കേണല്‍ മെക്കാളെയെ വേലുത്തമ്പി ദളവയും കൊച്ചിയിലെ പാലിയത്തച്ചനും ചേര്‍ന്ന് വധിക്കുവാന്‍ ശ്രമിച്ചതും തുടര്‍ന്നുണ്ടായ യുദ്ധങ്ങളും വേലുത്തമ്പി ദളവയുടെ ആത്മഹത്യയുമെല്ലാം തിരുവിതാംകൂര്‍ ചരിത്രത്തിന്റെ ഭാഗം. മിഷണറിമാര്‍ക്ക് മതംമാറ്റാന്‍ വേണ്ട സഹായങ്ങള്‍ ചെയ്യാമെന്ന് മെക്കാളെക്ക് ഒരു ഉറപ്പ് നല്‍കിയിരുന്നുവെങ്കില്‍ വേലുത്തമ്പിക്ക് പിന്നെയും കുറെ കാലം ജീവിച്ചിരിക്കാമായിരുന്നു.
വേലുത്തമ്പി ഒരു ജനകീയ ഭീഷണിയായി വളര്‍ന്നതോടെ ഇദ്ദേഹത്തെ ദളവ സ്ഥാനത്ത് നിന്ന് നീക്കാന്‍ മെക്കാളെ പണി തുടങ്ങി. ജനപിന്തുണയുള്ള ദളവയെ മാറ്റുന്നത് എളുപ്പമായിരുന്നില്ല. നിസ്സംഗനായ അന്നത്തെ തിരുവിതാംകൂര്‍ രാജാവ് ചിത്രത്തില്‍ ഇല്ലാതാകുകയും രാജാവിന് കീഴിലുള്ള ദളവ ചരിത്രത്തിലേക്ക് കയറി വരികയും ചെയ്തു.
മെക്കാളെയുടെയും ബ്രിട്ടീഷ് കമ്പനിയുടെയും പിന്തുണയോടെ രാജ്യത്ത് നിരന്തരമായി കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന മിഷണറിമാര്‍ക്കെതിരെയും കമ്പനിക്കെതിരെയും 1808ല്‍ വേലുത്തമ്പി അന്തിമയുദ്ധത്തിന് തയ്യാറെടുത്തു. വേലുത്തമ്പിക്ക് പിന്തുണയുമായി കൊച്ചിയിലെ മുഖ്യമന്ത്രിയായ പാലിയത്തച്ചനുമെത്തി. കോഴിക്കോട് സാമൂതിരിയേയും കൂടെ കൂട്ടിക്കൊണ്ട് തിരുവിതാംകൂര്‍, കൊച്ചി, കോഴിക്കോട് സംയുക്ത നീക്കമായിരുന്നു വേലുത്തമ്പിയുടെ പദ്ധതി. എന്നാല്‍ പൂര്‍വ വൈരാഗ്യത്തിന്റെ പേരില്‍ സാമൂതിരി തിരുവിതാംകൂറിനെയും കൊച്ചിയേയും ഒറ്റിക്കൊടുത്തു. മെക്കാളെയെ വധിക്കുവാന്‍ വേലുത്തമ്പിയും പാലിയത്തച്ചനും ചേര്‍ന്ന് നടത്തിയ നീക്കം പരാജയപ്പെട്ടു.
രാജ്യത്തിനുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ അപ്പപ്പോള്‍ സായിപ്പിനെ അറിയിക്കേണ്ട ചാരപ്പണിയുടെ ചുമതല പുതു ക്രിസ്ത്യാനികളെ ബ്രിട്ടീഷുകാര്‍ ഏല്‍പ്പിച്ചു കൊടുത്തു. വേദമാണിക്യം ഇതില്‍ സുപ്രധാനിയായിരുന്നു. കേണല്‍ മെക്കാളെ അടക്കമുള്ള ബ്രിട്ടീഷ് ഭരണാധികാരികളുമായും മിഷണറിമാരുമായുള്ള ഇയാളുടെ അടുത്ത ബന്ധവും അവരുടെ ആജ്ഞാനുവര്‍ത്തിയായി ഇയാള്‍ പ്രവര്‍ത്തിക്കുന്നതും സമൂഹം ശ്രദ്ധിച്ചിരുന്നു. വേദമാണിക്യത്തിന്റെ ചാരപ്പണിയെപ്പറ്റി കൃത്യമായി വിവരം കിട്ടിയ തിരുവിതാംകൂര്‍ രാജാവ് ഇയാളെ കൈയാമം വെച്ച് കൊണ്ടുവരാന്‍ ഉത്തരവിട്ടു. ഇയാളും സംഘവും മരുത്വമലയിലേക്ക് രക്ഷപ്പെട്ടു ഒളിവില്‍ കഴിഞ്ഞു.
