Monday, September 25, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

സംഘടിത നേതൃത്വം വേണം (വിസ്മൃതമാകുന്ന വിശ്വകർമ്മകലകൾ-5 )

രതി നാരായണന്‍

Print Edition: 28 February 2020

വിശ്വകര്‍മജര്‍ പ്രധാനമായും അഞ്ച് വിഭാഗമാണെങ്കിലും 26 ഉപവിഭാഗങ്ങള്‍ ഇതിലുണ്ടെന്നാണ് ഈ സമുദായത്തിലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്. 1947 -ലാണ് വിവിധ വിശ്വകര്‍മസമുദായത്തിന്റെ ഔദ്യോഗിക സംഘടനയായ അഖില തിരുവിതാംകൂര്‍ വിശ്വകര്‍മ്മ മഹാസഭ രൂപീകരിച്ചത്. പിന്നീടിത് അഖില കേരള വിശ്വകര്‍മ്മ മഹാസഭ എന്ന പേരില്‍ അറിയപ്പെട്ടു. ഇതിന്റെ ചുവട് പിടിച്ച് പല സംഘടനകളും രൂപീകൃതമായിട്ടുണ്ട്. ചെങ്ങന്നൂര്‍ ആസ്ഥാനമാക്കിയാണ് വിശ്വകര്‍മജരുടെ സംഘടന പ്രവര്‍ത്തിച്ചു വരുന്നത്.

വിശ്വകര്‍മജരുടെ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക ഉന്നമനത്തിനായുള്ള ശുപാര്‍ശകള്‍ സര്‍ക്കാര്‍ തുറന്നു പോലും നോക്കുന്നില്ല. ഞങ്ങളുടെ നൈപുണ്യം പ്രയോജനപ്പെടുത്തുന്ന ചെറുകിട വ്യവസായങ്ങള്‍ തുടങ്ങാനുള്ള പ്രോത്സാഹനവും സാമ്പത്തിക പിന്തുണയുമാണ് സര്‍ക്കാര്‍ നല്‍കേണ്ടത്. പക്ഷേ അതൊന്നും കാര്യക്ഷമമായി നടപ്പിലാക്കാന്‍ ഒരു സര്‍ക്കാരിനും കഴിഞ്ഞിട്ടില്ലെന്ന് വിശ്വകര്‍മ മഹാസഭ സംസ്ഥാന പ്രസിഡന്റ് സുകുമാരന്‍ ആചാരി പറഞ്ഞു.

ഇതരസംസ്ഥാന തൊഴിലാളികളെ മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ വിശ്വകര്‍മജരുടെ ജോലികള്‍ നടക്കുന്നത്. കേരളത്തിന്റെ പാരമ്പര്യത്തിനും സംസ്‌കാരത്തിനും ഉതകുന്ന തച്ചുശാസ്ത്രവും പാരമ്പര്യവും പക്ഷേ ഞങ്ങള്‍ക്കേ ഉള്ളു എന്നത് എല്ലാവരും മറന്നു പോകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചെയ്യുന്ന ജോലിക്ക് പൂര്‍ണതയും ശാസ്ത്രീയതയുമുണ്ടാകണമെങ്കില്‍ ശാസ്ത്രമറിയണം എന്ന കാര്യവും സുകുമാരന്‍ ആചാരി ഓര്‍മിപ്പിക്കുന്നു.

സമുദായത്തിന്റെ നിരന്തര ആവശ്യപ്രകാരമാണ് കേരള ആര്‍ട്ടിസന്‍സ് രൂപീകരിച്ചത്. മൂന്ന് പതിറ്റാണ്ടുകഴിഞ്ഞിട്ടും ഈ സ്ഥാപനം സമുദായത്തിന് വേണ്ടവിധത്തില്‍ പ്രയോജനപ്പെടുന്നില്ലെന്നാണ് വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ടി.ആര്‍.മധു പറയുന്നത്.

