ഉമ്മറത്തിരുന്നു പത്രം വായിക്കുകയായിരുന്ന മുത്തശ്ശി അരിശം മൂത്തു പറഞ്ഞു. ‘ഭഗവാനോടാണോ കാക്കകളുടെ കളി! അനുഭവിക്കും അവറ്റകള്‍!’
മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മണിക്കുട്ടി ഇതുകേട്ട് ഓടിവന്നു ചോദിച്ചു. ‘എന്താ മുത്തശ്ശി കാക്കകളെ ശകാരിക്കുന്നത്?’
‘മോളിങ്ങു വന്നേ. മണിക്കുട്ടി കണ്ണ് പോയ കാക്കയുടെ കഥ കേട്ടിട്ടുണ്ടോ?’ മുത്തശ്ശി ചോദിച്ചു.
‘ഇല്ലല്ലോ മുത്തശ്ശി’, അവള്‍ ആകാംക്ഷയോടെ പറഞ്ഞു.
മുത്തശ്ശി അവളെ അടുത്ത് പിടിച്ചിരുത്തി കഥ പറഞ്ഞു തുടങ്ങി. ‘മുത്തശ്ശി മോള്‍ക്ക് രാമായണത്തിലുള്ള ഒരു കാക്കയുടെ കഥ പറഞ്ഞു തരാം.’
പണ്ടുപണ്ട് രാമനും സീതയും കാട്ടില്‍ പാര്‍ക്കുന്ന സമയം. രാമന്‍ സീതാദേവിയുടെ മടിയില്‍ തല ചായ്ച്ചു ഉറങ്ങുകയായിരുന്നു. അപ്പോള്‍ എവിടെ നിന്നോ ഒരു കാക്ക പറന്നുവന്നു. അത് സിന്ദൂരമണിഞ്ഞവളും പതിവ്രതയുമായ സീതാദേവിയെ ഒന്ന് നോക്കിയിട്ട് അടുത്തേക്ക് പാഞ്ഞു വന്നു. സീതാദേവി ഒന്നും മിണ്ടാതെ ഇരുന്നു. ശ്രീരാമചന്ദ്രനെ ഉണര്‍ത്താന്‍ പാടില്ലല്ലോ. കാക്ക ഇത് കണ്ടു പറന്നു വന്നു സീതയെ കൊത്തി. ദേവി വേദനകൊണ്ട് പുളഞ്ഞെങ്കിലും മിണ്ടാതെ ഇരുന്നു. കാക്കയാകട്ടെ വീണ്ടും വീണ്ടും വന്നു തലയിലും ദേഹത്തുമെല്ലാം കൊത്തുകയും നഖം കൊണ്ട് മാന്തുകയും ചെയ്തു. ഒടുവില്‍ സീതാദേവിയുടെ ദേഹത്ത് നിന്നും ചോര ഒഴുകാന്‍ തുടങ്ങി. ദേവിയുടെ നെറ്റിയിൽ നിന്നും സിന്ദൂരം കലര്‍ന്ന ചോര ഒഴുകിയൊഴുകി ഉറങ്ങിക്കിടന്ന രാമന്റെ ദേഹത്തു വീണു. ഉടന്‍ തന്നെ രാമന്‍ ഉണര്‍ന്നു.
അമ്പരന്നു നോക്കിയപ്പോള്‍ തന്റെ പ്രിയ പത്‌നിയുടെ ദേഹത്ത് നിന്നും ചോര ഒഴുകുന്നതായി കണ്ടു. ‘എന്റെ പ്രിയപ്പെട്ടവളെ ആക്രമിക്കാന്‍ ആര്‍ക്കാ ഇത്ര ധൈര്യം?’ എന്ന് പറഞ്ഞുകൊണ്ട് ദേഷ്യത്തോടെ രാമന്‍ ചുറ്റും നോക്കി.
അപ്പോഴതാ ഒരു കാക്ക നഖത്തില്‍ രക്തം ഒലിപ്പിച്ചു നില്‍ക്കുന്നു. ശ്രീരാമചന്ദ്രന് അടക്കാനാവാത്തെ ദേഷ്യം വന്നു.
അദ്ദേഹം നിലത്തു കിടന്ന ഒരു പുല്ല് കയ്യിലെടുത്തു മന്ത്രം ചൊല്ലി കാക്കയുടെ നേരെ അസ്ത്രം പ്രയോഗിച്ചു. രാമന്റെ കോപം കണ്ടു കാക്ക ഭയന്ന് വിറച്ചു പറക്കാന്‍ തുടങ്ങി.
ഈ കാക്ക ഒരു സാധാരണ കാക്ക ആയിരുന്നില്ല. സര്‍വ്വ സൗഭാഗ്യങ്ങളോടും കൂടി വാണരുളുന്ന ഇന്ദ്രന്റെ മകനായിരുന്നു.
രാമന്റെ അസ്ത്രം കണ്ടു ഭയന്ന ആ കാക്ക സകല ദിക്കിലും പോയി രക്ഷപെടാന്‍ നോക്കി. എങ്ങും രക്ഷ കിട്ടിയില്ല. ദേവേന്ദ്രന്റെ മകനാണെങ്കില്‍ പോലും ഏതു കാക്കയ്ക്കാണ് രാമബാണത്തെ ജയിക്കാന്‍ പറ്റുക? ഒടുവില്‍ ആ കാക്ക പ്രാണരക്ഷാർത്ഥം പറന്നു രാമന്റെ കാല്‍ക്കല്‍ തന്നെ വീണു.
തൊടുത്തു വിട്ട അസ്ത്രത്തെ പിന്‍വലിക്കാന്‍ സാധിക്കില്ല എന്നതിനാല്‍ രാമബാണം ആ കാക്കയുടെ വലത്തെ കണ്ണിൽ പതിച്ചു. രാമനെ ആശ്രയിച്ചു ക്ഷമ ചോദിച്ചതു കൊണ്ട് കൊന്നുകളഞ്ഞില്ല, അങ്ങനെ ആ കാക്ക ഒറ്റക്കണ്ണന്‍ കാക്കയായി.
മണിക്കുട്ടിക്ക് മനസ്സിലായില്ലേ പതിവ്രതയായ സീതാദേവിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതുകൊണ്ട് കാക്കയ്ക്ക് കിട്ടിയ ശിക്ഷ?
‘അധികാരത്തിന്റെ പിൻബലമുള്ള ഏതു കാക്കയാണെങ്കില്‍ പോലും പാതിവ്രത്യത്തിന്റെ ശക്തിയെ പരീക്ഷിക്കാന്‍ ശ്രമിച്ചാല്‍ ഇങ്ങനെയിരിക്കും. അവര്‍ക്ക് നല്ല ശിക്ഷ കിട്ടിയിരിക്കും.’
കഥ കേട്ട് തുള്ളിച്ചാടി മണിക്കുട്ടി കാക്കകളെ നോക്കി ഉറക്കെ ചിരിച്ചുകൊണ്ടിരുന്നു.