ഓരോ ദിവസം കഴിയുംതോറും കൊറോണ വൈറസിനെ (കോവിഡ് – 19) കുറിച്ചുള്ള ഭയം ഭാരതീയര്‍ക്ക് ഒരു ദുഃസ്വപ്‌നമായി മാറുകയാണ്. ഇതിന്റെ ഉറവിടത്തെ കുറിച്ചും ഇത് എവിടെ ചെന്നവസാനിക്കും എന്നതിനെ കുറിച്ചും ലക്ഷക്കണക്കിന് ഭാരതീയര്‍ ഭൂമുഖത്തു നിന്ന് തുടച്ചുനീക്കപ്പെടുമോ എന്നതിനെ കുറിച്ചും ആര്‍ക്കും ഒരു ധാരണയുമില്ല. അമേരിക്കയുടെ പിന്തുണയോടെ ചെങ്കടലിലേക്കുള്ള പ്രവേശനത്തിന്റെ നിയന്ത്രണമേറ്റെടുത്ത യു.കെ. (ബ്രിട്ടന്‍ എന്നു പറയുന്നതാണ് ശരി) മുഖേന ലോകക്രമത്തെ സ്വാധീനിച്ച ആംഗ്ലോ സാക്‌സന്‍ നടപടിയുടെയും സൗദി അറേബ്യയുടെ ഭൂമിശാസ്ത്രപരമായ ഏകാത്മതയെ യു.എ.ഇ. അപമാനിച്ചതിന്റെയും സമയത്താണ് ആഗോളതലത്തില്‍ ഇരട്ടമുഖമുള്ള ഡി.എന്‍.എയില്‍ (ഡിയോക്‌സി റൈബോ ന്യൂക്ലിക് ആസിഡ്) നിന്നു വ്യത്യസ്തമായി ഏകമുഖമുള്ള ആര്‍.എ.എ. (റിബോ ന്യൂക്ലിക് ആസിഡ്) മനുഷ്യവംശത്തിന് നരകം തീര്‍ക്കുന്നത്.
സ്ഥിതിവിവരങ്ങള്‍
വിരുദ്ധമായ സിദ്ധാന്തങ്ങള്‍ ഉള്‍പ്പെടെ കൊറോണ വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് ഏതാനും സിദ്ധാന്തങ്ങള്‍ ഉണ്ടെങ്കിലും അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ് ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ നിന്ന് ഒരു പുതിയ പഠനം പുറത്തുവന്നിട്ടുണ്ട്. ചൈനയിലെ വുഹാനില്‍ ഉടലെടുത്ത കോവിഡ് 19 സ്വാഭാവികമായ പരിണാമത്തിന്റെ ഒരു ഉല്പന്നമാണെന്നാണ് ഈ പഠനം പറയുന്നത്. മനുഷ്യരില്‍ ശ്വാസകോശ സംബന്ധമായ അസുഖം സൃഷ്ടിക്കാന്‍ കഴിയുന്ന ഏകമുഖമുള്ള ആര്‍.എന്‍.എ. കുടുംബത്തിലെ പ്രോട്ടീന്റെ ഘടകമാണ് കൊറോണ വൈറസുകള്‍. 2003ല്‍ രൂപമെടുത്ത Severe Acute Respiratory Syndrome Corona Virus (SARS – Cov)ന് മനുഷ്യരില്‍ വന്‍തോതില്‍ പടര്‍ന്നുപിടിക്കാന്‍ കഴിയുമെന്ന് തെളിയിച്ചിരുന്നു. രണ്ടാമത്തെ ഒരിനം കൊറോണ വൈറസ് Middle East Respiratory Syndrome Corona Virus (MERS – Cov)2011ല്‍ സൗദി അറേബ്യയിലും രൂപമെടുത്തിരുന്നു.
