സ്വതന്ത്ര ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് അതിര്‍ത്തിതര്‍ക്കം. പ്രധാനമായും പാകിസ്ഥാനും ചൈനയുമായാണ് നമുക്ക് അതിര്‍ത്തിതര്‍ക്കം രൂക്ഷമായി നിലനില്‍ക്കുന്നത്. ഇപ്പോള്‍ നേപ്പാളും ചൈനയുടെ പിന്തുണയോടെ അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
ഇന്ത്യയും ചൈനയും തമ്മില്‍ 1962ല്‍ നടന്ന അതിര്‍ത്തിതര്‍ക്കത്തെ തുടര്‍ന്നുണ്ടായ യുദ്ധമാണ് ഇന്ത്യയും ചൈനയുമായുള്ള ആദ്യത്തെ യുദ്ധം. ഹിമാലയന്‍ അതിര്‍ത്തിതര്‍ക്കമാണ് ഈ യുദ്ധത്തിന് പ്രധാന കാരണമായി കണക്കാക്കുന്നത്.
1962 ഒക്ടോബര്‍ 20- ന് തുടങ്ങിയ യുദ്ധം നവംബര്‍ 21ന് ചൈന വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടുകൂടിയാണ് അവസാനിച്ചത്. അതിനോടൊപ്പം ചൈന തര്‍ക്കപ്രദേശത്ത് നിന്ന് പിന്മാറിയെങ്കിലും അതിന്മേലുള്ള അവകാശവാദത്തില്‍ നിന്നും പിന്നോട്ടു പോയിട്ടില്ല.
62ന് മുന്നേതന്നെ അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന വി കെ. കൃഷ്ണമേനോന്‍ ഹിമാലയന്‍ മേഖലകളില്‍ ചൈനയെ പ്രതിരോധിക്കുവാന്‍ ആര്‍ട്ടിലറിവേണമെന്ന് പറഞ്ഞിരുന്നു. (ഇക്കാര്യം അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ ടി ജെ എസ്. ജോര്‍ജ് എഴുതിയിട്ടുണ്ട്. കൂടാതെ പാര്‍ലിമെന്റ് രേഖകളിലും കാണാം) എന്നാല്‍ നെഹ്റു വി കെ കൃഷ്ണമേനോന്റെ റിപ്പോര്‍ട്ട് നിരാകരിക്കുകയായിരുന്നു. 62-ലെ യുദ്ധത്തില്‍ ഇന്ത്യയോട് ചൈന സമ്പൂര്‍ണ വിജയം നേടിയെങ്കിലും 67-ലെ യുദ്ധത്തില്‍ സാങ്കേതിക വിജയം ഇന്ത്യക്ക് അനുകൂലമായിരുന്നുയെന്ന് പറയാം. 67-ലെ അനുഭവത്തിനുശേഷം നേര്‍ക്കുനേരെയുള്ള യുദ്ധത്തില്‍ നിന്നും ചൈനയെ പിന്തിരിപ്പിക്കാനുള്ള പ്രധാനകാരണം അവരുടെ സാമ്പത്തികവും വാണിജ്യപരവുമായ താല്പര്യങ്ങളാണെന്ന് വ്യക്തം. പിന്നീടുള്ള ചൈനയുടെ നീക്കം വളരെ കരുതലോടെയായിരുന്നു. ഇന്ത്യയുടെ വളര്‍ച്ച തടയുന്നതിന് വേണ്ടി ഏത് വഴിയും സ്വീകരിക്കാമെന്നതായിരുന്നു അവരുടെ നയം. അതിന് അവര്‍ കണ്ടെത്തിയ ഒരു കുറുക്കുവഴിയാണ് പാകിസ്ഥാന്‍. പാകിസ്ഥാനെകൊണ്ട് അതിര്‍ത്തിയില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കി കൊണ്ടിരിക്കുക. ഇന്ത്യയില്‍ ദുര്‍ബലമായ ഗവണ്മെന്റുകളെ അവരോധിക്കുക. ഇന്ത്യയില്‍ നിരന്തരം ആഭ്യന്തരപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുക. ഇന്ത്യവിരുദ്ധ ശക്തികള്‍ക്ക് പലവഴികളില്‍ ഫണ്ട് ഒഴുക്കികൊണ്ടിരിക്കുക അങ്ങനെ പലമാര്‍ഗങ്ങളിലൂടെ ഇന്ത്യക്കെതിരെ അവര്‍ ഒളിയമ്പുകള്‍ എയ്തുകൊണ്ടിരിക്കുകയാണ് കാലാകാലങ്ങളിലായി.
