ഫെബ്രുവരി 9നു ഞായറാഴ്ച്ച പതിവിലും നേരത്തെ എഴുന്നേറ്റു. ടി .വി. ഓണ്‍ ചെയ്തു കണ്ട വാര്‍ത്തയുമായി പൊരുത്തപ്പെടാന്‍ അല്പം സമയമെടുത്തു. മാനനീയ പരമേശ്വരന്‍ജി മരണമടഞ്ഞു. പ്രായാധിക്യവും അസുഖവുമൊക്കെയുണ്ടെങ്കിലും താമസിയാതെ തിരുവനന്തപുരത്ത് വരുമെന്ന് പ്രതീക്ഷിച്ചിരുന്നു.
ഞാന്‍ നാട്ടില്‍ വരുമ്പോളൊക്കെ പരമേശ്വരന്‍ജിയെ ചെന്നുകണ്ട് നമസ്‌കരിച്ചു അനുഗ്രഹം വാങ്ങുന്നത് പതിവായി. ഇത്തവണ ഞാന്‍ എത്തിയപ്പോള്‍ അദ്ദേഹം കണ്ണൂരില്‍ പോയിരിക്കുന്നുവെന്നറിഞ്ഞു. വരുമ്പോള്‍ കാണാമെന്നു കരുതിയിരിക്കുമ്പോളാണ് ഈ വാര്‍ത്ത വരുന്നത്.വ്യക്തി ജീവിതത്തില്‍ നേരിടുന്ന പല വെല്ലുവിളികളുടെയും തടസ്സങ്ങളുടെയുമിടയിലും സംഘ പ്രവര്‍ത്തനത്തിന്റെ പാതയില്‍ നിന്നും വ്യതിചലിക്കാതെ മുന്നേറുവാന്‍ എന്നും ഒരു പ്രചോദനമായിരുന്ന മാനനീയ പരമേശ്വരന്‍ജിയുടെ ഓര്‍മ്മയില്‍ എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു.
1970-71ല്‍ തിരുവോണ ദിവസം കന്റോണ്‍മെന്റ് ഹൗസിന്റെമുന്നില്‍ ഭാരതീയ ജനസംഘത്തിന്റെ ഒരു സമരംഅന്ന് സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന ശ്രീപരമേശ്വരന്‍ജിയുടെനേതൃത്വത്തില്‍ നടന്നിരുന്നു. അതിന്റെ ഒരുക്കങ്ങള്‍ക്കായി വെറും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരുന്ന ഞാന്‍ എന്റെ ജ്യേഷ്ഠന്റെകൂടെ അവിടെ പോയി. സംസ്ഥാനത്താകെനിന്നും ഒരു ബസ്സില്‍കൊള്ളാവുന്ന ആളുകളെ അതില്‍ പങ്കെടുക്കാന്‍ വന്നിരുന്നുള്ളു. അന്ന് അദ്ദേഹം നടത്തിയ പ്രസംഗമാണ് ഞാന്‍ ആദ്യമായി കേള്‍ക്കുന്ന രാഷ്ട്രീയ പ്രസംഗം. വളരെ യുക്തിസഹമായി സാഹചര്യങ്ങള്‍ വിശകലനം ചെയ്തുകൊണ്ടുള്ള ആ പ്രസംഗം എന്നില്‍ വലിയ സ്വാധീനം ചെലുത്തി.തുടര്‍ന്ന് അഖിലേന്ത്യാ ചുമതലകള്‍ വഹിച്ചുകൊണ്ടുപോയഅദ്ദേഹത്തിന്റെ ലേഖനങ്ങള്‍ കേസരിയില്‍വായിച്ചിട്ടുള്ളതല്ലാതെ നേരിട്ട് സമ്പര്‍ക്കം ഉണ്ടാകുന്നത് അടിയന്തരാവസ്ഥയ്ക്കുശേഷം അദ്ദേഹം തിരുവനന്തപുരത്ത് വരുമ്പോഴാണ്.
