കേരളത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ഒന്നാണ് നവോത്ഥാനം. ഇത് സാധ്യമാക്കുന്നതില്‍ അനേകം ഘടകങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രീരാമകൃഷ്ണ ദര്‍ശനത്തെ അതിന്റെ അനന്തസാധ്യതകളില്‍ ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ച സ്വാമി വിവേകാനന്ദന്‍ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊണ്ടിരുന്നു. അദ്ദേഹം സ്വീകരിക്കേണ്ടതിനെ സ്വീകരിച്ച് തിരസ്‌ക്കരിക്കേണ്ടതിനെ തിരസ്‌ക്കരിച്ചു.”So long as a single dog in my country is without food, my whole religion will be to feed it” എന്ന് സ്വാമിജി തുറന്നടിച്ചു. ഭാരതീയ നവോത്ഥാന സംരംഭങ്ങളെ സ്വാമിജി സ്വാധീനിച്ചു. ഹൈന്ദവര്‍ ഉണര്‍ന്നു. ഹിന്ദുധര്‍മ്മത്തെ ആ വേദാന്തകേസരി നവീകരിച്ചു. അതിന്റെ തരംഗങ്ങള്‍ രാഷ്ട്രത്തെ ജ്വലിപ്പിച്ചു. വിവേകാനന്ദ വാണികള്‍ കേട്ട് ഭാരതം ഉണര്‍ന്നു.
പി. കുഞ്ഞിരാമന്‍ നായരുടെ കവിത വിവേകാനന്ദസ്വാധീനത്തെ ധ്വനിപ്പിക്കുന്നു: ”ഈ വീരയുവാവിനെ ക്ഷണിക്കു/ മഹോന്നത ഭാരത സൗധ/ ശിലാസ്ഥാപനത്തിനു നിങ്ങള്‍”. സ്വാമിജിയുടെ വാക്കുകളും ഭാരതത്തിന് അകത്തും പുറത്തും നടത്തിയ പ്രായോഗിക വേദാന്ത പ്രചരണവും അധഃസ്ഥിതരില്‍ പ്രത്യാശയും ആത്മവിശ്വാസവും വളര്‍ത്തി. ഭാരതത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ നേതാക്കളെ വിവേകാനന്ദ ദര്‍ശനം സ്വാധീനിച്ചു. വ്യത്യസ്ത ദേശങ്ങളില്‍, സമയങ്ങളില്‍, രീതികളില്‍ കേരളത്തിലും അതിന്റെ ചലനങ്ങള്‍ ഉണ്ടായി.
കേരളത്തിന്റെ നവോത്ഥാന നായകരില്‍ പ്രമുഖനായ ഡോ.പല്‍പ്പുവിന് യോഗ്യതയ്ക്ക് അനുസരിച്ച, അര്‍ഹിച്ച തസ്തികയില്‍ ജോലി കൊടുക്കുവാന്‍ തിരുവിതാംകൂര്‍ ഭരണകൂടം തയ്യാറാകാത്തതിനാല്‍ അദ്ദേഹം മൈസൂര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ചേര്‍ന്നു. ഒപ്പം കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്തു.
