അയോദ്ധ്യയിലെ ശ്രീരാമന്റെ ജന്മസ്ഥാനത്തുള്ള ക്ഷേത്രം തകര്‍ത്ത് അവിടെ മുഗള്‍ചക്രവര്‍ത്തിയായ ബാബര്‍ ഒരു മുസ്ലീംപള്ളി പണിതുവെന്നത് ചരിത്രയാഥാര്‍ത്ഥ്യമാണ്. മുസ്ലീം ആക്രമണകാരികളില്‍ നിന്ന് രാമജന്മഭൂമി വീണ്ടെടുക്കുവാന്‍ ഹിന്ദുക്കള്‍ അഞ്ചു നൂറ്റാണ്ടുകള്‍ പോരാടിയിട്ടുണ്ട്. ആ പോരാട്ടത്തില്‍ അനേകലക്ഷം ഹിന്ദുക്കള്‍ ബലിദാനികളായി എന്നതും ഒരു ചരിത്രവസ്തുതയാണ്.
അവതാരപുരുഷനായ ശ്രീരാമന്റെ ജന്മഭൂമിയില്‍ തന്നെ ഒരു പള്ളിപണിയണമെന്ന് ഉസ്‌ബെക്കിസ്ഥാനിലെ ഫര്‍ഗാനക്കാരനായ മുസ്ലീം ചക്രവര്‍ത്തി ബാബര്‍ക്ക് എന്തായിരുന്നു ഇത്രയധികം താത്പര്യം? അതിന് പിന്നില്‍ ഭാരതത്തിലെ രണ്ടു മുസ്ലീം ഫക്കീര്‍മാരുടെ ചതിയുടെയും വഞ്ചനയുടെയും ചരിത്രമുണ്ടെന്ന് വായനക്കാരില്‍ പലരും അറിയാനിടയില്ല. പുണ്യഭൂമിയായ രാമന്റെ ജന്മസ്ഥാനം രക്തപങ്കിലമാക്കിയ ചതിയുടെ നേര്‍കാഴ്ചകളാണ് ഇവിടെ പങ്കുവെക്കുന്നത്.
1989 ഏപ്രില്‍ മാസം മാതൃഭൂമി പ്രസിദ്ധീകരിച്ച ‘ത്രിവേണി’ എന്ന ഗ്രന്ഥത്തില്‍ നിന്ന് ചില ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍ ഇവിടെ വായനക്കാരുടെ അറിവിലേക്ക് രേഖപ്പെടുത്തുകയാണ്.
”റാണാസംഗ്രാമസിംഹനുമായുള്ള യുദ്ധത്തില്‍ ഫത്തേര്‍പ്പൂര്‍ സിക്രിയ്ക്ക് സമീപം വെച്ച് പരാജിതനായ മുഗള്‍ചക്രവര്‍ത്തി ബാബര്‍ ഏ.ഡി. 1528-ല്‍ അയോദ്ധ്യയില്‍ വന്നു. അന്നവിടെ ശ്രീരാമന്റെ ജന്മസ്ഥാനത്തുള്ള ക്ഷേത്രത്തില്‍ ശ്രീശ്യാമാനന്ദജി എന്നൊരു താപസന്‍ പാര്‍ത്തിരുന്നു. അദ്ദേഹം ഒരു സുപ്രസിദ്ധയോഗിയായിരുന്നു. കജാല്‍ അബ്ബാസ് എന്നുപേരായ ഒരു മുസ്ലീം ശ്യാമാനന്ദജിയുടെ ശിഷ്യനായി യോഗം ശീലിച്ചു. ശിഷ്യനും ഒരു പ്രസിദ്ധ ഫക്കീറായിത്തീര്‍ന്നു. അപ്പോഴേയ്ക്കും വേറൊരു മുസ്ലീം, ജലാല്‍ഷാ എന്നാണയാളുടെ പേര്‍, ശ്യാമാനന്ദജിയുടെ ശിഷ്യനായ് കൂടി. ജലാല്‍ഷാ ഒരു യാഥാസ്ഥിതികനായ മുഹമ്മദിയനായിരുന്നു. ശ്രീരാമന്റെ ജന്മസ്ഥാനം ഒരു പവിത്രസ്ഥാനമാണെന്നും അവിടെയിരുന്നു സാധനചെയ്താല്‍ വളരെവേഗം ഫലസിദ്ധിയുണ്ടാകുമെന്നും അയാള്‍ ഗ്രഹിച്ചു. അയാള്‍ അവിടെ അനേകം മുസ്ലീം പട്ടടകള്‍ പണിയിച്ചു.
