ഡച്ചുകാരുടെ വരവ് കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയിലുണ്ടായിരുന്ന സംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്തി. പോര്‍ച്ചുഗീസുകാര്‍ ഡച്ചുകാരോട് തോറ്റ് പടിക്ക് പുറത്തായി. പറങ്കികള്‍ പടിക്ക് പുറത്തായെങ്കിലും മാര്‍പാപ്പ അതിനകം തന്റെ മിഷനറി വ്യൂഹത്തെ കേരളത്തിലും പൊതുവില്‍ ദക്ഷിണേന്ത്യയിലും വിന്യസിച്ചിരുന്നതിനാല്‍ മതംമാറ്റപ്പണി തടസ്സമില്ലാതെ നടന്നിരുന്നു.
15-ാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ക്രിസ്തുമതം പിളര്‍ന്ന് ഉണ്ടായ ഒരു സഭാ ജാതിയാണ് പ്രൊട്ടസ്റ്റന്റുകാര്‍. ക്രിസ്തുമതത്തിലെ ജാതികളെ സഭകള്‍ എന്നാണ് വിളിക്കുക. ഡച്ചു സമൂഹം പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലായിരുന്നു. കത്തോലിക്ക വിഭാഗം പൗരോഹിത്യ കേന്ദ്രീകൃതമായിരുന്നെങ്കില്‍ പ്രൊട്ടസ്റ്റന്റ് ഇതിനെതിരായിരുന്നു. കത്തോലിക്കരുടെ പ്രധാന കൂദാശകളെയെല്ലാം ഇവര്‍ എതിര്‍ത്തു. വൈദികരുടെ ബ്രഹ്മചര്യം, നോയമ്പ്, സന്യാസം, കുമ്പസാരം, വിശുദ്ധന്മാരെ വാഴിക്കല്‍, ഇവരിലൂടെയുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന, പെരുന്നാളുകള്‍ തുടങ്ങി കത്തോലിക്കരുടെ 95 അടിസ്ഥാന പ്രമാണങ്ങള്‍ പ്രൊട്ടസ്റ്റന്റിനെതിരായിരുന്നു.
ഡച്ചുകാര്‍ വരുമ്പോള്‍ കേരളത്തില്‍ റോമാസഭയും എതിര്‍ ചേരിക്കാരായ മാര്‍തോമസഭയും ഏറ്റുമുട്ടുന്നതാണ് കാണുന്നത്. കേരളത്തിലുണ്ടായിരുന്ന മാര്‍തോമ നസ്രാണി സഭയെ റോമാസഭയെ എതിരിടുന്നവര്‍ എന്ന കാരണത്താല്‍ സുറിയാനി സഭയുടെ ഭാഗമായിട്ടാണ് ഇവര്‍ കണ്ടത്. ഇതിനൊരു പ്രധാന കാരണം മാര്‍തോമാ സഭയുടെ ആത്മീയ നേതൃത്വം അപ്പോള്‍ സുറിയാനികളുടെ കയ്യിലായിരുന്നുവെന്നതാണ്. ഡച്ചുകാരാണ് മാര്‍തോമക്കാരെ ഔദ്യോഗികമായി സുറിയാനിക്കാര്‍ എന്ന് വിളിച്ചത്.
