കര്‍ണ്ണാവതി എന്ന അഹമ്മദാബാദ് നഗരത്തിന് രണ്ടു മുഖങ്ങള്‍ ഉണ്ട്. പുതിയ അഹമ്മദാബാദ് എന്നും പഴയ അഹമ്മദാബാദ് എന്നും കൃത്യമായ വേര്‍തിരിവ് നഗരനിര്‍മ്മിതിയില്‍ നമുക്ക് അനുഭവവേദ്യമാകും. പുരാതന അഹമ്മദാബാദിലെ ജൈനമന്ദിരം വാസ്തുകലയുടെ ഉജ്ജ്വല മാതൃകയാണ്. ഛത്തിസിംഗ് കേസരിസിംഗ് എന്ന ധനികനായ ജൈനവ്യാപാരിയാണ് ഈ ക്ഷേത്രസമുച്ചയം നിര്‍മ്മിച്ചത്. തന്റെ 49-ാമത്തെ വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞ അദ്ദേഹത്തിന്റെ സ്മാരകമായി ഭാര്യ ഷേത്താനി ഹര്‍ കുണ്‍വര്‍ ആണ് ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. അഞ്ചാമത് ജൈനതീര്‍ത്ഥങ്കരന്‍ ധര്‍മ്മാനന്ദയ്ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം നിര്‍മ്മിക്കുവാന്‍ എട്ട് ലക്ഷം രൂപ ചെലവായി എന്നാണ് രേഖകളില്‍ നിന്ന് മനസ്സിലാവുന്നത്. പ്രേംചന്ദ് സലാത്ത് എന്ന ശില്പി കരിങ്കല്ലില്‍ രണ്ടു നിലകളിലായി പടുത്തുയര്‍ത്തിയ ഈ ക്ഷേത്രം 12 തൂണുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന മനോഹരമായ ഒരു വാസ്തുകലയാണ്. ഏതാണ്ട് രണ്ടുവര്‍ഷം കൊണ്ടാണ് ഇതിന്റെ പണി പൂര്‍ത്തിയാക്കിയത്. ക്ഷേത്രത്തിന്റെ മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ആകാശം മുട്ടുന്ന കീര്‍ത്തി സ്തംഭം കരിങ്കല്‍ നിര്‍മ്മിതിയിലെ മറ്റൊരു മഹാത്ഭുതമാണ്. കീര്‍ത്തി സ്തംഭത്തിന്റെ താഴത്തെ നിലയില്‍ വര്‍ദ്ധമാനമഹാവീരന്റെ പത്മാസന ബന്ധിതമായ മാര്‍ബിള്‍ ശില്പം പ്രതിഷ്ഠിച്ചിരിക്കുന്നു. നിരവധി തീര്‍ത്ഥങ്കരന്മാരുടെ വിഗ്രഹങ്ങള്‍ ക്ഷേത്രത്തിനുള്ളില്‍ മുഖ്യ ശ്രീകോവിലിന് ചുറ്റുമായി പ്രതിഷ്ഠിച്ചിരിക്കുന്നത് കാണാന്‍ കഴിയും. ഉച്ച കഴിഞ്ഞതോടെ ഞങ്ങള്‍ ആധുനിക ക്ഷേത്രനിര്‍മ്മിതിയുടെ മറ്റൊരു അത്ഭുതമായ അക്ഷര്‍ധാം കാണാനായി പുറപ്പെട്ടു.
