അടൂരുകാര്ക്കൊന്നും അടിക്കാത്ത ബമ്പര്‍ ലോട്ടറിയാണ് സാക്ഷാല്‍ അടൂര്‍ ഗോപാലകൃഷ്ണന് കിട്ടിയത്.
കൊടിയേറ്റവും എലിപ്പത്തായവും വിധേയനും പോലുള്ള അന്തര്‍ദ്ദേശീയ ശ്രദ്ധ നേടിയ സിനിമകളിലൂടെയോ അവയ്ക്കു കിട്ടിയ ദേശീയ-അന്തര്‍ദ്ദേശീയ അംഗീകാരങ്ങളിലൂടെയോ കൈവരാത്ത സൗഭാഗ്യങ്ങളാണ്, ഒരൊറ്റ പ്രസ്താവന വഴി വീണുകിട്ടിയത്. ഇന്ത്യക്കകത്തും പുറത്തുമുളള ചലച്ചിത്ര പ്രേക്ഷകര്‍ ഹര്‍ഷാരവം മുഴക്കി, എഴുന്നേറ്റു നിന്ന് അടൂരിനെ ആദരിച്ചപ്പോഴൊന്നും അദ്ദേഹം ഇടതുപക്ഷത്തിനോ സഹായാത്രികര്ക്കോ പ്രിയങ്കരനായിരുന്നില്ല എന്നു മാത്രമല്ല എലിപ്പത്തായവും കൊടിയേറ്റവും മറ്റും യാഥാസ്ഥിതിക ബിംബങ്ങളാല്‍ അറുപിന്തിരിപ്പനായി കൊണ്ടാടപ്പെടുകയും ചെയ്തുപോന്നു. നാലുകെട്ടും ചാരുകസേരയും കോളാമ്പിയും കിണ്ടിയും നിലവിളക്കും എന്നുവേണ്ട സകലമാന ഫ്യൂഡല്‍ ബിംബങ്ങളേയും അടൂര്‍ സിനിമകളില്‍ നിന്നും പുരോഗമനക്കാര്‍ ചികഞ്ഞെടുത്തിരുന്നു. വല്ല നിവൃത്തിയുമുണ്ടെങ്കില്‍ അവാര്‍ഡു പരിഗണനകളുടെ ഏഴയലത്തുപോലും അടൂരിനെ അടുപ്പിച്ചതുമില്ല.
കക്ഷി രാഷ്ട്രീയത്തിന്റെ അങ്ങാടി നിലവാരത്തിനൊപ്പിച്ച് ചുവടുവയ്ക്കുന്ന നിലയ വിദ്വാന്മാരായ സ്ഥിരം പ്രതികരണവേദി അംഗവുമായിരുന്നില്ല അടൂര്‍. എം.ഗോവിന്ദന്റെയും മറ്റും സ്വതന്ത്രചിന്തയുടെ ഏകാന്ത വഴിയായിരുന്നു അടൂരിന്റേത്. കാലാകാലങ്ങളായി തങ്ങള്‍ തീറ്റിപ്പോറ്റുന്ന ഇടുക്കുതൊഴുത്തു പ്രതികരണക്കാര്‍ അക്കാദമികളിലും സര്‍വ്വകലാശാലകളിലും സര്‍ക്കാര്‍ വരാന്തകളിലും കയറിപ്പറ്റിയതോടെ സാംസ്കാരിക രംഗം പ്രതിപക്ഷ സ്വരങ്ങളില്ലാതെ മയക്കംപൂണ്ടു. അങ്ങിനെ അനാഥവും വിരസവുമായ ഒരിടവേളയിലാണ് സൗമ്യവചസ്സും തറവാടിയുമായ അടൂരിനെതിരെ ‘ചന്ദ്രയാന്‍’ വിക്ഷേപണം സംഭവിച്ചത്.
