അഹത്തുള്ള മെത്രാന്‍ പേര്‍ഷ്യയിലെ സഭാതലവനായ അന്ത്യോഖ്യയിലെ പാത്രിയാര്‍ക്കിസിന്റെ നിര്‍ദ്ദേശാനുസരണം ഇവിടെക്ക് യാത്ര പുറപ്പെട്ടതായി വാര്‍ത്ത പരന്നു. ഈ അഹത്തുള്ള മെത്രാന്‍ വരുന്നത് പോര്‍ച്ചുഗീസ് സഭയെ തകര്‍ക്കാനും പേര്‍ഷ്യന്‍ സഭയെ പുനര്‍ജീവിപ്പിക്കുവാനുമാണെന്ന് പ്രചരണമുണ്ടായി. മാര്‍ത്തോമസഭക്കാരെ ഇത് ആവേശഭരിതരാക്കി. തങ്ങള്‍ കാത്തിരുന്ന ദൈവദൂതന്‍ ഇതാ വരുന്നു. ഇതോടെ പറങ്കികളും ജാഗരൂകരായി. പോര്‍ച്ചുഗീസുകാര്‍ അഹത്തുള്ള മെത്രാനെ തടയുവാന്‍ യുദ്ധ സജ്ജരായി.
അഹത്തുള്ള മെത്രാന്‍ കേരളത്തിന്റെ ഏത് തീരത്ത് വന്നിറങ്ങിയാലും പിടികൂടാന്‍ പോര്‍ച്ചുഗീസുകാര്‍ തയ്യാറായി. എന്നാല്‍ ഇദ്ദേഹം വന്നിറങ്ങിയത് മദ്രാസിലെ മൈലാപ്പൂരിലാണെന്നും അതല്ല സൂററ്റിലാണെന്നും വാദമുണ്ട്. എന്തായാലും ഇന്ത്യയില്‍ വന്ന് അധികം കഴിയുന്നതിന് മുമ്പേ ഇയാള്‍ പറങ്കികളുടെ പിടിയിലായി; അറസ്റ്റിലായി. അറസ്റ്റിലായ അഹത്തുള്ളയേയും കൊണ്ട് പോര്‍ച്ചുഗീസ് കപ്പല്‍ കൊച്ചി വഴി ഗോവയിലേക്ക് കടന്നുപോകുന്നതായി മാര്‍ത്തോമ സഭക്കാര്‍ അറിഞ്ഞു. അവര്‍ കൊച്ചി കടല്‍ തീരത്ത് തടിച്ചുകൂടി. അഹത്തുള്ള മെത്രാന്‍ തങ്ങളെ കാണാന്‍ വന്നതാണെന്നും അയാളെ കൊച്ചിയില്‍ ഇറക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. 2 ദിവസം കൊച്ചിയുടെ ഉള്‍ക്കടലില്‍ കപ്പല്‍ നങ്കൂരം ഇട്ടെങ്കിലും അഹത്തുള്ള മെത്രാന്‍ കരയിലെത്തിയില്ല. അതായത് പറങ്കികള്‍ അതിന് സമ്മതിച്ചില്ല. രാവും പകലും ജനക്കുട്ടം കാത്തുനിന്ന് വലഞ്ഞു.. ഇതിനിടയില്‍ അഹത്തുള്ള മെത്രാനെ കപ്പലിനുള്ളിലിട്ട് പറങ്കികള്‍ കൊന്ന് കല്ല് കഴുത്തില്‍ കെട്ടി കടലില്‍ തള്ളിയെന്നള്ള വാര്‍ത്ത പരന്നു. ഇതോടെ മാര്‍ത്തോമക്കാര്‍ പ്രക്ഷുബ്ധരായി. അവര്‍ പോര്‍ച്ചുഗീസ് സൈന്യത്തിന് നേരെ തിരിഞ്ഞു. ഇവര്‍ക്കുനേരെ പറങ്കി പട്ടാളം നിര്‍ദ്ദാക്ഷിണ്യം പീരങ്കി വെടികളുയര്‍ത്തു: ചോരപ്പുഴകള്‍ ഒഴുകി. ഈ മാര്‍ത്തോമ കലാപനീക്കം അങ്ങിനെ തകര്‍ന്നു.
