സംഘശതാബ്ദിയുടെ ഭാഗമായി കോഴിക്കോട്ട് സംഘടിപ്പിച്ച ഉത്തര കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട യുവതീ യുവാക്കള്‍ പങ്കെടുത്ത ‘പ്രേരണ’ യുവസംഗമം രാഷ്ട്ര വൈഭവപ്രയാണത്തിന് പ്രേരണ പകരുന്നതായിരുന്നു. ഫെബ്രുവരി പത്തിന് നടന്ന പരിപാടിയില്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പങ്കെടുത്തു മാര്‍ഗദര്‍ശനം നല്‍കി.
യുവാക്കള്‍ സമാജബോധത്തോടെ ഒത്തുചേരുമ്പോള്‍ രാഷ്ട്രത്തിന്റെ ഭാവി ശോഭനമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രം വെല്ലുവിളികള്‍ നേരിടുമ്പോള്‍ സമാജമൊന്നാകെ സര്‍ക്കാരിന് പിന്തുണ നല്‍കേണ്ടതുണ്ട്. ബാഹ്യ ഭൗതിക വികാസംകൊണ്ട് മാത്രം രാഷ്ട്രത്തിന് നിലനില്‍ക്കാനാവില്ല. മൂല്യാധിഷ്ഠിത ജീവിതമാണ് സമാജം യുവജനതയോട് ആവശ്യപ്പെടുന്നത്. ഹിന്ദു സംസ്‌കാരം ലോകമെമ്പാടും അതിന്റെ സാംസ്‌കാരിക സംഭാവനകള്‍ അര്‍പ്പിച്ചു മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രാചീനവും വിസ്തൃതവുമായ ഒരു രാഷ്ട്രമെന്ന നിലയില്‍ ഭാരതത്തില്‍ ധാരാളം വൈവിധ്യങ്ങളുണ്ട്. എന്നാല്‍ ഇവ വൈജാത്യങ്ങളല്ലെന്നും ഭാരതം ഏകരാഷ്ട്രമാണെന്നുമാണ് സംഘത്തിന്റെ കാഴ്ചപ്പാട്. ജീവനുള്ള സമാജത്തില്‍ കാലക്രമേണ സ്വാഭാവികമായും പല പ്രതിബന്ധങ്ങളും ഉയര്‍ന്നുവരും. ഇതിനെ തരണം ചെയ്യാന്‍ പാകത്തിന് സമാജത്തില്‍ നിത്യസിദ്ധമായ ആത്മവിശ്വാസം സൃഷ്ടിക്കുകയാണ് സംഘത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനത്തിലൂടെ നടക്കുന്നത്. ഹിന്ദു സംസ്‌കാരത്തിന്റെ അടിത്തറയിലാണ് എല്ലാ ദിവസവും ഒരേ ഭാവത്തോടെയും ഒരുമയോടെയും ആളുകളെ ഒന്നിച്ചു ചേര്‍ക്കാന്‍ സംഘത്തിന് സാധിക്കുന്നത്.
സംഘശതാബ്ദി ഒരിക്കലും ആഘോഷത്തിനുള്ള അവസരമല്ല. സമാജത്തിലെ ആബാലവൃദ്ധം ജനങ്ങളുമായി സംവദിക്കാനാണ് സംഘം ഈ അവസരം പ്രയോജനപ്പെടുത്തുന്നത്. രാഷ്ട്രത്തെയും സമാജത്തെയും കുറിച്ച് ചിന്തിക്കാന്‍ സാധാരണ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഋഷിമാരോടും ദേവഗണങ്ങളോടും പിതൃക്കളോടും ജീവജാലങ്ങളോടും മനുഷ്യരോടുമുള്ള പഞ്ചഋണങ്ങള്‍ക്ക് പുറമെ ഭാരതീയ സംസ്‌കാരം സമാജഋണത്തെ കുറിച്ച് കൂടി ഉദ്‌ബോധിപ്പിക്കുന്നുണ്ട്. സമാജത്തോടുള്ള ഈ കടപ്പാട് നിറവേറ്റുന്നതിന് സംഘം പ്രാധാന്യം നല്‍കുന്നു. സ്വയംസേവകരിലൂടെ സമാജ ഋണം പൂര്‍ത്തീകരിക്കാന്‍ വ്യക്തികളെ തയ്യാറാക്കുകയാണ് സംഘം ചെയ്യുന്നത്.

സമസ്തമേഖലകളിലും ഇന്ന് ഭാരതം ഉയരുകയാണ്. ഭാരതം ഉണരുന്നതാവട്ടെ വിശ്വമാനവികതയ്ക്ക് വേണ്ടിയാണ്. സമാജം നല്‍കിയ നേട്ടങ്ങള്‍ സമാജത്തിന് തന്നെ തിരികെ നല്‍കേണ്ട ഉത്തരവാദിത്തം ഓരോ വ്യക്തിക്കുമുണ്ട്. സജ്ജനശക്തിയെ ഒരുമിച്ചു ചേര്‍ത്ത് സംഘടിത സമാജശക്തി രൂപപ്പെടുത്തുകയാണ് സംഘത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തര കേരളം പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, കോഴിക്കോട് വിഭാഗ് സംഘചാലക് യു. ഗോപാല്‍ മല്ലര്‍, പ്രാന്ത വിദ്യാര്‍ത്ഥി പ്രമുഖ് അഡ്വ. ആര്‍. ജയപ്രകാശ് എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.
















