കൂനന്‍ കുരിശ് സത്യം കേരളത്തിലെ മാര്‍ത്തോമ സഭയുടെ ഗതിവിഗതികളെ ആകെ മാറ്റിമറിച്ചു. ഇവിടെ നിലവിലുണ്ടായിരുന്ന മാര്‍ത്തോമസഭ അതിന്റെ പാരമ്പര്യ പശ്ചാത്തലംകൊണ്ട് സമ്പന്നമായിരുന്നു. യേശുക്രിസ്തുവിനെ ശരിക്കും തൊട്ടുനില്‍ക്കുന്നതാണ് തങ്ങളുടെ സഭയെന്ന് ഓരോ മാര്‍ത്തോമ നസ്രാറാണിയും തെളിവുപറഞ്ഞ് സ്വയം വിശ്വസിച്ചു.
യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ശേഷം ആദ്യമായി സുവിശേഷവല്‍ക്കരണം നടന്ന രാജ്യങ്ങള്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തില്‍പ്പെട്ട എദേസയും ബാബിലോണുമായിരുന്നു. ക്രിസ്തുമതം ഔദ്യോഗിക മതമായി അംഗീകരിച്ച ആദ്യ ലോകരാഷ്ട്രം എ.ഡി.50-ല്‍ എദേസയാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. തോമാസ് ശ്ലീഹയുടെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ ബാബിലോണിയന്‍ സഭയില്‍ ആയിരുന്നെന്നും ബാബിലോണിയയിലെ ഉര്‍മിയ ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിച്ച ശേഷമാണ് തോമാസ് ശ്ലീഹ ഇന്ത്യയിലേക്ക് യാത്ര തിരിച്ചതെന്നും ഇവര്‍ വിശ്വസിക്കുന്നു. എ.ഡി. 50 ല്‍ ക്രിസ്തുമതമുണ്ടോ ദിവ്യബലിയുണ്ടോയെന്നൊക്കെയുള്ള ചരിത്രപരമായ ചോദ്യത്തിന് വിശ്വാസത്തിന് മുമ്പില്‍ പ്രസക്തിയില്ല.
യേശു സംസാരിച്ച ഭാഷ സുറിയാനി ഭാഷയുടെ വകഭേദമായ ആറാമായ ആയിരുന്നു. മാര്‍ത്തോമസഭ അടങ്ങുന്ന പൗരസ്ത്യ ക്രിസ്ത്യാനികളുടെ ആരാധന ഭാഷ സുറിയാനിയായിരുന്നു. ക്രൈസ്തവ ആരാധനക്രമം ആദ്യം ഉണ്ടായതും പൗരസ്ത്യ സുറിയാനി ഭാഷയില്‍ ആയിരുന്നു. സെന്റ് തോമാസാകട്ടെ ക്രിസ്തുവിന്റെ പ്രത്യക്ഷ അപ്പോസ്തലനും. ഇത്രയൊക്കെ പാരമ്പര്യവിശ്വാസമുള്ള സഭയോടാണ് പറങ്കി പട്ടാളം ഇതെല്ലാം ഒറ്റദിവസംകൊണ്ട് മറക്കുവാന്‍ പറഞ്ഞത്. ഇതിനെതിരെയുണ്ടായ വിസ്‌ഫോടനമായിരുന്നു കൂനന്‍ കുരിശ് സത്യം.
കൂനന്‍ കുരിശിനെ തുടര്‍ന്ന് മാര്‍ത്തോമ ഒന്നാമന്‍ എന്ന പേരില്‍ മെത്രാനായി കത്തനാമ്മാരാല്‍ തെരഞ്ഞെടുക്കപ്പെട്ട അകര്‍ദിയോക്കന്‍ തോമസിനെ മെത്രാനായി അംഗീകരിക്കുവാന്‍ പറങ്കി സഭകള്‍ തയ്യാറായില്ല. അതിന് കാരണം മെത്രാന്മാരെ വാഴിക്കുന്നത് ഇങ്ങനെയല്ല എന്നതായിരുന്നു.
