പി.പരമേശ്വരനെ ഋഷിതുല്യന്‍ എന്നു ആരെങ്കിലും വിശേഷിപ്പിക്കാന്‍ പാടുണ്ടോ? പാടില്ല. ഇത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുക്രിയുടെ ഫത്വയാണ്. നിര്‍ബ്ബന്ധമാണെങ്കില്‍ അനുശോചിക്കാം. അതിലധികം ഒന്നും പാടില്ല. കോഴിക്കോട്ടെ യൂത്ത് ലീഗിന്റെ ഷഹീന്‍ബാഗ് സ്‌ക്വയറില്‍ വെച്ചുണ്ടായ ഈ ഫത്വയ്ക്ക് മക്ക ഇമാമിന്റെ ഫത്വയേക്കാള്‍ മാറ്റു കൂടുതലാണ് എന്ന് മറന്നുപോകരുത്. നേരത്തെ ഇത്തരം ഫത്വകള്‍ ഇറക്കാനുള്ള അധികാരം ഇവിടുത്തെ ഇടത് – ഇസ്ലാമിസ്റ്റ് സാംസ്‌കാരികനായകന്മാര്‍ക്കായിരുന്നു. ഒരു ‘ദിവ്യ’മായ വെളിപാടുണ്ടായതോടെ ആ അധികാരം മുല്ലപ്പള്ളിയുടേതായിരിക്കുന്നു. ഈ വെളിപാടിനുണ്ടായ പ്രകോപനം എന്താണെന്നല്ലേ! പി.പരമേശ്വരന് ആദരാഞ്ജലിയര്‍പ്പിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരണ പുസ്തകത്തില്‍ പി.പരമേശ്വരന്‍ ഋഷിതുല്യനായ വ്യക്തി എന്ന് എഴുതി; അതും സ്വന്തം കൈപ്പടയില്‍. അതോടെ മുല്ലപ്പള്ളിക്ക് കാല്‍വിരലില്‍ നിന്ന് തലവരെ ഒരു ബാധകയറ്റമായിരുന്നു. തുടര്‍ന്ന് വെളിപാടുണ്ടാകുകയാണ്: ഇതിനുമുമ്പ് ആര്‍ക്കുവേണ്ടിയും പിണറായി ഇത്തരം ഒരു കുറിപ്പെഴുതിയിട്ടില്ല. പിന്നെ കണ്ണില്‍ തെളിഞ്ഞുവരുകയാണ് മോദിയും പിണറായിയും തമ്മിലുള്ള ഒരു അടിയൊഴുക്ക്. ആ അടിയൊഴുക്കില്‍ ലോകനാഥ് ബഹറയും ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനും നീന്തിക്കളിക്കുന്നു. ഇനി ഇതു പുറത്തുപറയാതെ അടങ്ങിയിരിക്കാന്‍ പറ്റില്ല എന്നു കരുതി മുല്ലപ്പള്ളി കെ.പി.സി.സി. ആസ്ഥാനത്തിനു ചുറ്റും മണ്ടി നടന്നു. അപ്പോഴാണ് യൂത്തു ലീഗുകാരുടെ ക്ഷണം വന്നത്. പിന്നെ വൈകിയില്ല; അവിടെവെച്ച് വെളിപാട് ഫത്വ രൂപത്തില്‍ പുറത്തു വന്നു.
ഫത്വ പുറത്തുവരുന്നതിന്റെ തലേന്നാണ് കെ.പി.സി.സി വൈസ് പ്രസിഡന്റും ഉമ്മന്‍ചാണ്ടിയുടെ മനസ്സാക്ഷിസൂക്ഷിപ്പുകാരനുമായ ടി. സിദ്ധിഖ് കോഴിക്കോട്ടു നടന്ന ‘സ്മൃതിപരമേശ്വരം’ എന്ന അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് പരമേശ്വര്‍ജിയെ പുകഴ്ത്തി സംസാരിച്ചത്. പിണറായി വിജയന്‍ എഴുതിയ അതേ വാക്കുകള്‍ തന്നെയായിരുന്നു സിദ്ധിഖിന്റെ അനുസ്മരണ പ്രസംഗത്തിലുമുണ്ടായത്. പിണറായിയും മോദിയെപ്പോലെ ഫാസിസ്റ്റാണ് എന്ന തീപ്പൊരിപ്രസംഗം വഴി ലീഗുകാരെ സന്തോഷിപ്പിക്കാന്‍ മാത്രമല്ല ഉമ്മന്‍ചാണ്ടി പക്ഷക്കാരനായ സിദ്ധിഖിനെ ഒന്നു കുത്താ നും മുല്ലപ്പള്ളിയിലെ ഗ്രൂപ്പു രാഷ്ട്രീയക്കാരന്‍ ശ്രമിച്ചു എന്നതല്ലേ സത്യം. മുല്ലപ്പള്ളിയുടെ ഫത്വയ്ക്ക് മുനകള്‍ പലതാണ്.