അവിടെവെച്ചാണ് ഡോ. പല്‍പ്പുവിന് ദിശാബോധം ലഭിച്ച സ്വാമി വിവേകാനന്ദനുമായുള്ള സമ്പര്‍ക്കമുണ്ടാകുന്നത്. ഡോ. പല്‍പ്പുവിന്റെ ഔദ്യോഗികവസതിയില്‍വെച്ച് സ്വാമിജിയെ ഡോക്ടര്‍ കേരളത്തിന്റെ സ്ഥിതി ധരിപ്പിച്ചു. സ്വാമിജിയുടെ മറുപടി ഒരു നല്ല സന്ന്യാസിയെ കണ്ടുപിടിച്ച് അദ്ദേഹത്തെ കേന്ദ്രമാക്കിക്കൊണ്ട് ജാതിക്കെതിരായ പ്രക്ഷോഭങ്ങള്‍ നടത്തണമെന്നായിരുന്നു. ഇതിന് മറ്റുള്ളവരെ ആശ്രയിക്കേണ്ട ആവശ്യമില്ലെന്നും സ്വാമിജി ഉപദേശിച്ചു. വിവേകാനന്ദ സ്വാമിയുടെ ഉദ്‌ബോധനം ഡോ. പല്‍പ്പുവിനെ ആഴത്തില്‍ സ്വാധീനിച്ചു. അതിന്റെ ഫലമായി അതുല്യ സംഘാടകനായ ഡോ. പല്‍പ്പു നാരായണഗുരുവുമായും, കുമാരനാശാനായും എം. ഗോവിന്ദനുമായുമൊക്കെ ചര്‍ച്ചകള്‍ നടത്തി. നാരായണഗുരുവിന്റെ ആദ്ധ്യാത്മിക നേതൃത്വത്തില്‍ എസ്.എന്‍.ഡി.പി യോഗം സ്ഥാപിക്കപ്പെട്ടു. മതംമാറ്റത്തിനെതിരെ യോഗം ശക്തമായ നിലപാട് സ്വീകരിച്ചു. അന്നത്തെ ഭരണാധികാരികളുടെ പിന്നാക്ക ജനക്ഷേമത്തിലുള്ള അനാസ്ഥയെ തുറന്നുകാട്ടി. വൈക്കം സത്യഗ്രഹം പോലുള്ള സമരപരിപാടികളില്‍ പങ്കെടുത്ത് ടി.കെ. മാധവനെപ്പോലുള്ളവര്‍ ദേശീയപ്രസ്ഥാനത്തിന്റെ നേതൃനിരയിലെത്തി. മതം മാറിയാല്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മതംമാറാതെ ലഭിക്കണമെന്ന ന്യായവും, ദീര്‍ഘവീക്ഷണത്തോടു കൂടിയുള്ള പ്രവര്‍ത്തന പരിപാടികളും ഡോ. പല്‍പ്പുവും യോഗവും മുന്നോട്ട് വെച്ചു. ടി.കെ. മാധവന്‍ ഡോ. പല്‍പ്പുവിന്റെ ജീവചരിത്രത്തില്‍ എഴുതുന്നു: ”വിവേകാനന്ദസ്വാമികളുമായിട്ടുള്ള പരിചയത്തില്‍ നിന്നു, ഇന്ത്യന്‍ ജനതയെ ഉയര്‍ത്താനുള്ള വേലകളെല്ലാം മതസംബന്ധമായ അടിസ്ഥാനത്തില്‍ ഉറപ്പിച്ചുകൊണ്ടുപോകണം എന്നുള്ള അഭിപ്രായം ഡോ. പല്‍പ്പു സ്വീകരിച്ചിരുന്നു.”
സ്വാമി വിവേകാനന്ദന്‍ തന്റെ പരിവ്രാജക ജീവിതത്തില്‍ കേരളത്തിലൂടെ കടന്നുപോവുകയും ചട്ടമ്പിസ്വാമികളടക്കമുള്ള സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവരുമായി സംവാദങ്ങള്‍ നടത്തുകയും ചെയ്ത് കേരളത്തില്‍ ഉണര്‍വ്വുണ്ടാക്കി. സ്വാമിജിയുടെ അമേരിക്കന്‍ യാത്രയ്ക്ക് ഡോ.പല്‍പ്പുവും ഉത്സാഹിച്ചിട്ടുണ്ടെന്ന് ടി.കെ. മാധവന്‍ ഡോക്ടറുടെ ജീവചരിത്രത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. ഡോ. പല്‍പ്പു തന്റെ യൂറോപ്യന്‍ യാത്രാവേളയില്‍ ഹിന്ദുമതത്തെക്കുറിച്ച് അറിയണമെന്ന് ആഗ്രഹമുള്ളവരോട് സ്വാമി വിവേകാനന്ദന്റെ പ്രസംഗങ്ങള്‍, ഭഗവദ്ഗീത, ഏഷ്യയുടെ വെളിച്ചം എന്നീ ഗ്രന്ഥങ്ങളെ പറ്റിയാണ് സൂചിപ്പിക്കാറുള്ളത് എന്നും ജീവചരിത്രത്തിലുണ്ട്. ഡോ. പല്‍പ്പുവിലുള്ള വിവേകാനന്ദസ്വാമികളുടെ സ്വാധീനത്തെ ഇത് കാണിക്കുന്നു.