പോരില്‍ പരാജിതനായി പ്രാണരക്ഷയ്ക്കായി ഓടിപ്പോയ ബാബര്‍ അയോദ്ധ്യയില്‍ വന്നു. അവിടെവെച്ചു ഈ രണ്ടു ഫക്കീറുകളേയും കണ്ടുമുട്ടി. ബാബര്‍ക്ക് വിജയം ലഭിക്കുമെന്ന് ഫക്കീര്‍മാര്‍ അനുഗ്രഹിച്ചു.
ബാബര്‍ വീണ്ടും യുദ്ധം ചെയ്ത് റാണയെ തോല്‍പ്പിച്ചു. അദ്ദേഹം വീണ്ടും അയോദ്ധ്യയിലെത്തി. അവിടെയുള്ള അമ്പലം നശിപ്പിച്ച് ആ സ്ഥാനത്ത് ഒരു പള്ളിപണിയാന്‍ ഫക്കീറുകള്‍ (ശ്യാമാനന്ദജിയില്‍ നിന്ന് യോഗശിലിച്ച ഫക്കീര്‍മാര്‍) ബാബറെ പ്രേരിപ്പിച്ചു. മുസ്സല്‍മാന്‍മാരെ ശിഷ്യരാക്കിയതിലും അവരെ യോഗികളാക്കിയതിലും പരിതാപം പൂണ്ട ശ്യാമാനന്ദജി രാമവിഗ്രഹം സരയുവില്‍ ആഴ്ത്തിയശേഷം സ്ഥലം വിട്ടു. പൂജാരികള്‍ പൂജാപാത്രവുമായി അമ്പലത്തിന്റെ മുമ്പില്‍ മരണം വരിക്കാന്‍ തയ്യാറായി നിലയുറപ്പിച്ചു. മുസ്സല്‍മാന്‍മാര്‍ അവരുടെ തലയറുത്തു; ഉടല്‍ കാക്കയ്ക്കും കഴുകനും തിന്നാനിട്ടുകൊടുത്തു. വെടിവെച്ച് അമ്പലം തകര്‍ത്തു. ഫെയ്‌സാബാദിലെ രാജാമേത്താബ് സിങ്ങിന്റെ നേതൃത്വത്തില്‍ ഹിന്ദുക്കള്‍ എതിര്‍ത്തു. കടുത്തപോരില്‍ ഹിന്ദുക്കള്‍ പരാജിതരായി. ഈ യുദ്ധത്തില്‍ പങ്കെടുത്ത 1,74,000 (ഒരു ലക്ഷത്തി എഴുപത്തി നാലായിരം) ഹിന്ദുക്കളും കൊല്ലപ്പെട്ടു. …. പൊളിച്ച അമ്പലത്തിന്റെ കല്ല്‌കൊണ്ടുതന്നെ പള്ളിയുടെ തറപണിതു. പള്ളിപണിയാന്‍ നിയുക്തനായ ജലാല്‍ഷാ (ഫക്കീര്‍) കുമ്മായം കുഴയ്ക്കാന്‍ വെള്ളത്തിനുപകരം ഹിന്ദുക്കളുടെ രക്തമാണ് ഉപയോഗിച്ചത് എന്ന് ഹെമില്‍ട്ടണ്‍ എഴുതിയ ഗസറ്റിയറില്‍ പറയുന്നു.
