ന്യൂനപക്ഷ സംവരണം കിട്ടാന്‍ കേവലം ന്യൂനപക്ഷമായാല്‍ പോര; ന്യൂനപക്ഷത്തിലെ ഭൂരിപക്ഷമാവണം. സീറോ മലബാര്‍ സഭാ സിനഡിന് ഇതു ബോധ്യമായത് വൈകി മാത്രമാണ്. അവര്‍ കരയാന്‍ തുടങ്ങിയിരിക്കുന്നു. സംസ്ഥാനത്ത് ന്യൂനപക്ഷക്ഷേമ വകുപ്പ് ചെലവിടുന്ന തുകയുടെ എണ്‍പതു ശതമാനവും ഒരു വിഭാഗത്തിന്, അതായത് മുസ്ലീങ്ങള്‍ക്കു മാത്രം സംവരണം ചെയ്യുന്നു എന്നാണ് അവരുടെ പരാതി. കഴിഞ്ഞ ഇടതു സര്‍ക്കാര്‍ നിയോഗിച്ച പാലൊളി മുഹമ്മദ് കുട്ടി കമ്മറ്റി കണ്ടെത്തിയത് ന്യൂനപക്ഷവിഭാഗങ്ങളില്‍ സാമ്പത്തിക അവശതയുള്ളത് മുസ്ലീങ്ങള്‍ക്ക് മാത്രമാണെന്നാണ്. അതിനാലാണത്രെ ഫണ്ട് അവര്‍ക്കു മാത്രം സംവരണം ചെയ്യുന്നത്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്നത് മന്ത്രി കെ.ടി. ജലീലുമാണ്. മുസ്ലീങ്ങള്‍ക്ക് വകുപ്പിന്റെ ആനുകൂല്യങ്ങള്‍ എല്ലാം വാരിക്കോരിക്കൊടുക്കാന്‍ വേറെ കാരണം വേണ്ടല്ലോ. അവര്‍ എല്ലാം സുഭിക്ഷമായി അനുഭവിക്കുമ്പോള്‍ നുണച്ചിരിക്കാന്‍ മാത്രം വിധിക്കപ്പെട്ടവരാണ് മറ്റുന്യൂനപക്ഷങ്ങള്‍. ആനുകൂല്യത്തിന്റെ 80 ശതമാനം മുസ്ലീങ്ങള്‍ക്കും നക്കാപിച്ചയായ 20 ശതമാനം മറ്റു അഞ്ച് വിഭാഗങ്ങള്‍ക്കുമാണ് എന്നു സിനഡ് നെഞ്ചത്തടിച്ചു കരഞ്ഞുകൊണ്ട് വിലപിക്കുന്നു. പി.എസ്.സി. പോലുള്ള പരീക്ഷകള്‍ക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ കേരളത്തില്‍ 45 കോച്ചിങ്ങ് കേന്ദ്രങ്ങള്‍ നടക്കുന്നുണ്ട്. അതെല്ലാം മുസ്ലീങ്ങള്‍ക്ക് അട്ടിപ്പേറായി നല്‍കിയിരിക്കുകയാണ്. കൂടാതെ ജില്ലാതല ന്യൂനപക്ഷ കോഡിനേഷന്‍ കമ്മറ്റികളില്‍ നിലവിലുള്ള 39 കമ്മറ്റിയംഗങ്ങളില്‍ 30 പേരും മുസ്ലീങ്ങളാണ്. അവരാണ് ആനുകൂല്യം കിട്ടേണ്ടവരെ നിശ്ചയിക്കുന്നത്.
ഇതൊന്നും ജനാധിപത്യത്തിനും മതേതരത്വത്തിനും നിരക്കുന്നതല്ല എന്ന് സിനഡ് വിതുമ്പിക്കൊണ്ടു പറയുകയാണ്. ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമായി നല്‍കണമെന്നാണ് സിനഡിന്റെ ആവശ്യം. വോട്ടുബാങ്കിന്റെ ഹുങ്കുകാട്ടി നേടിയെടുത്ത ന്യൂനപക്ഷാവകാശം ന്യൂനപക്ഷക്കാരിലെ വലിയേട്ടന്‍ തട്ടിയെടുക്കുന്നതും ‘മതേതരക്കാരായ’ ഇടതുസര്‍ക്കാര്‍ അതിന് ഒത്താശ ചെയ്യുന്നതും കണ്ട് നോക്കി നില്‍ക്കാനെ പള്ളിമതത്തിനു കഴിയുന്നുള്ളൂ. ആനുകൂല്യങ്ങള്‍ അനര്‍ഹമായി വിലപേശി കയ്യടക്കുകയും ഹിന്ദുക്കളെ ‘മതേതരത്വം’ പഠിപ്പിക്കാന്‍ ആവേശം കാട്ടുകയും ചെയ്യുന്നവര്‍ക്ക് ഈ ഗതി വന്നതില്‍ അതിശയിക്കാനില്ല.