കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃനിരയിലുണ്ടായിരുന്ന രണ്ട് പ്രഗത്ഭരാണ് ജവഹര്‍ലാല്‍ നെഹ്രുവും സര്‍ദാര്‍ വല്ലഭായ് പട്ടേലും. സ്വാതന്ത്ര്യ സമരത്തിലും അവര്‍ക്ക് പങ്കുണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തരമുള്ള ദിനങ്ങളിലും അവര്‍ ശ്രദ്ധേയരായിരുന്നുവല്ലോ. ഒരാള്‍ പ്രധാനമന്ത്രി ആയെങ്കില്‍ അടുത്തയാള്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമൊക്കെയായി. ഇന്നത്തെ ഇന്ത്യയെ രൂപപ്പെടുത്തിയതില്‍ രണ്ടുപേര്‍ക്കും അവരുടേതായ റോളുകളുണ്ട്. അതിന്റെ ഗുണവും ദോഷവുമൊക്കെ രാജ്യം അടുത്തിടെ പോലും ചര്‍ച്ച ചെയ്തതാണ്, കശ്മീര്‍ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍. അവരല്ല ഇപ്പോള്‍ ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്, അവരുടെ പെണ്‍മക്കളാണ്. നെഹ്രുവിന്റെ മകളാണ് ഇന്ദിര ഗാന്ധി. അവരെ സര്‍വരും അറിയും. ഇതിനുമുന്‍പും അവരെക്കുറിച്ച് ഞാന്‍ എഴുതിയിട്ടുണ്ട്. അതിനൊപ്പം ശ്രദ്ധിക്കേണ്ട ഒരാളായിരുന്നു പട്ടേലിന്റെ മകള്‍, മണി ബെന്‍. ഇന്നത്തെ തലമുറയിലെ ജനങ്ങള്‍ക്ക് ഇന്ദിരയെ ഏറെ പരിചയപ്പെടുത്തേണ്ടതായുണ്ടാവില്ല. എന്നാല്‍ പൊതുവേദിയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടാത്ത ഗുണവിശേഷങ്ങള്‍ കുറെയുണ്ടുതാനും. എന്നാല്‍ തീരെ ആരോരും ഓര്‍ക്കാതെ പോയ വ്യക്തിത്വമാണ് മണി ബെന്‍. രണ്ടുപേരെക്കുറിച്ചുമുള്ള ചില ചരിത്ര സ്മരണകള്‍, ചരിത്ര രേഖകള്‍.
ഇന്ദിര, നെഹ്‌റുവിനെ സംബന്ധിച്ചിടത്തോളം, നാടന്‍ ഭാഷയില്‍, ‘പുന്നാര മോളാ’യിരുന്നു. തികച്ചും യൂറോപ്യന്‍ സമ്പ്രദായത്തില്‍ വളരുകയും ജീവിക്കുകയും ചെയ്തയാള്‍. എന്നാല്‍ തികഞ്ഞ ഗാന്ധിയന്‍ ആയിരുന്നു മണി ബെന്‍. പ്രത്യക്ഷത്തില്‍ അതാണ് സൂചിപ്പിക്കേണ്ടത്. അത് മനസ്സില്‍ വെച്ചുകൊണ്ടുമാത്രമേ രണ്ടുപേരെയും വിലയിരുത്താനാവൂ. രണ്ടുപേരുടെയും ജീവിതത്തിലും ഓരോ പ്രവൃത്തിയിലും അത് നമുക്ക് കാണാനാവും. ഇന്ദിരയെ വിലയിരുത്താന്‍ ഏറ്റവും നല്ലത് എം.ഒ. മത്തായിയുടെ പുസ്തകങ്ങള്‍ തന്നെയാണ്; കൂടെനിന്ന് എല്ലാം കണ്ട, ഒരു വലിയ വിശ്വസ്തന്‍ കുറിച്ച വരികള്‍. വേറൊന്ന്, എനിക്ക് തോനുന്നു, ഫിറോസ് ഗാന്ധിയുടെ വിദേശിയായ ജീവചരിത്രകാരന്‍, ബെര്‍ട്ടില്‍ ഫാള്‍ക്ക് കണ്ടതും ഓര്‍മ്മിപ്പിച്ചതും മറക്കാനാവുകയുമില്ല. അത്രക്ക് ആത്മാര്‍ത്ഥതയോടെയാണ് അദ്ദേഹം ആ ഗ്രന്ഥത്തെ സമീപിച്ചത് എന്നതാണ് യാഥാര്‍ത്ഥ്യം. അതിനപ്പുറം കണ്ടതും വായിച്ചതും കേട്ടതും വിശ്വസനീയമായതുമൊക്കെ ഈ ചിന്തകളില്‍ പ്രകടമാവുന്നതും സ്വാഭാവികം.
