അപ്രതീക്ഷിതമായ ഒരു പ്രകൃതിദുരന്തത്തിന്റെ ആഘാതം ശരിക്കും മനസ്സിലാക്കി കഴിഞ്ഞവരാണ് മലയാളികള്‍. കേരളത്തിലുണ്ടായ പ്രളയം മലയാളികളെ കൊണ്ട് വീണ്ടും പ്രകൃതി സംരക്ഷണത്തെക്കുറിച്ചും പരിസ്ഥിതി പരിപാലനത്തെക്കുറിച്ചുമൊക്കെ ചിന്തിപ്പിക്കുവാന്‍ തുടങ്ങിയതാണ്. പക്ഷേ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എറണാകുളം ജില്ലയിലെ പറവൂരില്‍ ഒരു സമരം നടന്നുകൊണ്ടിരിക്കുകയാണ്; അതും പ്രകൃതി സംരക്ഷണത്തിന്റെ പേരില്‍.
വടക്കന്‍ പറവൂരിലെ കേട്ടുവള്ളി പഞ്ചായത്തില്‍ ഏകദേശം രണ്ടേക്കറോളം സ്ഥലത്ത് സ്ഥലമുടമയും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്ന രവീന്ദ്രനാഥും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചേര്‍ന്ന് കഴിഞ്ഞ മുപ്പതു വര്‍ഷമായി സംരക്ഷിച്ചുപോരുന്ന ഒരു ജൈവവൈവിധ്യ മേഖലയുണ്ട്; ശാന്തിവനം. അക്ഷരാര്‍ത്ഥത്തില്‍ അവിടം ചെറിയൊരു വനം തന്നെയാണ്. മൂന്ന് വലിയ കുളങ്ങളും സര്‍പ്പക്കാവുകളും കുടുംബ ക്ഷേത്രവുമൊക്കെയായി നിരവധി ചെറുതും വലുതുമായ വൃക്ഷലതാദികളാലും ജീവജന്തുക്കളാലും സമ്പന്നമായ ഒരു ജൈവ വൈവിധ്യമേഖല- അതാണ് ശാന്തിവനം. രവീന്ദ്രനാഥിന്റെ മരണശേഷം മകളായ മീനാമേനോന്‍ ആണ് ഇപ്പോള്‍ ഈ പ്രദേശം പരിപാലിച്ചു പോരുന്നത്. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും പ്രകൃതിസ്‌നേഹികള്‍ക്കും എന്നും പ്രിയപ്പെട്ട പ്രദേശമായിരുന്നു ശാന്തിവനം. കാട്ടിലഞ്ഞി, ആറ്റുപേഴ് തുടങ്ങിയ വന്‍മരങ്ങള്‍ മുതല്‍ ദേശാടനപ്പക്ഷികളും വംശനാശ ഭീഷണിനേരിട്ടുകൊണ്ടിരിക്കുന്ന ജീവജാലങ്ങളുമുള്‍പ്പെടെ ജീവിക്കുന്ന വലിയൊരു ആവാസമേഖലയാണിത്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റേത് ഉള്‍പ്പെടെ നിരവധി പഠനറിപ്പോര്‍ട്ടുകള്‍ ശാന്തിവനത്തിന്റെ പ്രത്യേകതയെയും സവിശേഷതയെയും സൂചിപ്പിക്കുന്ന തരത്തില്‍ പുറത്തുവന്നിട്ടുണ്ട്. അനുദിനം ചെറുകാവുകളും കുളങ്ങളുമുള്‍പ്പെടെ നശിച്ചുപോയിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് വലിയൊരു ഭൂപ്രദേശം ഇത്തരത്തില്‍ സംരക്ഷിച്ചുപോരുന്നത്.