1809 ജനുവരി പതിനൊന്നാം. തിയ്യതിയാണ് ബ്രിട്ടീഷ് അധിനിവേശ ശക്തികള്‍ക്കെതിരായ ഇന്ത്യാ ചരിത്രത്തിലെ ആദ്യത്തെ യുദ്ധപ്രഖ്യാപനം നടക്കുന്നത്. കുണ്ടറ വിളംബരം എന്നാണ് ഇത് ചരിത്രത്തിലറിയപ്പെടുന്നത്. കുണ്ടറയിലെ ഇളമ്പല്ലൂര്‍ ക്ഷേത്ര മൈതാനത്ത് തദ്ദേശവാസികളെ വിളിച്ചുകൂട്ടി വേലുത്തമ്പി നടത്തിയ പ്രഖ്യാപനം ഇതായിരുന്നു: ”അധിനിവേശ ശക്തികളായ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കാര്‍ നീചന്‍മാരും ചതിയന്‍മാരും മനുഷ്യത്വമില്ലാത്തവരുമാണ്. പ്രതിവര്‍ഷം നമ്മള്‍ 8 ലക്ഷം രൂപ കപ്പപ്പണം കൊടുക്കുന്നതു കൊണ്ടൊന്നും അവര്‍ തൃപ്തരാകുന്നില്ല. ഏതു മാര്‍ഗ്ഗത്തിലൂടെയും തിരുവിതാംകൂറിനെ കൈക്കലാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അങ്ങിനെ സംഭവിച്ചാല്‍ നമ്മുടെ സംസ്‌കാരം തകരും. നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായ ക്ഷേത്രങ്ങള്‍, ധര്‍മ്മസ്ഥാപനങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവയെല്ലാം അവര്‍ തകര്‍ക്കും. മാത്രമല്ല മതവല്‍ക്കരണത്തിന് വേണ്ടി റസിഡന്റ് എല്ലാ കാര്യങ്ങളിലും അനാവശ്യമായി ഇടപെടുന്നു. തിരുവിതാംകൂറിനെ ആക്രമിച്ച് കീഴടക്കുവാന്‍ ആയിരക്കണക്കിന് ബ്രിട്ടീഷ് പട്ടാളക്കാര്‍ വന്നുകൊണ്ടിരിക്കുന്നു. എന്തു വില കൊടുത്തും ജനങ്ങള്‍ ഉണര്‍ന്നു ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ രാജ്യം തന്നെ നമുക്ക് നഷ്ടമായെന്ന് വരും.”