‘ആധുനിക എന്‍ജിനീയര്‍മാരെ വെല്ലുന്ന വൈദഗ്ദ്ധ്യമുള്ളവരുണ്ട് സമുദായത്തില്‍. വാസ്തുശാസ്ത്രത്തില്‍ അപാരപാണ്ഡിത്യമുള്ളവര്‍ വേറെ. ഇവരെയൊക്കെ ആരറിയുന്നു അല്ലെങ്കില്‍ ഇവരുടെ അറിവ് ഇനി വരുന്ന തലമുറകളിലേക്ക് പകരാന്‍ എന്ത് സംവിധാനമാണ് ഇവിടെയുള്ളത്’ അഡ്വ. മധു ചോദിക്കുന്നു.

ഐടിഐ, പോളിടെക്‌നിക് സിലബസുകളില്‍ വിശ്വകര്‍മജരുടെ തൊഴിലുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങളുണ്ട്. അവിടെ പ്രവേശനത്തിന് ഈ സമുദായത്തില്‍ നിന്നുള്ളവര്‍ക്ക് ഒരു രീതിയിലും സംവരണമില്ലെന്നും അദ്ദേഹം പറഞ്ഞു. കലാമണ്ഡലം മാതൃകയില്‍ ഔപചാരിക വിദ്യാഭ്യാസത്തിനൊപ്പം വിശ്വകര്‍മജരുടെ തൊഴില്‍ പരിശീലിപ്പിക്കുന്ന രീതി പ്രാവര്‍ത്തികമാക്കുന്നതിന്റെ സാധ്യതയും അഡ്വ. മധു ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരുതരത്തിലുമുള്ള പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടാകുന്നില്ല, സ്വന്തം നിലയില്‍ അത്തരത്തിലൊരു സ്ഥാപനം തുടങ്ങാനുള്ള സാമ്പത്തികശേഷി സമുദായത്തിനില്ലെന്ന പോരായ്കയും അദ്ദേഹം മറച്ചുവച്ചില്ല. അതേസമയം യുവജനങ്ങളെയും സ്ത്രീകളെയും ഒന്നിപ്പിച്ച് നിര്‍ത്തി അവരുടെ കഴിവ് സമുദായത്തിന്റെ ക്ഷേമത്തിനായി വിനിയോഗിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി ചെയ്തുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിശ്വകര്‍മ സമുദായത്തില്‍പ്പെടുന്നവരില്‍ ബഹുഭൂരിപക്ഷവും കുലത്തൊഴില്‍ തുടര്‍ന്നുകൊണ്ടുവന്നവരാണ്. വിപണി സാധ്യത വേണ്ടുംവിധം ഉപയോഗിക്കാനോ പുതിയ സാധ്യതകള്‍ കണ്ടെത്താനോ പക്ഷേ ഇവര്‍ക്ക് കഴിയുന്നില്ല.

ചുരുക്കത്തില്‍ കേരള കരകൗശല കോര്‍പ്പറേഷനും ആര്‍ട്ടിസാന്‍സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനും അവകാശപ്പെടുന്നതുപോലെയല്ല കാര്യങ്ങളെന്ന് പരമ്പരാഗത കുലത്തൊഴിലുകാരുടെ ജീവിതം കാണിച്ചുതരും. പറയുമ്പോള്‍ നിരവധി പദ്ധതികളും ആനുകൂല്യങ്ങളും സൗകര്യങ്ങളുമൊക്കെയുണ്ട്. പക്ഷേ ഇതൊന്നും അത്താഴപ്പട്ടിണിക്കാരായ വിശ്വകര്‍മജരിലെത്തുന്നില്ല. സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന ചൊല്ലുപോലെ എന്തൊക്കെയോ നടക്കുന്നു എന്ന് മാത്രം. പിന്നാക്ക വികസന കോര്‍പ്പറേഷന്‍ രൂപീകൃതമായപ്പോള്‍ ഈ വിഭാഗം സന്തോഷിച്ചതാണ്. എന്നാല്‍ അതിന്റെ ചട്ടങ്ങളും നിയമങ്ങളും സാധാരണക്കാരെ ദൂരെ നിര്‍ത്തുന്നതാണെന്നും വിശ്വകര്‍മജര്‍ പരാതിപ്പെടുന്നു. സപ്തംബര്‍ 17 വിശ്വകര്‍മ്മദിനമായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്ന ആശ്വാസം മാത്രമുണ്ട്.