ചൈനയിലോ പാകിസ്ഥാനിലോ ഇന്ത്യ അനുകൂല ഗ്രുപ്പുകളില്ല, എന്നാല്‍ ഇന്ത്യയില്‍ ചൈനയെയും പാകിസ്ഥാനെയും അനുകൂലിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ പോലും പ്രവൃത്തിക്കുന്നുണ്ട് എന്നത് വിരോധഭാസമാണ്. 60-62 കാലഘട്ടത്തില്‍ ചൈന നിര്‍ദേശിച്ച നിയന്ത്രണരേഖ ഇന്ത്യ അംഗീകരികാത്തതുമുതല്‍ ഇന്ത്യക്കെതിരെ സൈനികനീക്കത്തിനൊരുങ്ങുകയായിരുന്നു ചൈന. 62-ഏപ്രില്‍ മുതല്‍ തന്നെ ചൈന അതിര്‍ത്തിയില്‍ ഫോര്‍വേഡ് പെട്രോളിംഗ് ആരംഭിച്ചിരുന്നു. 3225 കിലോമീറ്റര്‍ വരുന്ന ഹിമാലയന്‍ അതിര്‍ത്തിയില്‍ ലഡാക്കിനും മക്മഹന്‍ ലൈനിലും കുറുകെ തര്‍ക്കപ്രദേശമായി നിലനില്‍ക്കുകയായിരുന്ന ഇടങ്ങള്‍ ചൈനീസ് പട്ടാള നിരീക്ഷണത്തിലായിരുന്നു.
ബ്രിട്ടീഷ് അഡ്മിനിസ്റ്റര്‍ ഹെന്‍ട്രി മാക്മഹന്‍ 1914-ല്‍ ബ്രീട്ടീഷ്-ടിബറ്റ് പ്രധിനിധികളുമായി സിംല കരാറില്‍ നിര്‍ദ്ദേശിച്ച ടിബറ്റും ഇന്ത്യയുടെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളും തമ്മിലുള്ള അതിര്‍ത്തി രേഖയാണ് മാക്മഹന്‍ ലൈന്‍. മാക്മഹന്‍ രേഖയെയാണ് ഇന്ത്യ അതിര്‍ത്തിയായി അംഗീകരിക്കുന്നത്. എന്നാല്‍ സിംലാ കരാറും മാക്മഹന്‍ ലൈനുമൊന്നും ചൈന ഇതുവരെ അംഗീകരിച്ചിട്ടില്ല എന്നിടത്താണ് ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം തുടങ്ങുന്നത്.
62ലെ യുദ്ധത്തില്‍ ലഡാക്ക് ആക്രമിച്ച് ഇന്ത്യന്‍ പ്രദേശമായ അക്‌സായിചിന്‍ പിടിച്ചെടുത്ത ചൈന പാക് അധീന കശ്മീര്‍ പോലെ അക്‌സായിചിന്‍ അനധികൃതമായി കൈവശം വച്ചിരിക്കുകയാണ്.