പള്ളിയുടെ ചുമര്‍ പണി തുടങ്ങിയപ്പോള്‍ പകല്‍പണിതതെല്ലാം രാത്രി ഉരുണ്ട് വീഴാന്‍ തുടങ്ങി. മുസ്ലീം സേനാനായകന്‍ അനേകം പട്ടാളക്കാരെ കാവല്‍ നിര്‍ത്തി. എന്നിട്ടും ചുമര്‍ ഇടിഞ്ഞു കൊണ്ടേ ഇരുന്നു. സേനാനിയായ മീര്‍ബക്കി വിവരം ബാബറെ ധരിപ്പിച്ചു. പള്ളിപണി അവസാനിപ്പിച്ച് ദില്ലിക്ക് മടങ്ങിക്കൊള്ളാന്‍ ചക്രവര്‍ത്തി കല്പനയായി. പക്ഷെ ജലാല്‍ഷാ (ഫക്കീര്‍) മറ്റൊരു ഫക്കീറായ കജാല്‍ അബ്ബാസിന്റെ അഭിപ്രായം ആരാഞ്ഞു. ആ പവിത്രസ്ഥാനത്ത് ഒരു പള്ളി പണിയിച്ചാല്‍ ഇസ്ലാം ആ നാട്ടില്‍ സ്ഥിരമാകുമെന്നും അതുകൊണ്ട് അക്കാര്യം എങ്ങിനെയെങ്കിലും നിര്‍വ്വഹിക്കണമെന്നും ഉപദേശിച്ചു. ഫക്കീര്‍ജലാലിന്റെ അപേക്ഷപ്രകാരം ബാബര്‍ വീണ്ടും അയോദ്ധ്യയില്‍ വന്നു. അദ്ദേഹം ഫക്കീറുകളുമായി ആലോചിച്ചു. ശ്രീരാമന്റെ ജന്മസ്ഥാനത്ത് പള്ളിപണിയാന്‍ ഹനുമാന്‍ സമ്മതിക്കയില്ലെന്നും അതിനുപകരം അതിന്മേല്‍ ‘സീതാ പാക് സ്ഥാന്‍’ എന്ന് എഴുതിവെയ്ക്കണമെന്നും, സാധാരണ പള്ളിയുടെ ആകൃതിയില്‍ പണിയരുതെന്നും അവര്‍ ഉപദേശിച്ചു. വ്യവസ്ഥകളെല്ലാം ബാബര്‍ കൈകൊണ്ടു. മൂലയ്ക്കുള്ള ഉയര്‍ന്ന തൂണുപോലുള്ള മാളികകളെല്ലാം പൊളിച്ചുകളഞ്ഞു. പ്രധാനപടിയ്ക്കല്‍ ഒരു ചന്ദനമരത്തില്‍ മുറിയാഭാഷയിലും പേര്‍ഷ്യന്‍ ഭാഷയിലും ‘ശ്രീ സീതാ പാക് സ്ഥാന്‍’ എന്ന് എഴുതിവെച്ചു. അമ്പലത്തിന്റെ പരിക്രമണമാര്‍ഗ്ഗം കേട്ടുകൂടാതെ അതേമാതിരി തുടര്‍ന്നു. ഹിന്ദുക്കള്‍ക്ക് ഏത് സമയത്തും അവിടെ ചെന്ന് ആരാധിക്കാന്‍ അനുവാദം കൊടുത്തു. വെള്ളിയാഴ്ച രണ്ടു മണിക്കൂര്‍ സമയം അവിടെ ചെന്ന് പ്രാര്‍ത്ഥിക്കാന്‍ മുസ്ലിംങ്ങളെയും അനുവദിച്ചു. ഇങ്ങനെ ശ്രീരാമന്റെ ജന്മസ്ഥാനത്തെ അമ്പലം പൊളിച്ചു പള്ളി പണിതു.” (ത്രിവേണി പേജ് 191)
രാമജന്മഭൂമി വീണ്ടെടുക്കാന്‍ നിരവധി തവണ ഹിന്ദുക്കള്‍ പോരാടിയിട്ടുണ്ട്. പലതവണയും അക്രമകാരികളില്‍ നിന്ന് ക്ഷേത്രം മോചിപ്പിച്ചിട്ടുണ്ട്. അക്ബര്‍ ചക്രവര്‍ത്തി അധികാരമേറ്റടുത്തതോടെ അയോദ്ധ്യയില്‍ സമാധാനനിലകൈവന്നു. അക്കാലത്ത് ഹിന്ദുക്കള്‍ പള്ളിയുടെ പുറത്തെ മതില്‍ പൊളിച്ചു മാറ്റി ക്ഷേത്രസ്ഥാനത്ത് ഒരു വേദിയുണ്ടാക്കി അവിടെ ശ്രീരാമന്റെ വിഗ്രഹം പ്രതിഷ്ഠിച്ചു ആരാധന നടത്തിപോന്നു. അക്ബറുടെ മന്ത്രിസഭയിലെ ഹിന്ദു മന്ത്രിമാരുടെ ഉപദേശപ്രകാരമായിരുന്നു ആരാധനാസ്വാതന്ത്ര്യം അനുവദിക്കപ്പെട്ടത്. അക്ബറുടെ കാലശേഷം അധികാരത്തില്‍ വന്ന ഷാജഹാനും ജഹാംഗീറും അയോദ്ധ്യയില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തുവാന്‍ സഹായകമായ സമീപനം കൈകൊണ്ടു. കുറേവര്‍ഷം അയോദ്ധ്യയില്‍ സമാധാനം നിലനിന്നു.