കെ.എസ്.ഇ.ബിയുടെ ഇടപെടലാണ് ഇന്ന് ശാന്തിവനം ചര്‍ച്ചയാക്കിയത്. മന്നത്തുനിന്ന് ചെറായിയിലേക്ക് 110 കെ.വി. വൈദ്യുത ലൈന്‍ വലിക്കുന്ന പദ്ധതി കെ.എസ്.ഇ.ബി തയ്യാറാക്കിയിട്ടുണ്ട്. 2013ല്‍ ആണ് കെ.എസ്.ഇ.ബി. ഈ പദ്ധതി വിഭാവനം ചെയ്തത്. വൈദ്യുതിക്ഷാമം നേരിടുന്ന നിരവധി കുടുംബങ്ങളുടെ 20 വര്‍ഷത്തോളമായുള്ള ആവശ്യമാണ് ഈ 110 കെ.വി. വൈദ്യുത ലൈന്‍ എന്നുള്ളത്. പക്ഷേ ഈ വൈദ്യുത ലൈന്‍ കടന്നു പോവേണ്ടിയിരുന്നത് സാധാരണയായി നേര്‍രേഖയിലൂടെ ആയിരിക്കേണ്ടതാണ്. എന്നാല്‍ ശാന്തിവനമുള്‍ക്കൊള്ളുന്ന മേഖലയില്‍ എത്തുമ്പോള്‍ ആ വൈദ്യുത ലൈന്‍ ‘വി’ മാതൃകയില്‍ വളഞ്ഞ് ശാന്തിവനം ജൈവക്യാമ്പസിന്റെ ഹൃദയഭാഗത്തിലൂടെ കടന്നുപോകുന്ന തരത്തിലാണ് നിലവില്‍ വൈദ്യുത ബോര്‍ഡ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
പ്രളയ ദുരന്തത്തിനുശേഷം കൊടും ചൂടുകൂടി സഹിച്ച് കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും മറ്റും ചര്‍ച്ചചെയ്യുന്ന കാലത്താണ് കൊച്ചി പോലെയുള്ള ഒരു വന്‍ നഗരത്തിന്റെ വിളിപ്പാടകലെ ഒരു പ്രദേശം മുഴുവന്‍ ഹരിതസമ്പന്നമാക്കുന്ന ഒരു കാട് ഭരണകൂടത്തിന്റെ വികലമായ കാഴ്ചപ്പാട് മൂലം നശിക്കുന്നതെന്നത് ഒരു ചെറിയ കാര്യമല്ല. വരുംതലമുറക്കുവേണ്ടി പ്രകൃതിയെ സംരക്ഷിക്കണമെന്നും പച്ചപ്പ് കരുതിവെക്കണമെന്നുമൊക്കെയുള്ള സര്‍ക്കാര്‍ പരസ്യവാചകങ്ങള്‍ ശുദ്ധതട്ടിപ്പാണെന്ന് തോന്നിപ്പോവുന്ന തരത്തിലാണ് വൈദ്യുത വകുപ്പിന്റെ ഈ ഇടപെടല്‍. എന്ത് വികസന പ്രവര്‍ത്തനമാണെങ്കിലും പാരിസ്ഥിതിക ആഘാതം കുറച്ചുകൊണ്ട് മാതൃകാപരമായി വേണം സര്‍ക്കാര്‍ അവ നടപ്പിലാക്കേണ്ടത്. ശാന്തിവനം പോലെയുള്ള ഹരിതവനത്തെ സംരക്ഷിച്ചു നിര്‍ത്തേണ്ട ഉത്തരവാദിത്വമുള്ള സര്‍ക്കാര്‍ മറ്റൊരു ബദല്‍മാര്‍ഗ്ഗം ഉണ്ടായിട്ടുകൂടി ശാന്തിവനത്തെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്നത് തികച്ചും നിന്ദ്യവും ധാര്‍ഷ്ട്യവുമായ നടപടിയാണ്.
