2020 ആഗസ്റ്റ് 20ന് പുണ്യനദിയായ സരയുവിന്റെ കരകള്‍ ആയിരക്കണക്കിന് ദീപങ്ങളാല്‍ പ്രകാശമാനമായ ഉത്സവാന്തരീക്ഷത്തില്‍, മര്യാദാപുരുഷോത്തമനായ ഭഗവാന്‍ ശ്രീരാമചന്ദ്രനെ പുകഴ്ത്തിക്കൊണ്ടുള്ള ആഹ്ലാദകരമായ ഭജനകളും വേദമന്ത്രങ്ങളും മുഴങ്ങിയ പുണ്യമുഹൂര്‍ത്തത്തില്‍ നടന്ന ഭവ്യമായ ചടങ്ങില്‍ മുഴുവന്‍ ലോകവും പങ്കുചേര്‍ന്നു. അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിയില്‍ നിര്‍മ്മിക്കാന്‍ പോകുന്ന മഹത്തായ ശ്രീരാമക്ഷേത്രത്തിന്റെ ഭൂമിപൂജ ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ആ സന്ദര്‍ഭം ചരിത്രനിമിഷമായി മാറി. 492 വര്‍ഷത്തെ പ്രവാസത്തിനുശേഷം ശ്രീരാമന്‍ അയോദ്ധ്യയിലേക്കു തിരിച്ചുവന്നതുപോലെ മുഴുവന്‍ ലോകവും ഈ സന്ദര്‍ഭം ആഘോഷിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ലോകമെങ്ങുമുള്ള കോടിക്കണക്കിന് ഹിന്ദുക്കളുടെ മനസ്സില്‍ അഭിമാനവും സന്തോഷവും നിറഞ്ഞു.
ഭൂമിശാസ്ത്രപരമായി രാമജന്മഭൂമി 1209.026 ചതുരശ്ര മീറ്റര്‍ മാത്രം വലിപ്പമുള്ള ഒരു ചെറിയ തുണ്ട് സ്ഥലമാണ്. 2019 വരെയുള്ള 500 വര്‍ഷക്കാലം ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും ഇടയില്‍ തര്‍ക്കസ്ഥലമായിത്തീരാന്‍ ഇടയാക്കപ്പെട്ട സ്ഥലം. ശ്രീരാമജന്മഭൂമി ന്യാസിന്റെ ഉടമസ്ഥതയില്‍ ഇതിനു ചുറ്റുമുള്ള 67 ഏക്കര്‍ സ്ഥലമാണ് 1993ല്‍ ഭാരത സര്‍ക്കാര്‍ അക്വയര്‍ ചെയ്തത്.
പുണ്യനദിയായ സരയുവിന്റെ കരയില്‍ വൈവസ്വത മനുവാണ് അയോദ്ധ്യാ നഗരം നിര്‍മ്മിച്ചത്. അദ്ദേഹത്തിന്റെ മക്കളായ ഇളയും ഇക്ഷ്വാകുവുമാണ് യഥാക്രമം ‘ചന്ദ്രവംശ’ത്തിന്റെയും ‘സൂര്യവംശ’ത്തിന്റെയും തുടക്കക്കാര്‍. മഹാവിഷ്ണുവിന്റെ അവതാരമായ ഭഗവാന്‍ ശ്രീരാമന്‍ ‘സൂര്യവംശ’ ത്തില്‍ ത്രേതായുഗത്തില്‍ അയോദ്ധ്യയില്‍ ജനിച്ചതുകൊണ്ടാണ് ഈ നഗരം സപ്തമോക്ഷനഗരികളില്‍ ഏറ്റവും പുണ്യമായിത്തീര്‍ന്നത്.