കേരള നവോത്ഥാനത്തിന് വേണ്ടി സ്വാമി വിവേകാനന്ദന്‍ നടത്തിയ നേരിട്ടുള്ള ഇടപെടലിനും ഡോ. പല്‍പ്പു നിമിത്തമായി. തിരുവിതാംകൂറിലെ ഈഴവരുടെ പ്രശ്‌നങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്ന് ഡോ. പല്‍പ്പു തീരുമാനിച്ചു. തീരുമാനിച്ച കാര്യം നടപ്പിലാക്കാതെ പിന്‍മാറുന്ന ആളായിരുന്നില്ല ഡോക്ടര്‍. അദ്ദേഹം ജി. പരമേശ്വരന്‍ പിള്ളയുടെ ഇംഗ്ലണ്ട് യാത്രയെ ഇതിനായി ഉപയോഗിച്ചു. വിവേകാനന്ദസ്വാമിയുടെ ശിഷ്യയായ ഭഗിനി നിവേദിതയ്ക്ക് അനേകം ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളെ പരിചയമുള്ളതിനാല്‍ സ്വാമി വിവേകാനന്ദന്‍ ജി.പി.പിള്ളയെ സഹായിക്കണമെന്ന് ഭഗിനി നിവേദിതയ്ക്ക് കത്തെഴുതി ഡോ. പല്‍പ്പുവിന് കൊടുത്തു. ആ കത്തിലെ വരികളിലൂടെ സഞ്ചരിക്കുന്നത് ചരിത്രത്തിലൂടെയുള്ള സഞ്ചാരം കൂടിയായിരിക്കും.”The gentleman, I take the liberty of introducing to you, is in England on behalf of tiyas. A plebian caste in the native state of Malabar. You will realise from this gentleman what amount of tyranny there is over these poor people, simply because of their caste.”
കേരളത്തിലെ ഭ്രാന്താലയസമാനമായ അവസ്ഥ നേരിലനുഭവിച്ച വിവേകാനന്ദസ്വാമിയുടെ എഴുത്തിന് ഫലമുണ്ടായി. ജി.പി.പിള്ള ഡോ. പല്‍പ്പു എല്‍പ്പിച്ച ദൗത്യം നല്ല രീതിയില്‍ നിറവേറ്റി. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തിരുവിതാംകൂറിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ ദുരവസ്ഥ ഉന്നയിക്കപ്പെട്ടു. ഈ വിഷയത്തില്‍ ഗത്യന്തരമില്ലാതെ തിരുവിതാംകൂറിനോട് അന്വേഷണങ്ങള്‍ നടത്തി. വിദ്യാലയ പ്രവേശനം, ഉദ്യോഗവിതരണം എന്നീ വിഷയങ്ങളില്‍ ക്രമേണയുണ്ടായ മാറ്റം വരുത്താന്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായിത്തീര്‍ന്നതിന്റെ ഒരു കാരണം ഡോ. പല്‍പ്പു വിവേകാനന്ദസ്വാമിയുടെ സഹായത്തോടെ ഭഗിനി നിവേദിത വഴി ജി.പി. പിള്ളക്ക് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളിലേക്ക് ഈ വിഷയം എത്തിക്കാന്‍ കഴിഞ്ഞതാണ്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഉയര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഉള്ള ഡോ. പല്‍പ്പുവിനെ മനസ്സിലാക്കാനും സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിവുള്ള ഹൃദയവിശാലത സ്വാമിജിക്ക് ഉണ്ടായിരുന്നു. ഇപ്രകാരം എത്രയോ വ്യക്തികളെയും സംഘടനകളെയും സ്വാമിജി സഹായിച്ചിരിക്കും, പ്രത്യക്ഷമായും പരോക്ഷമായും.
