മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വം ഫണ്ടില്‍ നിന്നും പണം നല്‍കുന്നത് സെക്ഷന്‍ 27 വിലക്കിയിട്ടില്ലാത്തതിനാല്‍ പണം നല്‍കിയ നടപടി ശരിയാണെന്നാണ് കോടതി നിലപാടെങ്കില്‍ ഒരു കാര്യം വ്യക്തമാവുന്നു. ആക്ട് വ്യവസ്ഥകള്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന ന്യായത്തില്‍ ആകാശത്തിന് കീഴിലുള്ള വിലക്കേര്‍പ്പെടുത്താത്ത എല്ലാകാര്യങ്ങള്‍ക്കും ദേവസ്വം ഫണ്ടില്‍ നിന്നും പണം ചെലവഴിക്കാമെന്നല്ലേ കോടതി നിരീക്ഷണത്തോടെ നിയമസ്ഥിരീകരണമായി മാറുന്നത്. ഈവിധമുള്ള നിരീക്ഷണവും വ്യാഖ്യാനവും കോടതി ഉത്തരവുകളും ദേവസ്വം ഫണ്ടിന്റെ സുരക്ഷിതത്വത്തിന് തന്നെ ഭീഷണിയാവും. അത് സ്റ്റാറ്റിയൂട്ടിന് വിരുദ്ധവും, ഭരണഘടനാ പരിരക്ഷയുടെ നിഷേധവും OP No. 314/73 പ്രകാരമുള്ള ഹൈക്കോടതി വിശാലബഞ്ച് വിധിയുടെ ലംഘനവും കൂടിയാവുന്നു. ദേവസ്വം ബഞ്ച് ദേവന്റെ ഭാഗം പരിഗണിക്കാന്‍ ബാധ്യസ്ഥരല്ലേ?
തുടര്‍ന്ന് സെക്ഷന്‍ 27-ലെ തലവാചകത്തില്‍ ”ഏതാനും കാര്യങ്ങള്‍ക്ക് പണം ചെലവഴിക്കാനുള്ള” എന്ന പരാമര്‍ശത്തില്‍ മുഴുവന്‍ കാര്യങ്ങള്‍ എന്ന് വരുന്നില്ലെന്നും കോടതി പറയുന്നു. അതായത് ആക്ട് വ്യവസ്ഥ 27ന്റെ തലവാചകത്തെ കുറിച്ചാണ് കോടതിയുടെ കണ്ടെത്തല്‍ – ആ തലവാചകം ഇപ്രകാരമാണ്.””Authority Committee Ao incur Expenditure for Certain purpose”ഇതിലെ ” Certain” എന്ന വാക്കിന് സാമാന്യമായ അര്‍ത്ഥം പരിശോധിച്ചാല്‍ കാണാവുന്ന നിരവധി പ്രധാന അര്‍ത്ഥങ്ങള്‍ നിലവിലുണ്ട്. സുനിശ്ചിതമായ, തീര്‍ച്ചയായ, നിസ്സംശയമായ, തീരുമാനിച്ച, ഉറച്ച, നിയതമായ, ഒഴിവാക്കാനാവാത്ത, ഉറപ്പുള്ള, കുറേ, ഏതാനും എന്നിവയാണവ. ഇവയില്‍ കോടതി സ്വീകരിച്ച അര്‍ത്ഥം ഏറ്റവും ഒടുവിലത്തേതായ ”ഏതാനും” എന്ന വാക്കാണ്. അതുവഴി സ്റ്റാറ്റിയൂട്ട് പ്രകാരമല്ലാത്ത ചെലവിനെയും നടപടികളെയും സാധൂകരിക്കാനുള്ള അനുകൂലാവസ്ഥയും പഴുതും ഭരണസമിതിക്ക് ലഭ്യമാവുകയും ശ്രീഗുരുവായൂരപ്പനും ഹിന്ദുമതസമുദായത്തിനും ഭരണഘടനാപരമായ പരിരക്ഷയും ആക്ട് വ്യവസ്ഥകളുടെ സംരക്ഷണവും അന്യമാവുകയും ചെയ്തു.