വിശ്വകര്‍മജരിലെ ഐക്യമില്ലായ്മയാണ് സമുദായത്തിന് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍ ഏറ്റവുമധികം തടസ്സമാകുന്നത്. കേരളത്തിന്റെ ജനസംഖ്യയില്‍ നാല്‍പ്പത് ലക്ഷത്തിലധികം വരുന്ന ജനവിഭാഗമാണ് തങ്ങളെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. പരമ്പരാഗത തൊഴിലുകളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ വലിയ തുകകള്‍ പ്രഖ്യാപിക്കുമ്പോള്‍ പക്ഷേ വിശ്വകര്‍മജര്‍ പരമ്പരാഗത തൊഴിലാളികളില്‍ വരുന്നില്ല എന്നതാണ് ഏറ്റവും അശാസ്ത്രീയമായ കാര്യം. ഇതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിഷേധ സമരങ്ങള്‍ ഒരുപാട് നടത്തിയിട്ടും പ്രയോജനമില്ലെന്ന് അഖിലകേരള വിശ്വകര്‍മ മഹാസഭ സസ്ഥാന സെക്രട്ടറി ടി.ജി.ഗോപിനാഥ് പറഞ്ഞു. രാഷ്ട്രീയമായ ഇച്ഛാശക്തിയുടെ അഭാവമാണ് വിശ്വകര്‍മജരുടെ പുരോഗതിക്ക് തടസ്സമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമുദായത്തിന്റെ വിവിധ കുലത്തൊഴില്‍ മേഖല നേരിടുന്ന ഭീഷണി ചൂണ്ടിക്കാണിക്കുമ്പോള്‍ ഒറ്റക്കെട്ടായി നില്‍ക്കാന്‍ ചില നേതാക്കള്‍ ഉപദേശിക്കാറുണ്ടെന്ന് ചില സംഘടനാനേതാക്കള്‍ പറഞ്ഞു. എന്‍എസ്എസ് പോലെയും എസ്എന്‍ഡിപി പോലെയും ഏതെങ്കിലും ഒരു മുന്നണിയെ പിന്തുണയ്ക്കുകയും അവര്‍ക്കായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ള പ്രബല സംഘടനയായി വളരുകയും ചെയ്താല്‍ കാര്യം നടക്കുമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. സമുദായ സംഘടനയിലെ ഭാരവാഹിത്വം സംബന്ധിച്ച തര്‍ക്കത്തിലാണ് പല നേതാക്കളും. സ്ഥാനമാനങ്ങള്‍ക്കായി അടി കൂടാതെ സമുദായത്തിന്റെ ക്ഷേമത്തിനായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാത്തിടത്തോളം സംഘടന കൊണ്ട് ഒരാള്‍ക്കും ഉപകാരമില്ലെന്ന് വ്യക്തം. രൂപീകൃതമായ വിവിധ സംഘടനകള്‍ രാഷ്ട്രീയമായ താത്പര്യങ്ങള്‍ക്കായി മാറിയപ്പോള്‍ സമുദായത്തിന് നഷ്ടപ്പെട്ടത് ശക്തമായ നേതൃത്വമാണ്. അസംഘടിതരായ ഒരു സമുദായത്തിന്റെ ക്ഷേമത്തിനായുള്ള സംഘടനതന്നെ അസംഘടിതമായെന്നാണ് സമുദായാംഗങ്ങള്‍ പറയുന്നത്.

