മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും അതേപോലെ തന്നെ നിഷ്പക്ഷതയും കണ്ണിലെ കൃഷ്ണമണിയെ പോലെ കാത്തുസൂക്ഷിക്കേണ്ടതാണെന്ന് കരുതുന്ന ഒരു മാധ്യമപ്രവര്‍ത്തകനാണ് ഞാന്‍. അതുകൊണ്ടു തന്നെ മാധ്യമസ്വാതന്ത്ര്യത്തിന് എതിരെയുള്ള ഏത് സര്‍ക്കാര്‍ ഉത്തരവിനെയും വെല്ലുവിളികളെയും എതിരായി തന്നെയാണ് കാണുന്നത്. മാധ്യമപ്രവര്‍ത്തനം എല്ലാകാലത്തും ഭരണകൂടങ്ങള്‍ക്ക് എതിരാണെന്ന പഴയ വരട്ടുവാദ തത്വശാസ്ത്രത്തോട് യോജിക്കാന്‍ കഴിയുന്ന കാലഘട്ടമല്ല ആധുനിക ജനാധിപത്യ യുഗം. ഇന്ന് ഭാരതത്തില്‍ നടക്കുന്ന മാധ്യമപ്രവര്‍ത്തനം നിഷ്പക്ഷമാണോ എന്ന സന്ദേഹം ഉയര്‍ത്താതിരിക്കാനാവില്ല.
കഴിഞ്ഞ ദല്‍ഹി കലാപകാലത്തെ ഒരുപറ്റം മാധ്യമങ്ങളുടെ പ്രവര്‍ത്തനം കലാപകാരികളെ പിന്തുണയ്ക്കുന്നതും പക്ഷപാതപരവും മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും കേന്ദ്രസര്‍ക്കാരിനും മാത്രം എതിരെയുമുള്ളതായിരുന്നു. ഒരു ദിനപത്രം ഒന്നാംപേജില്‍ കൊടുത്ത തലക്കെട്ട് മോദിയോടൊപ്പം ഗുജറാത്തിലെ കലാപം ദല്‍ഹിയിലും എത്തി എന്നായിരുന്നു. ചില ചാനലുകള്‍ നല്‍കിയ വാര്‍ത്ത കലാപകാരികള്‍ മുഴുവന്‍ ഹിന്ദുക്കളാണ് എന്ന തരത്തിലായിരുന്നു. മുസ്ലീങ്ങളെ കൊല്ലാന്‍ പോകുന്നു, മുസ്ലീം സ്ഥാപനങ്ങളെ ആക്രമിക്കുന്നു, ഹിന്ദുക്കള്‍ അക്രമം അഴിച്ചുവിടുന്നു തുടങ്ങി ഒരു വര്‍ഗ്ഗീയകലാപത്തിന്റെ വേളയില്‍ ഒരു മാധ്യമവും ഒരിക്കലും കാട്ടാന്‍ പാടില്ലാത്ത പക്ഷപാതപരവും സ്വേച്ഛാപരവുമായ റിപ്പോര്‍ട്ടിംഗ് ആണ് ചില മാധ്യമങ്ങള്‍ നടത്തിയത്. ദേശീയ പൗരത്വ നിയമ ഭേദഗതി നിയമം ഇന്ത്യയില്‍ ജീവിക്കുന്ന ഇന്ത്യക്കാരായ ഒരു മുസ്ലീമിനെയും ബാധിക്കുന്നതല്ലായെന്ന് എല്ലാവര്‍ക്കുമറിയാം. എന്നിട്ടും അത് മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന് പറഞ്ഞ് നിരന്തരം വാര്‍ത്തകളും ലേഖനങ്ങളും കൊടുത്ത് തെറ്റിദ്ധാരണ പടര്‍ത്തിയതും ഒരുവിഭാഗം മാധ്യമങ്ങളല്ലേ? എവിടെയായിരുന്നു ഈ മാധ്യമങ്ങളുടെ നിഷ്പക്ഷതയും സത്യസന്ധതയും? എല്ലാ ദേശീയ നേതക്കളും ആവശ്യപ്പെട്ടതാണ് ദേശീയ പൗരത്വ നിയമ ഭേദഗതി. ഏറ്റവും അവസാനം വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് മന്‍മോഹന്‍ സിംഗ് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. സി.പി.എമ്മിന്റെ പന്ത്രണ്ടാംപാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പ്രകാശ് കാരാട്ട് ഇതേകാര്യം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യമെല്ലാം മറച്ചുവെയ്ച്ച് നരേന്ദ്രമോദിയും അമിത് ഷായും പാര്‍ലമെന്റില്‍ നേടിയ ജനപിന്തുണയുടെ അഹങ്കാരത്തിന്റെ പേരില്‍ മുസ്ലീം വിരുദ്ധ നിയമം കൊണ്ടുവരുന്നു എന്ന് പ്രചരിപ്പിക്കാനാണ് ശ്രമിച്ചത്.
