ഇരു രാജ്യത്തിന്റെയും അതിര്‍ത്തിയില്‍ അഭിമുഖമായി പടുകൂറ്റന്‍ കോണ്‍ക്രീറ്റ് ഗ്യാലറികള്‍ പടുത്തുയര്‍ത്തിയിട്ടുണ്ട്. ഇതിന്റെ മട്ടുപ്പാവില്‍ നിന്ന് ലഭിക്കുന്ന ആജ്ഞകള്‍ക്കനുസരിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. നാലരമണിയായതോടെ ഭാരതത്തിന്റെ ഭാഗത്തുള്ള ഗ്യാലറി ഏതാണ്ട് നിറഞ്ഞിരുന്നു. ഹിന്ദിസിനിമകളിലെ പ്രസിദ്ധങ്ങളായ ദേശഭക്തിഗാനങ്ങള്‍ തുടര്‍ച്ചയായി മുഴങ്ങിക്കൊണ്ടിരുന്നു.ദേശഭക്തിഗാനങ്ങള്‍ക്കൊപ്പം ഉത്സവ പ്രതീതിയില്‍ ജനങ്ങള്‍ ആട്ടവും പാട്ടുമായി ഭാരതത്തിന്റെ ഗാലറിയില്‍ തകര്‍ത്താടുമ്പോള്‍ പാകിസ്ഥാന്റെ ഗ്യാലറികള്‍ ശൂന്യമായിരുന്നു. ക്യാമറയിലെ ടെലിലെന്‍സിലൂടെ ഞാന്‍ പാകിസ്ഥാന്റെ ഗ്യാലറി ഇടയ്ക്കിടയ്ക്ക് നിരീക്ഷിച്ചുകൊണ്ടിരുന്നു. തുടക്കത്തില്‍ ഏതാണ്ട് ഒരു മരണവീടുപോലെയാണ് പാക് ഗ്യാലറി കാണപ്പെട്ടത്. നീണ്ട പൈജാമയും കുര്‍ത്തയും ധരിച്ച പത്താന്‍ വംശജരെ അനുസ്മരിപ്പിക്കുന്ന ചിലര്‍ ഗാലറിയില്‍ അവിടെയും ഇവിടെയും ഇരുന്ന് സൊറ പറയുന്നതല്ലാതെ വലിയ ആവേശമൊന്നും പാകിസ്ഥാന്‍ ഭാഗത്ത് കണ്ടില്ല. അല്ലെങ്കിലും മോദി പ്രധാനമന്ത്രിയായതിനു ശേഷം പാകിസ്ഥാനികള്‍ക്ക് അത്ര അഭിമാനിക്കത്തക്ക കാര്യങ്ങളല്ലല്ലോ നടക്കുന്നത്. സ്ത്രീകളുടെ സാന്നിദ്ധ്യം അവിടെ കാര്യമായി കണ്ടില്ല എന്നതും പ്രസ്താവ്യമാണ്. ഭാരതത്തിന്റെ ഭാഗത്ത് ഒരു സൈനികന്‍ കോഡ്‌ലെസ് മൈക്കുമായി നിരത്തിന്റെ നടുവില്‍ നിന്ന് ജനങ്ങള്‍ക്ക് ആവേശം പകര്‍ന്നുകൊടുത്തുകൊണ്ടിരുന്നു. പെട്ടെന്നാണ് അയാള്‍ നൃത്തംചെയ്യാന്‍ അറിയുന്ന സ്ത്രീകള്‍ ഉണ്ടെങ്കില്‍ മുന്നോട്ട് വരണമെന്ന് അഭ്യര്‍ത്ഥിച്ചത്. അവിടെ കൂടിയിരുന്നതില്‍ പകുതിയിലധികം സ്ത്രീകളും നൃത്തം ചെയ്യാന്‍ അറിയുന്നവരാണ് എന്ന് അപ്പോഴാണ് ഞങ്ങള്‍ക്ക് മനസ്സിലായത്. നിരത്തിലേക്കിറങ്ങിയ കുട്ടികളും മദ്ധ്യവയസ്സ് കഴിഞ്ഞ സ്ത്രീകളുമടക്കം ആയിരങ്ങള്‍ ദേശഭക്തിഗാനത്തിനൊപ്പം ദേശീയപതാക വീശി നൃത്തം ചെയ്യുന്ന കാഴ്ച ആവേശകരമായ ഒന്നായിരുന്നു. ഭാരതഭാഗത്തെ ഗ്യാലറി ഈ സമയത്ത് അക്ഷരാര്‍ത്ഥത്തില്‍ ഇളകി മറിയുകയായിരുന്നു. നൃത്തം ചെയ്യുന്നവരുടെ കൂട്ടത്തില്‍ ഭാരതപതാകയേന്തിയ നാലോ അഞ്ചോ വിദേശവനിതകളും ഉണ്ടായിരുന്നു എന്നതാണ് രസകരം.
