സംഘം(ആര്‍.എസ്.എസ്) അതിന്റെ തുടക്കം മുതല്‍ സ്വയം കരുതിയിരുന്നത് സമൂഹത്തിലെ ഒരു സംഘടനയെന്നല്ല, മുഴുവന്‍ സമൂഹത്തിന്റെയും സംഘടനയെന്നാണ്. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് നാം സ്വാതന്ത്ര്യം നേടിയ ശേഷവും സംഘത്തിന്റെ ഈ നിലപാടില്‍ മാറ്റമുണ്ടായില്ല. അതിനാല്‍ സ്വാതന്ത്ര്യം ലഭിച്ച ഉടനെ 1949 ല്‍ എഴുതപ്പെട്ട സംഘത്തിന്റെ ഭരണഘടനയില്‍ ഒരു സ്വയം സേവകന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുവാന്‍ തീരുമാനിക്കുകയാണെങ്കില്‍ അയാള്‍ക്ക് ഏത് കക്ഷിയില്‍ ചേരാനും സ്വാതന്ത്ര്യമുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ജനസംഘം സ്ഥാപിക്കുന്നതിനുമുമ്പാണ് ഈ ഭരണഘടന എഴുതപ്പെട്ടത്. എങ്കിലും, ജനസംഘം നിലവില്‍വരികയും നിരവധി സ്വയംസേവകരും പ്രചാരകന്മാരും അതിനുവേണ്ടി സജീവമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്തശേഷവും ഭരണഘടനയിലെ ഈ വകുപ്പില്‍ യാതൊരു മാറ്റവും വരുത്തുകയുണ്ടായില്ല. സ്വാതന്ത്ര്യത്തിനുശേഷം നാം ജനാധിപത്യം സ്വീകരിച്ചതിനാല്‍ രാജ്യത്ത് ഒന്നിലധികം രാഷ്ട്രീയകക്ഷികള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ.് സംഘം മുഴുവന്‍ സമൂഹത്തിന്റെയും സംഘടന ആയതിനാല്‍ സാമൂഹ്യജീവിതത്തിന്റെ ഒരു മേഖലയും സംഘസ്പര്‍ശമില്ലാതിരിക്കുകയില്ല. ഒരു സ്വയംസേവകന്‍ അയാളുടെ ദേശീയ കാഴ്ചപ്പാടോടുകൂടി രാഷ്ട്രീയം ഉള്‍െപ്പടെ സാമൂഹ്യ ജീവിതത്തിന്റെ ഏത് മേഖലയിലും അയാളുടെ അഭിരുചിക്കനുസരിച്ച് സജീവമായി പ്രവര്‍ത്തിക്കണമെന്നാണ് സ്വാഭാവികമായും പ്രതീക്ഷിക്കപ്പെടുന്നത്. അതുകൊണ്ട് ചില സ്വയംസേവകര്‍ രാഷ്ട്രീയത്തില്‍ സജീവമായതിനാല്‍ ആര്‍.എസ്.എസ് ഒരു രാഷ്ട്രീയ സംഘടനയാണെന്ന് കരുതുന്നത് ശരിയല്ല.
ഒരു രാഷ്ടീയകക്ഷി ഒരു ‘ഭാഗ’ ത്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്നതിനാല്‍ മറ്റൊരു ‘ഭാഗം’ ഉണ്ടാകും. സംഘം നിലകൊള്ളുന്നത് ‘മുഴുവന്‍’ സമൂഹത്തിനും വേണ്ടിയാണ്. ആശയപരമായി സംഘവും സമൂഹവും സമാനപദങ്ങളും മന:ശാസ്ത്രപരമായി ഏകവുമാണ്. അപ്പോള്‍ എങ്ങനെയാണ് പൂര്‍ണ്ണതയ്ക്ക് ഒരു ‘ഭാഗ’ത്തിനുവേണ്ടിയുള്ള കക്ഷിയായിത്തീരാന്‍ കഴിയുക. ഈ വ്യത്യാസം മനസിലാക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്.
മഹാത്മാഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിനുവേണ്ടിയുള്ള ആഹ്വാനത്തോടുള്ള പ്രതികരണമെന്ന നിലയില്‍ 1925ലെ സംഘ സ്ഥാപനത്തിനുശേഷം 1930ല്‍ സംഘസ്ഥാപകനായ ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ ചില സ്വയംസേവകരോടും മറ്റു നിരവധി വ്യക്തികളോടും ഒപ്പം സത്യഗ്രഹത്തില്‍ പങ്കെടുക്കുകയുണ്ടായി. ഇതിനുവേണ്ടി യാത്ര തിരിക്കുന്നതിനുമുമ്പ് ഡോക്ടര്‍ജി സംഘത്തിന്റെ ചുമതല ഡോ: പരാംജ്‌പെയ്ക്ക് കൈമാറുകയും ഡോക്ടര്‍ജിയും സ്വയംസേവകരും സത്യഗ്രഹത്തില്‍ പങ്കെടുക്കുന്നത് വ്യക്തിപരമായ നിലയിലാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. സത്യഗ്രഹത്തിന്റെ ഫലമായി അദ്ദേഹത്തെ ഒരു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു.