ക്രൈസ്തവ രീതി അനുസരിച്ച് മുകളില്‍നിന്ന് കീഴ്‌പ്പോട്ടാണ് നിയമനം. മാര്‍പാപ്പ, പാത്രിയാര്‍ക്കിസ്, മെത്രപ്പോലിത്ത, മെത്രാന്‍ എന്നിങ്ങനെ കീഴ്‌പ്പോട്ട്‌പോകുന്നു. മേല്‍പ്പട്ട ശുശ്രൂഷ എന്നും അപ്പോസ്തലിക പിന്തുടര്‍ച്ച എന്നുമൊക്കെയാണ് ഇതിനെ വിളിക്കുക ‘ഇതൊരു വലിയ ചടങ്ങാണ്. മാര്‍ത്തോമ ഒന്നാമന്റെ സ്ഥാനാരോഹണത്തില്‍ ഈ ചടങ്ങ് നടന്നിട്ടില്ല.’ മെത്രാന്‍ ആരോഹണം ആചാരപരമല്ല എന്നത് റോമന്‍ കത്തോലിക്കര്‍ വലിയ വിഷയമായി തന്നെ ഉയര്‍ത്തി. മാര്‍ത്തോമ ഒന്നാമന്‍ നല്‍കുന്ന ആത്മീയ ശുശ്രൂഷകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും ദൈവാനുഗ്രഹം ഇല്ലെന്ന് ഈശോസഭക്കാര്‍ പ്രചരിപ്പിച്ചതോടെ ഇവരുടെ പാളയത്തില്‍ നിന്ന് പലരും അപ്പുറത്തേക്ക് പോയി. പിന്നീട് ഇവര്‍ മേല്‍പ്പട്ട ശുശ്രൂക്ഷ എന്ന മെത്രാഭിഷേകം കിട്ടുന്നതിനായി ശ്രമം തുടങ്ങി.
മാര്‍ത്തോമ മെത്രാന്‍ വ്യാജനാണെന്നും അനുഗ്രഹപ്രാപ്തി ഇല്ലാത്തവനാണെന്നും മാര്‍ത്തോമ കുടുംബങ്ങളില്‍ പ്രചരണം നടത്തേണ്ട ചുമതല ഈശോ സഭയ്ക്കായിരുന്നു. മാര്‍ത്തോമക്കാരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതില്‍ ഈശോ സഭ വിജയിച്ചു.
ഇന്നത്തെ കാലഘട്ടമല്ല. സഭയുമായി ബന്ധപ്പെട്ട ഏതൊരു തീരുമാനത്തിനും വര്‍ഷങ്ങളെടുക്കും. രണ്ട് വര്‍ഷം മൂന്ന് വര്‍ഷം എന്നൊക്കെ പറയുന്നത് ഒരു സാധാരണ കാലയളവാണ്. വിവിധ സഭകളുടെ തലസ്ഥാനങ്ങള്‍ കിടക്കുന്നത് റോമിലും പേര്‍ഷ്യയിലും തുടങ്ങി ബാബേല്‍, അലക്‌സാട്രിയ, അന്ത്യോഖ്യാ എന്നിങ്ങനെയുള്ള പ്രദേശങ്ങള്‍ അടങ്ങിയ വിവിധ പൗരസ്ത്യ ദേശങ്ങളിലാണ്. ഇവിടുത്തെ സഭകള്‍ ഓര്‍ത്തോഡോക്‌സ് സഭകളെന്നാണ് പൊതുവില്‍ അറിയുന്നത്. ഇവിടെ നിന്ന് മൂവായിരം നാലായിരം കിലോമീറ്റര്‍ കടല്‍മാര്‍ഗ്ഗം യാത്ര ചെയ്തുവേണം തലസ്ഥാനത്തെത്തുവാന്‍ തന്നെ. ഇതിനെല്ലാം പുറമെയായിരുന്നു കടലിലും കരയിലും പോര്‍ച്ചുഗീസുകാരും അറബികളും മറ്റും ഒരുക്കിയിട്ടുള്ള ഉപരോധം.
