താങ്കള്‍ 34 വര്‍ഷം പോലീസ് സര്‍വ്വീസില്‍ ഉണ്ടായിരുന്നു. സത്യസന്ധവും നീതിയുക്തവുമായ നിലപാടുകള്‍ കാരണം പല മുതിര്‍ന്ന ഉദ്യോഗസ്ഥരോടും സഹപ്രവര്‍ത്തകരോടും രാഷ്ട്രീയ നേതാക്കളോടുമൊക്കെ മുഷിഞ്ഞ് സംസാരിക്കേണ്ടിവന്നതായി താങ്കളുടെ സര്‍വ്വീസ് സ്റ്റോറിയില്‍ പറയുന്നുണ്ട്. ഇതു കാരണം അങ്ങേയ്ക്ക് ഒറ്റപ്പെടല്‍ അനുഭവപ്പെട്ടിട്ടുണ്ടോ?
♠ ഒറ്റപ്പെടലിന്റെ കാര്യം ആലോചിക്കാന്‍ പോലും എനിക്ക് സമയം കിട്ടിയിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഏറ്റെടുത്ത ജോലി ഭംഗിയായി ചെയ്യുക എന്നതിനാണ് ഞാന്‍ പ്രാധാന്യം കല്പിച്ചത്. ഒരു നിയമവിരുദ്ധ പ്രവര്‍ത്തനത്തിനും ഞാന്‍ കൂട്ടു നിന്നിരുന്നില്ല. 1988-90 വരെ ഞാന്‍ കൊല്ലത്ത് എസ്.പി. ആയിരുന്നു. ആ സമയത്ത് യുഡിഎഫിലായിരുന്ന എം.ബാലകൃഷ്ണപിള്ള പ്രസംഗിക്കാറുണ്ടായിരുന്നു. സെന്‍കുമാറിനെ സിപിഎമ്മിന്റെ സെക്രട്ടറിയാക്കണം; എന്നിട്ട് അവിടുത്തെ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയെ എസ്പി ആക്കുന്നതാണ് നല്ലത് എന്ന്. അന്ന് കോണ്‍ഗ്രസ്സുകാര്‍ ഞാന്‍ മാര്‍ക്‌സിസ്റ്റുകാരനാണ് എന്ന് പറഞ്ഞിരുന്നു. എന്നാല്‍ സിപിഎമ്മുകാരാകട്ടെ ഞാന്‍ അവര്‍ക്ക് എതിരാണ് എന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. അപ്പോള്‍ ഒരിക്കല്‍ മുഖ്യമന്ത്രി എന്നോട് പറഞ്ഞു: നിങ്ങള്‍ കൃത്യമായാണ് കാര്യങ്ങള്‍ ചെയ്യുന്നത്. അതുകൊണ്ടാണ് രണ്ട് ഭാഗത്തുനിന്നും എതിര്‍പ്പ് വരുന്നത് എന്ന്. നല്ലൊരു വിഭാഗം രാഷ്ട്രീയക്കാര്‍ക്കും ആവശ്യം സത്യസന്ധവും നിഷ്പക്ഷവുമായി പ്രവര്‍ത്തിക്കുന്ന പോലീസ് ഓഫീസര്‍മാരെയല്ല; അഴിമതിക്കാരും സദാചാരവിരുദ്ധരുമായ ഓഫീസര്‍മാരെയാണ്. എന്നാലേ ഈ രാഷ്ട്രീയക്കാര്‍ പറയുന്നതുപോലെ അവര്‍ ചെയ്തുകൊടുക്കുകയുള്ളൂ. ഭരിക്കുന്നവര്‍ ആരോ അവരുടെ പാദസേവ ചെയ്യുന്നവരെയാണ് കൂടുതല്‍ രാഷ്ട്രീയക്കാര്‍ക്കും താല്പര്യം. ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷനിലും കെ.എസ്.ആര്‍.ടി.