Monday, February 6, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

ഗോര്‍ക്കി എഴുതി, ലെനിന്‍ വഞ്ചകന്‍ (ഒരു റഷ്യന്‍ യക്ഷിക്കഥ – 6)

രാമചന്ദ്രന്‍

Print Edition: 1 May 2020
ലെനിന്‍, മാക്സിം ഗോര്‍ക്കി, മരിയ

ലെനിന്‍, മാക്സിം ഗോര്‍ക്കി, മരിയ

മാക്‌സിം ഗോര്‍ക്കി ഏറ്റവും മഹാനായ എഴുത്തുകാരനാണെന്ന് മാര്‍ക്‌സിസ്റ്റുകള്‍ വിശ്വസിക്കുന്നു. ഗോര്‍ക്കിക്ക് ലെനിനെപ്പറ്റി ഒരു മതിപ്പും ഉണ്ടായിരുന്നില്ല. ലെനിന്റ മരണാനന്തരം ഗോര്‍ക്കി എഴുതിയ ഓര്‍മയില്‍, അകല്‍ച്ചയില്‍ നിന്നുള്ള ആദരം കാണാനുണ്ട്.

1907 ഏപ്രില്‍ 30 ന് ആരംഭിച്ച് ഒരുമാസം നീണ്ട റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ലണ്ടനില്‍ നടന്ന അഞ്ചാം കോണ്‍ഗ്രസ്സില്‍ ലെനിനെ ഗോര്‍ക്കി കണ്ടു. ഗോര്‍ക്കിയുടെ നോവല്‍ അമ്മയുടെ കയ്യെഴുത്തു പ്രതി ഐ പി ലേദിഷ്‌നികോവില്‍ നിന്ന് വാങ്ങി ലെനിന്‍ വായിച്ചിരുന്നു. കോണ്‍ഗ്രസ് നടക്കുമ്പോള്‍, പാര്‍ട്ടി ബോള്‍ഷെവിക്കുകളും മെന്‍ഷെവിക്കുകളും ആയി തിരിഞ്ഞിരുന്നു.

ഇതേ വര്‍ഷമാണ് ലെനിനെ ആദ്യം കണ്ടതെന്ന് ഗോര്‍ക്കി എഴുതിയത് ശരിയല്ല. ഇരുവരും ആദ്യം കണ്ടത്, സെന്റപീറ്റേഴ്‌സ്ബര്‍ഗില്‍ 1905 ലായിരുന്നു. 1907 ലെ ലണ്ടന്‍ കോണ്‍ഗ്രസ് ആ ബന്ധം ഉറപ്പിച്ചു. കോണ്‍ഗ്രസ്സില്‍ ഗോര്‍ക്കിക്ക് വോട്ടവകാശം ഉണ്ടായിരുന്നു; പ്രസംഗിക്കാന്‍ അനുമതി ഉണ്ടായിരുന്നില്ല. ഗോര്‍ക്കിക്ക് 30 വയസ്സായിരുന്നു. ലെനിനെക്കാള്‍ രണ്ടു വയസ്സ് കൂടുതല്‍.

കോണ്‍ഗ്രസ് ചേരാനിരുന്നത് കോപ്പന്‍ഹേഗനിലാണ്. ഡാനിഷ് സര്‍ക്കാര്‍ അവസാനനിമിഷം അനുമതി നിഷേധിച്ചതിനാല്‍, 300 പ്രതിനിധികള്‍ സ്വീഡനിലെ മാല്‍മോയില്‍ എത്തി. അവിടെ താമസം കണ്ടുപിടിക്കുമ്പോഴേക്കും, സ്വീഡിഷ് സര്‍ക്കാര്‍ വിപ്ലവകാരികളോട് സ്ഥലം കാലിയാക്കാന്‍ ആവശ്യപ്പെട്ടു. ഇംഗ്ലീഷ് സോഷ്യലിസ്റ്റുകളായ എച്ച് എന്‍ ബ്രയില്‍സ് ഫോര്‍ഡ്, ജോര്‍ജ് ലാന്‍സ്ബ്യുറി എന്നിവര്‍ ലണ്ടനില്‍ സൗകര്യം ഒരുക്കി. സൗത്ത് ഗേറ്റ് റോഡിലെ റവ.എഫ് ആര്‍ സ്വാനിന്റെ ബ്രദര്‍ ഹുഡ് പള്ളിയായ വൈറ്റ് ചാപ്പലിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത്. ഗോര്‍ക്കി ഓര്‍മിച്ചു:’വെറും മറച്ചുവരുകള്‍ ഒരലങ്കാരവും ഇല്ലാതെ അസംബന്ധമായി നിന്നു. കുന്തം പോലുള്ള ഇടുങ്ങിയ ജനാലകള്‍, ഇടുങ്ങിയ ഹാളിലേക്ക് നോക്കി നിന്നു. ഒരു ദരിദ്ര സ്‌കൂളിലെ ക്ലാസ് മുറി പോലെ ആ ഹാള്‍ തോന്നിച്ചു’.