പരിസ്ഥിതി സംരക്ഷണം എന്ന് പറയുന്നത് വികസനവിരോധം എന്ന് വായിക്കുന്നു എന്നുള്ളതാണ് ഈ നാട് ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ രൂപകല്പന ചെയ്യുകയും അത് നടപ്പിലാക്കുകയുമാണ് വേണ്ടത്. പക്ഷേ ചില ഒഴിവാക്കാനാവാത്ത സന്ദര്‍ഭങ്ങളില്‍ പാരിസ്ഥിതിക മേഖലയില്‍ ആഘാതം കുറച്ചുകൊണ്ടും വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കേണ്ടതായി വരാറുണ്ട്. പക്ഷേ മേല്‍സൂചിപ്പിച്ച രണ്ട് കാര്യങ്ങളും ശാന്തിവനത്തിന്റെ വിഷയത്തില്‍ സര്‍ക്കാര്‍ സൗകര്യംപോലെ മറന്നുപോയിരിക്കുന്നതായാണ് കാണാന്‍ സാധിക്കുന്നത്. ശാന്തിവനത്തില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള നിര്‍ദ്ദിഷ്ട ടവറിന്റെ മുന്നിലും പിന്നിലുമുള്ള ടവറുകളില്‍ നിന്ന് വളഞ്ഞ് ഈ ടവര്‍ നേര്‍രേഖയില്‍ നിന്ന് മാറി സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി തീരുമാനിച്ചു. ശാന്തിവനം പോലെയുള്ള ജൈവഭൂമിയെ സംരക്ഷിക്കാന്‍ വേണ്ടിയാണ് സത്യത്തില്‍ ഇത്തരം ടവറുകള്‍ വഴിമാറി പോവേണ്ടിയിരുന്നത്. അതിനുപകരം ഈ തരത്തില്‍ നിയമത്തിന്റെ പിന്‍ബലമുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് സര്‍ക്കാര്‍ നടത്തുന്ന നടപടി മുന്‍ കെ.എസ്.ഇ.ബി. ബോര്‍ഡ് ചെയര്‍മാന്റെ മകന്റെ വസ്തു സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന പരിസ്ഥിതി സംരക്ഷകരുടെ ആരോപണം ഗൗരവത്തിലെടുക്കേണ്ട ഒന്നാണ്. മികച്ച ബദല്‍ മാര്‍ഗ്ഗം ഉണ്ടായിട്ടും അത് പരിഗണിക്കാതെ വൈദ്യുത വകുപ്പ് ടവര്‍ സ്ഥാപിക്കാന്‍ ശാന്തിവനം തെരഞ്ഞെടുത്തു, കേവലം ഒരു സെന്റ് ഭൂമിയില്‍ മാത്രം മതി നിര്‍മ്മാണം എന്ന് പറഞ്ഞ് അവര്‍ സ്ഥലം ഏറ്റെടുത്ത് നിലവില്‍ അഞ്ച് സെന്റോളം ഭൂമി തരിശാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോയിക്കൊണ്ടിരിക്കുന്നു. ഇതിനെല്ലാം നിയമത്തിന്റെ പിന്‍ബലമുണ്ടെന്നതാണ് അവകാശവാദം. പക്ഷേ സര്‍ക്കാര്‍ മനസ്സിലാക്കേണ്ട ഒരു കാര്യം പ്രകൃതിയെ നശിപ്പിച്ചാല്‍ വരാന്‍ പോകുന്ന കൊടുംചൂടിനെയും മഹാപ്രളയത്തിനെയും ഒന്നും ഒരു നിയമം കൊണ്ടും തടുക്കാനാവില്ല എന്നതാണ്.
