അറുനൂറിലധികം കോവിഡ് -19 കേസുകള്‍ ഉണ്ടാക്കിയ തബ്‌ലീഗ് ജമാഅത്തിന്റെ കൂടിച്ചേരല്‍ ഈ വൈറസ് വ്യാപനത്തിന്റെ ദക്ഷിണേഷ്യയിലെ ഏറ്റവും അറിയപ്പെടുന്ന കേന്ദ്രമായി മാറി. 2020 ഫെബ്രുവരി 27നും മാര്‍ച്ച്1 നുമിടയില്‍ മലേഷ്യയിലെ കോലാലംപൂരിലുള്ള ശിരി പെറ്റലിംഗ് പള്ളിയില്‍ വെച്ച് ഈ സംഘടന ഒരു അന്താരാഷ്ട്ര മതസമ്മേളനം സംഘടിപ്പിച്ചു. മലേഷ്യയില്‍ മാര്‍ച്ച് 17നകം പോസിറ്റീവ് ഫലം ലഭിച്ച 673 കേസുകളില്‍ മൂന്നില്‍ രണ്ടു ഭാഗവും ഈ സമ്മേളനത്തിന്റെ ഫലമാണ്. ബ്രൂണെയിലെ അധികം കേസുകളും ഇവിടെ നിന്ന് കിട്ടിയതാണെന്നുമാത്രമല്ല സിംഗപ്പൂര്‍, തായ്‌ലാന്റ്, കംബോഡിയ തുടങ്ങിയ മറ്റു രാജ്യങ്ങളും അവര്‍ക്കു ലഭിച്ച കേസുകളുടെ ഉറവിടം ഇതാണെന്നു കണ്ടെത്തി. വൈറസ് വ്യാപനത്തിനു ശേഷവും മാര്‍ച്ച് 18ന് ഇന്തോനേഷ്യയിലെ സൗത്ത് സുലവേശി മക്കാസറിനടുത്തുള്ള ഗോവാ റീജന്‍സിയില്‍ വെച്ച് തബ്‌ലീഗ് ജമാഅത്ത് രണ്ടാമത്തെ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു.
ഇതിനുശേഷം പാകിസ്ഥാനിലെ ലാഹോറില്‍ ഒന്നരലക്ഷം പേര്‍ പങ്കെടുത്ത ഒരു സമ്മേളനം സംഘടിപ്പിച്ചു. അധികൃതരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് സമ്മേളനം വേണ്ടെന്നു വെച്ചെങ്കിലും അപ്പോഴേക്കും പ്രതിനിധികള്‍ വരികയും ഒത്തുകൂടുകയും ചെയ്തു. അവര്‍ തിരിച്ചുപോയെങ്കിലും ഗാസാ മുനമ്പിലെ രണ്ടു കേസ് ഉള്‍പ്പെടെ വൈറസും അവരോടൊപ്പം പോയി.
ദില്ലി നിസാമുദ്ദീന്‍ ഘടകത്തിന്റെ മതസമ്മേളനം നിസാമുദ്ദീന്‍ വെസ്റ്റില്‍ വെച്ചാണ് നടന്നത്. 21 വരെയുള്ള മാര്‍ച്ചിലെ എല്ലാ ആഴ്ചകളിലും ഇത്തരം സമ്മേളനം ഉണ്ടായിരുന്നു. മാര്‍ച്ച് 31 ആകുമ്പോഴേക്കും രോഗലക്ഷണം കാണിച്ച 300 പ്രതിനിധികളില്‍ 24 പേരുടെ കേസും പോസിറ്റീവായി. ഇന്തോനേഷ്യയില്‍ നിന്നു വന്ന പ്രഭാഷകരാണ് പകര്‍ച്ചവ്യാധിയുടെ ഉറവിടം എന്നാണ് കരുതപ്പെടുന്നത്. ഇതെഴുതുന്നതുവരെ 389 പോസീറ്റിവ് കൊറോണ കേസുകള്‍ സൃഷ്ടിച്ചുകൊണ്ട് തബ്‌ലീഗ് ജമാഅത്ത് സമ്മേളനം ഇന്ത്യയിലെ ഏറ്റവും വലിയ കൊറോണ വൈറസ് പ്രഭവകേന്ദ്രങ്ങളിലൊന്നായി മാറി.