ഒരു സ്റ്റാറ്റിയൂട്ടിലെ ഒരു സെക്ഷന്റെ തല വാചകം കൊണ്ട് ആ സ്റ്റാറ്റിയൂട്ട് പ്രകാരം സ്വീകരിച്ച അധികാര സ്ഥാനത്തിന്റെ അധികാരം തീരുമാനിക്കാനാവില്ല എന്നും കോടതി സ്ഥിരീകരിക്കുന്നു. സ്റ്റാറ്റിയൂട്ട് അനുസരിച്ചല്ല അധികാരസ്ഥാനം ദേവസ്വം ഫണ്ട് സര്‍ക്കാരിന് കൈമാറിയതെന്ന വൈരുദ്ധ്യം വെള്ളപൂശാനുള്ള ശ്രമം നിയമാനുസൃതം നിലനില്‍ക്കുന്നതാണോ? ഒരു സ്റ്റാറ്റിയൂട്ടിലെ ഒരു സെക്ഷന്റെ തലവാചകം കൊണ്ട് അധികാരസ്ഥാനത്തിന്റെ അധികാരം തീരുമാനിക്കാനാവില്ലെങ്കില്‍ ആരാണ്, എപ്രകാരമാണ്, എന്തിനാലാണ് എന്തടിസ്ഥാനത്തിലാണ് ആ ”അധികാരം” നിര്‍ണ്ണയിക്കപ്പെടുന്നത്. അധികാരസ്ഥാനം തന്നെയോ, സര്‍ക്കാരോ, കോടതിയോ ആണ് ആ അധികാരം തീരുമാനിക്കുന്നതെങ്കില്‍ സ്റ്റാറ്റിയൂട്ടിന്റെയും അതിലെ വ്യവസ്ഥകളുടെയും തലവാചകങ്ങളുടെയും സാംഗത്യമെന്താണ്? ആവശ്യവും പ്രസക്തിയുമെന്താണ്? കോടതി ചൂണ്ടിക്കാണിക്കുന്ന ആക്ട് വ്യവസ്ഥ 27ലെ തലവാചകത്തിന് ശേഷം തുടര്‍ന്നുള്ള വ്യവസ്ഥ ദേവസ്വം ഫണ്ടിന്റെ വിനിയോഗാധികാരം സംബന്ധിച്ച് കൃത്യതയും വ്യക്തതയും ഉറപ്പാക്കുന്നുണ്ട്.
“The committee may after making adequate provision for the purposes refered to in subsection (2) of section 21, incur Expenditure out of the funds of devaswom for all or any of the following Purposes namely;-” എന്ന് ആക്ട് 27 വ്യക്തമാക്കുന്നുണ്ട്. തുടര്‍ന്ന് (എ) മുതല്‍ (ജി) വരെ എന്തൊക്കെ കാര്യങ്ങള്‍ക്ക് വേണ്ടി ദേവസ്വം ഫണ്ടില്‍ നിന്നും പണം ഭരണസമിതിക്ക് ചെലവഴിക്കാം എന്ന് വിശദമാക്കുന്നുമുണ്ട്. അതിനര്‍ത്ഥം അവയില്‍ പെടാത്ത യാതൊരു ചെലവഴിക്കലിനും ഭരണ സമിതിക്ക് ആക്ട് വ്യവസ്ഥകള്‍ അനുവാദം നല്‍കുന്നില്ലെന്നതാണ്. ഭരണഘടന ആര്‍ട്ടിക്കിള്‍ 26 അനുസരിച്ച് ഹിന്ദുമത സമുദായത്തിന് മതസ്ഥാപനങ്ങള്‍ നടത്താനും, ഫണ്ട് മത കാര്യങ്ങള്‍ക്ക് വേണ്ടി മാത്രം ചെലവഴിക്കാനും നല്‍കുന്ന അവകാശാധികാരത്തിന്റെ കടയ്ക്കലാണ് ദേവസ്വം