സര്‍ദാര്‍ പട്ടേലിന്റെ ജീവചരിത്ര ഗ്രന്ഥങ്ങളില്‍ ഒന്നില്‍ മഹാവീര്‍ ത്യാഗിയുടെ ഒരു അനുഭവം വിശദീകരിക്കുന്നുണ്ട്. ഹൃദ്രോഗ ബാധയെത്തുടര്‍ന്ന് ഡെറാഡൂണില്‍ വിശ്രമിക്കുമ്പോഴാണ്. തൊട്ടരികില്‍ ഒരു കീറിയ പഴയ സാരിയുമുടുത്ത് മണി ബെന്നുമുണ്ട്. അവര്‍ അവിടെ ഖാദി നൂല്‍ നൂല്‍ക്കുകയാണ്. സ്വാതന്ത്ര്യ സമരസേനാനി മാത്രമല്ല ജയിലില്‍ മോത്തിലാല്‍ നെഹ്രുവിന്റെ സഹ തടവുകാരനുമായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമൊക്കെയായിരുന്ന ത്യാഗി. ‘മണി ബെന്‍, ചെറിയ കാലം കൊണ്ട് ഇത്രവലിയ ഒരു സാമ്രാജ്യത്തിന് രൂപം നല്‍കിയ ഒരു മഹാന്റെ മകളെന്ന നിലക്ക് താങ്കള്‍ അഭിമാനം കൊള്ളുന്നുണ്ടാവും. അനവധി രാജാക്കന്മാര്‍ക്കും മഹാരാജാക്കന്മാര്‍ക്കും ഒക്കെ സര്‍ദാര്‍ ആയിട്ടുള്ള ഒരാളുടെ മകളായ താങ്കള്‍ ഇത്തരമൊരു മോശം സാരി അണിയുന്നതില്‍ നാണക്കേട് തോന്നുന്നില്ലേ……. എന്റെ നഗരത്തിലിറങ്ങി നടന്നാല്‍ താങ്കളെ ജനങ്ങള്‍ ഭിക്ഷക്കാരിയായി കണ്ട് പണം നല്‍കും’ എന്നും കളിയാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ഇത് കേട്ടപ്പോള്‍ സര്‍ദാര്‍ പട്ടേല്‍ ഉറക്കെ ചിരിച്ചു, എന്തൊക്കെയോ കമന്റുകള്‍ പറയുകയും ചെയ്തു. അപ്പോള്‍ ഡോ. സുശീല നയ്യാര്‍ അവിടെയുണ്ടായിരുന്നു. ‘ത്യാഗീ, ദിവസം മുഴുവന്‍ തന്റെ അച്ഛനെ പരിചരിക്കുകയാണ് മണി ബെന്‍; അതിനുശേഷം അവര്‍ ഡയറി എഴുതും; പിന്നെ നൂല്‍ നൂല്‍ക്കും. വസ്ത്രങ്ങള്‍ നെയ്‌തെടുക്കും. ഒരിക്കല്‍ പോലും സര്‍ദാര്‍ പട്ടേല്‍ സ്വന്തം വസ്ത്രം ഖാദി ഭണ്ഡാറില്‍ നിന്ന് വാങ്ങാറില്ല; മകള്‍ നെയ്‌തെടുക്കുന്ന തുണികൊണ്ടുള്ള വസ്ത്രങ്ങളാണ് ധരിക്കുക…….. അച്ഛന്റെ കുര്‍ത്തയും ധോത്തിയും മോശമാവുമ്പോള്‍ മകള്‍ വേറൊന്ന് നെയ്‌തെടുക്കും’. ഇത് കേട്ടുകൊണ്ട് കിടക്കുകയായിരുന്ന സര്‍ദാര്‍ പട്ടേല്‍ പറയുന്നു; അവള്‍ പാവപ്പെട്ട ഒരാളുടെ മകളല്ലേ; നല്ല വസ്ത്രങ്ങള്‍ എങ്ങിനെയാണ് അവള്‍ക്ക് വാങ്ങാനാവുക?. അവളുടെ അച്ഛന്‍ ഒന്നും സമ്പാദിക്കുന്നില്ലല്ലോ……’ ഇതാണ് സര്‍ദാര്‍ പട്ടേലും മകളും. അപ്പുറത്ത് ഇന്ദിരാ ഗാന്ധിയോ?