തുറന്നു നോക്കാതെ പി എന്‍ ശങ്കരന്‍ കമ്മീഷന്‍ ശുപാര്‍ശ
വിശ്വകര്‍മജരുടെ പിന്നോക്കാവസ്ഥ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചതാണ് ഡോ. പിഎന്‍ ശങ്കരന്‍ കമ്മീഷനെ. രണ്ടായിരത്തി പതിമൂന്ന് മുതല്‍ വിശ്വകര്‍മസമുദായത്തിലെ മുതിര്‍ന്ന വ്യക്തികളുമായി ബന്ധപ്പെട്ടും വിവിധ ജില്ലകളില്‍ സിറ്റിംഗ് നടത്തിയും കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് 2015ലാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്. അറുപത് വയസ്സു കഴിഞ്ഞ വിശ്വകര്‍മജരുടെ പെന്‍ഷന്‍ തുക 3000 രൂപയാക്കി ഉയര്‍ത്തണം, വിശ്വകര്‍മസമുദായത്തെ നോണ്‍ ക്രിമിലെയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക, ആറന്‍മുള കേന്ദ്രമാക്കി വിശ്വകര്‍മ ദേവസ്വം ബോര്‍ഡ് സ്ഥാപിക്കുക, ആറന്‍മുള, കുഞ്ഞിമംഗലം, മാന്നാര്‍ ഗ്രാമങ്ങളെ വിശ്വകര്‍മ ഗ്രാമങ്ങളായി പ്രഖ്യാപിക്കുക, കൊച്ചിയില്‍ ആര്‍ട്ടിസാന്‍ സാമ്പത്തികമേഖല ആരംഭിക്കുക തുടങ്ങിയ ശുപാര്‍ശകളാണ് ശങ്കരന്‍ കമ്മീഷന്‍ 2015 ല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്. പി.എസ്.സി നിയമനങ്ങളില്‍ വിശ്വകര്‍മജര്‍ക്കുള്ള നിലവിലെ രണ്ട് ശതമാനം നാലാക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. സ്വന്തമായി ഭൂമിയില്ലാത്ത വിശ്വകര്‍മസമുദാംഗങ്ങളെ ഭൂ രഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്ക് ഭൂമി പതിച്ചു നല്‍കണമെന്നും ശുപാര്‍ശ ചെയ്യുന്ന കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ട് നാലു വര്‍ഷം കഴിഞ്ഞെങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല

ലോഭമില്ലാത്ത ഉറപ്പുകള്‍ എങ്ങുമെത്താത്ത വാഗ്ദാനങ്ങള്‍

കരകൗശലത്തൊഴിലാളികളുടെ വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ചു പഠിച്ച ശങ്കരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിശോധിച്ച് ബന്ധപ്പെട്ട സംഘടനകളുമായി ചര്‍ച്ച ചെയ്ത് ആവശ്യമായ തീരുമാനങ്ങളെടുക്കുമെന്നാണ് ഇതേക്കുറിച്ചുള്ള അന്വേഷണത്തിന് സര്‍ക്കാര്‍ തലത്തില്‍ നിന്ന് ലഭിക്കുന്ന പ്രതികരണം. ഇതേ പ്രതികരണമാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഈ ഉറപ്പിന് പകരം അതില്‍ നടപടി സ്വീകരിക്കുക എന്നതാണ് ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ ചെയ്യേണ്ടത്. പരമ്പരാഗത തൊഴില്‍ സമൂഹമായി അവരെ ഔദ്യോഗികമായി അംഗീകരിച്ച് ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള ഇടപെടല്‍ നടത്തുമെന്നാണ് മറ്റൊരു ഉറപ്പ്. ഈ ഉറപ്പും സമുദായം കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി, പകരം പരമ്പരാഗതകുലത്തൊഴിലുകളുടെ കൂട്ടത്തില്‍ വിശ്വകര്‍മജരെ പ്രഖ്യാപിക്കുന്ന ദിവസമാണ് ഇനി അവര്‍ക്ക് വേണ്ടത്.