മാര്‍ത്തോമ സഭക്ക് മെത്രാഭിഷേകം കിട്ടാത്ത അവസ്ഥ മുതലെടുക്കാന്‍ മാര്‍പാപ്പയും പറങ്കികളും ബഹുമുഖമായി തന്നെ കരുക്കള്‍ നീക്കി. ഉദയംപേരൂര്‍ സുന്നഹദോസിലും മറ്റും മെനസിസ്സിന്റെ പിന്‍നിരയായി അണിനിരന്നിരുന്നത് ഈശോ സഭക്കാരായ പുരോഹിതശ്രേണിയായിരുന്നു, 1540 ല്‍ യൂറോപ്പിലാണ് ഈ സഭയുടെ ജനനം. സഭ സ്ഥാപിതമായി രണ്ടാം വര്‍ഷം തന്നെ ആദ്യത്തെ റിക്രൂട്ട്‌മെന്റ് നടക്കുന്നത് കേരളത്തിലേക്കാണ്. ഇഗ്‌നേഷ്യസ് ലയോള എന്ന തീവ്ര മതവാദിയാല്‍ സ്ഥാപിതമായ ഈ സഭയെ അന്നത്തെ പോര്‍ച്ചുഗീസ് രാജാവ് ജോണ്‍ മൂന്നാമന്‍ കേരളത്തിലേക്ക് വിടുകയായിരുന്നു. പോര്‍ച്ചുഗീസുകാര്‍ക്ക് വേണ്ടി ഗുണ്ടാപണി ചെയ്യുന്നതില്‍ മുന്‍ നിരയിലായിരുന്നു അന്ന് ഈശോസഭ. എങ്ങിനെയും ആളുകളെ റോമാ സഭയിലേക്ക് കൊണ്ടുവരിക മാത്രമായിരുന്നു ലക്ഷ്യം. ഇവര്‍ ഇതിനായി തദ്ദേശീയരായ ആളുകളെ പ്രത്യേകിച്ച് മാര്‍ത്തോമ നസ്രറണികളെ നന്നായി ഉപദ്രവിച്ചിരുന്നു. അതിനാല്‍ ഈശോസഭയോട് പൊതുവില്‍ നല്ല എതിര്‍പ്പ് ഉണ്ടായിരുന്നു. പിന്നാലെ മറ്റ് ചില മത പരിവര്‍ത്തന മിഷനറി ഗ്രൂപ്പുകളായ കര്‍മ്മലിത്ത സന്യാസ വിഭാഗത്തെയും സ്‌പെയിനില്‍ നിന്ന് ഫ്രാന്‍സിസ്‌കന്‍ സഭയെയും ഇങ്ങോട്ട് അഴിച്ചുവിട്ടു. ഈ സഭകളൊക്കെ തമ്മില്‍ ഗ്രൂപ്പ് വഴക്ക് ശക്തമായിരുന്നെങ്കിലും ഇരകളെ പിടിക്കുന്ന കാര്യത്തില്‍ മല്‍സരമായിരുന്നു. ഈശോ സഭക്കാര്‍ക്കെതിരെ കിട്ടുന്ന ഏത് അവസരവും മാര്‍ത്തോമക്കാരെ കൂട്ടുപിടിച്ച് മുതലാക്കുവാന്‍ കര്‍മലിത്തക്കാരും ഫ്രാന്‍സിസ്‌ക്കന്മാരും മല്‍സരിച്ചിരുന്നു. കത്തോലിക്കരിലെ വിവിധ സഭകള്‍ ഇങ്ങനെ ഏറ്റുമുട്ടുമ്പോഴും ഓരോരുത്തരുടെയും കക്ഷത്തിലുണ്ടായിരുന്ന പ്രധാന ഇരകള്‍ മാര്‍ത്തോമക്കാരായിരുന്നു. ഇങ്ങനെ സഭകളെ തമ്മില്‍ അടിപ്പിച്ച് മല്‍സരിപ്പിച്ച് മാര്‍പാപ്പ പക്ഷത്തിന് ആളുകളുടെ എണ്ണം കൂട്ടിക്കൊടുക്കുന്നതും മാര്‍പാപ്പ ബുദ്ധികേന്ദ്രങ്ങളുടെ സൃഷ്ടിയായിരുന്നു. ചുരുക്കത്തില്‍ അക്കാലത്ത് ഇന്ത്യയിലേക്കുള്ള എല്ലാ കപ്പലുകളും റോമന്‍ കത്തോലിക്ക മിഷനറിമാരെക്കൊണ്ടും ഇവിടം കീഴടക്കുവാനുള്ള ആയുധങ്ങള്‍ കൊണ്ടും നിറഞ്ഞുകവിഞ്ഞിരുന്നു.