ബഞ്ച് കത്തിവെച്ചിരിക്കുന്നത്. ഹിന്ദുമതകാര്യങ്ങള്‍ക്ക് വേണ്ടി മാത്രമേ ദേവസ്വം പണം ചെലവഴിക്കാവൂ എന്ന OP 314/73 പ്രകാരമുള്ള വിശാലബഞ്ചിന്റെ വിധിയുടെ ലംഘനമാണ് ഡിവിഷന്‍ ബഞ്ചിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ഒരു പ്രത്യേക ഉദ്ദേശ്യലക്ഷ്യത്തോടുകൂടിയ ട്രസ്റ്റ് സ്വഭാവത്തിലുള്ള സ്ഥാപനങ്ങളുടെ പണം മുന്‍കൂട്ടി നിശ്ചയിച്ച ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് വേണ്ടി മാത്രമേ വിനിയോഗിക്കാവൂ എന്ന AIR 1954 sc 388 (Validity of Bombay Public Trust Act 1950, Ratital Panachand Gandhi Vs State of Bombay) വിധിയിലൂടെ സുപ്രീംകോടതി നടത്തിയ അസന്നിഗ്ദ്ധമായ ഉത്തരവിന്റെ ലംഘനം കൂടിയാണ് ദേവസ്വം ബഞ്ചില്‍ നിന്നും സംഭവിച്ചിട്ടുള്ളതെന്നാണ് മനസ്സിലാവുന്നത്. സ്റ്റാറ്റിയൂട്ടിന് വിരുദ്ധമായ കാര്യങ്ങള്‍ക്ക് പണം ചെലവഴിക്കണമെന്ന് കോടതിക്ക് പോലും നിര്‍ദ്ദേശിക്കാനാവില്ലെന്നാണ് സുപ്രീംകോടതി പ്രസ്തുതവിധിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.
ഒരു സ്റ്റാറ്റിയൂട്ട് മുന്‍നിര്‍ത്തി പ്രായപൂര്‍ത്തിയാവാത്ത പ്രതിഷ്ഠാമൂര്‍ത്തിയുടെ സമ്പത്ത് അന്യാധീനപ്പെടുത്തിയത് തടയാന്‍ സ്വാഭാവിക രക്ഷാകര്‍ത്താക്കളെ സമീപിച്ചതില്‍ ഹിന്ദുത്വം വ്യാഖ്യാനിച്ചാണ് വിധി പറയുന്നതെന്നാല്‍ നിയമവ്യവസ്ഥയുടെ ധാര്‍മ്മികതയ്ക്ക്, നിലനില്‍പ്പിന് എന്തടിസ്ഥാനമാണുള്ളത്. AIR 1976 ലെ SC 1113 വിധി ചൂണ്ടിക്കാട്ടി ഹിന്ദുത്വമെന്നത് ജീവിത രീതിയാണെന്നും ഹിന്ദു യാഥാസ്ഥിതികത്വമല്ലെന്നും സമര്‍ത്ഥിക്കുന്നതിലൂടെ സംഭവിച്ചതെന്താണ്? ഭരണഘടന, ഉപരികോടതി വിധികള്‍, ഹൈക്കോടതി വിശാലബഞ്ച് വിധി, ആക്ട് 14ല്‍ 1978 എന്നിവയുടെ അടിസ്ഥാനത്തില്‍ ധനദുര്‍വ്വിനിയോഗം തടയുന്നതിന് കോടതിയെ സമീപിക്കുന്നു. എന്നാല്‍ ഹര്‍ജിക്കാരന്റെ വാദം ഹിന്ദുയാഥാസ്ഥിതികത്വമായാണ് ദേവസ്വം ബഞ്ച് കണ്ടതും വിലയിരുത്തിയതും എന്നതാണെങ്കില്‍ ഇതില്‍പരം ഒരു അന്യായം വേറെയുണ്ടോ?