ഡച്ചുകാരുടെ വരവോടെ മത പ്രചരണത്തിനുവേണ്ടിയുള്ള കത്തോലിക്ക സഭയുടെ വെല്ലുവിളികളും പടനയിക്കലും കുറഞ്ഞുവെങ്കിലും മതപരിവര്‍ത്തന ത്വര തിളച്ചുതന്നെ നിന്നു. മുസ്ലീങ്ങള്‍ ഒഴികെയുള്ളവരെയെല്ലാം കത്തോലിക്ക മിഷനറിമാര്‍ ഉന്നം വെച്ചു. ഹിന്ദുക്കളുടെയും മാര്‍തോമ നസ്രാണികളുടെയും ചുറ്റും ഇവര്‍ വലവീശി നടന്നു. മതംമാറ്റുന്നതിന് ബൈബിളിനെയൊ ദൈവവചനങ്ങളെയോ ആശ്രയിക്കുന്നതിന് പകരം തന്ത്രങ്ങളെയാണ് മിഷണറിമാര്‍ അന്നും ഇന്നും എന്നും ആശ്രയിക്കുന്നത്. ‘മലങ്കരസഭ നൂറ്റാണ്ടുകളിലൂടെ’യെന്ന പുസ്തകത്തിലെ ഒരു സംഭവം ഇങ്ങനെയാണ്.’ മലങ്കര സഭയുടെ അതിപ്രഗല്‍ഭരായ മെത്രാപ്പോലിത്താമാരില്‍ ഒരാളായിരുന്നു മോര്‍ ദിവന്നാസ്യോസ് ഒന്നാമന്‍. അദ്ദേഹത്തിന്റെ ഭരണകാലം സംഭവബഹുലമായിരുന്നു. ടിപ്പു സുല്‍ത്താന്‍ കൊച്ചിയും തിരുവിതാംകൂറും ആക്രമിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്. സുറിയാനിക്കാരുടെ പല പള്ളികള്‍ക്കും ഈ ആക്രമണത്തില്‍ നാശം സംഭവിച്ചു. തിരുവിതാംകൂര്‍ രാജാവിന്റെ വിശ്വസ്ത സേവകനായിരുന്ന മാത്തുതരകന്‍ എന്ന ധനാഢ്യന്‍ മലങ്കര സുറിയാനി സഭയെ റോമാ വഴക്കത്തിലാക്കുവാന്‍ (റോമാ സഭയിലേക്ക് മാറ്റുവാന്‍)വലിയൊരു ശ്രമം നടത്തി. രാജാവിന്റെ അടുക്കലുള്ള സ്വാധീനം ഉപയോഗിച്ച് മോര്‍ ദിവന്നാസ്യോസിനെ പല വിധത്തില്‍ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹം വഴങ്ങാതെ നിന്നു. ദൈവകൃപയാല്‍ മാത്തു തരകന്‍ തന്റെ ലക്ഷ്യം നേടുന്നതിന് മുമ്പ് ചരമമടഞ്ഞതിനാല്‍ ആ ഭീഷണി ഇല്ലാതായി. ദൈവകൃപയാല്‍ മാത്തു തരകന്‍ ചരമം അടഞ്ഞുവെന്ന പ്രയോഗം ശ്രദ്ധിക്കേണ്ടതാണ്. റോമന്‍ കത്തോലിക്ക സഭയിലെ മതംമാറ്റ കണ്ണിയായ മാത്തു തരകന്റെ മരണം മാര്‍ തോമസഭക്കാരെ എത്ര മാത്രമാണ് സന്തോഷിപ്പിക്കുന്നത്.
മാര്‍തോമാ നസ്രാണികള്‍ ഡച്ചുകാരൊടൊപ്പം ചേര്‍ന്ന് പറങ്കികളെ തുടച്ചുനീക്കുവാന്‍ വലിയൊരു ശ്രമം നടത്തിയെങ്കിലും ഡച്ചുകാര്‍ അതില്‍ കാര്യമായി പെട്ടുപോയില്ല. എന്നിരുന്നാലും ചിലതൊക്കെ ഡച്ചുകാരും ചെയ്തു. കത്തോലിക്ക സഭയുടെ കൈവശമുള്ള കൊച്ചിയിലെ വലിയൊരു ലൈബ്രറി 1662 ല്‍ ഡച്ചുകാര്‍ കത്തിച്ചത് ഒരു ഉദാഹരണം മാത്രം.
പോര്‍ച്ചുഗീസുകാരെ അപേക്ഷിച്ച് ഉയര്‍ന്ന നിലവാരമുള്ളവരായിരുന്നു ഡച്ചുകാര്‍. അവരുടെ പ്രധാന ശ്രദ്ധ കച്ചവടത്തില്‍ മാത്രമായിരുന്നു. കേരളം പിടിച്ചെടുക്കണമെന്ന മോഹം ഉണ്ടായിരുന്നെങ്കിലും അപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥ അതിനനുകൂലമായിരുന്നില്ല. 1741 ലെ കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ്മയോട് ഡച്ചുകാര്‍ പരാജയപ്പെട്ടു. 1795 ല്‍ കേരളത്തില്‍ ആധിപത്യം ഉറപ്പിക്കാനെത്തിയ ബ്രിട്ടീഷുകാരും ഡച്ചുകാരും തമ്മില്‍ ഏറ്റുമുട്ടുകയും അതില്‍ ഡച്ചുകാര്‍ പരാജയപ്പെടുകയും ചെയ്തതോടെ ഡച്ചുകാരുടെ അധിനിവേശ ചരിത്രം കഴിയുകയാണ്.