മാര്‍ത്തോമ നസ്രാണികളെ കത്തോലിക്ക ക്രിസ്ത്യാനികളാക്കുക എന്ന ദൗത്യം ഒടുവില്‍ ഏറ്റെടുത്തത് കര്‍മ്മലിത്ത സന്യാസസഭയായിരുന്നു. ‘വെടക്കാക്കി തനിക്കാക്കുക’ എന്ന തന്ത്രത്തിന്റെ ആശാന്‍മാരായിരുന്നു ഇവര്‍. വെടക്കാക്കി തനിക്കാക്കലിന്റെ ഒരു യൂണിവേഴ്‌സിറ്റിയായിട്ടാണ് സുറിയാനി സമൂഹം കര്‍മ്മലിത്തക്കാരെ അവതരിപ്പിക്കുന്നത്. മാര്‍ത്തോമ നസ്രാണികളുടെ ബദ്ധവൈരിയായി മാറിക്കഴിഞ്ഞ പറങ്കിസഭക്കാര്‍ തങ്ങളുടെയും ശത്രുവാണെന്ന രീതിയിലായിരുന്നു മാര്‍ത്തോമക്കാരു മായിട്ടുള്ള കര്‍മ്മലിത്തയുടെ ആദ്യഘട്ടത്തിലെ ഇടപെടലുകള്‍. ശത്രുവിന്റെ ശത്രു മിത്രം എന്ന സിദ്ധാന്തമനുസരിച്ച് കര്‍മലിത്തക്കാരെ മാര്‍ത്തോമക്കാര്‍ കണ്ണടച്ച് വിശ്വസിച്ചു. മാര്‍ത്തോമക്കാരുടെ വിശ്വാസം ആര്‍ജിച്ച ശേഷം രണ്ടാം ഘട്ടത്തില്‍ ഇവര്‍ മാര്‍ത്തോമ സഭയുടെ വിശ്വാസങ്ങളെല്ലാം കാപട്യങ്ങളാണെന്ന് സ്ഥാപിക്കുവാന്‍ ശ്രമം തുടങ്ങി. മെത്രാഭിഷേകം നടക്കാതെ മെത്രാനായി ഇരിക്കുന്ന തോമ ഒന്നാമനെ ഉപേക്ഷിക്കുവാനും റോമാ സഭയില്‍ ചേരുവാനും കര്‍മ്മലിത്തക്കാര്‍ സമ്മര്‍ദ്ദം ചെലുത്തി. ഒടുവില്‍ മാര്‍ത്തോമ ഒന്നാമനെ തന്നെ സ്വന്തം പക്ഷത്തേക്ക് മറയ്ക്കുവാന്‍ ശ്രമിക്കുകയും ചെയ്തതോടെ നസ്രാണി സമൂഹവും കര്‍മലിത്തയും തമ്മില്‍ തെറ്റി. പിന്നീട് നടന്നത് സ്വന്തക്കാരായി അഭിനയിച്ച് വന്ന കര്‍മലിത്തക്കാരും മാര്‍ത്തോമ നസ്രാണിയും തമ്മില്‍ തുറന്ന യുദ്ധമാണ്.
അലക്‌സാണ്ടര്‍ ഏഴാമന്‍ മാര്‍പാപ്പാ കര്‍മലിത്ത സഭക്കാരനായ ജോസഫ് മോറിയെ കേരളമെത്രാനായി അയച്ചു. ഇദ്ദേഹം കൊച്ചി രാജാവുമായി ചേര്‍ന്ന് മാര്‍ത്തോമ സഭയുടെ നായകരായ തോമ ഒന്നാമനെയും മാര്‍ത്തോമ സഭയുടെ നട്ടെല്ലായ ഇട്ടിതൊമ്മന്‍ കത്തനാരെയും അറസ്റ്റ് ചെയ്തു. ഇവരെ ഗോവയിലെ മതവിചാരണ കോടതിയില്‍ ശിക്ഷിക്കാനായിരുന്നു പദ്ധതി. എന്നാല്‍ വേറെ ചില ആളുകളുടെ സഹായത്തോടെ ഇവര്‍ രക്ഷപ്പെട്ടു. ഇത് പറങ്കി മെത്രാനെ രോഷാകുലനാക്കി. മെത്രാന്‍ ജോസഫ്, മാര്‍ത്തോമയുടെ വീട് ആക്രമിച്ച് അയാളുടെ സകല സ്വത്തുക്കളും കൈവശപ്പെടുത്തി. ബാക്കിയുള്ളവ തിയിട്ട് നശിപ്പിച്ചു.
1653 ലെ കുനന്‍ കുരിശ് സത്യവും ഇതിനെ തുടര്‍ന്ന് ഉണ്ടായ മാര്‍തോമ ഒന്നാമന്റെ സ്ഥാനാരോഹണവും റോമന്‍ കത്തോലിക്കരായ പറങ്കിസംഘം അംഗീകരിച്ചില്ല. ഇതിന് കാരണമായി ആരോപിക്കപ്പെട്ട കുറ്റം ആചാരപ്രകാരം മാര്‍ തോമ ഒന്നാമനെ മെത്രാഭിഷേകം നടത്തിയില്ലെന്നുള്ളതാണെന്ന് നാം കണ്ടു.. ഈ പ്രശ്‌നങ്ങള്‍ക്ക് മാര്‍ത്തോമ നസ്രാണി സഭക്ക് പരിഹാരം കാണുവാന്‍ കഴിയുന്നത് 12 വര്‍ഷത്തിന് ശേഷം 1665 ല്‍ മാത്രമാണ്. ഇതിനിടയില്‍ മേല്‍പറഞ്ഞ പോലുള്ള ഒരുപാട് സംഭവ വികാസങ്ങള്‍ നടന്നു കഴിഞ്ഞിരുന്നു. അപ്പോസ്തലിക പാരമ്പര്യമില്ലാത്ത മാര്‍ത്തോമ ഒന്നാമന്‍ മെത്രാനല്ലെന്നും ഇയാള്‍ പഴയ വെറും അക്കര്‍ദിയോക്കന്‍ തോമാസ് മാത്രമാണെന്നുമുള്ള എതിര്‍പക്ഷത്തിന്റെ പ്രചണ്ഡ പ്രചരണം തകര്‍ക്കാതെ മുന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു നസ്രാണി സഭ. കടല്‍ കടന്നെത്തിയ 4 വിദേശ സഭകളും-ഈശോസഭ, ജെസ്യൂട്ട് സഭ, കര്‍മലിത്ത സഭ, ഫ്രാന്‍സിസ്‌കന്‍ സഭ മാര്‍ത്തോമക്കാരുടെ ഇടയില്‍ മെത്രാഭിഷേകം നടക്കാത്ത മെത്രാന്റെ കഥ നന്നായി പ്രചരിപ്പിക്കുകയും അത് ഫലിക്കുകയും ചെയ്തിരുന്നു. കൂനന്‍കുരിശ് വിഭാഗത്തിന്റെ തുടര്‍ച്ചയായ കത്തുകള്‍ക്കും അന്വേഷണങ്ങള്‍ക്കുമൊടുവില്‍ 1665 ല്‍ സിറിയയില്‍ നിന്ന് ഒരു മെത്രാന്‍ വന്നു. ഇദ്ദേഹം സിറിയയിലെ യാക്കോബായ പാത്രിയാര്‍ക്കിസിന്റെ പ്രതിനിധിയായിരുന്നു. റോമന്‍ കത്തോലിക്കക്കാര്‍ ഒഴികെ പൗരസ്ത്യദേശത്തുനിന്നും ആരു വന്നാലും സ്വീകരിക്കുവാന്‍ തയ്യാറായിരുന്നു ഇവര്‍. കാരണം കൂനന്‍കുരിശ് മുതല്‍ യാക്കോബായ മെത്രാന്‍ വരുന്നതുവരെയുള്ള 12 വര്‍ഷക്കാലം ഇവരെ റോമാ വിഭാഗങ്ങള്‍ തലങ്ങും വിലങ്ങും ഉപദവിച്ചിരുന്നു. നിരവധി മാര്‍ത്തോമക്കാരെ കത്തോലിക്ക സഭയിലേക്ക് മാറ്റി. അങ്ങിനെയിരിക്കെയാണ് സിറിയക്കാരനായ മാര്‍ ഗ്രിഗോറിയോസ് അബ്ദുള്‍ ജല്ലിദ് എന്ന് അറിയപ്പെടുന്ന അന്ത്യോക്യയിലെ മെത്രാന്‍ ഇവിടത്തെ എത്തുന്നത്. ഇദ്ദേഹം വന്നപാടെ ഒന്നാം മാര്‍ തോമയെ ക്രൈസ്തവ സഭാ രീതിയില്‍ മെത്രാനായി വാഴിച്ച് കൂനന്‍ കുരിശ് ഭാഗത്തെ ദൈവത്തിനു സാക്ഷ്യപ്പെടുത്തി. ഇവര്‍ ചരിത്രത്തില്‍ യാക്കോബായക്കാര്‍ എന്ന് അറിയപ്പെട്ടു. അന്ത്യോഖ്യന്‍ ഓര്‍ത്തഡോക്‌സ് സഭയെ അന്ത്യോഖ്യന്‍ യാക്കോബായ സുറിയാനി സഭയെന്നും വിളിക്കാറുണ്ട്. ഇതിനോടൊപ്പം തന്നെയുള്ള മറ്റ് സഹോദര സഭകളാണ് പേര്‍ഷ്യന്‍ സഭയും കല്‍ദായ സുറിയാനി സഭയുമെല്ലാം. പൗരസ്ത്യ ദേശത്തുള്ള ഓരോ സഭയ്ക്കും കാലദേശ പ്രദേശിക വ്യത്യാസമനുസരിച്ച് നിരവധി പേരുകള്‍ ഉണ്ടെന്നുള്ളത് സഭാചരിത്രപഠനവിദ്യാര്‍ത്ഥികളില്‍ പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്.
മെത്രാന്‍ വന്നത് അന്ത്യോക്യയില്‍ നിന്നാണെന്നുള്ളത് പാരമ്പര്യവാദികളായ മാര്‍ത്തോമക്കാരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. കാരണം അന്ത്യോഖ്യ എന്ന പുരാതന ക്രൈസ്തവ പട്ടണത്തിന് ചരിത്രത്തില്‍ വലിയ സ്ഥാനമുണ്ട്. ഇന്ന് മുസ്ലിം രാഷ്ട്രമായ തുര്‍ക്കിയിലാണ് ഈ പട്ടണം. മുമ്പ് സിറിയയുടെ തലസ്ഥാനമായിരുന്ന ഈ നഗരം റോമാസാമാജ്യത്തിലെ മൂന്നാമത്തെ വലിയ നഗരമായിരുന്നു. ക്രിസ്തുഭക്തരെ ക്രിസ്ത്യാനികള്‍ എന്ന് ആദ്യമായി വിളിച്ചത് ഇവിടെ വെച്ചാണ്. അന്ത്യോക്യയിലെ ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കിസുമാര്‍ ഇപ്പോഴും ഇഗ്‌നാത്തിയോസ് എന്ന സ്ഥാനപ്പേര് ഉപയോഗിക്കുന്നവരാണ് ഇഗ്‌നാത്തിയോസ് എന്നത് അന്ത്യോഖ്യന്‍ സിറിയന്‍ പാത്രിയാര്‍ക്കീസുമാര്‍ സ്ഥാനാരോഹണം ചെയ്യുമ്പോഴുള്ള സ്ഥാനപ്പേരാണ്. ഇങ്ങനെയൊക്കെയുള്ള ചരിത്ര പശ്ചാത്തലം മാര്‍ത്തോമക്കാര്‍ക്ക് അഭിമാനമായിരുന്നു.
കൂനന്‍ കുരിശ് മുതല്‍ യാക്കോബായ സഭയുടെ ഉത്ഭവം വരെ നീളുന്ന 12 വര്‍ഷത്തിനുള്ളില്‍ കേരളം ഈ രണ്ട് വിഭാഗങ്ങളുടെയും പോരാട്ടഭൂമിയായിരുന്നു. പിടിച്ചെടുത്ത് കീഴടക്കാനായിരുന്നു പറങ്കികളുടെ ശ്രമമെങ്കില്‍ പിടിച്ചുനില്‍ക്കാനായിരുന്നു എതിരാളികളുടെ ശ്രമം. കുനന്‍കുരിശുകാരെ തല്ലി ഒതുക്കിയില്ലെങ്കില്‍ ഇത് നാളെകളില്‍ ആഗോള വ്യാപകമായി സംഭവിക്കപ്പെടുമെന്ന് മാര്‍പാപ്പ പക്ഷം ഭയപ്പെട്ടു. 1657 ല്‍ മാര്‍പാപ്പ നേരിട്ട് യൂറോപ്പില്‍ നിന്ന് വിവിധ സഭകളെ ഇവിടെക്ക് കയറ്റി വിട്ടു. മാര്‍തോമ ഒന്നാമന്റെ പക്ഷത്തുനിന്ന് വിശ്വാസികളെയും പള്ളികളെയും മോചിപ്പിക്കലായിരുന്നു ഇവരുടെ ആദ്യ ലക്ഷ്യം.പണം,സ്വാധീനം, ഭീഷണി, ഗുണ്ടായിസം, ഇങ്ങിനെ എന്തുമാകാം. ലക്ഷ്യം നേടണം. ക്രിസ്തുവിന്റെ കാര്യം പറയുവാന്‍ തങ്ങള്‍ മാത്രം മതിയെന്ന നിലപാട്.
1661ല്‍ ജോസഫ് സെബാസ്ത്യാനിയെന്നയാള്‍ കേരളത്തിലെ റോമാന്‍ കത്തോലിക്ക സഭയുടെ മെത്രാനായി. ഇദ്ദേഹത്തെ മാര്‍പാപ്പ ഏല്‍പ്പിച്ച ഏക കാര്യം കൂനന്‍ കുരിശുകാരന്‍ മാര്‍ത്തോമ ഒന്നാമന്റെ സംഘത്തെ ഇല്ലാതാക്കുകയെന്നതാണ്. ഈ സംഘം തകരേണ്ടത് മാര്‍പാപ്പ സംഘത്തിനും ആവശ്യമായിരുന്നു. കാരണം മാര്‍ത്തോമ ഒന്നാമനെ നാട്ടുകാരായ കത്തനാരന്മാര്‍ വട്ടംകൂടിയിരുന്ന് മെത്രാനാക്കിയ പോലെ തുടര്‍ന്നും നാട്ടില്‍ മെത്രാന്മാര്‍ സൃഷ്ടിക്കപ്പെട്ടാല്‍ മാര്‍പാപ്പയെന്ന അധികാര സ്ഥാനത്തിന് വിലയില്ലാതാവും. റോമന്‍ സഭ മെത്രാന്‍ സെബാസ്ത്യാനിക്ക് മാര്‍പാപ്പയും പറങ്കിപ്പടയും കൈയ്യയച്ച് സഹായം ചെയ്തു. പറങ്കികളുടെ ഭീഷണിക്ക് വഴങ്ങി മനസ്സില്ലാമനസ്സോടെ കൊച്ചി രാജാവും സെബാസ്ത്യാനിയുടെ പിന്നണിയില്‍ ഉണ്ടായിരുന്നു. സെബാസ്ത്യനിയുടെ ആളുകള്‍ മാര്‍തോമ ഒന്നാമന്റെ ആളുകളെ ഓടിച്ചിട്ട് ആക്രമിച്ചു. പൊന്നും പണവും വാഗ്ദാനങ്ങളും ഒഴുകി. രക്ഷിക്കേണ്ട രാജാവുകൂടി ശത്രുപക്ഷത്തായതോടെ മാര്‍തോമ സഭക്കാര്‍ അനാഥരായി. പറങ്കി സംഘത്തിന്റെ പല വധശ്രമങ്ങളില്‍ നിന്നും മാര്‍തോമ ഒന്നാമന്‍ ദൈവകൃപയാല്‍ രക്ഷപ്പെട്ടുവെന്നാണ് ആ സഭക്കാര്‍ പറയുന്നത്. മാര്‍തോമ മെത്രാന്റെ പല്ലക്കും അധികാര വസ്ത്രവും വരെ പറങ്കിസംഘം മെത്രാന്‍ ജോസഫ് സെബസ്ത്യാനിയുടെ നേതൃത്വത്തില്‍ കത്തിച്ചു. അവിടത്തെ മാര്‍തോമക്കാര്‍ക്കുള്ളില്‍ പ്രാണഭയം ജനിപ്പിക്കുവാന്‍ മെത്രാന്‍ സെബാസ്ത്യാനിക്ക് കഴിഞ്ഞു. ഇതുതന്നെയാണ് അവര്‍ ആഗ്രഹിച്ചതും . മാര്‍തോമ സഭയിലെ ജീവഭയം ഉള്ളവരെല്ലാം ആ സഭ ഉപേക്ഷിച്ച് കൂട്ടത്തോടെ പള്ളിയടക്കം സെബസ്ത്യാനി പക്ഷത്തേക്ക് ചേര്‍ന്നു. ആകെയുള്ള 116 സഭകളില്‍ 84 എണ്ണം മാര്‍പാപ്പക്ക് ഒപ്പവും 32 എണ്ണം മാര്‍ത്തോമ പക്ഷത്തും നിന്നു. മാര്‍പാപ്പ പക്ഷം വീണ്ടും ലീഡ് ചെയ്യുവാന്‍ തുടങ്ങി.