എം. ഗോവിന്ദന്‍ പത്രാധിപരായി ‘അരുവിപ്പുറം ശ്രീനാരായണ ധര്‍മ്മപരിപാലന യോഗം’ വകയായി ദ്വൈമാസികയായാണ് ‘വിവേകോദയ’ ത്തിന്റെ ആരംഭം. എസ്.എന്‍.ഡി.പി. യോഗത്തിന്റെ ആദ്യ സെക്രട്ടറി മഹാകവി കുമാരനാശാനായിരുന്നു. ‘വിവേകോദയ’ത്തിന്റെ മുന്‍പേജില്‍ കൊടുത്തിരുന്ന വാക്യം ”ഉത്തിഷ്ഠത! ജാഗ്രത! പ്രാപ്യവരാന്‍ നിബോധത!!!’ എന്നതായിരുന്നു. പിന്നാക്ക ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസം, സംഘടന, ആചാരപരിഷ്‌ക്കാരം, ആനുകാലിക സംഭവങ്ങളോടുള്ള എസ്.എന്‍.ഡി.പി. യോഗത്തിന്റെ പ്രതികരണങ്ങള്‍, നാരായണഗുരുവിന്റെ ഉദ്‌ബോധനങ്ങള്‍, പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍, വിമര്‍ശനങ്ങള്‍, കവിതകള്‍, വാര്‍ത്തകള്‍, ചരിത്രം, വരവ്-ചിലവ് കണക്കുകള്‍, അറിയിപ്പുകള്‍, യോഗം നേതാക്കളുടെ ആഹ്വാനങ്ങള്‍’ എന്നിവയ്‌ക്കൊപ്പം തന്നെ പ്രധാനമായി കൊടുത്തിരുന്നത് വിവേകാനന്ദസ്വാമികളുടെ വിവര്‍ത്തനങ്ങളാണ്. ‘Sayings of Swami Vivekananda’ (വിവേകാനന്ദസ്വാമി അവര്‍കളുടെ ഉപദേശവാക്യങ്ങള്‍) എന്ന ശീര്‍ഷകത്തിന് കീഴില്‍ ‘വിവേകോദയ’ത്തില്‍ സ്വാമിജിയുടെ സുഭാഷിതങ്ങള്‍ വിവിധ ലക്കങ്ങളായി വായനക്കാരുടെ കൈകളിലെത്തി. കേരളത്തില്‍ വിവേകാനന്ദ സാഹിത്യ പ്രചരണത്തിനായി വിവേകോദയം വലിയ പങ്കുവഹിച്ചിട്ടുണ്ട്.
സംഘടനയ്ക്ക് നല്‍കുന്ന പ്രാധാന്യം, വിദ്യയുടെ പ്രചാരം, ആദ്ധ്യാത്മിക മൂല്യബോധനം, സംസ്‌കൃത പഠനം എന്നിങ്ങനെയുള്ള അനേകം കാര്യങ്ങളില്‍ യോഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിവേകാനന്ദ ആശയങ്ങളുമായി സാമ്യമുണ്ട്. വിവേകാനന്ദ സ്വാമിയുടെയും നാരായണഗുരുവിന്റെയും പ്രവര്‍ത്തന രീതികളില്‍ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. എങ്കിലും അടിസ്ഥാനപരമായി ഇരുവരും പ്രായോഗിക വേദാന്തികള്‍ ആയിരുന്നു.