ഗുരുവായൂര്‍ ദേവസ്വം ഫണ്ടില്‍ നിന്നും സര്‍ക്കാരിലേക്ക് പണം നല്‍കിയ വിഷയത്തില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്? സനാതനധര്‍മ്മതത്വങ്ങളുടെയും ആക്ട് വ്യവസ്ഥ 27ല്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന വ്യാഖ്യാനവും അടിസ്ഥാനപ്പെടുത്തി ഹര്‍ജിക്കാരന്റെ വാദത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു.
സി.കെ.രാജന്‍ കേസ്സില്‍ (OP.2071/93) കൃഷ്ണനുണ്ണി കമ്മീഷന്‍ ശുപാര്‍ശകള്‍ ദേവസ്വവും സര്‍ക്കാരും പരോക്ഷമായാണ് അംഗീകരിച്ചത് എന്ന് പറയുന്നത് ശരിയല്ല. ജസ്റ്റിസ് പരിപൂര്‍ണ്ണന്‍ ബഞ്ചിന്റെ പ്രസ്തുത വിധി ദേവസ്വവും സര്‍ക്കാരും പരോക്ഷമായി മാത്രമേ അംഗീകരിക്കുന്നുള്ളൂ എന്നാണോ മനസ്സിലാക്കേണ്ടത്? വ്യക്തമാക്കേണ്ടത് ആ നിലപാട് സ്വീകരിക്കുന്നവരാണ്.
സെക്ഷന്‍ 27 പ്രകാരമല്ലാത്ത ചെലവ് നടത്താന്‍ ഭരണസമിതിക്ക് അധികാരമില്ലെന്നാണ് അന്ന് കോടതി അഭിപ്രായപ്പെട്ടത്. ഞങ്ങള്‍ സെക്ഷന്‍ 27നെ മറ്റൊരു വീക്ഷണകോണിലാണ് കണ്ടതെന്ന് ദേവസ്വം ബഞ്ച് വ്യക്തമാക്കുന്നു. സ്റ്റാറ്റിയൂട്ടുകള്‍ക്കുപരി ന്യായാധിപന്‍മാരുടെ വ്യക്തിപരമോ, വ്യത്യസ്തമോ ആയ വീക്ഷണകോണുകളുടേയോ, കാഴ്ചപ്പാടുകളുടേയോ അടിസ്ഥാനത്തിലാണോ ഹര്‍ജികളില്‍ തീര്‍പ്പ് കല്‍പ്പിക്കപ്പെടുന്നത്. സ്റ്റാറ്റിയൂട്ടുകളും, കോടതി ഉത്തരവുകളും മാനിക്കപ്പെടാത്ത ഉത്തരവുകളാല്‍ നീത്യന്യായ നിയമസംവിധാനത്തിന് തീരാക്കളങ്കമുണ്ടാവുന്നത് നല്ല പ്രവണതയാവുമോ? സാമാന്യ നീതിയാവുമോ? സത്യസന്ധതയാവുമോ? വിധിപറയുന്ന അവസരത്തില്‍ സി.കെ. രാജന്‍ കേസിലെ വിധി ചൂണ്ടിക്കാട്ടിയിരുന്നില്ല എന്ന വാദത്തിലൂടെ ഹര്‍ജിക്കാരന്റെ വീഴ്ചയാണ്, WP(C) 19035/19 കേസ്സിലെ വിധിയുടെ ഗതിവിഗതികള്‍ നിയന്ത്രിച്ചതെന്ന് സ്ഥിരീകരിക്കപ്പെടുന്നു. എന്നാല്‍ വിഷയവുമായി പുലബന്ധംപോലുമില്ലാത്ത ഹിന്ദുത്വവും സനാതനധര്‍മ്മവും കോടതി സ്വമേധയാ പരിഗണിച്ചു. അത് ബലപ്പെടുത്താനും, ഭദ്രമാക്കാനും, നിയമാധിഷ്ഠിതമാണെന്ന് വരുത്താനും ഹര്‍ജ്ജിക്കാരന്‍ ചൂണ്ടിക്കാണിക്കാതെ തന്നെ വിധിയില്‍ AIR 1976 Sc 1113 സുപ്രീംകോടതി ഉത്തരവ് തേടിപ്പിടിച്ച് ഉദ്ധരിക്കപ്പെട്ടു. അപ്പോഴും ന്യായാധിപന്‍മാരുടെ ശ്രദ്ധയില്‍ എന്തുകൊണ്ടാണ് ദേവസ്വം ചരിത്രത്തിലെ തന്നെ നാഴികക്കല്ലുകളായ OP No.314 /1973 ഉം, OP No. 2071/93 ഉം പെടാതെ പോയതും പരിഗണിക്കാതെ പോയതും എന്നുള്ളത് വളരെ മര്‍മ്മപ്രാധാന്യമര്‍ഹിക്കുന്നില്ലേ?
