പൗരത്വ നിയമ ഭേദഗതിക്കെതിരെ മുസ്ലിം പിന്തുണ ഉറപ്പിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും നിരവധി വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയുണ്ടായി. 1947-ലെ ഭാരത വിഭജനത്തിന്റെ ഉത്തരവാദിത്വം മുസ്ലിം മതമൗലികവാദികള്‍ക്കല്ല, ഹിന്ദു ദേശീയവാദികള്‍ക്കാണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചതാണ് ഇതിലൊന്ന്. ഇതിനായി ദ്വിരാഷ്ട്രവാദത്തിന്റെ ഉപജ്ഞാതാവായി വി.ഡി. സവര്‍ക്കറെ ചിത്രീകരിക്കുന്നതില്‍ കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും കൈകോര്‍ത്തു. മതത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രത്തെ വിഭജിക്കാന്‍ കാരണക്കാരായി എന്ന കുറ്റത്തില്‍നിന്ന് തങ്ങളെ മുന്‍കാല പ്രാബല്യത്തോടെ ഒഴിവാക്കുന്നതില്‍ മുസ്ലിം മതമൗലികവാദികള്‍ അതിയായി സന്തോഷിച്ചു. കോണ്‍ഗ്രസ്സ്-ഇടതു പ്രചാരണം ഒരു സുവര്‍ണാവസരമായി കണ്ട് മുസ്ലിം മതമൗലികവാദികള്‍ അത് ഏറ്റുപിടിക്കുകയും ചെയ്തു.
‘സവര്‍ക്കറുടെ ദ്വിരാഷ്ട്രവാദം’ ശരിവയ്ക്കുന്നതാണ് പൗരത്വ നിയമഭേദഗതി ബില്‍ എന്നാണ് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രാജ്യസഭയിലെ ചര്‍ച്ചയില്‍ പറഞ്ഞത്. ദ്വിരാഷ്ട്രവാദം കൊണ്ടുവന്നത് മുസ്ലിംലീഗ് നേതാവായിരുന്ന മുഹമ്മദാലി ജിന്നയല്ല, ഹിന്ദു മഹാസഭയാണ് എന്നായിരുന്നു കോണ്‍ഗ്രസ്സ് നേതാവ് ആനന്ദ് ശര്‍മ വാദിച്ചത്. മുസ്ലിംലീഗ് ദ്വിരാഷ്ട്രവാദം ഉന്നയിക്കുന്നതിന് മൂന്നുവര്‍ഷം മുന്‍പേ വിനായക ദാമോദര സവര്‍ക്കാര്‍ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും രണ്ട് രാഷ്ട്രങ്ങളായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു എന്ന വാദവുമായി കോണ്‍ഗ്രസ് നേതാവും ഗ്രന്ഥകാരനുമായ ശശി തരൂരും രംഗത്തെത്തി. സിപിഎം നേതാവായ സീതാറാം യെച്ചൂരിയാകട്ടെ, രാഷ്ട്ര വിഭജനത്തില്‍ ജിന്നയ്‌ക്കൊപ്പം സവര്‍ക്കറെയും കുറ്റപ്പെടുത്തുന്നു. പൗരത്വ നിയമ ഭേദഗതി ബില്‍ ‘ജിന്നയുടെയും സവര്‍ക്കറുടെയും സ്വപ്‌നം’ എന്നാണ് യെച്ചൂരി വിശേഷിപ്പിച്ചത്.