എന്നാല്‍ ചോരകണ്ട് ഭയപ്പെട്ട് പിന്മാറാന്‍ മാര്‍ത്തോമസഭക്കാര്‍ തയ്യാറായില്ല. സമാധാനത്തോടെ നൂറ്റാണ്ടുകളായി കഴിഞ്ഞിരുന്ന തങ്ങളുടെ സമൂഹത്തെ അടിമകളാക്കി മാറ്റിയ പറങ്കികളെയും ജസ്യൂട്ട് പാതിരിമാരെയും റോമന്‍ കത്തോലിക്കസഭയെയും മനസ്സുകൊണ്ട് മാര്‍ത്തോമക്കാര്‍ വെറുത്ത് കഴിഞ്ഞിരുന്നു.പറങ്കി മെത്രാനെയും കൂട്ടരെയും ഇനി മുതല്‍ ഒരു കാരണവശാലും അനുസരിക്കേണ്ടതില്ലെന്ന് അവര്‍ തീരുമാനിച്ചു. ആഞ്ഞിലിമൂട്ടില്‍ ഇട്ടിത്തൊമ്മന്‍ എന്ന ആളുടെ നേതൃത്വത്തില്‍ അവര്‍ മട്ടാഞ്ചേരിയിലെ കന്യക മാതാവിന്റെ പള്ളിക്ക് ഉള്ളില്‍ തടിച്ചുകൂടി. ജനക്കൂട്ടം വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ എല്ലാവര്‍ക്കും തടിച്ചുകൂടാനുള്ള വലിപ്പം ആ പള്ളിക്കുണ്ടായിരുന്നില്ല.
പള്ളി നിറഞ്ഞു കവിഞ്ഞതോടെ അവര്‍ പള്ളിക്ക് മുമ്പിലെ കുരിശിന് ചുറ്റും വട്ടം കൂടി .അവര്‍ കുരിശ് തൊട്ട് പ്രതിജ്ഞക്ക് ഒരുങ്ങി. അവിടെ തടിച്ചുകൂടിയ ആയിരങ്ങള്‍ക്ക് ഒരേ സമയം കുരിശില്‍ തൊടാന്‍ കഴിയാത്തതിനാല്‍ അവര്‍ വലിയൊരു കയര്‍ കുരിശില്‍ കെട്ടി കയറ്റില്‍ പിടിച്ചുനിന്ന് പ്രതീകാത്മകമായി കുരിശില്‍ തൊട്ടു മാര്‍പാപ്പ സഭക്കെതിരെ പ്രതിജ്ഞ എടുത്ത് പറങ്കി സഭയുടെ എല്ലാ ബന്ധനങ്ങളില്‍ നിന്നും വിടുതല്‍ പ്രഖ്യാപിച്ചു. ഇതായിരുന്നു ആ പ്രതിജ്ഞ തങ്ങളും തങ്ങളുടെ സന്തതികളും പറങ്കി വേദം എടുക്കില്ല അന്ത്യോക്യാ സഭയെ ഉപേക്ഷിക്കില്ല – ഈ ശപഥം ചൊല്ലിക്കൊടുത്തത് കല്ലിശ്ശേരി ഇടവക വികാരിയായിരുന്ന ആഞ്ഞിലിമൂട്ടില്‍ ഇട്ടി തൊമ്മന്‍ കത്തനാരായിരുന്നു. ആളുകളുടെ തിക്കും തിരക്കും മൂലം കയറ് വലിയുകയും കുരിശ് ഒരു വശത്തേക്ക് ചെരിയുകയും ചെയ്തു. ഈ ചെരിഞ്ഞ കുരിശ് പിന്നിട് കൂനന്‍ കുരിശെന്ന് അറിയപ്പെട്ടു. ഇത്തരമൊരു പ്രഹരം മാര്‍പാപ്പക്കും കത്തോലിക്ക സഭക്കും ആദ്യമായിട്ടായിരുന്നു. 1653 ജനുവരി3ന് ആയിരുന്നു ഇത്.
