ഒരു വര്‍ഷം മുമ്പ് അന്തമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തില്‍പ്പെട്ട ചില ദ്വീപുകള്‍ സന്ദര്‍ശിക്കാന്‍ ഭാഗ്യമുണ്ടായി. 572 ദ്വീപുകളുടെ സമൂഹമായ ഈ പ്രദേശങ്ങള്‍. 37 ദ്വീപുകളില്‍ മാത്രമാണ് ജനവാസമുള്ളത്. മറ്റ് ചില ദ്വീപുകളില്‍ ഗോത്രവര്‍ഗ്ഗക്കാര്‍ താമസിക്കുന്നു. പോര്‍ട്ട് ബ്ലെയറാണ് ഈ ടെറിട്ടറിയുടെ തലസ്ഥാനം.
രാമായണകാലം മുതല്‍ക്കേ അറിയപ്പെട്ടിരുന്ന അന്തമാന്‍ എന്ന പേര് ഹനുമാന്റെ പേരില്‍ നിന്ന് വന്നതാണെന്ന ഒരൈതിഹ്യമുണ്ട്. ബ്രിട്ടീഷ് കോളനി ആയിരുന്ന ഇവിടേയ്ക്ക് പലതരം ജോലിക്കള്‍ക്കായി അന്യദേശങ്ങളില്‍ നിന്ന് ആളുകളെ കൊണ്ടുവന്നു. മരിയാത്തേര്‍സ്, എലിസബത്ത്, വൈപര്‍ എന്നീ മൂന്ന് കപ്പലുകളിലായി അവര്‍ ദ്വീപുകളുടെ ചാരത്ത് കൂടെ പര്യവേഷണം നടത്തിയപ്പോള്‍ വൈപര്‍ എന്ന കപ്പല്‍ മുങ്ങിപ്പോയി. അതിനടുത്ത ദ്വീപ് വൈപര്‍ ദ്വീപ് എന്ന് അറിയപ്പെടാന്‍ തുടങ്ങി. മുന്‍ പറഞ്ഞ പര്യവേഷണ സംഘത്തിന്റെ തലവനായ ആര്‍ക്കിബാള്‍ഡ് ബ്ലെയറിന്റെ പേരാണ് പോര്‍ട്ട്‌ബ്ലെയര്‍ ദ്വീപിന്.
2002ല്‍ പോര്‍ട്ട് ബ്ലയര്‍ വികസനത്തിന്റെ പാതയില്‍ മുന്നേറാന്‍ തുടങ്ങി. അന്നത്തെ ഭാരതസര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായ എല്‍.കെ. അദ്വാനി അവിടത്തെ വിമാനത്താവളത്തിന് വീര്‍സാവര്‍ക്കര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന് നാമകരണം ചെയ്തു. ചില സഞ്ചാരികള്‍ (ഇട്‌സിങ്ങ് 672 എ.ഡി., മാര്‍ക്കോപോളോ 1260 എ.ഡി. എന്നിവര്‍) ദ്വീപുകള്‍ സന്ദര്‍ശിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ കൂട്ടത്തില്‍ നഗ്നരും നരഭോജികളുമായ ഗോത്രവര്‍ഗ്ഗങ്ങളെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ടത്രെ. ജറാവ എന്ന ഗോത്രവര്‍ഗ്ഗക്കാര്‍ അത്തരക്കാരാണ്. കൂടാതെ ഷോമ്പന്‍, ഒഞ്ച്, നിക്കോബാറീസ്, സെന്റിനലീസ് തുടങ്ങിയ ഗോത്രവര്‍ഗ്ഗക്കാരും പല ദ്വീപുകളിലായുണ്ട്. 