ഒരു രാഷ്ട്രം എന്ന നിലയില്‍, സുശക്തമായ ഒരു ഭാരതം, ജന്മനാടിനെ സ്‌നേഹിക്കുന്ന എല്ലാവരുടെയും സ്വപ്‌നമാണ്. കഴിഞ്ഞ 2000 വര്‍ഷത്തെ ലോക സാമ്പത്തിക ചരിത്രം പരിശോധിച്ച മാഡിസണ്‍ റിപ്പോര്‍ട്ടില്‍ പോലും ലോകഗുരുവായുള്ള ഭാരതത്തിന്റെ സ്ഥാനം അടയാളപ്പെടുത്തിയിട്ടുണ്ട്. വിജ്ഞാനത്തിലും വ്യാപാരത്തിലും സംസ്‌കാരത്തിലും സമ്പത്തിലും ജഗദ്ഗുരുവായിരുന്ന ഭാരതത്തെ വീണ്ടും അതേ സ്ഥാനത്ത് കാണണമെന്ന് നരേന്ദ്രമോദിയും അമിത് ഷായും ആഗ്രഹിച്ചാല്‍ അതിനെ എങ്ങനെ തെറ്റാണെന്ന് പറയാനാകും. സ്വാതന്ത്ര്യത്തിന്റെ ദിവസം മുതല്‍ തീരാ തലവേദനയായിരുന്ന കാശ്മീര്‍ ഇന്ന് മാറിയിരിക്കുന്നു. കലാപത്തിന്റെ അലയൊലികള്‍ ഒതുങ്ങി. വംശഹത്യയ്ക്കും ഉന്മൂലനാശനത്തിനും വിധേയമായ കാശ്മീരി പണ്ഡിറ്റുകള്‍ക്ക് തിരികെ പോകാനുള്ള സാഹചര്യം ഒരുങ്ങുകയായി. വികസനത്തിന്റെ ഓരോ തുള്ളിയും സാധാരണക്കാരിലേക്ക് എത്തുന്നു. ഇടനിലക്കാര്‍ അപ്രസക്തരാകുന്നു. ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളിലൂടെ ആനുകൂല്യങ്ങള്‍ സാധാരണക്കാരിലെത്തുന്നു. ഈ തരത്തില്‍ സുശക്തവും സുരക്ഷിതവുമായ ഒരു ഭാരതം ഉണ്ടാകുന്നത് ആഗ്രഹിക്കാത്ത, രസിക്കാത്ത ഒരു വിഭാഗമെങ്കിലും ഈ നാട്ടിലുണ്ട്. ഭാരതത്തിന്റെ വിഭജനം, ഭാരതത്തിന്റെ തകര്‍ച്ച, ടുകഡേ, ടുകഡേ ഇന്ത്യ എന്ന് മുദ്രാവാക്യം വിളിച്ച് ഹിന്ദുക്കളില്‍ നിന്നും ഭാരതത്തില്‍ നിന്നും ആസാദി സ്വപ്‌നം കണ്ട്, സ്വാതന്ത്ര്യം സ്വപ്‌നം കണ്ട്, ഭാരതത്തെ ഇല്ലാതാക്കാന്‍ വ്യാമോഹിച്ച് നടക്കുന്ന ഒരുപറ്റം നമ്മുടെ ചോറും നമ്മുടെ വായുവും ശ്വസിച്ച് നമ്മുടെ മണ്ണില്‍ വേണോ എന്ന കാര്യം സജീവമായി ആലോചിക്കേണ്ടിയിരിക്കുന്നു.
ഇവിടെയാണ് ഒരുപറ്റം മാധ്യമങ്ങള്‍ നടത്തിയ പ്രവര്‍ത്തനം ചിന്താവിഷയമാകുന്നത്. വസ്തുതാ വിരുദ്ധമായി സത്യം മൂടിവെയ്ച്ച് ഹിന്ദുക്കള്‍ക്കെതിരെ മുസ്ലീങ്ങള്‍ക്ക് അനുകൂലമെന്ന പേരില്‍ നടത്തിയ സത്യവിരുദ്ധമായ റിപ്പോര്‍ട്ടിംഗ് ആരെ പ്രീണിപ്പിക്കാനായിരുന്നു. ഒരുപക്ഷേ, ഈ നാടിനെ നശിപ്പിക്കാന്‍, അല്ലെങ്കില്‍ ഈ നാടിന്റെ ഐക്യവും അഖണ്ഡതയും ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനമല്ലേ നടത്തിയതെന്ന് ആരെങ്കിലും ശങ്കിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ? ആ തരത്തില്‍ ചിന്തിച്ച സാധാരണക്കാരില്‍ സാധാരണക്കാരാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു മുന്നില്‍ പരാതിയുമായി എത്തിയത്. ആ പരാതിയുടെ അടിസ്ഥാനത്തില്‍ വിശദീകരണം ചോദിക്കുകയും 48 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. വിലക്ക് സമയപരിധി തീരും മുന്‍പ് പിന്‍വലിച്ചതോ, അതിന്റെ സ്വാധീനത്തെ കുറിച്ചോ, ന്യായാന്യായങ്ങളെ കുറിച്ചോ ഇപ്പോള്‍ പരിശോധിക്കുന്നില്ല. ടെലിവിഷന്‍ മാധ്യമങ്ങള്‍ക്ക് അവരുടെ വാര്‍ത്തകള്‍ സെന്‍സര്‍ ചെയ്യാനുള്ള സംവിധാനങ്ങളൊന്നും ഭാരതത്തിലില്ല. അത് ഉണ്ടാകണമെന്നും ആഗ്രഹിക്കുന്നില്ല. പക്ഷേ, മാധ്യമങ്ങള്‍ പുലര്‍ത്തേണ്ട സ്വയം നിര്‍ണ്ണയത്തിന്റേയോ പാലിക്കേണ്ട പരിധിയുടെയോ സീമകള്‍ ലംഘിക്കപ്പെടുന്നില്ലേ എന്ന് വിലയിരുത്തേണ്ടതല്ലേ. കേന്ദ്രമന്ത്രിമാരുടെയോ പ്രധാനമന്ത്രിയുടെയോ പിന്നാലെ നടന്ന് തല്‍ക്കാലത്തേക്ക് മാനം പോകാതെ രക്ഷപ്പെട്ടിട്ടുണ്ടാകും. പക്ഷേ, ഈ തരത്തിലുള്ള സത്യസന്ധമല്ലാത്ത ഏകപക്ഷീയമായ മതനിരപേക്ഷത തകര്‍ക്കുന്ന മതവൈരം സൃഷ്ടിക്കുന്ന റിപ്പോര്‍ട്ടിംഗ് സംവിധാനം തല്‍ക്കാലത്തേക്ക് കൈയടി കിട്ടുമെങ്കിലും നാളെ തിരിച്ചടികള്‍ കിട്ടുന്നതാണ്.
മാധ്യപ്രവര്‍ത്തനത്തിന്റെ നിഷപക്ഷതയും സത്യസന്ധതയും വാര്‍ത്തകള്‍ സമൂഹത്തിനു വേണ്ടി സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ്. എന്ത് വാദത്തിന്റെ പേരിലാണെങ്കിലും ഇരകളെ സഹായിക്കാനെന്ന പേരില്‍ സത്യത്തെ കുഴിച്ചു മൂടുന്നത് യുക്തിസഹമല്ല. ഇരകളെ സഹായിക്കാനെന്ന പേരില്‍ അസംഘടിതരും അശരണരുമായ ഭൂരിപക്ഷ ഹിന്ദുസമൂഹത്തെ അവഗണിക്കുകയും അവഹേളിക്കുകയും മാത്രമല്ല, അവര്‍ കുറ്റവാളികളാണെന്ന് വരുത്താന്‍ മനപ്പൂര്‍വ്വം ശ്രമിക്കുകയും ചെയ്യുന്നത് ആശാസ്യമാണോ? ദല്‍ഹിയിലെ കലാപത്തില്‍ സംഘര്‍ഷം അഴിച്ചുവിട്ടത് ഹിന്ദുക്കള്‍ മാത്രമാണോ? പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കള്‍ വഹിച്ച പങ്കും അതിനുവേണ്ടി ഒഴുക്കിയ പണവും ഭാരതത്തിലുടനീളം കലാപം അഴിച്ചുവിടാന്‍ നടത്തിയ ശ്രമങ്ങളും കണ്ടില്ലെന്നു നടിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നത് എങ്ങനെയാണ്? ഇതുതന്നെയല്ലേ ഗുജറാത്ത് കലാപത്തിലും നടന്നത്. ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസ് തീവെച്ച് കത്തിച്ച് രാമഭക്തരെ വധിച്ചപ്പോള്‍ സാധാരണക്കാരുടെ ഇടയിലുണ്ടായ തിരിച്ചടിക്ക് വംശഹത്യ എന്ന് പേരിട്ട് ഹിന്ദുവിരുദ്ധവും മോദി വിരുദ്ധവുമാണെന്ന് പ്രചരിപ്പിച്ചതിന്റെ പിന്നിലും മാധ്യമങ്ങള്‍ തന്നെയല്ലേ. ഇവിടെയാണ് മാധ്യമങ്ങളുടെ അജണ്ട പ്രകടമാകുന്നത്.
ഈ നാണംകെട്ട മാധ്യമപ്രവര്‍ത്തനത്തിനാണ് ഇനിയെങ്കിലും മാറ്റം വരേണ്ടത്. സത്യമാണെന്ന പേരില്‍ അബദ്ധജടിലമായ, സത്യവിരുദ്ധമായ കാര്യങ്ങള്‍ പടച്ചുവിട്ട് സമൂഹത്തില്‍ കലാപം സൃഷ്ടിക്കുന്നതല്ല മാധ്യമപ്രവര്‍ത്തനം. ജനപക്ഷം എന്നു പറയുന്നത് ഇടതുപക്ഷവുമല്ല. ഇടതുപക്ഷത്തിനുവേണ്ടി ബി.ജെ.പിയെയും ഹിന്ദുത്വ സംഘടനകളെയും തേജോവധം ചെയ്യുന്നതും സത്യം പറയാതിരിക്കുന്നതുമാണ് മാധ്യമപ്രവര്‍ത്തനം എന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ മുതലാളിമാര്‍ വീണ്ടും അര്‍ദ്ധരാത്രിയില്‍ ഭിക്ഷാപാത്രവുമായി പ്രധാനമന്ത്രിയുടെയും ജാവദേക്കറുടെയും വീട്ടിനു മുന്നില്‍ എത്തേണ്ടിവരും.