പ്രശാന്തിയുടെ ധാമം
അറേബ്യന്‍ മരുഭൂമിയില്‍ നിന്നും പ്രാകൃത ഗോത്രവര്‍ഗ്ഗങ്ങള്‍ നടത്തിയ പടയോട്ടങ്ങളില്‍ ഉത്തര ഭാരതത്തിലെ ഒട്ടെല്ലാ ഹിന്ദുക്ഷേത്രങ്ങളും തകര്‍ന്നു നിലംപരിശായി. കാശിയും മഥുരയും അയോദ്ധ്യയും എല്ലാം തകര്‍ക്കപ്പെട്ട ക്ഷേത്രനഗരങ്ങളുടെ അവശിഷ്ടങ്ങളായി തുടര്‍ന്നപ്പോള്‍ ഉയര്‍ത്തെഴുന്നേറ്റ ആധുനിക ഹിന്ദുത്വം അംബരചുംബികളായ പുതിയ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. രാജ്യത്ത് അങ്ങോളമിങ്ങോളം ഉണ്ടായ അത്തരം ആധുനിക ക്ഷേത്രങ്ങളില്‍ എന്തുകൊണ്ടും മാതൃകാപരമാണ് അക്ഷര്‍ധാം ക്ഷേത്ര സമുച്ചയങ്ങള്‍. എ.ഡി. 1781 മുതല്‍ 1883 വരെ ജീവിച്ച ഭഗവാന്‍ സ്വാമി നാരായണന്റെ ശിഷ്യപരമ്പരയാണ് അക്ഷര്‍ധാം ക്ഷേത്രങ്ങളുടെ പിന്നിലെ പ്രേരണാ ശക്തി. ഗുജറാത്ത് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വാമിനാരായണ പ്രസ്ഥാനം ലോകത്തിലെ തന്നെ സമ്പന്ന ആദ്ധ്യാത്മിക സംഘടനകളില്‍ ഒന്നാണ്. 1992 ഒക്‌ടോബര്‍ മുപ്പതിനാണ് കര്‍ണ്ണാവതിയിലെ അക്ഷര്‍ധാം ക്ഷേത്രം രാജ്യത്തിന് സമര്‍പ്പിച്ചത്. നഗര ഹൃദയത്തില്‍ നിന്നും 30 കിലോമീറ്റര്‍ ദൂരെ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം നിര്‍മ്മിക്കുവാന്‍ 6000 മെട്രിക് ടണ്‍ പിങ്ക് സാന്റ് സ്റ്റോണ്‍ ഉപയോഗിച്ചിട്ടുണ്ട്. 108 അടി ഉയരമുള്ള മന്ദിരത്തിന്റെ ഉള്ളില്‍ 7 അടി ഉയരമുള്ള ധ്യാന നിമഗ്നനായ സ്വാമി നാരായണന്റെ വിഗ്രഹം പ്രശാന്തിയുടെ പരിവേഷം വഴിഞ്ഞൊഴുകുന്ന ഒന്നാണ്. ഏഴ് പടുകൂറ്റന്‍ തൂണുകളും 210 മാര്‍ബിള്‍ ബീമുകളും താങ്ങിനിര്‍ത്തുന്ന ഈ മഹാക്ഷേത്രത്തിന്റെ നിര്‍മ്മിതിയില്‍ ഇരുമ്പ് ഉപയോഗിച്ചിട്ടേയില്ല എന്ന സംഗതിയുണ്ട്. കവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന സ്വാമിനാരായണന്റെ പാദമുദ്രയില്‍ നമസ്‌ക്കരിച്ച് പോവുന്ന ഭക്തജനങ്ങളെ ഹരിമണ്ഡപത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന സ്വര്‍ണ്ണം പൂശിയ സ്വാമിനാരായണ വിഗ്രഹമാണ് വരവേല്‍ക്കുന്നത്. ഹൈന്ദവ ധര്‍മ്മബോധനം ലക്ഷ്യമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തില്‍ അഞ്ച് എക്‌സിബിഷന്‍ ഹാളുകള്‍ ഉണ്ട്. സ്വാമി നാരായണന്റെ ജീവിതം പ്രമേയമാക്കിയ മനോഹരമായ സിനിമ 70 എം.എം സ്‌ക്രീനില്‍ നമുക്ക് കാണാനാവും.
