ഇന്ത്യയിലെ, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലെ ക്രൈസ്തവ മതപരിവര്‍ത്തന കാലഘട്ടത്തെ പ്രധാനമായും മൂന്നായി തിരിക്കാം. ഒന്ന് പോര്‍ച്ചുഗീസ് അധിനിവേശ കാലഘട്ടം. രണ്ട് പ്രൊട്ടസ്റ്റന്റ് സഭയുടെ കാലഘട്ടം. മൂന്ന് സ്വാതന്ത്ര്യാനന്തര കാലഘട്ടം. പോര്‍ച്ചുഗീസ് ഒന്നാം ഘട്ടം ക്രൂരവും ആക്രമണോത്‌സുകവുമായിരുന്നെങ്കില്‍ ഒന്നാം ഘട്ടത്തെക്കാള്‍ സംഭവ ബഹുലമായിരുന്നു രണ്ടാം ഘട്ടം. ഇത് നയപരവും തന്ത്രപരവുമായിരുന്നു. യൂറോപ്പില്‍ വ്യാവസായിക വിപ്ലവത്തെ തുടര്‍ന്നുണ്ടായ ഉണര്‍വ്വും സെമിറ്റിക് മതങ്ങളിലുണ്ടായ പിളര്‍പ്പുകളും മല്‍സരവും ഒരു പോരാട്ട ഭൂമിയിലെന്ന പോലെയുണ്ടായ അടവ് നയങ്ങളും തന്ത്രങ്ങളുമെല്ലാം രണ്ടാം ഘട്ടത്തില്‍ കൂടുതലായി കയറിവന്നു. പോര്‍ച്ചുഗീസുകാര്‍ക്ക് ഗോവ തൊട്ട് കന്യാകുമാരി വരെയെ ഒന്നര നൂറ്റാണ്ടു കൊണ്ട് മിഷന്‍ പ്രവര്‍ത്തനത്തിന് കഴിഞ്ഞിരുന്നുള്ളുവെങ്കില്‍ ബ്രിട്ടീഷുകാര്‍ അവര്‍ക്ക് കിട്ടിയ ഒന്നര നൂറ്റാണ്ട് കൊണ്ട് കന്യാകുമാരി മുതല്‍ അഫ്ഗാനിസ്ഥാന്‍ വരെയെത്തി.
ബ്രിട്ടീഷ് മിഷണറി പ്രവര്‍ത്തനത്തിന്റെ ഒരു തലസ്ഥാനം തിരുവിതാംകൂര്‍ ആയിരുന്നു. കേണല്‍ മെക്കാളെയിലൂടെ ആസൂത്രിതമായി തുടങ്ങുകയും കേണല്‍ മണ്‍റോ തന്ത്രപൂര്‍വ്വം കൊണ്ടുപോകുകയും ചെയ്ത മിഷന്‍ പണിയില്‍ സായിപ്പിന്റെ ബുദ്ധിയുടെ നിരവധി ചുഴികള്‍ കാണാം. ഒരു സമൂഹത്തില്‍ ഇടപെട്ട് തങ്ങള്‍ക്ക് മുതലെടുക്കാന്‍ പാകത്തില്‍ പ്രശ്‌നങ്ങളും സാഹചര്യങ്ങളും ഉണ്ടാക്കിയിട്ടാണ് മിഷണറിമാര്‍ ഇറങ്ങിക്കളിച്ചത്.
തിരുവിതാംകൂര്‍ ചരിത്രത്തിലെ ദുര്‍ബ്ബലരാജാവെന്ന് അറിയപ്പെട്ട ഒരു രാജാവായിരുന്നു ബാലരാമവര്‍മ്മ മഹാരാജാവ്. വേലുത്തമ്പിദളവയുടെ കാലത്തെ രാജാവെന്ന് പറഞ്ഞാലാണ് ഇദ്ദേഹത്തെ അറിയുക.
