കൂടുതല്‍ കൂടുതല്‍ ദുര്‍ബലനാക്കുക. ഇതായിരുന്നു തന്ത്രം. ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹരിച്ചാല്‍ ജനങ്ങള്‍ പിന്നെ തങ്ങളുടെ വൈദേശിക ഭരണത്തിനെതിരെ തിരിയും. അതിനായി ഇന്ത്യയിലെ നിരക്ഷരരായ ജനങ്ങളെ അവര്‍ നന്നായി കബളിപ്പിച്ചു.