പ്രബോധന സംഘം എന്നര്‍ത്ഥമുള്ള തബ്‌ലീഗ് ജമാഅത്ത് ഇസ്‌ലാമിക പ്രവാചകനായ മുഹമ്മദിന്റെ കാലത്തെ രീതിയില്‍ പ്രത്യേകിച്ച് ആചാരം, വസ്ത്രധാരണം, പെരുമാറ്റം എന്നിവയില്‍ അവരുടെ മതത്തെ പിന്തുടരുന്നതിലേക്ക് മടങ്ങാന്‍ മുസ്ലീങ്ങളെ ആഹ്വാനം ചെയ്യുന്ന ഒരു ഇസ്‌ലാമിക മിഷനറി പ്രസ്ഥാനമാണ്. 150നും 250നും ഇടയില്‍ ദശലക്ഷം അനുയായികളുണ്ടെന്നു കരുതപ്പെടുന്ന ഈ പ്രസ്ഥാനത്തിലെ ഭൂരിഭാഗം പേരും ദക്ഷിണേഷ്യയില്‍ ജീവിക്കുന്നവരാണെങ്കിലും 180നും 200നും ഇടയില്‍ രാജ്യങ്ങളില്‍ ഇവരുടെ സാന്നിദ്ധ്യമുണ്ട്.
ദേവബന്ദി പ്രസ്ഥാനത്തിന്റെ ഒരു പോഷകസംഘടനയായും ഇസ്‌ലാം മതത്തിന്റെ ആശയങ്ങളോടും സദാചാരമൂല്യങ്ങളോടുമുള്ള അവഗണനക്കുള്ള പ്രതികരണമായും 1927ല്‍ ഇന്ത്യയിലെ മേവാട് മേഖലയിലെ മുഹമ്മദ് ഇല്യാസ് അല്‍-ഖാണ്ഡ്‌ലവി സ്ഥാപിച്ചതാണ് ഈ സംഘടന. തബ്‌ലീഗ് ജമാഅത്തിന്റെ ആശയങ്ങള്‍ ”ആറ് തത്വ” ങ്ങളില്‍ അവതരിപ്പിക്കുന്നു. കലിമ (വിശ്വാസ പ്രഖ്യാപനം), സല (പ്രാര്‍ത്ഥന), ഇലം-ഒ-സിക്ര് (അറിവ്), ഇക്രം-ഇ-മുസ്ലീം (മുസ്ലീമിനെ ബഹുമാനിക്കല്‍) ഇഖ്‌ലാസ് – ഇ- നിയാത്ത് (ഉദ്ദേശ്യത്തിന്റെ ആത്മാര്‍ത്ഥത), ദവാത്-ഒ-തബ്ലീഗ് (മതംമാറ്റം) എന്നിവയാണ് ഈ ആറു തത്വങ്ങള്‍. മതം മാറ്റത്തിന്റെ ഉപാധിയായി സംഘര്‍ഷത്തെ അത് നിരാകരിക്കുന്നു. പക്ഷെ നിരവധി രാജ്യങ്ങളില്‍ ഇസ്‌ലാമിക ഭീകരപ്രസ്ഥാനങ്ങളെ വളര്‍ത്തിയെടുക്കുന്നതിനുള്ള വിളനിലമായി അത് മാറിയിട്ടുണ്ട്.
