ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട കുരുന്നുകള്‍ ക്രൂരമായി കൊല ചെയ്യപ്പെടുന്നുവെന്ന അവസാനിക്കാത്ത വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. സ്വന്തം കാമപൂര്‍ത്തിക്ക് വേണ്ടി മാംസ കഷ്ണങ്ങള്‍ മാത്രമായി കുഞ്ഞുങ്ങളെ കാണുന്ന കാപാലികര്‍ മുതല്‍ സ്വന്തം കാമപൂര്‍ത്തിക്ക് തടസ്സമായി കുഞ്ഞുങ്ങളെ കാണുന്ന പെറ്റമ്മമാര്‍ വരെ ഇത്തരം ക്രൂരകൃത്യങ്ങളില്‍ പ്രതികളാകുന്നു. ഇത്തരത്തില്‍ മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ അയല്‍ക്കാരുടെയോ കുടുംബ സുഹൃത്തുക്കളുടെയോ കണ്ണിലെ കരടായോ കാമമായോ മര്‍ദ്ദനത്തിനും പീഡനത്തിനും ഇരകളായി പ്രതികരിക്കാന്‍ അറിയാതെ,പരാതി പറയാന്‍ കഴിയാതെ നിസ്സഹായരായി ഭയന്ന് ജീവിക്കേണ്ടിവരുന്ന നൂറുകണക്കിന് കുരുന്നുകള്‍ ഉണ്ടാവുമെന്ന് പുറത്തു വരുന്ന കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി വിലയിരുത്തിയാല്‍ മനസ്സിലാകും. തിരിച്ചറിവുപോലുമാകാത്ത, ആരോടും വിദ്വേഷമോ വൈരാഗ്യമോ കാണിക്കാന്‍ അറിയാത്ത, കളങ്കമില്ലാത്ത മനസ്സുമായി കളിച്ചും ചിരിച്ചും നടക്കുന്ന ഈ കുരുന്നുകള്‍ എന്തപരാധം ചെയ്തിട്ടാണ് ഇത്ര വലിയ ക്രൂരതയ്ക്ക് വിധേയരാകുന്നത്, ഈ ഭൂമിയില്‍ ജീവിക്കുവാനുള്ള അവകാശം നിഷേധിക്കപ്പെടുന്നത്. വിടരുംമുന്നേ തല്ലിക്കൊഴിച്ചു കളഞ്ഞ ഈ മൊട്ടുകള്‍ എത്രമാത്രം സുഗന്ധവും സൗന്ദര്യവും നല്‍കാന്‍ കഴിയുന്നതായിരുന്നെന്ന് ഈശ്വരന് മാത്രമേ തിട്ടമുള്ളൂ.വാത്സല്യവും ലാളനയും ഏറ്റുവാങ്ങേണ്ട പ്രായത്തില്‍ മറ്റാരുടെയെങ്കിലും സുഖത്തിനും സന്തോഷത്തിനും വേണ്ടി മര്‍ദ്ദനവും പീഡനവും ഏറ്റു വാ തുറക്കാനാകാതെ, പരാതി പറയാന്‍ കഴിയാതെ മരണത്തിനു കീഴടങ്ങിയ അനേകം കുരുന്നുകളുടെ വേദനയും കണ്ണീരും പേറുന്നുണ്ട് സാക്ഷര സുന്ദര കേരളം എന്ന് നാം തിരിച്ചറിയണം.