1810 ഒക്ടോബറില്‍ കേണല്‍ മണ്‍റോ തിരുവിതാംകൂര്‍-കൊച്ചി നാട്ടുരാജ്യങ്ങളുടെ ബ്രിട്ടീഷ് റസിഡന്റായി ചുമതലയേറ്റു. റസിഡന്റ് എന്നാല്‍ പ്രതിനിധി എന്നര്‍ത്ഥം. തൊട്ടടുത്ത മാസമാണ് രാജാവിന്റെ മരണം: കൊല്ലവര്‍ഷം 986 തുലാം 26 (1810 നവംബര്‍7) നാണ് രാജാവിന്റെ മരണം. രാജാവിന്റെ മരണത്തെ തുടര്‍ന്ന് പിന്‍തുടര്‍ച്ച തര്‍ക്കം ഉണ്ടായി. ഇരയെ കാത്തിരിക്കുന്ന കുറുക്കനെപ്പോലെ ഈ തര്‍ക്കത്തിലേക്ക് കേണല്‍ മണ്‍റോ ചാടി വീണു. ഇന്ത്യയില്‍ പല നാട്ടുരാജ്യങ്ങളിലും ഇത്തരം പിന്‍തുടര്‍ച്ച തര്‍ക്കം ഉണ്ടായപ്പോഴൊക്കെ ഇടപെട്ട് തങ്ങളുടെ ആജ്ഞാനുവര്‍ത്തികളെ അധികാരത്തില്‍ ഇരുത്തുന്ന ഒരു ശീലം ബ്രിട്ടീഷുകാര്‍ അതിനകം പ്രയോഗത്തില്‍ കൊണ്ടുവന്നിരുന്നു. ബ്രിട്ടീഷ് കമ്പനി വൈേസ്രായിയായിരുന്ന വെല്ലസ്ലി പ്രഭു ഇതിന്റെ ഒരു ആശാനായിരുന്നു.കേണല്‍ മണ്‍റോയും ഈ പാത തന്നെ തിരഞ്ഞെടുത്തു.
പ്രൊട്ടസ്റ്റന്റ് മിഷണറി ആയിരുന്ന ബുക്കാനന്‍ ഇന്ത്യയില്‍ താന്‍ കണ്ട കാര്യങ്ങളെ കുറിച്ച് സി.എം.എസ്സിന്റെ വാര്‍ഷിക യോഗത്തില്‍ പ്രസംഗിച്ചത് ഈ വര്‍ഷമായിരുന്നു. ഇന്ത്യയില്‍ മതംമാറ്റത്തിനുള്ള വലിയ സാധ്യതകളെക്കുറിച്ചായിരുന്നു ഇയാളുടെ പ്രസംഗം മുഴുവന്‍. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് മിഷണറിമാരെ അയക്കുവാന്‍ ഈ സമ്മേളനം തീരുമാനിച്ചു.1806 ല്‍ ഇവിടെ എത്തിയ റിംഗല്‍ ടോബി എന്ന പ്രൊട്ടസ്റ്റന്റ് പാതിരിക്ക് വേലുത്തമ്പിയുടെയും നാട്ടുകാരുടെയും ഭാഗത്ത് നിന്ന് കനത്ത എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നതിനാല്‍ ഉദ്ദേശിച്ച പോലെ പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. രാജ്യഭരണം കൂടി കൈക്കലാക്കി കഴിഞ്ഞാല്‍ എല്ലാം ഉദ്ദേശിച്ച പോലെ നടക്കും.