അടിയന്തരാവസ്ഥയില്‍ വിയ്യൂര്‍ ജെയിലില്‍’മിസാ’ തടവുകാരനായി കഴിയുമ്പോള്‍ അദ്ദേഹം കലശലായ വയറുവേദനകൊണ്ടു കഷ്ട്ടപ്പെട്ടിരുന്നതായും, അതിനിടയിലും വിവേകാനന്ദ സാഹിത്യസര്‍വ്വസ്വം പൂര്‍ണ്ണമായും വായിച്ച് മറ്റുള്ളവരെ പഠിപ്പിച്ചിരുന്നതായും, പരേതനായ ശ്രീ എസ്. പദ്മനാഭന്‍ എന്നോട് പറഞ്ഞിരുന്നു. ധനലക്ഷ്മി ബാങ്കില്‍ ജനറല്‍മാനേജര്‍ ആയിരുന്ന അദ്ദേഹം,ശ്രീപരമേശ്വരന്‍ജിയോടൊപ്പം ‘മിസാ’ തടവുകാരനായിരുന്നു. ശ്രീ പദ്മനാഭനുമൊരുമിച്ച് വിദ്യാര്‍ത്ഥി പരിഷത്തില്‍ ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു.ജയില്‍ ഇടിഞ്ഞാലുംപുറത്തു വരുമെന്ന് ഉറപ്പില്ലാതിരുന്ന ആ നാളുകളില്‍ വലിയ മാനസിക പിരിമുറുക്കം അനുഭവിച്ചിരുന്ന തടവുകാരായ നമ്മുടെ പ്രവര്‍ത്തകര്‍ക്കിടയില്‍ പരസ്പരം ഉരസലുണ്ടാകുകസാധാരണമാണ്. പല സന്ദര്‍ഭങ്ങളിലും എല്ലാവരെയും ഒരുമിച്ചു കൊണ്ട് പോവുകയും, വളരെവേഗം മനോനില തകരുന്നആ വേളകളില്‍ അവരെഉത്തേജിപ്പിക്കുകയും, ഉണര്‍വ്വ് പകരുകയും ചെയ്തത് പരമേശ്വരന്‍ജി ആയിരുന്നു എന്നു് ശ്രീ പദ്മനാഭന്‍ പറഞ്ഞിട്ടുണ്ട്.
പരമേശ്വരന്‍ജിക്ക് തിരുവനന്തപുരത്ത് ആസ്ഥാനം കോട്ടയ്ക്കകത്തെ സംസ്‌കൃതിഭവനില്‍ (ഇപ്പോഴത്തെ സമന്വയഭവനില്‍) ഒരുക്കുന്നതിന്റെ ചുമതല എനിക്കായിരുന്നു. തുടര്‍ന്നുംസ്ഥലം കൗണ്‍സിലര്‍ എന്നനിലയ്ക്കും, അവിടുത്തെ സംഘകാര്യകര്‍ത്താവ് എന്നനിലയ്ക്കും അദ്ദേഹവുമായി അടുത്തു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു.
1991ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള യോഗങ്ങളില്‍ തിരുവനന്തപുരം സ്വദേശി തന്നെ മത്സരിക്കണമെന്നു് ഞാന്‍ ശക്തമായി വാദിച്ചിരുന്നു. എന്നാല്‍, പൊടുന്നനെ രാജേട്ടനെ പാലക്കാട് നിന്ന് കൊണ്ടുവന്ന് നിര്‍ത്താനായിരുന്നു തീരുമാനം. ഇതിനോട് യോജിക്കാന്‍ ഞാനുള്‍പ്പെടെ പലരും തയ്യാറായില്ല. എന്നാല്‍പരമേശ്വരന്‍ജിയുടെ വിശദീകരണം കഴിഞ്ഞപ്പോള്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ തയ്യാറായി. ആ സന്ദര്‍ഭത്തില്‍ വ്യക്തിപരമായി എന്നെവിളിച്ചു പരമേശ്വരന്‍ജിഗുണദോഷിച്ചത് ഞാനോര്‍ക്കുന്നു.