ലോകാരോഗ്യ സംഘടനയാണ് കോവിഡ്-19 എന്ന പേര് ഇതിനു നല്‍കിയത്. വുഹാനില്‍ 2019 നവംബറില്‍ ആദ്യമായി ഉടലെടുത്തതുകൊണ്ടാണ് തുടങ്ങിയ വര്‍ഷമെന്ന നിലയ്ക്ക് 19 ഇതിനോടു ചേര്‍ത്തത്. വൈറസുകളെ നിര്‍ണ്ണയിക്കുന്ന രാജ്യാന്തര സമിതി Severe Acute Respiratory Syndrome Corona Virus – 2 എന്നോ (SARS – Cov-2) എന്നോ ആണിതിനെ വിളിക്കുന്നത്. 2003ല്‍ സാര്‍സിന്റെ തുടക്കത്തിനു കാരണമായ വൈറസുമായി ബന്ധമുള്ളതുകൊണ്ടാണ് ഇങ്ങനെ വിളിക്കുന്നത്. സാര്‍സുമായി ആശയക്കുഴപ്പം വരാതിരിക്കാനാണ് ഡബ്ല്യു.എച്ച്.ഒ. ഇതിനെ കോവിഡ്-19 എന്നു വിളിക്കുന്നത്. മാര്‍ച്ച് 11ന് ഡബ്ല്യു.എച്ച്.ഒ. ഇതിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു. ആഗോളതലത്തില്‍ പൊതുവായി സ്വീകരിക്കപ്പെട്ട ഒരു നിര്‍വ്വചനം ഇതിന് ഇല്ലെങ്കിലും വിവിധ രാജ്യങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ രോഗവും മരണവും ഉണ്ടാക്കുന്ന തരത്തില്‍ പടര്‍ന്നത് എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
കോവിഡ് – 19നെ തടയാനുള്ള നടപടികള്‍
കൈകഴുകല്‍, മാസ്‌ക് ധരിക്കല്‍, സ്വയം നിരീക്ഷണത്തില്‍ കഴിയല്‍, സ്വയം അകലം പാലിക്കല്‍, ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുകയും സംസ്ഥാനങ്ങള്‍ പിന്തുടരുകയും ചെയ്യുന്ന ‘അടച്ചുപൂട്ടല്‍’, അതിലൂടെ ഓരോ ഇന്ത്യക്കാരനും വീട്ടില്‍ കഴിയല്‍ എന്നിവ ഉപദേശിക്കപ്പെട്ട ചില നടപടികളാണ്. ഇത്തരം നടപടികളുടെ ഗുണമോ ദോഷമോ ചര്‍ച്ചചെയ്യുകയല്ല ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. അടിസ്ഥാനപരമായ ഒരു ചോദ്യമാണ് ഇത് ഉന്നയിക്കുന്നത്. ”എന്തുകൊണ്ട് ഇന്ത്യ ഇതുപോലുള്ള പകര്‍ച്ചവ്യാധിയില്‍ പെട്ടു?” 1947 ആഗസ്റ്റ് 15നു ശേഷം ഇന്ത്യയുടെ മുന്നോട്ടുള്ള പോക്കില്‍ എന്തെങ്കിലും പിഴവ് സംഭവിച്ചിട്ടുണ്ടോ? 1947ലെ ഇന്ത്യക്കാരുടെ ശരാശരി ആയുര്‍ ദൈര്‍ഘ്യം പരിഗണിക്കുകയാണെങ്കില്‍ 73 വര്‍ഷംകൊണ്ട് ഇന്ത്യക്കാരുടെ രണ്ടു തലമുറയാണ് കടന്നുപോയത്. ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ ‘ആസൂത്രണ’ത്തിന്റെ ഊന്നല്‍ പടിഞ്ഞാറിനെ അനുകരിക്കുകയും ഇന്ത്യയെ വ്യവസായവല്‍ക്കരിക്കുകയും ചെയ്യുന്നതിലായിരുന്നു. ഈ മാതൃകയിലടങ്ങിയിരുന്ന ആപത്തിനെ മഹാത്മാഗാന്ധി തിരിച്ചറിയുകയും ഉറച്ച ഭാഷയില്‍ തന്നെ ഇന്ത്യ പിന്തുടരേണ്ടത് ‘ഏതാനും പേരുടെ കൈകൊണ്ടുള്ള വര്‍ദ്ധിച്ച ഉല്പാദനമല്ല, ബഹുജനങ്ങളുടെ കൈകൊണ്ടുള്ള ഉല്പാദനം’ എന്ന മാതൃകയാണെന്ന് വ്യക്തമാക്കിയിരുന്നു. ഋഷിതുല്യമായ ഈ ഉപദേശം ആരും സ്വീകരിച്ചില്ലെന്നു മാത്രമല്ല ഇന്ത്യയുടെ വ്യവസായവല്‍ക്കരണം മുന്നോട്ടു കുതിക്കുകയും 1960കളുടെ തുടക്കമാകുമ്പോഴേക്കും രാജ്യത്ത് ഭയാനകമായ ഭക്ഷ്യ ദൗര്‍ലഭ്യം അനുഭവപ്പെടുകയും ചെയ്തു. 1948 ജനുവരി 30ന് ഗാന്ധിജി വധിക്കപ്പെട്ടു. ഗാന്ധിജിയുടെ അഭാവത്തില്‍ ചോദ്യം ചെയ്യപ്പെടാതെ 1964 മെയ് 27ന് അന്തരിക്കുന്നതുവരെ നെഹ്‌റു ഇന്ത്യയുടെ വ്യവസായവല്‍ക്കരണമെന്ന ആശയം അലംഘ്യമായി പിന്തുടരുകയും ചെയ്തു. തത്ഫലമായി 1960കളുടെ തുടക്കത്തില്‍ കാര്‍ഷികരംഗത്ത്, പ്രത്യേകിച്ച് ഭക്ഷ്യകാര്യത്തില്‍ ഭാരതം ശരിയ്ക്കും വെല്ലുവിളി നേരിട്ടു. കടുത്ത ഭക്ഷ്യക്ഷാമത്തിലാണ് ഭാരതം എത്തിപ്പെട്ടത്. നെഹ്‌റുവും ചൈനീസ് പ്രസിഡന്റ് ചൗഎന്‍ലായിയും ചേര്‍ന്ന് ‘ഇന്ത്യാ ചീന ഭായി ഭായി’ എന്ന മുദ്രാവാക്യം മുഴക്കിയെങ്കിലും ചൈന ചതിയിലൂടെ ഭാരതത്തെ ആക്രമിച്ചു. നെഹ്‌റു രംഗം വിട്ടതോടെ അധികാരത്തില്‍ വന്ന തികഞ്ഞ സത്യസന്ധനും ലളിത ജീവിതത്തിനുടമയും കടുത്ത ദേശീയവാദിയുമായ ലാല്‍ ബഹദൂര്‍ ശാസ്ത്രി ‘ജയ് ജവാന്‍ ജയ് കിസാന്‍’ എന്ന മുദ്രാവാക്യമാണ് മുന്നോട്ടുവെച്ചത്. 1965ലെ ഭാരത – പാകിസ്ഥാന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ഉടമ്പടി ചര്‍ച്ച ചെയ്യാന്‍ ഉസ്ബക്കിസ്ഥാനിലെ താഷ്‌ക്കെന്റിലെത്തിയ ശാസ്ത്രിജി 1966 ജനുവരി 11ന് ദുരൂഹ സാഹചര്യത്തില്‍ അന്തരിക്കുകയാണുണ്ടായത്.