പറങ്കികളെപ്പോലെ മതപരിവര്‍ത്തനവും ഒപ്പം കച്ചവടവും ഇവ നടപ്പിലാക്കുന്നതിനുവേണ്ടി അധികാരവും ഭരണവും എന്ന ലക്ഷ്യത്തോടെ വന്നവരാണ് ബ്രിട്ടണിലെ ഈസ്റ്റ് ഇന്ത്യാ കമ്പനി. ഇന്ത്യയുമായുള്ള ബന്ധംകൊണ്ട് പറങ്കികള്‍ക്കും ഡച്ചുകാര്‍ക്കും ഉണ്ടായ വലിയ നേട്ടമാണ് ഇംഗ്ലീഷുകാരെ ഇന്ത്യയിലേക്ക് ആകര്‍ഷിച്ചത്. 1600 ല്‍ ലണ്ടന്‍ നഗരത്തിലെ കച്ചവടക്കാരുടെ നേതൃത്വത്തില്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി എന്ന പേരില്‍ ഒരു കമ്പനി സ്ഥാപിച്ചു. 1599 ലെ ഉദയംപേരുര്‍ സുന്നഹദോസ് കഴിഞ്ഞ് പറങ്കി മഹിമ ഉദിച്ചുയര്‍ന്ന് നില്‍ക്കുന്ന കാലഘട്ടമായിരുന്നു അത്. ഇന്ത്യ കൊള്ളയടിക്കാനും മതം മാറ്റാനും മേഞ്ഞുനടക്കാനും പറ്റിയ ഭൂപ്രദേശമാണെന്ന ഖ്യാതി അന്ന് യൂറോപ്പിലാകെ പ്രചരിച്ചിരുന്നു. ഇതിന്റെ പ്രതിഫലനമായിരുന്നു ഡച്ചുകാരുടെയും ഫ്രഞ്ചുകാരുടെയും ബ്രിട്ടിഷുകാരുടെയുമെല്ലാം ഇന്ത്യയിലേക്കുള്ള ഒഴുക്ക്.
1600 ല്‍ സ്ഥാപിച്ച ഈസ്റ്റിന്ത്യാ കമ്പനിയുടെ ഇന്ത്യയിലേക്കുള്ള ആദ്യത്തെ വരവ് 1615ല്‍ ആണ്. കോഴിക്കോട് സാമൂതിരി തൊട്ട് ഉത്തരേന്ത്യയിലെ ജഹാംഗീര്‍ വരെയുള്ളവരുമൊക്കെയായി വിവിധ വാണിജ്യ കരാറുകള്‍ ഇവര്‍ ഉണ്ടാക്കിയെങ്കിലും ഇവരുടെ ഉള്ളിലെ മതമോഹം തീവ്രമായിരുന്നു. പറങ്കികളെ പോലെ കച്ചവടവും മതവും ഒരുമിച്ചുകൊണ്ടു പോകാന്‍ തന്നെയായിരുന്നു ഇംഗ്ലീഷുകാരുടെയും തീരുമാനം. അതിനവര്‍ ശ്രമകരമായ പഠനങ്ങളും ഗൃഹപാഠങ്ങളും വ്യാജ ചരിത്ര നിര്‍മ്മിതി വരെയും നടത്തി. ബ്രിട്ടീഷുകാരന്‍ അവന്റെ അജണ്ട നടപ്പിലാക്കുവാന്‍ വേണ്ടി ഇന്ത്യയുടെ ചരിത്രത്തെ വ്യാഖാനിച്ച് പുനര്‍നിര്‍മ്മിച്ചു. അതവര്‍ പഠിപ്പിച്ചു പ്രചരിപ്പിച്ചു. മററു സഭകളും തങ്ങളാലാകും വിധം ഇത്തരം ചരിത്ര നിര്‍മ്മിതിയില്‍ പങ്കാളികളായി. ഡച്ചുകാരെപ്പോലെ തന്നെ പ്രൊട്ടസ്റ്റന്റുകാരായിരുന്നു ഇംഗ്ലണ്ടുകാരും.
പോര്‍ച്ചുഗീസ് പറങ്കികള്‍ ചെയ്തത് പോലെ വന്നപടി മതംമാറ്റുന്ന പണിയല്ല ഇംഗ്ലീഷുകാര്‍ ചെയ്തത്. അവര്‍ തങ്ങള്‍ക്ക് മതംമാറ്റല്‍ അടക്കം വിലസുവാന്‍ പറ്റിയ നിയമങ്ങള്‍ ആദ്യം തന്നെ ഉണ്ടാക്കി. പറങ്കികള്‍ ഒാരോരോ ആവശ്യങ്ങള്‍ക്കായി രാജാക്കന്മാരെ ഭീഷണിപ്പെടുത്തി അപ്പപ്പോഴത്തെ കാര്യങ്ങള്‍ നേടുകയായിരുന്നെങ്കില്‍ ഇംഗ്ലീഷുകാര്‍ അങ്ങിനെയായിരുന്നില്ല. ബ്രിട്ടീഷ് സായിപ്പ് ദീര്‍ഘദൃഷ്ടിയോടെ തങ്ങള്‍ക്ക് പറ്റിയ കോടതികളും ന്യായാധിപന്‍മാരെയും വരെ സൃഷ്ടിച്ചു. നാട്ടുരാജാക്കന്മാരെ ഭീഷണിപ്പെടുത്തി തങ്ങള്‍ ഉണ്ടാക്കിയ നിയമക്കുരുക്കിന്റെ നടുവില്‍ നിര്‍ത്തി. ഇതാ കേരളത്തിലെ ഒരു ചെറിയ ഉദാഹരണം. കേരള ചരിത്രത്തില്‍ എ ശ്രീധരമേനോന്‍ എഴുതുന്നു. ‘കൊച്ചിയിലെയും തിരുവിതാംകൂറിലെയും രാജാക്കന്മാരുമായി ഈസ്റ്റ് ഇന്ത്യാ കമ്പനി പുതിയ ഉടമ്പടികള്‍ ഉണ്ടാക്കി. 1791 ല്‍ കമ്പനിയുമായി ചെയ്ത ഉടമ്പടിയില്‍ കൊച്ചി രാജാവ് ഇംഗ്ലീഷുകാരുടെ സാമന്തനാകാമെന്നും ആണ്ടുതോറും കപ്പം കൊടുക്കാമെന്നും സമ്മതിച്ചു. ടിപ്പു കീഴടക്കിയ കൊച്ചി പ്രദേശങ്ങള്‍ തിരിച്ച് കിട്ടാന്‍ രാജാവിനെ സഹായിക്കാമെന്ന് കമ്പനി ഉറപ്പുകൊടുത്തു. കമ്പനിയുടെ നിര്‍ദ്ദേശമനുസരിച്ച് വേണമായിരുന്നു രാജാവ് ആ പ്രദേശങ്ങള്‍ ഭരിക്കേണ്ടത്. വിശ്വസ്തനായ ഒരു ബന്ധുവിന് നല്‍കേണ്ട എല്ലാ സംരക്ഷണവും കൊച്ചി രാജാവിന് നല്‍കാമെന്നും ബ്രിട്ടീഷുകാര്‍ വാഗ്ദാനം ചെയ്തു. 1800 ല്‍ കൊച്ചി മദിരാശിയിലെ ബ്രിട്ടീഷ് ഗവണ്മെന്റിന്റെ നിയന്ത്രണത്തിലായി. അങ്ങിനെ കൊച്ചി രാജ്യം ഇംഗ്ലീഷുകാരുടെ രാഷ്ട്രിയ നിയന്ത്രണത്തിലായി.