കാമുകനോടൊപ്പം ജീവിക്കുന്നതിനു നൊന്ത് പ്രസവിച്ച മകന്‍ തടസ്സമാകുമെന്ന് കരുതി ആ ഒന്നര വയസ്സുകാരനെ കടല്‍ക്കരയിലെ കരിങ്കല്‍ ഭിത്തിയില്‍ മരണം സംഭവിക്കുന്നതുവരെ ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ തുടരെത്തുടരെ വലിച്ചെറിഞ്ഞ ശരണ്യ എന്ന സ്ത്രീയുടെയും സ്വന്തം അമ്മയുടെ കാമ പ്രേമ മോഹങ്ങള്‍ക്കു വേണ്ടി ക്രൂരമായി കൊലചെയ്യപ്പെട്ട വിയാന്‍ എന്ന കുഞ്ഞിന്റെയും വാര്‍ത്തകേട്ട് ഇനിയും മനസ്സാക്ഷി മരവിക്കാതെ അവശേഷിച്ചിട്ടുള്ള മലയാളികള്‍ ഞെട്ടി വിറങ്ങലിച്ചു പോയി. കണ്ണൂര്‍ തയ്യല്‍ കടപ്പുറത്ത് പ്രണവിന്റെയും ശരണ്യയുടെയും മകനായിരുന്നു വിയാന്‍. ഭര്‍ത്താവ് പ്രണവുമായി അകന്നു കഴിയുകയായിരുന്ന ശരണ്യ നിതിന്‍ എന്ന ചെറുപ്പക്കാരനുമായി അടുപ്പത്തിലായി. മകനെ ഒഴിവാക്കിയാല്‍ വിവാഹം കഴിക്കാമെന്ന കാമുകന്റെ വാഗ്ദാനത്തിനു മുന്നില്‍ ശരണ്യയുടെ മാതൃത്വം കാമപ്രേമ മോഹങ്ങള്‍ക്ക് വഴിമാറി. കാമുകനുമൊത്തുള്ള ജീവിതത്തിന് ശരണ്യയുടെ മുന്നിലുള്ള തടസ്സങ്ങള്‍ ഭര്‍ത്താവ് പ്രണവും കുഞ്ഞ് വിയാനുമായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തി ആ കുറ്റം ഭര്‍ത്താവില്‍ ആരോപിച്ച് രണ്ടു തടസ്സങ്ങളും ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ ശരണ്യ പദ്ധതിയിട്ടു. അങ്ങനെ കൃത്യം നടത്താന്‍ നിശ്ചയിച്ചതിന്റെ തലേദിവസം അകന്നുകഴിഞ്ഞിരുന്ന ഭര്‍ത്താവ് പ്രണവിനെ വിളിച്ചുവരുത്തി കൂടെ താമസിപ്പിച്ചു, പിറ്റേദിവസം രാവിലെ കുഞ്ഞിനെയെടുത്ത് കടല്‍ക്കരയില്‍ എത്തുകയും കൃത്യം നിര്‍വ്വഹിച്ചു തിരിച്ചുവന്നു കിടന്നുറങ്ങുകയും ചെയ്ത ശരണ്യ പുലര്‍ച്ചെ കുഞ്ഞിനെ കാണുന്നില്ലെന്ന് മുറവിളികൂട്ടി. വിയാന്റെ മൃതദേഹം കണ്ടെത്തിയതോടെ സ്വാഭാവികമായും തലേദിവസം താമസിക്കാനെത്തിയ അച്ഛന്‍ പ്രണവിനു നേരെ സംശയമുയര്‍ന്നു. പിന്നീടുള്ള പോലീസിന്റെ ചോദ്യംചെയ്യലിലാണ് കാര്യങ്ങള്‍ വ്യക്തമായതും ശരണ്യ അറസ്റ്റിലാകുന്നതും. ഉറക്കത്തില്‍ നിന്നും വാരിയെടുത്തപ്പോള്‍ കൊല്ലാന്‍ കൊണ്ടുപോകുകയാണെന്നറിയാതെ ആ കുഞ്ഞ് അമര്‍ന്നുകിടന്നത് ആ സ്ത്രീയുടെ നെഞ്ചിലാണ്, കടല്‍ക്കാറ്റുകൊണ്ട് കുളിര്‍ന്നപ്പോള്‍ പെറ്റമ്മയുടെ നെഞ്ചിലെ ചൂട് പറ്റാന്‍ ഒന്നുകൂടെ അമര്‍ന്നു കിടന്നു കാണും ആ പാവം. ആ സമയത്തൊന്നും ശരണ്യയുടെ മാതൃത്വം ഉണര്‍ന്നില്ല. ഒന്നും അറിയാതെ നെഞ്ചില്‍ പറ്റിക്കിടന്നുറങ്ങിയ കുഞ്ഞിനെ വലിച്ചുപറിച്ച് പാറക്കൂട്ടത്തിലേക്കെറിഞ്ഞു വീണ്ടും വീണ്ടും.