സിയിലുമൊക്കെ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പലരും പോകാന്‍ താല്പര്യപ്പെടാത്ത മേഖലയാണ് അത്. എന്നാല്‍ ഞാന്‍ അവിടെ പോകുകയും വളരെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും ചെയ്തു. കെ.എസ്.ആര്‍.ടി.സി വലിയ നഷ്ടത്തില്‍ നിന്ന് കരകയറി വരികയായിരുന്നു. അങ്ങനെവന്നാല്‍ അതിന്റെ ക്രെഡിറ്റ് സെന്‍കുമാറിനു കിട്ടും എന്നു ധരിച്ച മുകളിലുള്ള ചിലര്‍ എനിക്കെതിരെ ചരട് വലിച്ചു. എന്നെ അവിടെ നിന്നും മാറ്റി. ജാതീയമായ സ്വാധീനമൊക്കെ ഇവിടെ പലതിനും അത്യാവശ്യമായിരുന്നു. എന്നാല്‍ ഞാന്‍ ആരെയും കാണാനോ കാലുപിടിക്കാനോ പോയിട്ടില്ല. പലര്‍ക്കും ഞാന്‍ കേരളീയനാണ് എന്നുപോലും അറിയില്ലായിരുന്നു. ഏതോ ബംഗാളിയാണെന്നാണ് ധരിച്ചുവെച്ചത്. 2004ല്‍ വക്കം പുരുഷോത്തമന്‍ ധനകാര്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തോട് ആരോ എന്റെ പേര് പറഞ്ഞപ്പോള്‍ അയാള്‍ ബംഗാളിയല്ലേ എന്ന് ചോദിച്ചുവത്രെ. മലയാളിയാണെന്ന് അറിഞ്ഞിട്ടുവേണ്ടേ എന്റെ ജാതി ഏതെന്ന് അറിയാന്‍. ഞാന്‍ ആരുടെയടുത്തേക്കും പോകാറില്ല. അതുകൊണ്ടുതന്നെ ആരോടും ഒരു വിധേയത്വവുമില്ല. എന്നെ കാസര്‍കോട്ടേക്ക് പോസ്റ്റ് ചെയ്ത ഐജിയോട് കാലങ്ങള്‍ക്കുശേഷം സൗഹൃദസംഭാഷണത്തിനിടയില്‍ ആരാഞ്ഞപ്പോഴാണ് അദ്ദേഹം പറഞ്ഞത് കാസര്‍കോട്ടിനപ്പുറത്തേക്ക് ഒരു സ്ഥലമുണ്ടായിരുന്നെങ്കില്‍ എന്നെ അവിടെ പോസ്റ്റ് ചെയ്‌തേനേ എന്ന്. അതിന്റെയൊക്കെ അര്‍ത്ഥം വളരെ പിന്നീടാണ് എനിക്ക് മനസ്സിലായത്. അന്നൊന്നും ജാതിപരമായി ചിന്തിക്കുന്ന മനസ്സേ അല്ലായിരുന്നു. ജോലിയോട് വല്ലാത്തൊരു അഭിനിവേശമായിരുന്നു.
ഞാന്‍ ഒരു പോലീസുദ്യോഗസ്ഥനോടും നിയമവിരുദ്ധ പ്രവര്‍ത്തനം ചെയ്യാന്‍ ഒരിക്കല്‍പോലും പറഞ്ഞിട്ടില്ല. ഒരു പ്രതിയെപ്പോലും തെളിവില്ലാതെ പിടിക്കാന്‍ പറഞ്ഞിട്ടില്ല. റിട്ടയര്‍ ചെയ്തതും അല്ലാത്തതുമായ ഒരു പോലീസുദ്യോഗസ്ഥന്‍പോലും എന്നെക്കുറിച്ച് അങ്ങിനെ പറയില്ല.
പോലീസിലെ അധോലോക ബന്ധത്തെക്കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ്?