ബീറ്റിംഗ് റിട്രീറ്റിന്റെ സൂചനയായി ബ്യൂഗിള്‍ മുഴങ്ങിയതോടെ നിശ്ചയിക്കപ്പെട്ട സൈനികര്‍ ഇരുഭാഗത്തും അണിനിരന്നു. ഭാരതത്തിന്റെ ഭാഗത്തുനിന്നും ചടങ്ങില്‍ പങ്കെടുക്കുന്ന ഒരു യുവതിയായ സൈനിക ഒരു നിമിഷം പ്രാര്‍ത്ഥനാഭരിതമായി കണ്ണടച്ച് തലകുനിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു. ഒരുപക്ഷെ ലോകം മുഴുവന്‍ തങ്ങളുടെ പ്രകടനം കണ്ടേക്കാമെന്ന മനഃസംഘര്‍ഷം അവരുടെ മുഖത്തുണ്ടോ എന്ന് തോന്നി. അടുത്തനിമിഷം അവള്‍ ഒരു സംഘത്തെ നയിച്ച് ചുറുചുറുക്കോടെ മുന്നോട്ടു നീങ്ങുന്ന കാഴ്ചയാണ് കണ്ടത്. ഭാരതം ഝാന്‍സിറാണിമാരുടെ പാരമ്പര്യം സൈന്യത്തില്‍ എങ്ങനെ കാത്തുസൂക്ഷിക്കുന്നു എന്നതിന്റെ ഉദാഹരണമായിരുന്നു ആ സൈനികയുടെ പ്രകടനം. പരസ്പരം ഒരേ വേഗത്തില്‍ പതാകകള്‍ താഴ്ത്തി കവാടങ്ങള്‍ അടയ്ക്കുന്നതോടെ ബീറ്റിംഗ് റിട്രീറ്റ് സമാപിക്കുകയായി. ചടങ്ങുകളുടെ സമാപനമായപ്പോഴയ്ക്കും പാകിസ്ഥാന്റെ ഗ്യാലറിയിലും കുറേപ്പേര്‍ എത്തിച്ചേര്‍ന്നിരുന്നു. ഒട്ടും വര്‍ണ്ണാഭമായിരുന്നില്ല അവരുടെ പങ്കാളിത്തം എന്നത് ശ്രദ്ധേയമായിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ ജയ് വിളികള്‍ക്ക് വലിയ ക്ഷാമമുണ്ടായില്ല എന്നതും ശ്രദ്ധേയമാണ്.
1959 മുതലാണ് അതിര്‍ത്തിയിലെ ഈ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. രാജ്യങ്ങള്‍ തമ്മില്‍ വലിയ സംഘര്‍ഷങ്ങള്‍ നിലനിന്ന സമയത്തുപോലും വാഗാഅതിര്‍ത്തിയിലെ ചടങ്ങുകള്‍ നിര്‍ത്തിയിരുന്നില്ല. ചടങ്ങുകള്‍ കഴിഞ്ഞതോടെ ജനങ്ങള്‍ ഭാരത് മാതാകീ ജയ് വിളിച്ച് പിരിഞ്ഞുതുടങ്ങി. ഞങ്ങളെ സംബന്ധിച്ച് ജാലിയന്‍ വാലാബാഗ് സന്ദര്‍ശിക്കുക എന്നതായിരുന്നു അടുത്ത ലക്ഷ്യം. ഏഴുമണിയോടെ ജാലിയന്‍വാലാബാഗ് അടയ്ക്കുമെന്ന് ഡ്രൈവറില്‍ നിന്നും മനസ്സിലായി. എങ്കിലും ഒരുശ്രമം നടത്താമെന്നുകരുതി വണ്ടി വേഗംവിടുവാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ട്രാഫിക്ക് ബ്ലോക്കുകളില്‍ പെട്ട് വണ്ടി അവിടെ എത്തുമ്പോഴേയ്ക്കും സമയം കഴിഞ്ഞിരുന്നു. പുറത്തുനിന്നും ചില ചിത്രങ്ങള്‍ എടുത്ത് തൃപ്തിപ്പെടേണ്ടിവന്നു. അമൃത്‌സറിലെ സുവര്‍ണ്ണക്ഷേത്രത്തില്‍ നിന്നും ഏതാനും മീറ്റര്‍ മാത്രമാണ് ജാലിയന്‍വാലാബാഗിലേക്കുള്ളത്.
സുവര്‍ണ്ണ ക്ഷേത്രത്തില്‍
ശ്രീഹരിമന്ദിര്‍ സാഹിബ് എന്നറിയപ്പെടുന്ന സുവര്‍ണ്ണക്ഷേത്രം സിഖ് സമൂഹത്തെ സംബന്ധിച്ച് പരമപ്രധാനമായ ആത്മീയക്ഷേത്രങ്ങളില്‍ ഒന്നാണ്. അതിവിശാലമായ ഒരു തടാകത്തിനു നടുവില്‍ മനോഹരമായ വാസ്തു ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ട ഗുരുദ്വാര സ്വര്‍ണ്ണം പൊതിഞ്ഞിരിക്കുന്നു എന്നതുകൊണ്ടാവാം ഇത് സുവര്‍ണ്ണക്ഷേത്രം എന്നറിയപ്പെടുന്നത്. ഹിരണ്‍മയമാണ് ഈ ശ്രീഹരി മന്ദിര്‍ എന്ന് പറയാം.എ.ഡി. 1577ല്‍ മൂന്നാമത്തെ സിഖ് ഗുരു അമര്‍ദാസിന്റെ നിര്‍ദ്ദേശപ്രകാരം നാലാമത്തെ ഗുരുവായ ഗുരുരാംദാസാണ് അമൃതസരസിലെ വലിയകുളത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഇതിന്റെ നടുവില്‍ ഹൈന്ദവ മുഗള്‍ വാസ്തു ശൈലികളുടെ സമ്മിശ്രരൂപമായ ക്ഷേത്രനിര്‍മ്മാണം ആരംഭിച്ചത് 5-ാമത്തെ ഗുരുവായ ഗുരു അര്‍ജ്ജുന്‍ ദേവാണ്. എ.ഡി. 1604ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി സിഖ് ആത്മീയഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബ് ഇതില്‍ പ്രതിഷ്ഠിച്ചു. ഇന്ന് ലോകം മുഴുവനുമുള്ള സിഖ് സമൂഹത്തിന്റെ തീര്‍ത്ഥാടനകേന്ദ്രമാണ് സുവര്‍ണ്ണക്ഷേത്രം.