ശാസ്ത്രിക്കുശേഷം ഗുല്‍സാരിലാല്‍ നന്ദ, മൊറാര്‍ജി ദേശായി, ചന്ദ്രശേഖര്‍, രാജീവ് ഗാന്ധി, ഐ.കെ. ഗുജ്‌റാള്‍, ദേവഗൗഡ തുടങ്ങി ഏതാനും പ്രധാനമന്ത്രിമാര്‍ വന്നെങ്കിലും ഭാരതത്തിന്റെ വികസനത്തിന് കാര്യമായ യാതൊരു സംഭാവനയും ഇവരില്‍ നിന്ന് ഉണ്ടായില്ല. പക്ഷെ ഇവരില്‍ നിന്ന് രണ്ടു പേരുകള്‍ വേറിട്ടുനില്‍ക്കുന്നു – പാകിസ്ഥാനെ പാഠം പഠിപ്പിച്ച ഇന്ദിരാഗാന്ധിയും ‘ഉദാരവല്‍ക്കരണത്തിനും ആഗോളവല്‍ക്കരണത്തിനും’ തുടക്കം കുറിച്ച പി.വി. നരസിംഹറാവുവും. ശാസ്ത്രിയില്‍ നിന്ന് ഭക്ഷ്യകാര്യത്തില്‍ സ്വയം പര്യാപ്തമല്ലാത്ത ഒരു ഇന്ത്യയെ ഏറ്റെടുത്ത ഇന്ദിരാഗാന്ധി ‘വാട്ടര്‍ഗേറ്റ്’ അഴിമതിയിലൂടെ കുപ്രസിദ്ധനായ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സനെ ഭക്ഷ്യകാര്യത്തിനുവേണ്ടി സമീപിച്ചു. അമേരിക്കയുടെ ‘ലാന്റ് ഗ്രാന്റ് പാറ്റേണ്‍’ മാതൃകയിലുള്ള വര്‍ദ്ധിച്ച ഉല്പാദനം ലക്ഷ്യമിടുന്ന ‘ഹരിതവിപ്ലവമാണ് തുടര്‍ന്നുണ്ടായത്. ‘ഗരീബി ഹഠാവോ’ (ദാരിദ്ര്യം ഇല്ലാതാക്കുക) എന്ന മുദ്രാവാക്യവും ഇന്ദിരാഗാന്ധി മുന്നോട്ടുവെച്ചു. നാലു ദശകങ്ങള്‍ക്കുശേഷവും ഇത് വെറുമൊരു മുദ്രാവാക്യമായി തുടര്‍ന്നതിന്റെ ഫലമായാണ് പാവപ്പെട്ടവരും തൊഴില്‍ രഹിതരുമായ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ദല്‍ഹിയിലേക്കും മുംബൈയിലേക്കും ഇങ്ങ് ദൂരെയുള്ള കേരളത്തിലേക്കും പലായനം ചെയ്യേണ്ടിവന്നത്. കോവിഡ് 19 വ്യാപകമായതോടെ അതിനെ ഭയന്ന് ഈ സാമ്പത്തിക അഭയാര്‍ത്ഥികള്‍ തിരിച്ചുള്ള ഒരു പലായനത്തിന് ഉത്തര്‍പ്രദേശിലേക്കും ബീഹാറിലേക്കും തുടക്കം കുറിച്ചിരിക്കുകയാണ്. നിര്‍ഭാഗ്യവാന്മാരായ ഈ മടക്ക പലായനക്കാരില്‍ മുപ്പത് ശതമാനത്തെയും കോവിഡ് – 19 ‘ബാധിച്ചിരിക്കുകയാണ്.’
