‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’ എന്ന മട്ടിലാണ് അനൂപ് സത്യന്‍ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയെപ്പറ്റി പല സിനിമാ നിരൂപകര്‍ എഴുതിവയ്ക്കുന്നത്. കേവലം ‘കുടുംബ പുരാണത്തിനും’ അപ്പുറം ‘സമൂഹ’വുമായും സിനിമയുമായും ബന്ധപ്പെട്ടു കിടക്കുന്ന തിരുത്തപ്പെടേണ്ട കാഴ്ചപ്പാടുകള്‍ തന്നെയാണ് ഈ സിനിമ നമുക്ക് മുന്നില്‍ വയ്ക്കുന്ന ‘സന്ദേശം’. കുടുംബബന്ധങ്ങളിലെ ‘രസതന്ത്രം’ ഈ ചിത്രത്തിലെ പല ഘടകങ്ങളില്‍ ഒന്നു മാത്രമാണ്. കാലഘട്ടത്തിന്റെ ചിത്രമായി തന്നെയാണ് ഇതിനെ ‘വരവേല്‍’ക്കേണ്ടത്. ‘എന്നും എപ്പോഴും’ ‘കൊച്ചുകൊച്ചു സന്തോഷങ്ങളാല്‍’ രചിക്കപ്പെടുന്ന അന്തിക്കാടന്‍ സിനിമകളുടെ രസക്കൂട്ട് അനൂപ് നിലനിര്‍ത്തിയിരിക്കുന്നു.
ചിത്രം ഇറങ്ങി കുറച്ചുനാളുകളായി. ഇപ്പോള്‍ ഒരു നിരൂപണം എഴുതുവാനുണ്ടായ കാരണം, നമ്മുടെ ടി.വി. മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലുമൊക്കെ കണ്ട അനൂപ് സത്യന്റെ അഭിമുഖങ്ങളാണ്. എല്ലാ അവതാരകരും ഒരേ സ്വരത്തില്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.
ഇനി എന്നാണ് ഒരു ന്യൂജന്‍ സിനിമ എടുക്കുന്നത്?
ഇനി എന്നാണ് പുതിയ കാലത്തിന്റെ ചേരുവകളോട് കൂടിയ സിനിമ എടുക്കുന്നത്?
എന്താണ് ഈ പറയുന്ന ന്യൂജന്‍ സിനിമ?
എന്താണാവോ പുതിയ കാലത്തിന്റെ ചേരുവകകള്‍?
സിനിമകളെ ന്യൂജന്‍ എന്നും അല്ലാത്തതെന്നും വേര്‍തിരിക്കുവാന്‍ എന്ത് മാനദണ്ഡമാണുള്ളത്?
പുറത്തുനിന്നും കടമെടുക്കുന്ന / പകര്‍ത്തുന്ന ചിത്രീകരണ രീതികളും പണം മുടക്കിയാല്‍ ആര്‍ക്കും തന്നെ ലഭിക്കുന്ന സാങ്കേതിക മികവും മനോവൈകല്യമുള്ള വില്ലനെ മുന്‍നിര്‍ത്തിയുള്ള ത്രില്ലറുകളും ലൈംഗികചുവയുള്ള സംഭാഷണങ്ങളും കഞ്ചാവും ലഹരിയുമൊക്കെ ചേര്‍ന്നാല്‍ മാത്രമേ ന്യൂജന്‍ ആകൂ എന്നുണ്ടോ? അങ്ങിനെ നോക്കിയാല്‍ ന്യൂജന്‍ എന്ന വാക്കിനെ ഒരു പ്രത്യേക തലത്തിലേക്ക് ചുരുക്കുകയാണ് ചെയ്യുന്നത്. പരിധികള്‍ ഉള്ള, വ്യാപനത്തെ തടയുന്ന, സ്വാതന്ത്ര്യമില്ലാത്ത ഒരു വാക്കിന് എങ്ങിനെയാണ് പുതിയ കാലത്തെ പ്രതിനിധീകരിക്കുവാന്‍ കഴിയുക? ചില വാക്കുകള്‍ക്കുള്ളിലേക്ക് ചുരുക്കപ്പെടുന്ന സിനിമകള്‍ക്ക് എങ്ങിനെയാണ് ‘പുതിയ തീരങ്ങളി’ലേക്ക് പ്രവഹിക്കുവാന്‍ സാധിക്കുക? അത്തരം സിനിമകള്‍ക്കെങ്ങിനെ പുതിയ ചിന്തകള്‍ സൃഷ്ടിക്കുവാനാകും?