ഗോര്‍ക്കിയെ പരിചയപ്പെടുത്തിയപ്പോള്‍ ലെനിന്‍ കൈകള്‍ മുറുകെപ്പിടിച്ചു. ‘ഇവിടെ വലിയ അടി പ്രതീക്ഷിക്കാം’, ലെനിന്‍ പറഞ്ഞു.
ഞ എന്ന അക്ഷരം ലെനിന്‍ ഉച്ചരിക്കുമ്പോള്‍ കൊഞ്ഞ ഉണ്ടായിരുന്നു. വെയ്സ്റ്റ് കോട്ടിന്റ കയ്യുറകളില്‍, ഇരു കൈകളുടെയും പെരുവിരല്‍ തിരുകുന്നത് ശീലമായിരുന്നു. നേതാവിന്റെ പകിട്ടില്ല.

ഗോര്‍ക്കിയെ പ്ലഖനോവിന് പരിചയപ്പെടുത്തി. പുതിയൊരു ശിഷ്യനെ കിട്ടിയ ക്ഷീണിതനായ അധ്യാപകനെപ്പോലെ, കൈകെട്ടി ഗുരു അലസമായി നോക്കി. പൊടുന്നനെ ലെനിന്‍ അമ്മയിലെ പോരായ്മകളെപ്പറ്റി സംസാരിക്കാന്‍ തുടങ്ങി. ധൃതിയിലാണ് പുസ്തകം എഴുതിയതെന്ന് ഗോര്‍ക്കി പറഞ്ഞു.’ ധൃതി വച്ചത് നന്നായി’, ലെനിന്‍ പറഞ്ഞു, ‘ആ പുസ്തകം ആവശ്യമായിരുന്നു. പല തൊഴിലാളികളും പ്രസ്ഥാനത്തിന്റെ ഭാഗമായത്, സ്വാഭാവികമായി, വികാരം കൊണ്ടാണ്. അമ്മ അവര്‍ക്ക് പ്രയോജനപ്പെടും.’

അഞ്ചു ഗ്രൂപ്പുകളാണ്, കോണ്‍ഗ്രസ്സില്‍ പങ്കെടുത്തത്. ബോള്‍ഷെവിക്കുകള്‍, മെന്‍ഷെവിക്കുകള്‍, ബണ്ടിറ്റുകള്‍, ലാത്വിയ, പോളണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള സോഷ്യല്‍ ഡെമോക്രാറ്റുകള്‍, അവര്‍ ബെഞ്ചുകളില്‍ ഇരുന്നു. മെന്‍ഷെവിക്കുകള്‍ ഇടത്ത്, ബോള്‍ഷെവിക്കുകള്‍ വലത്ത്, മറ്റ് ഗ്രൂപ്പുകള്‍ ഇടയ്ക്ക്.

മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമായ ജോര്‍ജിയന്‍ ചുവയുമായി സ്റ്റാലിന്‍ ഇരുന്നു. കാമനെവ്, സിനോവീവ്, ട്രോട്‌സ്‌കി തുടങ്ങി പില്‍ക്കാലത്ത് സ്റ്റാലിന്‍ കൊന്നവരും ഉണ്ടായിരുന്നു. പ്രസിദ്ധര്‍ മെന്‍ഷെവിക്കുകള്‍ ആയിരുന്നു – പ്ലഖനോവ്, ആക്‌സല്‍റോഡ്, ദ്യൂഷ്, മാര്‍ട്ടോവ്, ഡാന്‍.

ലണ്ടനില്‍ 1903 ലെ രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സിലാണ് മെന്‍ഷെവിക്കുകള്‍ ചേരി മാറിപ്പോയത്. 1912 ല്‍ അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
ഇവാനോവിച് എന്ന വ്യാജപ്പേരിലാണ് സ്റ്റാലിന്‍ വന്നിരുന്നത്. വോട്ടവകാശമുള്ള, പ്രസംഗ അവകാശമില്ലാത്ത പ്രതിനിധി. പാര്‍ട്ടിക്ക് പണമുണ്ടാക്കാന്‍ അയാള്‍ നടത്തിയ കൊള്ളകളെ കോണ്‍ഗ്രസ് അപലപിച്ചു. ആ പ്രമേയത്തെ ലെനിന്‍ എതിര്‍ത്തു.

മുഖ്യ താത്വികന്‍ പ്ലഖനോവ് ആയിരുന്നു, ഉദ്ഘാടകന്‍. പ്രസംഗം തുടങ്ങി 20 മിനിറ്റ് കഴിഞ്ഞപ്പോള്‍ ബോള്‍ഷെവിക്കുകള്‍ അസ്വസ്ഥരായി. ലെനിന്‍ എരിപിരി കൊണ്ടു. പാര്‍ട്ടിയില്‍ റിവിഷനിസ്റ്റുകള്‍ ഇല്ലെന്ന് ഗുരു പറ ഞ്ഞപ്പോള്‍, ലെനിന്‍ ചിരി അമര്‍ത്തി.ലെനിന്‍ പ്രസംഗിക്കുമ്പോള്‍, മെന്‍ഷെവിക്കുകള്‍ തടസ്സപ്പെടുത്തി. അവര്‍ ഒച്ച വച്ചു: ഈ കോണ്‍ഗ്രസ് തത്വം വിളമ്പാനുള്ളതല്ല. ഞങ്ങളെ പഠിപ്പിക്കണ്ട, ഞങ്ങള്‍ സ്‌കൂള്‍ കുട്ടികള്‍ അല്ല.താന്‍ ഗൂഢാലോചനക്കാരന്‍!

ലെനിനൊപ്പം വില കുറഞ്ഞ ഹോട്ടലില്‍ ആഹാരം കഴിച്ച സംഘത്തില്‍ ആയിരുന്നു, ഗോര്‍ക്കി. ലെനിന്‍ അധികം കഴിച്ചില്ല – രണ്ടോ മൂന്നോ മുട്ട, ഒരു കഷ്ണം പന്നിയിറച്ചി, ഒരു മഗ് ബീര്‍.

അക്കാലത്ത് ഇറ്റലിയിലെ കാപ്രിയിലാണ്, ഗോര്‍ക്കി താമസിച്ചിരുന്നത്. കോണ്‍ഗ്രസ് കഴിഞ്ഞ് പാരീസില്‍ രണ്ടുമുറി ഫഌറ്റില്‍ ലെനിനെയും ഭാര്യയെയും ഗോര്‍ക്കി കണ്ടു. തൊഴിലാളികള്‍ക്ക് സ്വയം പഠനത്തിനുള്ള ചരിത്ര പരമ്പര എന്ന ഗോര്‍ക്കിയുടെ ആശയം ലെനിന്‍ തള്ളി. അവര്‍ക്ക് വായിക്കാന്‍ നേരമില്ല. പുസ്തകം വാങ്ങുന്നത് ബുദ്ധിജീവികളാണ്. ഒരു പത്രവും ലഘുലേഖകളും ആണ് വേണ്ടത്. ലെനിന്‍ പെട്ടെന്ന് എഴുന്നേറ്റ് പെരുവിരലുകള്‍ വെയ്സ്റ്റ് കോട്ടില്‍ തിരുകി, മുറിയില്‍ നടക്കാന്‍ തുടങ്ങി.കണ്ണുകള്‍ തിളങ്ങി. വരാനിരിക്കുന്ന യുദ്ധത്തെപ്പറ്റി ചെറു പ്രസംഗം നടത്തി.

ഇരുവരും പിന്നെ കാപ്രിയില്‍ കണ്ടു. ഓസ്ട്രിയന്‍ ചിന്തകന്‍ ഏണസ്റ്റ് മക്കിനു റഷ്യയില്‍ ആരാധകര്‍ ഉണ്ടാകുന്നത് സംസാരിച്ച് ലെനിന്‍ അയാളെ നിരാകരിച്ചു. യൗവ്വനം മുതല്‍ തത്വചിന്തയെ സംശയമാണെന്ന് ഗോര്‍ക്കി പറഞ്ഞു. അനുഭവവുമായി അതിന് ബന്ധമില്ല. തത്വചിന്ത പെണ്ണിനെപ്പോലെയാണ്; ചമഞ്ഞു വരും. ലെനിന്‍ പൊട്ടിച്ചിരിച്ചു. മുതലാളിത്തം ഭൂമിയെ എങ്ങനെ നശിപ്പിച്ചു എന്ന വിഷയത്തില്‍ നോവല്‍ എഴുതാന്‍ ലെനിന്‍ പറഞ്ഞു. അവിടെയെത്തിയ നോവലിസ്റ്റായ ബൊഗ്ദാനോവിനെ ലെനിന്‍ കുത്തി നോവിച്ചു.

ഗോര്‍ക്കിയുടെ വെപ്പാട്ടി മരിയ ആന്‍ഡ്രിയെവയ്ക്ക് നൊവായ ഷിസന്‍ (നവജീവന്‍) എന്ന പത്രം ഉണ്ടായിരുന്നു. ബോള്‍ഷെവിക്കുകള്‍ ഇതില്‍ എഴുതാന്‍ തുടങ്ങി. ലെനിന്‍ ഇതും പിടിച്ചെടുക്കാന്‍ ഒരുമ്പെട്ടു. ബോള്‍ഷെവിക്കുകളുടെ കയ്യിലായ പത്രം നിരോധിച്ചു. ഗോര്‍ക്കിയും മരിയയും ഫിന്‍ലന്‍ഡിലേക്ക് കടന്നു.

1914 ലെ യുദ്ധകാലത്ത്, റഷ്യയില്‍ പാര്‍ട്ടി ഉണ്ടായിരുന്നില്ല. പുറത്ത് ലെനിന്റെ അനുയായികള്‍ കഷ്ടി 20 പേര്‍.ഇതില്‍ സിനോവീവും ഇനെസ്സ ആര്‍മാന്‍ഡും മാത്രമേ ഉറച്ചവര്‍ ആയിരുന്നുള്ളു. ലെനിന്റെ ശരിയായ പ്രണയിനി ആയിരുന്നു ഇനെസ്സ. ലെനിന് വേണ്ടി അവര്‍ പിയാനോ വായിച്ചു. ബീഥോവന്റ അപോഷ്യനാറ്റ ലെനിന് പ്രിയമായിരുന്നു.

1917ല്‍ റഷ്യയില്‍ സാര്‍ ഭരണകൂടത്തെ അട്ടിമറിച്ചു കെറന്‍സ്‌കി ഉണ്ടാക്കിയ താല്‍ക്കാലിക ഭരണകൂടവും ബോള്‍ഷെവിക്കുകളുടെ പെട്രോഗ്രാഡ് സോവിയറ്റും തമ്മില്‍ തര്‍ക്കമായപ്പോള്‍, ഇരുവരും സന്ധിയില്‍ എത്തണമെന്ന് ഗോര്‍ക്കി, ഭരണകൂടത്തിന് എഴുതി. സൂറിച്ചില്‍ നിന്ന് ലെനിന്‍ അയയ്ക്കുന്ന കത്തുകള്‍ പ്രവദ പ്രസിദ്ധീകരിച്ചിരുന്നു. ഇവ Letter From A far എന്ന പേരില്‍ പുറത്തുവന്നു. ഭരണ കൂടത്തിനുള്ള കത്തില്‍ ഗോര്‍ക്കി ആവശ്യപ്പെട്ടത്, മാനത്തോടെ ജീവിക്കാനുള്ള സമാധാനം ആയിരുന്നു.

ലെനിന്‍ ക്ഷുഭിതനായി.’മാനം’ അയാള്‍ക്ക് ബൂര്‍ഷ്വാ മുന്‍വിധി ആയിരുന്നു. ഗോര്‍ക്കിയെ പിച്ചിചീന്തി മാര്‍ച്ച് 25 ന് ലെനിന്‍ നാലാം കത്ത് എഴുതി. ചിത്രശലഭത്തിനു മേല്‍ റോഡ് റോളര്‍ കയറ്റും പോലെ ആയിരുന്നു, അത്: വെറും മണ്ടന്‍ മുന്‍വിധികള്‍ നിറഞ്ഞ ഇത്തരമൊരു കത്ത് വായിച്ചപ്പോള്‍ കയ്പ് (ഗോര്‍ക്കി എന്ന വാക്കിന് അര്‍ത്ഥം, കയ്പ് ) അനുഭവപ്പെട്ടു. കാപ്രിയില്‍ വച്ചുള്ള സംഭാഷണങ്ങളില്‍ ഞാന്‍ ഗോര്‍ക്കിയോട് അദ്ദേഹത്തിനു പറ്റിയ രാഷ്ട്രീയ പിഴവുകളെപ്പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. ശാസിച്ചിരുന്നു. ഗോര്‍ക്കി ഈ ശാസനകളെ സഹജമായ മധുര പുഞ്ചിരിയാല്‍ ഒഴിവാക്കി, ഏറ്റു പറയും, ‘ഞാനൊരു ചീത്ത മാര്‍ക്‌സിസ്റ്റ് ആണ്; ഞങ്ങള്‍ കലാകാരന്മാര്‍ കുറച്ചൊക്കെ ഉത്തരവാദിത്തം ഇല്ലാത്തവരാണ്.’ …ഇതിനെതിരെ നമുക്ക് തര്‍ക്കിക്കാന്‍ ആവില്ല. ഗോര്‍ക്കിക്ക് നല്ല കലാശേഷിയുണ്ട്. അത് ആഗോള തൊഴിലാളി പ്രസ്ഥാനത്തിന് മുതല്‍ക്കൂട്ടായിരിക്കും. പക്ഷെ, ഗോര്‍ക്കി എന്തിനാണ്, രാഷ്ട്രീയത്തില്‍ ഇടപെടുന്നത്? ഗോര്‍ക്കിയുടെ കത്തില്‍ കാണുന്നത്, ബൂര്‍ഷ്വകള്‍ക്കും അവരുടെ സ്വാധീനത്തില്‍പ്പെട്ട ഒരു വിഭാഗം തൊഴിലാളികള്‍ക്കുമുള്ള മുന്‍വിധികളാണ്. ഇവക്കെതിരെ നിരന്തര പോരാട്ടത്തിന് പാര്‍ട്ടിയുടെയും രാഷ്ട്രീയ ബോധമുള്ള തൊഴിലാളികളുടെയും ശക്തി തിരിച്ചു വിടണം. ഈ യുദ്ധം സാര്‍ ഭരണകൂടം തുടങ്ങി വച്ചതാണ്… ഭൂവുടമകളുടെയും മുതലാളിമാരുടെയും ഭരണകൂടം… ആ ഭരണകൂടത്തോട് സമാധാനത്തിന് നിര്‍ദേശം വയ്ക്കുന്നത്, വേശ്യാലയ ഉടമയോട്, ചാരിത്ര്യ പ്രസംഗം നടത്തുന്നത് പോലെയാണ്.

സൂറിച്ചില്‍ നിന്നെഴുതിയ കത്ത്,സ്റ്റോക്ക് ഹോമിലേക്ക് അയച്ച് പെട്രോഗ്രാഡില്‍ എത്തിക്കുകയായിരുന്നു. അപ്പോള്‍ ഫെബ്രുവരിയിലെ റഷ്യന്‍ വിപ്ലവം തുടങ്ങി പത്തു നാള്‍ പിന്നിട്ടിരുന്നു. വിപ്ലവ നായകന്‍ പ്രവാസത്തിലായിരുന്നു. എന്നിട്ടും, കൂട്ടുകാരനെ സംഹരിക്കുന്നതില്‍ ആയിരുന്നു, കമ്പം.

കത്തിന് ഗോര്‍ക്കി അപ്പോള്‍ മറുപടി നല്‍കിയില്ല. ലെനിന്‍ റഷ്യയില്‍ മടങ്ങിയെത്തി, ഭരണകൂട അട്ടിമറിയില്‍ ഏര്‍പ്പെട്ട ശേഷം, 1917 നവംബര്‍ 21 ന് ഗോര്‍ക്കി നൊവായ ഷിസന്‍ പത്രത്തില്‍ ലെനിന് എതിരെ ആഞ്ഞടിച്ചു:

അന്ധരായ ഭ്രാന്തന്മാരും ദയയില്ലാത്ത സാഹസികരും സാമൂഹിക വിപ്ലവത്തിലേക്ക് പായുകയാണ് – ഇത് അരാജകത്വത്തിലേക്കും തൊഴിലാളി വര്‍ഗ്ഗത്തിന്റെ നാശത്തിലേക്കും വിപ്ലവത്തിന്റെ തന്നെയും നാശത്തിലേക്കുള്ള പോക്കാണ്.

ഈ പാതയില്‍ ലെനിനും കിങ്കരന്മാരും ധരിക്കുന്നത്, ഏതു കുറ്റവും ചെയ്യാമെന്നാണ്. പെട്രോഗ്രാഡില്‍ കൂട്ടക്കൊല. മോസ്‌കോയില്‍ നാശം. സംസ്സാര സ്വാതന്ത്ര്യത്തിനു വിലക്ക്. വിവേകം നശിച്ച അറസ്റ്റുകള്‍ -പ്ലീഹ്‌വെയും സ്റ്റോലിപെനും കാട്ടിയ അതേ രാക്ഷസീയ പ്രവൃത്തികള്‍.

അവരിരുവരും ജനാധിപത്യത്തിനും റഷ്യയില്‍ ക്രമവും സത്യസന്ധവുമായിരുന്ന എല്ലാറ്റിനും എതിരെ പ്രവര്‍ത്തിച്ചു എന്നത് നേരാണ്. ലെനിനാകട്ടെ, തൊഴിലാളി വര്‍ഗ്ഗത്തിലെ വലിയ വിഭാഗത്തിന്റെ പിന്തുണയുണ്ട്.തൊഴിലാളികളുടെ സാമാന്യ ബുദ്ധിയും അവരുടെ ചരിത്ര ദൗത്യത്തെക്കുറിച്ചുള്ള തിരിച്ചറിവും അവരുടെ കണ്ണ് തുറപ്പിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ലെനിന്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുക അസാധ്യമാണ്. ബക്കുനിന്‍, നെചായേവ് എന്നിവരുടെ പാതയില്‍, അരാജക പ്രവണതകള്‍ നിറഞ്ഞ ഭ്രാന്താണ്, ലെനിനുള്ളത്.

തങ്ങളുടെ ചോരകൊണ്ടാണ് ലെനിന്‍ പരീക്ഷണം നടത്തുന്നതെന്ന് തൊഴിലാളി വര്‍ഗം തിരിച്ചറിയണം. തൊഴിലാളി വര്‍ഗ്ഗത്തിന്റ വികാരത്തെ വലിച്ചു നീട്ടി അതിന്റ ഫലം എന്തായിരിക്കുമെന്ന് പരീക്ഷിക്കുകയാണ്. റഷ്യയിലെ തൊഴിലാളി വര്‍ഗത്തിന്, ഇന്നത്തെ സാഹചര്യങ്ങളില്‍ അയാള്‍ വിജയം പ്രതീക്ഷിക്കുന്നില്ല. തൊഴിലാളി വര്‍ഗത്തെ രക്ഷിക്കാന്‍ ഒരു അദ്ഭുതം അയാള്‍ പ്രതീക്ഷിക്കുന്നുണ്ടാകാം.

അദ്ഭുതങ്ങളുണ്ടാവില്ലെന്ന് തൊഴിലാളി മനസ്സിലാക്കണം. അവനെ കാത്തിരിക്കുന്നത്, വിശപ്പും പൂട്ടിയ വ്യവസായശാലകളും നിലച്ച ഗതാഗതവും നീണ്ട രക്തരൂക്ഷിതമായ അരാജകത്വവും ചോര പുരണ്ട, ഇരുള്‍ മൂടിയ പ്രത്യാഘാതവുമാണ്. അതിലേക്കാണ്,തൊഴിലാളി വര്‍ഗത്തെ നേതാക്കള്‍ നയിക്കുന്നത്. ലെനിന്‍ സര്‍വശക്തനായ മായാജാലക്കാരനല്ല. അയാള്‍ തീരുമാനിച്ചുറച്ച ചെപ്പടി വിദ്യക്കാരനാണ്.അയാള്‍ക്ക് തൊഴിലാളി വര്‍ഗ്ഗത്തിന്റ ജീവനോടോ, ആത്മാഭിമാനത്തോടോ ഒരു മമതയും ഇല്ല. സാഹസികരും ഭ്രാന്തന്മാരും ചെയ്യുന്ന വൃത്തികെട്ട, അസംബന്ധമായ, ഹീനമായ കുറ്റങ്ങള്‍ തൊഴിലാളി വര്‍ഗത്തിന് മേല്‍ ചാരാനുള്ള ശ്രമം തൊഴിലാളികള്‍ അനുവദിക്കരുത്. ലെനിനല്ല, തൊഴിലാളി വര്‍ഗത്തിനായിരിക്കും, ഉത്തരവാദിത്തം.

ഒരു പാര്‍ട്ടിയുടെയും സംരക്ഷണമില്ലാതെ, ഗംഭീരമായ ഏകാന്തതയില്‍,ഗോര്‍ക്കി, റഷ്യയുടെ മനഃസാക്ഷി ആയി നിന്നു. ലെനിന്റ ഉരുക്കുമുഷ്ടിക്കു പോലും ഗോര്‍ക്കിയെ നിശബ്ദനാക്കാന്‍ കഴിഞ്ഞില്ല.