തബ്‌ലീഗ് ജമാഅത്തിന്റെ സ്ഥാപകനായ മുഹമ്മദ് ഇല്യാസ് തന്റെ അധ്യാപകനായ റഷീദ് അഹമ്മദ് ഗാംഗോഹി ചെയ്യുന്നതുപോലെ ഖുറാന്‍ അനുസരിച്ച് നന്മയോട് ചേരുകയും തിന്മയെ ത്യജിക്കുകയും ചെയ്യുന്നവരുടെ ഒരു പ്രസ്ഥാനം ഉണ്ടാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. 1926ല്‍ മെക്കയിലേക്ക് നടത്തിയ രണ്ടാമത്തെ യാത്രയിലാണ് ഇതിനുള്ള പ്രചോദനം അയാള്‍ക്ക് ലഭിച്ചത്. വലിയ പാണ്ഡിത്യമോ സംസാരിക്കാനുള്ള കഴിവോ വ്യക്തിത്വമോ ഇല്ലായിരുന്നെങ്കിലും ലക്ഷ്യത്തില്‍ അയാള്‍ ഉറച്ചുനിന്നു. തുടക്കത്തില്‍ പള്ളികള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള മതപഠനകേന്ദ്രങ്ങളിലൂടെ മേവാതി മുസ്ലീങ്ങളെ ഇസ്‌ലാമിക ആചാരങ്ങളെയും വിശ്വാസങ്ങളെയും കുറിച്ചു പഠിപ്പിക്കാനാണ് അയാള്‍ ശ്രമിച്ചത്. അധികം കഴിയും മുമ്പ് ഈ സ്ഥാപനങ്ങള്‍ മതപ്രചാരകരെയല്ല, മതാചാരങ്ങള്‍ അനുഷ്ഠിക്കുന്നവരെയാണ് സൃഷ്ടിക്കുന്നതു എന്നുകണ്ട് അയാള്‍ നിരാശനായി.
മുഹമ്മദ് ഇല്യാസ് സഹരന്‍പൂരിലുള്ള മദ്രസ മസഹിര്‍ ഉലൂമിലെ അദ്ധ്യാപക ജോലി ഉപേക്ഷിച്ച് ഒരു മതപ്രചാരകനായിത്തീര്‍ന്നു. 1926ലോ 27 ലോ ഈ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച് ദില്ലിക്കടുത്തുള്ള നിസാമുദ്ദീനിലേക്ക് അയാള്‍ പ്രവര്‍ത്തനകേന്ദ്രം മാറ്റി. ”മുസ്ലീങ്ങളേ, ശരിയായ മുസ്ലീങ്ങളാകൂ” എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചു. ചുരുങ്ങിയ കാലംകൊണ്ട് ധാരാളം പേര്‍ ഇതിലേക്ക് ആകൃഷ്ടരാവുകയും 1941 നവംബറില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ 25000 ത്തോളം പേര്‍ പങ്കെടുക്കുകയും ചെയ്തു. പ്രസ്ഥാനത്തിന് ഒരു പേര് അതുവരെ നല്‍കിയിരുന്നില്ല. തഹ്‌റിക് -ഇ ഇമാന്‍ എന്നാണ് ഇല്യാസ് ഇതിനെ വിളിച്ചത്.
തബ്‌ലീഗ് ജമാഅത്ത് തുടങ്ങിയ ദില്ലിക്കടുത്തുള്ള മേവത് മേഖലയില്‍ ജീവിച്ചിരുന്ന മിയോസ് എന്ന രജപുത്ര ഗോത്ര വംശം ഇസ്‌ലാമിലേക്ക് മതം മാറ്റപ്പെടുകയും പിന്നീട് മുസ്ലീം ഭരണത്തിന്റെ ശക്തി കുറഞ്ഞപ്പോള്‍ ഹിന്ദുമതത്തിലേക്ക് പരാവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തിരുന്നു. തബ്‌ലീഗ് വരുന്നതിനു മുമ്പ് ഹിന്ദുക്കള്‍ക്ക് ഈ മേഖലയിലുണ്ടായിരുന്ന സാംസ്‌കാരികവും മതപരവുമായ സ്വാധീനമാണ് ഇതിനിടയാക്കിയത്.