സന്ദീപാനന്ദഗിരിയുടെ കാര്‍ സ്വയം കത്തിയമര്ന്നതുപോലെ ഒരു സംസ്ഥാന ദുരന്തമായതുകൊണ്ട് മുഖ്യമന്ത്രിതന്നെ നേരിട്ടിടപെട്ടു. പൂമുഖത്തെത്തിയ മുഖ്യമന്ത്രിയെ കണ്ട് അടൂരും വികാരാധീനനായി. ഒരൊറ്റ പ്രസ്താവനകൊണ്ട് ജീവിതം ആകെ മാറിമറിഞ്ഞപോലെ.
മുഖ്യമന്ത്രിയുടെ ഇടപെടലോടെ കേരളം മുഴുവന്‍ സടകുടഞ്ഞെഴുന്നേറ്റു. ഇടതുപക്ഷ-സര്‍ക്കാറിന്റെ സാംസ്കാരിക വേദികളിലൊക്കെ അടൂര്‍ നിറഞ്ഞു കവിഞ്ഞു. ഇടതു-വലതു ഭേദമില്ലാതെ മാറുന്ന സര്‍ക്കാരുകള്‍ക്കൊപ്പം നിറം മാറിപ്പോരുന്ന ഉഭയജീവികളും അന്തിച്ചുപോയി. സംഗതി കേന്ദ്രവിരുദ്ധമായതുകൊണ്ട് തരൂരൊഴിച്ചുള്ള സാദാ കോണ്‍ഗ്രസ്സുകാരും ഒപ്പംകൂടി. തന്റെ ജീവിതം സാര്‍ത്ഥകമായെന്ന് അടൂരും ആശ്വസിച്ചു.
അങ്ങിനെയിരിക്കെയാണ് രണ്ടാമതും ലോട്ടറിയടിക്കുന്നത്. തികച്ചും നിരുപദ്രവകരമായ കത്തെഴുത്ത് പ്രകടനത്തില്‍ അണിനിരന്നതേയുള്ളു. പ്രധാനമന്ത്രിക്ക് കത്തെഴുതുന്നതുകൊണ്ട് ആര്‍ക്കാണ് ദ്രോഹം? സ്കൂള്‍ കുട്ടികള്‍ പോലും നരേന്ദ്രമോദിക്ക് കത്തയക്കുന്നു. ചില കത്തുകള്‍ മന്‍കിബാത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. ചില കത്തുകള്‍ക്ക് ലോട്ടറി അടിയ്ക്കുന്നു.
ഇന്ത്യയിലെ ഒന്നാംകിട പ്രതികരണ വിദഗ്ദ്ധരോടൊപ്പമാണ് അടൂരും അണിചേര്‍ന്നത്. ബീഹാറിലെ ഏതോ കോടതിയാണ് ആരും അറിയാതെ ചവറ്റുകൊട്ടയില്‍ പോകാവുന്ന ആ കത്തിനെ താരമാക്കിയത്.
കഴുത്തോളം മുങ്ങിയാല്‍ പിന്നെന്തു കുളിര്?
ആവേശത്തിമര്‍പ്പില്‍ അടൂര്‍ മുങ്ങിനിവര്‍ന്നു.
കേരളം അടൂരിനൊപ്പമെന്ന് സഹായമെത്രാന്‍ കോടിയേരിയും പ്രഖ്യാപിച്ചതോടെ ജ്ഞാന സ്നാനചടങ്ങുകള്‍ പൂര്‍ത്തിയായി.
ഇനി ഏതു സമരപ്പന്തലിലും സാംസ്കാരിക വേദിയിലും അടൂരിന് മുഖ്യകാര്‍മ്മികത്വം വഹിക്കാം. അവാര്ഡുചിത്രങ്ങളെന്നു പറഞ്ഞ് പണ്ട് പരിഹസിച്ചതിനും അവാര്‍ഡു പട്ടികകളില്‍ നിന്നും പുറന്തള്ളിയതിനും മുന്‍കാല പ്രാബല്യത്തോടെ പ്രായശ്ചിത്ത പുഷ്പാജ്ഞലി.
അടൂര്‍ മാത്രമല്ല അടൂരിന്റെ സിനിമകളും ഉയര്‍ത്തെഴുന്നേല്‍ക്കുമോ?
അങ്ങിനെ നല്ല സിനിമയ്ക്ക് നല്ലകാലം വരുമോ?