തിരുവിതാംകൂറില്‍ ബാലരാമവര്‍മ്മ രാജാവിന് ശേഷം രാജകുടുംബത്തില്‍ ആണുങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ട് മറ്റൊരു താവഴിയായ മാവേലിക്കര രാജകുടുബത്തില്‍ നിന്നാണ് യുവരാജാവെന്നായിരുന്നു ധാരണ. ഈ കുടുംബമാകട്ടെ സായിപ്പിന്റെ ശത്രുവായ വേലുത്തമ്പിയുമായി അടുപ്പമുള്ള കുടുംബവും. അതുകൊണ്ടുതന്നെ രാജാവിന്റെ കസേരയില്‍ ഇരുത്തുവാന്‍ മറ്റൊരാളെ തേടുവാന്‍ ബ്രിട്ടീഷ് കമ്പനി തീരുമാനിച്ചു. അങ്ങിനെ കൗമാര പ്രായം പോലും പിന്നിട്ടിട്ടില്ലാത്ത ഗൗരി ലക്ഷ്മി ഭായി എന്ന് പേരുള്ള ഒരു പെണ്‍കുട്ടിയെ രാജാവാക്കി പ്രഖ്യാപിച്ചു.തിരുവിതാംകൂറിനെ നടുക്കിയ ഒരു തീരുമാനമായിരുന്നു ഇത്. ചരിത്രത്തില്‍ ഇവര്‍ റാണി ഗൗരി ലക്ഷ്മിഭായി എന്നറിയപ്പെട്ടു. രാജ്യത്തിനൊരു രാജാവുണ്ടെന്ന് നാട്ടുകാര്‍ക്ക് വെറുതെ പറയാമെന്നല്ലാതെ ലക്ഷ്മിഭായ് മറ്റൊന്നുമായിരുന്നില്ലെന്ന് മാത്രമല്ല വലിയ പരാജയവുമായിരുന്നു. ബ്രിട്ടീഷുകാര്‍ ആഗ്രഹിച്ചതും ഇത് തന്നെയായിരുന്നു. വേലുത്തമ്പി ആത്മഹത്യ ചെയ്തപ്പോള്‍ പകരം ഉമ്മിണി തമ്പിയെന്നയാളെ ദിവാനായി മെക്കാളെ നിയമിച്ചു. പിന്നീട് ഉമ്മണി തമ്പിയെ മാറ്റുകയും റസിഡന്റ് മാത്രമായിരുന്ന കേണല്‍ മണ്‍റോ ദിവാന്‍ പദവി കൂടി ഏറ്റെടുക്കുകയും ചെയ്തു. മണ്‍റോ തന്ത്രപൂര്‍വം കൈക്കലാക്കിയ ദിവാന്‍ സ്ഥാനം റാണി ലക്ഷ്മിഭായിയുടെ തീരുമാനപ്രകാരമാണെന്ന് വരുത്തിത്തീര്‍ക്കുന്നതില്‍ മണ്‍റോ വിജയിച്ചു. മണ്‍റോയെ ദിവാനായി നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം കൊട്ടാരത്തില്‍ നിന്നുണ്ടായി. അതുവരെ റസിഡന്റ് ബ്രിട്ടീഷ് കമ്പനിയുടെയും ദിവാന്‍ രാജ്യത്തിന്റെയും പ്രതിനിധിയുമായിരുന്നു. തിരുവിതാംകൂറില്‍ രാജ്യ പ്രതിനിധികള്‍ ദളവ എന്ന പേരിലും അറിയപ്പെട്ടിരുന്നു.
ഇരട്ട അധികാരം കേണല്‍ മണ്‍റോക്ക് കിട്ടിയതോടെ രാജ്യത്തിന്റെ സര്‍വ അധികാരവും ബ്രിട്ടീഷ് കമ്പനിയുടെ ഉള്ളംകയ്യിലായി. രാജ്യത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങളില്‍ അതുവരെ നിലവിലുണ്ടായിരുന്ന റസിഡന്റ്-ദിവാന്‍/ദളവ ചര്‍ച്ചകള്‍ റസിഡന്റും ദിവാനും ഒരാളായതോടെ ഇല്ലാതായി. കേണല്‍ മണ്‍റോ ഏക ഛത്രാധിപതിയായി തിരുവിതാംകൂര്‍ ഭരിക്കുവാന്‍ തുടങ്ങി. ഇതോടെ മണ്‍റോ നേതൃത്വം നല്‍കുന്ന ചര്‍ച്ച് മിഷണറി സൊസൈറ്റിക്കുമേല്‍ രാജ്യത്തിന് ഒരു നിയന്ത്രണവും ഇല്ലാതായി.
