പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖപത്രമായ തേജസ്സ് അടച്ചുപൂട്ടാന്‍ കാരണമായതില്‍ പ്രധാനം താങ്കള്‍ ഇന്റലിജന്‍സ് മേധാവിയായിരിക്കുമ്പോള്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പരസ്യങ്ങളും മറ്റും നിഷേധിച്ചതുകൊണ്ടാണ് എന്ന് കേട്ടിരുന്നു. എന്തായിരുന്നു താങ്കള്‍ കൊടുത്ത റിപ്പോര്‍ട്ട്.
♠ഞാന്‍ ഇന്റലിജന്‍സ് മേധാവിയായി രണ്ട് വര്‍ഷമാണ് ഉണ്ടായിരുന്നത്. ആ കാലഘട്ടത്തില്‍ തേജസ്സില്‍ വന്ന വാര്‍ത്തകളില്‍ വളരെ കൂടുതല്‍ ദേശവിരുദ്ധമായതായിരുന്നു. ഇന്റലിജന്‍സ് ബ്യൂറോയുടെ സഹായത്തോടെ ഞാന്‍ ഇതെല്ലാം ശേഖരിച്ചു. എന്നിട്ട് അന്നത്തെ യുഡിഎഫ് ഗവണ്‍മെന്റിനോട് ഇന്നിന്ന കാരണങ്ങള്‍കൊണ്ട് ഇവര്‍ക്ക് സര്‍ക്കാര്‍ പരസ്യം കൊടുക്കരുത് എന്ന് നിര്‍ദ്ദേശിച്ചു. ഇതിനെതിരെ പത്രം ഹൈക്കോടതിയില്‍ കേസിന് പോയി. കോടതിക്ക് മുമ്പാകെ ഈ വാര്‍ത്തകളും രേഖകളും ഞാന്‍ സമര്‍പ്പിച്ചു. ഇതെല്ലാം കണ്ട കോടതി ഇവര്‍ക്ക് ഒരു കാരണവശാലും പരസ്യം കൊടുക്കരുത് എന്ന് ഉത്തരവിട്ടു. ഞാന്‍ കൊടുത്ത റിപ്പോര്‍ട്ട് ശരിയായതുകൊണ്ടല്ലേ മുസ്ലീം ലീഗിന് ശക്തമായ സ്വാധീനമുണ്ടായിരുന്ന യുഡിഎഫ് സര്‍ക്കാര്‍ പോലും അത് അംഗീകരിച്ചത്. പിണറായി വിജയന്‍ ഭരണത്തില്‍ വന്നിട്ട് നാല് കൊല്ലമായില്ലേ. എന്തുകൊണ്ട് ആ നിര്‍ദ്ദേശം അവര്‍ മാറ്റിയില്ല. എസ്.ഡി.പി.ഐയുടെ കൂടി പിന്തുണയോടെ വന്ന സര്‍ക്കാരല്ലേ ഇത്. എന്നിട്ടും പിന്‍വലിച്ചില്ല. ആ റിപ്പോര്‍ട്ട് ഞാനൊറ്റയ്ക്ക് തയ്യാറാക്കിയതായിരുന്നില്ല. എന്റെ താഴെമുതലുള്ള ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടുകളാണ് അത്. അതില്‍ എത്രയോ മുസ്ലീം ഓഫീസര്‍മാരുണ്ട്. അവരെല്ലാം രാഷ്ട്രതാല്പര്യത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് ആ റിപ്പോര്‍ട്ട് തന്നത്. ജനങ്ങളില്‍ വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിച്ചതിനുകൂടിയാണ് ഈ നടപടി എടുത്തത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ആള്‍ക്കാര്‍ എന്നെ സമീപിച്ചിരുന്നു. ഞാന്‍ അവരോട് തുറന്നു പറഞ്ഞു, ഇത് എന്റെ ഡ്യൂട്ടിയാണ്. എനിക്ക് രാഷ്ട്രത്തോടാണ് വിധേയത്വം. വ്യക്തിപരമായി ഇതില്‍ എനിക്ക് ഒന്നും ചെയ്യാനില്ല എന്ന്. അതിന് പ്രതികാരമായി അവര്‍ ചെയ്തത് 2013ല്‍ മാതൃഭൂമിയില്‍ വന്ന എന്നെക്കുറിച്ചുള്ള ഒരു തെറ്റായ വാര്‍ത്തയുടെ (ഞാന്‍ ജാതിമാറ്റി കാണിച്ചാണ് ഐപിഎസ് നേടിയത് എന്നത് – അത് തെറ്റാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ ‘മാതൃഭൂമി’സാഷ്ടാംഗം നമസ്‌കരിച്ച് മാപ്പെഴുതി തിരുത്തിക്കൊടുത്തതാണ്) പോസ്റ്ററടിച്ച് കേരളം മുഴുവന്‍ പ്രചരിപ്പിച്ചു. മറ്റൊരിക്കല്‍ എന്റെ ഫോട്ടോ വെച്ച് ‘വര്‍ഗ്ഗീയവാദിയെ ഒറ്റപ്പെടുത്തുക’ എന്ന പോസ്റ്റര്‍ തയ്യാറാക്കി ഒട്ടിച്ചു. പക്ഷെ എന്നെ അതൊന്നും ബാധിച്ചിട്ടില്ല. സത്യം പറയേണ്ടത് ആരുടെ മുഖത്ത് നോക്കിയും പറയും. ആരെയും പേടിച്ച് ജീവിക്കില്ല. സമൂഹത്തിനും രാഷ്ട്രത്തിനും വേണ്ടി നമുക്ക് ചെയ്യാനാകുന്ന കാര്യങ്ങള്‍ ആത്മാര്‍ത്ഥമായി ചെയ്യുക. അത്രമാത്രം.
കേരളത്തില്‍ ഇടതുഭരണകാലത്തുണ്ടായ പോലീസ് – മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വ്യാജമായിരുന്നെന്നും പോലീസ് ഏകപക്ഷീയമായി മാവോയിസ്റ്റുകളെ വെടിവെച്ചുകൊല്ലുകയായിരുന്നു എന്നുമുള്ള ഒരു വാദം ശക്തമായുണ്ട്. വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ഒരു വിഷയമായിരുന്നു അത്. ഇതില്‍ താങ്കളുടെ കാഴ്ചപ്പാട് എന്താണ്.
♠അനാവശ്യമായ ഒരു വിവാദമായിട്ടാണ് എനിക്ക് തോന്നിയത്. വ്യാജ ഏറ്റുമുട്ടല്‍ എന്നു പറഞ്ഞാല്‍ ഈ കമാന്‍ഡോകള്‍ അങ്ങോട്ടുപോയി അവരെ ഉപദ്രവിച്ചു എന്നാണല്ലോ. ഞാന്‍ എ.ഡി.ജി.പി. (ഇന്റലിജന്‍സ്) എന്ന നിലയിലും ഡി.ജി.പി എന്ന നിലയിലുമൊക്കെ ശ്രദ്ധിച്ചിട്ടുള്ളതാണ്. ഒരു പോലീസുകാരനും ഈ കാര്യത്തിന് കാട്ടിലേക്ക് പോകാന്‍ താല്‍പര്യമില്ല, കാരണം വളരെ ബുദ്ധിമുട്ടേറിയ ജോലിയാണ് ഇത്. മാസങ്ങളോളം വീട്ടില്‍ നിന്നും മാറി നില്‍ക്കണം. മഴയത്തും മഞ്ഞത്തും കാട്ടിനുള്ളില്‍ കയറി നടക്കണം. എപ്പോള്‍ വേണമെങ്കിലും പ്രശ്‌നങ്ങളുണ്ടാകാം. നമ്മുടെ സര്‍ക്കാരുകള്‍ ഒരു സഹായവും ഒരിക്കലും ചെയ്യില്ല. അതുകൊണ്ട് ഇതിലാര്‍ക്കും വ്യാജ ഏറ്റുമുട്ടലുണ്ടാക്കാന്‍ ഒരു താല്പര്യവുമുണ്ടാകില്ല. അല്ലെങ്കില്‍ ഇങ്ങനെ ചെയ്താല്‍ സാമ്പത്തികമായി എന്തെങ്കിലും മെച്ചമുണ്ടാകണം. ഒരു പൈസ പോലും ഇവര്‍ക്കാര്‍ക്കും പ്രത്യേകമായി കിട്ടില്ല. ഒന്നുകില്‍ തന്റെ ശമ്പളം ഇരട്ടിയാകും, അല്ലെങ്കില്‍ ബോണസ് കിട്ടും എന്നുണ്ടെങ്കില്‍ ശരി. ഇത് ഒന്നുമില്ല. സ്വന്തം ജീവന്‍ അപകടത്തില്‍പ്പെടുത്തിയുള്ള ഈ പണിക്ക് ഒരു പോലീസുകാരനും താല്പര്യമില്ല. പിന്നെ സെന്‍ട്രലില്‍ നിന്ന് കിട്ടുന്ന പണം പോലീസിനെ ആധുനികവല്‍ക്കരിക്കുന്നതിനാണ്. അല്ലാതെ മറ്റൊന്നിനുമല്ല. അതുകൊണ്ട് ഇത് വ്യാജമായ ഒരു പ്രചരണമാണ്. ആടിനെ പട്ടിയാക്കുകയും പട്ടിയെ പേപ്പട്ടിയാക്കുകയും പിന്നീട് തല്ലിക്കൊല്ലുകയും ചെയ്യുന്ന പോലുള്ള ഒരു പ്രചരണം.
കാനം രാജേന്ദ്രനെപ്പോലുള്ളവര്‍പോലും ഗവണ്‍മെന്റിനെ എതിര്‍ക്കുകയും മാവോയിസ്റ്റുകളെ ന്യായീകരിക്കുകയും ചെയ്യുന്ന നിലപാടാണല്ലോ സ്വീകരിച്ചത്.
♠കാനത്തിന്റെയൊക്കെ നിലപാട് ശുദ്ധ വങ്കത്തരമാണ്. വെറും ആശയപ്രചരണം മാത്രമാണത്രെ മാവോയിസ്റ്റുകളുടെ ലക്ഷ്യം. എങ്കില്‍ എന്തിനു വേണ്ടിയാണ് ഇവര്‍ എപ്പോഴും ആയുധം കൊണ്ടുനടക്കുന്നത്? സ്‌ഫോടകവസ്തുക്കള്‍ കൊണ്ടു നടക്കുന്നത്? കാട്ടിലാണോ ആശയപ്രചരണം നടത്തുന്നത്? അവര്‍ക്ക് നാട്ടിലിറങ്ങി ആശയപ്രചരണം നടത്താമല്ലോ. എന്തുകൊണ്ട് ചെയ്യുന്നില്ല? അവരുടെ ഉദ്ദേശ്യം കാട്ടില്‍ ആയുധങ്ങളുമായി താവളമുണ്ടാക്കുക എന്നതാണ്. വെസ്റ്റേണ്‍ സോണിന്റെ പദ്ധതികളില്‍ ഒന്നാണത്. കേരളം ഒരു സോഫ്റ്റ് ഏരിയയാണ്. കേരള പോലീസ് അങ്ങനെ കാര്യമായി ഒന്നും ചെയ്യാത്തവരാണ്. അപ്പോള്‍ മറ്റു സ്ഥലത്തുനിന്ന് സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുന്ന മാവോയിസ്റ്റ് നേതാക്കള്‍ക്ക് സുഖമായി ഇവിടെ വന്ന് ചികിത്സ നേടിപ്പോകാം. പതുക്കെ ഇവിടെ ഒരു അടിത്തറ ഉണ്ടാക്കുക. അത് രണ്ടാമത്തെ പദ്ധതിയാണ്. പാലക്കാട് വനം ഒരു ട്രൈജംഗ്ഷന്‍ പ്രദേശമാണ്. എന്തുകൊണ്ട് ഈ പ്രദേശം തന്നെ അവര്‍ തിരഞ്ഞെടുത്തു? തമിഴ്‌നാട്ടില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ നിഷ്പ്രയാസം അവര്‍ക്ക് കേരളത്തിലേക്ക് കടക്കാം. കേരളത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ കര്‍ണ്ണാടകയിലേക്ക് കടക്കാം. ഈ മൂന്നു സംസ്ഥാനങ്ങളുടേയും അതിര്‍ത്തിയാണ് ഈ പ്രദേശം. കേരളാ പോലീസിന് തമിഴ്‌നാട് അതിര്‍ത്തിയില്‍ പോയി ഒന്നും ചെയ്യാന്‍ കഴിയില്ല. കര്‍ണ്ണാടക പോലീസിന് കേരളത്തില്‍ വന്ന് ഒന്നും ചെയ്യാന്‍ കഴിയില്ല. അതുകൊണ്ടാണ് മാവോയിസ്റ്റുകള്‍ അവരുടെ കേന്ദ്രമായി ഈ ട്രൈജംഗ്ഷന്‍ സെന്റര്‍ തിരഞ്ഞെടുത്തത് തന്നെ. എല്ലാവരേയും കബളിപ്പിച്ച് നടക്കാമല്ലോ. മാവോയിസ്റ്റുകള്‍ക്ക് അവരുടെ മറ്റു സ്ഥലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിനുള്ള കേന്ദ്രമായിട്ടാണ് ഇവിടം തിരഞ്ഞെടുത്തത്. പിന്നീട് ട്രെയിനിങ്ങ് സെന്ററാക്കാം. വളരെ സുരക്ഷിതമായി ഇവിടെ നിന്ന് പരിശീലനം നല്‍കാം. ഇതൊന്നും മനസ്സിലാക്കാന്‍ കഴിയാത്ത ആളല്ല കാനം.
കേരളത്തില്‍ മാവോയിസ്റ്റ് പ്രസ്ഥാനത്തിന് എന്തെങ്കിലും പ്രസക്തിയുള്ളതായി തോന്നുന്നുണ്ടോ.
♠കേരളത്തില്‍ മാവോയിസ്റ്റുകള്‍ക്ക് ഒരു പ്രസക്തിയും ഉള്ളതായി എനിക്ക് തോന്നുന്നില്ല. ഇത്രയും കാലം പ്രവര്‍ത്തിച്ചിട്ടും കേരളത്തില്‍ എത്ര വനവാസികളെ സ്വാധീനിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട് എന്നത് പ്രസക്തമായ ചോദ്യമാണ്. വനവാസികളുടെ ഭക്ഷണം കൊള്ളയടിക്കലാണ് ഇവരുടെ പ്രധാന ജോലി. വികസനം വരാതിരിക്കാനുള്ള പ്രവര്‍ത്തനമാണ് പല സ്ഥലത്തും മാവോയിസ്റ്റുകള്‍ ചെയ്യുന്നത്. നോട്ട് നിരോധനം ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കിയത് മാവോയിസ്റ്റുകള്‍ക്കാണ്. അവരുടെ പ്രവര്‍ത്തനം വളരെ വേഗം കുറഞ്ഞു. അവരുടെ നേതാക്കള്‍ത്തന്നെ വിശ്വസിക്കുന്ന ആശയത്തോട് അല്പം പോലും പ്രതിബദ്ധതയില്ലാത്തവരാണ്. ഈ മാവോയിസ്റ്റുകളില്‍ പലരുടേയും കുട്ടികളെ വളരെയധികം പണംകൊടുത്ത് മെഡിക്കല്‍ കോളേജില്‍വരെ പഠിപ്പിക്കുന്നതായി അറിയാം. മാവോയിസ്റ്റ് പ്രസ്ഥാനത്തില്‍ നിന്ന് വിട്ടുവന്നിട്ടുള്ള ചില സ്ത്രീകള്‍ എഴുതിയ ആത്മകഥകളും മറ്റ് ചില പുസ്തകങ്ങളും ഉണ്ട്. അതിലൊക്കെ മാവോയിസ്റ്റ് നേതാക്കള്‍ നടത്തിയ ലൈംഗികചൂഷണത്തെക്കുറിച്ച് – ഐ.എസ്.ഐ.എസ്. ഭീകരര്‍ നടത്തിയതുപോലുള്ള ലൈംഗിക ചൂഷണം – വിശദമായി വിവരിക്കുന്നുണ്ട്.
ഇസ്ലാമിക തീവ്രവാദികളും മാവോയിസ്റ്റുകളും തമ്മില്‍ ബന്ധമുണ്ടെന്ന് ചില സിപിഎം നേതാക്കള്‍ പ്രസ്താവിച്ചിരുന്നല്ലോ.
♠സിപിഎം നേതാക്കളായ പി.ജയരാജനും പി.മോഹനനുമൊക്കെ ഈ ബന്ധത്തെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ സമ്മതിക്കുകയും വിളിച്ചു പറയുകയും ചെയ്തിട്ടുണ്ടല്ലോ. പണ്ട് ഇത് പറഞ്ഞതിന് എനിക്കെതിരെ കേസെടുത്തതാണ്. അതായത് ഇസ്ലാമിക തീവ്രവാദികളും മാവോയിസ്റ്റുകളും തമ്മില്‍ ബന്ധമുണ്ടെന്നും മാവോയിസ്റ്റുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതും മയക്കുമരുന്നുകളും ആയുധങ്ങളും എത്തിച്ചുകൊടുക്കുന്നതും ഇസ്ലാമിക തീവ്രവാദികളാണ് എന്നും പറഞ്ഞതിനാണ് കേസെടുത്തത്. നഗരമാവോയിസ്റ്റുകള്‍ (അര്‍ബന്‍ നക്‌സലുകള്‍) ബൗദ്ധികതലത്തില്‍ സമൂഹത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്. മാവോയിസ്റ്റുകള്‍ക്കെതിരെ ആരും ഒരുതരത്തിലുമുള്ള നടപടികളുമെടുക്കാതിരിക്കാന്‍ ശ്രമിക്കുക, അങ്ങനെ ചെയ്യുന്നവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുക – ഇതിനാണ് അര്‍ബന്‍ നക്‌സലുകള്‍ ശ്രദ്ധിക്കുന്നത്. അര്‍ബന്‍ മേഖലയിലിരുന്ന് മാധ്യമങ്ങളെ കയ്യിലെടുത്ത് ജനങ്ങളുടെ ഇടയില്‍ തെറ്റിദ്ധാരണ പരത്താനും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാനുമുള്ള ഒരു മുഖംമൂടി മാത്രമാണ് യഥാര്‍ത്ഥത്തില്‍ അര്‍ബന്‍ നക്‌സലിസം.
മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥയെന്താണ്? ഇനി എത്രകാലം ഇത് നിലനില്‍ക്കും.
♠ഇന്ത്യയില്‍ മാവോയിസത്തിന് ഇനി അധികകാലം നിലനില്പുണ്ടാകില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 46 ഓളം ജില്ലകള്‍ മാവോയിസത്തില്‍ നിന്ന് വിമുക്തമായി. എന്നാല്‍ കേരളത്തില്‍ മാത്രമാണ് മൂന്ന് ജില്ലകള്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ള ജില്ല എന്ന ലിസ്റ്റില്‍ കയറിക്കൂടിയത്. ഇന്ത്യയില്‍ എഴുപത്തിയാറോളം ജില്ലകളിലാണ് മാവോയിസ്റ്റ് സ്വാധീനമുള്ളത്. നേരത്തെ 145 ഓളം ജില്ലകളില്‍ സ്വാധീനമുണ്ടായിരുന്നു. അവിടെയെല്ലാം വികസനം വന്നു. പോലീസ് സ്റ്റേഷനുകളുണ്ടായി. ഇതോടെ ഇവിടുന്നെല്ലാം മാവോയിസ്റ്റുകള്‍ പിന്‍വലിഞ്ഞ് പോകുകയാണ്. ഇനി ഒരു അഞ്ചുവര്‍ഷം കൂടി കഴിയുമ്പോള്‍ അപൂര്‍വ്വം സ്ഥലങ്ങളില്‍ – തീരെ എത്തിപ്പെടാന്‍ സാധിക്കാത്ത പ്രദേശങ്ങള്‍, ചില നഗര കേന്ദ്രങ്ങള്‍, ജെഎന്‍യു പോലുള്ള യൂണിവേഴ്‌സിറ്റികള്‍ – മാത്രം കാണുന്ന ഒരു പ്രതിഭാസമായി മാവോയിസ്റ്റുകള്‍ മാറും. ബാക്കി എല്ലാ ഇടങ്ങളില്‍ നിന്നും ഇവര്‍ ഇല്ലാതാകും. കാരണം റോഡ്, വെള്ളം, ആള്‍ക്കാര്‍ക്ക് ജോലി, വരുമാനം, മറ്റ് വികസനം എന്നിവയൊക്കെ എത്തുന്നതോടെ മാവോയിസത്തിന് അടിത്തറയില്ലതാകും. പഴയതരത്തിലുള്ള ചൂഷണങ്ങളില്ലാതാകുന്നതോടെ മാവോയിസത്തിന്റെ പ്രസക്തി നഷ്ടപ്പെടും. പരമാവധി മുന്നോ നാലോ വര്‍ഷം മാത്രം പ്രസക്തിയുള്ള ഒരു പ്രസ്ഥാനമായി അതുമാറും. മാവോയിസ്റ്റ് ഭീഷണി ഇല്ലാതാക്കുന്നതിനാണ് പ്രഥമ പരിഗണന എന്ന അമിത് ഷായുടെ പ്രസ്താവനയും ശ്രദ്ധിക്കേണ്ടതാണ്.