ശ്രീരാമകൃഷ്ണ ശിഷ്യനായ സ്വാമി നിര്‍മ്മലാനന്ദ ശിവഗിരി മഠം സന്ദര്‍ശിച്ച് വലിയൊരു യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിച്ചിട്ടുണ്ട്. തദവസരത്തില്‍ മഹാകവി കുമാരനാശാന്‍ നിര്‍മ്മലാനന്ദസ്വാമിക്ക് സംസ്‌കൃതത്തിലുള്ള മംഗളപത്രം സമര്‍പ്പിക്കുകയും ചെയ്തു. ‘സ്വാഗതം യതിശാര്‍ദൂല’ എന്നു തുടങ്ങുന്ന മംഗളപത്രം കുമാരനാശന്റെ ശ്രീരാമകൃഷ്ണ-വിവേകാനന്ദ ദര്‍ശനവുമായുള്ള സാമീപ്യത്തെ വിളിച്ചോതുന്നു. ആഗമാനന്ദസ്വാമിയ്ക്ക് നാരായണഗുരുവുമായും ശ്രീനാരായണപ്രസ്ഥാനവുമായും നല്ല അടുപ്പം ഉണ്ടായിരുന്നു. നാരായണഗുരുവും ആഗമാനന്ദസ്വാമിയുമായുള്ള സംഭാഷണങ്ങള്‍ അത്യന്തം ചിന്തോദ്ദീപനങ്ങളാണ്. നിര്‍മ്മലാനന്ദസ്വാമി ആരംഭിച്ച ‘പ്രബുദ്ധ കേരള’വും ത്യാഗീശാനന്ദ സ്വാമിയുടെ ഉത്സാഹത്തില്‍ അപ്പന്‍ തമ്പുരാന്‍ പത്രാധിപരായി തൃശൂര്‍ വിലങ്ങന്‍ ആശ്രമത്തില്‍ (ഇന്നത്തെ പുറനാട്ടുകര ശ്രീരാമകൃഷ്ണമഠം) നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘പ്രബുദ്ധ ഭാരതവും’ കാലടി ആശ്രമത്തില്‍ നിന്നും ആഗമാനന്ദസ്വാമിയുടെ പത്രാധിപത്യത്തില്‍ ഇറങ്ങിയിരുന്ന ‘അമൃതവാണി’യും പോലെതന്നെ വിവേകാനന്ദവാണികളെ മലയാളത്തില്‍ പ്രചരിപ്പിക്കാന്‍ ‘വിവേകോദയം’ പ്രമുഖ പങ്ക് വഹിച്ചിട്ടുണ്ട്.
എസ്.എന്‍.ഡി.പി. യോഗസ്ഥാപനവുമായി ബന്ധപ്പെട്ടുള്ള നിബന്ധനകളും വിവരണങ്ങളും എന്ന നിയമാവലിക്ക് കുമാരനാശന്‍ എഴുതിയ മുഖവുരയില്‍ അദ്ദേഹം സാമൂഹിക പരിഷ്‌ക്കരണത്തെ കുറിച്ചുള്ള യോഗത്തിന്റെ നിഗമനങ്ങള്‍ മുന്നോട്ടുവെക്കുന്നതില്‍ ഭഗവദ്ഗീതയിലെ ശ്ലോകവും വിവേകാനന്ദസ്വാമിയുടെ വാക്കുകളും ഉണ്ട്. കുമാരനാശന്‍ എഴുതുന്നു: ”ഇന്ത്യയെ ഉയര്‍ത്തുകയോ, താഴ്ത്തുകയോ ചെയ്യണമെങ്കില്‍ മതമാകുന്ന അതിന്റെ കൈപ്പിടിയില്‍ തൂക്കിയിട്ടു തന്നെ വേണം’ എന്നു വന്ദ്യനായ വിവേകാനന്ദസ്വാമി അവര്‍കള്‍ മദ്രാസ്സില്‍ വെച്ചു ഒരിക്കല്‍ ഒരു വാചാപ്രസംഗത്തില്‍ പ്രസ്താവിച്ചിരുന്നു.”
റഫറന്‍സ്:
1. ഡോ.പല്‍പ്പു-ടി.കെ.മാധവന്‍- പൂര്‍ണ്ണ വര്‍ക്കല.
2. ഗുരുദേവന്‍-എം.കെ. ശ്രീധരന്‍ & സ്വാമി ശ്രീധരന്‍-സിസോ ബുക്‌സ്.
3. പാലക്കാട് വിവേകാനന്ദ ദാര്‍ശനിക സമാജം 2013 സ്മരണികയിലെ വേലായുധന്‍ പണിക്കശ്ശേരിയുടെ ലേഖനം.
4. സ്വാമി വിവേകാനന്ദനും കേരളവും-രാജീവ് ഇരിങ്ങാലക്കുട-കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.