67-ഓഗസ്റ്റില്‍ ഇന്ത്യന്‍ സംരക്ഷണത്തിലുള്ള സിക്കിമില്‍ ചൈന ബങ്കറുകളും മറ്റും സ്ഥാപിക്കാന്‍ തുടങ്ങുകയും ഇന്ത്യയുടെ റോഡ് നിര്‍മ്മാണവുമായെത്തിയ ജോലിക്കാരെ തടസ്സപ്പെടുത്തുകയും പലകുറി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയുമുണ്ടായി. ഇന്ത്യയുടെ സൈന്യവും ഒട്ടും വിട്ടുകൊടുത്തില്ല. ഒടുവില്‍ നാഥു ലായുടെ വടക്കന്‍ ഭാഗത്ത് അതിര്‍ത്തി നിര്‍ണ്ണയിക്കാന്‍ കമ്പിവേലി കെട്ടാന്‍ ഇന്ത്യന്‍ സൈന്യം തീരുമാനിക്കുകയായിരുന്നു. ഇതില്‍ നിന്നും ഇന്ത്യയെ പിന്തിരിപ്പിക്കാന്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന ശ്രമിച്ചെങ്കിലും ഇന്ത്യ പ്രസ്തുത നീക്കവുമായി മുന്നോട്ട് പോവുകതന്നെ ചെയ്തു. അതില്‍ അമര്‍ഷം കൊണ്ട ചൈനീസ് പട്ടാളം ആയുധങ്ങളുമായി നിലയുറപ്പിച്ചു. അപ്പോഴേക്കും ഇന്ത്യന്‍ പട്ടാളക്കാര്‍ കമ്പിവേലി കെട്ടല്‍ പൂര്‍ത്തിയാക്കിയിരുന്നു.
ഇതേത്തുടര്‍ന്ന് സംഘര്‍ഷങ്ങളും ഉന്തും തള്ളും ഒക്കെ ഉണ്ടായി. ഇരുവശത്തുമുള്ള പട്ടാളക്കാര്‍ക്ക് പരിക്ക് പറ്റിയെങ്കിലും ചൈനക്കാരില്‍ ചിലര്‍ക്ക് ഉണ്ടായ പരിക്കുകള്‍ ഗുരുതരമായിരുന്നു. ഇതേത്തുടര്‍ന്ന്, അതിര്‍ത്തി കടന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഇന്ത്യന്‍ സൈന്യം ശ്രമിക്കുന്നുവെന്ന വാര്‍ത്ത ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ പീപ്പിള്‍സ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു. വടക്കും തെക്കും കെട്ടിയത് പോലെ ചുരത്തിന്റെ മധ്യഭാഗത്തും കമ്പിവേലി കെട്ടാന്‍ ഇന്ത്യന്‍ സൈന്യം തീരുമാനിച്ചു.
അപ്പോഴും ചൈനീസ് ഭരണകൂടത്തിന്റെ പ്രതിനിധികള്‍ സൈന്യസമേതം ചുരത്തിന്റെ മധ്യത്തിലെത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി. ചെറിയ തോതില്‍ ഏറ്റുമുട്ടലുണ്ടായെങ്കിലും ഇന്ത്യന്‍ സൈന്യം അവിടെയും പിന്മാറാന്‍ തയ്യാറായില്ല.
ഇന്ത്യന്‍ സേന ദൗത്യം തുടരവേ ചൈനീസ് സൈനികര്‍ ഇന്ത്യന്‍ സൈനികര്‍ക്കുനേരെ കടന്നാക്രമണം നടത്തുകയും അനേകം ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തുകയുമുണ്ടായി. വൈകാതെതന്നെ ചൈനീസ് പട്ടാളത്തിന്റെ ആര്‍ട്ടിലറി ഫയറിങ്ങിനെതിരെ ഇന്ത്യന്‍ സൈനികരും ശക്തമായി തിരിച്ചടികൊടുത്തു. മൂന്നു ദിവസം കൊണ്ടുതന്നെ ഇന്ത്യന്‍ പട്ടാളം നാഥു ലാ ചുരത്തില്‍ നിന്നും ചൈനീസ് പട്ടാളത്തെ തുരത്തിയോടിച്ചു. ഇങ്ങനെ ചരിത്രത്തിലുടനീളം ചൈന അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിന്നു.
ഇന്ത്യയുടെ സംയമനം കൊണ്ടുമാത്രമാണ് പലപ്പോഴും യുദ്ധങ്ങള്‍ ഒഴിവായി പോകുന്നത്.
ലഡാക്കിലെ ഇന്ത്യന്‍ പ്രദേശങ്ങളിലേക്കുള്ള ചൈനയുടെ കടന്നുകയറ്റമാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിനുള്ള കാരണം. അന്താരാഷ്ട്ര തലത്തില്‍ വളര്‍ന്നുവരുന്ന ഇന്ത്യയുടെ പ്രതിച്ഛായയും ആധിപത്യവും അസ്ഥിരപ്പെടുത്താനാണിത്. അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങള്‍ ഇന്ത്യയോട് അടുക്കുന്നതും എഴുപതോളം രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ചൈനയുടെ സില്‍ക്ക്‌റൂട്ട് പദ്ധതിക്ക് ഇന്ത്യ ലഡാക്കില്‍ തടസ്സമാകുന്നതും നാളിതുവരെയില്ലാത്ത രീതിയില്‍ വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ ഇന്ത്യ റോഡുകളും ബങ്കറുകളും പാലങ്ങളും നിര്‍മ്മിക്കുന്നതും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കിയതുമുള്‍പ്പെടെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഇന്ത്യയുടെ നീക്കം ഭാവിയില്‍ ചൈനക്ക് ഭീഷണിയാകുമെന്നുള്ളത് കൊണ്ടും ചൈനീസ് വൈറസായ കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അമേരിക്ക, ഇസ്രായേല്‍, ജപ്പാന്‍ പോലുള്ള രാജ്യങ്ങള്‍ ചൈനയിലെ നിക്ഷേപങ്ങള്‍ പിന്‍വലിച്ച് ഇന്ത്യയിലേക്ക് കൂറുമാറാനുള്ള സാധ്യത കൂടി മുന്നില്‍ കണ്ടുകൊണ്ടാണ് ഇന്ത്യക്കെതിരെ യാതൊരു പ്രകോപനവുമില്ലാതെ അവര്‍ കടന്നാക്രമിച്ചിരിക്കുന്നത്.
അതുകൊണ്ടുതന്നെ ഇന്ത്യയും ചൈനയും തമ്മില്‍ ഒരു സമ്പൂര്‍ണയുദ്ധമുണ്ടാകുമോ എന്നതാണ് ലോകം ആശങ്കയോടെ ഉറ്റുനോക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ അങ്ങനെയൊരു സാധ്യത കുറവാണെങ്കിലും. ഫാസിസ്റ്റ് ഏകാധിപത്യരാജ്യമായ ചൈനയെ വിശ്വസിക്കാന്‍ പറ്റില്ല. ഫാസിസ്റ്റുകളുടെ ഒരു പൊതുസ്വഭാവമാണ് അവരുടെ അധികാരത്തിന്റെ വിസ്തൃതി കൂട്ടികൊണ്ടിരിക്കുക എന്നത്. ഹിറ്റ്‌ലറും സ്റ്റാലിനുമൊക്കെ ചെയ്തു കൊണ്ടിരുന്നതും ഇത് തന്നെയായിരുന്നു.