1858ലെ സര്‍വ്വേപ്രകാരം ഏഴായിരത്തോളം ഗോത്രവര്‍ഗ്ഗക്കാരുണ്ടായിരുന്നു. പരിഷ്‌കൃത സമൂഹവുമായുണ്ടായ സമ്പര്‍ക്കത്താലും മറ്റ് പലകാരണങ്ങളാലും അവരുടെ എണ്ണം കുറഞ്ഞുപോയി. ഇപ്പോള്‍ ഗോത്രവര്‍ഗ്ഗക്കാരുടെ ആവാസമുള്ള ദ്വീപുകളില്‍ പോകുന്നതിന് സന്ദര്‍ശകര്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങളുണ്ട്. തങ്ങളുടെ ആയിരംവര്‍ഷം മുമ്പേയുള്ള ജീവിതശൈലി ഇപ്പോഴും തുടരുന്ന ജരാവയെപ്പോലുള്ള ഗോത്രവര്‍ഗ്ഗത്തെ ഇന്ത്യയില്‍ മറ്റെവിടെയും കാണുകയില്ല. നഗ്‌നത, മത്സ്യം പിടിച്ച് പച്ചയായി തിന്നുക, അമ്പും വില്ലും ഉപയോഗിക്കുക, കുടുംബത്തില്‍ ഒരു മരണമുണ്ടായാല്‍ മൂന്ന് ദിവസം കുടിലില്‍ നിന്ന് പുറത്തിറങ്ങാതിരിക്കുക, ഏറുമാടങ്ങളിലെ താമസം തുടങ്ങി അവരുടെ ജീവിതരീതി അസാധാരണമാണ്. 1859ല്‍ ബ്രിട്ടീഷുകാര്‍ ഗോത്രവര്‍ഗ്ഗവുമായി ഏറ്റുമുട്ടിയപ്പോള്‍ അമ്പും വില്ലുമായി പൊരുതിയ ധാരാളം പേര്‍ വെടിയുണ്ടകളേറ്റ് മരണമടഞ്ഞു. ഗോത്രവര്‍ഗ്ഗത്തെപ്പറ്റി പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് പോര്‍ട്ട്‌ബ്ലെയറില്‍ ഒരു സമ്പൂര്‍ണ്ണ മ്യൂസിയവും ഗവേഷണകേന്ദ്രവും ലൈബ്രറിയും ഉണ്ട്. രാജീവ് ഗാന്ധി സ്‌പോര്‍ട്‌സ് കോംപ്ലക്‌സും സുഭാഷ് ചന്ദ്രബോസ് ക്ലോംപ്ലക്‌സും കാണേണ്ടവയാണ്. ശ്രീരാമകൃഷ്ണ ആശ്രമവും സായിബാബാക്ഷേത്രവും സന്ദര്‍ശനാര്‍ഹമാണ്. മഹാത്മാഗാന്ധി പാര്‍ക്ക് നഗരത്തില്‍ തന്നെ സ്ഥിതിചെയ്യുന്നു.
ഏകദേശം അഞ്ചേക്കര്‍ വിസ്തൃതിയുള്ള ചാത്തം ദ്വീപ് പോര്‍ട്ട്‌ബ്ലെയറിന് വളരെ അടുത്താണ്. ആയിരക്കണക്കിന് ജോലിക്കാരുള്ള മരമില്ലും മ്യൂസിയവും ഉണ്ട് അവിടെ. 1883ല്‍ ബ്രിട്ടീഷുകാരാണ് ചാത്തം ഈര്‍ച്ചമില്‍ സ്ഥാപിച്ചത്. കാട്ടില്‍ മരം പിടിക്കാന്‍ ഇന്ത്യയില്‍ നിന്ന് പണ്ട് ആനകളെ കൊണ്ടുപോയിരുന്നു. പോര്‍ട്ട്‌ബ്ലെയറില്‍ നിന്ന് 3 കി. മീറ്റര്‍ ദൂരത്തുള്ള റോസ് അയലന്റ് ചരിത്രമുറങ്ങുന്ന സുന്ദരമായ ഒരു ദ്വീപാണ്. അന്തമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ആദ്യതലസ്ഥാനം ഇവിടെയായിരുന്നു. മറീന്‍ എഞ്ചിനീയറായിരുന്ന ഡേനിയല്‍ റോസിന്റെ പേരാണ് ഈ ദ്വീപിന് കിട്ടിയത്. ഇവിടെ ഇപ്പോഴും ജപ്പാന്റെ ബങ്കര്‍ കാണാം. 