പകല്‍ സൂര്യപ്രകാശത്താലും രാത്രി വൈദ്യുതദീപങ്ങളാലും കണ്ണഞ്ചിപ്പോകും വിധം ഉജ്ജ്വലമാണ് സുവര്‍ണ്ണക്ഷേത്രത്തിന്റെ ശില്പചാരുത. സിഖ് പാരമ്പര്യചിഹ്നങ്ങളായ കൃപാണും (വാള്‍) കുന്തവും ധരിച്ച പടയാളികളെപ്പോലെ തോന്നുന്ന സേവകന്മാര്‍ സന്നദ്ധപ്രവര്‍ത്തകരായി ക്ഷേത്ര കാര്യങ്ങളും സുരക്ഷയും നോക്കുന്നു. നിരന്തരം സിഖ് ഭക്തജനങ്ങള്‍ ഹരിമന്ദിര്‍ ശുചീകരിച്ചുകൊണ്ടിരിക്കുന്നതിനാല്‍ മാതൃകാ ദേവാലയമായി സുവര്‍ണ്ണക്ഷേത്രം പരിപാലിക്കപ്പെടുന്നു. പരിസരശുചീകരണം ആത്മീയസാധനയായാണ് ഇവിടെ സിഖ് സഹോദരങ്ങള്‍ കരുതുന്നത്. പൂര്‍ണ്ണനിലാവുള്ള രാത്രിയില്‍ ആണ് സുവര്‍ണ്ണക്ഷേത്രത്തില്‍ എത്താന്‍ കഴിഞ്ഞതെന്നത് ഒരു സൗഭാഗ്യമായി വേണം കരുതാന്‍. കാരണം നിലാവില്‍ സുവര്‍ണ്ണക്ഷേത്രത്തിന്റെ സ്വര്‍ണ്ണത്താഴികക്കുടങ്ങളുടെ ഭംഗി ഒന്നു വേറെതന്നെയാണ്. നട അടയ്ക്കാത്ത ആരാധനാലയമാണ് ഇത്. അതുകൊണ്ട് ഭക്തര്‍ രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ വന്നുകൊണ്ടേയിരിക്കും. ആരും ആരെയും നിയന്ത്രിക്കുകയോ ശാസിക്കുകയോ ചെയ്യാതെ എല്ലാം ചിട്ടയായി നടക്കുന്ന അപൂര്‍വ്വം ആരാധനാലയമാണ് സുവര്‍ണ്ണക്ഷേത്രം. മത-ജാതി ഭേദങ്ങള്‍ ഇവിടെ പരിഗണിക്കുന്നില്ല. എല്ലാവരും ശിരസ് ഒരു തുണികൊണ്ട് മറയ്ക്കണം എന്നത് ക്ഷേത്രത്തിനുള്ളിലെ ആചാരമാണ്. ശിരസ് മറയ്ക്കാനുള്ള മഞ്ഞവസ്ത്രം കൗണ്ടറില്‍ നിന്ന് സൗജന്യമായി ലഭിക്കുന്നുണ്ടാകും. അനസ്യൂതം മുഴങ്ങുന്ന ഗുരുഗ്രന്ഥ സാഹിബ് പാരായണമോ ഭജനയോ കേട്ടുകൊണ്ട് വരിയില്‍ നില്‍ക്കുന്ന നമ്മള്‍ ഒരു തിക്കും തിരക്കുമില്ലാതെ ഗര്‍ഭഗൃഹത്തിന്റെ മുന്നിലെത്തുന്നു. ഗുരുക്കന്മാര്‍ ഉപയോഗിച്ച ചില ആയുധങ്ങളും ഗുരുഗ്രന്ഥസാഹിബുമായിരിക്കും പ്രധാന ദര്‍ശനവസ്തുക്കള്‍. അവിടെ നിരന്തരം ഭജന നടക്കുന്നുണ്ടാവും. ലോകത്തെല്ലായിടത്തുമുള്ള ഗുരുദ്വാരകളില്‍ സമാനമായ അനുഷ്ഠാനങ്ങളാണുള്ളത്.