ഇന്ത്യന്‍ പ്രീമിയര്‍ലീഗിന്റെ 13-ാം സീസണിന്റെ മത്സരക്രമം പുറത്തുവന്നതോടെ ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തിലായി. കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെയ്ക്കപ്പെട്ട മത്സരങ്ങളാണ് യു.എ.ഇയിലെ പിച്ചുകളില്‍ ഈ മാസം 19ന് ആരംഭിച്ചത്. ഷാര്‍ജ, ദുബായ്, അബുദാബി എന്നീ മൂന്ന് സ്ഥലങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.
2008-ല്‍ ആരംഭിച്ച് 12 സീസണ്‍ പിന്നിടുമ്പോള്‍ ലോകത്തിലെ തന്നെ പ്രസക്തിയും മൂല്യവുമുള്ള കായിക മത്സരമായി ഐ.പി.എല്‍. മാറിക്കഴിഞ്ഞു. 2020 മാര്‍ച്ച് 29 മുതല്‍ മെയ് 17 വരെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ വെച്ച് സംഘടിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്ന 13-മത് സീസണാണ് മാറ്റിവെയ്ക്കപ്പെട്ടത്.
ആഭ്യന്തര ക്രിക്കറ്റിന്റെ നിലവാരം വര്‍ദ്ധിപ്പിക്കാനും, പ്രാദേശിക താരങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനുമാണ് ഐ.പി.എല്‍. കൊണ്ട് ലക്ഷ്യമിടുന്നതെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനും താരങ്ങള്‍ക്കും മികച്ച വരുമാനം നേടിക്കൊടുക്കുന്നതിലും ഐ.പി.എല്‍. പ്രമുഖ സ്ഥാനം വഹിക്കുന്നു. യുവതാരങ്ങളെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ കുപ്പായമണിയാനുള്ള പ്രധാനപ്പെട്ട അവസരമാണ് ഐ.പി.എല്‍. മത്സരങ്ങള്‍. ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മിക്ക താരങ്ങള്‍ക്കും ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടിയെന്നത് ഇത് തെളിയിക്കുന്നു.
കോവിഡ് പശ്ചാത്തലത്തില്‍ ഐ.പി.എല്‍ മാറ്റിവെച്ചത് താരങ്ങള്‍ക്കും ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനും കനത്ത ആഘാതമുണ്ടാക്കിയിരുന്നു. ഇതാണ് മത്സരം മറ്റ് രാജ്യത്ത് വെച്ചെങ്കിലും നടത്താന്‍ പ്രേരിപ്പിച്ച ഘടകം. ഇന്ത്യക്ക് പുറത്ത് വെച്ച് മത്സരം നടത്താമെന്ന ബി.സി.സി.ഐയുടെ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതോടെ അതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു.
ആകെ 53 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നതാണ് ഈ സീസണിലെ ടൂര്‍ണമെന്റ്. ഇതില്‍ 10 ദിവസം രണ്ട് മത്സരങ്ങള്‍ നടക്കും. ഐ.പി.എല്ലിലെ ഏറ്റവും വാശിയേറിയ മത്സരമാണ് മുംബൈ – ചെന്നൈ മത്സരം. ഇരു ടീമുകളും ഇതിനു മുമ്പ് 30 തവണ ഏറ്റുമുട്ടിയപ്പോള്‍ 18 തവണ മുംബൈയും 12 തവണ ചെന്നൈയും വിജയിച്ചിട്ടുണ്ട്. ഫൈനല്‍ മത്സരം നവംബര്‍ 10ന് നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്ലേ ഓഫിന്റെ വേദിയും സമയക്രമവും പ്രഖ്യാപിച്ചിട്ടില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കര്‍ശനസുരക്ഷാ സംവിധാനങ്ങളോടെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്.