തബ്‌ലീഗിന്റെ യാഥാസ്ഥിതിക സ്വഭാവത്തെ പലരും വിമര്‍ശിച്ചിരുന്നു. പ്രസ്ഥാനത്തിലെ സ്ത്രീകള്‍ പൂര്‍ണ്ണമായും ഹിജാബ് ധരിക്കേണ്ടിയിരുന്നു. ഇസ്‌ലാമിക സമൂഹത്തില്‍ നിന്നും അവര്‍ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അവര്‍ക്ക് ഏറ്റവും എതിര്‍പ്പ് നേരിട്ടത് ബറല്‍വി പ്രസ്ഥാനത്തില്‍ നിന്നാണ്. തബ്‌ലീകിനെതിരായ വലിയ വിമര്‍ശനം പുരുഷന്മാര്‍ അവരുടെ കുടുംബങ്ങളെ അവഗണിക്കുന്നതിനെ സംബന്ധിച്ചായിരുന്നു – പ്രത്യേകിച്ച് അവരുടെ ‘ദാവ’ യാത്രകളില്‍. അവരുടെ നിഷ്പക്ഷ രാഷ്ട്രീയ നിലപാടിനെ പലരും പ്രത്യേകിച്ച് ഹിസ്ബുത് താഹിറും ജമാഅത്തെ ഇസ്‌ലാമിയും വിമര്‍ശിച്ചിരുന്നു.
ഫ്രഞ്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ മതമൗലികവാദത്തിന്റെ പ്രവേശനകവാടം എന്നു വിശേഷിപ്പിക്കുന്ന തരത്തില്‍ ഫ്രാന്‍സിലെ ഇസ്‌ലാമിക തീവ്രവാദികളുടെ 80 ശതമാനവും തബ്‌ലീഗ് അണികളില്‍ നിന്നാണു വരുന്നത്. ഫ്രാന്‍സിലെ തബ്‌ലീഗ് അംഗങ്ങളില്‍ അമേരിക്കയിലെ സപ്തംബര്‍ 11-ന്റെ അക്രമണത്തിലെ അവിടെ നിന്നുളള ഒരേയൊരു കുറ്റവാളിയായ സക്കറിയാസ് മൗസോയി, അഫ്ഗാനിസ്ഥാനിലെ തോറ ബോറയില്‍ 2001ല്‍ നടന്ന അമേരിക്കന്‍ ബോംബാക്രമണത്തില്‍ ഓടി രക്ഷപ്പെടുന്നതിനിടയില്‍ കൊല്ലപ്പെട്ട ഫ്രഞ്ച് യുവാവ് ഹെര്‍വെ ജാമല്‍ ലോയ്‌സ്യു, 2005ല്‍ പാരീസിലെ അമേരിക്കന്‍ എംബസി തകര്‍ക്കാനുള്ള പദ്ധതി തയ്യാറാക്കിയ അല്‍ഖ്വയ്ദ അംഗവും അള്‍ജീരിയയില്‍ ജനിച്ച ഫ്രഞ്ചുകാരനുമായ ജാമല്‍ ബേഗല്‍ എന്നിവര്‍ ഇവരില്‍ ഉള്‍പ്പെടുന്നു. 2008 ജനുവരിയില്‍ സ്‌പെയിനിലെ ബാര്‍സലോണയില്‍ തകര്‍ക്കപ്പെട്ട ബോംബാക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട റെയ്ഡില്‍ അറസ്റ്റ് ചെയ്യപ്പെടുകയും ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ പിടിച്ചെടുക്കപ്പെടുകയും ചെയ്ത പതിനാലു പേരും തബ്‌ലീഗ് അംഗങ്ങളാണെന്ന് നഗരത്തിലെ ഒരു മുസ്ലീം നേതാവു പറഞ്ഞതായി മാധ്യമ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പോര്‍ട്ട്‌ലാന്റ് സെവന്‍, ലാഖ്‌വാനസിക്‌സ്, 2006ലെ ട്രാന്‍സ് അറ്റ്‌ലാന്റിക വിമാന ആക്രമണ പദ്ധതി, 7/7ലെ ലണ്ടന്‍ ഭീകരാക്രമണം, 2007ലെ ലണ്ടന്‍ കാര്‍ബോംബ് സ്‌ഫോടനം, 2007ലെ ഗ്ലാസ്‌ഗോ അന്താരാഷ്ട്ര വിമാനത്താവള ആക്രമണം എന്നിവ തബ്‌ലീഗ് അംഗങ്ങള്‍ ഉള്‍പ്പെട്ട മറ്റ് ഭീകരാക്രമണ പദ്ധതികളാണ്.
