രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി ജനക്ഷേമകരമായ പദ്ധതികള്‍ പലതും നടപ്പാക്കിയതിനെ അകമഴിഞ്ഞ് പുകഴ്ത്തിയതിനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അബ്ദുദുള്ളക്കുട്ടിയെ ആ പാര്‍ട്ടി പുറത്താക്കിയത് (കേസരി, ജൂണ്‍ 14). നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം അവിടെ ചെയ്ത വികസന പ്രവര്‍ത്തനങ്ങളെയും അബ്ദുള്ളക്കുട്ടി പ്രശംസിച്ചിട്ടുണ്ട്. അത് 2009ല്‍ അദ്ദേഹം സി.പി.എം പ്രവര്‍ത്തകനായിരുന്ന സമയത്താണ്. വികസന കാര്യത്തില്‍ രാഷ്ട്രീയം നോക്കാതെ വേണം നിലപാടെടുക്കാന്‍ എന്നാണ് അന്നും ഇന്നും അദ്ദേഹത്തിന്റെ നിലപാട്. അതിന്റെ പേരില്‍ അദ്ദേഹം സിപിഎമ്മിന്റെ നടപടികള്‍ക്ക് വിധേയനാകുകയും പുറത്താക്കപ്പെടുകയും ചെയ്തു. സി.പി.എം പുറത്താക്കിയ അബ്ദുള്ളക്കുട്ടിയെ കേവലം ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ കോണ്‍ഗ്രസ് സ്വീകരിക്കുകയും ആ വര്‍ഷം അദ്ദേഹത്തെ കോണ്‍ഗ്രസ് എംഎല്‍എ ആക്കുകയും ചെയ്തതാണ്. നരേന്ദ്രമോദിയെ 2009 ല്‍ പ്രശംസിച്ചതിന്റെ പേരില്‍ സി.പി.എം പുറത്താക്കിയ അബ്ദുള്ളക്കുട്ടിയെ അന്ന് കോണ്‍ഗ്രസ് എന്തു കാരണത്താലാണ് ആ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്? അബ്ദുള്ളക്കുട്ടി അന്ന് അദ്ദേഹത്തിന്റെ അഭിപ്രായം തിരുത്തിയിരുന്നോ? ഇല്ലല്ലോ. എന്നിട്ടും അന്ന് രണ്ടു കൈയും നീട്ടി സ്വീകരിച്ച അദ്ദേഹത്തിനെ ഇന്ന് അതേ കാരണം പറഞ്ഞ് പുറത്താക്കിയതിന്റെ പിന്നിലെ യുക്തി എന്താണ്? കോണ്‍ഗ്രസ് യാതൊരു യുക്തിബോധവുമില്ലാത്ത, രാഷ്ട്രീയ പക്വതയും മര്യാദയും ഇല്ലാത്ത അല്പന്മാരുടെ ഒരു സംഘടനയായി മാറിയിരിക്കുന്നു എന്നതല്ലാതെ മറ്റൊരു കാരണവും കാണുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങള്‍ ഗാന്ധിജി വിഭാവനം ചെയ്ത ശൈലിയില്‍ ആണ് എന്ന് ഒരു പടി കൂടി കടന്നുള്ള പ്രശംസയാണോ കോണ്‍ഗ്രസ്സിന് അസഹനീയമായി തോന്നിയത്!
കോണ്‍ഗ്രസ്സിന്റെ അന്തസ്സിന് യോജിക്കാത്ത പ്രവൃത്തിയാണ് അബ്ദുള്ളക്കുട്ടിയില്‍ നിന്ന് ഉണ്ടായതെന്നാണ് അദ്ദേഹത്തെ പുറത്താക്കാനുള്ള കാരണമായി ആ പാര്‍ട്ടി പ്രഖ്യാപിച്ചത്. ലക്ഷക്കണക്കിന് ജനങ്ങളുടെ പിന്തുണയോടെ തിരഞ്ഞെടുപ്പില്‍ ജയിച്ച് പ്രധാനമന്ത്രിയായ ഒരാളെ കള്ളനെന്നും ഫ്രാഡെന്നും മറ്റും സംബോധന ചെയ്യുന്നതാണോ കോണ്‍ഗ്രസ്സുകാരുടെ അഭിപ്രായത്തില്‍ അന്തസ്സുള്ള പ്രവൃത്തി? സ്ത്രീപീഡനത്തിന് അന്വേഷണം നേരിടുന്ന മുതിര്‍ന്ന നേതാക്കളുള്ള പാര്‍ട്ടിയാണ് കേരളത്തിലെ കോണ്‍ഗ്രസ്. അവരാണ് പറയുന്നത് രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ വികസന പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി സംസാരിക്കുന്നത് അന്തസ്സില്ലാത്ത പ്രവൃത്തിയാണെന്ന്. വികസന കാര്യങ്ങളെ രാഷ്ട്രീയ കണ്ണ് കൊണ്ടല്ല നോക്കിക്കാണേണ്ടത് എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. 2009ലും 2019ലും ആ ഒരേ അഭിപ്രായമാണ് അബ്ദുള്ളക്കുട്ടിക്ക്. രാജ്യത്തിന്റെ വികസനം ലക്ഷ്യമാക്കി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഏതൊരാള്‍ക്കും അത്തരം അഭിപ്രായമാണ് ഉണ്ടാകേണ്ടത്. എന്നാല്‍ കോണ്‍ഗ്രസ്സിന് അത്തരം വിശാലമായ ഒരു കാഴ്ചപ്പാട് എന്നും അന്യമായിരുന്നു. അതിന്റെ പരിണിത ഫലമാണ് കോണ്‍ഗ്രസ് ഇന്ന് എത്തിപ്പെട്ടിരിക്കുന്ന അവസ്ഥ. 1971ലെ ബംഗ്ലാദേശ് യുദ്ധത്തിന്റെ വിജയത്തില്‍ ബിജെപി (അന്ന് ഭാരതീയ ജനസംഘം) നേതാവായിരുന്ന അടല്‍ ബിഹാരി വാജ്‌പേയ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ രാജ്യസഭയില്‍ എത്ര മുക്തകണ്ഠം പ്രശംസിച്ചാണ് പ്രസംഗിച്ചത്. ഇന്ദിരാഗാന്ധിയോടുള്ള രാഷ്ട്രീയ അഭിപ്രായ വ്യത്യാസം വാജ്‌പേയിക്ക് അവരെ പ്രശംസിക്കാന്‍ ഒരു തടസ്സമായിരുന്നില്ല. രാജ്യതാല്പര്യമാണ് പ്രധാനമന്ത്രി ഇന്ദിരയെ പുകഴ്ത്തി സംസാരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. രാജ്യസ്‌നേഹത്തിന്റെയും രാഷ്ട്രീയ മര്യാദയുടേയും തിളക്കമാണ് വാജ്‌പേയിയുടെ വാക്കുകളില്‍ അന്ന് ഭാരതം കണ്ടത്. ആ ഗുണഗണങ്ങള്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് എത്ര പരിശ്രമിച്ചാലും ലഭിക്കുമെന്ന് തോന്നുന്നില്ല.