മരപ്പണി, ഇരുമ്പു പണി, സ്വര്‍ണപ്പണി തുടങ്ങിയ മേഖലകളില്‍ കൊല്ലം, കോഴിക്കോട്, ആലപ്പുഴ കേന്ദ്രങ്ങളില്‍ പൊതുസേവനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിച്ചുവരികയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മാത്രമല്ല വിനോദസഞ്ചാരവികസനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് ഹോട്ടലുകളില്‍ പരമ്പരാഗതവ്യവസായോല്പന്നങ്ങള്‍ മിനിമം തോതിലെങ്കിലും നിര്‍ബ്ബന്ധമാക്കുമെന്നും ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് വിപുലമായ വിപണനകേന്ദ്രങ്ങള്‍ സംഘടിപ്പിക്കുമെന്നും ആവര്‍ത്തിക്കുന്നു. വിപണനകേന്ദ്രങ്ങളില്‍ തങ്ങളുടെ സൃഷ്ടികളെത്തിച്ച് അവ വിറ്റുപോകുന്നതും കാത്ത് കുടുംബത്തിലെ കാര്യങ്ങള്‍ മാറ്റി വയ്ക്കാനാകുമോ എന്ന ഇവരുടെ ചോദ്യത്തിന് പക്ഷേ സര്‍ക്കാരിന് ഉത്തരമില്ല. കരകൗശലോത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സഹായിക്കുമെന്നല്ലാതെ അത് നേരിട്ട് വാങ്ങാന്‍ പറ്റില്ലല്ലോ എന്നാണ് അധികൃതര്‍ പറയുന്നത്. അപ്പോള്‍ പിന്നെ നിത്യച്ചെലവിനുള്ള വഴി എന്ന നിലയില്‍ കുലത്തൊഴില്‍ എങ്ങനെ മുന്നോട്ട് പോകുമെന്നതാണ് പ്രസക്തമായ ചോദ്യം. ഇത്രയും ഉറപ്പില്ലാത്ത കഠിനമായ അധ്വാനമുള്ള ജോലി പുതിയ തലമുറയെ എങ്ങനെ ആകര്‍ഷിക്കുമെന്നത് മറ്റൊരു കാര്യം.

ആര്‍ട്ടിസാന്‍സ് കോര്‍പ്പറേഷന്റെ കീഴില്‍ വസ്ത്രഗ്രാമം, സര്‍വ്വീസ് ആന്‍ഡ് സപ്ലൈസ്‌കീം തുടങ്ങിയ പദ്ധതികളിലൂടെ 33,000 ഓളം കരകൗശല തൊഴിലാളികള്‍ക്ക് തൊഴില്‍ നല്കുവാന്‍ കഴിഞ്ഞെന്ന അവകാശവാദം സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുമ്പോള്‍ മറ്റുള്ള ആയിരക്കണക്കിന് വരുന്ന കുടുംബങ്ങളുടെ കാര്യമോ എന്ന മറുചോദ്യമാണ് വിശ്വകര്‍മസഭ ഉന്നയിക്കുന്നത്.

കളിമണ്‍ നിര്‍മാണ മേഖലയിലെ പ്രതിസന്ധിക്കും സര്‍ക്കാരിന് ചില ഉറപ്പുകളൊക്കെയുണ്ട്. ആവശ്യമായ മണ്ണ് കിട്ടുന്നില്ല എന്ന വ്യാപകമായ പരാതിക്ക് പരിഹാരം കണ്ടെത്താനുള്ള നടപടിസര്‍ക്കാര്‍ തലത്തില്‍ നിന്നുണ്ടാകും, മേല്‍മണ്ണു നഷ്ടപ്പെടാതെയും വയലുകളില്‍ വെള്ളക്കെട്ട് ഒഴിവാക്കിയും ചെളി ലഭ്യമാക്കും. കളിമണ്‍ വ്യവസായത്തിന് ആവശ്യമായ മണ്ണു ശേഖരിക്കുന്നതിന് നിയമത്തില്‍ ഇളവ് വരുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ തലത്തില്‍ നിന്ന് വിശദീകരിക്കുന്നു. വിവിധ പ്രദേശങ്ങളില്‍നിന്ന് മണ്ണ് ശേഖരിക്കുന്നതിനു വിദൂരസംവേദനസാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പഠനങ്ങള്‍ നടന്നു കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഖനനാനുമതി നേടിയെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. മണ്‍പാത്രങ്ങളും മറ്റു കളിമണ്ണുല്‍പ്പന്നങ്ങളും ആധുനിക ഡിസൈനില്‍ മൂല്യവര്‍ദ്ധിതോല്‍പന്നങ്ങളാക്കി മാറ്റിയാല്‍ ഈ മേഖലയിലുള്ള തൊഴിലാളികള്‍ക്ക് അത് പ്രയോജനപ്പെടും. എന്നാല്‍ അതിലും പരിഗണിക്കാം, നടപടികള്‍ സ്വീകരിക്കാം എന്ന പതിവ് പല്ലവിയല്ലാതെ തീരുമാനമായിട്ടില്ല.