‘അയോദ്ധ്യാ മഥുരാ മായാ
കാശീ കാഞ്ചീ അവന്തികാ
പുരീ ദ്വാരാവതീ ചൈവ
സപ്‌തൈതാ മോക്ഷദായികാ:’
ഒരു ദേശീയ മഹാപുരുഷനും മാതൃകയുമെന്ന നിലയില്‍ ശ്രീരാമന്റെ ദീപ്തമായ സ്മരണ നിലനിര്‍ത്തുന്നതിന് 2100 വര്‍ഷങ്ങള്‍ക്കു മുമ്പ് അയോദ്ധ്യയിലെ രാമജന്മഭൂമിയില്‍ വിക്രമാദിത്യ ചക്രവര്‍ത്തി ഒരു വലിയ ക്ഷേത്രം പണികഴിപ്പിച്ചു. പ്രകൃതിക്ഷോഭത്തിലും മറ്റും കേടുപാടുകള്‍ സംഭവിച്ച ഈ ക്ഷേത്രം പല കാലങ്ങളിലായി പുനര്‍ നിര്‍മ്മിക്കപ്പെട്ടു. ബാബര്‍ വരുന്നതിനു മുമ്പ് നിലനിന്നിരുന്ന ക്ഷേത്രം 11-12 നൂറ്റാണ്ടിലെ ഗഹധ്വാല കാലഘട്ടം മുതലുള്ളതാണ്. 1528ല്‍ മുഗള്‍ അക്രമിയായ ബാബറിന്റെ സേനാനായകന്‍ മിര്‍ ബഖി ഈ ക്ഷേത്രം തകര്‍ത്തു. ക്ഷേത്രത്തെ രക്ഷിക്കുന്നതിനുവേണ്ടി ശ്രീരാമഭക്തര്‍ ആക്രമികളുമായി നടത്തിയ യുദ്ധം 15 ദിവസം നീണ്ടുനിന്നു. ക്ഷേത്രം തകര്‍ക്കാന്‍ എത്തിയ അക്രമികള്‍ സൈനിക ശക്തി ഉപയോഗിച്ചാണ് അത് തകര്‍ത്തത്. ഏതാണ്ട് 1,76,000 രാമഭക്തരാണ് അവരുടെ ഏറ്റവും പ്രിയപ്പെട്ട രാമക്ഷേത്രത്തെ രക്ഷിക്കാനുള്ള ഈ യുദ്ധത്തില്‍ ജീവത്യാഗം വരിച്ചത്. തകര്‍ത്ത ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ തന്നെ ഉപയോഗിച്ച് അതേ സ്ഥലത്ത് ഒരു ഇസ്ലാമിക കെട്ടിടം ബലംപ്രയോഗിച്ച് നിര്‍മ്മിക്കുകയാണ് അക്രമികള്‍ ചെയ്തത്. ഹിന്ദുധര്‍മ്മത്തിന്റെ മേല്‍ ഇസ്ലാമിന്റെ വിജയത്തിന്റെയും ഇസ്ലാമിക ശക്തിയുടെ മുന്നില്‍ ഹിന്ദുസ്ഥാന്‍ കീഴടങ്ങിയതിന്റെയും പ്രതീകമായിട്ടാണ് ബാബര്‍ ഈ കെട്ടിടം നിര്‍മ്മിച്ചത്. ഒരു പള്ളിക്ക് അനിവാര്യമായി ഉണ്ടാകേണ്ട മിനാരങ്ങളോ (പ്രാര്‍ത്ഥനയ്ക്കുവേണ്ടി വാങ്ക് വിളിക്കുന്ന സ്ഥലം) ‘വുളു’ (ശുചിയാക്കല്‍) ചെയ്യുന്നതിനുള്ള കുളമോ അവിടെ ഉണ്ടായിരുന്നില്ല.
എങ്കിലും ഹിന്ദുക്കള്‍ അവരുടെ പുണ്യസ്ഥാനത്ത് ‘അപമാനത്തിന്റേതായ ഒരു കെട്ടിടം’ അനുവദിക്കാന്‍ ഒരിക്കലും തയ്യാറായിരുന്നില്ല. ഈ ‘അടിമത്ത പ്രതീകം’ ഇല്ലാതാക്കാന്‍ അവര്‍ പല തവണ ശ്രമിച്ചു. രാമജന്മഭൂമി വീണ്ടെടുക്കാനും രാമക്ഷേത്രം പുനര്‍ നിര്‍മ്മിക്കാനുമായി 1528നും 1949നും ഇടയില്‍ ഹിന്ദുക്കള്‍ക്ക് 76 യുദ്ധങ്ങള്‍ അഥവാ സംഘര്‍ഷങ്ങള്‍ നടത്തേണ്ടിവന്നു. ഈ യുദ്ധങ്ങളില്‍ ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ക്ക് അവരുടെ ജീവന്‍ വെടിയേണ്ടിവന്നു. 10-ാമത്തെ സിക്ക് ഗുരുവായ ഗുരു ഗോവിന്ദ സിംഹന്‍, മഹാറാണി രാജ്കന്‍വര്‍ തുടങ്ങി നിരവധി യോദ്ധാക്കളും ഈ പുണ്യസ്ഥലം തിരിച്ചുപിടിക്കാന്‍ പോരാടി.
1949 ഡിസംബര്‍ 22ന് അര്‍ദ്ധരാത്രിയില്‍ കെട്ടിടത്തിന്റെ പ്രധാന മകുടത്തിന് താഴെയുള്ള ജന്മസ്ഥാനത്ത് ശ്രീരാമ ലാലയുടെ (ബാലാവസ്ഥയിലുള്ള രാമന്‍) വിഗ്രഹം പ്രത്യക്ഷപ്പെട്ടു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഭാരതപ്രധാനമന്ത്രിയും പണ്ഡിറ്റ് ഗോവിന്ദ വല്ലഭ പന്ത് ഉത്തരപ്രദേശ് മുഖ്യമന്ത്രിയും കേരളത്തില്‍ നിന്നുള്ള കെ.കെ. നായര്‍ ഫൈസാബാദ് ജില്ലാ മജിസ്‌ട്രേറ്റുമായിരുന്നു. ക്രമസമാധാനം പാലിക്കുന്നതിന് മജിസ്‌ട്രേറ്റ് ഇന്ത്യന്‍ശിക്ഷാനിയമം 145 പ്രകാരം കെട്ടിടം ഏറ്റെടുക്കുകയും പ്രിയ ദത്ത് രാമിനെ റിസീവറായി നിയമിക്കുകയും ചെയ്തു. ഗെയ്റ്റുകള്‍ പൂട്ടുകയും പൂജകള്‍ നിര്‍വ്വഹിക്കുന്നതിന് ദിവസത്തില്‍ രണ്ടു പ്രാവശ്യം മാത്രം പൂജാരിയെ അകത്തു പോവാന്‍ അനുവദിക്കുകയും ചെയ്തു. പൂട്ടിയ ഗെയ്റ്റിനു പുറത്തു മാത്രമാണ് ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നത്. പ്രദേശവാസികളായ ഭക്തരും സന്യാസിമാരും ദിവസങ്ങളോളം രാപ്പകല്‍ ഭേദമെന്യേ ‘ശ്രീരാമ ജയരാമ ജയ ജയരാമ’ ചൊല്ലിക്കൊണ്ട് പൂട്ടിയ ഗെയ്റ്റിനു മുന്നില്‍ അഖണ്ഡ നാമസങ്കീര്‍ത്തനം നടത്തി.
1950 ജനുവരിയില്‍ ഗോണ്ടാ നിവാസിയായ ഗോപാല്‍ സിംഗ് വിശാരദ് ദര്‍ശനത്തിനും പൂജയ്ക്കുമുള്ള തന്റെ അവകാശത്തിന് അപേക്ഷിച്ചുകൊണ്ട് കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്തു. ജന്മസ്ഥാനം പരിപാലിക്കുന്നതിന് ഭരണകൂടം ഒരു റിസീവറെ നിയമിച്ചു. സര്‍ക്കാര്‍ നിയമിച്ച റിസീവറെ നീക്കം ചെയ്ത് പരിപാലനച്ചുമതല തങ്ങളെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിര്‍മോഹി അഖാഡ 1959ല്‍ ഫൈസാബാദ് കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്തു. മൂന്നു മകുടങ്ങളുള്ള കെട്ടിടത്തെ ഒരു പൊതു പള്ളിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉത്തര്‍പ്രദേശ് സുന്നി മുസ്ലീം വഖഫ് ബോര്‍ഡും 1961 ഡിസംബര്‍ 18ന് ഒരു കേസ് ഫയല്‍ ചെയ്തു. ഭഗവാന്‍ രാംലാല വിരാജ്മാനും രാമജന്മഭൂമി സ്ഥലത്തിനും വേണ്ടി കേസില്‍ കക്ഷിചേര്‍ന്നുകൊണ്ട് 1989 ജൂലായില്‍ ദേവകി നന്ദന്‍ അഗര്‍വാളും ഒരു കേസ് ഫയല്‍ ചെയ്തു. ഈ നാല് ഹരജികളും ഒന്നിച്ചുകേള്‍ക്കുന്നതിനുവേണ്ടി അലഹബാദ് ഹൈക്കോടതിയിലുടെ ലഖ്‌നോ ബഞ്ചിലേക്ക് കീഴ്‌ക്കോടതിയില്‍ നിന്നു മാറ്റി.
അതിനിടെ 1983 മാര്‍ച്ചില്‍ യു.പിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ ദാവു ദയാല്‍ ഖന്ന ഒരു ഹിന്ദു സമ്മേളനത്തില്‍ വെച്ച് അയോദ്ധ്യ, മഥുര, കാശി എന്നീ പുണ്യസ്ഥാനങ്ങള്‍ വീണ്ടെടുക്കാന്‍ ഹിന്ദുക്കളോട് ശക്തിയായി ആഹ്വാനം ചെയ്തു. പ്രധാനമന്ത്രിമാരായിരുന്ന നെഹ്‌റുവിന്റെയും ശാസ്ത്രിയുടെയും നിര്യാണത്തിനുശേഷം രണ്ടുതവണയും ഭാരതത്തിന്റെ ഇടക്കാല പ്രധാനമന്ത്രിയായിരുന്ന ഗുല്‍സാരിലാല്‍ നന്ദയും വേദിയില്‍ ഉണ്ടായിരുന്നു. 1984 ഏപ്രില്‍ 7,8 തീയതികളില്‍ ന്യൂദല്‍ഹിയില്‍ നടന്ന ഭാരതത്തിലെ സാധുക്കള്‍, സന്യാസിമാര്‍, ശങ്കരാചാര്യന്മാര്‍, സന്തുക്കള്‍, ധര്‍മ്മാചാര്യന്മാര്‍ എന്നിവരുടെ ഒന്നാമത്തെ ‘ധര്‍മ്മ സംസദ്’ അയോദ്ധ്യാ പ്രശ്‌നത്തില്‍ ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്താന്‍ തീരുമാനിച്ചു. ജന്മഭൂമിസ്ഥാന്‍ തുറന്നുകിട്ടുന്നതിന് ഒരു ബഹുജന പ്രസ്ഥാനമുണ്ടാക്കാന്‍ ധാര്‍മ്മികാചാര്യന്മാര്‍ വിശ്വഹിന്ദു പരിഷത്തിനോട് ആവശ്യപ്പെട്ടു. അതനുസരിച്ച് വിഎച്ച്പി 1984 ഒക്‌ടോബറില്‍ സീതാമര്‍ഹിയില്‍ നിന്ന് അയോദ്ധ്യ, ലഖ്‌നോ, വഴി ദില്ലിയില്‍ അവസാനിക്കുന്ന ഒരു ‘രാമ ജാനകീ രഥയാത്ര’ യ്ക്ക് തുടക്കം കുറിച്ചു. യാത്രയ്ക്ക് വമ്പിച്ച ജനപിന്തുണ ലഭിക്കുകയും ഇതിന്റെ ഫലമായി ഫൈസാബാദ് ജില്ലാ ജഡ്ജി 1986 ഫെബ്രുവരി 1-ന് രാമജന്മഭൂമിയിലെ കെട്ടിടത്തിന്റെ പൂട്ടുതുറക്കാന്‍ ഉത്തരവിടുകയും ചെയ്തു. പരേതനായ രാജീവ് ഗാന്ധിയായിരുന്നു ആ സമയത്ത് പ്രധാനമന്ത്രി.
പ്രയാഗ് രാജിലെ പാവനമായ ത്രിവേണി സംഗമത്തിന്റെ കരയില്‍, കുംഭമേളയോടനുബന്ധിച്ച് 1989 ജനുവരിയില്‍ നടന്ന ധര്‍മ്മസംസദ് രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും ‘രാമശിലാ പൂജ’ നടത്താന്‍ തീരുമാനിച്ചു. ആദ്യത്തെ ശിലാപൂജ നടന്നത് ബദരീനാഥിലാണ്. 1989 ഒക്‌ടോബര്‍ ആകുമ്പോഴേക്കും അത്തരത്തിലുള്ള 2,75,000 പൂജിച്ച രാമശിലകള്‍ ഭാരതത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി അയോദ്ധ്യയിലെത്തി. ഈ പരിപാടിയില്‍ ഏകദേശം 6 കോടി ജനങ്ങള്‍ പങ്കെടുത്തതായി കണക്കാക്കപ്പെടുന്നു. ഭാരതത്തിന്റെ മുഴുവന്‍ ഭാഗങ്ങളില്‍ നിന്നുമുള്ള സന്യാസിമാരുടെ സാന്നിദ്ധ്യത്തില്‍ ബീഹാറില്‍ നിന്നുള്ള പട്ടികജാതി സമുദായാംഗമായ കാമേശ്വര്‍ ചൗപാല്‍ 1989 നവംബര്‍ 9ന് ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തി. 1990 ഒക്‌ടോബര്‍ 30-ന് ദേവോത്ഥാന ഏകാദശി ദിവസം ക്ഷേത്ര നിര്‍മ്മാണത്തിനുള്ള ‘കര്‍സേവ’ ആരംഭിക്കാന്‍ 1990 ജൂണ്‍ 24-ന് ഭാരതത്തിലെ സന്യാസിമാര്‍ ഹിന്ദുക്കളെ ആഹ്വാനം ചെയ്തു. അതിനിടെ അയോദ്ധ്യയില്‍ നിന്നാരംഭിച്ച ‘രാമജ്യോതി’ ഭാരതത്തിലെങ്ങുമുള്ള ഹിന്ദുഭവനങ്ങളില്‍ എത്തുകയും ഓരോ ഹിന്ദുകുടുംബവും ആവേശപൂര്‍വ്വം ഇതിനെ സ്വീകരിക്കുകയും ഈ ജ്യോതിയുമായി ദീപാവലി ആഘോഷിക്കുകയും ചെയ്തു.
(തുടരും)
വിവ: സി.എം.രാമചന്ദ്രന്‍