”അമേരിക്കയില്‍ ഞങ്ങള്‍ക്ക് തബ്‌ലീഗ് ജമാഅത്തിന്റെ കൃത്യമായ സാന്നിദ്ധ്യമുണ്ടെന്നും അല്‍ഖ്വയ്ദ അവരെ അണികളെ തിരഞ്ഞെടുക്കുന്നതിന് ഉപയോഗിക്കുന്നുണ്ടെന്നും” അസിസ്റ്റന്റ് എഫ്ബിഐ ഡയരക്ടര്‍ മിഷേല്‍ ഹെംബാക് പറഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലെ രാഷ്ട്രീയത്തില്‍ തബ്‌ലീഗ് അംഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു മാത്രമല്ല, പാശ്ചാത്യരാജ്യങ്ങളില്‍ മതത്തിന്റെ ഭീകരവാദപരവും സൈനികവുമായ വ്യാഖ്യാനത്തിനുള്ള വഴിയില്‍ ഏതാനും ചെറുപ്പക്കാര്‍ അവരുടെ സംഘത്തിലൂടെ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.
പാകിസ്ഥാനിലെ പ്രസിഡന്റ് നവാസ് ഷരീഫ് (അദ്ദേഹത്തിന്റെ പിതാവ് തബ്‌ലീഗിന്റെ പ്രധാന അംഗവും സാമ്പത്തിക സഹായിയുമായിരുന്നു) തബ്‌ലീഗ് അംഗങ്ങളെ രാഷ്ട്രീയത്തിലെ പ്രധാന സ്ഥാനങ്ങള്‍ നേടാന്‍ സഹായിച്ചിരുന്നു. ഉദാഹരണത്തിന്, 1998ല്‍ തബ്‌ലീഗ് അനുഭാവിയായ മുഹമ്മദ് റഫീഖ് തരാറിന് ആചാരപരമായ പ്രസിഡന്റ് സ്ഥാനവും 1990ല്‍ ലഫ്റ്റനന്റ് ജനറല്‍ ജാവേദ് നസീറിന് പാകിസ്ഥാന്‍ രഹസ്യാന്വേഷണ സംഘടനയായ ഇന്റര്‍ സര്‍വ്വീസ് ഇന്റലിജന്‍സിന്റെ (ഐ.എസ്.ഐ) ഡയരക്ടര്‍ ജനറല്‍ സ്ഥാനവും ലഭിച്ചിരുന്നു. 1995ല്‍ ഇസ്‌ലാമിക മൗലിക വാദത്തോട് അത്ര അനുഭാവമില്ലാതിരുന്ന ബേനസീര്‍ ഭൂട്ടോവിനു ശേഷം തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളും അവരില്‍ ചിലര്‍ അംഗങ്ങളായ, അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റ് ഭീകരസംഘടനയായി അംഗീകരിച്ചിട്ടുള്ള ഹര്‍ക്കത്ത് – ഉല്‍ – മുജാഹീനും നിരവധി ഡസന്‍ ഉന്നത സൈനികോദ്യോഗസ്ഥരും പൗരന്മാരും ഉള്‍പ്പെട്ട ഒരു അട്ടിമറിയെ പാകിസ്ഥാന്‍ സൈന്യം തകര്‍ത്തിരുന്നു. 2016 ജനുവരിയില്‍ ”തബ്‌ലീഗ് ജമാഅത്തിന്റെ പേരില്‍ ആദ്യമായി പാകിസ്ഥാനില്‍ ചില നിയന്ത്രണങ്ങള്‍ വന്നശേഷം” പഞ്ചാബ് സര്‍ക്കാര്‍ യൂനിവേഴ്‌സിറ്റി ക്യാമ്പസ്സുകളിലും ഹോസ്റ്റലുകളിലും തബ്‌ലീഗ് ജമാഅത്ത് ആശയപ്രചരണം നടത്തുന്നത് നിരോധിച്ചിരുന്നു.