അഴിമതിയുടെ കാലഘട്ടം
‘പണക്കാരനാകുന്നതാണ് മഹത്വം’ എന്ന് ചൈനീസ് പ്രസിഡന്റ് ഡംഗ് സിയോവോപിംഗ് 1978ല്‍ പറഞ്ഞു. ഡോ.മന്‍മോഹന്‍ സിംഗിന്റെ പിന്തുണയോടെ നരസിംഹറാവു എണ്‍പതുകളില്‍ ‘ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും’ നടപ്പാക്കിയതോടെ ഇന്ത്യയും ഈ ആശയത്തെ ഏറ്റുപിടിച്ചു. ഇന്ത്യയിലെ ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും പണക്കാരനെ കൂടുതല്‍ പണക്കാരനും അഴിമതിക്കാരനെ കൂടുതല്‍ അഴിമതിക്കാരനും പാവപ്പെട്ടവനെ പട്ടിണിക്കാരനും ആക്കാനാണ് ഇടയാക്കിയതെന്നു തെളിയിക്കാന്‍ വലിയ ബുദ്ധിശക്തിയൊന്നും വേണ്ട. 2004-2014 കാലഘട്ടത്തില്‍ നടന്ന അഴിമതികള്‍ ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും ഇന്ത്യയ്ക്ക് എന്താണ് സമ്മാനിച്ചതെന്നതിന്റെ തെളിവുകളാണ്. ഈ അഴിമതികളില്‍ ഉള്‍പ്പെട്ടവര്‍ ഇപ്പോഴും അങ്ങനെതന്നെയാണ്.
ആഗോളവല്‍ക്കരണത്തിലൂടെ പാരിസ്ഥിതികവും ജൈവികവും സാമൂഹ്യവുമായ സാഹചര്യങ്ങളില്‍ പ്രവചിക്കാന്‍ കഴിയാത്ത വലിയ മാറ്റവും അതിലൂടെ പകര്‍ച്ചവ്യാധികളുടെ വ്യാപനവും ചില ജനസമൂഹങ്ങളില്‍ ഉണ്ടായിട്ടുണ്ട് എന്നതിന് തര്‍ക്കമില്ലാത്ത തെളിവുകളുണ്ട്. സാഹചര്യങ്ങളിലെ മാറ്റം വൈറസുകള്‍ വിതരണം ചെയ്യുന്ന രോഗങ്ങളുടെ വ്യാപനത്തിലും ഭൂമിശാസ്ത്രപരമായ മേഖലകളിലും മാറ്റം വരുത്തിയിട്ടുണ്ട്. കോവിഡ്-19 എന്ന പകര്‍ച്ചവ്യാധി ഇതിന്റെ ഉദാഹരണമാണ്. (സൂചന:- UNICEF/UNDP/WORLD BANK/WHO SPECIAL PROGR AMME FOR RESEARCH AND TRAINING IN TROPICAL DISEASES)
ആഗോളവല്‍ക്കരണത്തിന്റെ പേരിലുള്ള അതിക്രമങ്ങള്‍ ഭൂതലത്തിലെ മണ്ണിനെപോലും സ്പര്‍ശിക്കാതിരുന്നിട്ടില്ല. ലോസ് ഏഞ്ചലല്‍സ് ടൈംസില്‍ 1992ല്‍ സ്റ്റാമ്മര്‍ എഴുതിയ പഠനത്തില്‍ യു.എന്‍.വേള്‍ഡ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ധരണികള്‍ സൂചിപ്പിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച 10% മണ്ണിന് ആഗോളവല്‍ക്കരണം എങ്ങനെയാണ് ദോഷകരമായതെന്ന് വിശദീകരിക്കുന്നുണ്ട്. മനുഷ്യരുടെ പ്രവൃത്തികളിലൂടെ 10 മില്യണ്‍ ഹെക്ടറിലധികം നല്ല മണ്ണുകള്‍ നശിപ്പിക്കപ്പെട്ടു. ഗുരുതരമായി നശിപ്പിക്കപ്പെട്ട 1.2 ബില്യന്‍ മണ്ണ് വീണ്ടെടുക്കണമെങ്കില്‍ വന്‍തുക ചെലവാക്കേണ്ടിവരും. മണ്ണിന്റെ കാര്യക്ഷമത നഷ്ടപ്പെട്ടു എന്നതിന്റെ അര്‍ത്ഥം അടുത്ത 20-30 വര്‍ഷത്തില്‍ വന്‍തോതില്‍ ഭക്ഷ്യദൗര്‍ലഭ്യമുണ്ടാകുമെന്നാണ്. സ്വാഭാവികമായും ഭാരതത്തെ പോലുള്ള അനുകൂല