അച്ഛനും രണ്ടാനമ്മയും കാലങ്ങളോളം പീഡിപ്പിച്ചും മര്‍ദ്ദിച്ചും പട്ടിണിക്കിട്ടും അവസാനം മരണത്തിനു കീഴടങ്ങിയ ആറുവയസ്സുകാരിയാണ് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി തട്ടേക്കാട് ഇല്ലത്തെ അതിഥി. എസ്. നമ്പൂതിരി. അച്ഛന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെയും രണ്ടാനമ്മ റംല ബീഗത്തിന്റെയും കാലങ്ങളോളം നീണ്ട ശാരീരിക പീഡനത്തിനൊടുവില്‍ 2013 ഏപ്രില്‍ 29നാണ് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു അതിഥി മരണത്തിനു കീഴടങ്ങിയത്. ആഴ്ചകളോളം പട്ടിണിക്കിടുകയും സ്വന്തം അച്ഛന്റെ തൊഴിയേറ്റ് പല്ലു മുഴുവന്‍ ഇളകിപ്പോവുകയും രണ്ടാനമ്മ അരയ്ക്കു കീഴെ ചൂടുവെള്ളത്തില്‍ മുക്കി പൊള്ളിക്കുകയും ചെയ്ത ആ കുരുന്ന് ആശുപത്രിയില്‍ എത്തും മുന്നേ മരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ കഴുത്ത് ഞെരിച്ചതായും നഖം കൊണ്ട് ദേഹം മുഴുവന്‍ മുറിവേല്‍പ്പിച്ചതായും ജനനേന്ദ്രിയം ഉള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ പൊള്ളിച്ചതായും പറയുന്നു. മനുഷ്യശരീരം വെട്ടിപ്പൊളിച്ചു പോസ്റ്റ്‌മോര്‍ട്ടം നടത്തി മനസ്സ് മരവിച്ചു പോയ ഡോക്ടര്‍മാര്‍ പോലും അതിഥിയുടെ പോസ്റ്റുമോര്‍ട്ട സമയത്ത് പൊട്ടിക്കരഞ്ഞുപോയി. ആ കുഞ്ഞു ആമാശയത്തില്‍ ഒരാഴ്ച മുന്നേ കഴിച്ച മാങ്ങയുടെ അവശിഷ്ടങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് കണ്ണുനനഞ്ഞു കൊണ്ടാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. സ്വന്തം അച്ഛനും രണ്ടാനമ്മയും പട്ടിണിക്കിട്ടപ്പോള്‍ സഹോദരന്‍ അടുത്ത പറമ്പിലെ മാവിന്‍ ചുവട്ടില്‍ നിന്നും പെറുക്കി നല്‍കിയ ഒരു പച്ചമാങ്ങ മാത്രമായിരുന്നു ആ കുഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ കഴിച്ചതെന്നറിഞ്ഞപ്പോള്‍ ഈ ക്രൂരതയൊന്നുമറിയാതെ നാലുനേരം മൃഷ്ടാന്ന മുണ്ട് ജീവിച്ച നാട്ടുകാരും ബന്ധുക്കളും അന്തിച്ചുനിന്നു. ആ ഇളം കഴുത്തു ഞെരിച്ചും പല്ല് അടിച്ചു കൊഴിച്ചും ദേഹമാസകലം പൊള്ളിച്ചും നഖംകൊണ്ട് മുറിവേല്‍പ്പിച്ചും ശകാരിച്ചും അസഭ്യം പറഞ്ഞു പട്ടിണിക്കിട്ടും ഒരു മനുഷ്യന്‍ ഈ ലോകത്ത് നേരിട്ടേക്കാവുന്ന എല്ലാ വേദനകളും ഇളം പ്രായത്തില്‍ തന്നെ അനുഭവിച്ചു അവസാനം അതിഥി വേദനമാത്രം സമ്മാനിച്ച ലോകത്തുനിന്നും വിടപറഞ്ഞു. എന്ത് അപരാധമാണ് ആ ആറുവയസ്സുകാരി ഈ ലോകത്തോട് ചെയ്തത്?