വികലമായ പുത്തന്‍ സിനിമാ കാഴ്ചപ്പാടുമായി നടക്കുന്ന ഒരു സമൂഹത്തിനിടയില്‍ വിപണനസാധ്യതയുള്ള ഒരു പദം എന്നതില്‍ കവിഞ്ഞ് ഒന്നും തന്നെ ന്യൂജന്‍ എന്ന വാക്കിന് അവകാശപ്പെടുവാനില്ല. അവാര്‍ഡ് സിനിമകളെന്നും ആസ്വദിക്കാവുന്ന സിനിമകളെന്നും വേര്‍തിരിവുകള്‍ വന്നതോടെ സിനിമ ഒരു ദൃശ്യകലയാണെന്ന കാര്യം ഓര്‍മ്മിപ്പിക്കേണ്ടിവരുന്ന ദുരവസ്ഥയാണിപ്പോള്‍. അതിനിടയിലേക്കാണ് സിനിമകളിലെ വൈവിധ്യത്തെ തടയുന്ന മറ്റൊരു പദം കൂടി എത്തുന്നത്. മുകളില്‍ സൂചിപ്പിച്ചപോലെ പകര്‍ത്തപ്പെടുന്ന ചിത്രീകരണ രീതികളോടൊപ്പം ഇന്നത്തെ സാങ്കേതികവിദ്യ കൂടി ചേരുമ്പോള്‍ ഉണ്ടാകുന്ന വ്യത്യസ്തത എന്നതില്‍ കവിഞ്ഞ് പാടേ വ്യത്യസ്തമായ അവതരണശൈലി ഒന്നും തന്നെ ന്യൂജന്‍ സിനിമകളില്‍ ഉണ്ടാകാറില്ല. അന്യഭാഷാ സിനിമകള്‍ ഏറെ കാണുന്ന മലയാളികള്‍ ന്യൂജന്‍ എന്ന വാക്കില്‍ വശംവദരാകുന്നത് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഇപ്പോള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്ന സൈക്കോത്രില്ലറുകള്‍ എല്ലാം തിരക്കഥകള്‍ വ്യത്യാസവും പക്ഷേ ഒരേ ചിത്രീകരണരീതിയും സ്വഭാവവും പുലര്‍ത്തുന്ന സിനിമകളാണ്. സ്ത്രീപക്ഷ സിനിമകളെയെല്ലാം 22ള സയുടെ ഭൂതം ബാധിച്ചിരിക്കുകയാണ്. ചില സിനിമകള്‍ ശ്രദ്ധ നേടുന്നത് വ്യക്തിഗതമായ പ്രകടനങ്ങള്‍ കാരണമാണ്. കുമ്പളങ്ങി അതിനൊരുദാഹരണമാണ്. വേഗത കുറഞ്ഞ പടങ്ങളെ നമ്മള്‍ അവാര്‍ഡ് സിനിമകള്‍ എന്ന് വിളിച്ചു. ഇന്ന് അതേ വേഗതയില്‍ തിരക്കഥകളില്‍ കുറച്ച് നര്‍മ്മസംഭാഷണങ്ങള്‍ കൂടി ചേര്‍ന്നപ്പോള്‍ ഈ പറയുന്ന ന്യൂജന്‍ ആയി എന്ന് മാത്രം.
പോസിറ്റീവ് ചിത്രങ്ങള്‍ കുറഞ്ഞു എന്നതാണ് ന്യൂജന്‍ സംസ്‌കാരത്തിന്റെ ഫലം.
ഇതിനൊക്കെ ഒരു അപവാദമാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രം. യുവാക്കള്‍ അത്ര കയറാത്ത കുടുംബചിത്രം എന്നൊരു ധ്വനി ഉണ്ടാക്കുവാന്‍ പലരും ശ്രമിക്കുന്നു. ഇതൊരു റിയലിസ്റ്റിക് ചിത്രമാണ്. അതിനുള്ളിലെ കഥാപാത്രങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ചെന്നൈ പശ്ചാത്തലമാക്കിയ സിനിമയില്‍ ശോഭന, സുരേഷ്‌ഗോപി, കല്ല്യാണി പ്രിയദര്‍ശന്‍, ദുല്‍ഖര്‍ സല്‍മാന്‍, ജോണി ആന്റണി, ഉര്‍വശി, കെ.പി.എ.സി ലളിത, ലാലു അലക്‌സ് തുടങ്ങിയ പ്രശസ്തരായവര്‍ തന്നെ അഭിനയിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും. പ്രഗത്ഭരായ താരനിരകളുടെ ഓരോ കഥാപാത്രത്തിനും മികച്ച തിരക്കഥ ഒരുക്കുവാന്‍ രചയിതാവുകൂടിയായ സംവിധായകന് സാധിച്ചു. കഥയ്ക്കുള്ളില്‍ തന്നെ ഒട്ടേറെ കഥപറയുന്ന ഒരു സിനിമയാണിത്. ഒരുകൂട്ടം കഥകളും കഥാപാത്രങ്ങളും മറ്റൊരു കഥയുടെ കുടക്കീഴില്‍ ഒരുമിച്ച് സംഗമിച്ചിരിക്കുന്നു. ഇഴച്ചില്‍ കൂടാതെ ഇത് കൈകാര്യം ചെയ്തതില്‍ സംവിധായകന്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
ശോഭന അവതരിപ്പിക്കുന്ന നീന എന്ന കഥാപാത്രത്തില്‍ കൂടി സഞ്ചരിക്കുന്ന ഒരു സിനിമയായിട്ടാണ് തോന്നുക. മറ്റെല്ലാവരും ഒന്നുകില്‍ അവരില്‍ നിന്നും തുടങ്ങുന്നു അല്ലെങ്കില്‍ മറ്റു പലരും നീനയിലേക്ക് എത്തിച്ചേരുന്നു. പിന്നിട്ട വഴികളില്‍ തനിക്ക് പല പ്രണയങ്ങള്‍ ഉണ്ടായിരുന്നു എന്ന് തുറന്ന മനസ്സോട് കൂടി സംസാരിക്കുന്ന നായികാ കഥാപാത്രവും മധ്യവയസ്സിലെ പ്രണയവും സംവിധായകന്‍ കാണിച്ച ധീരത തന്നെയാണ്. സ്വന്തം ജീവിതത്തില്‍ അനുഷ്ഠിക്കുകയും മറ്റുള്ളവരെ നോക്കി ‘അയ്യേ’ എന്ന് പറയുകയും ചെയ്യുന്ന ഒട്ടനേകം ആളുകളുള്ള ഈ സമൂഹത്തില്‍ പ്രായത്തിനും കാലത്തിനുമതീതമായ പ്രണയത്തിനെ അതിന്റെ എല്ലാ ഭംഗിയോടും കൂടെ പറയാതെ പറഞ്ഞിരിക്കുകയാണ് ഇവിടെ. കഥയുടെ പല നിമിഷങ്ങളിലും ഈ സിനിമയിലെ പല കഥാപാത്രങ്ങളും തങ്ങളുടെ പ്രണയത്തെ പരസ്പരം പറയാതെ തന്നെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. പരമ്പരാഗതമല്ലാത്ത പ്രണയങ്ങളെ അല്ലെങ്കില്‍ അസാധാരണമായ പ്രണയത്തെ ചിത്രീകരിക്കുവാന്‍ പലപ്പോഴും ശരീരത്തേയും ലൈംഗികതയേയും ഉപയോഗിക്കുന്ന രീതി നമ്മുടെ സിനിമകള്‍ക്കുണ്ട്. ഈ സിനിമ സ്ത്രീയുടെ മനസ്സിന്റെ വഴികളില്‍ കൂടിയാണ് യാത്ര ചെയ്യുന്നത്. ആശ്വാസകരമായ ഈ യാത്രയില്‍ നമ്മളെയും സംവിധായകന്‍ ഒപ്പം കൂട്ടുന്നു. വളരെ എളുപ്പത്തില്‍ ഓരോ വികാരങ്ങളും നമുക്ക് വിനിമയം ചെയ്തുകിട്ടുന്നുണ്ട്.
മനസ്സിന്റെ ഉള്ളിലെ പ്രണയത്തിന്റെ തീവ്രതയും, അതിനുള്ളിലെ ഭംഗിയുള്ള വികാരങ്ങളും, ചെറിയ കുസൃതിത്തരങ്ങളും, ചിന്തകളും ഒക്കെ ശോഭന എന്ന നടിയിലൂടെ പുറത്തേക്കെത്തുമ്പോള്‍ സംവിധായകന് തൃപ്തി ലഭിച്ചിട്ടുണ്ടാകും എന്ന് തീര്‍ച്ചയാണ്. മനസ്സിന്റെ തോന്നലുകളെ അഭിനയിച്ചു കാണിക്കല്‍ വിഷമകരമാണ്. ശരീരത്തിന്റെ തോന്നലുകള്‍ എളുപ്പവും. ഈ സിനിമയുടെ തിരക്കഥയുടെ സഞ്ചാരം മനസ്സുകള്‍ക്കുള്ളിലെ വികാരങ്ങള്‍ക്കുള്ളില്‍ കൂടിയാണ്.
ഏറെ നാളുകള്‍ക്ക് ശേഷം സുരേഷ് ഗോപിയെ തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് പ്രേക്ഷകര്‍. വിശ്രമ ജീവിതത്തിലേക്ക് കടക്കുന്ന പട്ടാളക്കാരന്റെ മാനസിക വ്യവഹാരങ്ങള്‍ കണ്ടിരിക്കുവാന്‍ രസമാണ്. പുറമെ കാര്‍ക്കശ്യത്തോടെ കാണപ്പെടുന്ന പല ആളുകളുടെയും മനസ്സിന്റെ രീതികള്‍ വ്യത്യസ്തമാണ്. സുരേഷ് ഗോപിയിലൂടെ അത്തരമൊരു കഥാപാത്രത്തെയാണ് അനൂപ് പ്രേക്ഷകരിലേക്കെത്തിച്ചത്. ദേഷ്യവും പ്രണയവും നര്‍മ്മവും നഷ്ടബോധങ്ങളും തിരിച്ചുപിടിക്കലുകളുമുള്ള കഥാപാത്രം. ”എവറസ്റ്റ് കീഴടക്കുന്നതിനേക്കാള്‍ പ്രയാസകരമാണ് ഒരാളോടൊരു ഇഷ്ടം തുറന്നു പറയുന്നത്.” ഒരു പ്രസംഗത്തിനിടെ സുരേഷ് ഗോപി അവതരിപ്പിക്കുന്ന മേജര്‍ ഉണ്ണികൃഷ്ണന്‍ പറയുന്ന ഈ വാചകം സമൂഹത്തിന്റെ സദാചാരബോധത്തിനു മുന്നില്‍ രചയിതാവുകൂടിയായ സംവിധായകന്‍ വയ്ക്കുന്ന ചോദ്യം ആവണം. കാരണം ആ ഒരു കടമ്പ കടന്നുകിട്ടിയാല്‍ അവള്‍ കൂടെയുണ്ടെന്ന ധൈര്യമാണ് ഏതൊരു പുരുഷനേയും വിജയത്തിലേക്ക് നയിക്കുന്നതെന്ന കാര്യം സിനിമ പറയുന്നു. കേവലം വാക്കുകളില്‍ കൂടി മാത്രം അവതരിപ്പിക്കുന്ന ഉണ്ണികൃഷ്ണന്റെ അമ്മ എന്ന കഥാപാത്രം സിനിമയില്‍ ഇല്ലെങ്കില്‍ കൂടിയും ഒരു ശക്തമായ കഥാപാത്രമാണ്. ജോണി ആന്റണി രസകരമായി അവതരിപ്പിച്ച ഡോ.ബോസിന്റെ അടുക്കല്‍ തന്റെ അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പറഞ്ഞതിന് ശേഷം കടല്‍ത്തീരത്തെ വിശാലതയിലേക്ക് മേജര്‍ ഉണ്ണികൃഷ്ണന്‍ നോക്കിനില്‍ക്കുന്ന ഒരു രംഗമുണ്ട്. അമ്മയുടെ സാന്നിധ്യം അസാന്നിധ്യത്തില്‍ പോലും സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ മേജര്‍ ഉണ്ണികൃഷ്ണനോടൊപ്പം തീവ്രമായി തന്നെ നില്‍ക്കുന്നു. മേജര്‍ ഉണ്ണികൃഷ്ണന്റെ ശക്തി ഈ രണ്ട് സ്ത്രീകളാണ്. സിനിമയില്‍ ഇല്ലാത്ത അമ്മയും പിന്നെ നീനയും.
ബിബീഷ് പിയ്ക്കും കാര്‍ത്തിക്കിനും ആകാരവാണിയുമായുള്ള ബന്ധം, ഡോ.ഷേര്‍ളിയും (ഉര്‍വശി) നിക്കിയും, നീനയും നിക്കിയും, നീനയും മാനുവലും പരസ്പരം തുറന്നു സംസാരിക്കുന്നവരാണ്. ”നീ എന്റെ വീട്ടിലേക്ക് വരണ്ട, നിനക്കവിടെ സമാധാനമായി ജീവിക്കുവാന്‍ കഴിയില്ല” എന്ന് ഉര്‍വശി അവതരിപ്പിക്കുന്ന കഥാപാത്രം കല്ല്യാണി അവതരിപ്പിക്കുന്ന നിക്കിയോട് പറയുമ്പോള്‍ ഉര്‍വശി ഒരു സ്ത്രീയുടെ മനസ്സില്‍ നിന്നുകൊണ്ടാണ് സംസാരിക്കുന്നത്. മിന്നാരം സിനിമയില്‍ ശോഭനയുടെ കഥാപാത്രത്തിന്റെ പേരും നീന എന്നാണ്. അന്ന് ചേട്ടനായി വന്ന ലാലു അലക്‌സ് ഇന്ന് ചാച്ചനായി വരുന്നു എന്നത് ആരും ശ്രദ്ധിച്ചു കാണില്ല.
‘മനസ്സിന്നക്കരെ’ കിടക്കുന്ന പരിധികള്‍ ഇല്ലാത്ത ലോകത്തിന്റെ ചിന്തകളുടെ ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതാണ് ഈ സിനിമയിലെ ദൃശ്യങ്ങള്‍. അസാധാരണമാംവിധം മനസ്സുകള്‍ക്കുള്ളിലൂടെ യാത്ര ചെയ്യുന്ന സിനിമ.