മറ്റൊരിക്കല്‍ ഗോസംരക്ഷണ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു് രാജസ്ഥാനില്‍നിന്ന് ഒരു മുതിര്‍ന്ന അധികാരി വന്നിരുന്നു. അതിനായി ഒരു യോഗം സംഘടിപ്പിക്കണമെന്നു കുറെനാളുകള്‍ക്ക് മുമ്പ് ശ്രീ പരമേശ്വരന്‍ജി എന്നോടു പറഞ്ഞിരുന്നു.മറ്റു തിരക്കുകള്‍ക്കിടയില്‍ ഞാനതു മറന്നുപോയി.അന്ന് രാവിലെ എന്നെവിളിച്ചു യോഗം എത്ര മണിക്കെന്നു ചോദിച്ചപ്പോളാണ് ഞാനോര്‍ക്കുന്നത്.ഉച്ചയ്ക്ക് മൂന്നുമണിക്കെന്നു പറഞ്ഞ ഞാന്‍ എവിടുന്നു ആളെക്കൂട്ടുമെന്നറിയാതെ അമ്പരന്നു.ആ ദിവസങ്ങളില്‍ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ നിന്ന് നാല്‍പതോളംപേര്‍ കാര്യാലയത്തില്‍ അഭയം തേടിയിരുന്നു.അവരോട് മൂന്നുമണിക്ക് സംസ്‌കൃതിഭവനില്‍ വരാന്‍ ആവശ്യപ്പെട്ടു.അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണെന്നുകരുതി അവരെല്ലാം വന്നു. അതിഥി ദീര്‍ഘമായി ഹിന്ദിയില്‍ സംസാരിച്ചു. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ശ്രോതാക്കളും ഇരുന്നു. പന്തികേടു മനസ്സിലാക്കിയപരമേശ്വരന്‍ജി പരിപാടിക്കുശേഷം പരിപാടി വിജയമായിരുന്നോ എന്ന ചോദ്യവുമായി എന്നെ കയ്യോടെപിടികൂടി. ആളുകൂട്ടുകയല്ല, സന്ദേശം വേണ്ടവരില്‍ എത്തിക്കുകയാണ് വേണ്ടത് എന്നദ്ദേഹം പറഞ്ഞു.
1992ല്‍ വാഷിംഗ്ടണില്‍ നടന്ന ‘വിഷന്‍ 2000’ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ പരമേശ്വരന്‍ജി വന്നിരുന്നു.ഉദ്ഘാടനസമ്മേളനത്തില്‍ മുഖ്യ പ്രഭാഷകനായി പരമേശ്വരന്‍ജിയുടെ പേരാണ് പറഞ്ഞിരുന്നത്.എന്നാല്‍ അവസാന നിമിഷം സംഘാടകര്‍ ആരെയും അറിയിക്കാതെമാറ്റംവരുത്തി. അന്ന് അവിടെയുണ്ടായിരുന്ന മാനനീയ ഠേംഗടിജി ഇതില്‍ വളരെ ക്ഷുഭിതനായി സംഘാടകരെ കണക്കിന് ശകാരിച്ചു. അവര്‍ പരമേശ്വരന്‍ജിയോട് ക്ഷമാപണം നടത്തി.