ഇതിനുള്ളില്‍ സജ്ജമാക്കിയിരിക്കുന്ന കൃത്രിമ നദിയിലൂടെയുള്ള ബോട്ടുയാത്രയില്‍ ഇരുകരകളിലുമായി പുരാതന ഹൈന്ദവ നാഗരികതയെ ശില്പവല്‍ക്കരിച്ച് വച്ചിരിക്കുന്നത് അത്ഭുദാദരങ്ങളോടെയേ കാണാന്‍ കഴിയൂ. ആംഫി തിയേറ്ററുകളിലൂടെ സനാതന ധര്‍മ്മ സംസ്‌കൃതിയെ സന്ദര്‍ശകരിലേക്ക് എത്തിക്കുവാനുള്ള സംവിധാനം ഈ ക്ഷേത്ര സമുച്ചയത്തിന്റെ പ്രത്യേകതയാണ്. രാവിലെ 9.30ന് തുറക്കുന്ന ക്ഷേത്രം വൈകീട്ട് 7.30 വരെ ഭക്തജനങ്ങളെ പ്രവേശിപ്പിക്കും. രാത്രി നടക്കുന്ന സച്ചിതാനന്ദ വാട്ടര്‍ ഷോ സന്ദര്‍ശകരില്‍ അത്ഭുതമുണര്‍ത്താന്‍ പോന്ന ഒരു കലാവിരുന്നാണ്. 45 മിനുട്ട് കൊണ്ട് ഭാരതത്തിന്റെ ആത്മീയ സാംസ്‌കാരിക ചരിത്രത്തിലെ ഉജ്ജ്വലമുഹൂര്‍ത്തങ്ങള്‍ ആത്മീയ സംവാദരൂപത്തില്‍ പ്രേക്ഷകന്റെ മുന്നില്‍ ഇവിടെ അവതരിപ്പിക്കുന്നു. ശക്തമായ ഫൗണ്ടനുകളും ലേസര്‍ രശ്മികളും ശബ്ദവിന്യാസവും എല്ലാം ചേര്‍ന്ന് ഒരുക്കുന്ന അത്ഭുത കാഴ്ചകള്‍ നേരിട്ട് കണ്ടാല്‍ മാത്രമേ ബോധ്യമാകുകയുള്ളൂ. അന്തരീക്ഷത്തിലേക്ക് ശക്തമായി ചീറ്റിത്തെറിക്കുന്ന ജലരാശിയുടെ പ്രതലത്തില്‍ നിവരുന്ന വെള്ളിത്തിരയിലാണ് ഇതിവൃത്തം ഇതള്‍വിരിയുന്നത്. കഠോപനിഷത്തിലെ ഒന്‍പത് വയസ്സുള്ള നചികേതസ്സും യമധര്‍മ്മനുമായി നടത്തുന്ന സംവാദം പ്രമേയമാക്കി ജീവിതത്തിന്റെ അര്‍ത്ഥരഹസ്യങ്ങള്‍ തേടുന്ന വാട്ടര്‍ തീമാണ് ഇവിടെ അരങ്ങേറുന്നത്. അഗ്നിയും ജലവും ആകാശവും ഭൂമിയും എല്ലാം ചേരുന്ന പഞ്ചഭൂത പശ്ചാത്തലത്തില്‍ അരങ്ങേറുന്ന മനോഹരമായ കലാവിരുന്നാണ് സച്ചിതാനന്ദ വാട്ടര്‍ ഷോ.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആറ് അക്ഷര്‍ധാം ക്ഷേത്രങ്ങളാണ് ഇന്ന് നിലവിലുള്ളത്. ഉത്തര്‍പ്രദേശില്‍ ജനിച്ച സ്വാമി നാരായണന്‍ തന്റെ 15 വയസ്സു മുതല്‍ പരിവ്രാജകനായി ഭാരതം മുഴുവന്‍ ചുറ്റി സഞ്ചരിച്ചു. 12000 കിലോമീറ്റര്‍ പിന്നിട്ട് എ.ഡി. 1799ലാണ് ഇദ്ദേഹം ഗുജറാത്തില്‍ സ്ഥിര താമസമാക്കിയത്. സ്വാമിനാരായണന്‍ ഇന്ന് ആധുനിക ഹൈന്ദവ നവോത്ഥാനത്തിന്റെ പ്രതിപുരുഷനായി മാറിക്കഴിഞ്ഞിരുന്നു. കാശിയും മധുരയും തകര്‍ത്ത അതേ ജിഹാദി ശക്തികള്‍ ആധുനിക കാലത്തെ ഈ പടുകൂറ്റന്‍ ക്ഷേത്രസമുച്ചയത്തെയും തകര്‍ക്കാന്‍ ശ്രമിക്കാതിരുന്നില്ല. ഇസ്ലാമിക ഭീകരവാദികളുടെ ആക്രമണം ഉണ്ടായതിന് ശേഷം അക്ഷര്‍ധാം ക്ഷേത്രങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. മനോഹരമായ പച്ചപുല്‍ത്തകിടികളില്‍ ചെങ്കല്ലുകൊണ്ട് നിര്‍മ്മിച്ച അക്ഷര്‍ധാം ക്ഷേത്രം നീലാകാശത്തിന്റെ പശ്ചാത്തലത്തില്‍ അതിമനോഹരമായ ഒരു ദൃശ്യവിരുന്ന് തന്നെയാണ്.
