1888ല്‍ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തി കേരള നവോത്ഥാനത്തിന് തുടക്കം കുറിച്ച ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹം ലഭിച്ച സംഗീതജ്ഞനാണ് പത്മവിഭൂഷണ്‍ യേശുദാസ്. അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയശേഷം ഗുരുദേവന്‍ നല്‍കിയ വിശ്വമാനവിക സന്ദേശമാണ് ”ജാതിഭേദം മതദ്വേഷമേതുമില്ലാതെ സര്‍വ്വരും; സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്.” ഈ ശ്ലോകമാണ് യേശുദാസ് സിനിമാ പിന്നണിയില്‍ ആദ്യം പാടി റിക്കാര്‍ഡ് ചെയ്തത്; സിനിമ ‘കാല്പാടുകള്‍’.
ഗുരുവിന്റെ ഈ നാലുവരി ശ്ലോകം ഇതിനിടെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ നമ്മുടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആലപിക്കുകയും വരും വര്‍ഷങ്ങളില്‍ നമ്മുടെ രാഷ്ട്രത്തെ മുന്നോട്ടു നയിക്കുന്ന ചാലകശക്തിയായി ഈ ദര്‍ശനം മാറുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഗുരുദേവന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ‘കാല്പാടുകള്‍’ എന്ന സിനിമയ്ക്കുവേണ്ടി യേശുദാസ് ആലപിച്ച ഈ ശ്ലോകവും ഗുരുദേവനും അദ്ദേഹത്തെ വിശ്വമാനവികതയിലേക്കു ഉയര്‍ത്തുകയുണ്ടായി. ജാതിമതഭേദമില്ലാതെ സംഗീതത്തിനു ഭാഷയോ വിഭാഗീയതയോ ഇല്ലെന്നു ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലും; ഇന്ത്യയില്‍ തന്നെ മിക്ക ദേവാലയങ്ങളിലും പുലര്‍വെട്ടത്തില്‍ ശ്രുതി മധുരമായി മുഴങ്ങുന്നത് യേശുദാസിന്റെ സപ്തസ്വര പ്രാര്‍ത്ഥനകളാണ്.
ഹരിവരാസനം’ പാടി ശ്രീധര്‍മ്മശാസ്താവിനെ ഉറക്കുന്നതു യേശുദാസിന്റെ സംഗീത ധ്വനികളാണ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച്; ഭഗവാനെ കണ്ണ് നിറയെ കണ്ട് പ്രാര്‍ത്ഥിക്കണം! ഹൈന്ദവ ആചാരങ്ങളും വിശ്വാസങ്ങളും ഉള്‍ക്കൊണ്ട് ജീവിക്കുന്ന ഈ ഭക്തനു നടതുറന്നു കൊടുക്കാന്‍ ക്ഷേത്രഭാരവാഹികള്‍ എന്തിനാണ് മടി കാണിക്കുന്നത്?
തന്റെ പ്രിയസ്‌നേഹിതനായ യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ വയലാര്‍ രാമവര്‍മ്മ വളരെ ശ്രമിച്ചിരുന്നു. ആ ശ്രമം വിജയിച്ചില്ല. ”ഗുരുവായൂര്‍ അമ്പലനടയില്‍ ഒരു ദിവസം ഞാന്‍ പോകും….” എന്നു ഗാനമെഴുതി യേശുദാസിനെക്കൊണ്ട് പാടിച്ച് മനസ്സിലെ ദുഃഖം അകറ്റുകയായിരുന്നു.
വിവിധ ഭാഷകളിലായി ഏഴുസ്വരങ്ങളില്‍; ഏഴുതരം ശബ്ദങ്ങളില്‍ പാടി സംഗീത ലോകത്തെ വിസ്മയമായ യേശുദാസ് എണ്‍പതിന്റെ നിറവിലും ശബ്ദത്തിനു ഒരു പോറലുമില്ലാതെ നമ്മെ അത്ഭുതപ്പെടുത്തുന്നു. ഭൗതികജീവിതത്തിലെ ഒരുപാടുസുഖാനുഭൂതികള്‍ ത്യജിച്ചും സംഗീതം തപസ്യയായി സ്വീകരിച്ചുമാണ് ശബ്ദവും ആലാപനശേഷിയും നിലനിര്‍ത്തുന്നത്. ഒമ്പതാം വയസ്സുമുതല്‍ ഏഴുപതിറ്റാണ്ടുകാലം പ്രൊഫഷണല്‍ സംഗീതത്തില്‍ സജീവമായത് ഒരു സംഗീതജ്ഞനുവേണ്ട അച്ചടക്കവും നിയന്ത്രണങ്ങളും പിതാവില്‍ നിന്നും പരിശീലിച്ചുകൊണ്ടായിരുന്നു. ശബ്ദവിന്യാസവും അക്ഷരശുദ്ധിയും പാടുമ്പോള്‍ പദങ്ങളുടെ സ്ഫുടതയും അദ്ദേഹത്തിന്റെ സ്വന്തം കൈമുതലാണ്.
”സമര്‍പ്പണം എന്ന വാക്കിന്റെ പര്യായമാണ് എനിക്കു ദാസേട്ടന്‍, സംഗീതത്തോടുള്ള പൂര്‍ണ്ണസമര്‍പ്പണം” (ഗായിക സുജാത) ”തൂവെള്ള വസ്ത്രത്തില്‍ ഉദിച്ചുനില്‍ക്കുന്ന ചന്ദ്രനെപ്പോലെ” (എം.ജയചന്ദ്രന്‍). സംഗീതത്തില്‍ യേശുദാസ് എന്ന ഗായകന്‍ സൃഷ്ടിച്ച മാതൃക ഒരിക്കലും പകരം വെക്കാനാവില്ല. പില്‍ക്കാലത്ത് ലളിത സംഗീതം വിട്ടു അദ്ദേഹം ശാസ്ത്രീയ സംഗീതത്തിലും മുദ്ര പതിപ്പിച്ചു. (ജി. വേണുഗോപാല്‍).
കാലാതിവര്‍ത്തിയാകുന്ന ഒട്ടേറെ ഗാനങ്ങള്‍ അദ്ദേഹം മലയാളത്തില്‍ ആലപിച്ചിട്ടുണ്ട്. ”ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം…”, ”ഹരിമുരളീരവം…”, ”ശ്യാമസുന്ദര പുഷ്പമേ…”, ”പാര്‍വണേന്ദുവിന്‍ ദേഹമടക്കി…”, ”ഒറ്റക്കമ്പിനാദം മാത്രം….” ആ പട്ടിക അങ്ങിനെ നീളുന്നു…. എണ്‍പതാം വയസ്സിലും സംഗീതരംഗത്ത് അദ്ദേഹം നിറസാന്നിദ്ധ്യമാണ്.