സ്വാതന്ത്ര്യാനന്തരം ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേല്‍ ആര്‍.എസ്.എസ് കോണ്‍ഗ്രസ്സില്‍ ലയിക്കണമെന്ന് നിര്‍ദ്ദേശിച്ചു.എന്നാല്‍ ശ്രീ ഗുരുജി ആദരപൂര്‍വ്വം ഈ ക്ഷണം നിരസിക്കുകയും ഒരു രാഷ്ട്രീയ കക്ഷിയായല്ല, മുഴുവന്‍ സമൂഹത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായാണ് സംഘം പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്നതെന്ന് പറയുകയും ചെയ്തു.
ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ഡോ:ശ്യാമപ്രസാദ് മുഖര്‍ജി ശ്രീ ഗുരുജിയെ സമീപിച്ച് ദേശീയ കാഴ്ചപ്പാടോടുകൂടിയ ഒരു രാഷ്ട്രീയകക്ഷി വേണമെന്ന ആവശ്യം നിറവേറ്റാന്‍ സംഘം തയ്യാറാകണമെന്ന് നിര്‍ദ്ദേശിച്ചു. ഈ നിര്‍ദ്ദേശത്തിനു മറുപടിയായി, ഈ കാഴ്ചപ്പാടോടുകൂടിയ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കാന്‍ ഗുരുജി അദ്ദേഹത്തോട് ആവശ്യപ്പെടുകയും സംഘം എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.
1977ല്‍ അടിയന്തരാവസ്ഥയില്‍ ജനതാ പാര്‍ട്ടി വിജയിച്ച തിരഞ്ഞെടുപ്പില്‍ സ്വയംസേവകര്‍ പൂര്‍ണ്ണ മനസ്സോടെ പങ്കെടുത്തിരുന്നു. ജനതാ പാര്‍ട്ടിയുടെ രൂപീകരണത്തില്‍ മുമ്പുണ്ടായിരുന്ന പല കക്ഷികളും ലയിച്ചു. പക്ഷെ അധികാരത്തിലുള്ള ഒരു രാഷ്ട്രീയ കക്ഷിയില്‍ ലയിക്കാനുള്ള ആകര്‍ഷകമായ വാഗ്ദാനം ഉണ്ടായിട്ടും അന്നത്തെ സര്‍സംഘചാലക് ബാലാസാഹേബ് ദേവറസ്ജി അത് നിരസിക്കുകയും ദേശീയ ജീവിതത്തിലെ സവിശേഷവും നിര്‍ണ്ണായകവുമായ ഒരു ഘട്ടത്തില്‍ സംഘം തിരഞ്ഞെടുപ്പില്‍ പങ്കെടുത്തതാണെന്നും മുഴുവന്‍ സമൂഹത്തെയും സംഘടിപ്പിക്കുകയെന്ന നിശ്ചിത ദൗത്യത്തില്‍ ഇനി സംഘം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പറഞ്ഞു.
ഇതിനെല്ലാം പൂരകമായി, ‘സമൂഹത്തിലെ’ ഒരു സംഘടനയല്ല ‘സമൂഹത്തിന്റെ’ സംഘടനയാണ് എന്ന സംഘത്തിന്റെ പിന്നിലുളള ആശയത്തെ നാം വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്.
2018ല്‍ സംഘത്തിന്റെ അഖില ഭാരതീയ പ്രതിനിധിസഭ(എ.ബി.പി.എസ്) നാഗ്പൂരില്‍ വെച്ചാണ് നടന്നത്. സര്‍കാര്യവാഹിന്റെ ക്ഷണമനുസരിച്ച് മുതിര്‍ന്ന സ്വയംസേവകനായ എം.ജി വൈദ്യ(1931 ല്‍ തന്റെ എട്ടാം വയസ്സുമുതല്‍ സ്വയംസേവകന്‍) ഒരുദിവസം അതില്‍ പങ്കെടുത്തിരുന്നു. അതേ ദിവസം അദ്ദേഹത്തിന്റെ 95-ാം പിറന്നാള്‍ ആയിരുന്നതുകൊണ്ട് സര്‍സംഘചാലക് ഡോ: മോഹന്‍ ഭാഗവത് വൈദ്യാജിയെ ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇതിനു മറുപടിയായി സംസാരിച്ചപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു. ”സംഘത്തെ മനസ്സിലാക്കുകയെന്നത് അത്ര എളുപ്പമല്ലെന്നു മാത്രമല്ല ഭാഗികമായി-ചിന്തിക്കുന്ന പാശ്ചാത്യ കാഴ്ചപ്പാടിലൂടെ അത് സാദ്ധ്യവുമല്ല. ഭാരതീയ കാഴ്ചപ്പാടനുസരിച്ച് ഏകാത്മകമായി ചിന്തിച്ചാല്‍ മാത്രമേ ഒരാള്‍ക്ക് സംഘത്തെ മനസിലാക്കാന്‍ കഴിയൂ”.