ദ്വാരകാധീശനെ തേടി
കര്‍ണ്ണാവതിയില്‍ നിന്നും രാത്രി 11.30നായിരുന്നു ദ്വാരകയിലേക്കുള്ള ഞങ്ങളുടെ തീവണ്ടി. ഇവിടെ നിന്നും 471 കിലോമീറ്റര്‍ ആണ് ദ്വാരകയിലേക്കുള്ളത്. രാവിലെ 7 മണിയോടുകൂടി ദ്വാരകയിലെത്തേണ്ട തീവണ്ടി നാലു മണിക്കൂര്‍ വൈകിയാണ് എത്തിയത്. ഈ യാത്രയില്‍ ഒട്ടാകെ വൈകി എത്തിയ ഏക തീവണ്ടിയായിരുന്നു ഇത്. നാലുമണിക്കൂര്‍ വൈകുക എന്നു പറഞ്ഞാല്‍ ഏതാണ്ട് ഉച്ചയാവും, തീവണ്ടി ദ്വാരകയില്‍ എത്താന്‍. ഞങ്ങളുടെ യാത്രാ പദ്ധതികള്‍ ആകെ പാളുമെന്ന് തോന്നിയ മുഹൂര്‍ത്തമായിരുന്നു അത്. എന്നാല്‍ രാത്രി ഓട്ടത്തില്‍ വണ്ടി ഒന്നര മണിക്കൂറോളം തിരികെ പിടിച്ചു. ഏതാണ്ട് പത്തുമണി കഴിഞ്ഞപ്പോള്‍ വണ്ടി ദ്വാരകാ സ്റ്റേഷനിലെത്തി. പത്തുവര്‍ഷം മുന്നേ ഞാനെത്തിയ ദ്വാരകാ സ്റ്റേഷനായിരുന്നില്ല അത്. സ്റ്റേഷന്‍ അടിമുടി മാറിയിരിക്കുന്നു. പുതിയ കെട്ടിടങ്ങളും പ്ലാറ്റ്‌ഫോമുകളും എല്ലാം വന്നതോടു കൂടി അത്ഭുതകരമായ രൂപാന്തരമാണ് ദ്വാരകാ സ്റ്റേഷന് ഉണ്ടായത്. ഉയര്‍ന്ന ക്ലാസ്സിലുള്ള യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള എ.സി മുറികളുടെ പണി പൂര്‍ത്തിയായിട്ടില്ല എന്നതൊഴിച്ചാല്‍ എല്ലാം ഗംഭീരമായി മാറിയിരിക്കുന്നു. ഗുജറാത്ത് ഇങ്ങനെയാണ്. പ്രതിവര്‍ഷം അവര്‍ വികസനത്തിന്റെ പാതയില്‍ ചൂളം വിളിച്ച് മുന്നേറിക്കൊണ്ടിരിക്കും. തീവണ്ടിയില്‍ ഉള്ളവര്‍ ഏതാണ്ട് എല്ലാവരും തന്നെ ദ്വാരകാ സ്റ്റേഷനില്‍ ഇറങ്ങി. എല്ലാവരും തന്നെ തീര്‍ത്ഥാടകരാണ്. തീര്‍ത്ഥാടകരെ വശീകരിച്ച് വാഹനങ്ങളില്‍ കയറ്റുവാനും ഹോട്ടലുകള്‍ തരപ്പെടുത്തി കൊടുക്കുവാനും ഓട്ടോ ടാക്‌സി ഡ്രൈവര്‍മാരുടെ ബഹളമാണ്. പ്ലാറ്റ് ഫോമില്‍ വച്ച് തന്നെ ഒരു നീണ്ട താടിക്കാരന്‍ ഞങ്ങളുടെ പിന്നാലെ കൂടി. ദ്വാരകാധീശ ക്ഷേത്രത്തിലേക്ക് എത്തുവാന്‍ ഏതാണ്ട് മൂന്നു കിലോമീറ്റര്‍ മാത്രമാണ് ഉള്ളത്. അവിടെ അടുത്ത് എവിടെയെങ്കിലും ഉള്ള തീര്‍ത്ഥാടന സത്രങ്ങളിലോ ലോഡ്ജുകളിലോ ഹോട്ടല്‍ മുറികളിലോ ഞങ്ങളുടെ ബാഗുകള്‍ വച്ച് പ്രാഥമിക കര്‍മ്മങ്ങളും കുളിയും നടത്തണം. മൂന്നു കിലോമീറ്റര്‍ പിന്നിടാന്‍ 100 രൂപയാണ് ഓട്ടോക്കാരന്‍ ചോദിക്കുന്നത്. തര്‍ക്കിച്ചു നിന്നാല്‍ സമയം പോകും എന്നതു കൊണ്ടും അത് ഞങ്ങളുടെ വിലയേറിയ പല കാഴ്ചകളും നഷ്ടപ്പെടുത്തും എന്നതുകൊണ്ടും നൂറു രൂപയ്ക്ക് അയാളുടെ വണ്ടിയില്‍ കയറി. ഗുജറാത്തിലെ റിക്ഷവാലകളില്‍ നല്ലൊരു ശതമാനം മുസ്ലീങ്ങളാണ്. ഇവര്‍ക്കെല്ലാം നരേന്ദ്രമോദിയെകുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ് എന്ന് പലപ്പോഴും ശ്രദ്ധിക്കാതിരുന്നില്ല. ഇപ്പോള്‍ ഗുജറാത്തിന്റെ മുഖ്യമന്ത്രി വിജയ്‌രൂപാണി ആണ് എന്നൊന്നും ആ സാധുവിന് ധാരണയില്ലെന്ന് തോന്നുന്നു. ഗുജറാത്തിലെ നന്മകള്‍ക്ക് എല്ലാം കാരണം മോദിജി മാത്രമാണ് എന്നാണ് അയാളുടെ പക്ഷം. റിക്ഷാക്കാരുമായി ധാരണയുള്ള ലോഡ്ജുകളും ഹോട്ടലുകളുമുണ്ട്. യാത്രക്കാരെ അവിടെ കൊണ്ടുപോയി ഇറക്കുന്നതിന് ഡ്രൈവര്‍മാര്‍ക്ക് അവര്‍ കമ്മീഷന്‍ കൊടുക്കാറുണ്ട്. അത്തരം പല ഹോട്ടലുകളിലും മൂന്നു പേര്‍ക്ക് ഏതാനും മണിക്കൂര്‍ വിശ്രമിക്കാന്‍ 1500 രൂപയാണ് ശരാശരി പറഞ്ഞത്. ഞങ്ങള്‍ ലുബ്ധന്മാരാണ് എന്ന് മനസ്സിലാക്കിയതുകൊണ്ടാവാം ഡ്രൈവര്‍ ഞങ്ങള്‍ക്ക് പറ്റിയ സ്ഥലത്ത് കൊണ്ട് ചെന്ന് എത്തിച്ചു. ദ്വാരകാധീശ ക്ഷേത്രത്തിന് അടുത്തു തന്നെയുള്ള ഒരു ലോഡ്ജില്‍ 300 രൂപയ്ക്ക് ഒരു മുറി തരപ്പെടുത്തി. പ്രാഥമിക കൃത്യങ്ങളും കുളിയും കഴിഞ്ഞ് പുറത്തു വന്നപ്പോഴേക്കും സമയം 11.30 ആയി. അതിപുരാതനമായ ദ്വാരകാധീശക്ഷേത്രം നടന്നെത്താവുന്ന ദൂരത്താണ് ഉള്ളത്. ഭാരതത്തെ സംബന്ധിച്ച് ദ്വാരകാപുരിക്ക് പല പ്രാധാന്യങ്ങള്‍ ഉണ്ട്. ഇത് ഭാരതത്തിലെ ഏഴ് പുണ്യനഗരങ്ങളില്‍ ഒന്നാണ് എന്നു മാത്രമല്ല ഭാരതത്തിന്റെ നാല് അതിര്‍ത്തികളില്‍ ഈശ്വരന്‍ നിര്‍മ്മിച്ച അതിര്‍ത്തിക്കല്ലുകള്‍ എന്നപോലെ സ്ഥിതിചെയ്യുന്ന ചതുര്‍ധാമങ്ങളില്‍ ഒന്നുമാണ് ദ്വാരക. ധാമമെന്നാല്‍ സങ്കേതമെന്നും ഇരിപ്പിടമെന്നും ഒക്കെ അര്‍ത്ഥമുണ്ട്. ഇവിടെ ഈശ്വരന്റെ സങ്കേതം എന്ന് അര്‍ത്ഥമാക്കണം.