അധോലോകവുമായി അടുത്ത ബന്ധമുള്ള, കൃത്യമായി മാസപ്പടി വാങ്ങുന്ന നിരവധി പോലീസുദ്യോഗസ്ഥന്മാരുണ്ട് എന്ന്കേട്ടിട്ടുണ്ട്. ഐപിഎസ് റാങ്കിലുള്ളവര്‍ പോലും കൃത്യമായി ഷെയര്‍ പറ്റുന്നുണ്ട് എന്ന് പറയപ്പെടുന്നു. എന്താണിതിനൊരു പരിഹാരം?
♠ സര്‍വ്വീസില്‍ എടുക്കുന്ന സമയത്ത് നടത്തുന്ന പരീക്ഷകളില്‍ നമ്മുടെ മെന്റല്‍ ആറ്റിറ്റിയൂഡ് ശരിക്കും എന്താണ് എന്ന് പരിശോധിക്കാനുള്ള ഒരു സംവിധാനവുമില്ല. എഴുത്തുപരീക്ഷയില്‍ കൂടുതല്‍ മാര്‍ക്കുണ്ടെങ്കില്‍ ഇന്റര്‍വ്യൂവും ഒരു പ്രശ്‌നമല്ല. അപ്പോള്‍ ഇതില്‍ ചേരാന്‍ പാടില്ലാത്ത കുറേയധികം ആളുകള്‍, ഒരു റിസ്‌കും എടുക്കാന്‍ തയ്യാറല്ലാത്ത, ഒരു പ്രതിരോധത്തിനും തയ്യാറല്ലാത്ത, എങ്ങനെയെങ്കിലും പണം ഉണ്ടാക്കണം എന്നുമാത്രം ചിന്തയുള്ള കുറേയധികം പേര്‍ ഐ.പി.എസില്‍ വന്നു പെടുന്നുണ്ട്. ഇവരാണ് യഥാര്‍ത്ഥത്തില്‍ പ്രശ്‌നക്കാര്‍.
എനിക്ക് കൂടുതല്‍ ബഹുമാനം തോന്നിയിട്ടുള്ളത് ലോക്കല്‍ പോലീസ് ഉദ്യോഗസ്ഥന്മാരോടാണ്. ഇത്രയൊക്കെ രാഷ്ട്രീയവല്‍ക്കരിച്ചിട്ടും കുറേയധികം പേരെങ്കിലും സത്യസന്ധമായി ജോലി ചെയ്യാന്‍ ശ്രമിക്കുന്നവരും അതിന് കുറച്ചൊക്കെ റിസ്‌ക് എടുക്കാന്‍ തയ്യാറുള്ളവരുമാണ്. അതേസമയം ഐപിഎസില്‍ കുറേ യുവാക്കളുണ്ട്. പ്രത്യേകിച്ച് 2000ത്തിന് ശേഷം വന്ന ഐപിഎസുകാരില്‍ എനിക്ക് വലിയ പ്രതീക്ഷയാണുള്ളത്. പക്ഷെ ഇവരുടെ മുകളിലുള്ള ഉദ്യോഗസ്ഥരില്‍ പലരും ഇവരെ നശീകരണ പ്രവര്‍ത്തനത്തിലേക്ക് അതായത് ആരാണോ അധികാരത്തിലുള്ളവര്‍, അവര്‍ക്ക് വേണ്ടി എന്തും ചെയ്തുകൊടുക്കുന്ന ഒരു യൂണിഫോമ്ഡ് ഗുണ്ടാവിഭാഗമായി മാറ്റാന്‍ ശ്രമിക്കുന്നവരാണ്. അതിനെതിരെ ഇവര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല എന്നതാണ് പ്രശ്‌നം. അപ്പോള്‍ ജനങ്ങളാണ് പ്രതികരിക്കേണ്ടത്. സുപ്രീംകോടതി ഇത്രയൊക്കെ അധികാരങ്ങളും അവകാശങ്ങളും നല്‍കിയിട്ടും എന്തുകൊണ്ട് ഇവര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല?