കാമുകനൊപ്പം ജീവിക്കാന്‍ മൂന്നര വയസ്സുകാരി മകള്‍ അടക്കമുള്ള കുടുംബത്തെ വകവരുത്താന്‍ കാമുകന് ഒത്താശ ചെയ്ത അനുശാന്തി എന്ന സ്ത്രീയുടെ ക്രൂരതയാണ് കുപ്രസിദ്ധമായ ആറ്റിങ്ങല്‍ ഇരട്ട കൊലപാതകം പറയുന്നത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരും സഹപ്രവര്‍ത്തകരുമായ നിനോമാത്യുവും അനുശാന്തിയുമാണ് ഈ കേസിലെ ഒന്നും രണ്ടും പ്രതികള്‍. ആറ്റിങ്ങല്‍ ആലംകോട് മണ്ണൂര്‍ ഭാഗം തുഷാരത്തില്‍ ലിജീഷിന്റെ ഭാര്യയായിരുന്നു അനുശാന്തി. നിനോമാത്യു വിവാഹിതനാണ്. സഹപ്രവര്‍ത്തകര്‍ തമ്മില്‍ പ്രണയത്തിലാവുകയും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. ആ തീരുമാനത്തിനു തടസ്സമായ അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിനെയും മകള്‍ സ്വാസികയെയും ഇല്ലാതാക്കാന്‍ ഇരുവരും പദ്ധതിയിടുന്നു. വീട്ടിലേക്കുള്ള വഴി, കുടുംബാംഗങ്ങളുടെ ചിത്രങ്ങള്‍ എന്നിവയെല്ലാം നിനോമാത്യുവിന് കൈമാറി സ്വന്തം മകളെയും ഭര്‍ത്താവിനെയും ഇല്ലാതാക്കാന്‍ കാമുകന് വഴിയൊരുക്കി അനുശാന്തി. അങ്ങനെ അനുശാന്തി യുടെ സഹായത്തോടെ നിനോമാത്യുസ്വാസികയെയും വീട്ടിലുണ്ടായിരുന്ന മുത്തശ്ശി ഓമനയെയും ബേസ്‌ബോള്‍ സ്റ്റിക്കുകൊണ്ട് തലക്കടിച്ചു ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. മൂന്നര വയസ്സുകാരി സ്വാസികയെ ഒക്കത്തിരുത്തി ഓമനിക്കുമ്പോഴാണ് ഓമനയെ തലക്കടിച്ചു വീഴ്ത്തുന്നതും വീണ്ടും അടിച്ചു കൊലപ്പെടുത്തുന്നതും. നിലംപതിച്ച മുത്തശ്ശിയുടെ കൈകളില്‍ നിന്നും തെറിച്ചുവീണ പേരക്കുട്ടിയുടെ തല അടിച്ചുപൊട്ടിച്ചു അമ്മ പറഞ്ഞുവിട്ട ആ നരാധമന്‍. ചോരയില്‍ കുളിച്ചു കിടന്ന കുഞ്ഞിനെ കഴുത്തു കൂടി വെട്ടി പിളര്‍ത്തി മരണം ഉറപ്പുവരുത്തിയ നിനോമാത്യു ലിജീഷിനെകൂടി കൊല്ലാനുള്ള പദ്ധതിയില്‍ പരാജയപ്പെട്ടതാണ് പിടിക്കപ്പെടാന്‍ കാരണമായത്. ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ഒന്നാംപ്രതി നിനോമാത്യുവിന് വധശിക്ഷയും രണ്ടാംപ്രതി അനുശാന്തിക്ക് ഇരട്ട ജീവപര്യന്തവും വിധിച്ചു. അനുശാന്തിയുടെ പ്രവൃത്തി മാതൃത്വത്തിന് അപമാനകരമാണെന്നും കൊച്ചുകുഞ്ഞിനെ തലച്ചോറു ചിന്നിച്ചിതറുന്നതുവരെ അടിച്ച നിനോ മാത്യുവിന് ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമില്ലെന്നും അറേബ്യന്‍ നാടുകളിലെ സുഗന്ധദ്രവ്യങ്ങള്‍ മുഴുവന്‍ പൂശിയാലും നിനോമാത്യുവിന്റെ ദുര്‍ഗന്ധം മാറില്ലെന്നും കോടതി വിധിന്യായത്തില്‍ പറയുന്നു. സ്വന്തം ആഗ്രഹങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും വേണ്ടി, ഇനി എത്രയോ നാള്‍ ഈ ലോകത്ത് ജീവിക്കേണ്ടിവരുന്ന സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊല ചെയ്യാന്‍ കൂട്ടുനിന്നു വിദ്യാസമ്പന്നയായ ആ സ്ത്രീ.