ആ സന്ദര്‍ശനത്തില്‍ അദ്ദേഹത്തിന്റെ കൂടെ അമേരിക്കയില്‍ പല സ്ഥലങ്ങളിലും പോകുവാന്‍ കഴിഞ്ഞു.അതിനിടയില്‍ ന്യൂ ജെഴ്സിയില്‍ നടന്ന യോഗത്തില്‍ പരേമശ്വരന്‍ജി നടത്തിയ പ്രസംഗം ഗംഭീരമായിരുന്നു.നയാഗ്ര വെള്ളച്ചാട്ടം കാണാന്‍ പോയ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ട ഒരു വലിയ പരസ്യ ബോര്‍ഡിനെക്കുറിച്ച് പരാമര്‍ശിച്ചു കൊണ്ടായിരുന്നു തുടക്കം.’നയാഗ്ര: മധുവിധുവിനു ലോകത്തിലെ ഏറ്റവും ഉത്തമമായ സ്ഥലം’ഇതായിരുന്നു പരസ്യം.ഇതുപോലുള്ള പ്രകൃതിയുടെ സൗന്ദര്യവും ശക്തിയും നിറഞ്ഞ മലകളോ ജലാശയങ്ങളോ, ഭാരതത്തിലാണെങ്കില്‍ അവയെക്കാണുന്നത് ആദ്ധ്യാത്മികമായ വീക്ഷണത്തോടെയായിരിക്കും. തുടര്‍ന്നു വിവിധ ഉദാഹരണങ്ങള്‍ നിരത്തി ഭാരതീയവും പാശ്ചാത്യവുമായ ജീവിതവീക്ഷണങ്ങളിലെ അന്തരം ഭംഗിയായി അദ്ദേഹം വരച്ചുകാട്ടി.
സ്വന്തം കുടുംബത്തെ വിട്ടുപിരിഞ്ഞു പ്രവാസജീവിതവുമായി പൊരുത്തപ്പെടാന്‍ പണിപ്പെടുന്ന എനിക്കു് ആത്മധൈര്യം പകര്‍ന്നു്, അമേരിക്കന്‍ ഹിന്ദുക്കളുടെയിയില്‍ പ്രവര്‍ത്തിക്കുവാന്‍ ശ്രീപരമേശ്വരന്‍ജി ഉപദേശിച്ചു. ഞാന്‍ അമേരിക്കവിട്ടു വരുന്നവരെയും അതു പാലിക്കാന്‍ കഴിഞ്ഞു.അദ്ദേഹത്തിന് കൊടുക്കാന്‍ നല്ല മുന്തിയ സെറ്റ്പേന ഞങ്ങള്‍ വാങ്ങിയിരുന്നു. പക്ഷേ വളരെ സ്നേഹപൂര്‍വ്വം, സ്വദേശി ഉല്‍പ്പന്നങ്ങള്‍ മാത്രമേ ഉപയോഗിക്കൂ എന്ന കാരണം പറഞ്ഞു് അദ്ദേഹം അത് നിരസിച്ചു.
കരള്‍മാറ്റ ശസ്ത്രക്രിയകഴിഞ്ഞു് കിടന്ന എന്നെ കാണാന്‍ ശ്രീപരമേശ്വരന്‍ജി വന്നിരുന്നു.ദാദാ വാസ്വാനിയുടെ ഹൗ റ്റു എംബ്രേസ് പെയിന്‍എന്ന പുസ്തകം തന്നു. മാനസികമായി വലിയ ശക്തി പകര്‍ന്ന സന്ദര്‍ശനമായിരുന്നു അത്.
അദ്ദേഹം വളരെ അസുഖംബാധിച്ച് പലരേയും തിരിച്ചറിയാതെയിരുന്ന നാളുകളിലും, എന്നെക്കാണുംപോള്‍ ഉറക്കെ എന്റെ പേരുപറഞ്ഞു വിളിക്കുന്നതുകണ്ട് ഞാന്‍ അതിശയിച്ചിട്ടുണ്ട്.അവസാന നാളുകളില്‍ എനിക്ക് അടുത്തുണ്ടാകാന്‍ കഴിയാതെപോയ പണ്ഡിതനായ എന്റെ പിതാവിന്റെ അനുഗ്രഹം,പരമേശ്വരന്‍ജിയുടെ വാക്കുകളില്‍ എനിക്ക് അനുഭവപ്പെട്ടിരുന്നു.പിതൃതുല്യനായ ആ മാര്‍ഗ്ഗദര്‍ശിക്കു് അശ്രുപൂജയര്‍പ്പിക്കാനേ കഴിയൂ!
( തിരുവനന്തപുരം നഗരസഭയിലെ ആദ്യ ബിജെപി കൗണ്‍സിലറും കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ അധ്യക്ഷനുമാണ് ലേഖകന്‍ ))