ഭഗവാന്‍ ശ്രീകൃഷ്ണന്‍ ജനിച്ചത് ഇന്നത്തെ ഉത്തര്‍പ്രദേശിലുള്ള മഥുരയിലാണെങ്കിലും അദ്ദേഹം പില്‍ക്കാലത്ത് അവിടെ നിന്ന് പടിഞ്ഞാറോട്ട് യാത്ര ചെയ്ത് സിന്ധുസാഗരത്തില്‍ ഉള്ള ഒരു ദ്വീപില്‍ കോട്ടകെട്ടി പാര്‍ത്തു എന്നാണ് പുരാണങ്ങളും ഇതിഹാസങ്ങളും പറയുന്നത്. അധര്‍മ്മിയായ അമ്മാവന്‍ കംസനെ നിഗ്രഹിച്ചതിന്റെ പേരില്‍ കൃഷ്ണന് കിട്ടിയ ഒരു നിതാന്ത ശത്രുവായിരുന്നു ജരാസന്ധന്‍. ജരാസന്ധന്റെ ബന്ധുവായിരുന്ന കംസനെ വധിച്ചതിന്റെ കെടാത്ത പക 17 തവണ കൃഷ്ണന്റെ രാജധാനി ആക്രമിക്കുന്നതിലേക്ക് എത്തി. ജരാസന്ധനുമായി കലഹം ഒഴിവാക്കുന്നതിനുവേണ്ടി കൃഷ്ണന്‍ മഥുരയില്‍ നിന്നും യാദവവംശത്തോടൊപ്പം പടിഞ്ഞാറ് സഞ്ചരിച്ച് ഗിര്‍ണാര്‍ മലനിരകള്‍ കടന്ന് പ്രഭാസതീര്‍ത്ഥം എന്നറിയപ്പെടുന്ന ഗുജറാത്തിലേയ്ക്ക് എത്തുകയും കടലിന് നടുവിലുള്ള ദ്വീപില്‍ കോട്ടകെട്ടി പാര്‍ക്കുകയും ചെയ്തു. കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ് നൂറുമക്കളും മരിച്ച ഗാന്ധാരി മാതാവിനെ കാണാന്‍ പോയ കൃഷ്ണനെ കാത്തിരുന്നത് ഒരു ശാപവചനമായിരുന്നു. യുദ്ധം ഒഴിവാക്കാന്‍ കൃഷ്ണന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചില്ല എന്നതായിരുന്നു ഗാന്ധാരിയുടെ ആരോപണം. അങ്ങനെ പരിശ്രമിച്ചിരുന്നെങ്കില്‍ തനിക്ക് നൂറുമക്കളെ നഷ്ടപ്പെടുമായിരുന്നില്ല എന്ന ഗാന്ധാരിയുടെ ദുഃഖം ശാപവചനമായി അണപൊട്ടി ഒഴുകി. ‘ഇന്നേക്ക് 36 വര്‍ഷങ്ങള്‍ക്ക് ശേഷം കൃഷ്ണനും യാദവവംശവും വംശവിഛേദം വന്ന് പോകും എന്നതായിരുന്നു ശാപം. യുഗലീലകള്‍ ആടിത്തീര്‍ക്കുവാന്‍ മൃതി നാടകവും ആവശ്യമാണ് എന്നുള്ളതുകൊണ്ട് കൃഷ്ണന്‍ പുഞ്ചിരിയോടുകൂടി ശാപവചനങ്ങളെ ശിരസ്സാ വഹിച്ചു. കാലാന്തരത്തില്‍ അഹങ്കാരികളായി മാറിയ യാദവന്മാര്‍ മദ്യപിച്ച് മദോന്മത്തരായി തമ്മിലടിച്ച് നശിച്ചു എന്നും കൃഷ്ണന്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തു എന്നുമാണ് കഥ. കൃഷ്ണന്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തതോടെ കടല്‍ കയറി ദ്വാരകാ രാജധാനി മുങ്ങി നശിച്ചത്രേ. കൃഷ്ണരാജധാനി നിലനിന്നിരുന്ന ദ്വീപ് ഇന്ന് ‘ബേട്ട് ദ്വാരക’ എന്നറിയപ്പെടുന്നു. ദ്വാരകാധിപതിയായിരുന്ന കൃഷ്ണന്റെ വന്‍കരയിലുള്ള സമുചിത സ്മാരകം തന്നെയായിരുന്നു ദ്വാരകാധീശക്ഷേത്രം.
(തുടരും)