നെഹ്രുവും ഇന്ദിരയും അകല്‍ച്ചകളും
എന്നും ‘പുരോഗമന’ മെന്ന് പലരും പറയാറുള്ള നിലപാടുകളും ചിന്തകളും സമീപനങ്ങളുമാണ് നെഹ്‌റു കുടുംബത്തില്‍ കണ്ടിരുന്നതും കേട്ടിരുന്നതും. വിദേശ വസ്തുക്കളോട് സ്‌നേഹം അല്ലെങ്കില്‍ ആര്‍ത്തി, വിദേശ ചിന്തകളോട് ആദരവ് ഒക്കെ നെഹ്രുവിന്റെ പ്രത്യേകതയായിരുന്നുതാനും. സ്വാതന്ത്ര്യ സമര സേനാനിയായിരുന്നപ്പോഴും ബ്രിട്ടീഷ് സംസ്‌കാരം അദ്ദേഹത്തില്‍ പ്രകടമായിരുന്നു; അത് ജീവിതരീതിയിലും വസ്ത്രധാരണത്തിലും ഭക്ഷ്യ രീതിയിലുമൊക്കെ. ഗാന്ധിജി, സര്‍ദാര്‍ പട്ടേല്‍, തിലകന്‍, മൗലാന ആസാദ് തുടങ്ങിയവരുമായി താരതമ്യം ചെയ്യുമ്പോള്‍ അത് വളരെ പ്രകടവുമായിരുന്നു. ഒരു പക്ഷെ അത് തന്നെയാണ് തന്നെ ഒരു വേറിട്ടയാളാക്കുന്നത് എന്ന് നെഹ്‌റു കരുതിയിരിക്കാം. ഇന്ത്യന്‍ ദേശീയ നേതാക്കളുമായുള്ളതിനേക്കാള്‍ അടുത്ത സൗഹൃദവും ബന്ധങ്ങളുമൊക്കെ അദ്ദേഹത്തിന് വിദേശികളുമായി ഉണ്ടായിരുന്നു എന്നത് ചരിത്രത്തിന്റെ ഭാഗമാണല്ലോ. ആ ബന്ധങ്ങള്‍ പലപ്പോഴും വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുമുണ്ട്. സ്വാഭാവികമായും അതൊക്കെ ഇന്ദിരാ ഗാന്ധിയിലും കാണാമായിരുന്നു. വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും മറ്റും അവര്‍ പ്രകടിപ്പിച്ചിരുന്ന താല്പര്യങ്ങള്‍ ഇന്ദിരയുടെ ചരിത്രകാരന്മാര്‍ സൂചിപ്പിച്ചിട്ടുണ്ടല്ലോ. അതുപോലെയായിരുന്നു വിവാഹത്തിന് മുമ്പുള്ള അവരുടെ ബന്ധങ്ങളും സമീപനങ്ങളും. ഫിറോസ് ഗാന്ധിയുമായുള്ള അടുപ്പം, അവര്‍ വിവാഹത്തിന് മുന്‍പായി ഇംഗ്ലണ്ടില്‍ ഒന്നിച്ചുണ്ടായിരുന്നത് ……. അങ്ങിനെ എന്തൊക്കെ. ഫിറോസിന്റെയും ഇന്ദിരയുടെയും ലണ്ടന്‍ ജീവിതം തന്നെ പരസ്പര ധാരണയോടെയുള്ളതായിരുന്നു എന്നതാണ് അവരോട് അടുപ്പമുള്ളവര്‍ പറഞ്ഞിട്ടുള്ളത്. ഫിറോസ് ലണ്ടനിലേക്ക് പോകുന്നെന്നറിഞ്ഞ് ഇന്ദിരയും പോയി, അല്ലെങ്കില്‍ മറിച്ച്. ഫിറോസ് ലണ്ടനില്‍ ഉള്ളതുകൊണ്ട് ഇന്ദിരയും അവിടെ തങ്ങി. ആഘോഷിച്ചു ജീവിക്കുന്ന രീതി. അമ്മ കമല നെഹ്‌റു സുഖമില്ലാതെ കഴിയുമ്പോള്‍ അരികില്‍ പലപ്പോഴും ഫിറോസിനെ കണ്ടവരുണ്ടാവും; എന്നാല്‍ ഇന്ദിര വളരെ കുറച്ചേ ആ വഴിചെന്നിട്ടുള്ളു. അമ്മയെ നോക്കാന്‍ ജോലിക്കാരിയെ ഏല്‍പ്പിച്ച മകളാണ് ഇന്ദിര എന്നര്‍ത്ഥം. അതൊക്കെയാണ് മണി ബെന്നില്‍ നിന്ന് ഇന്ദിരയെ പ്രത്യക്ഷത്തില്‍ തന്നെ വ്യത്യസ്തയാക്കുന്നത്.
ഇവിടെ ശ്രദ്ധിക്കേണ്ടുന്ന മറ്റൊരു കാര്യം ഗാന്ധിജിയുമായുള്ള രണ്ടുപേരുടെയും സാമീപ്യമാണ്. സര്‍ദാര്‍ പട്ടേലിന്റെ മകളുടെ ജീവിതത്തിലേക്ക് ഗാന്ധിസം കൊണ്ടുവന്നത് ആ ഒരു കൂടിക്കാഴ്ചയും അടുപ്പവുമാണ്. അത് മണി ബെന്‍ തന്നെ തുറന്നുപറയുന്നുണ്ട്. ഗാന്ധിജി പട്ടേലിന്റെ മകളെ ഗാന്ധിസത്തിലേക്ക് നയിച്ചു. തികഞ്ഞ ഗാന്ധിയനായി ജീവിക്കാനാണ് പട്ടേലിന്റെ മകള്‍ പിന്നീട് തീരുമാനിച്ചത്. എന്നാല്‍ ഇന്ദിരയില്‍ അതൊന്നും കണ്ടതേയില്ല. 1941 കാലഘട്ടത്തില്‍, ഇന്ത്യയില്‍ തിരിച്ചെത്തിയശേഷം, ഇന്ദിര ഏറെനാള്‍ താമസിച്ചിരുന്നത് മുംബൈയിലാണ്; അമ്മായി കൃഷ്ണ നെഹ്രുവിനൊപ്പം. അക്കാലത്ത് ഇന്ദിരക്ക് മഹാത്മാ ഗാന്ധിയുമായി പരിചയവും അടുപ്പവുമുണ്ടായിരുന്നു; ഗാന്ധിജിയുടെ പ്രവര്‍ത്തന കേന്ദ്രവും അക്കാലത്ത് മുംബൈ ആയിരുന്നുവല്ലോ. അവര്‍ തമ്മില്‍ ഇടയ്ക്കിടെ കാണാറുമുണ്ട്. പക്ഷെ, അതൊന്നും സര്‍ദാര്‍ പട്ടേലിന്റെ മകളിലുണ്ടാക്കിയ മാറ്റം പോലെ ഒന്നും ഇന്ദിരയിലുണ്ടാക്കിയതുമില്ല. ഫിറോസിനെ വിവാഹം കഴിക്കുന്നത് സംബന്ധിച്ച് ജവഹര്‍ലാല്‍ നെഹ്‌റുവിന് എതിര്‍പ്പുണ്ടായിരുന്നു എന്നത് പരസ്യമായ കാര്യമാണ്. അത് നെഹ്‌റു മറച്ചുവെച്ചതുമില്ല. ഇന്ദിരയെ ആ ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കഴിവതെല്ലാം നെഹ്‌റു ശ്രമിച്ചിരുന്നുതാനും. എന്നാല്‍ അതൊന്നും ഇന്ദിര കണക്കിലെടുത്തില്ല. 1941 ഏപ്രിലില്‍ ഡെറാഡൂണില്‍ ജയിലിലായിരുന്ന