സമാനതകളില്ലാത്തതും അവിശ്വസനീയവുമായ കൊലപാതകപരമ്പര നടത്തി ലോകത്തെ ഞെട്ടിച്ച കൂടത്തായി കേസിലെ പ്രതി ജോളി തന്റെ സാമ്പത്തിക ലാഭത്തിനും കാമദാഹത്തിനും തടസ്സമായി നിന്ന ആറുപേരെ കൊലപ്പെടുത്തിയതിലൊന്ന് ഒന്നര വയസ്സു മാത്രം പ്രായമുള്ള ആല്‍ഫൈന്‍ എന്ന കുട്ടിയായിരുന്നു. തന്റെ ബന്ധുവും അധ്യാപകനുമായ ഷാജുവിനെ വിവാഹം കഴിക്കണമെന്ന നാല്‍പ്പത്തിയെട്ടാം വയസ്സിലെ ജോളിയുടെ ആഗ്രഹം സഫലീകരിക്കപ്പെടുന്നതിനു വേണ്ടിയാണ് ഒന്നര വയസ്സുകാരി ആല്‍ഫൈന്‍ കൊല്ലപ്പെടുന്നത്. ഇറച്ചിക്കറിയില്‍ മുക്കിയ ബ്രഡില്‍ സയനൈഡ് പുരട്ടി ആ കുഞ്ഞു വായില്‍ വച്ചു കൊടുക്കുകയായിരുന്നു ജോളി ചെയ്തത്. സ്വന്തം ഭര്‍ത്താവടക്കമുള്ള ഉറ്റവരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊന്നിട്ടുള്ള ജോളിയെ സംബന്ധിച്ച് ഈ കൃത്യം നിര്‍വഹിക്കുമ്പോള്‍ മനസ്സാക്ഷിക്കുത്തുണ്ടാകാന്‍ സാധ്യതയില്ല.
മാസങ്ങള്‍ക്ക് മുന്നേ കേരളത്തിലെ പത്രദൃശ്യമാധ്യമങ്ങളിലും നവമാധ്യമങ്ങളിലും നിറഞ്ഞു നിന്നതും മലയാളി മനസ്സിനെ പിടിച്ചുലച്ചതുമായ ഒരു ചിത്രമായിരുന്നു ഉത്തരത്തില്‍ തൂങ്ങിയാടുന്ന രണ്ടു കുഞ്ഞുടുപ്പുകള്‍. വാളയാര്‍ അട്ടപള്ളത്ത് കാലങ്ങളായി കാമം ദാഹിച്ചെത്തുന്ന കാട്ടാളന്മാരുടെ കാമവെറിക്ക് മുന്നില്‍ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ കഴിയാതെ കീഴ്‌പ്പെടേണ്ടി വരികയും അവസാനം ആ കാപാലികരുടെ കൈകളിലമര്‍ന്ന് ജീവന്‍ പോവുകയും ചെയ്ത ഒന്‍പതും പതിമൂന്നും വയസ്സുള്ള കുട്ടികളെയാണ് ഈ കുഞ്ഞുടുപ്പുകള്‍ പ്രതിനിധാനം ചെയ്യുന്നത്. 2017 ജനുവരി മൂന്നിനും മാര്‍ച്ച് നാലിനുമാണ് കുട്ടികള്‍ കൊല്ലപ്പെടുന്നത്. ആദ്യം കൊലചെയ്യപ്പെട്ട 13 വയസ്സുകാരി കണ്‍മുന്നില്‍ വച്ച് പീഡിപ്പിക്കപ്പെട്ടെന്ന രണ്ടാനച്ഛന്റെ മൊഴിയും ചേച്ചിയുടെ കൊലയാളികളെ കണ്ടെന്ന ഒമ്പതുവയസ്സുകാരി അനിയത്തിയുടെ മൊഴിയും നിയമപാലകര്‍ ബോധപൂര്‍വ്വം അവഗണിച്ചു. പോലീസിന്റെ ആ അനാസ്ഥയാണ് സാക്ഷി പറഞ്ഞ ഒമ്പതുവയസ്സുകാരി 51 ദിവസത്തിനുശേഷം കൊല്ലപ്പെടാന്‍ കാരണമായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ പീഡനവും കൊലപാതകവുമടക്കമുള്ള കുറ്റ കൃത്യം നടന്നെന്ന് കോടതിക്ക് ബോധ്യപ്പെട്ടെങ്കിലും കൃത്യവുമായി പ്രതികളെ ബന്ധപ്പെടുത്തുന്ന തെളിവുകളോ സാക്ഷിമൊഴികളോ ഹാജരാക്കുന്നതില്‍ പോലീസും പ്രോസിക്യൂഷനും ബോധപൂര്‍വം വീഴ്ച വരുത്തുകയും പ്രതികള്‍ രക്ഷപ്പെടുകയും ചെയ്തു. നിര്‍ദ്ധനരും നിസ്സഹായരുമായ ആ കുടുംബത്തിനും കുഞ്ഞുങ്ങള്‍ക്കും നീതി ലഭിച്ചില്ല. പതിവുപോലെ മാധ്യമങ്ങളും സാമൂഹ്യപ്രവര്‍ത്തകരും രാഷ്ട്രീയ പാര്‍ട്ടികളും ഉറഞ്ഞുതുള്ളി മറ്റൊരു വലിയ വാര്‍ത്ത വരുന്നതുവരെ. പാറ്റ ചത്താല്‍ വാര്‍ത്ത പാമ്പ് ചാവുന്നതുവരെ, പാമ്പ് ചത്താല്‍ വാര്‍ത്ത പരുന്തു ചാവും വരെ എന്നു പറഞ്ഞതു പോലെ ഓരോ വാര്‍ത്തയുടെയും പ്രതികരണത്തിന്റെയും ആയുസ്സ് അതിലും വലിയ വാര്‍ത്ത വരുന്നത് വരെ മാത്രമാണ്. രണ്ടാമത് കൊലചെയ്യപ്പെട്ട ഒന്‍പതു വയസ്സുകാരിയുടെ പോസ്റ്റ്‌മോര്‍ട്ട സമയത്ത് പെറ്റിക്കോട്ടിനകത്തു നെഞ്ചോട് ചേര്‍ത്ത് ആദ്യം കൊലചെയ്യപ്പെട്ട 13 വയസ്സുകാരി ചേച്ചിയുടെ ചിത്രം വച്ചിരുന്നു എന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ചേച്ചിയുടെ മരണശേഷം ആ ചിത്രം എല്ലാസമയത്തും തന്റെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു കൊണ്ടായിരുന്നു ആ കുഞ്ഞു നടന്നിരുന്നതെന്ന് നാട്ടുകാര്‍ ഓര്‍ക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സാക്ഷരകേരളത്തില്‍ ഈ കുഞ്ഞുങ്ങള്‍ക്ക് ജീവിച്ചിരുന്നപ്പോള്‍ സംരക്ഷണം ലഭിച്ചില്ല; മരണപ്പെട്ടപ്പോള്‍ നീതിയും.
ഇങ്ങനെ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ ക്രൂരമായ പീഡനങ്ങളും മര്‍ദ്ദനങ്ങളും ഏറ്റുവാങ്ങി പ്രതികരിക്കാനോ പരാതി പറയാനോ കഴിയാതെ നരകതുല്യമായ ജീവിതം അനുഭവിക്കുന്നു; അല്ലെങ്കില്‍ മരണത്തിനു കീഴടങ്ങുന്നു. ആരോടും വിദ്വേഷമോ വൈരാഗ്യമോ വഞ്ചനയോ കാണിക്കാത്ത, കളിച്ചും ചിരിച്ചും ഭൂമിയിലെ കൗതുകങ്ങള്‍ ആസ്വദിച്ചും കഴിയേണ്ട കുഞ്ഞുപ്രായത്തില്‍ എന്തുകൊണ്ടാണ് കുട്ടികള്‍ ഇത്തരം ക്രൂരതകള്‍ക്കിരയാവുന്നതെന്ന് പരിശോധിക്കുകയും പരിഹാരം കണ്ടെത്തുകയും വേണം. കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ അത് 2008ല്‍ 549 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെങ്കില്‍ 2018 ല്‍ 4008 ആയി ഉയര്‍ന്നിരിക്കുന്നു. പത്തുവര്‍ഷത്തിനുള്ളില്‍ ഇത്രവലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ടെങ്കില്‍ ആ വര്‍ദ്ധനവിന്റെ കാരണത്തെ കണ്ടെത്താന്‍ ഈ കാലഘട്ടത്തിനുള്ളില്‍ സമൂഹത്തെ സ്വാധീനിച്ച ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം എന്താണെന്ന് പരിശോധിച്ചാല്‍ മതി.ഈ കാലഘട്ടത്തിനുള്ളില്‍ സമൂഹത്തെ ഏറ്റവും അധികം സ്വാധീനിച്ച ഘടകം തീര്‍ച്ചയായും സാമൂഹ്യമാധ്യമങ്ങള്‍ തന്നെയായിരിക്കും. ഫേസ്ബുക്കും വാട്ട്‌സ് ആപ്പും അടക്കമുള്ള നവമാധ്യമങ്ങള്‍ അത്രയധികം സമൂഹത്തെ സ്വാധീനിച്ചിട്ടുണ്ട്. സ്വന്തം വീട്ടുകാരോടും നാട്ടുകാരോടും ഇല്ലാത്ത ബന്ധവും സൗഹൃദവുമെല്ലാം നാല് ചുവരുകള്‍ക്കുള്ളില്‍ ഇരുന്നുകൊണ്ട് മൈലുകള്‍ക്കപ്പുറത്തു മറഞ്ഞിരിക്കുന്ന അജ്ഞാതനോടുണ്ടാകാന്‍ ഈ സാമൂഹ്യമാധ്യമങ്ങള്‍ വഴിയൊരുക്കി. അതുകൊണ്ടുതന്നെ ഭാര്യയുടെ സുഹൃത്തിനെക്കുറിച്ച് ഭര്‍ത്താവിനോ ഭര്‍ത്താവിന്റെ സൗഹൃദത്തെക്കുറിച്ച് ഭാര്യയ്‌ക്കോ മക്കളുടെ സൗഹൃദങ്ങളെക്കുറിച്ച് അച്ഛനമ്മമാര്‍ക്കോ ഇന്ന് ധാരണയില്ല. ഈ സാമൂഹ്യാന്തരീക്ഷത്തില്‍ വളരെ എളുപ്പത്തിലും വേഗത്തിലും വഴിവിട്ടതും അവിഹിതവുയ പല ബന്ധങ്ങളും സൗഹൃദങ്ങളും സൃഷ്ടിക്കപ്പെടും. നിസ്സാരകാര്യങ്ങള്‍ക്ക് ഭര്‍ത്താവുമായി പിണങ്ങി നില്‍ക്കുന്ന സമയത്ത് ഭാര്യയെത്തേടി മധുരത്തില്‍ ചാലിച്ച വാക്കുകള്‍ നിറച്ച് അജ്ഞാതന്റ സന്ദേശം എത്തുകയും അത് അവര്‍ക്ക് ആശ്വാസമായി തോന്നുകയും പുതിയ ബന്ധത്തിന് തുടക്കം കുറിക്കുന്നതിനു കാരണമാവുകയും ചെയ്യുന്നു’. നേരെമറിച്ച് ഇങ്ങനെ സ്വന്തം സുഖത്തിനും സന്തോഷത്തിനും വേണ്ടി മറ്റൊരിണയെത്തേടി പോകുമ്പോള്‍ ഇരകളാകുന്നത് കുഞ്ഞുങ്ങളാണ്. കാമുകിയെ അല്ലെങ്കില്‍ കാമുകനെ സ്വന്തമാക്കുന്നതിന് പലപ്പോഴും കുഞ്ഞുങ്ങളൊരു തടസ്സമാവുമെന്നതുകൊണ്ടാണ് അവരെ ഒഴിവാക്കാനുള്ള ശ്രമം നടത്തുന്നത്. മാതൃത്വവും പിതൃത്വവും എല്ലാം ഇവിടെ കാമപ്രേമവികാരങ്ങള്‍ക്ക് വഴിമാറും. സ്വന്തം കുഞ്ഞിനോട് അമ്മയ്ക്ക് തോന്നുന്നതാണ് ലോകത്തിലെ ഏറ്റവും തീവ്രമായ സ്‌നേഹം. ആ സ്‌നേഹത്തിനു പോലും വിശ്വാസ്യത നഷ്ടപ്പെടുന്ന അവസ്ഥ എന്നുള്ളത് ഓരോ വ്യക്തിയും അവനവനിലേക്ക് മാത്രം ചുരുങ്ങുന്നതിന്റെയും ഒതുങ്ങുന്നതിന്റെയും അടയാളങ്ങളാണ്. അവനവന്റെ സുഖത്തിനു പുറമെ മറ്റൊന്നിനും വിലകല്‍പ്പിക്കാത്ത അവസ്ഥയിലേക്ക് മനുഷ്യസമൂഹം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
അസത്യങ്ങള്‍ പ്രചരിപ്പിച്ച് കലാപങ്ങളും അക്രമങ്ങളും വിഭാഗീയതയുമുണ്ടാക്കി രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ശ്രമിക്കുന്ന സര്‍ക്കാരും രാഷ്ട്രീയ കക്ഷികളും സങ്കുചിത താല്‍പര്യങ്ങളെ വെടിഞ്ഞ് സമൂഹം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന അത്യന്തം അപകടകരമായ അവസ്ഥയെ തിരിച്ചറിഞ്ഞ് അതിനുള്ള പരിഹാരം കണ്ടെത്തി പ്രവര്‍ത്തിക്കാനും നേര്‍വഴിക്കു നയിക്കാനും വലിയ പരിശ്രമം നടത്തണം. വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യംവെക്കേണ്ടത് കുറെ പുസ്തകപ്പുഴുക്കളെ സൃഷ്ടിക്കലോ പരീക്ഷയിലൂടെ മാര്‍ക്ക് വാരിക്കോരി നല്‍കി കുറെ ബിരുദധാരികളെ സൃഷ്ടിക്കലോ അല്ലെങ്കില്‍ കുറെ എന്‍ഞ്ചിനീയര്‍മാരെയോ ഡോക്ടര്‍മാരെയോ ഉണ്ടാക്കലോ ആയിരിക്കരുത്. സാംസ്‌കാരിക വിദ്യാഭ്യാസത്തിനു ഊന്നല്‍ നല്‍കി നമ്മുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും കുടുംബബന്ധത്തിന്റെയും പവിത്രതയും അത് പിന്തുടരേണ്ടതിന്റെ ആവശ്യകതയെയും പുതുതലമുറയെ ബോധ്യപ്പെടുത്തുന്നതായിരിക്കണം വിദ്യാഭ്യാസം. നവമാധ്യമങ്ങളുടെ ഉപയോഗത്തെയും ദുരുപയോഗത്തെയും അതിലെ ചതിക്കുഴികളെയും സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സാംസ്‌കാരിക സംഘടനകളും മതസംഘടനകളും മാധ്യമപ്രവര്‍ത്തകരും മുന്നിട്ടിറങ്ങണം. ഇങ്ങനെ സാംസ്‌കാരിക വിദ്യാഭ്യാസം നല്‍കി ബോധവല്‍ക്കരണം നടത്തി സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതിയെ ഇല്ലാതാക്കി നേര്‍ദിശയില്‍ നടത്താന്‍ ഇനിയും വൈകിയാല്‍ പലരുടെയും ബന്ധങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും തടസ്സമാവുന്ന ഇളം കുരുന്നുകള്‍ പീഡനങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും വിധേയരായി ക്രൂരമായി കൊല ചെയ്യപ്പെടുന്ന വാര്‍ത്തകള്‍ നിത്യസംഭവമാകും.