റാണിലക്ഷ്മിഭായ് തന്റെ സ്ഥാനാരോഹണ ചടങ്ങില്‍ കേണലിനെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗം ഇങ്ങനെയാണ്: എത്രയും പ്രിയപ്പെട്ട സാഹിബേ, അനാദികാലം മുതല്‍ ഈ രാജ്യത്ത് എന്റെ വളരെയേറെ മുന്‍ഗാമികള്‍ അര്‍ഹരും പ്രാപ്തരുമായിട്ടുള്ളവര്‍ വാണരുളിയതും പിന്നീട് ബഹുമാനപ്പെട്ട ഈസ്റ്റിന്ത്യാ കമ്പനിയുടെ സംരക്ഷണത്തില്‍ കഴിയുന്നതുമായ ഈ സിംഹാസനത്തില്‍ ആരോഹണം ചെയ്യുവാന്‍ ഞാന്‍ എന്നെങ്കിലും അര്‍ഹയാകുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നതല്ല. പത്മനാഭ സ്വാമിയുടെ ദൈവനിശ്ചയപ്രകാരം ഇരുപത്തി ഒമ്പതാം വയസ്സില്‍ എന്റെ അമ്മാവന്‍ സ്വര്‍ഗാരോഹണം ചെയ്തില്ലായിരുന്നുവെങ്കില്‍ എന്റെ വലിയമ്മാവനെപ്പോലെ സുദീര്‍ഘമായ ഒരു കാലയളവില്‍ ചെങ്കോല്‍ ധരിക്കേണ്ടതായിരുന്നു. എന്നാല്‍ എന്റെ കുലദൈവമായ ശ്രീപത്മനാഭ സ്വാമിയുടെ ഇച്ഛയും കല്‍പ്പനയും ഇത്തരത്തിലായതുകൊണ്ട് ഞാന്‍ അതനുസരിക്കുവാന്‍ തയ്യാറാകുന്നു. ഒരു പ്രായംകുറഞ്ഞ സ്ത്രീ എന്ന നിലക്ക് ഉന്നതമായ ഉത്തരവാദിത്തമുള്ള ഈ പദവിക്ക് അര്‍ഹയോ? ബഹുമാനപ്പെട്ട ഈസ്റ്റിന്ത്യാ കമ്പനിയുടെ പിന്തുണയിലും മാര്‍ഗ്ഗ നിര്‍ദ്ദേശത്തിലും എല്ലാം അര്‍പ്പിക്കുക എന്നതില്‍ കവിഞ്ഞ് എനിക്കൊന്നും ചെയ്യാനില്ല. രാജ്യത്തെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളിലും ഞാനിതാ താങ്കളില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നു. ഈ ദിവസം മുതല്‍ എന്റെ മൂത്ത സഹോദരനായിട്ടാണ് ഞാന്‍ താങ്കളെ കണക്കാക്കുക.’ഇതോടെ തിരുവിതാംകൂറിലെ ജനങ്ങള്‍ക്ക് രാജ്യഭരണത്തിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ നീക്കങ്ങളുടെ തുടക്കം കുറിക്കുന്നവരില്‍ ഒരാള്‍ മണ്‍റോയാണ്. 1819 ല്‍ 50-ാം വയസ്സില്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ഇദ്ദേഹം ചര്‍ച്ച് മിഷണറി സൊസൈറ്റി (സി.എം.എസ്) എന്ന മതപരിവര്‍ത്തന സഭയുടെ രക്ഷാധികാരിയും പ്രസിഡന്റുമൊക്കെയായി മരണം വരെ കഴിഞ്ഞു. തന്റെ മതവും വിശ്വാസവും മാത്രമാണ് ശരിയെന്ന് വിശ്വസിച്ച ഒരു തികഞ്ഞ മതമൗലികവാദിയായിരുന്നു കേണല്‍ മണ്‍റോ.