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കുന്നത് സെക്ഷന്‍ 27 വിലക്കുന്നില്ല എന്നാണ് ഞങ്ങള്‍ അഭിപ്രായപ്പെട്ടതെന്ന് ഡിവിഷന്‍ ബഞ്ച് പറയുന്നു. ഇത്തരം ഡൊണേഷന്‍ നല്‍കുന്ന കാര്യമല്ല സുപ്രീം കോടതി പരിഗണിച്ചത്. പൊതുതാത്പര്യ ഹര്‍ജിയുടെ പരിധിയാണ് സുപ്രീംകോടതി പരിഗണിച്ചത്. അതുകൊണ്ട് ഈ കേസ് ഒരു വിശാല ബഞ്ച് കേള്‍ക്കേണ്ടതുണ്ട്. (WP (c)19035 /19 തള്ളിയശേഷം സമാനവിഷയത്തില്‍ WP (c)20495/19 ഹര്‍ജി വിശാലബഞ്ചിന് വിട്ടുകൊണ്ടുള്ള വിധിയുടെ ആശയം) ശ്രീ ഗുരുവായൂരപ്പന് പ്രതികൂലമായും ഭരണസമിതിക്ക് അനുകൂലവുമായ സമീപനം പ്രതിഷ്ഠയുടെ രക്ഷാകര്‍ത്താക്കളില്‍ നിന്ന് തന്നെയാണുണ്ടാവുന്നതെന്ന കാര്യം ചിന്തനീയമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കുന്നത് സെക്ഷന്‍ 27 വിലക്കുന്നില്ല എന്ന് സമര്‍ത്ഥിക്കുമ്പോള്‍ മറ്റെന്തൊക്കെ ചെലവുകളാണ് സെക്ഷന്‍ 27 വിലക്കുന്നതെന്ന കാര്യം കൂടി വ്യക്തമാക്കാനുള്ള ബാധ്യതയുണ്ട്. ബാലിശങ്ങളായ അഭിപ്രായങ്ങളും, ഉപരിതല സ്പര്‍ശങ്ങളായ നിരീക്ഷണങ്ങളും, സ്റ്റാറ്റിയൂട്ടുകള്‍ അവഗണിച്ചോ നിരാകരിച്ചോ, ദുര്‍വ്യാഖ്യാനം ചെയ്‌തോ ഉള്ള ഉത്തരവുകള്‍ക്ക് നിദാനമാകുമോ?