ഇസ്ലാമിക തീവ്രവാദ സംഘടനകളും മാവോയിസ്റ്റ് സംഘടനകളും യോജിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് ഇന്ന് കാണുന്നത്. മാവോയിസ്റ്റ് നേതാവ് ഗണപതിയുടെ ‘ഇസ്ലാമിക വിപ്ലവത്തെ സ്വാഗതം ചെയ്യുന്നു’ എന്ന പ്രസ്താവന ഏറെ ചര്‍ച്ചയായതാണ്. ഈ സഖ്യത്തെ എങ്ങിനെ കാണുന്നു.
♠മാവോയിസവും ഇസ്ലാമിക തീവ്രവാദവും രണ്ട് വിരുദ്ധ ധ്രുവങ്ങളിലുള്ളതാണ്. 180 ഡിഗ്രി വ്യത്യാസമുണ്ട് അതിന്. തല്‍ക്കാലം അവര്‍ ഒന്നിക്കാന്‍ കാരണം ഇന്ത്യയെ തകര്‍ക്കുക എന്ന ലക്ഷ്യം നേടാന്‍ വേണ്ടിയാണ്. ഇസ്ലാമിക തീവ്രവാദത്തിനറിയാം മാവോയിസത്തിനെ അവര്‍ക്ക് കീഴ്‌പ്പെടുത്താന്‍ കഴിയും എന്ന്. വളരെ നല്ല സംവിധാനത്തോടുകൂടിയ ചില സ്ഥലങ്ങള്‍ മാവോയിസ്റ്റുകളുടെ കയ്യിലുണ്ടെന്ന് അവര്‍ക്കറിയാം. അവിടങ്ങളിലേക്ക് ഇസ്ലാമിക തീവ്രവാദികള്‍ക്കുകൂടി കടന്നു കയറാന്‍ സാധിക്കും. മാവോയിസ്റ്റുകള്‍ നോക്കുമ്പോള്‍ ഇസ്ലാമിസ്റ്റുകളുടെ കയ്യില്‍ പണവും മയക്കുമരുന്നും ആയുധങ്ങളും ആവശ്യത്തിനുണ്ട്. അത് കിട്ടാന്‍ എളുപ്പവുമാണ്. ഈയൊരു കണക്കുകൂട്ടലിലുള്ള സഹകരണമാണ് ഇരുവരും തമ്മിലുള്ളത്.
ഇസ്ലാമിക വിപ്ലവത്തെ സ്വാഗതം ചെയ്ത ഗണപതിയുടെ നിലപാട് വിഡ്ഢിത്തമാണ്. അഥവാ അങ്ങനെയൊരു വിപ്ലവം ഉണ്ടാകുകയാണെങ്കില്‍ അതില്‍നിന്ന് ഉരുത്തിരിയുന്നത് മറ്റൊരു സാമ്രാജ്യമായിരിക്കും. സാമ്രാജ്യത്വ വിരുദ്ധമായിരിക്കില്ല അത്. അവിടെ മറ്റൊരു ഏകാധിപതിയാണ് ഉണ്ടാകുക. മാവോയിസ്റ്റുകള്‍ ധരിച്ചുവെച്ചിരിക്കുന്നത് ഇപ്പോള്‍ കിട്ടുന്ന സഹായം ഇസ്ലാമിസ്റ്റുകളില്‍ നിന്ന് എപ്പോഴും കിട്ടും എന്നായിരിക്കും. ലോകത്ത് മുഴുവന്‍ നോക്കിയാലും ഒരു ഇസ്ലാമിക സ്റ്റേറ്റിലും കമ്മ്യൂണിസമില്ല. ഒരു കമ്മ്യൂണിസ്റ്റ് സ്റ്റേറ്റിലും ഇസ്ലാമിസവുമില്ല. കാരണം രണ്ടും പരസ്പരം എതിര്‍ത്തുപോന്നതാണ്. രണ്ടും രണ്ട് വിരുദ്ധ ധ്രുവങ്ങളിലാണ്. അതാണല്ലോ ചൈനയില്‍ കണ്ടുകൊണ്ടിരിക്കുന്നത്. മുസ്ലീം മതസമൂഹത്തിനെതിരെ രൂക്ഷമായ നടപടികളാണ് ചൈന എടുക്കുന്നത്.
(തുടരും)