ഇത്രയും കൃത്യമായി ബ്രിട്ടീ ഷുകാരെ വിലയിരുത്തിയ ഭാരത ചരിത്രത്തിലെ ആദ്യത്തെ വ്യക്തിയായിരുന്നു വേലുത്തമ്പി ദളവ. 1809 ജനുവരി പതിനഞ്ചാം തിയ്യതി വേലുത്തമ്പിയും ബ്രിട്ടീഷ് സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. മെക്കാളെ തിരുവിതാംകൂറിന്റെ നായര്‍ സൈന്യത്തെ പിരിച്ചുവിട്ട് വേലുത്തമ്പിയെ നിരായുധനാക്കി. ഇതോടെ തിരുവിതാംകൂറിന്റെ നായര്‍ ആയുധപ്പുരകള്‍ മെക്കാെളയുടെ നിയന്ത്രണത്തിലായി. തിരുവിതാംകൂര്‍ രാജാവ് സായിപ്പുമായി സന്ധിക്ക് തയ്യാറായിയെന്ന് മാത്രമല്ല ഒത്തുതീര്‍പ്പിന് മുന്‍കൈ എടുത്ത പട്ടാളക്കാര്‍ക്ക് 60 രൂപയും ഓരോ പുതപ്പും പാരിതോഷികമായി നല്‍കുകയും ചെയ്തു. ഒത്തുതീര്‍പ്പ് എന്ന് പറയുന്നതിനെക്കാള്‍ ഇത് തിരുവിതാംകൂറിന്റെ സമ്പൂര്‍ണ കീഴടങ്ങലായിരുന്നു. വേലുത്തമ്പിയെ ജീവനോടെ 24 മണിക്കൂറിനകം തങ്ങള്‍ക്ക് പിടിച്ചുനല്‍കണമെന്നതായിരുന്നു സായിപ്പിന്റെ ഉപാധി. സായിപ്പിന്റെ വിദ്വേഷം മുഴുവനും വേലുത്തമ്പിയോട് മാത്രമായിരുന്നു. ബ്രിട്ടീഷുകാരുമായി വേലുത്തമ്പി നടത്തുന്ന യുദ്ധം തന്റെ ജീവന് തന്നെ ഭീഷണിയാകുമെന്ന് മനസ്സിലാക്കിയ രാജാവ് വേലുത്തമ്പിയെ ദളവ സ്ഥാനത്ത് നിന്ന് മാറ്റിയതായി പ്രഖ്യാപിച്ച് സന്ധി ഉറപ്പിച്ചു. 1809 ഫെബ്രുവരിയിലായിരുന്നു ഇത്.
വേലുത്തമ്പിയെ പിടിച്ച് കെട്ടാന്‍ തിരുവിതാംകൂറിന്റെയും ബ്രിട്ടന്റെയും സൈന്യങ്ങള്‍ തിരുവിതാംകൂര്‍ അരിച്ചുപെറുക്കി. വേലുത്തമ്പിയെ പിടിച്ച് കെട്ടുന്നവര്‍ക്ക് പ്രഖ്യാപിച്ചിരുന്ന ഇനാം 50000 രൂപയായിരുന്നു. ഇത് 1809 ല്‍ ആണെന്നോര്‍ക്കണം. സ്വന്തം രാജാവും വിദേശികളും ഒന്നിച്ച് വേട്ടയാടുവാന്‍ തുടങ്ങിയിട്ടും വേലുത്തമ്പി തളര്‍ന്നില്ല. തമ്പി പല ഊടുവഴികളും നാട്ടുവഴികളും കടന്ന് രാത്രി കിളിമാനൂര്‍ കൊട്ടാരത്തിലെത്തി. അവിടെ നിന്ന് രാത്രി ഭക്ഷണം കഴിച്ച് തന്റെ മുദ്രവാള്‍ കൊട്ടാരത്തില്‍ ഏല്‍പ്പിച്ചു. (ഈ വാള്‍ ഇപ്പോള്‍ തിരുവനന്തപുരം മ്യൂസിയത്തിലുണ്ട്).
അതിന് ശേഷം വേലുത്തമ്പിയും അനിയന്‍ പത്മനാഭത്തമ്പിയും കൂടി മണ്ണടി ക്ഷേത്രത്തില്‍ ഒളിസങ്കേതം ഒരുക്കി. എന്നാല്‍ ബ്രിട്ടീഷുകാര്‍ ഇതറിയുകയും ക്ഷേത്രം വളയുകയും ചെയ്തു. ഇനി ആത്മഹത്യയല്ലാതെ വേറെ വഴിയില്ലെന്ന് തീരുമാനിച്ച വേലുത്തമ്പി തന്റെ സഹോദരനോട് തന്റെ നെഞ്ചില്‍ കഠാര കുത്തിയിറക്കുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അനുജന്‍ അതിന് തയ്യാറാകാതിരുന്നപ്പോള്‍ വേലുത്തമ്പി സ്വയം നെഞ്ചിലേക്ക് കഠാര ഇറക്കി. എന്നിട്ടും മരിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അനുജനോട് വാള്‍ എടുത്ത് തന്റെ തല വെട്ടിമാറ്റുവാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അനുജന്‍ ഒറ്റ വെട്ടിന് വേലുത്തമ്പിയുടെ തല വേര്‍പെടുത്തി. ക്ഷേത്ര വാതില്‍ പൊളിച്ച് അകത്തെത്തിയ ബ്രിട്ടീഷുകാര്‍ കണ്ടത് തലയില്ലാത്ത വേലുത്തമ്പിയുടെ ശരീരമാണ്.
വേലുത്തമ്പിയുടെ മരണം മിഷണറിമാരില്‍ ഉണ്ടാക്കിയ സന്തോഷം ചെറുതല്ല. മിഷണറിപട്ടാളം ഈ മൃതദേഹം തിരുവനന്തുരത്തെ കണ്ണമൂലക്കുന്നില്‍ കൊണ്ടുവന്ന് മരത്തില്‍ കെട്ടി പ്രദര്‍ശിപ്പിച്ചു. തൊട്ടടുത്ത മാസം 1809 ഏപ്രില്‍ പത്താം തിയ്യതി വേലുത്തമ്പിയുടെ അനുജന്‍ പത്മനാഭത്തമ്പിയെ കൊല്ലത്ത് വെച്ച് ഇവര്‍ തൂക്കിക്കൊന്നു.
ബ്രിട്ടീഷ് കമ്പനി തിരുവിതാംകൂറിനെ ഒന്നുകൂടി തകര്‍ക്കുവാനുള്ള ഒരു അടവുകൂടി ഇവിടെയും എടുത്തു. വേലുത്തമ്പി ദളവയുമായി കമ്പനി നടത്തിയ യുദ്ധം മൂലം പത്ത് ലക്ഷത്തിനു പതിനായിരം രുപയുടെ നഷ്ടം ഇംഗ്ലീഷ് കമ്പനിക്ക് വന്നിട്ടുണ്ടെന്നും ഈ നഷ്ടം കൂടി തിരുവിതാംകൂര്‍ നല്‍കണമെന്നും സായിപ്പ് ഉത്തരവിട്ടു. ഇതോടെ കപ്പ കുടിശ്ശിക വല്ലാതെ വര്‍ദ്ധിച്ചു.
വേലുത്തമ്പിയുടെ മരണത്തോടെ തിരുവിതാംകൂര്‍ ബ്രിട്ടീഷുകാരുടെയും മിഷണറിമാരുടെയും സുരക്ഷിത സ്ഥാനമായി. തടസ്സങ്ങളെല്ലാം നീങ്ങി. ബ്രിട്ടീഷുകാര്‍ പറഞ്ഞ എല്ലാ കാര്യങ്ങളും തിരുവായ്ക്ക് എതിര്‍വായ് ഇല്ലാതെ തിരുവിതാംകൂര്‍ രാജാവും പുതിയ ദളവയായ ഉമ്മിണിത്തമ്പിയും ചേര്‍ന്ന് ചെയ്തുകൊടുത്തു – സ്വന്തം രാജ്യത്തെ വിദേശികള്‍ക്ക് ചാരപ്പണി ചെയ്തതിനെ തുടര്‍ന്ന് ഒളിവില്‍ പോകേണ്ടി വന്ന വേദമാണിക്യവും സംഘവും കൂടുതല്‍ മാന്യന്മാരായി തെക്കന്‍ തിരുവിതാംകൂറില്‍ നടന്ന് വിലസി- വേലുത്തമ്പി ആത്മഹുതി ചെയ്ത 1809 ല്‍ തന്നെ മൈലാടിയില്‍ ആദ്യത്തെ പ്രൊട്ടസ്റ്റന്റ് സഭ പിറവി എടുത്തു – ഹിന്ദു സമൂഹം മാത്രമല്ല മറ്റു ക്രൈസ്തവസഭകളും പുതിയ സഭയുടെ പിറവിയെ ആശങ്കകളോടെയാണ് കണ്ടത്.1809 ല്‍ വേലുത്തമ്പി കുടുംബത്തെ കൊന്നും നാടുകടത്തിയും ഇല്ലാതാക്കുന്നതില്‍ ബ്രിട്ടീഷ് – പാതിരി സഖ്യം വിജയിച്ചു. ബ്രിട്ടീഷ് – പാതിരി സഖ്യത്തിന് അതോടെ തിരുവിതാംകൂര്‍, കൊച്ചി മേഖലകളില്‍ എതിരാളികള്‍ ഇല്ലാതായി. മതംമാറ്റത്തിനായി വലിയൊരു പ്രദേശം. വ്യത്യസ്തങ്ങളായ നിരവധി ജനങ്ങളും സമൂഹങ്ങളും മാര്‍ഗ്ഗങ്ങളും. എവിടെ നിന്ന് തുടങ്ങണമെന്നറിയാതെയുള്ള ഒരു ആശയക്കുഴപ്പം പ്രൊട്ടസ്റ്റന്റ് മിഷണറിമാരില്‍ ഉണ്ടായി.