കുട്ട, പായ, പനമ്പ് നെയ്ത്ത് തുടങ്ങിയ കൈത്തൊഴിലുകാര്‍ക്ക് മുള ക്ഷാമം വരാതിരിക്കാന്‍ തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തി മുള വ്യാപകമായി വച്ചുപിടിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ ഈ മേഖലയിലുള്ളവര്‍ക്ക് നല്‍കുന്ന ഉറപ്പ്. ഇപ്പോള്‍ 500 ഹെക്ടറിലധികം ഭൂമിയില്‍ അവ കൃഷി ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അസംസ്‌കൃതസാധനങ്ങള്‍ ഭാഗികമായി സംസ്‌ക്കരിച്ച് തൊഴില്‍ ഭാരം ലഘൂകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. പനമ്പു നെയ്ത്ത് തൊഴിലാളികളുടെ അദ്ധ്വാനഭാരം ലഘൂകരിക്കാന്‍ സാമൂഹിക യന്ത്രവല്‍ക്കൃത പനമ്പു നെയ്ത്ത് കേന്ദ്രങ്ങള്‍ കൂടുതല്‍ ആരംഭിക്കാന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചുവരികയാണെന്നും വാഗ്ദാനമുണ്ട്. ചെത്തുതൊഴിലാളികളുടെ പ്രതിസന്ധിക്ക് പൊക്കം കുറഞ്ഞ സങ്കരയിനം തെങ്ങുകള്‍ നടാന്‍ പ്രത്യേകപ്രോത്സാഹനം നല്കുമെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്. ചെത്തുസഹകരണസംഘങ്ങള്‍ക്ക് ലേലത്തില്‍ മുന്‍ഗണന നല്കിക്കൊണ്ട് അവയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

പിന്നാമ്പുറത്താകരുത് പണി, ഹൈ-ടെക്കാകട്ടെ തൊഴിലിടങ്ങള്‍
പരമ്പരാഗതതൊഴിലാളികളുടെ ജീവിതവും സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകളും ചേര്‍ത്തുവയ്ക്കുമ്പോള്‍ പൊരുത്തക്കേടുകളാണ് മുഴച്ചുനില്‍ക്കുന്നത്. ഔദ്യോഗികമായ വിശദീകരണങ്ങളും നടപടികളുമൊന്നും സാധാരണ ഒരു തൊഴിലാളിയുടെ ജീവിതത്തില്‍ ഒരു മാറ്റവും വരുത്തുന്നില്ലെന്ന് തന്നെയാണ് കേരളത്തിലങ്ങോളമിങ്ങോളമുള്ള വിശ്വകര്‍മജരുടെയും മറ്റ് പരമ്പരാഗതതൊഴിലാളികളുടെയും ജീവിതം വിളിച്ചുപറയുന്നത്. ഒരു ചെറിയ വിഭാഗത്തിന് മാത്രമാണ് സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിച്ച് കുലത്തൊഴില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നത്. ബാക്കിവരുന്നവര്‍ക്ക് പതിറ്റാണ്ടുകളായി ചെയ്യുന്ന തൊഴില്‍ ഉറപ്പുള്ള ജീവനോപാധിയല്ല. കഴിവുള്ളവരെ കണ്ടെത്തി അവരെ സംഘടിപ്പിച്ച് ചെറുകിട വ്യവസായമെന്ന നിലയില്‍ പരമ്പരാഗത തൊഴിലുകള്‍ മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് ഈ മേഖലയ്ക്ക് കരുത്തുപകരാനുള്ള ഒരു മാര്‍ഗം. സ്വകാര്യസ്ഥാപനങ്ങളുടെയോ വ്യക്തികളുടെയോ പങ്കാളിത്തത്തോടെ കമ്മീഷന്‍ വ്യവസ്ഥയില്‍ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനുള്ള നടപടികളും ആലോചിക്കാം.