സവര്‍ക്കറുടെ ‘ദ്വിരാഷ്ട്രവാദ’ത്തിന്റെ സത്യം എന്തായിരുന്നുവെന്ന് പരിശോധിക്കുന്നതിനു മുന്‍പ് ഇക്കാര്യത്തില്‍ മുസ്ലിംലീഗിന്റെ പങ്കിനെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും ചരിത്രം എന്തുപറയുന്നു എന്ന് നോക്കാം. സവര്‍ക്കര്‍ക്ക് ശേഷമാണ് മുസ്ലിംലീഗ് ദ്വിരാഷ്ട്രവാദം ഉന്നയിച്ചതെന്ന് ശശി തരൂര്‍ പറയുന്നത് 1940-ല്‍ ലീഗ് പാസ്സാക്കിയ ലാഹോര്‍ പ്രമേയത്തെ മുന്‍നിര്‍ത്തിയാണ്. മുസ്ലിങ്ങള്‍ക്ക് പ്രത്യേക രാഷ്ട്രം വേണമെന്ന് ഈ പ്രമേയത്തിലൂടെ ലീഗ് ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ ഇത് അര്‍ദ്ധസത്യം മാത്രമാണ്. വാസ്തവത്തില്‍ ലീഗിന്റെ ലാഹോര്‍ പ്രമേയത്തിന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പുതന്നെ മുസ്ലിം പ്രമാണിമാര്‍ ദ്വിരാഷ്ട്രവാദം ശക്തമായും, യാതൊരു മറയില്ലാതെയും ഉന്നയിക്കുന്നതാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ തന്നെ മുസ്ലിം പ്രമാണിമാര്‍ ഹിന്ദുക്കളും മുസ്ലിങ്ങളും പ്രത്യേക രാഷ്ട്രമാണെന്ന് വാദിച്ചുപോന്നിരുന്നു. പാകിസ്ഥാന്‍ എന്ന ആശയത്തിന്റെ ഉപജ്ഞാതാവെന്ന് വിശേഷിപ്പിക്കപ്പെടുന്നത് അലിഗഡ് മുസ്ലിം സര്‍വകലാശാലയുടെ സ്ഥാപകന്‍ സയ്യദ് അഹമ്മദ് ഖാന്‍ ആണ്. പാകിസ്ഥാന്റെ പിതാവ് എന്നുപോലും അഹമ്മദ് ഖാനെ വിളിക്കാം.
”തങ്ങളുടെ മതവും ജീവിത രീതിയും തീര്‍ത്തും വ്യത്യസ്തമായതിനാല്‍ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും ഒരിക്കലും ഒരു രാഷ്ട്രമാവാന്‍ കഴിയില്ലെന്ന് എനിക്കുറപ്പാണ്” എന്ന് 1876 ല്‍ പ്രഖ്യാപിച്ച സയ്യദ് അഹമ്മദ് ഖാന്‍ ഏഴ് വര്‍ഷത്തിനുശേഷം ഇങ്ങനെ പറഞ്ഞു: ”സുഹൃത്തുക്കളെ, ഹിന്ദുക്കളും മുസ്ലിങ്ങളും എന്ന പേരില്‍ വ്യതിരിക്തമായി രണ്ട് പ്രമുഖ രാഷ്ട്രങ്ങള്‍ ഇന്ത്യയില്‍ ജീവിക്കുന്നു. ഹിന്ദുവോ മുസ്ലിമോ ആയിരിക്കുകയെന്നത് പരസ്പര ബന്ധങ്ങളുമായോ ബാഹ്യ സാഹചര്യങ്ങളുമായോ ബന്ധമില്ലാത്ത ആന്തരിക വിശ്വാസത്തിന്റെ പ്രശ്‌നമാണ്. അതിനാല്‍ ദൈവത്തിന്റെ പങ്ക് ദൈവത്തിനു വിടുക. നിങ്ങളുടെ പങ്ക് എന്താണോ അതിനെക്കുറിച്ച് നിങ്ങളും ചിന്തിക്കുക. ഇന്ത്യ നമ്മുടെ രണ്ട് കൂട്ടരുടെയും വീടാണ്. ഇവിടെ ഒരുമിച്ചു ജീവിക്കുന്നിടത്തോളം രണ്ടുപേരുടെയും രക്തത്തില്‍ മാറ്റം വരും.”
ഇവിടെയും നിര്‍ത്താതെ അഹമ്മദ് ഖാന്‍ ഇങ്ങനെ തുടരുന്നു: ”രണ്ട് കൂട്ടരുടെയും നിറം ഒരുപോലെയാവും. ഇരു കൂട്ടുരുടെയും മുഖം മാറി ഒരുപോലെയാവും. മുസ്ലിങ്ങള്‍ ഹിന്ദുക്കളില്‍നിന്ന് നൂറുകണക്കിന് രീതികള്‍ ആര്‍ജിച്ചിട്ടുണ്ട്. മുസ്ലിങ്ങളില്‍ നിന്ന് ഹിന്ദുക്കളും ഇങ്ങനെ ചെയ്തിട്ടുണ്ട്. നമ്മള്‍ പരസ്പരം ഇടകലര്‍ന്നതിന്റെ ഫലമായി പുതിയൊരു ഭാഷപോലും നിര്‍മിച്ചു-ഉര്‍ദു. ഇത് നമ്മുടേതോ അവരുടേതോ അല്ല.”
1888-ല്‍ അഹമ്മദ് ഖാന്‍ പ്രഖ്യാപിച്ചു: ”ഇപ്പോള്‍ ഇംഗ്ലീഷുകാരും അവരുടെ സൈന്യവും ഇന്ത്യ വിടുകയാണെന്ന് സങ്കല്‍പ്പിക്കുക. അവരുടെ ധര്‍മശാസ്ത്രങ്ങളും ഗംഭീരമായ ആയുധങ്ങളും മറ്റും ഒപ്പംകൊണ്ടുപോവുകയാണെന്ന് കരുതുക. അപ്പോള്‍ ആരായിരിക്കും ഇന്ത്യയുടെ ഭരണാധികാരികള്‍… ഈ സാഹചര്യത്തില്‍ രണ്ട് രാഷ്ട്രങ്ങള്‍ തന്നെയായ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും ഒരേ സിംഹാസനത്തില്‍ ഇരുന്ന് അധികാരം തുല്യമായി പങ്കിടാനാവുമോ? തീര്‍ച്ചയായും ഇല്ല. നമ്മിലൊരു കൂട്ടര്‍ മറ്റേ കൂട്ടരെ കീഴ്‌പ്പെടുത്തേണ്ടിവരും. ഇരുകൂട്ടരും തുല്യരായിരിക്കും എന്നു കരുതുന്നത് അസാധ്യവും അചിന്ത്യവുമായിരിക്കും. ഒരു രാഷ്ട്രം മറ്റേതിനെ കീഴടക്കുന്നതുവരെ, വിധേയരാക്കുന്നതുവരെ സമാധാനം സ്ഥാപിതമാവില്ല.”
വിശദീകരണമോ വ്യാഖ്യാനമോ ആവശ്യമില്ലാത്തവിധം വ്യക്തമായ ആശയങ്ങളാണ് സയ്യിദ് അഹമ്മദ് ഖാന്‍ അവതരിപ്പിക്കുന്നത്. ആപല്‍ക്കരമായ ആശയങ്ങള്‍ ഒട്ടും വളച്ചുകെട്ടില്ലാതെ അവതരിപ്പിക്കുകയാണ്. ഒരു കാരണവശാലും ഹിന്ദുക്കള്‍ക്കൊപ്പം മുസ്ലിങ്ങള്‍ക്ക് കഴിയാനാവില്ലെന്നും, ഏതെങ്കിലും സാഹചര്യത്തില്‍ അങ്ങനെ കഴിയേണ്ടിവരുന്നത് ഇസ്ലാമിക വിരുദ്ധമാണെന്നും, ഫലം സമ്പൂര്‍ണ നാശമായിരിക്കുമെന്നും മുസ്ലിങ്ങളെ ആഹ്വാനം ചെയ്യുകയാണ് അഹമ്മദ് ഖാന്‍.
1940 ലെ ലാഹോര്‍ പ്രമേയത്തില്‍ മുസ്ലിംലീഗാണ് ആദ്യമായി ദ്വിരാഷ്ട്ര വാദം ഉന്നയിച്ചതെന്ന വാദം ചരിത്ര നിഷേധമാണെന്ന് സയ്യിദ് അഹമ്മദ് ഖാന്റെ വാക്കുകളില്‍നിന്ന് വ്യക്തമാണ്. യഥാര്‍ത്ഥത്തില്‍ അഹമ്മദ് ഖാന്‍ മാത്രമല്ല, വിഭജന പ്രമേയം പാസ്സാക്കിയ ലീഗിന്റെ ലാഹോര്‍ സമ്മേളനത്തിനും 10 വര്‍ഷം മുന്‍പ് (1930) കവി മുഹമ്മദ് ഇക്ബാല്‍ പ്രത്യേക മുസ്ലിം രാഷ്ട്രം ആവശ്യപ്പെട്ടിരുന്നു. ആ വര്‍ഷം ഡിസംബര്‍ 29 ന് മുസ്ലിംലീഗിന്റെ അഖിലേന്ത്യാ സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തിയത് ഇക്ബാലായിരുന്നു. ഈ പ്രസംഗത്തില്‍ യാതൊരു വളച്ചുകെട്ടുമില്ലാതെ ഇക്ബാല്‍ മുസ്ലിങ്ങള്‍ക്ക് പ്രത്യേക രാഷ്ട്രം വേണമെന്ന് വാദിക്കുകയുണ്ടായി. അത് ഇങ്ങനെയാണ്: ”വിവിധ ഭാഷകള്‍ സംസാരിക്കുകയും വിവിധ മതങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവരുടെ ഭൂഖണ്ഡമാണ് ഇന്ത്യ…. അതിനാല്‍ ഇന്ത്യയിലെ മുസ്ലിങ്ങളുടെയും ഇസ്ലാമിന്റെയും ഉത്തമ താല്‍പ്പര്യത്തിനുവേണ്ടി ഞാന്‍ ഏകീകൃത മുസ്ലിം രാഷ്ട്രം വേണമെന്ന് ആവശ്യപ്പെടുന്നു.”
മുസ്ലിംലീഗിന്റെ ലാഹോര്‍ പ്രമേയത്തിലെ ദ്വിരാഷ്ട്ര വാദം ഒരു വെളിപാടല്ല എന്നതിന് തെളിവാണ് സയ്യദ് അഹമ്മദ് ഖാന്റെയും മുഹമ്മദ് ഇക്ബാലിന്റെയും വാദങ്ങള്‍. ഹിന്ദു ഭൂരിപക്ഷ ഇന്ത്യയോടുള്ള പ്രതികരണവുമല്ല അത്. വേറിടല്‍ മനോഭാവം ചരിത്രപരമായിത്തന്നെ ഇസ്ലാമിന് സഹജമാണ്. ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ ബി.ആര്‍. അംബേദ്കര്‍തന്നെ ‘പാകിസ്ഥാന്‍ ഓര്‍ ദി പാര്‍ട്ടീഷന്‍ ഓഫ് ഇന്ത്യ’ എന്ന പുസ്തകത്തില്‍ ഈ അപ്രിയ സത്യം തുറന്നുപറഞ്ഞിട്ടുണ്ട്. ”ഇസ്ലാമിക സാഹോദര്യം എന്നത് മനുഷ്യന്റെ സാര്‍വത്രിക സാഹോദര്യമല്ല. അത് മുസ്ലിങ്ങള്‍ക്കുവേണ്ടി മാത്രമുള്ള മുസ്ലിങ്ങളുടെ സാഹോദര്യമാണ്. ഒരു സാഹോദര്യമുണ്ടെന്നത് ശരിതന്നെ. പക്ഷേ അതിന്റെ ഫലം ആ കൂട്ടായ്മയില്‍ ഒതുങ്ങും. ഈ കൂട്ടായ്മയ്ക്ക് പുറത്തുള്ളവരോട് നിന്ദയും ശത്രുതയുമാണ്.” അംബേദ്കര്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട് എന്നത് പലര്‍ക്കും അവിശ്വസനീയമായി തോന്നാം. ഇതാണ് അംബേദ്കറുടെ സ്വന്തം വാക്കുകള്‍: “The brotherhood of Islam is not the universal brotherhood of man. It is the brotherhood of Muslims for Muslims only. There is a fraternity, but its benefit is confined to those within that corporation. For those who are outside the corporation, there is nothing but contempt and enmity.”
ഏറ്റവും ഉദാരവാദിയെന്ന് ഇക്കാലത്തെ ലെഫ്റ്റ്-ലിബറലുകള്‍ കരുതുന്ന വിശ്വമഹാകവി രവീന്ദ്രനാഥ ടാഗൂറും ഈ വസ്തുത വ്യക്തമാക്കിയിട്ടുണ്ട്. 1924 ല്‍ ‘ടൈംസ് ഓഫ് ഇന്ത്യ’ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണിത്. ”ഹിന്ദു-മുസ്ലിം ഐക്യം യാഥാര്‍ത്ഥ്യമാകുന്നത് ഏറെക്കുറെ അസാധ്യമാക്കുന്ന ഘടകം മുസ്ലിങ്ങള്‍ക്ക് അവരുടെ ദേശസ്‌നേഹം ഏതെങ്കിലും ഒരു രാജ്യത്തിനകത്ത് ഒതുക്കിനിര്‍ത്താനാവില്ല എന്നതാണ്. ഏതെങ്കിലും ഇസ്ലാമിക ശക്തി ഇന്ത്യയെ കടന്നാക്രമിച്ച സമയത്ത് തങ്ങളുടെ പൊതുവായ രാജ്യം സംരക്ഷിക്കാന്‍ അവര്‍ (മുസ്ലിങ്ങള്‍)സ്വന്തം അയല്‍ക്കാരായ ഹിന്ദുക്കള്‍ക്കൊപ്പം നിലയുറപ്പിച്ചിട്ടുണ്ടോ എന്ന് ഞാന്‍ (മുസ്ലിങ്ങളോട്) തുറന്നു ചോദിച്ചിട്ടുണ്ട്. അവരില്‍നിന്ന് ലഭിച്ച ഉത്തരം എന്നെ തൃപ്തിപ്പെടുത്തിയില്ല… ഒരു സാഹചര്യത്തിലും ഏതെങ്കിലും മുസല്‍മാന് അവന്റെ രാജ്യം ഏതായാലും മുസ്ലിമിന് എതിരു നില്‍ക്കാനാവില്ലെന്ന് മുഹമ്മദ് അലിയെപ്പോലുള്ളവര്‍ (ഖിലാഫത്ത് പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത അലി സഹോദരന്മാരില്‍ ഒരാള്‍) തുറന്നു പ്രഖ്യാപിച്ചിട്ടുണ്ട്.” ഇതാണ് ടാഗൂറിന്റെ സ്വന്തം വാക്കുകള്‍: ‘” A very important factor which is making it almost impossible for Hindu-Muslim unity to become an accomplished fact is that the Muslims can not confine their patriotism to any one country. I had frankly asked (Muslims) whether, in the event of any Mohammedan power invading India, they (Muslims) would stand side by side with their Hindu neighbours to defend their common land. I was not satisfied with the reply I got from them… Even such a man as Mr. Mohammad Ali (one of the famous Ali brothers, the leaders of the Khilafat Movement) has declared that under no circumstances is it permissible for any Mohammedan, whatever be his country, to stand against any Mohammedan.”
ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഈ രാജ്യത്തെ പൗരന്മാരാണ്. അവര്‍ സ്‌നേഹിക്കപ്പെടണം. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. എന്നാല്‍ മുസ്ലിം വോട്ടുബാങ്കിനെ പ്രീണിപ്പിക്കാന്‍ വേണ്ടി ഇസ്ലാമിക വേറിടല്‍ വാദത്തിനു നേര്‍ക്ക് കണ്ണടയ്ക്കുന്നത് ആപത്ത് ക്ഷണിച്ചുവരുത്തലായിരിക്കും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പാകിസ്ഥാന്‍ രൂപപ്പെട്ടത് മാത്രമല്ല, ലോക ചരിത്രത്തില്‍ നിരവധി ഉദാഹരണങ്ങള്‍ ഇതിനനുകൂലമായി ചൂണ്ടിക്കാട്ടാനാവും.
(അടുത്തത്: സവര്‍ക്കര്‍
ദ്വിരാഷ്ട്രവാദിയല്ല)