ഇന്ത്യയിലേക്ക് ആവശ്യപ്രകാരം ഇറക്കുമതി ചെയ്യുവാന്‍ വേണ്ട മിഷണറി ബലം അപ്പോള്‍ ആംഗ്ലിക്കന്‍ സഭക്ക് ഇല്ലായിരുന്നു. ഓരോരുത്തരെയും നേരില്‍ കണ്ട് സുവിശേഷം പ്രസംഗിച്ച് മതംമാറ്റുന്നതിനെക്കാള്‍ എളുപ്പത്തില്‍ മററു ജനവിഭാഗങ്ങള്‍ക്കുള്ളില്‍ നുഴഞ്ഞ് കയറി തട്ടിമറിച്ച് തങ്ങളുടെ പക്ഷത്തേക്കിടുക എന്നതായിരുന്നു ഇവിടെയും തന്ത്രം. സഭകള്‍ക്കുള്ളില്‍ അന്നും നിരവധി അഭ്യന്തര പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ബ്രിട്ടീഷുകാര്‍ ഭരിക്കുന്ന മദ്രാസ് ഗവണ്‍മെന്റിന് കീഴിലായിരുന്നു ഈ പ്രദേശങ്ങള്‍. അതുകൊണ്ട് ബ്രിട്ടീഷുകാര്‍ക്ക് അവരുടെ സഭയുടെ ഇഷ്ടാനുസരണം ഇതിലെല്ലാം ഇടപെടാന്‍ എളുപ്പമായിരുന്നു. തിരുവിതാംകൂറില്‍ അധികാരം കൈയാളിയിരുന്ന ബ്രിട്ടീഷ് സായിപ്പ് കേണല്‍ മണ്‍റോ ഇത്തരം ഇടപെടലുകളുടെ ഒരു ആശാനായിരുന്നു. മാര്‍ത്തോമ മലങ്കര സഭക്കാര്‍ക്ക് ഒരു സെമിനാരി ഉണ്ടാക്കണമെന്ന ആഗ്രഹം സഫലമാകുവാന്‍ രംഗത്തിറങ്ങിയത് ഈ സഭയെ വിഴുങ്ങുവാന്‍ തക്കം നോക്കി നടക്കുന്ന ആംഗ്ലിക്കന്‍ സഭക്കാരനായ മണ്‍റോ ആയിരുന്നുവെന്നറിയുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണല്ലോ. പ്രതിഫലമായി മലങ്കര സെമിനാരിയില്‍ അദ്ധ്യാപകനായി എതിര്‍ വിശ്വാസക്കാരനായ പ്രൊട്ടസ്റ്റന്റ് പാതിരി റവ. നോര്‍ട്ടനെ നിയമിക്കുവാന്‍ കേണല്‍ മണ്‍റോ ആവശ്യപ്പെട്ടു. സുറിയാനി കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ വിരുദ്ധ ആശയക്കാരനെ അദ്ധ്യാപകനാക്കിയാല്‍ ഭാവിയില്‍ ഉണ്ടാകുവാന്‍ പോകുന്ന വിപത്ത് സുറിയാനിക്കാരന്‍ മുന്‍കൂട്ടി കണ്ടു. അതിനാല്‍ സുറിയാനി വിശ്വാസത്തില്‍ അദ്ധ്യാപകനായി വിരുദ്ധ വിശ്വാസക്കാരനായ പ്രൊട്ടസ്റ്റന്റുകാരനെ വെക്കാന്‍ അവര്‍ അനുവദിച്ചില്ല.
വലിയ വിശ്വാസി സമൂഹം കേരളക്കരയില്‍ അപ്പോള്‍ ആയിട്ടില്ലാത്ത ആംഗ്ലിക്കന്‍ സഭക്കാര്‍ മാര്‍ത്തോമസഭക്കാരന്റെ ചിലവില്‍ ആംഗ്ലിക്കന്‍ വിശ്വാസം പ്രചരിപ്പിക്കാനുള്ള പദ്ധതിയിലായിരുന്നു. ഭരണത്തിന്റെ സ്വാധീനവും നയവുമുള്ള അവര്‍ ഇത്തരം എതിര്‍പ്പുകളെ വകവെക്കാതെ മലങ്കര മാര്‍ത്തോമക്കാരുമായി അടുക്കുവാനുള്ള തന്ത്രങ്ങള്‍ തയ്യാറാക്കി. ഇതിന്റെ ഭാഗമായി മലങ്കര സുറിയാനി വിശ്വാസക്കാര്‍ സര്‍ക്കാരിലെ ഉന്നത സ്ഥാനങ്ങളില്‍ ജഡ്ജി സ്ഥാനങ്ങളില്‍ അടക്കം നിയമിക്കപ്പെടുവാന്‍ തുടങ്ങി. സ്ഥാനമാനങ്ങള്‍ നല്‍കി ഒരു വിഭാഗത്തെ തങ്ങളുടെ കൂടെ നിര്‍ത്തുക എന്ന തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇത്.
ആംഗ്ലിക്കന്‍ സഭക്കാര്‍ ക്രമേണ ലക്ഷ്യം കാണുവാന്‍ തുടങ്ങി. മലങ്കരസുറിയാനി വിശ്വാസിയുടെ സെമിനാരികളിലും പള്ളികളിലുമെല്ലാം ആംഗ്ലിക്കന്‍ മിഷണറിമാരും കൂടി ചേര്‍ന്നുള്ള സംയുക്ത ഭരണമായി. ആരാണ് യഥാര്‍ത്ഥ ഉടമസ്ഥന്‍ എന്ന് പോലും തിരിച്ചറിയുവാന്‍ കഴിയാത്ത അവസ്ഥ – ഇത് കൂടാതെ ആംഗ്ലിക്കന്‍ മിഷണറിമാര്‍ 1818 ഡിസംബര്‍ 3ന് മാവേലിക്കരയില്‍ സുറിയാനിക്കാരുടെ ഒരു പൊതുയോഗവും വിളിച്ച് കൂട്ടി. കേണല്‍ മണ്‍റോയായിരുന്നു ഇതിന്റെ ബുദ്ധികേന്ദ്രം.
മലങ്കര സുറിയാനി സഭയുടെ ഈ യോഗത്തിലെ മുഖ്യ പ്രാസംഗികര്‍ ആംഗ്ലിക്കന്‍ പ്രൊട്ടസ്റ്റന്റ് മിഷണറിയായ ജോസഫ് ഫെന്‍ ആയിരുന്നു. ഇയാള്‍ മലങ്കരക്കാരുടെ അടിസ്ഥാന വിശ്വാസങ്ങളെ തന്നെ തള്ളിപ്പറഞ്ഞു. ‘മലങ്കര സഭ നൂറ്റാണ്ടുകളിലൂടെ’ എന്ന പുസ്തകത്തില്‍ നിന്ന് വിശുദ്ധ കുര്‍ബ്ബാനയും തക്‌സായും ശുശ്രൂഷ ക്രമങ്ങളും പാടെ പരിഷ്‌ക്കരിക്കണമെന്നും മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ നീക്കണമെന്നും ജോസഫ് ഫെന്‍ ശക്തമായി പറയുകയുണ്ടായി. ഇത് ചരിത്രത്തിന്റെ ഒരു തനിയാവര്‍ത്തനമായിരുന്നു. 219 കൊല്ലം മുമ്പ് 1599 ല്‍ പോര്‍ച്ചുഗീസ് പാതിരി മെനസീസ് അന്നത്തെ മലങ്കര നസ്രാണി സഭയെ തന്റെ റോമന്‍ കത്തോലിക്ക സഭയാക്കി മാറ്റുവാന്‍ ഉദയംപേരുരില്‍ സുന്നഹദോസ് (മതസമ്മേളനം) വിളിച്ചപ്പോഴും സംഭവിച്ചത് ഇത് തന്നെയായിരുന്നു. മലങ്കരക്കാരന്റെ വിശ്വാസങ്ങളൊക്കെ തെറ്റാണെന്നും റോമന്‍ വിശ്വാസങ്ങള്‍ മാത്രമാണ് ശരിയെന്നുമുള്ള പരസ്യ പ്രഖ്യാപനമായിരുന്നു അന്ന് മലങ്കര നസ്രാണികളെ മുമ്പില്‍ ഇരുത്തി മെനസിസ് നടത്തിയത്.
മലങ്കര സുറിയാനികളെ വിഴുങ്ങുക എന്ന ലക്ഷ്യത്തില്‍ ആംഗ്ലിക്കന്‍ സഭ ഒന്നിനു പുറകെ ഒന്നായി തന്ത്രങ്ങള്‍ മെനഞ്ഞു. തങ്ങളുടെ ആജ്ഞകള്‍ അനുസരിക്കുന്ന ആരെയും സഹായിക്കുക എന്നതായിരുന്നു നയം. തിരുവിതാംകൂര്‍, കൊച്ചി രാജാക്കന്മാര്‍ വരുതിയിലായതു കൊണ്ട് രാജകീയ കല്‍പ്പനകള്‍ പുറപ്പെടുവിക്കുവാനൊന്നും ഈ ബ്രിട്ടിഷ് സഭക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായില്ല. സ്വയം പരിഷ്‌ക്കരണവാദികളെന്ന് വിളിച്ചിരുന്ന ആംഗ്ലിക്കന്‍ സഭക്കാര്‍ തങ്ങളുടെ മിഷണറിമാരെ മലങ്കര സെമിനാരികളില്‍ താമസിപ്പിക്കുവാന്‍ മാത്രമല്ല മലങ്കരക്കാരുടെ പള്ളിയോഗങ്ങളില്‍ വരെ ആശയക്കുഴപ്പങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാക്കുവാന്‍ ഇടപെട്ടു. ബെഞ്ചമിന്‍ ബയ്‌ലി, ജോസഫ് ഫെന്‍, ഹെന്റി ബേക്കര്‍, ജോസഫ് പീറ്റ്, വുഡ്‌കോക്ക് തുടങ്ങിയ ബ്രിട്ടിഷ് മിഷണറിമാര്‍ ഔദ്യോഗികമായി തന്നെ മലങ്കര സഭക്കുള്ളില്‍ പ്രൊട്ടസ്റ്റന്റ് സഭക്ക് വേണ്ടി പണിയെടുത്തവരായിരുന്നു. ഇവര്‍ക്ക് മലങ്കര മാര്‍തോമസഭക്കുള്ളില്‍ തങ്ങളുടെ ചില പിന്‍ഗാമികളെ സൃഷ്ടിച്ചുവെങ്കിലും പൊതുവില്‍ സഭകള്‍ തമ്മില്‍ അകലുകയാണുണ്ടായത്.