മാര്‍ത്തോമ സഭയുടെ ചരിത്രത്തിലെ വീരനായകനാണ് കൂനന്‍ കുരിശിന് നേതൃത്വം നല്‍കിയ ആഞ്ഞിലിമൂട്ടില്‍ ഇട്ടി തൊമ്മന്‍. ഇയാളെ ഒരുവീരനായകനും ത്യാഗിയും സുറിയാനി സഭയുടെ രക്ഷകനുമൊക്കെയായിട്ടാണ് അവര്‍ കാണുന്നതെങ്കില്‍ ഒരു കുലംകുത്തിയായിട്ടാണ് റോമന്‍ കത്തോലിക്ക ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയത്. ഇട്ടി തൊമ്മന്റെ നേതൃത്വം ഇല്ലായിരുന്നെങ്കില്‍ കൂനന്‍ കുരിശും ഉണ്ടാകുമായിരുന്നില്ല. മാര്‍ത്തോമ മലങ്കര നസ്രാണി സഭയും പിന്നീട് ഉണ്ടാകുമായിരുന്നില്ല. കൂനന്‍ കുരിശ് പ്രതിജ്ഞ കഴിഞ്ഞ ഇവര്‍ ആലങ്ങാട് പള്ളിയില്‍ യോഗം ചേര്‍ന്ന് ഒരു ഉപദേശക സമിതി ഉണ്ടാക്കി ഭാവി പരിപാടികള്‍ക്ക് ഒരു സംഘടനാരൂപം ഉണ്ടാക്കി. 4 കത്തനാരന്മാരാണ് ഇതില്‍ ഉണ്ടായിരുന്നത്.
കത്തോലിക്ക സഭയുടെ മതമേല്‍ക്കോയ്മയുടെ ശിരസിലടിച്ച ഇട്ടിതൊമ്മനെ ഒരു കത്തോലിക്കസഭാ പ്രസിദ്ധീകരണമായ ‘ഭാരത സഭാ ചരിത്രം രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളില്‍’ എന്ന പുസ്തകത്തില്‍ അവതരിപ്പിക്കുന്നത് സാമാന്യമായി ഇങ്ങനെയാണ് ‘കുപ്രസിദ്ധ മന്ത്രവാദിയും നിരവധി വ്യാജരേഖകളുടെ നിര്‍മ്മാതാവുമായിരുന്നു ആഞ്ഞിലിമൂട്ടില്‍ ഇട്ടി തൊമ്മന്‍കത്തനാര്‍. പറങ്കികളുടെ തടവില്‍ കഴിയുന്ന സമയത്ത് അഹത്തൊള്ളമെത്രാന്‍ 2 പേരുടെ കൈയ്യില്‍ കൊടുത്തയച്ചതായി മാര്‍തോമസഭക്കാര്‍ പറയുന്ന, അക്കര്‍ദിയോക്കന്‍ തോമയെ മെത്രാനായി വാഴിച്ചു കൊണ്ടുള്ള ഉത്തരവ് ഇട്ടി തൊമ്മന്‍ വ്യാജമായി ഉണ്ടാക്കിയതാണ്. കൂടാതെ അര്‍ക്കാദിയോക്കനെ പാത്രിയാര്‍ക്കിസായി വാഴിക്കുവാന്‍ മാര്‍പാപ്പ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞ് ഇടപ്പള്ളി പള്ളിയിലെ മൂന്ന് നൊയമ്പിന് ഇട്ടി തൊമ്മന്‍ വിശ്വാസികള്‍ മുമ്പാകെ ഉയര്‍ത്തിക്കാട്ടിയ ഉത്തരവും വ്യാജമത്രെ. കൂടാതെ അര്‍മീനിയായില്‍ നിന്ന് വന്ന സ്റ്റീഫണ്‍ എന്ന വ്യാപാരിയെ പ്രതിഫലം വാഗ്ദാനം ചെയ്ത് വേഷം കെട്ടിച്ച് മാര്‍പാപ്പയുടെ അനന്തരവനെന്ന പേരില്‍ ജനങ്ങളുടെ ഇടയില്‍ കൊണ്ടുനടക്കുകയും മാര്‍പാപ്പ അനന്തരവന്റെ കൈയ്യില്‍ കൊടുത്തയച്ചതെന്ന വ്യാജേന ഉത്തരവുകള്‍ ഇറക്കി തന്റെ കാര്യം നേടുകയും ചെയ്തുവത്രെ. ഇങ്ങനെ നിരവധി ആരോപണങ്ങളാണ് കത്തോലിക്ക സഭക്ക് ഇട്ടി തൊമ്മനെ കുറിച്ചുള്ളത്.
എന്തൊക്കെ പറഞ്ഞാലും ഒരു കാര്യം സത്യമാണ്. കേരളത്തില്‍ നിലവിലുണ്ടായിരുന്ന പൗരസ്ത്യ സഭകളെ തങ്ങളുടെ ഭാഗമാക്കിമാറ്റി. ഇല്ലാതാക്കുവാന്‍ ഒരു നൂറ്റാണ്ട് കാലം മാര്‍പാപ്പായും പറങ്കികളും നടത്തിയ ഗുഡ ശ്രമങ്ങളെയാണ് ആഞ്ഞിലിമൂട്ടില്‍ ഇട്ടി തൊമ്മന്റെ ഇച്ഛാശക്തിയും തന്ത്രങ്ങളും തകര്‍ത്തത്. ഒരു ആയുധമോ ഏതെങ്കിലും രാജകീയ പിന്‍ബലമോ സമ്പത്തിന്റെ സ്വാധീനമോ ഇല്ലാതെ ചങ്കൂറ്റവും പ്രായോഗിക ബുദ്ധിയും ചേരുംപടി ചേര്‍ത്ത് ഇട്ടി തൊമ്മനും സംഘവും നടത്തിയ പോരാട്ടം അവിസ്മരണീയമാണ്. കേരളത്തിന്റെ ക്രൈസ്തവ ചരിത്രത്തിലെ ആദ്യത്തെ നായകന്‍. ഒരു നായക സിനിമക്ക് പറ്റിയ ലക്ഷണമൊത്ത കഥാപാത്രം.
പിന്നീട് ചരിത്രം കാണുന്നത് മലയാളി മലയാളിയുടെ മെത്രാനെ വാഴിക്കുന്നതാണ്. കൂനന്‍കുരിശിന് ശേഷം 4 മാസം കഴിഞ്ഞപ്പോള്‍ 1653 മെയ് 22ന്അക്കര്‍ദിയോക്കന്‍ തോമസിനെ 12 കത്തനാരന്മാര്‍ കുടി മാര്‍ തോമ ഒന്നാമന്‍ എന്ന പേരില്‍ മെത്രാനായി പ്രഖ്യാപിച്ചു. അന്ന് പെന്തക്കോസ്തു തിരുനാളായിരുന്നു. ഇദ്ദേഹമാണ് കേരള നസ്രാണി സഭയുടെ നാട്ടുകാരനായ ആദ്യമെത്രാന്‍. ഇതോടെ മാര്‍പാപ്പയെ ആനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരെന്നുമായി ഈ സഭ പിളര്‍ന്നു. മെത്രാനെ പ്രഖ്യാപിക്കുവാനുള്ള അധികാരം കത്തനാരന്മാര്‍ക്കല്ല മാര്‍പാപ്പക്കോ സഭാ തലവനായ പാത്രിയാര്‍ക്കിസിനൊ ബിഷപ്പിനൊ ആണെന്ന വാദത്തിലൂന്നി കത്തോലിക്കപക്ഷം തോമ ഒന്നാമന്റെ മെത്രാന്‍ പ്രഖ്യാപനത്തെ അംഗീകരിച്ചില്ല. മാര്‍പാപ്പയെ എതിര്‍ക്കുന്നവര്‍ പുത്തന്‍കൂറ്റുകാരെന്നും അനുകൂലിക്കുന്നവര്‍ പഴയ കൂറ്റുകാരെന്നും അറിയപ്പെട്ടു. വാസ്തവത്തില്‍ ഇത് നേരെ തിരിച്ചല്ലേ അറിയപ്പെടേണ്ടിയിരുന്നത്?
മാര്‍പാപ്പ പക്ഷത്തിന് ആഘാതമായി മാറിയ കൂനന്‍ കുരിശിനെ ഒരു അവസരമാക്കി മാറ്റുവാനും ഇതിനിടയില്‍ മാര്‍പാപ്പ ബുദ്ധികേന്ദ്രങ്ങള്‍ പണിതുടങ്ങി. മാര്‍പാപ്പയുടെ അനുഗ്രഹത്തോടെ വാസ്‌കോഡി ഗാമ ഇന്ത്യയിലേക്ക് വന്ന 1498 ലെ ചരിത്രം കഴിഞ്ഞ് ഒരു നൂറ്റാണ്ട് കഴിഞ്ഞപ്പോഴാണ് ഉദയംപേരൂര്‍ സുന്നഹദോസ്. അതും കഴിഞ്ഞ് 50 കൊല്ലം കഴിഞ്ഞാണ് കൂനന്‍കുരിശ് സത്യം. ഇതിനിടയില്‍ മാര്‍പാപ്പമാര്‍ പലവരും മാറി. ലോകത്തിലെ രാഷ്ട്രങ്ങളുടെ ശക്തി സമവാക്യങ്ങളിലും മാറ്റം വന്നു. പോര്‍ച്ചുഗീസ് രാഷ്ട്രം ദുര്‍ബലമാകുവാന്‍ തുടങ്ങി. രാഷ്ട്രത്തിന്റെ ശക്തി മുഴുവനും അന്യരാജ്യങ്ങള്‍ വെട്ടിപ്പിടിക്കുന്നതിനും യുദ്ധത്തിനും മതപരിവര്‍ത്തനത്തിന് നടക്കുന്ന പുരോഹിതന്മാരുടെ വന്‍തോതിലുള്ള ചിലവിനുമൊക്കെയായി വകമാറിയതോടെ പറങ്കി രാജ്യം ക്ഷീണിച്ചു. ഇതോടെ പുതിയ മാര്‍പാപ്പമാര്‍ പറങ്കികളെ തഴയുവാന്‍ തുടങ്ങി. ഇതിന്റെ ആദ്യ വെടിയായിരുന്നു പ്രൊപ്പഗന്ത.