ഈശാവാസ്യ ഉപനിഷത്തിലെ അഞ്ചാമത്തെ മന്ത്രം എല്ലാറ്റിന്റെയും അകത്തും പുറത്തുമായി നിറഞ്ഞുനില്‍ക്കുന്ന ആത്മതത്ത്വത്തെ ഇങ്ങനെ വിശദീകരിക്കുന്നു.
തദേജതി തന്നൈജതി
തദ്ദൂരേ തദ്വന്തികേ
തദന്തരസ്യ സര്‍വസ്യ
തദു സര്‍വസ്യാസ്യ ബാഹ്യത:
(അതു ലോലമതലോല-
മതു ദൂരമതന്തികം
അതു സര്‍വാന്തരമതു
സര്‍വത്തിനും പുറത്തുമാം)
ഇതിന്റെയര്‍ത്ഥം ആത്മതത്വം ഒരേ സമയം ചലിക്കുകയും ചലിക്കാതിരിക്കുകയും ചെയ്യുന്നു എന്നാണ്. അത് വളരെ അകലെയും വളരെ അടുത്തുമാണ്. അത് എല്ലാറ്റിന്റെയും ഉള്ളിലുമുണ്ട്, എല്ലാറ്റിന്റെയും പുറത്തുമുണ്ട്. ഇത് വൈരുദ്ധ്യമായി തോന്നാമെങ്കിലും ഇതാണ് സത്യം.
ഇതേ യുക്തി സംഘത്തിനും ബാധകമാണ്. സമൂഹത്തിന്റെ ഘടന സങ്കീര്‍ണ്ണമാണ.് സാമൂഹ്യം, സാംസ്‌ക്കാരികം, തൊഴില്‍, വിദ്യാഭ്യാസം, രാഷ്ട്രീയം, മതം തുടങ്ങിയ മേഖലകളില്‍ സമൂഹത്തില്‍ സംഘടനകള്‍ ഉണ്ടാകും. സംഘം മുഴുവന്‍ സമൂഹത്തിന്റെയും സംഘടന ആയതുകൊണ്ട് ഇത്തരത്തിലുള്ള ഒരു മേഖലയെയും സംഘം സ്പര്‍ശിക്കാതിരിക്കുന്നില്ല. ഇത്തരത്തിലുള്ള എല്ലാ സംഘടനകളിലും സ്വയംസേവകര്‍ സജീവമായി പ്രവര്‍ത്തിക്കും. അതേസമയം സംഘം ഒരിക്കലും സമൂഹത്തിലെ ഒരു സംഘടന മാത്രമായി നിലനില്‍ക്കുകയുമില്ല. ഇതെല്ലാമാണെങ്കിലും സംഘം ഇതിനെല്ലാമുപരിയാണ്. അത് ‘മുഴുവന്‍’ സമൂഹത്തിന്റെയും സംഘടനയാണ്. ഇതേ പോലുള്ള കാര്യം പുരുഷസൂക്തത്തിലും പറയുന്നുണ്ട്.
”സ ഭൂമിം വിശ്വതോ വൃത്വാത്യതിഷ്ഠ ദശാംഗുലം” മുഴുവന്‍ ഭൂമിയെയും പ്രപഞ്ചത്തെയും ആവരണം ചെയ്തിട്ടും അത് വളരെ ചെറുതായിരിക്കുന്നു.