തൊഴില്‍ സംസ്‌കാരത്തില്‍ മാറ്റം വരുത്തി ആധുനിക സംവിധാനങ്ങളോടെ ഒരു ഓഫീസ് ജോലി എന്ന നിലയിലേക്ക് കുലത്തൊഴിലുകളെ മാറ്റി പ്രതിഷ്ഠിക്കുന്നതാണ് പുതിയ തലമുറയെ ഇതിലേക്ക് ആകര്‍ഷിക്കാനുള്ള മാര്‍ഗം. സമ്പന്നഗൃഹങ്ങളുടെ പിന്നാമ്പുറത്ത് വിധേയത്വത്തോടെ ജോലി ചെയ്യുന്ന പൂര്‍വ്വികരുടെ പതിവ് തെറ്റിച്ച് ആവശ്യക്കാരെ സ്വന്തം ഓഫീസിലേക്ക് എത്തിക്കുന്ന ബിസിനസ്സ് തന്ത്രങ്ങള്‍ കുലത്തൊഴില്‍ മേഖലയില്‍ പരീക്ഷിക്കപ്പെടേണ്ടിയിരിക്കുന്നു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍തലത്തില്‍ നിന്നുണ്ടാകുമെന്ന പ്രതീക്ഷയ്ക്ക് പ്രസക്തിയില്ലാത്തതിനാല്‍ അതത് സമുദായങ്ങളിലെ അഭ്യസ്തവിദ്യരായ യുവതലമുറയാണ് ഇത്തരം കാര്യങ്ങളിലേക്ക് കടന്നുവരേണ്ടത്. ഇതിനായി സ്വന്തം നിലയില്‍ പ്രത്യേക പരിശീലനം നേടിയെടുക്കുന്നതും ഉപകരിക്കും. ഓണ്‍ലൈന്‍ വിപണിയുടെ സാധ്യതയും ഇവര്‍ക്ക് പ്രയോജനപ്പെടുത്താം.

പുതിയ തലമുറയുടെ മനോഭാവത്തെ ആശ്രയിച്ചേ പരമ്പരഗത കുലത്തൊഴിലുകളുടെ ഭാവി പറയാനാകൂ. മുമ്പ് സൂചിപ്പിച്ചതുപോലെ സഹജ കഴിവുകള്‍ക്കൊപ്പം ആധുനിക സാങ്കേതിക വിദ്യകളുടെ പ്രയോഗം കൂടിയായാല്‍ മാത്രമേ നിലനില്‍ക്കാനാകൂ. ഞങ്ങള്‍ ഈ തൊഴിലിനില്ല എന്ന് പറഞ്ഞ് മാറി നടക്കുന്നവരില്‍ സമൂഹത്തില്‍ മറ്റ് ഉന്നതസ്ഥാനങ്ങളില്‍ എത്തുന്നവരുടെ എണ്ണം വിരലില്‍ എണ്ണാവുന്നത് മാത്രമാണെന്നത് കൂടിയോര്‍ക്കുക. എന്‍ജിനീയറിംഗ് പോളിടെക്‌നിക്ക് പഠനസാധ്യതകള്‍ ഏറ്റവുമധികം ഉപയോഗിക്കാന്‍ കഴിയുന്ന വിഭാഗം തങ്ങളാണെന്ന് തിരിച്ചറിഞ്ഞ് വിശ്വകര്‍മസമുദായത്തിലേത് ഉള്‍പ്പെടെയുള്ള പുതിയ തലമുറ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. അതിനുള്ള ആത്മവിശ്വാസവും സാഹചര്യങ്ങളും അവര്‍ക്ക് ലഭ്യമാക്കുക എന്നത് ഭരിക്കുന്നവരുടെ ഉത്തരവാദിത്തമാകണം.