മാര്‍പാപ്പയുടെ നേതൃത്വത്തിലുള്ള വിശ്വാസ പ്രചരണ സംഘമാണ് ‘പ്രോപ്പഗന്ത’. ഓരോ പ്രദേശത്തെയും ജനങ്ങളുടെ വിശ്വാസങ്ങളെപ്പറ്റി പഠിച്ച് ആവശ്യമായ ഭേദഗതികളോടെ കത്തോലിക സഭവിശ്വാസം അവിടെങ്ങളില്‍ പ്രചരിപ്പിക്കുവാന്‍ വേണ്ട തന്ത്രങ്ങള്‍ മെനയുന്നത് ഇവരാണ്. ഇന്ത്യയില്‍ ക്ഷേത്രങ്ങളുടെ മാതൃകയിലുള്ള പള്ളികളും ഹൈന്ദവ ദേവീദേവന്‍മാരുടെ രൂപസാദൃശ്യമുള്ള ക്രൈസ്തവാരാധന പ്രതീകങ്ങളും ഒക്കെ പ്രചരിപ്പിക്കുന്നത് ഇത്തരത്തിലുള്ള വിശ്വാസ പ്രചരണ സംഘത്തിന്റെ ബുദ്ധിയാണ്.
പോര്‍ച്ചുഗീസുകാര്‍ അധികാരം നിയന്ത്രിച്ചിരുന്ന രാജ്യങ്ങളില്‍ സഭകളെയും പുരോഹിതന്മാരെയും നിയമിക്കുവാനും നിയന്ത്രിക്കുവാനും 1455 ജനുവരി 8 മാര്‍പാപ്പ പോര്‍ച്ചുഗീസിന് നല്‍കിയിരുന്ന പ്രത്യേകമായ അധികാരത്തിന്റെ പേരാണ് ‘പാദ്രുവാദോ’. ഒരുനൂററാണ്ട് കഴിഞ്ഞപ്പോഴെക്കും ഈ അധികാരത്തില്‍ ഇളവ് വരുത്തി പകരം ഈ രാജ്യങ്ങളിലെ മിഷനറി പ്രവര്‍ത്തനം മാര്‍പാപ്പ നേരിട്ട് ഏറ്റെടുക്കുവാന്‍ തീരുമാനിച്ചു. പറങ്കികളുടെ നിയന്ത്രണത്തിലുള്ള മേഖലകളില്‍ കത്തോലിക്ക പ്രചരണം മന്ദഗതിയിലാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. 1622 ജനുവരി 22 ന് ഗ്രിഗറി 14 -ാമന്‍ മാര്‍പാപ്പ രൂപീകരിച്ചതാണ് കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദ പ്രൊപ്പഗേഷന്‍ ഓഫ് ഫെയ്ത്ത് അഥവ പ്രൊപ്പഗന്ത’. ഈ പ്രൊപ്പഗന്ത സംഘത്തെ നയിച്ചത് ഈശോസഭക്കാരുടെ എതിര്‍പക്ഷക്കാരായിരുന്ന കര്‍മലിത്ത സഭയും കപ്പുച്ചിയന്‍ സഭയുമായിരുന്നു. ഈശോസഭക്കാരുടെ എതിര്‍പ്പിനെ അവഗണിച്ച് ഈ രണ്ട് സഭക്കാരും കൂടി എത്തിയതോടെ ഇവിടത്തെ സമാധാന ജീവിതം താറുമാറായി.
ക്രൈസ്തവ ചരിത്രത്തിലെ സുപ്രധാനവും എന്നാല്‍ റോമന്‍ സഭ ഒട്ടും ഓര്‍ക്കുവാന്‍ ഇഷ്ടപ്പെടാത്തതുമായ ഒന്നായിരുന്നു കൂനന്‍ കുരിശ് സത്യം. അതുകൊണ്ട് തന്നെ ഇതില്‍ പങ്കെടുത്തവരെ അപമാനിക്കാനും അവഹേളിക്കുവാനും കത്തോലിക്കസഭ അന്നുമുതല്‍ പണി തുടങ്ങി – മാര്‍ത്തോമസഭക്ക് മേല്‍ റോമാസഭയുടെ ആധിപത്യം വന്നതോടെ പൗരോഹിത്യ വിവാഹവും വെപ്പാട്ടി സമ്പ്രദായവും ബഹുഭാര്യത്വവുമെല്ലാം നിഷേധിക്കപ്പെട്ടതിനാല്‍ അസ്വസ്ഥരായവരാണ് കൂനന്‍ കുരിശ് സത്യത്തിന് പുറകിലെന്നാണ് ഒരു പ്രധാന പ്രചരണം. ഇതൊരു വലിയ നുണയായിരുന്നു. കാരണം മാര്‍ ത്തോമസഭയിലോ പേര്‍ഷ്യന്‍ സഭകളിലോ വിവാഹ വിലക്കോ കുടുംബ ജീവിത വിലക്കോ ഉണ്ടായിരുന്നില്ല. കൂനന്‍ കുരിശില്‍ പങ്കെടുത്തവരെല്ലാം ദുര്‍നടപ്പുകാരും അപരിഷ്‌കൃത മനസ്സിന്റെ ഉടമകളുമൊക്കെയാണെന്ന് സമര്‍ത്ഥിക്കുന്നതാണ് കത്തോലിക്ക പ്രസിദ്ധീകരണങ്ങള്‍ ഏറെയും. ചുരുക്കത്തില്‍ പെണ്ണ് കേസ് കൊണ്ടുവന്ന് നാറ്റിക്കുന്ന പരമ്പരാഗത രീതി. ഇന്നും അത് തുടരുന്നു.
ഇന്ത്യയില്‍ വന്ന് കപ്പല്‍ ഇറങ്ങിയ അന്നു മുതല്‍ കൂനന്‍ കുരിശ് സത്യത്തിന് കാരണക്കാരനായ അഹത്തൊള്ളമെത്രാന്‍ പോര്‍ച്ചുഗീസ്‌കാരുടെ തടങ്കലിലായിരുന്നു. ഇയാളെ ഗോവയിലെ മതവിചാരണ കോടതിയില്‍ അവര്‍ വിചാരണ ചെയ്തു. അഹത്തൊള്ള ദൈവനിഷേധം പ്രചരിപ്പിക്കുകയും ആളുകളെ വഴിതെറ്റിക്കുകയും ചെയ്യുന്നതായി മത കോടതി കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ഇയാള്‍ വധിക്കപ്പെട്ടു. എന്നാല്‍ ആധുനിക കത്തോലിക്ക സഭാ ചരിത്രകാരന്മാര്‍ കത്തോലിക്ക സഭ നടത്തിയിട്ടുള്ള കൂട്ടക്കുരുതികളെ മറച്ചുവെച്ചും ലഘൂകരിച്ചുമാണ് ചരിത്ര രചന നടത്തിയിട്ടുള്ളത്. അഹത്തൊള്ളമെത്രാനെ തെറ്റ് ബോദ്ധ്യപ്പെടുത്തി റോമിലേക്ക് അയച്ചു എന്നൊരു വാദം ദുര്‍ബലമായി പറഞ്ഞുവെക്കുന്നുണ്ട് . ഇദ്ദേഹം റോമാ യാത്രക്കിടയില്‍ പാരീസില്‍ വെച്ച് മരിച്ചു എന്നൊരു ചരിത്രവും ഉണ്ട്. കത്തോലിക്ക ചരിത്രം എന്തായാലും ഒരു കാര്യം സത്യമാണ്. പറങ്കികളുടെ കൈയ്യില്‍ അകപ്പെട്ട അഹത്തൊള്ള പിന്നീട് ഒരിക്കലും പുറംലോകം കണ്ടിട്ടില്ല.
(തുടരും)