കേരളത്തിലെ ക്രൈസ്തവ വിശ്വാസികള്‍ മൂന്ന് പക്ഷമായി പിരിയുന്നതാണ് ഇവിടെ ചരിത്രം കാണുന്നത്
1) ഉദയംപേരുര്‍ സുന്നഹദോസ് ശാസനകള്‍ അനുസരിച്ച് മാര്‍പാപ്പയുടെ ആത്മീയ നേതൃത്വത്തിന് കീഴില്‍ ജീവിക്കുവാന്‍ തീരുമാനിച്ച മാര്‍തോമസഭയില്‍ നിന്ന് റോമന്‍ കത്തോലിക്കസഭയിലേക്ക് മാറിയവര്‍. ഇവര്‍ ഇപ്പോള്‍ റോമസഭക്കാരാണെങ്കിലും തങ്ങളുടെ പൂര്‍വിക സഭയായ പൗരസ്ത്യ സുറിയാനി സഭാ അഭിമാനികളാണ്. ഇവര്‍ സീറോ മലബാര്‍ സഭ എന്ന് അറിയപ്പെടുന്നു. പണ്ടത്തെ കേരള ദേശത്തെ മലബാര്‍, മലങ്കര എന്നൊക്കെയാണ് വിളിച്ചിരുന്നത്. സെന്റ് തോമാസിന്റെ നമ്പൂതിരി പാരമ്പര്യത്തില്‍ അഭിമാനികളാണ്. ഇവര്‍ മാര്‍പാപ്പ സഭയിലെ മേല്‍ ജാതിക്കാരാണ്.
2) പറങ്കി മിഷനറി പ്രവര്‍ത്തനങ്ങള്‍ മൂലം ഫ്രാന്‍സിസ്, സേവ്യര്‍ തുടങ്ങിയവരാല്‍ മതം മാറ്റപ്പെട്ട, പുതിയതായി മതം മാറി വന്ന മുക്കുവാദി പുതു ക്രിസ്ത്യാനികള്‍. ഇവര്‍ താരതമ്യേന ദരിദ്രരാണ് – ഇവര്‍ ലത്തിന്‍ കത്തോലിക്കര്‍ എന്ന് പ്രത്യേകം അറിയപ്പെടുന്നു. ഇവര്‍ മാര്‍പാപ്പ സഭയിലെ കീഴ്ജാതിക്കാരാണ്. മതം മാറിയിട്ടും കീഴ്ജാതിക്കാരായി ഇന്നും ജീവിക്കുന്നു.
3) യഥാര്‍ത്ഥ മാര്‍ത്തോമ പാരമ്പര്യം തങ്ങളുടെതാണെന്ന് പ്രഖ്യാപിച്ച് കൂനന്‍ കുരിശ് സ്വാതന്ത്ര്യ പ്രഖ്യാപിച്ച പുതിയ സഭയായ മാര്‍ത്തോമ നസ്രാണി സുറിയാനിക്കാര്‍.
വിശ്വാസികളുടെ എണ്ണം കൂട്ടാനും എതിരാളികളെ ഇല്ലാതാക്കുവാനും സഭകളുടെ മല്‍സരം നടന്നു. ഈ കളിയില്‍ മാര്‍പാപ്പ – പറങ്കി സഖ്യത്തിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ ഈ കളി അധികം നാള്‍ തുടരാന്‍ കര്‍ത്താവ് മാര്‍പാപ്പ സഖ്യത്തെ അനുവദിച്ചില്ല എന്നാണ് മാര്‍ത്തോമക്കാര്‍ പറയുന്നത്. 1663 ജനുവരി 6ന് ഡച്ചുകാര്‍ കൊച്ചി ആക്രമിക്കുകയും പറങ്കി സൈന്യം പരാജയപ്പെടുകയും ചെയ്തു. ഡച്ചുകാരാല്‍ പറങ്കികള്‍ക്ക് ഉണ്ടായ പരാജയത്തെ സഭയുടെ ശത്രുക്കള്‍ക്ക് ദൈവശിക്ഷ എന്നാണ് സുറിയാനി ചരിത്രം പറയുന്നത്.
(തുടരും)