കേണല്‍ മണ്‍റോ നടത്തിയ ഏറ്റവും പ്രധാന നീക്കം ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് എതിരെയായിരുന്നു. ഹിന്ദു സമൂഹത്തെ മാത്രമല്ല രാജ്യത്തെ തന്നെ ഏകോപിപ്പിച്ച് നിര്‍ത്തുന്നതില്‍ ക്ഷേത്രങ്ങള്‍ക്കുള്ള പങ്ക് മണ്‍റോ മനസ്സിലാക്കി. തിരുവിതാംകൂര്‍ രാജ്യം അറിയപ്പെട്ടിരുന്നത് തന്നെ ശ്രീ പത്മനാഭന്റെ ക്ഷേത്ര സ്വത്ത് എന്ന പേരിലായിരുന്നു. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് തിരുവിതാംകൂര്‍ രാജ്യത്തെ ശ്രീപത്മനാഭന് അടിയറ വെച്ചിട്ട് ഉടവാള്‍ തിരിച്ചെടുത്ത് നാമമാത്ര രാജാവായി ഭരിക്കുകയായിരുന്നു. തിരുവിതാംകൂര്‍ എല്ലാ അര്‍ത്ഥത്തിലും ഒരു ക്ഷേത്രരാജ്യമായിരുന്നു.
രാജ്യത്തിന്റെ സ്വത്തുക്കളില്‍ വലിയൊരു ഭാഗം ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. തിരുവിതാംകൂര്‍ പ്രദേശം മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ കാലഘട്ടത്തിന് മുമ്പ് വരെ നിരവധി നാട്ടുരാജ്യങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. ഇവര്‍ തമ്മില്‍ ഇടക്കിടെ ഉണ്ടാകുന്ന യുദ്ധങ്ങളില്‍ സാധാരണക്കാരുടെ വസ്തുവഹകള്‍ക്ക് നിരവധി നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇതിനൊരു പരിഹാരമായി തങ്ങളുടെ സ്വത്തുക്കള്‍ അവര്‍ അതാത് പ്രദേശത്തെ ക്ഷേത്ര സ്വത്തിന്റെ ഭാഗമായി എഴുതി വെച്ചിരുന്നു. ക്ഷേത്ര സ്വത്തുക്കളില്‍ ഒരാളും ആക്രമിച്ച് കയറുന്ന പതിവില്ല. ക്ഷേത്ര സ്വത്തുക്കള്‍ സുരക്ഷിതമായിരുന്നെന്ന് ചുരുക്കം. അവര്‍ തങ്ങളുടെ ക്ഷേത്രഭൂമിയില്‍ കൃഷി ചെയ്യുകയും ആദായത്തിന്റെ ഒരു ഭാഗം ക്ഷേത്രത്തിലേക്ക് നല്‍കുകയും ചെയ്തിരുന്നു. ഇങ്ങനെ ഒരേസമയം ക്ഷേത്രത്തിന്റെയും വ്യക്തിയുടെയും ഭാഗമായി മാറിയ ക്ഷേത്രം ഭൂമികള്‍ ഒരു സുപ്രഭാതത്തില്‍ മണ്‍റോ സായിപ്പിന്റെ നിയന്ത്രണത്തിലായി – 1811 സപ്തംബറിലായിരുന്നു ഈ നിയമം വന്നത്- 378 വലിയ ക്ഷേത്രങ്ങളും 1171 ചെറിയ ക്ഷേത്രങ്ങളും മണ്‍റോ സര്‍ക്കാര്‍ ഏറ്റെടുത്തു. ഒരേസമയം റസിഡന്റും ദിവാനുമായ മണ്‍റോ തന്നെയായിരുന്നു ഇതിന്റെ സര്‍വാധികാരി. ഇങ്ങനെയാണ് നമ്മുടെ നാട്ടില്‍ സര്‍ക്കാര്‍ നിയന്ത്രിത ക്ഷേത്രങ്ങള്‍ അഥവ ദേവസ്വം നിലവില്‍ വരുന്നത്. ക്ഷേത്രങ്ങളെ പിടിച്ചെടുക്കാനുള്ള കാരണങ്ങള്‍ ഇതൊക്കെയായിരുന്നു.
