തീവ്രവാദം ആഗോളവല്‍ക്കരിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ നാം എത്രത്തോളം സുരക്ഷിതരാണ് എന്ന ചോദ്യമാണ് ഒരുപക്ഷേ ഓരോ മനുഷ്യരും ചോദിക്കുന്നത്. നമ്മുടെ തൊട്ടടുത്ത് കിടക്കുന്ന ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ബോംബാക്രമണങ്ങള്‍ ഇത്തരം ഒരു അരക്ഷിതാവസ്ഥയാണ് നമ്മളില്‍ സൃഷ്ടിക്കുന്നത്. ഭൂമിശാസ്ത്രപരമായി യാതൊരു ബന്ധവും ഇല്ലാത്ത രാജ്യങ്ങളില്‍ ഒരു രാജ്യത്ത് നടന്ന സംഭവത്തിന്റെ പേരില്‍ തികച്ചും മതപരമായ കാരണം കൊണ്ട്, മതപരമായ തത്വശാസ്ത്രങ്ങളുടെ പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ തീവ്രവാദത്തിന് മതമില്ല എന്ന വാദത്തിന്റെ മുനയൊടിക്കുന്നതാണ്.
ഈസ്റ്റര്‍ ആരാധനക്കായി ക്രിസ്ത്യന്‍ ആരാധനാലയങ്ങളിലേക്കെത്തിയ പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കമുള്ള വിശ്വാസികളും ഹോട്ടലുകളില്‍ തങ്ങിയിരുന്ന വിനോദസഞ്ചാരികളും അടക്കമുള്ള 350ല്‍ പരം നിരപരാധികളാണ് കൊളംബോയില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റ നൂറുകണക്കിനാളുകള്‍ വേറെയുമുണ്ട്. തുടര്‍ച്ചയായി നടന്ന സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഇന്ത്യന്‍ പൗരന്‍മാരും ഉള്‍പ്പെട്ടിട്ടുണ്ട്. തീവ്രവാദികളുടെ ലക്ഷ്യങ്ങളില്‍ ഒന്ന് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയമായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ശ്രീലങ്കയില്‍ നടന്ന തീവ്രവാദി ആക്രമണങ്ങള്‍ ഒറ്റപ്പെട്ടതോ, ഒരു സുപ്രഭാതത്തില്‍ സംഭവിച്ചതോ അല്ല എന്നതാണ് വസ്തുത. ആഗോളതലത്തില്‍ നടക്കുന്ന ഇസ്‌ലാമിക ജിഹാദിന്റെ ഭാഗമായി ഇതിനെ കാണേണ്ടതുണ്ട്. ശ്രീലങ്കയില്‍ നടന്ന അക്രമങ്ങള്‍ക്ക് ഉത്തരവാദികള്‍ എന്നു കരുതുന്ന നാഷണല്‍ തൗഹീദ് ജമാത്ത് എന്ന സംഘടന അന്താരാഷ്ട്രതലത്തില്‍ ഇസ്‌ലാമിക ലോകം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്.ഐ.എസ്) എന്ന ഭീകര പ്രസ്ഥാനത്തിന്റെ ഭാഗമാണ് എന്നാണ് അന്വേഷണ ഏജന്‍സികള്‍ സൂചിപ്പിക്കുന്നത്. ഈ സംഘടനയുടെ പേര് അക്രമണങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്നത് ആദ്യമായല്ല. 2018 ഡിസംബര്‍ മാസത്തില്‍ ശ്രീലങ്കയില്‍ വ്യാപകമായി ബുദ്ധപ്രതിമകള്‍ നശിപ്പിച്ച്‌കൊണ്ട് കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചത് ഈ സംഘടനയില്‍പ്പെട്ടവരായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്ന് അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പുറ്റാലം ജില്ലയിലെ വാനത്തവില്ലവാ പ്രദേശത്ത് നടന്ന തിരച്ചിലില്‍ നൂറുകണക്കിന് കിലോ സ്‌ഫോടകവസ്തുക്കളും ആയുധങ്ങളുമാണ് പിടിച്ചെടുത്തത്. എന്നാല്‍ ഈ കേസിലെ പ്രതികളെ ശ്രീലങ്കയിലെ ഒരു ഉന്നത രാഷ്ട്രീയ നേതാവിന്റെ ഇടപെടല്‍മൂലം വിട്ടയച്ചു എന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. അന്ന് വിട്ടയച്ചവരില്‍ ഒരാള്‍ക്ക് ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ പങ്കുള്ളതായും പറയുന്നു.
രാഷ്ട്രീയ നേതൃത്വം എന്തുകൊണ്ട് ഇത്തരം തീവ്രവാദികളോട് മൃദു സമീപനം കൈക്കൊണ്ടു. എന്തുകൊണ്ടാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളടക്കം മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച പറ്റി എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടിരിക്കുന്നു.
ഈ സാഹചര്യത്തിലാണ് ശ്രീലങ്കയില്‍ വളര്‍ന്ന് വരുന്ന തീവ്രവാദികള്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത്. കുറച്ച് കാലമായി ശ്രീലങ്കയും അതിന്റെ തലസ്ഥാനമായ കൊളംബോയും ഇസ്‌ലാമിക തീവ്രവാദത്തിന്റെയും ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ഒരു കേന്ദ്രമായി മാറിയിട്ടുണ്ട്. പാകിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐയുടെ ഇന്ത്യാവിരുദ്ധ നീക്കങ്ങളുടെ പ്രധാന കേന്ദ്രമായി ഇവിടം മാറിയിട്ടുണ്ട്. അവര്‍ക്ക് അവിടെ നിന്ന് നിയന്ത്രിക്കുന്ന ഒരു നെറ്റ്‌വര്‍ക്ക് തന്നെയുണ്ട്.
കേരളവും തമിഴ്‌നാടുമായി തൊട്ടടുത്ത് കിടക്കുന്ന ശ്രീലങ്കയുടെ തന്ത്രപരമായ പ്രാധാന്യവും, തമിഴ് സംസാരിക്കുന്ന മുസ്ലിം വിഭാഗങ്ങളുടെ സാന്നിധ്യവും പരമാവധി മുതലെടുക്കുകയാണ് ഐ.എസ്.ഐ ചെയ്യുന്നത്.
തീവ്രസ്വഭാവം പുലര്‍ത്തുന്ന കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഇസ്‌ലാമിക സംഘടനകള്‍ക്കും ശ്രീലങ്കയുമായി ബന്ധമുണ്ട്. കേരളത്തില്‍ നിന്ന് ഐ.എസില്‍ ചേര്‍ന്നവരില്‍ പലരും സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും കടന്നത് കൊളംബോ വഴിയായിരുന്നു എന്ന വസ്തുത ഇവിടെ ഓര്‍ക്കേണ്ടതാണ്.
ശ്രീലങ്കയില്‍ തീവ്രവാദം വളര്‍ത്തുന്നതില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള തീവ്രസ്വഭാവമുള്ള മത പ്രഭാഷകരുടെ പങ്ക് ശ്രദ്ധേയമാണ്. 2005ല്‍ തമിഴ്‌നാട് സ്വദേശിയും തമിഴ്‌നാട് തൗഹീദ് ജമാത്ത് എന്ന സംഘടനയുടെ നേതാവുമായ പി.ജൈനലബ്ദീനെ തീവ്രസ്വഭാവമുള്ള പ്രസംഗങ്ങള്‍ നടത്തി സംഘര്‍ഷം സൃഷ്ടിച്ചതിന്റെ പേരില്‍ ശ്രീലങ്ക ഇന്ത്യയിലേക്ക് നാട് കടത്തിയിരുന്നു. 2015ല്‍ ഇയാള്‍ വീണ്ടും ശ്രീലങ്കയിലെത്താന്‍ ശ്രമിച്ചെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ വിസ നിഷേധിക്കുകയാണുണ്ടായത്. സൗദി അറേബ്യയില്‍ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് വഹാബി ചിന്താഗതി തമിഴ്‌നാട്ടിലും ശ്രീലങ്കയിലും വളര്‍ത്തുന്നതില്‍, ജൈനലബ്ദീനും തൗഹീദ് ജമാത്തിനും വളരെയധികം പങ്കുണ്ട് എന്നാണ് പറയപ്പെടുന്നത്. കൂടാതെ ശ്രീലങ്കയില്‍ ബോംബാക്രമണം നടത്തിയ നാഷണല്‍ തൗഹീദ് ജമാത്തുമായും, ഇവര്‍ക്ക് ബന്ധമുണ്ട് എന്ന് കരുതപ്പെടുന്നു. എന്നാല്‍ അവരുമായി തങ്ങള്‍ക്ക് ബന്ധമില്ലാ എന്നാണ് തമിഴ്‌നാട് തൗഹീദ് ജമാത്ത് ബോംബ് ആക്രമണങ്ങള്‍ക്ക് ശേഷം അവകാശപ്പെടുന്നത്.
ജൈനലബ്ദീനെ കൂടാതെ അയൂബ് എന്ന തമിഴ്‌നാട് സ്വദേശിക്കെതിരെയും, സന്ദര്‍ശക വിസയിലെത്തി തീവ്രസ്വഭാവമുള്ള പ്രഭാഷണങ്ങളിലൂടെ സംഘര്‍ഷം സൃഷ്ടിച്ചതിന് ശ്രീലങ്ക നടപടിയെടുത്തിരുന്നു. ഇത്തരത്തില്‍ പുറത്ത് നിന്നെത്തി ശ്രീലങ്കയില്‍ ഇസ്‌ലാമിക തീവ്രവാദം വളര്‍ത്താനും സംഘര്‍ഷം സൃഷ്ടിക്കാനും നിരവധി പേര്‍ ശ്രമിക്കുന്നു എന്നാണ് ശ്രീലങ്കന്‍ സുരക്ഷാ ഏജന്‍സികള്‍ പറയുന്നത്.
അതിര്‍ത്തി കടന്ന് അയല്‍രാജ്യങ്ങളിലെത്തുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ അവിടെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും ഇസ്ലാമിക ഭീകരവാദത്തിന്റെ, ആഗോളവല്‍ക്കരണത്തിന്റെ കണ്ണികളായി മാറുകയും ചെയ്യുമ്പോള്‍ നമ്മുടെ നാട്ടിലെ ഗവണ്‍മെന്റുകള്‍ ഇത്തരക്കാര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചത് എന്നതാണ് പ്രസക്തമായ ചോദ്യം. അതോടൊപ്പം അടുത്തെത്തി നില്‍ക്കുന്ന ആപത്തിനെ കുറിച്ച് നാം ബോധവാന്‍മാരാണോ എന്ന സംശയവും ബാക്കിനില്‍ക്കുന്നു.