ഐപിഎസുകാരില്‍ ചിലര്‍ വിചാരിക്കുന്നത് തന്റെ ബാച്ച്‌മേറ്റ് ആയിട്ടുള്ള ചിലര്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ക്കവിടെ 50 ലക്ഷം കിട്ടുമ്പോള്‍ തനിക്കിവിടെ വെറും രണ്ട് ലക്ഷമെയുള്ളൂ. ബാക്കി 48 ലക്ഷം ഞാന്‍ നാട്ടുകാരില്‍ നിന്ന് പിടിക്കണം. മറ്റു ചിലര്‍ ബിസിനസ്സ് ചെയ്യുന്നു. കോടികള്‍ സമ്പാദിക്കണം എന്നൊക്കെ ചിന്തിക്കുന്നവരും ഉണ്ട്. എന്നാല്‍ അവര്‍ അതിന് പോയാല്‍ മതി. അത് ചെയ്യില്ല. സര്‍വ്വീസിലിരുന്ന് അതിന്റെ എല്ലാ അധികാരങ്ങളും സൗകര്യങ്ങളും അനുഭവിച്ചുകൊണ്ടാണ് അവര്‍ ഇങ്ങനെ ചിന്തിക്കുന്നത്. പണം കൊയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഈ മേഖല സെലക്ട് ചെയ്യാന്‍ പാടില്ല എന്നാണ് എനിക്ക് പറയാനുള്ളത്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഇത്തരക്കാര്‍ നിരവധി ഉണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.
പോലീസിലെ സിപിഎം ഫ്രാക്ഷന്‍ വളരെ സജീവമാണെന്ന് കേട്ടിട്ടുണ്ട്. എങ്ങനെയൊക്കെയാണ് അത് പോലീസ് സംവിധാനത്തെ ബാധിക്കുന്നത്? പല കേസുകളും തേയ്ച്ചുമായ്ച്ചുകളയുന്നതില്‍ ഇവര്‍ക്കുള്ള പങ്ക് കോടതികള്‍ പോലും പരാമര്‍ശിച്ചിട്ടുണ്ട്.
♠ശരിയാണ്, സിപിഎം ഫ്രാക്ഷന്‍ പോലീസ് സേനയില്‍ വളരെ ശക്തമാണ്. അവര്‍ തീരുമാനിച്ചാല്‍ പല കേസുകളും മായ്ച്ചുകളയുവാനും പലതും ഉയര്‍ത്തിക്കൊണ്ടുവരാനും സാധിക്കും. അവര്‍ക്കു താല്പര്യമുള്ള കേസുകളേ അവര്‍ ഉയര്‍ത്തിക്കൊണ്ടുവരൂ. പോലീസിലെ രഹസ്യങ്ങളും വിവരങ്ങളും ചോര്‍ത്തിക്കൊടുക്കുക പതിവാണ്. യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസൊക്കെ എന്തായി? കുറച്ച് ദിവസം ജയിലില്‍ കിടന്നശേഷം എല്ലാവരും പുറത്തായി. എന്നെ ഏറ്റവും കൂടുതല്‍ എതിര്‍ത്ത ഒരു വിഭാഗക്കാരാണ് ഈ ഫ്രാക്ഷന്‍. മുമ്പ് തിരുവനന്തപുരം എം.ജി. കോളേജിലുണ്ടായിരുന്ന ഒരു വിഷയം എന്നെ അടിക്കാനുള്ള വടിയായി അവര്‍ ഉപയോഗിച്ചു. എം.ജി. കോളേജില്‍ ആര്‍.എസ്.