കെ.എസ്.ഇ.ബി.യുടെ ഈ പദ്ധതി മൂലം സ്വന്തം ഭൂമിക്ക് ദോഷം വരാം എന്ന് മനസ്സിലാക്കിയ മറ്റ് ഭൂവുടമകളില്‍ ഒരാള്‍ മുന്‍ കെ.എസ്.ഇ.ബി. ചെയര്‍മാന്റെ മകന്‍ തന്നെയാകുമ്പോള്‍ അവരുടെ സ്വാധീനമുപയോഗിച്ച് ശാന്തിവനത്തെ തകര്‍ക്കാന്‍ കെ.എസ്.ഇ.ബി. നടത്തുന്ന ഈ നടപടി തികച്ചും ധിക്കാരപരമാണ്. കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഒരു പ്രകൃതി നശീകരണ പ്രവര്‍ത്തനത്തിന് കുടപിടിക്കുന്ന വൈദ്യുതബോര്‍ഡും അതിന് സര്‍വ്വപിന്തുണയും നല്‍കി കൂടെ നില്‍ക്കുന്ന വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും എന്ത് സന്ദേശമാണ് നമുക്ക് നല്‍കുന്നത്? നാഴികക്ക് നാല്‍പതുവട്ടം നവകേരളം എന്ന് ഉരുവിടുന്ന മുഖ്യമന്ത്രിയും മറ്റ് മന്ത്രിപുംഗവന്‍മാരും ഈ മണ്ണിനെയും പ്രകൃതിയെയും പച്ചപ്പിനെയും സൗകര്യംപോലെ മറന്നു പോവുകയാണ്. അവസാനത്തെ ഉദാഹരണമാണ് ശാന്തിവനം. പരിസ്ഥിതിക്കുവേണ്ടി ഒരു വകുപ്പും ഹരിതകേരളമിഷനും ജൈവവൈവിധ്യബോര്‍ഡും തുടങ്ങി നിരവധി വലിയ വലിയ സംവിധാനങ്ങളാണ് നമുക്കു ചുറ്റുമുള്ള പ്രകൃതിയെ സംരക്ഷിക്കാന്‍ വേണ്ടി ഗവണ്‍മെന്റു തന്നെ തയ്യാറാക്കി വച്ചിട്ടുള്ളത്. എന്നാല്‍ അവയെയെല്ലാം നോക്കുകുത്തികളാക്കി സര്‍ക്കാര്‍ നടത്തുന്ന ഈ ‘വികസന പ്രവര്‍ത്തനം’ ഏത് ജനതക്കുവേണ്ടിയാണ്?
പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തി മാനവരാശിക്കും ജീവജാലങ്ങള്‍ക്കും എല്ലാം നിലനില്‍ക്കാന്‍ കഴിയുന്ന രീതിയില്‍ പ്രകൃതിയെ നിലനിര്‍ത്തേണ്ടത് നമ്മുടെയെല്ലാം വ്യക്തിപരവും സാമൂഹ്യപരവുമായ ഉത്തരവാദിത്വമാണ്. ഈ ഉത്തരവാദിത്വം ഭംഗിയായി നിര്‍വ്വഹിക്കുന്നവരാണ് ശാന്തിവനത്തിലെ അന്തേവാസികളായ മീനാമേനോനും മകള്‍ ഉത്തരയും. അവര്‍ക്കുവേണ്ട സര്‍വ്വപിന്തുണയും കൊടുത്ത് അവരെ ആദരിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. കാരണം വലിയ സാമ്പത്തികലാഭം കിട്ടുന്ന ഈ ഭൂമി വാണിജ്യ ആവശ്യങ്ങള്‍ക്കുവേണ്ടി വിട്ടുകൊടുക്കാതെ ഒരു തരത്തിലുള്ള ലാഭേച്ഛയുമില്ലാതെ ഈ സമൂഹത്തിനുവേണ്ടി ഒരു ഹരിതവനമൊരുക്കാനായിട്ട് ജീവിക്കുകയാണവര്‍. ഇതിനെയാണ് ഈ ഭരണകൂടവും ചില ശക്തികളും ചേര്‍ന്ന് തകര്‍ക്കുന്നത്.
(ലേഖകന്‍ എ.ബി.വി.പി. സംസ്ഥാന സംഘടനാ സെക്രട്ടറിയാണ്)