കത്തോലിക്ക സഭ മതപ്രചരണത്തിന്റെയും അധിനിവേശത്തിന്റെയും ഭാഗമായി ചെന്നിടത്തെല്ലാം നടത്തിയിട്ടുള്ള ക്രൂരതകള്‍ കണക്കില്ലാത്തതാണ്. ദക്ഷിണേന്ത്യയില്‍ കേരളക്കരയും ഗോവയും ഒരേ കാലഘട്ടത്തില്‍ പോര്‍ച്ചുഗീസ് ശക്തികളുടെ നിയന്ത്രണത്തിലായെങ്കിലും പോര്‍ച്ചുഗീസ് ക്രൂരതകള്‍ ഒന്നിന് പുറകെ ഒന്നായി ഗോവയിലേക്ക് സന്നിവേശിക്കുന്നതാണ് പിന്നീട് നാം കാണുന്നത്. ഇതിന് സ്വീകരിച്ച തന്ത്രങ്ങള്‍ നിരവധി. മറ്റ് പല രാജ്യങ്ങളിലേതുമെന്ന പോലെ ഏകപക്ഷീയമായ കീഴടങ്ങല്‍ ഉണ്ടായില്ലെന്ന് മാത്രമല്ല ശക്തമായ ചെറുത്തുനില്‍പ്പ് കേരളക്കരയിലും ഗോവയിലും ഉണ്ടായി. ഗോവയില്‍ ഹിന്ദുക്കളും കേരളത്തില്‍ മാര്‍തോമ നസ്രാണികളുമായിരുന്നു ആദ്യ ഇരകള്‍. പക്ഷേ ഗോവയില്‍ അരങ്ങേറിയ ക്രൂരതകളാണ് കേരളത്തേക്കാള്‍ ഏറെ കുപ്രസിദ്ധമായത്.
കടല്‍ വഴിയുള്ള കച്ചവട നിയന്ത്രണവും മതംമാറ്റവും മുസ്ലിം വിരോധവും മാത്രമായിരുന്നു പറങ്കി അജണ്ട. ചെന്നുകയറി കീഴടക്കുന്ന ഏതൊരു രാജ്യത്തെയും വാണിജ്യ സമ്പത്തുക്കള്‍ പോര്‍ച്ചുഗലിലേക്ക് കടത്തിക്കൊണ്ടു പോകണം. അക്കാലത്ത് അറബി രാജ്യങ്ങളും ഈജിപ്തുമായിട്ടൊക്കെ ദക്ഷിണേന്ത്യക്കുണ്ടായിരുന്ന കച്ചവടങ്ങള്‍ക്ക് ഇവര്‍ തടയിട്ടു. അക്കാലത്ത് പോര്‍ച്ചുഗലില്‍ അടിമച്ചന്തകള്‍ ഉണ്ടായിരുന്നു. ക്രിസ്ത്യാനികളല്ലാത്തവരെ അടിമകളാക്കുവാന്‍ മാര്‍പാപ്പ 1441 ല്‍ പോര്‍ച്ചുഗീസ് രാജാവിന് അനുമതി നല്‍കി. മാസങ്ങളും കൊല്ലങ്ങളും നീണ്ടുനില്‍ക്കുന്ന അന്നത്തെ ഇത്തരം സമുദ്ര യാത്രകളിലെ ഒരു വിഭാഗം പ്രധാന യാത്രക്കാര്‍ ആ രാജ്യത്തെ അടിമകളും ക്രിമിനലുകളും സാമൂഹ്യ വിരുദ്ധരുമായിരിക്കും. ഇവരെ ചെന്നുപെടുന്ന രാജ്യത്ത് ഇറക്കിവിടും. ഇവര്‍ പോര്‍ച്ചുഗലിന്റെ ഒരാളായി സൈന്യത്തിന്റെയും ചാരന്റെയും പണിയെടുത്ത് അവിടങ്ങളില്‍ ഉണ്ടാകും.