സാഹചര്യമില്ലാത്ത രാജ്യത്തെ ജനങ്ങള്‍ക്കാണ് ഇതിന്റെ തിക്തഫലം കൂടുതലായി അനുഭവിക്കേണ്ടി വരിക. നമ്മുടെ രാജ്യത്തിന്റെ മേലുണ്ടാകാവുന്ന സാമൂഹ്യ സ്വാധീനം നോക്കുക. ഭാരതത്തില്‍ മാത്രം 328.23 ഹെക്ടര്‍ ഭൂവിസ്തൃതിയുടെ മൂന്നിലൊന്ന് അതായത് 120.40 മില്യണ്‍ ഹെക്ടറും ഹരിതവിപ്ലവത്തിലൂടെ ഒരു പുല്ല് പോലും മുളയ്ക്കാന്‍ കഴിയാത്തവിധം തരിശായി മാറിയ മണ്ണാണ്. ഭൂഗര്‍ഭ ജലത്തിലൂടെ പുറത്തേക്കുവന്ന നൈട്രേറ്റ് അവശിഷ്ടങ്ങളും, നെല്ലും ഗോതമ്പും അധികമായി ഉല്പാദിപ്പിക്കാന്‍ മണ്ണില്‍ ചേര്‍ത്ത യൂറിയ പോലുള്ള രാസവളങ്ങളും മണ്ണിനെ കൃഷിയോഗ്യമല്ലാതാക്കി മാറ്റി. (കൂടാതെ മണ്ണിലെ യൂറിയ ഹൈഡ്രേലിസിസ് പുറത്തേക്കുവിട്ട നൈട്രസ് ഓക്‌സൈഡ് സ്ട്രാറ്റോസ്ഫിയറിലെ ചൂടിനെ ആഗിരണം ചെയ്യുന്നതിലൂടെ ആഗോളതാപനം 35% വര്‍ദ്ധിക്കുകയും ചെയ്തു.)
ഹരിതവിപ്ലവം എന്ന പേരിലറിയപ്പെടുന്ന ‘ഹൈ ഇന്‍പുട്ട് ഫാമിംഗ്’ എന്ന വിഡ്ഢിത്തത്തെ ഈ ലേഖകന്‍ വികസിപ്പിച്ച വിപ്ലവകരമായ ഒരു മണ്ണ് വിനിയോഗ പദ്ധതിയിലൂടെ ശരിയാക്കിയെടുക്കാവുന്നതാണ്. ആഫ്രിക്കന്‍, ഏഷ്യന്‍, ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ മൂന്നുദശാബ്ദത്തിലധികം നടത്തിയ കഠിനമായ ഗവേഷണത്തിന്റെ ഫലമായാണ് ‘ദി ന്യൂടിയന്റ് ബഫര്‍ പവര്‍ കോണ്‍സെപ്റ്റ്’ എന്ന് ആഗോളതലത്തില്‍ ഇന്നറിയപ്പെടുന്ന ഈ പദ്ധതി രൂപീകരിച്ചത്. കാര്‍ഷിക ശാസ്ത്രത്തിന്റെ ആധികാരിക രേഖയായി അറിയപ്പെടുന്ന ‘അഡ്‌വാന്‍സസ് ഇന്‍ അഗ്രോണമി’യുടെ ക്ഷണിക്കപ്പെട്ട അധ്യായത്തില്‍ ഈ വിവരങ്ങള്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. (സൂചന: Nair, K.P.P. 2013. The Buffer Power Concept and its relevance in African and Asian Soils. Advances in Agronomy, Vol.121, Pages 447-516). നൊബേല്‍ പുരസ്‌കാരം നല്‍കുന്ന സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലെ റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് നല്‍കുന്ന അഭിമാനകരമായ 2020ലെ വോള്‍വോ എന്‍വയോണ്‍മെന്റ് പ്രൈസിനും പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഫെര്‍ട്ടിലൈസര്‍ ഇന്‍ഡസ്ട്രി അസോസിയേഷന്റെ നോര്‍മാന്‍ ബോര്‍ലാഗ് അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ് ഇന്‍ ക്രോപ്പ് ന്യൂട്രീഷന്‍ റിസര്‍ച്ചിനും ഈ പ്രബന്ധം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കാര്യവും കൂട്ടത്തില്‍ വിനയപൂര്‍വ്വം സൂചിപ്പിക്കട്ടെ.
ഭാരത ജനാധിപത്യം ഏഴു ദശാബ്ദങ്ങള്‍ പിന്നിട്ടെങ്കിലും ശരിയ്ക്കും പാവങ്ങളായവര്‍ക്കുവേണ്ടിയുള്ള കാര്യക്ഷമമായ ഒരു പദ്ധതി ഇനിയും രൂപപ്പെട്ടില്ല. മുമ്പ് ഉണ്ടായിരുന്ന ‘ആസൂത്രണ കമ്മീഷന്‍’ ഇപ്പോള്‍ ‘നീതി ആയോഗ്’ ആയി മാറിയിട്ടുണ്ട്. ഇത്തരമൊരു പദ്ധതി ഉണ്ടായിരുന്നെങ്കില്‍ വീടില്ലാത്ത ലക്ഷക്കണക്കിന് ഇന്ത്യക്കാരെയോ കോവിഡ് -19 ബാധിച്ച പലായനം ചെയ്യുന്ന ഇന്ത്യക്കാരെയോ രോഗികള്‍ തിങ്ങിനിറഞ്ഞ ആശുപത്രികളോ നമുക്ക് കാണേണ്ടിവരില്ലായിരുന്നു. നിരാശയാണ് അന്തരീക്ഷത്തിലുള്ളത്. തന്റേതായ എല്ലാ പണവും സമ്പാദ്യങ്ങളുമെല്ലാം ഒരു ടെസ്റ്റിനോ വലിയ ശസ്ത്രക്രിയക്കോ വേണ്ടി ചെലവാക്കി തന്റെയും ഭൂമിയുടെയും സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്ക് മനുഷ്യന്‍ ഭൂമിയെ തള്ളുകയാണ്. സന്തോഷം, ആരോഗ്യം, സൗന്ദര്യം എന്നിവ നേടാനും ഭൂമിയെ സംരക്ഷിക്കാനും നാം നല്‍കേണ്ടിവരുന്ന വില എത്രമാത്രമാണ്? മഹാത്മാഗാന്ധി ഒരിക്കല്‍ പറഞ്ഞു: ”മനുഷ്യരുടെ ആവശ്യത്തിനുള്ളതെല്ലാം ഭൂമിയിലുണ്ട്, അത്യാഗ്രഹത്തിനുള്ളതില്ല.” അത്യാഗ്രഹം ഭാരതത്തെയും അതിന്റെ മണ്ണിനെയും കീഴടക്കിയത് നാം തിരിച്ചറിയണം. സ്പാനിഷ് അമേരിക്കനായ ജോര്‍ജ് സന്തായന പറഞ്ഞു: ”ഭൂതകാലത്തെ ഓര്‍ക്കാന്‍ കഴിയാത്തവര്‍ ഭാവിയില്‍ അത് ആവര്‍ത്തിക്കുന്നതിന്റെ ഉത്തരവാദികളായിരിക്കും.”