എന്നാല്‍ പിന്നീട് മുഗള്‍ സാമ്രാജ്യത്തിന്റെ അധിപനായി വന്ന മതഭ്രാന്തനായ ഔറംഗസേബ് അധികാരമേറ്റടുത്തതോടെ രാമജന്മസ്ഥാന്‍ വീണ്ടും സംഘര്‍ഷഭരിതമായിത്തീര്‍ന്നു. ഔറംഗസേബ് പട്ടാളത്ത അയച്ചു രാമക്ഷേത്രം പിടിച്ചെടുക്കാന്‍ ശ്രമിച്ചു. ”സന്ന്യാസിമാരുടെ നേതൃത്വത്തില്‍ ഹിന്ദുക്കള്‍ എതിര്‍ത്തു മുസ്ലിം സേനയെ തോല്‍പ്പിച്ചു. കോപാക്രാന്തനായ ഔറംഗസേബ് വീണ്ടും പട്ടാളത്തെ അയച്ചു. ഹിന്ദുക്കളും സിക്കുകാരും ചേര്‍ന്നു ആ സേനയേയും തോല്പിച്ചു. നാലഞ്ചു കൊല്ലം കഴിഞ്ഞ് ഔറംഗസേബിന്റെ സേന സ്ഥലം കൈയേറി. പൂജാരികള്‍ വിഗ്രഹം ഒളിച്ചുവെച്ചു. ബാബറുടെ കാലം മുതല്‍ ബ്രിട്ടീഷുകാരുടെ കാലംവരെ എഴുപത്തിയാറു തവണ ഹിന്ദുക്കള്‍ ശ്രീരാമന്റെ ജന്മസ്ഥാനം തിരിച്ചു പിടിക്കാന്‍ യുദ്ധം ചെയ്യുകയുണ്ടായി. ”1947ല്‍ അനേകായിരം ഭക്തന്മാര്‍ അവിടെ തുളസീമാസരാമായണം സങ്കീര്‍ത്തനം ചെയ്തു. 1949 ഡിസംബര്‍ 22ന് രാത്രി ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഭക്തവത്സലനായ ശ്രീരാമചന്ദ്രന്‍, ലക്ഷ്മണസമേതനായി ജന്മസ്ഥാനത്ത് ഭക്തന്മാര്‍ക്ക് ദര്‍ശനം നല്‍കി. ഈ വാര്‍ത്ത പരന്നതോടെ ലക്ഷക്കണക്കിനാളുകള്‍ ദര്‍ശനത്തിന് ഓടിയെത്തി. മതകലഹം ഭയപ്പെട്ട് സര്‍ക്കാര്‍ അവിടം ഒരു ലഹളബാധിത പ്രദേശമായി വിളംബരം ചെയ്ത് സ്ഥലം കൈവശപ്പെടുത്തി…. ഭക്തന്മാര്‍ക്ക് പുറത്ത് നിന്ന് തൊഴാം. മുസ്ലീകള്‍ക്ക് അടുത്ത് പോകാന്‍ നിവൃത്തിയില്ല.”
(ത്രിവേണി പേജ് 192)
അനുബന്ധം
അന്ന് രാമക്ഷേത്രത്തില്‍ വസിച്ചിരുന്ന ശ്രീശ്യാമാനന്ദജി എന്ന യോഗി, കജാല്‍ അബ്ബാസിനും ജലാന്‍ഷായ്ക്കും ശിഷ്യത്വം നിഷേധിച്ചിരുന്നെങ്കില്‍ രാമജന്മഭൂമിയുടെ ചരിത്രം മറ്റൊന്നാകുമായിരുന്നില്ലെ?
ത്രേതായുഗത്തില്‍ ശ്രീരാമന്റെ ജീവിതത്തെ സംഘര്‍ഷഭരിതവും അശാന്തമാക്കിതീര്‍ത്തതിന് പിറകിലും വേഷപ്രഛന്നനായിവന്ന ഒരു മാരീചനുണ്ടായിരുന്നു.
കലിയുഗത്തിലാകട്ടെ ശ്രീരാമന്റെ ജന്മസ്ഥാനം തകര്‍ക്കാനും അവിടെ അശാന്തിയുടെ വിളനിലമാക്കാനും വന്നുചേര്‍ന്ന മാരിച്ചന്മാരായിരുന്നില്ലെ വാസ്തവത്തില്‍ കജാല്‍ അബ്ബാസും ജലാല്‍ഷായും?
(രചനയ്ക്ക് ആശ്രയിച്ചത് 1989 ഏപ്രിലില്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച ത്രിവേണി എന്ന ഗ്രന്ഥം.)