എസ്സുകാരെ രക്ഷിക്കാന്‍ ഒരു പോലീസുകാരന്റെ കോളറിനു പിടിച്ചു എന്നാണ് പ്രശ്‌നമായി അവതരിപ്പിച്ചത്. വാസ്തവത്തില്‍ എം.ജി. കോളേജില്‍ ആര്‍.എസ്.എസ്സുണ്ട് എന്നുപോലും എനിക്കറിയില്ലായിരുന്നു. ഞാന്‍ മുന്‍പ് തിരുവനന്തപുരത്ത് ജോലി ചെയ്തിട്ടില്ല. കുറേകാലത്തിനുശേഷമാണ് ഐജിയായി യൂണിഫോമിട്ട് ലോ ആന്റ് ഓര്‍ഡര്‍ ചുമതലയില്‍ വരുന്നത്. എം.ജി. കോളേജിലുണ്ടായ പ്രശ്‌നം ഞാന്‍ ഇടപെട്ട് ഏകദേശം അവസാനിച്ച നിലയിലായിരുന്നു. ആ സമയത്താണ് കോളേജില്‍ കയറിയ പോലീസ് പരീക്ഷ എഴുതുന്ന പെണ്‍കുട്ടികളടക്കമുള്ള നിരപരാധികളായ വിദ്യാര്‍ത്ഥികളെ തലങ്ങും വിലങ്ങും അടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പലരും രണ്ടാം നിലയിലുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നും രക്ഷപ്പെടാനായി താഴേയ്ക്ക് ചാടാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. അങ്ങനെ ചെയ്താല്‍ വലിയ ദുരന്തം തന്നെ സംഭവിക്കാമായിരുന്നു. ഞാന്‍ അവിടെ ഉള്ളപ്പോള്‍ എന്റെ ആജ്ഞപോലും ധിക്കരിച്ച് വിദ്യാര്‍ത്ഥികളെ അടിക്കുന്ന പോലീസുകാരന്റെ കോളര്‍ പിടിച്ച് അപ്പോള്‍ത്തന്നെ സസ്‌പെന്‍ഡ് ചെയ്തു. അതാണ് ഇവര്‍ വലിയ വിവാദമാക്കിയത്. അന്ന് അക്രമത്തില്‍ പരിക്കുപറ്റിയ പോലീസ് ഓഫീസര്‍ക്ക് ചികിത്സക്കായി നാല് ലക്ഷം രൂപ ഞാനിടപെട്ട് വാങ്ങിക്കൊടുത്തു. ആശുപത്രിയില്‍ കൊണ്ടുപോയി അദ്ദേഹത്തിന്റെ പരിക്കുകള്‍ ചികിത്സിച്ച് ഭേദമാക്കി. അക്രമിച്ച പ്രതികളെയെല്ലാം പിടിച്ചു. പിന്നീടാണ് പോലീസ് അതിക്രമം ഉണ്ടായത്. പോലീസിലെ ഈ വിഭാഗം അത് പ്രചരിപ്പിച്ചത് ഞാന്‍ ആര്‍.എസ്.എസ്സുമായി ബന്ധമുള്ളതുകൊണ്ടാണ് എം.ജി.കോളേജിലെ കുട്ടികള്‍ക്കുനേരെ മൃദുസമീപനം എടുത്തത് എന്ന്. എം.