പിതാവിനെ കാണാന്‍ ഇന്ദിര പോയിരുന്നു. വിജയലക്ഷ്മി പണ്ഡിറ്റ് നിര്‍ബന്ധിച്ചതുകൊണ്ടാണ് അതിനവര്‍ തയ്യാറായത് എന്ന് പറയുന്നവരുണ്ട്. അന്ന് നെഹ്‌റുവിന് പറയാനുണ്ടായിരുന്നത് ഫിറോസുമായുള്ള ബന്ധം വേണ്ടെന്ന് വെക്കണം എന്നതായിരുന്നു. പക്ഷെ അത് സമ്മതിച്ചുകൊടുക്കാന്‍ മകള്‍ ഒരുക്കമല്ലായിരുന്നു. ‘എനിക്ക് ഒരു അമ്മയാവണം; ഞാന്‍ ഫിറോസിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു’ എന്നതായിരുന്നു അന്ന് ആ അച്ഛനോട് മകള്‍ പറഞ്ഞതെന്ന് പുപുല്‍ ജയ്കാര്‍ പറയുന്നുണ്ട്. നെഹ്‌റു കടുത്ത അസംതൃപ്തനായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. അവസാനം, ‘ഇന്നത്തെ ആരോഗ്യ സ്ഥിതിയില്‍ കുട്ടികളുണ്ടാവുന്നത് നല്ലതല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്’ എന്നുപോലും നെഹ്‌റു ഇന്ദിരയോട് പറഞ്ഞുവത്രേ. അവസാനം ഗാന്ധിജിയെ പോയി കാണണം എന്ന് നിര്‍ദ്ദേശിച്ചു; അതനുസരിച്ച് ഇന്ദിര ഗാന്ധിജിയെ കാണുന്നുമുണ്ട്. പക്ഷെ അവരുടെ തീരുമാനത്തില്‍ ഒരു വ്യത്യാസവുമില്ലായിരുന്നു. അതേസമയം വിവാഹ ജീവിതത്തെക്കുറിച്ച് ചിന്തിക്കാതെ, സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ നോക്കാതെ, അച്ഛനെ ശുശ്രൂഷിച്ചുകൊണ്ട് അവിവാഹിതയായി, ഒരു സന്യാസിനിയെപ്പോലെ പൊതുപ്രവര്‍ത്തനം നടത്തുന്ന മണിബെന്നിനെയാണ് രാജ്യം കണ്ടത്.
രണ്ട് കുട്ടികളുടെ അമ്മയായി എങ്കിലും വിവാഹജീവിതത്തില്‍ ഇന്ദിര തികഞ്ഞ പരാജയമായിരുന്നു. അത് ഫിറോസ് ഗാന്ധി തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. സ്വന്തം ഭാര്യയെ ഫാസിസ്റ്റ് എന്ന് മുഖത്തുനോക്കി വിളിച്ചതും ഫിറോസ് ആണ്, അതും നെഹ്രുവിന്റെ മുന്നില്‍ വെച്ച്, പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ചും. അവരുടെ വ്യക്തി ജീവിതത്തിലെ അസ്വസ്ഥകളിലേക്ക് കടക്കുന്നതിന് പരിമിതികള്‍ ഏറെയുണ്ടല്ലോ.
(തുടരും)