പിഞ്ച്‌റാ തോഡ് എന്നതിനര്‍ത്ഥം കൂട് തകര്‍ക്കല്‍ എന്നാണ്. ദല്‍ഹിയിലെ സ്ത്രീപക്ഷ സംഘടനയായ പിഞ്ച്‌റാ തോഡ് ആഹ്വാനം ചെയ്യുന്നത് കുടുംബം എന്ന കൂട് തകര്‍ക്കാനാണ്. കൂട് മാത്രമല്ല രാജ്യത്തെ ക്രമസമാധാനം കൂടി തകര്‍ക്കാനിറങ്ങിയതോടെ പിഞ്ച്‌റാ തോഡ് നേതാക്കളായ ദേവാംഗന കലിതയും നടാഷ നര്‍വലും ജയിലിനകത്തായി. ദല്‍ഹി കലാപത്തിന്റെ പേരില്‍ യു.എ.പി.എ പ്രകാരം ജാമ്യമില്ലാത്ത വകുപ്പനുസരിച്ചാണ് അറസ്റ്റ്. ഇവരുടെ അറസ്റ്റില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് അക്രമം നടന്ന ശ്രീലാംപൂര്‍, ട്രാന്‍സ് ജമുന ഭാഗത്തെ മുസ്ലീങ്ങളാണ്. പിഞ്ച്‌റാ തോഡ് ഉണ്ടാക്കിയ കലാപത്തിന്റെ പേരില്‍ പോലീസ് നടപടിക്കിരയായത് അവരായിരുന്നു.
ഷഹീന്‍ ബാഗും ജാഫ്‌റാബാദും ഇസ്ലാമിസ്റ്റ് – ഇടതുപക്ഷ മതേതരക്കാരുടെ ആവേശമായിരുന്നല്ലോ. ജാഫ്‌റാബാദത്തില്‍ റോഡരികില്‍ സമരത്തിനിരുന്നവരെ റോഡിന്റെ നടുവിലേക്ക് കൊണ്ടുവന്നു സമരം നയിച്ചത് പിഞ്ച്‌റാ തോഡ് നേതാക്കളായിരുന്നു. കപില്‍ മിശ്രയെപോലുള്ള ബി.ജെ.പി. ക്കാര്‍ പ്രതിഷേധിച്ചിട്ടും മുസ്ലീം നേതാക്കളും അഭിഭാഷകരും ഉപദേശിച്ചിട്ടും അവര്‍ പിന്‍മാറിയില്ല. പ്രകോപനമുണ്ടാക്കി കലാപത്തിന് വിത്തിടുക എന്നതായിരുന്നു അവരുടെ ദൗത്യം. അത് ഏല്പിച്ചത് ഇസ്ലാമിസ്റ്റ് സംഘടനകളും. ദൗത്യം വിജയിച്ച് കലാപമായതോടെ നേതാക്കള്‍ മുങ്ങി. ‘മുസ്ലിം ഇന്ത്യ’ എന്ന ബ്ലോഗിന്റെ എഡിറ്റര്‍ ഒവൈസ് സുല്‍ത്താന്‍ ഖാനെ പോലുള്ളവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരിച്ചത് കുഴപ്പത്തിനു കാരണക്കാര്‍ പിഞ്ച്‌റാ തോഡ് ആണെന്നാണ്. ദില്ലി പോലീസ് ഇവരെ ഒന്നൊന്നായി പിടികൂടുകയാണിപ്പോള്‍.