ജി. കോളേജിലെ കുട്ടികള്‍ മുഴുവന്‍ എബിവിപിക്കാരാണോ? ഇങ്ങനെയുള്ള പ്രചരണങ്ങളാണ് ഇവര്‍ നടത്തുക. യുഡിഎഫിന്റെ ഭരണകാലത്തും എല്‍ഡിഎഫ് അനുകൂലികള്‍ തന്നെയായിരുന്നു പോലീസ് അസോസിയേഷന്റെ തലപ്പത്ത് വന്നിരുന്നത്. യഥാര്‍ത്ഥത്തില്‍ ഭൂരിപക്ഷം പോലീസുകാരും നിഷ്പക്ഷവും സ്വതന്ത്രവുമായി ജോലി ചെയ്യാന്‍ താല്പര്യപ്പെടുന്നവരാണ്. ഇപ്പോള്‍ കുറേ എണ്ണത്തിനെ പോലീസില്‍ കയറ്റാന്‍ നോക്കിയില്ലേ, അതുപോലെ കുറെ എണ്ണത്തിനെ മുമ്പും കയറ്റിവിട്ടിട്ടുണ്ട്. അവരാണ് പോലീസിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നത്. തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരെപ്പോലെ പോലീസുകാര്‍ പ്രവര്‍ത്തിക്കണം എന്ന കാഴ്ചപ്പാട് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കല്ലാതെ മറ്റാര്‍ക്കും കണ്ടിട്ടില്ല. ഇതിനൊക്കെപ്പുറമെ പച്ചവെളിച്ചം എന്നൊരു ഗ്രൂപ്പും പോലീസിലുണ്ട്. ജിഹാദികളുമായി ബന്ധമുള്ളവരാണ് ഇവര്‍. ഇ-മെയില്‍ വിവാദമൊക്കെ ഉണ്ടാക്കിയത് ഇവരാണ്. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലും ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലും തുടങ്ങി നിരവധി കേസുകളില്‍ മാര്‍ക്‌സിസ്റ്റ് ഗ്രൂപ്പിന്റെ ഇടപെടല്‍ ശക്തമായിരുന്നു.
ഇത്രയും കാലത്തെ സര്‍വ്വീസിനിടയില്‍ ചെയ്തത് തെറ്റായിപ്പോയി എന്നോ ചെയ്യേണ്ടിയിരുന്നു എന്നോ തോന്നിയ എന്തെങ്കിലും കാര്യങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നുണ്ടോ?
♠ അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല. എനിക്ക് ആകെ വിഷമം തോന്നിയത് ആലപ്പുഴയിലെ രാഹുല്‍ എന്ന കുട്ടിയെ കാണാതായത് കണ്ടുപിടിക്കാന്‍ സാധിക്കാത്തതാണ്. അന്ന് ഞാന്‍ ഐജിയായിരുന്നു. എനിക്ക് താഴെ ഡിഐജിയും എസ്.പിയുമൊക്കെ ഉണ്ടായിരുന്നു. ചില കാര്യങ്ങളില്‍ പെട്ടെന്ന് ആക്ഷന്‍ ഉണ്ടായില്ലെങ്കില്‍ സംഭവിക്കാവുന്ന പ്രശ്‌നമാണ് അത്. അതുകൊണ്ടുതന്നെ ഞാന്‍ ഡിജിപി ആയപ്പോള്‍ ഇങ്ങനെ കാണാതാകുന്ന സ്ത്രീകളുടേയും കുട്ടികളുടേയും കാര്യത്തില്‍ വളരെ പെട്ടെന്നും നമ്മുടെ സ്വന്തം കുട്ടികള്‍ എന്ന ജാഗ്രതയോടെയും അന്വേഷണം നടത്താന്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് സര്‍ക്കുലര്‍ അയച്ചിരുന്നു.