പരമ്പരാഗത തൊഴിലുകളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചാല്‍ അത് ആയിരക്കണക്കിന് വരുന്ന കുടുംബങ്ങള്‍ക്ക് ഭദ്രമായ ജീവിതം ഉറപ്പാക്കുക എന്നതിനൊപ്പം നമ്മുടെ നാടിന്റെ സംസ്‌കാരവും തനിമയും നിലനിര്‍ത്തുന്നതുകൂടിയാകും. കേരളത്തിന്റെ ചരിത്ര സാംസ്‌കാരിക തനിമ തേടിയെത്തുന്ന വിനോദസഞ്ചാരികള്‍ക്കും ചരിത്രാന്വേഷകര്‍ക്കും മുന്നില്‍ എന്നും ഒരേ പേരുകളും സൃഷ്ടികളും ആവര്‍ത്തിക്കുകയാണ് കേരളം. പൂര്‍വ്വികരുടെ സംഭാവനകള്‍ അഭിമാനത്തോടെ ചൂണ്ടിക്കാണിക്കുന്നവര്‍ വരുംതലമുറയ്ക്ക് എന്ത് നല്‍കി എന്നത് അന്വേഷണവിഷയമാകുന്ന ഒരു കാലം കാത്തുനില്‍പ്പുണ്ടെന്നത് മറക്കരുത്. മഹത്തായ സൃഷ്ടികള്‍ അതുണ്ടാക്കിയവരുടെ പേരില്‍ അല്ല ഭരിച്ചിരുന്നവരുടെ പേരിലാണ് എന്നും അറിയപ്പെടുന്നതെന്ന ചരിത്രസത്യത്തിന്റെ അടിസ്ഥാനത്തിലെങ്കിലും ഭരിക്കുന്നവര്‍ കാത്തുസൂക്ഷിക്കേണ്ട ചില കലകളും ശാസ്ത്രങ്ങളും ഇപ്പോഴുമുണ്ട്. അവ എന്നേക്കുമായി വിസ്മരിക്കപ്പെടാതിരിക്കാനെങ്കിലും പരമ്പരാഗത കുലത്തൊഴിലുകള്‍ സംരക്ഷിക്കപ്പെടുകയും നിലനില്‍ക്കുകയും വേണം.
(അവസാനിച്ചു)

 

 

 

Tags: വിസ്മൃതമാകുന്ന വിശ്വകർമ്മകളകൾ
Share3TweetSendShare

Related Posts

യുഗപുരുഷനായ ശ്രീനാരായണഗുരു

ഭാരതത്തെ ഭയക്കുന്നതാര്?

ഗണപതി എന്ന മഹാസത്യം

അജ്ഞാതവാസത്തിന്റെ അവസാനം (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 6)

മുസഫര്‍നഗറിലെ യാഥാര്‍ത്ഥ്യം

മല്ലികാ സാരാഭായിയുടെ  വിഘടനവാദരാഷ്ട്രീയം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്

പത്രസ്വാതന്ത്ര്യത്തിന്റെ വായടക്കാന്‍ കരിമ്പട്ടിക

രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നും കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തെ മോചിപ്പിക്കണം – എസ്.സുദര്‍ശനന്‍

സാധാരണക്കാരായ ഉപഭോക്താവിനെയും ലോകം പരിഗണിക്കണം – ഡോ. മോഹന്‍ ഭാഗവത്

യുഗപുരുഷനായ ശ്രീനാരായണഗുരു

സനാതന ഭാരതം

ഭാരതം എന്ന ഹിന്ദുരാഷ്ട്രം

വിഭജനവാദത്തിന്റെ വംശപരമ്പരകള്‍

പി.ശ്രീധരന്‍ എന്ന മാതൃകാ സ്വയംസേവകന്‍

കേരളം വാഴുന്നു ‘പുതിയ വര്‍ഗം’

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies