കോണ്‍ഗ്രസ് പാരമ്പര്യമുള്ള വൈദ്യ-ജന്മി കുടുംബത്തില്‍ പിറന്ന് മൃഗസംരക്ഷണ വകുപ്പില്‍ ഗസറ്റഡ് ഉദ്യോഗസ്ഥനായി സര്‍വ്വീസ് സംഘടനാ രംഗത്ത് എന്‍.ജി.ഒ അസോസിയേഷനില്‍ സംസ്ഥാനതലത്തില്‍വരെ പ്രവര്‍ത്തിച്ച പി. ജനാര്‍ദ്ദനന്‍ എങ്ങനെ കണ്ണൂരില്‍ സംഘപരിവാര്‍ നിരയിലെ പ്രമുഖനായി എന്നത് പഠിക്കേണ്ട, പ്രേരണയാവേണ്ട ഒരു സംഘടനാ ചരിത്രമാണ്.
എന്‍.ജി.ഒ അസോസിയേഷനില്‍ പ്രവര്‍ത്തിക്കുമ്പോഴും ആഴത്തിലും പരപ്പിലും ഉള്ള വായന അദ്ദേഹത്തെ വിവേകാനന്ദ ദര്‍ശനങ്ങളിലേക്കും ഭാരതീയ ആശയങ്ങളിലേക്കും അടുപ്പിച്ചിരുന്നു. 1990 ല്‍ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടന്ന ഹിന്ദുത്വം വിഷയമാക്കിയുള്ള പി.പരമേശ്വര്‍ജിയുടെ പ്രസംഗം അപ്രതീക്ഷിതമായി ശ്രവിക്കാന്‍ ഇടയായ പി.ജനാര്‍ദ്ദനനില്‍ ആ പ്രസംഗം പരമേശ്വര്‍ജിയോട് ആദരവും സ്‌നേഹവും വളര്‍ത്തി. പിന്നീട് മലബാറില്‍ എവിടെ പരമേശ്വര്‍ജി സംസാരിക്കാന്‍ എത്തിയാലും അവിടെയെത്തി പ്രസംഗം കേള്‍ക്കുക എന്നത് അദ്ദേഹം പതിവാക്കി. ആദരവ് പരിചയത്തിലേക്കും പരിചയം തളിപ്പറമ്പിലെ ഇ.വേണുഗോപാലിലൂടെ സംഘടനാപ്രവര്‍ത്തനത്തിലേക്കും മാറുന്നതിനു കൂടുതല്‍ കാലം വേണ്ടിവന്നില്ല. പിന്നീട് ഭാരതീയ വിചാരകേന്ദ്രം, തപസ്യ, സക്ഷമ തുടങ്ങി വിവിധ സംഘടനകളുടെ കണ്ണൂരിലെ സംഘാടകന്‍, മാര്‍ഗദര്‍ശി, രക്ഷാധികാരി എന്നീ നിലകളില്‍ കഴിഞ്ഞ മുപ്പതു വര്‍ഷക്കാലം ശാന്തമായി ഒരു ആശയ സാഗരം പോലെ ഒഴുകുകയായിരുന്നു അദ്ദേഹം.
ആശയതലത്തില്‍ നാലു ഗ്രന്ഥങ്ങളില്‍ക്കൂടി പി. ജനാര്‍ദ്ദനന്‍ ഹിന്ദുത്വത്തിനു നല്‍കിയത് വലിയ സംഭാവനയാണ്. മറ്റു പലരും കൈവെക്കാത്ത വിവേകാനന്ദനെ ആധാരമാക്കിക്കൊണ്ടുള്ള “’മഞ്ഞുകാലത്തു മിന്നല്‍പിണര്‍പോലെ’ എന്ന നോവല്‍ ഉന്നതമായ ആശയത്തെ ചരിത്രത്തിന്റെ ആവര്‍ത്തന വിരസതയില്ലാതെ വായനക്കാരനു മുന്നില്‍ അവതരിപ്പിക്കുന്നു. വിവേകാനന്ദന്‍ ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി തൃശ്ശൂര്‍, കൊടുങ്ങല്ലൂര്‍, എറണാകുളം, തിരുവനന്തപുരം എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു അവസാനം കന്യാകുമാരിയില്‍ എത്തിച്ചേരുന്നത് വരെയുള്ള അനുഭവങ്ങള്‍ ഹൃദ്യവും മനോഹരവും ആയി അവതരിപ്പിച്ച ഈ കൃതി എഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തെ തികച്ചും വ്യത്യസ്തനും ഉന്നതനുമാക്കി. ശ്രീനാരായണ ദര്‍ശനങ്ങളെ ആഴത്തില്‍ പഠിച്ചതിനോടൊപ്പം ഗുരുവില്‍ നിന്ന് ഒന്നും പഠിക്കാത്തവര്‍ എന്ന പേരില്‍ എഴുതിയ വിമര്‍ശനാത്മക കൃതിയില്‍ കൂടി ശ്രീനാരായണഗുരുവിന്റെ ആദര്‍ശങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്കു മുന്നില്‍ രോഷം കൊള്ളുന്നു. സാഹിത്യകാരന്റെ സാമൂഹ്യ പ്രതിബദ്ധത എന്തെന്നതിനു ഉദാഹരണമാണ് ഈ ഗ്രന്ഥം. കെ.