വരുന്ന അമ്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ വിവിധരാജ്യങ്ങള്‍ക്കെരെ ആറ് യുദ്ധങ്ങളാണ് ചൈനപ്ലാന്‍ ചെയ്യുന്നതെന്ന് ചൈനീസ് ഗവണ്മെന്റ് അനുകൂലപത്രമായ ഹോങ്കോങ്ങില്‍നിന്നും പ്രസിദ്ധികരിക്കുന്ന wen wei po എന്നപത്രം 2013 ജൂലൈ 8 ന് പ്രസിദ്ധീകരിക്കുകയുണ്ടായി. ഇന്ത്യ, റഷ്യ, ജപ്പാന്‍, തായ്വാന്‍ തുടങ്ങിയ രാജ്യങ്ങളാണ് ചൈനയുടെ ഹിറ്റ്‌ലിസ്റ്റിലുള്ളത്. ലഡാക്ക്, അരുണാചല്‍ പ്രദേശ്, സിക്കിം, ആസാം എന്നീ ഇന്ത്യന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുകയും ജമ്മു കശ്മീര്‍ പിടിച്ചെടുക്കാന്‍ പാകിസ്ഥാനെ സഹായിക്കുകയും ചെയ്യുക എന്നതും പ്രധാനലക്ഷ്യമായി പ്രസ്തുത റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവിലെ ചട്ടങ്ങളിലെ മാറ്റത്തെക്കുറിച്ച് ചൈനക്കാരെ അറിയിച്ചിട്ടുണ്ടെന്നും ഏത് അക്രമത്തിനും ഇന്ത്യ ശക്തമായി പ്രതികരിക്കുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിക്കുന്നു. നേരത്തെ, 1996 ലെ ഇന്ത്യ-ചൈന കരാര്‍ പ്രകാരം കരസേനയും ഐടിബിപി ജവാനും പട്രോളിംഗിനിടെ ലോഡ് ചെയ്ത തോക്കുകള്‍ വഹിച്ചിരുന്നില്ല, ഇനി ചൈനീസ് സൈനികരുടെ ഏത് ആക്രമണത്തിനും തക്കസമയത്ത് തന്നെ ഇന്ത്യന്‍ കമാന്‍ഡര്‍മാര്‍ക്ക് ഏത് ആയുധവും ഉപയോഗിച്ച് തിരിച്ചടിക്കാം.
ലഡാക്കിലെ സ്ഥിതി സംഘര്‍ഷാവസ്ഥയില്‍ തുടരുന്നതിനാല്‍ വ്യോമസേനയും നാവികസേനാ മേധാവികളും എല്‍ എ സി (Line of Actual Control)യിലെ സ്ഥിതി അവലോകനം ചെയ്തുവരുകയാണ്. തങ്ങളുടെ നിലപാട് കര്‍ശനമാക്കിയ ഇന്ത്യ സായുധ സേനയെ എല്‍ എ സിയില്‍ വിന്യസിച്ചതയും സൈനികവൃത്തങ്ങള്‍ പറയുന്നു. കര അതിര്‍ത്തി, വ്യോമാതിര്‍ത്തി, തന്ത്രപ്രധാനമായ കടല്‍പ്പാതകള്‍ എന്നിവിടങ്ങളിലെ എല്ലാ ചൈനീസ് പ്രവര്‍ത്തനങ്ങളിലും ഇന്ത്യകര്‍ശന ജാഗ്രത പാലിച്ചുവരികയാണ്. ശത്രുരാജ്യത്തോടുള്ളയുദ്ധം പലമേഖലകളിലാണ് നാം ചെയ്യേണ്ടത് അതിലൊന്ന് വ്യവസായമാണ്. അതിര്‍ത്തിയില്‍ നമ്മുടെ പട്ടാളക്കാര്‍ക്ക് നമ്മള്‍ പിന്തുണ കൊടുക്കുമ്പോള്‍ അവനെ വെടിവെച്ചുകൊല്ലാനുപയോഗിക്കുന്ന വെടിയുണ്ടകള്‍ ചൈനീസ് സാധനം വാങ്ങാന്‍ നമ്മള്‍ നല്‍കുന്ന പണംകൊണ്ടാണെന്നബോധം നമുക്കുണ്ടാവണം.അതുകൊണ്ടുതന്നെ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക എന്നത് രാജ്യസ്‌നേഹമുള്ള ഓരോ ഭാരതീയന്റെയും കടമയായികരുതണം.