1515 ഡിസംബറില്‍ അല്‍ബുക്കര്‍ക്ക് ഇന്ത്യയില്‍ വെച്ച് മരിക്കുന്നതിനിടയില്‍ മതപരിവര്‍ത്തനത്തിനും കച്ചവടത്തിനുമായി ഇയാള്‍ നടത്തിയിട്ടുള്ള കടല്‍യാത്രയും ഏറ്റുമുട്ടലുകളും യുദ്ധങ്ങളും നിരവധിയാണ്. ഇവിടെ കൊണ്ടുവന്ന അടിമകളെയും ക്രിമിനലുകളെയും കൊണ്ട് ഇവിടത്തെ സ്ത്രീകളെ വിവാഹം കഴിപ്പിക്കുവാനും അങ്ങിനെ അവരെയും അവരുടെ കുടുംബങ്ങളെയും ജനിക്കുന്ന കുട്ടികളെയും മതപരിവര്‍ത്തന പട്ടികയില്‍ പെടുത്തുവാനും പോര്‍ച്ചുഗീസുകാര്‍ പണിയെടുത്തു. മതംമാറ്റപ്പെടുന്നവരുടെ എണ്ണം കൃത്യമായി രാജാവിനെ അറിയിക്കണം’’ഇതൊരു വിളവെടുപ്പാണ്’. രാജാവ് ചിലവ് കാശ് നിശ്ചയിക്കുന്നത് എണ്ണത്തിനനുസരിച്ചാണ്. വളരെ തന്ത്രപരമായിരുന്നു പല നീക്കങ്ങളും. കച്ചവടത്തിലൂടെ രാജാക്കന്മാരെ പ്രലോഭിപ്പിച്ച് കൂടെ നിര്‍ത്തും. രാജ്യവുമായി അടുത്തുകഴിഞ്ഞാല്‍ പിന്നെ കോട്ട പണിയുവാന്‍ അനുവാദം ചോദിക്കും. സാധനങ്ങള്‍ സംഭരിക്കുവാനും സൂക്ഷിക്കുവാനുമാണ് കോട്ടകള്‍ എന്നാണ് വെപ്പ്. എന്നാല്‍ ഈ കോട്ടകള്‍ അവര്‍ക്ക് മറ്റൊരു പോര്‍ച്ചുഗല്‍ ആയിരുന്നു. അവരുടെ സ്വന്തം സ്ഥലം. നിയന്ത്രണം അവര്‍ക്ക് മാത്രം. അത് പോര്‍ച്ചുഗീസ് കോളനികളും ആയുധപ്പുരകളുമായിരുന്നു. പോര്‍ച്ചുഗീസുകാര്‍ നാട്ടിലെ സ്ത്രീകളെ വിവാഹം കഴിക്കുകയും നിര്‍ബന്ധിച്ച് മതംമാറ്റുകയും ചെയ്തിരുന്നു. മതംമാറി ക്രിസ്ത്യാനിയായെങ്കിലെ കോട്ടയില്‍ പ്രവേശിക്കുവാന്‍ കഴിയു. ഇങ്ങനെയുണ്ടാകുന്ന സങ്കരസന്തതികള്‍ ഇവര്‍ പോയിടത്തെല്ലാം ഉണ്ടായി. കേരളത്തില്‍ ഈ സങ്കര സന്തതികളെ ആംഗ്‌ളോ ഇന്ത്യന്‍സ് എന്നാണ് വിളിച്ചത്. ഇങ്ങനെയുള്ളവര്‍ക്ക് വേണ്ടി ഒരു പ്രദേശം തെരഞ്ഞെടുക്കുകയും അവിടന്ന് ക്രിസ്ത്യാനികളല്ലാത്തവരെയൊക്കെ ഒഴിപ്പിച്ച് ക്രിസ്ത്യന്‍ മേഖലയാക്കുകയും ചെയ്തു.”
പോര്‍ച്ചുഗീസ് നാവികരുടെ ലൈംഗികത എന്നും ഒരു പ്രശ്‌നമായി മാറിയിരുന്നു. മാസങ്ങള്‍ മുതല്‍ വര്‍ഷങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്നതാണ് അക്കാലത്തെ കടല്‍യാത്രകള്‍. കപ്പലുകളില്‍ പുരുഷന്മാര്‍ മാത്രമായിരിക്കും യാത്രക്കാര്‍. യൂറോപ്പാകട്ടെ ഫ്രീസെക്‌സിന്റെ നാടും. ഇവര്‍ പോകുന്നിടത്തെല്ലാം ലൈംഗികാവശ്യങ്ങള്‍ക്കായി സ്ത്രീകളെ സമീപിക്കും. ഇങ്ങനെ സംഘടിപ്പിക്കുന്ന സ്ത്രീകളെ കോട്ടയില്‍ കൊണ്ടുവരാന്‍ തുടങ്ങി. ഇത് നാവികരുടെ അച്ചടക്കത്തെ ബാധിക്കാന്‍ തുടങ്ങി. 1506 ല്‍ വൈസ്രോയി അല്‍മേഡ ഒരു ഉത്തരവ് ഇറക്കി. അതനുസരിച്ച് കോട്ടക്കുള്ളിലേക്ക് സ്ത്രീകളെ കൊണ്ടുവരുന്നത് നിരോധിച്ചു. പകരം ഈ ആവശ്യത്തിനായി ഒരു വീട് ശരിയാക്കി. പോര്‍ച്ചുഗീസുകാര്‍ മതംമാറ്റി ബിയാട്രിസ് എന്ന് പേര് മാറ്റിയ ഒരു സ്ത്രീയുടെ വീട്ടില്‍ 6 പണം കൊടുത്താല്‍ ലൈംഗിക ആവശ്യം നിര്‍വ്വഹിക്കാമെന്നതായിരുന്നു ഉത്തരവ്. ഈ ഉത്തരവ് പ്രാബല്യത്തിലായതോടെ ഈ പ്രദേശങ്ങളെല്ലാം ഒരു ഔദ്യോഗിക വേശ്യാലയങ്ങള്‍ പോലെയായി. ഇവര്‍ക്ക് വേണ്ടി ഹോം സ്റ്റേ ഭവനങ്ങളുണ്ടായി. കൊച്ചിയും ഗോവയും അടക്കം ചെന്നുകയറിയ സ്ഥലങ്ങളിലെല്ലാം അവര്‍ നാടന്‍ സ്ത്രീകളെ വിവാഹം കഴിക്കുകയും അവരെയും കുട്ടികളെയും മതംമാറ്റി ആ പണിയും മുന്നോട്ട് കൊണ്ടുപോയി. ഇങ്ങനെ വിവാഹിതരാകുന്ന പോര്‍ച്ചുഗീസ്‌കാര്‍ക്ക് പ്രോല്‍സാഹനമായി നിരവധി സമ്മാനങ്ങളും രാജാവ് നല്‍കിയിരുന്നു
ഗോവയില്‍ പോര്‍ച്ചുഗീസ് ഭരണം വരുന്നത് അവിടത്തെ രാജാവായ ബോജ്പൂര്‍ സുല്‍ത്താനെ തോല്‍പ്പിച്ചതിന് ശേഷമാണ്. ഗോവയുടെ സമുദ്ര സാമീപ്യവും മനോഹാരിതയും മാത്രമല്ല ഈ ഭൂപ്രദേശം കൈവശമാക്കിയാല്‍ ഉണ്ടാകാവുന്ന നേട്ടങ്ങളും പറങ്കികളെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. ഗോവ, കടല്‍ സഞ്ചാരികളെയും നാവികരെയും സംബന്ധിച്ചിടത്തോളം ദക്ഷിണേഷ്യയിലെ നല്ലൊരു ഇടത്താവളമായിരുന്നു.1510ലാണ് പോര്‍ച്ചുഗീസ് നാവികന്‍ അല്‍ബുക്കര്‍ക്ക് ഗോവ കീഴടക്കിയത്. കേരളക്കരയെ അപേക്ഷിച്ച് ഗോവയാണ് ആക്രമണത്തിലൂടെയുള്ള മതപരിവര്‍ത്തനത്തിന് നല്ലതെന്ന് കരുതി തെരഞ്ഞെടുക്കാനുള്ള ഒരു കാരണം കേരളത്തിലുണ്ടായിരുന്ന നാട്ടുരാജ്യങ്ങളുടെ എണ്ണമാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ ചെറുതും വലുതുമായ 15ഓളം നാട്ടുരാജ്യങ്ങള്‍ ഇന്നത്തെ കേരളക്കര പ്രദേശത്ത് ഉണ്ടായിരുന്നു. ഇവര്‍ തമ്മില്‍ ഐക്യത്തേക്കാള്‍ കൂടുതല്‍ അകല്‍ച്ചയായിരുന്നു. ഇവര്‍ തമ്മിലുണ്ടായിരുന്ന സ്പര്‍ദ്ധ ഇവരുമായി വ്യാപാരത്തിലേര്‍പ്പെടുന്ന വിദേശികള്‍ക്ക് ഒരേസമയം നേരംപോക്കും തലവേദനയുമായിരുന്നു. മറ്റൊന്ന് ദക്ഷിണേഷ്യയില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവ വിശ്വാസികള്‍ ഉണ്ടായിരുന്ന ഒരു പ്രദേശമായിരുന്നു കേരളത്തിലെ നാട്ടുരാജ്യങ്ങള്‍. നൊസ്‌തേറിയസ് – പാഷാണ്ഡ നമ്പൂതിരി സഭയെന്നൊക്കെ പാശ്ചാത്യ റോമസഭക്കാര്‍ വിളിച്ചിരുന്ന മാര്‍തോമ സഭയായിരുന്നു ഇത്. ഇവരെ തങ്ങളുടെ കത്തോലിക്ക സഭയിലേക്ക് മാര്‍ഗം കൂട്ടുന്നതിന് ഒരു വിപുലമായ പദ്ധതി തന്നെ വത്തിക്കാനും പോര്‍ച്ചുഗീസ് രാജാവും ചേര്‍ന്ന് രൂപപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ നമ്പൂതിരി സഭയെ ഉപദേശിച്ചും ശാസിച്ചും കത്തോലിക്കരാക്കുവാനും പൂര്‍ണ്ണമായും വിജാതീയരുള്ള ഗോവ പോലുള്ള പ്രദേശങ്ങളെ ഭയപ്പെടുത്തി സഭാവല്‍ക്കരിക്കാനും തീരുമാനിച്ചിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ആലോചിക്കാന്‍ മാര്‍പാപ്പയുടെ അംഗീകാരത്തോടെ ഒരോ രാജ്യത്തും കാര്യാലയങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. കാര്യവിചാര കേന്ദ്രങ്ങള്‍ എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്. ഇവിടത്തെ ഉദ്യോഗസ്ഥരെ വിദേശകാര്യ വിചാരിപ്പുകാര്‍ എന്നാണ് വിളിച്ചിരുന്നത്.ഇന്ത്യയെപ്പറ്റി ചിന്തിക്കാനും പഠിക്കാനും അക്കാലത്ത് തന്നെ യൂറോപ്പില്‍ കാര്യവിചാര കേന്ദ്രങ്ങളും വിദേശകാര്യ വിചാരിപ്പുകാരും ഉണ്ടായിരുന്നുവെന്ന് ചുരുക്കം.
കത്തോലിക്ക സഭക്ക് പുറത്തുനിലകൊണ്ടിരുന്ന പൗരസ്ത്യ സഭകള്‍ പലരും പരസ്പരം അംഗീകരിച്ചിരുന്നില്ല. ഇവര്‍ പരസ്പരം നൊസ്‌തോറിയന്‍സ് അഥവ വേദവിപരീതികള്‍ (വേദത്തിന് എതിരായി നില്‍ക്കുന്നവര്‍) ആയിട്ടാണ് കണക്കാക്കിയിരുന്നത് – ഇവര്‍ക്കൊന്നും ശക്തമായ കേന്ദ്രീകൃത സംവിധാനവും ഉണ്ടായിരുന്നില്ല.
പതിനഞ്ചാം നൂറ്റാണ്ടില്‍ കൊച്ചി കൊടുങ്ങല്ലൂര്‍ പ്രദേശങ്ങളിലായി ഉദ്ദേശം മുപ്പതിനായിരത്തോളവും കൊല്ലത്ത് ഇരുപത്തയ്യായിരത്തോളവും മാര്‍ത്തോമ ക്രിസ്ത്യാനികള്‍ താമസിച്ചിരുന്നുവെന്ന് ചില റോമന്‍ കത്തോലിക്ക ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ഇത് ശരിയാകാന്‍ വഴിയില്ല. പക്ഷെ ഇത്തരം കണക്കുകള്‍ക്ക് അടിസ്ഥാനം ഇവിടെ നിന്ന് മതപരിവര്‍ത്തന രാജ്യങ്ങള്‍ക്ക് സാധാരണ കിട്ടുന്ന പെരുപ്പിച്ചുകാട്ടിയ കണക്കുകളാണ്. ഈ എണ്ണത്തിനനുസരിച്ചാണ് അവിടെ നിന്ന് സഹായങ്ങളും സ്ഥാനങ്ങളും കിട്ടുക. ഇങ്ങനെ അന്‍പത്തയ്യാരത്തോളം വരുന്ന തങ്ങളുടെ ശത്രുപക്ഷത്തുള്ള മാര്‍ത്തോമ നമ്പൂതിരിയെ, മാനസാന്തരപ്പെടുത്തി റോമന്‍ പറങ്കിയാക്കുവാന്‍ പോര്‍ച്ചുഗീസിലെ കാര്യവിചാര കേന്ദ്രത്തില്‍ വലിയ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടാകണം.
1503 ല്‍ ഡി മെനസിസ് എന്ന പോര്‍ച്ചുഗീസ് നാവികന്‍ സാമൂതിരിയില്‍ നിന്ന് കൊടുങ്ങല്ലൂര്‍ പിടിച്ചെടുത്തു. ഇത് പോര്‍ച്ചുഗീസുകാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. ഇതേ തുടര്‍ന്ന് കത്തോലിക്ക സഭയുടെ കാര്യവിചാര കേന്ദ്രങ്ങളില്‍ വന്‍ ഇന്ത്യന്‍ പദ്ധതികളാണ് രൂപം കൊണ്ടത്. ഇതിലൊന്നായിരുന്നു വന്‍ മിഷനറി സംഘങ്ങളെ അയക്കല്‍. അക്കാലത്ത് രൂപംകൊണ്ട മതപരിവര്‍ത്തന സഭകളില്‍ ശ്രദ്ധേയമായ ഒന്നായിരുന്നു ഫ്രാന്‍സിസ്‌കന്‍ സഭ. കേരള കരയില്‍ അവര്‍ക്ക് നല്‍കിയ ജോലി പ്രധാനമായും മാര്‍ത്തോമ നസ്രാണി സഭക്കാരെ ഏതുവിധേനയും കത്തോലിക്ക സഭയിലേക്ക് കൊണ്ടുവരികയെന്നതായിരുന്നു. പ്രാര്‍ത്ഥനകളിലെ ഭാഷാ മാറ്റംവരെ ഇതിലുണ്ടായി. പേര്‍ഷ്യന്‍ സഭക്കാര്‍ നൂറ്റാണ്ടുകളായി ചൊല്ലുന്ന സുറിയാനി ഭാഷയിലെ പ്രാര്‍ത്ഥനയില്‍ നിന്ന് ഇവരുടെ പ്രാര്‍ത്ഥന മാര്‍പാപ്പ ഗ്രൂപ്പിന്റെ പ്രാര്‍ത്ഥന ഭാഷയായ ലത്തീനിലേക്ക് മാറ്റുക എന്നത് മാര്‍പാപ്പ സഭയുടെ ആദ്യ പരിപാടി ആയിരുന്നു. എന്തു ചെയ്തിട്ടാണെങ്കിലും വേണ്ടില്ല എല്ലാവരും തങ്ങളുടെ പക്ഷത്തേക്ക് വരണം. അന്നും ഇന്നും ഈ ചിന്താഗതിക്കൊരു മാറ്റവുമില്ല.
ഇതിനായി നിരവധി പാക്കേജുകളും വാഗ്ദാനങ്ങളും ഉണ്ടായിരുന്നു. പണവും പാരിതോഷികങ്ങളും നല്‍കുക, പോര്‍ച്ചുഗലിലേക്ക് വിദ്യാര്‍ത്ഥികളെ പഠിക്കുവാന്‍ കൊണ്ടുപോകുക, മാര്‍പാപ്പ സഭകളില്‍ പുരോഹിതന്മാരാക്കി അധികാരങ്ങള്‍ നല്‍കുക. ഇങ്ങനെ പോകുന്നു വാഗ്ദാനങ്ങള്‍. 1540 ല്‍ വിന്‍സന്റ് ലാഗോസ് എന്നൊരു ഫ്രാന്‍സ്സിക്കന്‍ പുരോഹിതന്‍ കൊടുങ്ങല്ലൂരില്‍ ഒരു സെമിനാരി സ്ഥാപിച്ച് പുരോഹിതന്മാരെ ഇവിടെ തന്നെ ഉണ്ടാക്കുവാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചു. പോര്‍ച്ചുഗീസുകാരെ സംബന്ധിച്ചിടത്തോളം ഇതൊരു ശ്രദ്ധേയമായ കാല്‍വെപ്പായിരുന്നു. കാരണം പേര്‍ഷ്യന്‍ സഭക്കാര്‍ ഇവിടെ ഇടക്കിടെ വന്ന് പോയി ആത്മീയ ശുശൂഷകള്‍ നല്‍കിയിരുന്നതല്ലാതെ ഇവിടെ വിശ്വാസം പ്രചരിപ്പിക്കുന്നതിന് സെമിനാരി പോലെയുള്ള സംവിധാനങ്ങളൊന്നും ചെയ്തിരുന്നില്ല. ആ കുറവ് പരിഹരിച്ചുകൊണ്ട് മുന്നോട്ട് പോകുക. മാര്‍തോമ സഭയില്‍ നിന്നുള്ളവരെ തന്നെ റോമ സെമിനാരി വഴി പുരോഹിതന്മാരാക്കി അവര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി അവരെ തന്നെ ആദ്യഘട്ടത്തില്‍ ചാക്കിട്ടു പിടിക്കുക എന്നതായിരുന്നു ലക്ഷ്യം. കേരള ഭൂപ്രദേശത്ത് ഇതിനായിരുന്നു മുന്‍ഗണന. എന്നാലും തങ്ങളുടെ തെമ്മാടി സ്വഭാവം പോര്‍ച്ചുഗീസുകാര്‍ക്ക് കേരളക്കരയിലും കാട്ടാതിരിക്കുവാന്‍ കഴിഞ്ഞില്ല.
1542-ല്‍ വാസ്‌കോഡിഗാമയുടെ പുത്രനായ എസ്റ്റവഗാമയുടെ മരണശേഷം അഫോണ്‍സൊ ഡി സുസ എന്നയാള്‍ പോര്‍ച്ചുഗീസ് തലവനായി. വാസ്‌കോഡി ഗാമയുടെ ആദ്യ വരവ് മുതല്‍ പോര്‍ച്ചുഗലും മാര്‍പാപ്പയും ഏറ്റവും കൂടുതല്‍ തല പുകഞ്ഞാലോചിച്ചത് ഇന്ത്യയെക്കുറിച്ചാണ്. അവര്‍ ചിന്തിച്ചിട്ടുള്ളതിലും കണ്ടിട്ടുള്ളതിലും വച്ച് വളരെ വലിയ രാജ്യമായിരുന്ന ഇന്ത്യ: ഇത്ര വലിയ ഭൂപ്രദേശം ഭരിച്ച് മൊത്തമായി മതംമാറ്റുവാന്‍ കഴിഞ്ഞാല്‍ ലോകത്തില്‍ തങ്ങളുടെ സ്ഥാനമെന്തായിരിക്കുമെന്നോര്‍ത്ത് അവര്‍ കോള്‍മയിര്‍കൊണ്ടു. എന്നാല്‍ എത്ര കിണഞ്ഞ് പരിശ്രമിച്ചിട്ടും ഈ ലക്ഷ്യത്തിനടുത്തേക്കെത്തുവാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇന്ത്യയില്‍ കച്ചവട കാര്യത്തില്‍ ചില നേട്ടങ്ങളുണ്ടാകുവാനും കോഴിക്കോട്, കൊച്ചി നാട്ടുരാജ്യങ്ങളുമായുള്ള കച്ചവടക്കുത്തക ഉറപ്പിക്കാനുമൊക്കെ കഴിഞ്ഞെങ്കിലും മതപരിവര്‍ത്തനം കാര്യമായി നടത്തുവാന്‍ കഴിഞ്ഞിരുന്നില്ല. ക്ഷേത്രങ്ങളാണ് ഹിന്ദു മതവിശ്വാസത്തിന്റെ അടിത്തറയെന്നും ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടാല്‍ വിശ്വാസം തകര്‍ന്ന് ഹിന്ദുക്കള്‍ മുഴുവന്‍ തങ്ങളുടെ കൂടെ വരുമെന്നും മാര്‍പാപ്പ സംഘം കണക്കുകൂട്ടി. ഇതിനെ തുടര്‍ന്ന് 1540 ല്‍ പോര്‍ച്ചുഗീസ് രാജാവ് ക്ഷേത്രങ്ങള്‍ തകര്‍ക്കുവാന്‍ ഉത്തരവിട്ടു.
കായംകുളം തീരത്ത് അവരുടെ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതിനായി പാണ്ടികശാല കെട്ടുവാന്‍ പോര്‍ച്ചുഗലിന് രാജാവ് അനുവാദം നല്‍കിയിരുന്നു.ഇവരുടെ പാണ്ടികശാലക്കടുത്തുള്ള തേവലക്കര ക്ഷേത്രത്തില്‍ ഭൂമിക്ക് അടിയില്‍ വന്‍തോതില്‍ സമ്പത്തുണ്ടെന്ന് പോര്‍ച്ചുഗീസ് ഗവര്‍ണറായ അഫോണ്‍സൊ ഡി സുസക്ക് ഒരു അറിവ് കിട്ടി. ഉടനെ അവര്‍ ക്ഷേത്രത്തിലേക്ക് കയറി അവിടെ ഉണ്ടായിരുന്നവരെ ബന്ദിയാക്കി. അവിടെയാകെ കുഴിച്ചിളക്കി. നേരം വെളുക്കുന്നവരെ കുഴിച്ചിട്ടും കുറച്ച് വെള്ളിനാണയങ്ങളല്ലാതെ കാര്യമായിട്ടൊന്നും നേടാന്‍ അവര്‍ക്കായില്ല. നിരാശരായി നേരം വെളുത്ത് തിരിച്ച് പോരുമ്പോള്‍ ക്ഷേത്ര സംരക്ഷകരായ നായര്‍ സൈന്യം ഇവരെ ആക്രമിച്ചു. 30-ളം പോര്‍ച്ചുഗീസ് സൈനികര്‍ കൊല ചെയ്യപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തോറ്റ് ഓടി വരുന്ന പറങ്കികള്‍ വഴിയില്‍ കണ്ട മറ്റൊരു ക്ഷേത്രത്തിലും കൊള്ളക്ക് കയറി.
മതപരിവര്‍ത്തനമെന്ന മനോരോഗത്തിന് അടിമകളായിരുന്നു സഭാവ്യത്യാസമില്ലാതെ ക്രൈസ്തവ മിഷണറിമാര്‍ എന്നും. പേര്‍ഷ്യന്‍ സഭയില്‍പ്പെട്ട ക്രിസ്ത്യാനികളെ മാത്രമല്ല വിജാതീയരെയും രാജാക്കന്മാരെ തന്നെയും മുഴുവനായി മതംമാറ്റി ഒറ്റയടിക്ക് ആ രാജ്യം തന്നെ തങ്ങളുടെ മതവിശ്വാസം സ്വീകരിക്കുന്ന സുന്ദര ദിനങ്ങളായിരുന്നു പറങ്കികളുടെ മനസ്സില്‍. സാമൂതിരിയുടെ കീഴില്‍ നാട്ടുരാജാവായിരുന്ന താനൂര്‍ രാജാവ് പോര്‍ച്ചുഗീസുകാരുമായി അടുപ്പം സ്ഥാപിച്ച് എന്തെങ്കിലും നേട്ടമുണ്ടാക്കുവാന്‍ കഴിയുമോയെന്ന ശ്രമത്തിന്റെ ഭാഗമായി ക്രിസ്ത്യാനിയാകുവാന്‍ തീരുമാനിച്ചു. പോര്‍ച്ചുഗീസുകാര്‍ക്ക് ഇത് സന്തോഷകരമായ വാര്‍ത്തയായിരുന്നു. ഇതൊരു നല്ല തുടക്കമായി അവര്‍ കണ്ടു. അവര്‍ ഇതിന് വലിയ പ്രചരണം കൊടുക്കുകയും ഗോവയില്‍ വലിയൊരു സ്വീകരണം ഏര്‍പ്പാടാക്കുകയും ചെയ്തു. പള്ളിയിലെത്തി മതംമാറി തിരിച്ചുപോന്ന രാജാവ്, ആഗ്രഹിച്ച നേട്ടങ്ങളൊന്നും ലഭിക്കാതായപ്പോള്‍ ക്രിസ്തുമതം ഉപേക്ഷിച്ച് പൂര്‍വമതത്തിലേക്ക് തിരിച്ച് പോന്നു. കൊച്ചി രാജാവ്, ദേശങ്ങ നാട്ടുരാജാവ് എന്ന കൊല്ലം രാജാവ്, തിരുവിതാംകൂര്‍, കോഴിക്കോട്ട് രാജാക്കന്മാര്‍ എന്നിവരെയെല്ലാം മാര്‍ഗംകൂട്ടാന്‍ പള്ളി മതം വലിയ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല.
സത്യത്തില്‍ കേരളത്തില്‍ ഒരു ക്രിസ്ത്യന്‍ നാട്ടുരാജാവ് ഉണ്ടായിട്ടില്ലെങ്കിലും അങ്ങിനെ ഒന്നിനെ ഉണ്ടാക്കുവാന്‍ ഇവിടത്തെ എല്ലാ സഭകളും വലിയ പണിയെടുത്തിട്ടുണ്ട്. വില്ലാര്‍വട്ടം രാജവംശം എന്ന പേരിലാണ് ഇത്. കൊടുങ്ങല്ലൂരിനടുത്ത് ചേന്ദമംഗലം വില്ലാര്‍വട്ടത്തിന്റെ ആസ്ഥാനമാക്കിയിട്ടാണ് ചരിത്ര രചന. സെന്റ് തോമാസിനെ വ്യാജ ചരിത്രത്തിലൂടെ നായകനാക്കിയപോലെ വില്ലാര്‍വട്ടം ക്രൈസ്തവ രാജാവിനെ ഹിറ്റാക്കുവാന്‍ ഇവര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല:
എന്തായാലും മതംമാററത്തിലൂടെ കടന്നുവരുന്നവര്‍ക്ക് പുതിയൊരു സ്റ്റാറ്റസ് നല്‍കുവാന്‍ പോര്‍ച്ചുഗല്‍ നാട്ടുരാജ്യക്കന്മാരുമായി ഉടമ്പടി ഉണ്ടാക്കി. ഇത് നിലവില്‍ രാജ്യത്തുള്ള നിയമങ്ങളില്‍ നിന്നുള്ള ഇളവുകളായിരുന്നു. പോര്‍ച്ചുഗീസുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും നികുതി ഇളവ് ഇതില്‍ ഒന്നായിരുന്നു – പോര്‍ച്ചുഗീസുകാരും ക്രിസ്ത്യാനികളും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ വേണം വിചാരണയും വിധിയും നടത്തുവാന്‍. മതംമാറി വരുന്നവര്‍ തങ്ങളുടെ ഇഷ്ടക്കാരായതിനാല്‍ നികുതിയിളവും ശിക്ഷയിളവും സ്വാഭാവികമായും ലളിതമാകുമല്ലോ. ഇത് മതംമാറാനുള്ള വലിയൊരു പ്രോത്സാഹനമായിരുന്നു.
(തുടരും)