1599 ല്‍ റോമന്‍ കത്തോലിക്കക്കാരനായ പറങ്കി പാതിരി മെനസിസ് ഉദയംപേരൂരില്‍ സുന്നഹദോസ് നടത്തി അന്നത്തെ മലങ്കര നസ്രാണി സഭക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയ പോലെ ഇവിടെയും ചരിത്രത്തിന്റെ തനിയാവര്‍ത്തനം ഉണ്ടായി. മെനസിസിന്റെ സ്ഥാനത്ത് കല്‍ക്കട്ടബിഷപ്പ് പ്രൊട്ടസ്റ്റന്റുകാരനായ ദാനിയല്‍ വില്‍സണ്‍ ആയിരുന്നുവെന്ന് മാത്രം. ഇദ്ദേഹം 1835 നവംബര്‍ 21ന് കോട്ടയത്ത് എത്തുകയും ദിവന്നാസ്യോസ് ബിഷപ്പുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ചര്‍ച്ച എന്ന് പറയാമെങ്കിലും പ്രത്യേകിച്ച് ചര്‍ച്ചയൊന്നും നടന്നില്ല. പകരം മലങ്കര സഭയെ നിയന്ത്രിക്കുവാനും ആംഗ്ലിക്കന്‍ ബ്രിട്ടിഷ് സഭ കാലങ്ങളായി മലങ്കരക്കാരോട് പറയുന്ന കാര്യങ്ങള്‍ അനുസരിച്ച് ജീവിക്കുവാന്‍ ആവശ്യപ്പെട്ടു. അവ ഇങ്ങനെയായിരുന്നു.
1)മലങ്കര പള്ളികളിലെ വരവ് ചിലവ് കണക്കുകള്‍ ബ്രിട്ടിഷ് റെസിഡന്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കണം.
2) വൈദികപട്ടം നല്‍കുവാന്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപത്രം വേണം
3) മരിച്ച കുര്‍ബാനക്ക് പട്ടക്കാര്‍ക്ക് പണം നല്‍കുവാന്‍ പാടില്ല
4) കുര്‍ബാന തക്‌സ ചുരുക്കി ക്രമീകരിക്കണം
ഇങ്ങനെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി 1836 ജനുവരി 16ന് മാവേലിക്കരയില്‍ ചേര്‍ന്ന മത സമ്മേളനം കല്‍ക്കത്ത ബിഷപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളഞ്ഞു. പരിശുദ്ധ പാത്രിയര്‍ക്കീസിന്റെ സമ്മതമില്ലാതെ യാതൊരു ഭേദഗതിയും സഭയില്‍ വരുത്തുവാന്‍ പാടില്ലായെന്നും യാക്കോബായ വിശ്വാസമല്ലാതെ മറ്റൊരു വിശ്വാസവും തങ്ങള്‍ സ്വീകരിക്കുകയില്ലെന്നും തീരുമാനിച്ചു. ഇതോടെ സുറിയാനിക്കാരനും ആംഗ്ലിക്കന്‍ മിഷണറിമാരും തമ്മിലുള്ള സഹകരണം അവസാനിച്ചു.അവരോട് ആഭിമുഖ്യമുണ്ടായിരുന്നവര്‍ക്ക് വേണ്ടി പ്രത്യേക പള്ളികള്‍ സ്ഥാപിച്ചു. കുറെ ആളുകള്‍ അവരോട് ചേരുകയും അങ്ങിനെ ആംഗ്ലിക്കന്‍ സഭ രൂപീകരിക്കുകയും ചെയ്തു. (മലങ്കര സഭ നൂറ്റാണ്ടുകളിലൂടെ) സായിപ്പിന്റെ കൃപാകടാക്ഷത്താല്‍ ജഡ്ജി സ്ഥാനം അടക്കമുള്ള ഗുമസ്ഥപണിയില്‍ വ്യാപൃതരായവരായിരുന്നു മലങ്കര സഭയില്‍ നിന്ന് പ്രൊട്ടസ്റ്റന്റ് സഭയിലേക്ക് പോയവരില്‍ അധികവും.
(തുടരും)