വിപ്ലവത്തെ ലെനിന്‍ ഒറ്റി എന്ന് വെളിവാക്കി, നവംബര്‍ 23 ന് പത്രത്തില്‍, ഗോര്‍ക്കി, തൊഴിലാളികള്‍ക്കുള്ള ഒരു വിളംബരം പ്രസിദ്ധീകരിച്ചു:

തൊഴിലാളി വര്‍ഗത്തോട്
നെചായേവിന്റെ വഴിയിലൂടെ, ‘മാലിന്യക്കൂമ്പാരത്തിലൂടെ അതിവേഗം ലെനിന്‍ റഷ്യയിലേക്ക്, സോഷ്യലിസ്റ്റ് ഭരണകൂടത്തെ ‘കൊണ്ടുവന്നിരിക്കുന്നു. നമുക്ക് ഏതു റഷ്യക്കാരനെയും അപമാനിച്ച് നമുക്കൊപ്പം കൊണ്ടുവരാം എന്ന് നെചായേവ് പറഞ്ഞതിനോട് ഒട്ടിനില്‍ക്കുന്നവരാണ്, ലെനിനും ട്രോട്‌സ്‌കിയും അവരെ ചളിക്കുണ്ടിലേക്ക് അനുഗമിക്കുന്നവരും. അങ്ങനെ, വിപ്ലവവും തൊഴിലാളി വര്‍ഗവും ഹീനമായി അപമാനിക്കപ്പെട്ടിരിക്കുന്നു. തൊഴിലാളികള്‍ കൂട്ടക്കൊലകള്‍ക്കും വംശഹത്യകള്‍ക്കും നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നു.

മാധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ തൊഴിലാളികളെ സമ്മതിപ്പിച്ച ശേഷം ലെനിനും കിങ്കരന്മാരും ജനാധിപത്യത്തിന്റ ശത്രുക്കള്‍ക്ക് അതിന്റ വായടയ്ക്കാന്‍ അവസരം നല്‍കിയിരിക്കുന്നു. ലെനിന്‍ -ട്രോട്‌സ്‌കി ഏകാധിപത്യത്തെ എതിര്‍ക്കുന്നവര്‍ക്കെതിരെ ക്ഷാമം, കൂട്ടക്കൊല എന്നീ ഭീഷണികള്‍ പ്രയോഗിച്ചു. ഈ നേതാക്കള്‍ അവരുടെ പീഡനത്തെ ന്യായീകരിക്കുന്നു. വര്‍ഷങ്ങളായി ഈ രാജ്യത്തെ നന്മയുള്ളവര്‍ ഇത്തരം പീഡനങ്ങള്‍ക്കെതിരെയാണ് പോരാടിയത്.

സോഷ്യലിസത്തിന്റ നെപ്പോളിയന്മാരാണ് തങ്ങളെന്ന് ഈ ലെനിനിസ്റ്റുകള്‍ ഭാവിക്കുന്നു. ഓരോ പ്രദേശത്തേക്കും അവര്‍ കടന്നു കയറി റഷ്യയുടെ പതനം ഉറപ്പു വരുത്തുന്നു. ഒരു ചോരക്കടല്‍ വഴിയാണ്, റഷ്യന്‍ ജനത ഇതിനു വില നല്‍കേണ്ടത്….

(ലെനിന്) ‘നേതാവ് ‘ ആകാനുള്ള മേന്മകളുണ്ട്. അത്തരമൊരു പദവിക്ക് വേണ്ട ധാര്‍മിക ശൂന്യത അദ്ദേഹത്തിനുണ്ട്. ജനത്തോട് ‘വരേണ്യനു’ള്ള പുച്ഛവും അദ്ദേഹത്തിനുണ്ട്.
ലെനിന്‍ നേതാവും റഷ്യന്‍ വരേണ്യനുമാണ്. ആ ജീര്‍ണിച്ച വര്‍ഗ്ഗത്തിന്റ ധാര്‍മിക വിശേഷങ്ങളെല്ലാം അദ്ദേഹത്തിനുണ്ട്. ഇക്കാരണത്താലാണ്,ആരംഭം മുതല്‍ തോല്‍ക്കുന്ന ക്രൂര പരീക്ഷണത്തിലേക്ക് റഷ്യന്‍ ജനതയെ നയിക്കാന്‍ അവകാശമുണ്ടെന്ന് അദ്ദേഹം കരുതിയത്.