ജോലിയില്‍ ഇത്രമാത്രം മുഴുകിച്ചേരണമായിരുന്നോ എന്നു ചിലപ്പോള്‍ എനിക്ക് തോന്നാറുണ്ട്. കുറേ വ്യക്തിജീവിതത്തിനായി സമയം മാറ്റിവെക്കണമായിരുന്നു എന്നും ഇപ്പോള്‍ തോന്നാറുണ്ട്. എന്നാല്‍ ഇപ്പോള്‍ അതിലും കൂടുതല്‍ സമയം പൊതുപ്രവര്‍ത്തനത്തിനായി മാറ്റിവെക്കുന്നുണ്ട്. അതൊരു ജനിതകമായ പ്രശ്‌നമാണ്. നമ്മള്‍ വിചാരിച്ചാലും അതൊന്നും മാറ്റിവെക്കാന്‍ സാധിക്കില്ല. നമ്മുടെ ഉള്ളില്‍ കളങ്കമില്ലെന്ന് ഉറപ്പുള്ളപ്പോള്‍ മാത്രമാണ് നമുക്ക് ഒരു കാര്യത്തിന് വേണ്ടി ആത്മാര്‍ത്ഥമായി പൊരുതാന്‍ സാധിക്കുക. ഞാന്‍ ഒരിക്കലും ഒരാളുടെ പേരിലും കള്ളക്കേസ് എടുത്തിട്ടില്ല. ഒരാള്‍ക്കെതിരെയും കള്ളത്തെളിവ് ഉണ്ടാക്കിയിട്ടില്ല. തെറ്റായി ഒരു കാര്യം ചെയ്യാന്‍ ഒരു ഓഫീസറോടും ഒരിക്കല്‍പ്പോലും പറഞ്ഞിട്ടില്ല.
പിന്നെ ക്ഷമയുടെ കാര്യത്തില്‍ അല്പം പുറകിലാണ്. ചിലപ്പോള്‍ ആലോചിക്കാറുണ്ട്, എനിക്ക് കിട്ടിയ വാഗ്ദാനങ്ങളൊക്കെ സ്വീകരിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്ന്. ഞാന്‍ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ (കെ.എസ്.ബി.സി.) എം.ഡി.യായി നാല് വര്‍ഷം ഉണ്ടായിരുന്നു. സംസ്ഥാനം മുഴുവന്‍ ഇന്നു കാണുന്ന ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയത് എന്റെ കാലത്താണ്. ഇന്ന് കാണുന്ന ക്യൂ ഒക്കെ ഞാന്‍ കൊണ്ടുവന്നതാണ്. അന്നൊക്കെ വേണമെങ്കില്‍ ഓരോ ഔട്ട് ലെറ്റ് തുടങ്ങാനുള്ള അനുമതിക്ക് വിഹിതം വാഗ്ദാനം ചെയ്തത് സ്വീകരിച്ചിരുന്നെങ്കില്‍ കുറഞ്ഞത് 200 കോടി രൂപയെങ്കിലും ഉണ്ടാക്കാമായിരുന്നു; ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ തന്നെ. നമുക്ക് പണം ആവശ്യമുണ്ട്. എന്നാല്‍ മനഃസമാധാനം ഇല്ലാതാക്കുന്ന വിധത്തില്‍ പണം ഉണ്ടാക്കിയിട്ട് എന്തു ചെയ്യാനാണ്? സമൂഹത്തെ പിഴിഞ്ഞ് പണമുണ്ടാക്കുന്നവരുടെ പ്രവര്‍ത്തനം കാണുമ്പോള്‍ തോന്നും ഇതെല്ലാം മരിക്കുമ്പോള്‍ അങ്ങ് കൊണ്ടുപോകുമെന്ന്. എല്ലാ മനുഷ്യനും ഒരു തോന്നല്‍ ഉണ്ടാകണം; നമ്മളെല്ലാം മരിക്കാനുള്ളവരാണ്. മരിക്കുമ്പോള്‍ ഇതൊന്നും കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന്.
ചെറുപ്പകാലത്ത് യുക്തിവാദിയായിരുന്നു എന്ന് സര്‍വ്വീസ് സ്റ്റോറിയില്‍ പറയുന്നുണ്ട്. യുക്തിവാദത്തിന്റെ മേഖലയില്‍ പ്രവര്‍ത്തിക്കാനായിരുന്നു താല്പര്യമെന്നും. എന്നാല്‍ ഇന്ന് താങ്കള്‍ ശബരിമല ആക്ഷന്‍ കൗണ്‍സിലിന്റെ അഖിലേന്ത്യാ ഭാരവാഹിയാണ്. നേരെ വിരുദ്ധമായ ധ്രുവത്തില്‍ എത്തിയിരിക്കുന്നു. എന്തു തോന്നുന്നു?