ആറ്റം വിഭജിക്കാന്‍ കഴിയാത്തതാണെന്നാണ് ആണവശാസ്ത്രജ്ഞന്മാര്‍ ഒരിക്കല്‍ അവകാശപ്പെട്ടിരുന്നു. ആറ്റത്തെ വിഭജിക്കാന്‍ കഴിയുമെന്നും അത് ന്യൂട്രോണ്‍,പ്രോട്ടോണ്‍, ഇലക്‌ട്രോണ്‍ എന്നീ മൂന്ന് ഘടകങ്ങള്‍ ചേര്‍ന്നതാണെന്നും അവര്‍ പിന്നീട് പറഞ്ഞു. മൂന്നെണ്ണം മാത്രമല്ല നിരവധി ഉപ ആറ്റോമിക് ഘടകങ്ങളും അതിലുണ്ടെന്ന് പിന്നീട്അവര്‍ക്കു മനസ്സിലായി. അവ വെറും ഘടകങ്ങള്‍ മാത്രമല്ല തരംഗങ്ങള്‍ പോലുള്ള കാര്യങ്ങള്‍ പ്രകടിപ്പിക്കുന്നവയാണെന്ന് അതിനു ശേഷം അവര്‍ പറഞ്ഞു. അത് ഘടകമോ തരംഗമോ അല്ല രണ്ടുമാണെന്ന ഒരു സിദ്ധാന്തം പിന്നെ നിലവില്‍ വന്നു. അത് രണ്ട് സ്വാഭാവവും പ്രകടിക്കുന്നതിനാല്‍ ദ്വൈത വസ്തുവെന്ന് വിളിക്കപ്പെട്ടു. സാന്ദര്‍ഭികമായി, ഹെയ്‌സന്‍ ബര്‍ഗിന്റെ അനിശ്ചിതത്വ സിദ്ധാന്തം വരികയും ഒരു വസ്തുവിന്റെ സ്ഥാനവും പ്രവേഗവും ഒരേ സമയത്തുള്ള പരീക്ഷണം വഴി കൃത്യമായി നിര്‍ണ്ണയിക്കാന്‍ കഴിയില്ലെന്ന് അതു വ്യക്തമാക്കുകയും ചെയ്തു. ആശയതലത്തില്‍ പോലും അത് സാധ്യമല്ലാതെ വരികയും വസ്തുക്കളുടെ തരംഗസ്വഭാവം മൂലം ക്വാണ്ടം ബലതന്ത്രം നിലവില്‍ വരികയും ചെയ്തു. ”ഇതേ കാര്യമാണ് ഈശാവാസ്യ ഉപനിഷത്തില്‍ വിശദീകരിക്കുന്നത്. ഒരാള്‍ ഇതും ഭാരതീയ സമഗ്രവീക്ഷണവും (ഭാഗികവീക്ഷണമല്ല)മനസ്സിലാക്കുമ്പോള്‍ മാത്രമേ സംഘത്തിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ കഴിയൂ.” ഇതാണ് എം.ജി വൈദ്യ വ്യക്തമാക്കിയത്.
സംഘം മുഴുവന്‍ സമൂഹത്തിന്റെയും സംഘടനയും രാഷ്ട്രീയം സമൂഹത്തിന്റെ ഒരു ഭാഗവും ആയതിനാല്‍ ചില സ്വയംസേവകര്‍ സാമൂഹ്യ ജീവിതത്തിന്റെ ഈ മണ്ഡലത്തില്‍ എപ്പോഴും സജീവമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്.
പക്ഷെ രാഷ്ട്രീയം മാത്രമല്ല സ്വയംസേവകരുടെ ലക്ഷ്യം. പൊതുതിരഞ്ഞെടുപ്പ് എന്ന ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവത്തിലായിരിക്കുമ്പോള്‍ സ്വയംസേവകര്‍ പ്രദേശിക പരിഗണനകള്‍ക്ക് ഉപരിയായി ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് വോട്ടവകാശം വിനിയോഗിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനുള്ള പൊതുജന ബോധവല്‍ക്കരണ പരിപാടികളില്‍ പങ്കെടുക്കും. ഏതെങ്കിലും പ്രത്യേക സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുന്നതില്‍ നിന്നും സംഘത്തിന്റെ ഭരണഘടന ഒരിക്കലും സ്വയംസേവകരെ തടയുന്നില്ല എങ്കിലും 90% സ്വയംസേവകരും ഏതെങ്കിലും രാഷ്ട്രീയ കക്ഷിക്കോ സ്ഥാനാര്‍ത്ഥിക്കോ വേണ്ടി പിന്തുണ തേടുന്നതിനു പകരം ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പതിവ.് പലതലങ്ങളിലുള്ള ഈ ഇടപെടലല്ലാതെ സംഘം ഒരിക്കലും ഒരു രാഷ്ട്രീയകക്ഷിയായോ രാഷ്ട്രീയ കക്ഷിയുടെ ഭാഗമായോ പ്രവര്‍ത്തിക്കുകയില്ല. അത് മുഴുവന്‍ സമൂഹത്തിന്റെയും സംഘടനയാണ്.
ഭാരതീയ ഏകാത്മ ദര്‍ശനത്തിന്റെയും’ഈശാവാസ്യ ഉപനിഷത്തി’ന്റെയും അടിസ്ഥാനത്തില്‍ ഇക്കാര്യം വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും.
(ലേഖകന്‍ ആര്‍.എസ്.എസിന്റെ സഹസര്‍കാര്യവാഹാണ്)
കടപ്പാട്: ഓര്‍ഗനൈസര്‍ വാരിക.