സുപ്രീംകോടതി പൊതുതാത്പര്യത്തിന്റെ പരിധിയാണ് പരിഗണിച്ചതെന്ന് പറയുമ്പോഴും കൃഷ്ണനുണ്ണി കമ്മീഷന്‍ റിപ്പോര്‍ട്ടും, ജസ്റ്റിസ് പരിപൂര്‍ണ്ണന്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് വിധി OP.2071/93 വിധി സുപ്രീംകോടതി റദ്ദാക്കാത്ത സാഹചര്യത്തില്‍ അംഗീകരിക്കപ്പെടുന്നു എന്നുതന്നെയാണര്‍ത്ഥം. ഭരണസമിതിയെ കുറിച്ചും, ക്രമക്കേടുകളെ കുറിച്ചും ഉള്ള സ്മാര്‍ത്തവിചാരം അവസാനിപ്പിക്കുക മാത്രമാണ് സുപ്രീം കോടതി നടപടികളിലൂടെ സംഭവിച്ചിട്ടുള്ളതെന്ന് കാണാം.
എന്തായാലും ഇന്നും പ്രളയവിവാദങ്ങളൊഴിയാബാധയാവുമ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 5 കോടി രൂപ ദേവസ്വം ഫണ്ടില്‍ നിന്നും ചെലവഴിച്ചത് പരിഗണിച്ച ദേവസ്വം ബഞ്ചിന്റെ ശ്രദ്ധയും പരിഗണനയും അര്‍ഹിക്കുന്ന ചില കാര്യങ്ങള്‍ കൂടിയുണ്ടായിരുന്നു എന്നതൊരു വസ്തുതയാണ്.
1. ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 26 ഹിന്ദുമതസമുദായത്തിന് നല്‍കുന്ന അവകാശധികാരങ്ങളും പരിരക്ഷയും ധനവിനിയോഗാധികാരവും.
2. ജസ്റ്റിസ് ബാലകൃഷ്ണ ഏറാടി അദ്ധ്യക്ഷനായ വിശാലബഞ്ചിന്റെ OP 314/1973 ഉത്തരവ്.
3. OP No..314/1973 വിധിയുടെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട് പ്രാബല്യത്തില്‍ വന്ന ‘ഗുരുവായൂര്‍ ദേവസ്വം ആക്ട് & റൂള്‍സ് 1978 വ്യവസ്ഥകള്‍.
4. സെക്ഷന്‍ 27ല്‍ പറയാത്ത കാര്യങ്ങള്‍ക്ക് ദേവസ്വം ഫണ്ട് ചെലവഴിക്കാവുന്നതല്ല എന്ന ജസ്റ്റിസ് പരിപൂര്‍ണ്ണന്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റെ OP 2071/93 ഉത്തരവ്.
5. വ്യക്തമായ ഉദ്ദേശ്യലക്ഷ്യങ്ങളോട് കൂടിയ സ്റ്റാറ്റിയൂട്ട് നിലനിര്‍ത്തിയതിന് വിരുദ്ധമായി പ്രസ്തുത സ്ഥാപനത്തിന്റെ പണം ചെലവഴിക്കാന്‍ ആര്‍ക്കും തന്നെ, കോടതിക്ക് പോലും നിര്‍ദ്ദേശിക്കാന്‍ കഴിയില്ല എന്ന AIR- 1954 SC 388 സുപ്രീംകോടതി വിധി.
6. സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ സുപ്രീം കോടതി അഭിഭാഷകന് ദേവസ്വം ഫണ്ടില്‍ നിന്നും ഫീസ് നല്‍കിയ നടപടി, കോടതി ഇടപെടലിനെ തുടര്‍ന്ന് അടവാക്കിയത് തിരിച്ചടവാക്കിയതും ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഗുരുവായൂരിന് വെളിയില്‍ ലഘുഭക്ഷണം നല്‍കിയത് കോടതിയുത്തരവിനെ തുടര്‍ന്ന് റദ്ദാക്കിയതും ആയ കാര്യങ്ങള്‍.
7. പ്രതിഷ്ഠാമൂര്‍ത്തി ഒരു മൈനറാണെന്നും, സ്വാഭാവിക രക്ഷാകര്‍തൃത്വം കോടതിയില്‍ നിക്ഷിപ്തമാണെന്നും ഭരണസമിതി അംഗങ്ങള്‍ക്ക് ട്രസ്റ്റിമാരുടെ അധികാരവും ഉത്തരവാദിത്തവും മാത്രമേ ഉള്ളൂ എന്നുമുള്ള വസ്തുതകള്‍.