1) ക്ഷേത്രങ്ങളുടെ വരുമാനം രാജ്യത്തിന്റെ പൊതു ഖജനാവിലേക്ക് വരുന്നതോടെ ക്ഷേത്രങ്ങള്‍ ക്ഷയിക്കും.
2) പൊതുഖജനാവില്‍ നിന്ന് ആവശ്യം പോലെ പണം കൈകാര്യം ചെയ്യാം.
3) ക്ഷേത്ര സ്വത്തുക്കള്‍ യഥേഷ്ടം കൈകാര്യം ചെയ്യാം.
4) ക്ഷേത്രങ്ങള്‍ ആയോധനകലകളുടെ കൂടി കളരികളായിരുന്നു. രാജ്യത്തിന് വേണ്ട സൈനികരെയും ധീരന്മാരെയും സൃഷ്ടിച്ചെടുക്കുന്നതില്‍ ദൈവസാന്നിദ്ധ്യത്തിനും ക്ഷേത്ര മുറ്റങ്ങള്‍ക്കും വലിയ പങ്കുണ്ടായിരുന്നു. ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലായതോടെ ഈ ആയോധന കളരികള്‍ നിര്‍ത്തലാക്കിച്ചു. ആയുധപ്പുരകളും ആയുധങ്ങളും സായിപ്പിന്റെ കയ്യിലായി.തങ്ങള്‍ക്കെതിരെ തിരിഞ്ഞേക്കാവുന്ന രാജ്യത്തെ സൈനിക ശക്തിയെ മണ്‍റോ ഇങ്ങനെ ഇല്ലാതാക്കി.
ഇതോടെ ക്ഷേത്ര വരുമാനം നേരെ രാജാധികാരിയായ മണ്‍റോയുടെ കൈകളിലെത്തി. ക്ഷേത്രത്തില്‍ അന്തിത്തിരി കത്തിക്കണമെങ്കിലും പ്രൊട്ടസ്റ്റന്റു സഭക്കാരായ റസിഡന്റുമാരുടെ അനുവാദം വേണമെന്നായി. ഈസ്റ്റിന്ത്യാ കമ്പനിയും തിരുവിതാംകൂര്‍ രാജാവും തമ്മിലുണ്ടാക്കിയ സൈനിക സഹായകരാര്‍ അനുസരിച്ച് കമ്പനിക്ക് നല്‍കേണ്ട വാര്‍ഷിക ചുങ്കമായ 8 ലക്ഷം രൂപയും കുടിശ്ശികയും മുടങ്ങിക്കിടക്കുകയായിരുന്നു. കൂടാതെ വേലുത്തമ്പി ദളവയുമായി ഏറ്റുമുട്ടിയത് മൂലം ബ്രിട്ടീഷ് കമ്പനിക്കുണ്ടായ നഷ്ടം വകയില്‍ 10,60,000 രൂപ വേറെയും.
മണ്‍റോ ആദ്യം ചെയ്തത് ദേവസ്വം വരുമാനത്തില്‍ നിന്ന് ഈ തുകകളെല്ലാം അടിച്ചു മാറ്റുകയെന്നതായിരുന്നു. ഏതെല്ലാം ഇനത്തില്‍ ബ്രിട്ടീഷ് കമ്പനിക്ക് പണം കിട്ടാനുണ്ടോ അതെല്ലാം മണ്‍റോ എടുത്തു. ഈ പണം എടുത്ത് ഹിന്ദുക്കളെ മതം മാറ്റുവാന്‍ നടക്കുന്ന പ്രൊട്ടസ്റ്റന്റ് പാതിരിമാര്‍ക്ക് എത്തിച്ചു കൊടുത്തു. അങ്ങിനെ ഹിന്ദുവിന്റെ പണം കൊണ്ട് ഹിന്ദുക്കളെ ഇല്ലാതാക്കുന്ന പ്രവൃത്തി ഔദ്യോഗികമായി തന്നെ ആരംഭിച്ചു.