എം മുന്‍ഷിയുടെ ‘ജയ് സോമനാഥം’ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു കേസരിയില്‍ കൂടി ഖണ്ഡശഃ പ്രസിദ്ധീകരിച്ച അദ്ദേഹം വിവര്‍ത്തന സാഹിത്യ രംഗത്തും തന്റെ കഴിവും പ്രതിഭയും തെളിയിച്ചു. പരമേശ്വര്‍ജിയോട് അദ്ദേഹത്തിനുണ്ടായിരുന്ന ആഴമേറിയ ഹൃദയബന്ധം പരമേശ്വര്‍ജി നവതിയാഘോഷവേളയില്‍ പരമേശ്വര്‍ജിയുടെ കൃതികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനത്തില്‍നിന്നും മനസ്സിലാക്കാന്‍ പറ്റും. സ്വയം പ്രിന്ററും പബ്ലിഷറുമായി കണ്ണൂരില്‍ നിന്ന് പ്രസിദ്ധീകരിച്ച ശ്രീമുത്തപ്പന്‍ മാസികയില്‍ക്കൂടി ആത്മീയവും സാംസ്‌കാരികവുമായ നിരവധി ലേഖനങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംഘടനാ പ്രവര്‍ത്തന രംഗത്ത് 1997 ലെ ഗീതാസ്വാധ്യായ സമിതിയുടെ സംഘാടനം എടുത്തുപറയേണ്ടതാണ്. 2005-ല്‍ വിചാരകേന്ദ്രത്തിന്റെ 27-ാം സംസ്ഥാനസമ്മേളനത്തിലും 2020 ജനുവരിയില്‍ നടന്ന മുപ്പത്തിയേഴാം സംസ്ഥാന സമ്മേളനത്തിലും അദ്ദേഹം നല്‍കിയ നേതൃത്വപരമായ പങ്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒന്നായി അവശേഷിക്കും. യാത്രയെ എന്നും ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ഒരു അവധൂതനെപ്പോലെ ഭാരതത്തിലെ വിവിധ ആത്മീയകേന്ദ്രങ്ങളും സാംസ്‌കാരിക പ്രദേശങ്ങളും സന്ദര്‍ശിച്ചിരുന്നു. ഏകനായി അന്വേഷണാത്മകമായി നടത്തിയിരുന്ന ഓരോ യാത്രയും അറിവുനേടാനുള്ള അവസരമാക്കി മാറ്റിയ അദ്ദേഹം രചനകളില്‍ കൂടി അത് സഹൃദയര്‍ക്കു കൈമാറി. എണ്‍പതാം വയസ്സിലും ഇത്തരം യാത്രകള്‍ തുടര്‍ന്നിരുന്നു. വ്യക്തിബന്ധങ്ങളില്‍ വലിപ്പച്ചെറുപ്പത്തിന്റെ അതിരുകളില്ലെന്നു കാണിച്ചു തന്ന ജനേട്ടന് മുന്നില്‍ കുട്ടികളും മുതിര്‍ന്നവരും തുല്യരായിരുന്നു.
അവസാനനാളുകളില്‍ ഉഡുപ്പി ജില്ലയിലെ മണിപ്പാല്‍ മെഡിക്കല്‍ കോളേജിനോട് ചേര്‍ന്നു ഹോസ്റ്റലില്‍ മകളോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ഈ സമയത്തും വ്യാസവാക്യത്തിലെ കാണാപ്പുറം തേടുകയായിരുന്നു പി.ജനാര്‍ദനന്‍ എന്ന സത്യാന്വേഷി. നിരവധി കുറിപ്പുകള്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. അസുഖബാധിതനായ ജനേട്ടനെ കാണാന്‍ ഫെബ്രുവരി മാസം 26 നു ഈ ലേഖകന്‍ പോയിരുന്നു. അന്ന് പരമേശ്വര്‍ജിയെ തലേദിവസം സ്വപ്‌നം കണ്ടതും സംസ്‌കൃതിഭവനില്‍ ചുമതലക്കാരാനായി നില്ക്കാന്‍ ആവശ്യപ്പെട്ടതും സരസമായി അവതരിപ്പിച്ച അദ്ദേഹം പരമേശ്വര്‍ജിക്കു പിന്നാലെ യാത്രയാകുന്നത് ഈശ്വരേച്ഛയാവാം. ഒരിക്കല്‍ പോലും ആര്‍.എസ്.എസ്. ശാഖയില്‍ പോകാന്‍ പലതുകൊണ്ടും അവസരം കിട്ടിയില്ലെങ്കിലും കണ്ണൂരിലെ സംഘനേതൃത്വത്തിലെ ഒരിക്കലും മറക്കാനാകാത്ത മുഖമായി മാറി അദ്ദേഹം. ആ ധന്യജീവിതത്തിന്റെ ഓര്‍മ്മകള്‍ എന്നെന്നും നമുക്ക്—വഴികാട്ടും.