8. മത ദര്‍ശനങ്ങള്‍ക്കുപരി നീതിന്യായ വ്യവസ്ഥയില്‍ സ്റ്റാറ്റിയൂട്ടുകള്‍ക്കും, ഭരണഘടനക്കുമാണ് പരമപ്രാധാന്യമെന്ന കാര്യം.
2020 മെയ് മാസം കോവിഡ്-19 രോഗവ്യാപനത്തിന്റെ മറവിലും പ്രളയകാല സമാനമെന്നോണം അഞ്ച് കോടി രൂപയുടെ ദേവസ്വം ഫണ്ട് സര്‍ക്കാരിലേക്ക് നല്‍കുകയുണ്ടായി. പ്രസ്തുത നടപടിയും ചോദ്യം ചെയ്ത് ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതിയും ഹിന്ദുഐക്യവേദിയും ഉള്‍പ്പെടെയുള്ളവരുടെ അരഡസനോളം ഹര്‍ജികള്‍ ഹൈക്കോടതി മുമ്പാകെ പരിഗണനക്ക് വരികയുണ്ടായി. ആദരണീയരായ ജസ്റ്റിസ് ഷാജി പി. ചാലി, ജസ്റ്റിസ് എം.ആര്‍ അനിത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് വിധി ഹിന്ദുമത സമുദായത്തിനും, ശ്രീഗുരുവായൂരപ്പനും, ഹര്‍ജിക്കാര്‍ക്കും ആശ്വാസവും പ്രതീക്ഷയും നല്‍കുന്നു. ദേവസ്വം നല്‍കിയ അഞ്ച് കോടി രൂപ തീര്‍പ്പുണ്ടാകുന്നതുവരെ സര്‍ക്കാര്‍ ഉപയോഗിക്കരുതെന്നും ഇനിയും ഇത്തരത്തില്‍ സെക്ഷന്‍ 27ല്‍ പറയാത്ത കാര്യങ്ങള്‍ക്ക് ദേവസ്വം പണം ചെലവഴിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച മുഴുവന്‍ ഹര്‍ജികളും വിശാലബഞ്ചിന്റെ പരിഗണനക്കായി വിടുകയും ചെയ്തു.
കോടതിയുടെ അന്തഃസത്ത ഉയര്‍ത്തിപ്പിടിക്കുന്ന, നിഷ്പക്ഷത പ്രതിഫലിപ്പിക്കുന്ന, ഭരണഘടനയെ മാനിക്കുന്ന, മുന്‍കാല കോടതി തീര്‍പ്പുകള്‍ക്ക് വിലകല്‍പ്പിക്കുന്ന, സ്റ്റാറ്റിയൂട്ട് അംഗീകരിക്കുന്ന പ്രസ്തുത വിധി നീതിന്യായ വ്യവസ്ഥക്ക് മാറ്റുകൂട്ടുകയേ ഉള്ളൂ. സമൂഹത്തിന് കോടതിയിലുള്ള വിശ്വാസ്യതക്ക് ഇളക്കമില്ലാതിരിക്കാന്‍ ഹര്‍ജിക്കാരോടും നീതിദേവതയോടും നീതിപുലര്‍ത്തുന്ന തീര്‍പ്പുകള്‍ക്കാവും. ന്യായാധിപരുടെ വ്യക്തിത്വത്തിന്റെ സവിശേഷതയും മാറ്റും കൂട്ടുന്ന വിധികളും നിരീക്ഷണങ്ങളും സമൂഹത്തിന്റെ ചിരംജീവസ്മരണകളില്‍ സ്വര്‍ണ്ണലിപികളാല്‍ എന്നെന്നേക്കുമായി കുറിക്കപ്പെടും.
(അവസാനിച്ചു)