1789 ല്‍ ടിപ്പു സുല്‍ത്താന്‍ തിരുവിതാംകുറുമായി യുദ്ധം ചെയ്തപ്പോള്‍ ഇംഗ്ലീഷുകാര്‍ തിരുവിതാംകൂറിനെ സഹായിച്ചിരുന്നു. യുദ്ധത്തിന്റെ മുഴുവന്‍ ചിലവും തിരുവിതാംകൂര്‍ രാജാവ് വഹിക്കണമെന്ന് ഈസ്റ്റിന്ത്യാ കമ്പനി ആവശ്യപ്പെട്ടു. രാജാവ് കോണ്‍വാലിസ് പ്രഭുവിന്റെ മുമ്പാകെ പരാതി ബോധിപ്പിച്ചു. തിരുവിതാംകൂറും കമ്പനിയും തമ്മില്‍ 1795 ല്‍ ഔപചാരികമായിഒരു ഉടമ്പടിയില്‍ ഏര്‍പ്പെട്ടു. ഈ ഉടമ്പടി അനുസരിച്ച് തിരുവിതാംകൂര്‍ രാജാവ് ബ്രിട്ടീഷ് മേല്‍ക്കോയ്മ അംഗീകരിക്കുകയും ബ്രിട്ടീഷുകാര്‍ വെളിയില്‍ നിന്നുണ്ടാകുന്ന ആക്രമണങ്ങള്‍ക്കെതിരെ തിരുവിതാംകൂറിനെ സഹായിക്കാമെന്ന് വാക്കു കൊടുക്കുകയും ചെയ്തു. കേണല്‍ മെക്കാളെ തിരുവിതാംകൂറിലെ റസിഡന്റായി നിയമിക്കപ്പെട്ടു.
1805 ല്‍ ഇംഗ്ലീഷുകാരും തിരുവിതാംകൂറും സൗഹൃദത്തിന്റെയും മൈത്രിയുടെയും അടിസ്ഥാനത്തില്‍ ഒരു പുതിയ ഉടമ്പടിയില്‍ ഒപ്പുവെച്ചു. ഈ ഉടമ്പടി അനുസരിച്ച് തിരുവിതാംകൂര്‍ ഇംഗ്ലീഷുകാരുടെ സംരക്ഷണം സ്വീകരിച്ചു കൊണ്ട് അവരുടെ വിധേയ മിത്രമായി. തിരുവിതാംകൂര്‍ പ്രതിവര്‍ഷം കൊടുക്കേണ്ട കപ്പം 8 ലക്ഷം രൂപയാക്കി ക്ലിപ്തപ്പെടുത്തി. തിരുവിതാംകൂറിന്റെ ആഭ്യന്തര കാര്യങ്ങളില്‍ മാത്സര്യമോ കലാപമോ ഉണ്ടാകുകയാണെങ്കില്‍ ഇടപെടാനുള്ള വ്യക്തമായ അധികാരം ഈ ഉടമ്പടി ഇംഗ്ലീഷുകാര്‍ക്ക് നല്‍കി. രാജ്യത്തിന്റെ ആഭ്യന്തര ഭരണത്തില്‍ ഇംഗ്ലീഷുകാര്‍ കൊടുക്കുന്ന ഏത് ഉപദേശവും സ്വീകരിച്ചു കൊള്ളാമെന്നും രാജാവ് സമ്മതിച്ചു. വേലുത്തമ്പി കൂടിയാലോചന നടത്തി രൂപപ്പെടുത്തിയ 1805 ലെ ഈ ഉടമ്പടി തിരുവിതാംകൂറിന്റെ രാഷ്ട്രീയ സ്വാതന്ത്യം നഷ്ടപ്പെടുത്തി.
സ്വന്തം രാജ്യത്തിന്റെ പട്ടാളത്തെയും നിയമവാഴ്ചയെയും വരെ മററുള്ളവര്‍ക്ക് പണയപ്പെടുത്തി അവര്‍ക്ക് സംരക്ഷണത്തിന് പണം നല്‍കി വെറും റബ്ബര്‍ സ്റ്റാമ്പ് രാജാക്കന്മാരായി ഇതുപോലെ കഴിഞ്ഞ നിരവധി രാജാക്കന്മാര്‍ അക്കാലത്ത് ഇന്ത്യയില്‍ ഉണ്ടായിരുന്നു.
(തുടരും)