1942ല്‍ ജപ്പാന്‍, ബ്രിട്ടീഷുകാരില്‍ നിന്ന് ഈ ദ്വീപ് പിടിച്ചെടുക്കുകയും 1945 വരെ ഈ നില തുടരുകയും ചെയ്തു. സുഭാഷ് ചന്ദ്രബോസ് 1943ല്‍ ഈ ദ്വീപില്‍ സന്ദര്‍ശനം നടത്തുകയുണ്ടായി. ഹിരോഷിമ, നാഗസാക്കി സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജപ്പാന്റെ അധീശത്വം നഷ്ടമാവുകയും ബ്രിട്ടീഷുകാര്‍ വീണ്ടും അധീശത്വം സ്ഥാപിക്കുകയും ചെയ്തു. അത് ഇപ്പോള്‍ ഇന്ത്യന്‍ നേവിയുടെ ഒരാസ്ഥാനമാണ്. റോസ്ദ്വീപിലേയ്ക്ക് കയറുമ്പോള്‍ മാനുകള്‍ സന്ദര്‍ശകരെ വരവേല്‍ക്കുകയും ഫോട്ടോവിന് പോസ് ചെയ്ത് നില്‍ക്കുകയും ചെയ്യും. മയിലുകള്‍ തുടങ്ങിയവയെയും കാണാം.
പോര്‍ട്ട്‌ബ്ലെയറില്‍ നിന്ന് 4 കി.മീ.മാത്രം അകലത്തുള്ള നോര്‍ത്ത് ബേ ദ്വീപ് സ്റ്റോര്‍ക്കലിങ്ങ്, സ്‌ക്യൂബാ ഡൈവിങ്ങ് തുടങ്ങിയ ജലവിനോദങ്ങള്‍ക്ക് പേര് കേട്ട സ്ഥലമാണ്. അടിഭാഗം കട്ടിയുള്ള ഗ്ലാസ്‌കൊണ്ട് നിര്‍മ്മിച്ച ബോട്ടിലിരുന്ന് യാത്ര ചെയ്താല്‍ കടലിന്റെ ആഴങ്ങളിലുള്ള കാഴ്ചകള്‍ കണ്ട് ആസ്വദിക്കാം. ഹേവ്‌ലക് ദ്വീപിലെ രാധാ നഗര്‍ ബീച്ച് സുന്ദരവും ജലവിനോദത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിലൊന്നുമാണ്. ഭാഗ്യമുണ്ടെങ്കില്‍ ഇവിടെ ഡോള്‍ഫിനുകളുടെ കളികള്‍ കാണാം. അടുത്തായി നീല്‍കടല്‍ തീരവുമുണ്ട്.
മുന്നൂറ് കി.മീ അകലെ ഇരട്ടദ്വീപുകളായ റോസ്സും സ്മിത്തുമുണ്ട്. ജോളിബോയ് ദ്വീപും സുന്ദരമാണ്. പോര്‍ട്ട്‌ബ്ലെയറിന്റെ വടക്കെതീരത്തോട് ചേര്‍ന്ന് കോര്‍ബിന്‍സ് കൗ ദ്വീപുണ്ട്. പക്ഷികളുടെ ആവാസം കൊണ്ട് ശ്രദ്ധേയമായ ചിഡിയാതാപുവും അടുത്തുണ്ട്. വണ്ടൂര്‍ഗ്രാമത്തിലൂടെ ചെന്നെത്താവുന്ന വണ്ടൂര്‍ കടല്‍ത്തീരം കാണാം. ഇവിടെയാണ് മഹാത്മാഗാന്ധി ദേശീയസമുദ്രപാര്‍ക്ക്. പതിനഞ്ച് ചെറുദ്വീപുകള്‍ ചേര്‍ന്നതാണ് ഇത്. ഇതുപോലെ നിലമ്പൂരിന്റെയും മഞ്ചേരിയുടെയും മറ്റും പേരുകളില്‍ ജട്ടികളും സ്ഥലങ്ങളും ഉള്ളതായി കാണാം. പോര്‍ട്ട്‌ബ്ലെയറില്‍ നിന്ന് 120 കി.മീ. അകലത്തുള്ള ബറത്താങ്ങ് പ്രകൃതി നിര്‍മ്മിതമായ ഗുഹകളാലും അവയിലെ ചാരുതയാര്‍ന്ന രൂപങ്ങളാലും നയനാനന്ദകരമാണ്. വിനോദയാത്രക്കാരുടെ പറുദീസയും ദ്വീപ് ജനതയുടെ വരുമാനസ്രോതസ്സും രണ്ട് മൂന്ന് വിനാശകരമായ സംഭവങ്ങള്‍ക്കൊണ്ട് തകര്‍ത്തെറിയപ്പെട്ടിരുന്നു. 1941ലെ ഭൂകമ്പം, രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് വര്‍ഷം, 2004ലെ സുനാമി എന്നിവയാണ് സൂചിപ്പിച്ചത്. ഇവയൊക്കെ ദ്വീപ് വാസികളെ വിവരണാതീതമായ കരകാണാക്കയങ്ങളില്‍ മുക്കുകയുണ്ടായി. 25 മീ. ഉയരത്തില്‍ 500 കി.മീ. വേഗതയില്‍ തിരമാലകള്‍ ആഞ്ഞടിച്ച് കെട്ടിടങ്ങളെ നിലംപരിശാക്കുകയും കൃഷിസ്ഥലങ്ങളെ ഉപ്പു ജലതടാകങ്ങളാക്കുകയും ഒരുപാട് മനുഷ്യജീവന്‍ പൊലിയുകയും ചെയ്തത് സുനാമി മൂലമാണ്. സുനാമി മൂലം പോര്‍ട്ട് ബ്ലെയറിന് കനത്ത പോറലുണ്ടായില്ല.
2011ലെ സെന്‍സസ് പ്രകാരം 547 ഗ്രാമങ്ങളിലായി ജനസംഖ്യ 4,00,462 ആയിരുന്നു. ഗോത്രവര്‍ഗ്ഗക്കാര്‍ 26000 പേരും. ഒരു കാലത്ത് കുറ്റവാളികള്‍ കൂടുതലുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കുറ്റകൃത്യങ്ങള്‍ വളരെ കുറയുകയും ജനങ്ങള്‍ ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ രമ്യമായി കഴിഞ്ഞ് കൂടുകയും ചെയ്യുന്നു. ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ നിന്ന് വന്നവര്‍, വിവിധഭാഷകള്‍ സംസാരിക്കുന്നവര്‍, പല മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ എല്ലാം ഇവിടെയുണ്ട്. എല്ലാവര്‍ക്കും അവരുടെ തനതായ ആരാധനാലയങ്ങളുമുണ്ട്. 85% ശതമാനം ഭൂപ്രദേശവും വനസമ്പന്നമാണ്. വിദ്യാഭ്യാസവും ചികിത്സയും സൗജന്യമാണ്. ഇന്ത്യയിലേയ്ക്കുള്ള കപ്പല്‍ യാത്രാക്കൂലിയില്‍ സബ്‌സിഡിയുമുണ്ട്. കല്‍ക്കത്ത, വിശാഖപട്ടണം, ചെന്നൈ എന്നിവിടങ്ങളിലേയ്ക്ക് രണ്ട് മണിക്കൂറെടുക്കുന്ന (മൂന്ന് സ്ഥലങ്ങളുമായും ഏകദേശം 1200 കി.മീ. ദൂരം) വിമാനയാത്രാ സര്‍വീസും സൗകര്യപ്രദമാണ്.
ഞങ്ങളുടെ പതിനഞ്ച് പേരുള്‍പ്പെട്ട വിനോദയാത്രസംഘം താമസിച്ചത് വിമാനത്താവളത്തില്‍ നിന്ന് മൂന്ന് കി.മീ. അകലത്തുള്ള എവര്‍ഗ്രീന്‍ എന്ന ടൂറിസ്റ്റ് ഹോമിലാണ്. അതിന്റെ ഉടമസ്ഥന്‍ ജോസും കുടുംബവും തൊട്ടടുത്ത് തന്നെ താമസിക്കുന്നു. ഞങ്ങളുടെ യാത്രാ സംഘത്തിന്റെ മാനേജരും ഈ ലേഖകന്റെ ആത്മസുഹൃത്തുമായ പ്രൊഫ. ഷിബുജോസഫിന്റെ അടുത്ത ബന്ധുക്കളാണ് അവര്‍. വിമാനയാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിംഗ്, ദ്വീപുകളിലെ യാത്ര, ഭക്ഷണം, ഗൈഡന്‍സ് എന്നിവയെല്ലാം അവര്‍ ഭംഗിയായി ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ യാത്രയിലുടനീളം യാതൊരു വേവലാതിയും ഞങ്ങള്‍ക്കുണ്ടായില്ല.
അന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഏറ്റവുമധികം കദനകഥകള്‍ പറയാനുള്ളത് സന്ദര്‍ശകരുടെ ആവേശകേന്ദ്രമായ സെല്യുലാര്‍ ജയിലിനായിരിക്കും. അതിക്രൂരവും തീവ്രവും മനുഷ്യത്വ രഹിതവുമായിരുന്ന ജയിലിലെ ശിക്ഷാരീതികള്‍ കാരണമായി അത് കാലപാനി എന്ന പേരില്‍ കുപ്രസിദ്ധമായി. 1789ലാണ് തടവുകാര്‍ കഠിനമായ ശിക്ഷാവിധികള്‍ക്ക് വിധേയരായിത്തുടങ്ങിയത്. വൈപര്‍, ചാത്തം, റോസ് എന്നീ ദ്വീപുകളിലൊന്ന് ഒരു തുറസ്സായ ജയിലാക്കാന്‍ പറ്റുമോ എന്ന് ബ്രിട്ടീഷുകാര്‍ ആലോചിച്ചിരുന്നു. 1857ലെ ലഹളയില്‍ പങ്കെടുത്ത ഇന്ത്യന്‍ വിപ്ലവകാരികളെ 1860ല്‍ ഇവിടേയ്ക്ക് കൊണ്ടുവന്നു. അവര്‍ക്ക് രക്ഷപ്പെടുക എളുപ്പമായിരുന്നില്ല. കടല്‍ നീന്തിക്കടന്ന് മറ്റേതെങ്കിലും ദ്വീപില്‍ എത്താന്‍ ശ്രമിച്ചവരില്‍ മിക്കവാറും പേര്‍ ഗോത്രവര്‍ഗ്ഗക്കാരുടെയും വന്യജീവികളുടെയും അക്രമം, രോഗം, ദാരിദ്ര്യം എന്നീ കാരണങ്ങളാല്‍ മരിച്ചുപോയി. ചിലര്‍ ബ്രിട്ടീഷുകാരുടെ വെടിയുണ്ടകള്‍ക്ക് ഇരയാവുകയും ചെയ്തു. അങ്ങിനെ ഒരു സ്ഥിരം ജയില്‍ ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത ബ്രിട്ടീഷുകാര്‍ക്ക് ബോധ്യമാവുകയും അതിന് ഏറ്റവും പറ്റിയ സ്ഥലമായി പോര്‍ട്ട്‌ബ്ലെയര്‍ തിരഞ്ഞെടുക്കുകയും ചെയ്തു. 1893ല്‍ അതിന്റെ നിര്‍മ്മാണപ്രവര്‍ത്തനം തുടങ്ങി. അന്ന് മൂന്ന് കോടി ഇഷ്ടികകളും 783994 രൂപ ചെലവും വന്നു. തൊഴിലാളികളില്‍ അധികംപേരും തടവുകാര്‍ തന്നെ ആയിരുന്നു. നടുവില്‍ ഉയരമുള്ള ഒരു നിരീക്ഷണ ഗോപുരം അതില്‍ നിന്ന് തുടങ്ങി കാളവണ്ടിച്ചക്രത്തിന്റെ ആരങ്ങള്‍ പോലെ ഏഴ് നീണ്ടതും മൂന്ന് നിലകളുള്ളതുമായ കെട്ടിടങ്ങള്‍, ആകെ 698 സെല്ലുകള്‍ അഥവാ ഏകാന്തമുറികള്‍. മുറികളുടെ നീളം, വീതി, ഉയരം യഥാക്രമം 131/2′, 7′, 10′ മാത്രം. ഒരു സെല്ലിലെ തടവുകാരന് മറ്റേതൊരു സെല്ലിലെയും തടവുകാരനുമായി കാണാനോ സംവദിക്കാനോ പറ്റാത്തവിധമായിരുന്നു സെല്ലുകളുടെ രൂപകല്പന. ഭൂകമ്പവും രണ്ടാം ലോകമഹായുദ്ധവും കാരണമായി ഏഴ് വിംഗുകളില്‍ നാലെണ്ണം തകര്‍ന്ന് പോയി. ഇപ്പോള്‍ മൂന്ന് വിംഗുകളിലായി 291 സെല്ലുകള്‍ അവശേഷിക്കുന്നു.
1979 ഫെബ്രുവരി 11ന് അന്നത്തെ ഭാരതപ്രധാനമന്ത്രി മൊറാര്‍ജി ദേശായി സെല്യുലര്‍ ജയില്‍ ഒരു ദേശീയ സ്മാരകമായി പ്രഖ്യാപിച്ചു. മുന്‍ തടവുകാരില്‍ അവശേഷിച്ച ചുരുക്കം പേര്‍ ഈ ചടങ്ങിലേയ്ക്ക് ക്ഷണിക്കപ്പെട്ടിരുന്നു. ജയിലിലേയ്ക്കുള്ള പ്രവേശന കവാടത്തിന്നരികെ മാതൃഭൂമിയ്ക്ക് വേണ്ടി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികളുടെ സ്മരണയ്ക്കായി ഒരു കെടാ ജ്യോതിസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഗെയ്റ്റ് കടന്ന് വലത്തോട്ട് ചെന്നാല്‍ ഒരു പ്ലാറ്റ്‌ഫോമും അതിന് മുകളിലായി തൂക്കിയിട്ട മൂന്ന് കുരുക്കുകളുള്ള കയറുകളും കാണാം. വധശിക്ഷ നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന കുറ്റവാളിയുടെ കരച്ചിലും പിടച്ചിലും മറ്റുള്ളവര്‍ക്ക് അനുഭവവേദ്യമാകാന്‍ പറ്റിയതരത്തിലാണ് തൂക്ക് മുറിയുടെ സംവിധാനം. ഗെയ്റ്റ് കടന്ന് മുന്നോട്ട് ചെല്ലുമ്പോള്‍ ഇടത് ഭാഗത്ത് തടവുപുള്ളികളെക്കൊണ്ട്, കല്ലില്‍ ഇടിച്ച് നാളികേരം പൊളിപ്പിച്ചിരുന്നതും, ചകിരി അടിച്ച് പതംവരുത്തി ചൂടി ഉണ്ടാക്കിച്ചിരുന്നതും കൊപ്ര ചക്കിലിട്ട് (KOLHU) എണ്ണയുണ്ടാക്കാന്‍ തിരിച്ചിരുന്നതുമായ സ്ഥലങ്ങള്‍ കാണാം. തടവുകാരെ ചങ്ങലകൊണ്ട് ബന്ധിച്ച് പുറം തിരിച്ച് നിര്‍ത്തി ചാട്ടവാറ് കൊണ്ട് പൊതിരെ അടിക്കുക പതിവായിരുന്നു.
ജയിലിലെ വിശാലമായ മുറ്റത്ത് വൈകുന്നേരം ഹിന്ദിയിലും ഇംഗ്ലീഷിലും ലൈറ്റ് ആന്റ് സൗണ്ട് ഷോ ഉണ്ട്. ആയിരക്കണക്കിന് ആളുകള്‍ക്ക് ഇരിക്കാനുള്ള സൗകര്യത്തോടെയാണിത്. അവിടെ ഒരിടത്തരം വലുപ്പമുള്ള മരം കാണാം. ജയിലിന്റെ തുടക്കം മുതല്‍ അതില്‍ നടന്ന സകലദാരുണ സംഭവങ്ങള്‍ക്കും മൂകസാക്ഷിയായി നിന്ന ആ മരം കഥ പറയുന്ന രീതിയിലാണ് ഷോ സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത്.
(തുടരും)