♠ശരിയാണ്, ആദ്യകാലത്ത് ദൈവമില്ല; ഉണ്ടെങ്കില്‍ തെളിയിക്ക് എന്നൊക്കെപ്പറഞ്ഞ് നടന്നിരുന്നു. എന്നാല്‍ കാലം കുറേ മുന്നോട്ടുപോയപ്പോള്‍ ഒരുപാട് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളേണ്ടിവന്നു. കുറേക്കൂടി ആഴത്തില്‍ പഠിച്ചപ്പോള്‍ ആത്യന്തികമായി ഒരു ശക്തിയുണ്ടെന്ന് തിരിച്ചറിയാന്‍ സാധിച്ചു. ഇപ്പോഴും യുക്തിബോധത്തിന് കോട്ടമൊന്നും തട്ടിയിട്ടില്ല. എന്നാല്‍ വിശ്വാസത്തിന്റെ കാര്യത്തില്‍ എപ്പോഴും യുക്തിമാത്രമായി പറയാന്‍ സാധിക്കില്ല. എല്ലാദിവസവും അമ്പലത്തില്‍ പോകുന്ന ഒരു വിശ്വാസിയൊന്നുമല്ല ഇന്നും ഞാന്‍. ചിലപ്പോഴൊക്കെ പോകും; അതും ചില അമ്പലങ്ങളില്‍ മാത്രം. എല്ലാ ദിവസവും ഒരു പതിനഞ്ചോ ഇരുപതോ മിനുട്ട് ധ്യാനവും പ്രാര്‍ത്ഥനയുമുണ്ട്. അത് ചെയ്തുകഴിയുമ്പോള്‍ തന്നെ വളരെ സന്തോഷവാനാകും.
ഈശ്വര വിശ്വാസം സ്വന്തം അനുഭവത്തിലൂടെ യാണ് ഉണ്ടാകേണ്ടത്. എനിക്ക് അങ്ങനെയുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ റിട്ടയര്‍ ചെയ്ത ഉടന്‍ എന്റെ മേല്‍ കുറേ കേസുകള്‍ ചാര്‍ത്തപ്പെട്ടു. പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും തടയപ്പെട്ടു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയം. എനിക്കാണെങ്കില്‍ ഹൈപ്പര്‍ തൈറോയിഡ്. മകന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്ന സമയം. അമ്മ മരിച്ചു. ഞാന്‍ കര്‍മ്മം ചെയ്യാനിരിക്കുന്ന സമയത്ത് എന്നെ അറസ്റ്റു ചെയ്യാന്‍ വേണ്ടി കേസ് രജിസ്റ്റര്‍ ചെയ്തു. എന്റെ അവസ്ഥ ഓര്‍ത്തു നോക്കണം. ആ സമയത്ത് ആധ്യാത്മികാചാര്യനായ ശ്രീ എം സാര്‍ എന്നോടു പറഞ്ഞു, ‘ഇതുകൊണ്ടൊന്നും നിങ്ങള്‍ വിഷമിക്കേണ്ട. നിങ്ങളെ മാനസികമായി കരുത്തനാക്കാനുള്ള ഒരു പ്രക്രിയയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതെല്ലാം കഴിഞ്ഞ് പഴയ അവസ്ഥയിലേക്ക് തിരിച്ചുവരും. അപ്പോള്‍ നിങ്ങള്‍ മാനസികമായി ഏറെ കരുത്ത് നേടിയിരിക്കും.’ ഇത് എന്റെ അനുഭവമാണ്. നമ്മള്‍ ആകമാനം ഒറ്റപ്പെട്ടുപോകുന്ന സമയത്ത് നമ്മെ സഹായിക്കാന്‍ ഒരു ശക്തിയുണ്ടാകും. അത് നമുക്ക് സമാധാനം തരും.