യുദ്ധംകൊണ്ട് നശിക്കുകയും ക്ഷീണിക്കുകയും ചെയ്ത നമ്മുടെ ജനത ഇപ്പോള്‍ തന്നെ ആയിരക്കണക്കിന് ജീവന്‍ ബലി കഴിച്ചു. ഇനി പതിനായിരക്കണക്കിന് വേണ്ടി വരും. ദീര്‍ഘകാലം നാം തകര്‍ച്ചയില്‍ ആയിരിക്കും. റഷ്യ ഈ ദുരന്തം സഹിക്കുന്നത് ലെനിനെ ദുഃഖിപ്പിക്കുന്നില്ല. അയാള്‍ വരട്ടുവാദത്തിന്റ അടിമയാണ്.വൈവിധ്യമാര്‍ന്ന ജീവിതത്തെപ്പറ്റി അയാള്‍ക്ക് ബോധമില്ല. ജനത്തെ അറിയില്ല. അവരുടെ കൂടെ നിന്നിട്ടില്ല. അവരെ എങ്ങനെ കലാപങ്ങള്‍ക്ക് പ്രേരിപ്പിക്കാം എന്ന് പുസ്തകങ്ങളില്‍ നിന്ന് പഠിച്ചിട്ടുണ്ട്. എളുപ്പത്തില്‍ അവരുടെ വികാരങ്ങളെ ഇളക്കാനും അറിയാം. രസവാദിയുടെ കൈയിലെ മൂലകം പോലെയാണ്, അയാള്‍ക്ക് തൊഴിലാളി വര്‍ഗം. നിശ്ചിത സാഹചര്യങ്ങളില്‍, ഈ മൂലകത്തെ സോഷ്യലിസ്റ്റ് ഭരണകൂടമാക്കുക അസാധ്യമാണ്.പരീക്ഷണം പരാജയപ്പെട്ടാല്‍ ലെനിന് എന്ത് ചേതം?

രസവാദി ജഡ പദാര്‍ത്ഥങ്ങളില്‍ പരീക്ഷണം നടത്തുന്നു. ലെനിന്‍ ആകട്ടെ, ജീവിക്കുന്ന മാംസത്തില്‍ പരീക്ഷണം നടത്തി വിപ്ലവത്തെ പതനത്തില്‍ എത്തിക്കുന്നു. ലെനിന്റ പാതയിലെ സത്യസന്ധരായ തൊഴിലാളികള്‍ ഭീകരമായ പരീക്ഷണമാണ് തങ്ങളില്‍ നടക്കുന്നത് എന്നറിയണം. ഈ പരീക്ഷണം അവരിലെ ശക്തിയെ നശിപ്പിക്കും. ദീര്‍ഘകാലം വിപ്ലവത്തിന്റെ സ്വാഭാവിക വികാസം തടയപ്പെടും.

ഗോര്‍ക്കി വിപ്ലവത്തെ മ്യൂസിയം ഡയറക്ടറുടെ ശങ്കകളോടെയാണ് സ്വാഗതം ചെയ്തതെന്ന് ട്രോട്‌സ്‌കി കളിയാക്കി. ഗോര്‍ക്കി ഭയന്നില്ല. പത്രം ധീരമായി ലെനിനെ ആക്രമിച്ചു-അതിന്റെ പ്രസിദ്ധീകരണം ബലം പ്രയോഗിച്ച് തടയും വരെ.

Tags: FEATUREDഗോര്‍ക്കിലെനിന്‍ഒരു റഷ്യന്‍ യക്ഷിക്കഥ
Share68TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

തോക്കിലും തോര്‍ത്തിലും മതം മണക്കുന്നവര്‍

ഉന്നത വിദ്യാഭ്യാസം കേന്ദ്ര സര്‍വകലാശാലകളില്‍

പെലെ-കാല്‍പന്തിന്റെ ചക്രവര്‍ത്തി

വിപ്ലവകാരിയായിരുന്ന ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 13)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • മൗനതപസ്വി - ടി. വിജയന്‍ ₹180
Follow @KesariWeekly

Latest

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

മാഗ്കോം വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി സ്വാമിനാഥൻ ചന്ദ്രശേഖരൻ സംഭാവന ചെയ്ത ക്യാമറ മാഗ്കോം ഡയറക്ടർ എ.കെ. അനുരാജ് അദ്ദേഹത്തിൽ നിന്നും ഏറ്റുവാങ്ങുന്നു.

മാഗ്കോം വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമറ സംഭാവന ചെയ്തു

നവഭാരതവും നാരീശക്തിയും

ജാതിയില്ലാ കേരളം-ഉള്ളത് ജാതി വിവേചനം മാത്രം

ധിഷണാശാലിയായ കാര്യകര്‍ത്താവ്‌

പി.എഫുകാരന്റെ സ്വത്തു ജപ്തി സഖാക്കള്‍ക്ക് സഹിക്കുമോ?

വിശപ്പറിയാത്തവര്‍

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies