സംസ്ഥാന ബജറ്റിന്റെ സാമ്പത്തിക കാര്യങ്ങളിലേക്കോ പുതിയ പദ്ധതികളിലേക്കോ വിഭവ സമാഹരണത്തിലേക്കോ പോകുന്നില്ല. കാരണം, ഒരു സ്വപ്‌നസഞ്ചാരിയുടെ കുതൂഹലവും കൗതുകവും മാത്രമല്ല, ഒരു ഉറക്കത്തിനപ്പുറം നീണ്ടുപോകാത്ത, അയഥാര്‍ത്ഥവും അപ്രായോഗികവുമായ കടലാസു കൂമ്പാരം. അതുകൊണ്ടുതന്നെ, ബജറ്റിന്റെ സാമ്പത്തിക വിഷയങ്ങളിലേക്ക് കൂടുതല്‍ പോകുന്നില്ല. പക്ഷേ, ധനമന്ത്രി തോമസ് ഐസക് ഇടതുമുന്നണി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലും ബജറ്റ് പുസ്തകത്തിലും നിന്ദ്യവും നീചവുമായ രാഷ്ട്രീയക്കളിയാണ് നടത്തിയത്. ബജറ്റ് പുസ്തകത്തിന്റെ പുറംചട്ടയില്‍ കൊടുത്തിരിക്കുന്ന ചിത്രം ഗാന്ധിജി വെടിയേറ്റു വീണതിന്റേതാണ്. ബജറ്റ് പ്രസംഗത്തിന്റെ ആമുഖത്തിലുടനീളം കേന്ദ്രസര്‍ക്കാരിനെയും ബി.ജെ.പിയെയും വിമര്‍ശിക്കാനും അവര്‍ക്കെതിരെ രാഷ്ട്രീയ ആരോപണങ്ങള്‍ ഉയര്‍ത്താനുമാണ് ശ്രമിച്ചത്.
ഗാന്ധി വധത്തിന്റെ പാപഭാരം ആര്‍.എസ്.എസ്സിന്റെയും പരിവാര്‍ പ്രസ്ഥാനങ്ങളുടെയും തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമിച്ചത് ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു. ഗാന്ധിജിയും ആര്‍.എസ്.എസ്സും തമ്മില്‍ ആ സമയത്ത് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നില്ല. ഗാന്ധിജി പറയുകയും പ്രചരിപ്പിക്കുകയും ചെയ്ത രാമരാജ്യം എന്ന ചിന്താഗതി ആര്‍.എസ്.എസ് വിഭാവന ചെയ്ത ധര്‍മ്മാധിഷ്ഠിത രാഷ്ട്രം എന്ന ചിന്തയോട് ഏറ്റവും കൂടുതല്‍ അടുത്തു നില്‍ക്കുന്നതായിരുന്നു. സ്വാതന്ത്ര്യത്തിന്റെ സമയത്തും മരണത്തിനു മുന്‍പും ആര്‍.എസ്.എസ് ശാഖ സന്ദര്‍ശിച്ച മഹാത്മാഗാന്ധി ഉച്ചനീചത്വങ്ങളില്ലാതെ ജാതിഭേദമില്ലാതെ, തൊട്ടുതീണ്ടലില്ലാതെ, അയിത്തമില്ലാതെ സ്വയംസേവകര്‍ സമ്മേളിച്ചതു കണ്ട അത്ഭുതപരതന്ത്രനാവുക മാത്രമല്ല, ഹൃദയം തുറന്ന് അഭിനന്ദിക്കാനും മടിച്ചില്ല. ശാഖയിലെ സ്വയംസേവകരോട് സംവദിക്കവേ ജാതിഭേദമില്ലാത്ത, ശാഖയിലെ മതവ്യത്യാസമില്ലാത്ത, ഭാരതീയതയിലും രാഷ്ട്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിലും മാത്രം ഊന്നല്‍ നല്‍കി അതിനുവേണ്ടി സ്വജീവിതം സമര്‍പ്പിച്ച, സമര്‍പ്പിക്കാമെന്ന് പ്രതിജ്ഞ ചെയ്ത് രാഷ്ട്രത്തിന്റെ പരമവൈഭവത്തിനു വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞുവെച്ച ബഹുശതം യുവാക്കള്‍ അദ്ദേഹത്തിന്റെ ചിന്തകള്‍ക്കു പോലും അതീതമായിരുന്നു എന്നു മാത്രമല്ല, അദ്ദേഹത്തിന്റെ ചിന്താമണ്ഡലത്തെ ത്രസിപ്പിക്കുന്നതുമായിരുന്നു.
സംവാദങ്ങളിലൂടെയും ആശയസംഘര്‍ഷത്തിലൂടെയും പ്രശ്‌നപരിഹാരം ആഗ്രഹിക്കുന്ന ആര്‍ എസ് എസ്സിന് ഗാന്ധിജി ഒരിക്കലും വധിക്കപ്പെടാനുള്ള ലക്ഷ്യവും ഇരയുമായിരുന്നില്ല. ഗാന്ധിജിയുടെ ജീവചരിത്രവും അദ്ദേഹത്തിന്റെ സമ്പൂര്‍ണ്ണ കൃതികളും വിലയിരുത്തുന്നവര്‍ക്കറിയാം ഗാന്ധിജി ഒരു പൂര്‍ണ്ണ ഹിന്ദുവായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തെ മതപരിവര്‍ത്തനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സ്ഥിരമായി സന്ദര്‍ശിച്ചിരുന്ന പാതിരിക്ക് കൊടുത്ത മറുപടി ഏത് ആര്‍.എസ്.എസ്സുകാരനെക്കാളും കടുത്തതായിരുന്നു. മേശപ്പുറത്ത് അടുക്കിവെച്ചിരിക്കുന്ന പുസ്തകം കണ്ട പാതിരി ഗാന്ധിജിയോട് പറഞ്ഞു, അങ്ങ് ശരിയായ രീതിയിലാണ് പുസ്തകങ്ങള്‍ അടുക്കിയിരിക്കുന്നത്. ഏറ്റവും മുകളില്‍ ബൈബിള്‍ തന്നെയാണ്. അതാണ് ശരി. ഗാന്ധിജി മറുപടി പറഞ്ഞു, ഏറ്റവും താഴെയുള്ളത് ഗീതയാണ് അതാണ്. എല്ലാത്തിനും ആധാരം. ഈ മറുപടിയില്‍ നിന്നു തന്നെ ഗാന്ധിജി പുലര്‍ത്തിയിരുന്ന സര്‍വ്വധര്‍മ്മ സമഭാവനയും അതേസമയം ഹിന്ദുത്വത്തോടുള്ള ഒടുങ്ങാത്ത കൂറും പ്രകടമാണ്.
മതപരിവര്‍ത്തനത്തിലൂടെ ഭാരതത്തെ ക്രൈസ്തവവത്കരിക്കാന്‍ നടന്നിരുന്ന ക്രൈസ്തവ മതത്തോടുള്ള സമീപനം ഇതില്‍ നിന്ന് വ്യക്തമാണ്. അതേസമയം, യേശുദേവനോടും അദ്ദേഹത്തിന്റെ കാരുണ്യത്തോടും സഹനത്തോടും തികഞ്ഞ ആദരവ് ഗാന്ധിജി പുലര്‍ത്തിയിരുന്നു. അത് ഭാരതീയനായ ഹിന്ദുവിന്റെ ജീവിത വീക്ഷണവും മൂല്യവുമാണ്. ഇതേ ചിന്താഗതി തന്നെയാണ് അദ്ദേഹം ഇസ്ലാം മതത്തോടും പുലര്‍ത്തിയിരുന്നത്. മകന്‍ ഹരിലാല്‍ഗാന്ധി വഴിവിട്ട ജീവിതത്തിന്റെ ഉടമയായിരുന്നു. ഒരിക്കല്‍ തീവണ്ടിയാത്രയ്ക്കിടയില്‍ കണ്ടുമുട്ടുമ്പോഴാണ് താന്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു എന്ന് ഹരിലാല്‍ ഗാന്ധിജിയോട് പറഞ്ഞത്. ഇസ്ലാമിനെ ദൈവം രക്ഷിക്കട്ടെ എന്നായിരുന്നു ഗാന്ധിജിയുടെ മറുപടി. ഈ ചിന്താഗതിയുള്ള സനാതനിയായ ഗാന്ധിജി ഒരിക്കലും ആര്‍.എസ്.എസ്സിന്റെ ശത്രുവായിരുന്നില്ല. ആര്‍.എസ്.എസ്സും ഗാന്ധിജിയുമായി ഒരു ആശയസംഘര്‍ഷവും എവിടെയും ഉണ്ടായിട്ടുമില്ല. ശത്രുതയും സംഘര്‍ഷവും മുഴുവന്‍ അദ്ദേഹവും നെഹ്‌റുവും തമ്മിലായിരുന്നു. എന്നെ വെട്ടിമുറിച്ചേ ഇന്ത്യയെ വിഭജിക്കാന്‍ അനുവദിക്കൂ എന്നുപറഞ്ഞ ഗാന്ധിജിയുടെ സ്വപ്‌നങ്ങളെ തകര്‍ത്തെറിഞ്ഞത് നെഹ്‌റുവായിരുന്നു. ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്‌സെ കോടതിയില്‍ നല്‍കിയ മൊഴിയിലും മറ്റും പറഞ്ഞ കാര്യം രേഖകളാണ്. ഗാന്ധിജി അടക്കമുള്ള മതനിരപേക്ഷതാവാദികളുമായി ഏറ്റുമുട്ടാനുള്ള വീര്യം ആര്‍.എസ്.എസ് കാട്ടുന്നില്ലെന്നു പറഞ്ഞാണ് ഹിന്ദുമഹാസഭയില്‍ ചേര്‍ന്നതും പിന്നീട് ഗാന്ധിവധത്തില്‍ വരെ എത്തിയതും.
ആരായിരുന്നു ഹിന്ദുമഹാസഭയുടെ അന്നത്തെ നേതാവ്? സി.പി.എം നേതാവും ലോക്‌സഭാ സ്പീക്കറുമായിരുന്ന സോമനാഥ ചാറ്റര്‍ജിയുടെ പിതാവ് നിര്‍മ്മല്‍ ചാറ്റര്‍ജിയായിരുന്നു ഹിന്ദുമഹാസഭയെ നയിച്ചത്. അദ്ദേഹം പിന്നീട് കോണ്‍ഗ്രസ് പിന്തുണയോടെ പാര്‍ലമെന്റ് അംഗമായത് ചരിത്രം. സി പി എമ്മുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന പാര്‍ട്ടിക്കാരായ സോമനാഥ ചാറ്റര്‍ജിക്കും നിര്‍മ്മല്‍ ചാറ്റര്‍ജിക്കും ഉള്ള ആദരാഞ്ജലിയാണ് ധനമന്ത്രി തോമസ് ഐസക് ഈ ബജറ്റ് പ്രസംഗത്തിലൂടെ നടത്തിയത്. ഗാന്ധിവധത്തിന്റെ ഉത്തരവാദിത്തം ആര്‍.എസ്.എസ്സിന്റെ മേല്‍ കെട്ടിവെയ്ക്കാന്‍ ശ്രമിച്ച ഏ ജി നൂറണി മുതല്‍ രാഹുല്‍ വരെ ‘മാപ്പ് മാപ്പേ…’ എന്നുപറഞ്ഞ് നടക്കുന്നത് രാജ്യം കണ്ടതാണ്.
സംസ്ഥാനത്തിന്റെ വികസനപ്രതിസന്ധിക്ക് പരിഹാരം കാണാനോ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രായോഗികമായ പരിഹാരം നിര്‍ദ്ദേശിക്കാനോ കഴിയാത്ത ബജറ്റ് കേന്ദ്രസര്‍ക്കാരിന് ശകാരവും അതേസമയം, സ്വന്തം പിഴവുകള്‍ മൂടിവെയ്ക്കാനുമുള്ള ശ്രമവുമാണ് നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ആയുഷ്മാന്‍ ഭാരത് നടപ്പാക്കാതെ സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും റിലയന്‍സിന്റെ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തിയത് എങ്ങനെയായി എന്നുപോലും മന്ത്രി പറഞ്ഞില്ല. റിലയന്‍സ് പദ്ധതി ഉപേക്ഷിച്ചതും അഞ്ചുലക്ഷം രൂപ ഇന്‍ഷുറന്‍സ് ലഭിക്കുമായിരുന്ന ആയുഷ്മാന്‍ നഷ്ടമായതും സാധാരണക്കാരെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നതല്ലേ? ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഓരോ മലയാളിയുടെയും കടം 40,000 രൂപയായിരുന്നു. ഇന്ന് സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 2,64,459 കോടിയാണ്. അതായത് പിറന്നുവീണ കുഞ്ഞിന്റെ പോലും കടബാധ്യത 80,000 രൂപ. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 72 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്ക് നല്‍കുന്നു. പ്രത്യുല്പാദനപരമായ വികസനപ്രക്രിയക്ക് പണമില്ലാത്ത അവസ്ഥയ്ക്ക് ഒരു പരിഹാരവും കൊണ്ടുവരാന്‍ മന്ത്രിക്ക് കഴിഞ്ഞില്ല.
കിഫ്ബി വഴി 56,000 കോടിയുടെ പദ്ധതി കൊണ്ടുവരുമെന്നും 40,000 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും ഇതുവഴി 592 പദ്ധതികള്‍ നടപ്പാക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്. ആകെ ചെലവഴിച്ചത് 4000 കോടി മാത്രമാണ്. കിഫ്ബിയില്‍ എത്ര ഫണ്ട് വന്നു, പ്രവാസി ചിട്ടിയില്‍ എത്ര ഫണ്ട് വന്നു, ഏതൊക്കെ പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയത്, എന്താണ് ഇപ്പോള്‍ അവയുടെ സ്ഥിതി തുടങ്ങി ഒരു കാര്യത്തിലും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി വ്യക്തത വരുത്തിയിട്ടില്ല. പ്രളയനഷ്ടം 31,000 കോടിയാണ് എന്നായിരുന്നു പറഞ്ഞത്. പക്ഷേ, കേന്ദ്രസഹായമടക്കം കിട്ടിയ പണം എവിടെയൊക്കെ എങ്ങനെയൊക്കെ ചെലവഴിച്ചു? ചെലവഴിച്ചതിന്റെ വിശദാംശങ്ങള്‍ നല്‍കാത്തതുകൊണ്ട് കേന്ദ്രസഹായം കിട്ടാത്തത് മന്ത്രി മറച്ചുവെയ്ക്കുന്നു. പ്രളയബാധിതര്‍ക്ക് ആദ്യം പ്രഖ്യാപിച്ച 10,000 രൂപ പോലും ഇനിയും കിട്ടാത്തവര്‍ ഉണ്ടെന്ന കാര്യവും മന്ത്രി മിണ്ടിയില്ല. പിടിപ്പുകേടിന്റെയും കെടുകാര്യസ്ഥതയുടെയും ദുരന്തം മറയ്ക്കാന്‍ രാഷ്ട്രീയ വിമര്‍ശനത്തിന്റെയും കേന്ദ്രവിരോധത്തിന്റെയും ചീട്ടുകൊട്ടാരമാണ് ഐസക് ബജറ്റില്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചത്. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണം സംസ്ഥാനത്തെ തൊഴിലില്ലായ്മാപ്രശ്‌നം തന്നെയാണ്. 2018 ല്‍ 35.61 ലക്ഷം പേരാണ് കേരളത്തില്‍ തൊഴിലില്ലാത്തവരായി ഉണ്ടായിരുന്നത്. ഇവരില്‍ 2.9 ലക്ഷം പേര്‍ പ്രൊഫഷണലുകളായിരുന്നു. 2019 ല്‍ ഇത് 37.45 ലക്ഷമായി ഉയര്‍ന്നു. പ്രൊഫഷണലുകളുടെ എണ്ണം 3.2 ലക്ഷമായി കൂടി. ഇവര്‍ക്ക് തൊഴില്‍ നല്‍കാന്‍ പുതിയ അവസരം നല്‍കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ എന്തുചെയ്തു? കിഫ്ബിയുടെ റേറ്റിംഗ് കൂട്ടാന്‍, ട്രഷറിയിലെ നിക്ഷേപം ഉയര്‍ന്ന തോതില്‍ നിലനിര്‍ത്താന്‍ വാര്‍ഷികപദ്ധതിയുടെ 10 ശതമാനം അഥവാ 3000 കോടി രൂപ വെട്ടിക്കുറച്ച മണ്ടന്‍ തീരുമാനം ഒരുപക്ഷേ, കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ധനകാര്യ മാനേജ്‌മെന്റില്‍ ചരിത്രമായിരിക്കും.
കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനെന്നു പറഞ്ഞ് നിയമസഭയ്ക്കുള്ളില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെ.എം.മാണിയെ തടഞ്ഞുവെയ്ക്കുന്നത് കേരളം കണ്ടതാണ്. സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ഇ.പി.ജയരാജനും ഒക്കെ അന്ന് നിയമസഭയില്‍ സ്പീക്കറുടെ പോഡിയം മറിച്ചിടാനും മറ്റും ഉണ്ടായിരുന്നതാണ്. ഇത്തവണത്തെ ബജറ്റില്‍ മാണിക്ക് സ്മാരകത്തിന് അഞ്ചുകോടി രൂപ നീക്കിവെച്ചു. ഇരട്ട പെന്‍ഷന്റെ പേരില്‍ ഏതാണ്ട് അഞ്ചുലക്ഷം പേരുടെ സാമൂഹ്യസുരക്ഷാ പെന്‍ഷനാണ് സംസ്ഥാനസര്‍ക്കാര്‍ ഇല്ലാതാക്കിയത്. എന്നിട്ടും ക്ഷേമപെന്‍ഷനുകളില്‍ വെറും 100 രൂപയാണ് കൂട്ടിയത്. സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി എന്ന പേരില്‍ ലൈഫ് മിഷനില്‍ ഒരുലക്ഷം പുതിയ വീടുകള്‍ നിര്‍മ്മിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഇതില്‍ പ്രധാനമന്ത്രി ആവാസ് യോജനയില്‍ എത്ര വീടുണ്ട് എന്ന് തുറന്നുപറയാനുള്ള അന്തസ്സ് പോലും ധനമന്ത്രി കാട്ടിയില്ല. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ കേരളത്തില്‍ കൊണ്ടുവന്ന് പേരു മാറ്റി സ്വന്തം പേരില്‍ നടപ്പാക്കുന്ന ഉളുപ്പില്ലായ്മയ്ക്ക് സാമ്പത്തികശാസ്ത്രം എന്നാണ് പേരെങ്കില്‍ തോമസ് ഐസക്കിന് മാത്രമല്ല, പിണറായിക്കും ഡോക്ടറേറ്റ് നല്‍കണം.
കഴിഞ്ഞവര്‍ഷത്തെ പദ്ധതികള്‍ അതേപടി ആവര്‍ത്തിക്കുന്ന പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുന്ന പ്രക്രിയയും ബജറ്റില്‍ കണ്ടു. തീരദേശത്ത് ഓഖി വന്നപ്പോള്‍ 1000 കോടിയുടെ പദ്ധതിയും പ്രളയം വന്നപ്പോള്‍ 2000 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. ഇതുരണ്ടും എന്തായെന്ന് പറയാതെയാണ് ഈവര്‍ഷം വീണ്ടും 1000 കോടി പ്രഖ്യാപിച്ചത്. കുട്ടനാട് പദ്ധതിയിലും ഇതുതന്നെയാണ്. കഴിഞ്ഞവര്‍ഷവും 1000 കോടി പ്രഖ്യാപിച്ചിരുന്നു. ചെലവഴിക്കാതെ ഈ വര്‍ഷവും പ്രഖ്യാപനം വന്നു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലെ ഏറ്റവും വലിയ നിര്‍ദ്ദേശമായിരുന്നു മലബാര്‍ ബ്രാന്‍ഡ് എന്ന പേരിലുള്ള കോഫി. തോമസ് ഐസക് ഒഴികെ വേറെ ആരും ആ കാപ്പി കുടിച്ചിട്ടില്ല, കണ്ടിട്ടില്ല. ഈ വര്‍ഷവും ആ കാപ്പി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി പാക്കേജിന്റെയും വയനാട് പാക്കേജിന്റെയും സ്ഥിതിയും അതുതന്നെയാണ്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിതരെ കുറിച്ച് ഒന്നും മിണ്ടാത്ത ബജറ്റ് തിരുവനന്തപുരത്തു നിന്ന് കാസര്‍ക്കോട്ടേക്ക് 1500 രൂപ ചെലവില്‍ നാലര മണിക്കൂര്‍ കൊണ്ട് എത്താവുന്ന കിഫ്ബി അതിവേഗ തീവണ്ടിപ്പാതയെ കുറിച്ച് പറയുന്നുണ്ട്. മൂന്നുവര്‍ഷം കൊണ്ട് അത് പൂര്‍ത്തിയാകുമെന്നാണ് മന്ത്രി പറയുന്നത്. വരട്ടെ, നല്ലകാര്യം. കിഫ്ബിയില്‍ എത്ര കോടി വന്നു? എത്രകോടി ചെലവഴിച്ചു? എത്രകോടി മിച്ചമുണ്ട്? റെയില്‍ പാതയില്‍ കേന്ദ്രനിക്ഷേപം എത്രയാണ്? ഇക്കാര്യങ്ങള്‍ പറയാതെ മന്ത്രി ആരെയാണ് പറ്റിക്കുന്നത്. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ 10 ലക്ഷം രൂപ വീതം പിരിച്ച് ആര്‍ക്കോ നല്‍കിയതിന്റെ സൂചനകള്‍ ബജറ്റിലെ 222-ാം ഖണ്ഡികയില്‍ വ്യക്തമാണ്. ഈ ലേഖനം അച്ചടിച്ചു വരും മുന്‍പു തന്നെ ഇതിന്റെ വിശദാംശങ്ങള്‍ മന്ത്രി തന്നെ പറയേണ്ടി വരും എന്നതുകൊണ്ട് അതിലേക്ക് കടക്കുന്നില്ല. മാണി നടത്തി എന്ന് ആരോപിച്ചതിനേക്കാള്‍ വലിയ അഴിമതിയല്ലേ ഇത്?
തിരഞ്ഞെടുപ്പിന് മുന്‍പ് അവതരിപ്പിച്ച സമ്പൂര്‍ണ്ണ ബജറ്റില്‍ ഇത്രയും രാഷ്ട്രീയം കുത്തിനിറച്ച ധനമന്ത്രി കേരളത്തിലെ സാമാന്യ ജനങ്ങളോടും യുവജനങ്ങളോടും നീതി കാട്ടിയിട്ടില്ല; എന്നു മാത്രമല്ല, അനീതി മാത്രമാണ് കാട്ടിയത്. ആശാ വര്‍ക്കര്‍മാര്‍ക്ക് 50 രൂപയാണ് കൂട്ടിയത്. ഇത് എന്തിന് തികയുമെന്ന് മന്ത്രി തന്നെ ആലോചിക്കണം. ഭാവികേരളത്തിന്റെ വികസന സ്വപ്‌നം എന്താണെന്ന്, യുവാക്കളുടെ തൊഴില്‍ പ്രശ്‌നം എങ്ങനെ പരിഹരിക്കുമെന്ന് പോലും പറയാത്ത, പറയാനാകാത്ത തോമസ് ഐസക് മോദി വിരോധം കൊണ്ട് എത്രകാലം അതിജീവിക്കും?