ചരിത്രപോരാട്ടങ്ങളും രണധീരന്മാരുടെ ഐതിഹാസിക വിജയങ്ങളും പല ചലച്ചിത്രങ്ങളുടെയും പ്രമേയമായിട്ടുണ്ട്. എന്നാല്‍ അവയില്‍ ത്രസിപ്പിക്കുന്ന ദൃശ്യാനുഭവത്തെ നല്‍കുന്ന ചലച്ചിത്രങ്ങള്‍ അപൂര്‍വ്വമാണ്. അത്തരമൊരു അനുഭവത്തെ നല്‍കുന്നതാണ് ഓം റൗത് സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ‘താനാജി’ (Tanhaji :The Unsung Warrior). ബാഹുബലിക്ക് ശേഷം സാങ്കേതികവിദ്യയെ ഫലപ്രദമായി ഉപയോഗിക്കാന്‍ പല ചലച്ചിത്രപ്രവര്‍ത്തകരും ശ്രമിക്കുന്നതായി കാണുന്നതിന്റെ ഏറ്റവും ഒടുവിലെ തെളിവാണ് താനാജി. ഇന്ത്യന്‍ സിനിമകള്‍ ഹോളിവുഡ് സിനിമകളോട് കിടപിടിക്കത്തക്ക സാങ്കേതികമികവിലേക്ക് ഉയരുന്നതിന്റെ സൂചനയാണ് ഈ ചിത്രം.
ഭാരതത്തിന്റെ വീരപുരുഷനായ ഹിന്ദു സമ്രാട്ട് ഛത്രപതി ശിവാജി മഹാരാജിന്റെ സുബൈദാര്‍ പട്ടം അലങ്കരിച്ച താനാജി മാന്‍സരേയുടെ ധീരതയും ദേശസ്‌നേഹവും വിളംബരം ചെയ്യുന്ന ചിത്രമാണിത് . അജയ് ദേവ്ഗണ്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ സൈഫ് അലി ഖാന്‍ വില്ലന്‍ കഥാപാത്രമായ ഉദയഭാന്‍ സിംഗ് റാഥോര്‍ ആയും കാജോള്‍ താനാജിയുടെ ഭാര്യയായ സാവിത്രിഭായി ആയും വേഷമിടുന്നു. ശിവാജിയുടെ വേഷം ചെയ്തിരിക്കുന്നത് ശരദ് കേല്‍ക്കറാണ്.
പതിനേഴാം നൂറ്റാണ്ടിലെ മറാഠാ സാമ്രാജ്യവും മുഗളന്മാരും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. മുഗള്‍ ആക്രമണത്തില്‍ വീരമൃത്യു വരിക്കുന്ന തന്റെ പിതാവില്‍ നിന്നും ക്ഷാത്രവീര്യത്തെ സ്വീകരിക്കുന്ന ബാലനായ താനാജിയുടെ കഥ പറഞ്ഞുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. മുഗളന്മാരുടെ പേടിസ്വപ്‌നമായിമാറിയ ശിവാജിയുടെ വിശാല ഹിന്ദുസാമ്രാജ്യം സ്ഥാപിക്കാനുള്ള പോരാട്ടത്തില്‍ താനാജിയും പിന്നീട് സ്വയം സമര്‍പ്പിക്കുന്നു. താനാജിയുടെ നേതൃത്വത്തിലുള്ള ഒളിയുദ്ധം അവതരിപ്പിച്ചുകൊണ്ട് സംവിധായകന്‍ അക്കാലത്തെ യുദ്ധതന്ത്രങ്ങളുടെ ഏകദേശരൂപം കാട്ടുന്നുണ്ട്. ഇവിടെ ഛായാഗ്രാഹകന്റെ പാടവം മികച്ചു നില്‍ക്കുന്നു. സാങ്കേതികമികവോടു കൂടി യുദ്ധരംഗത്തെ ചടുലതയോടെ അവതരിപ്പിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. യുദ്ധരംഗങ്ങളില്‍ പതിവായി കാണുന്ന അതിശയോക്തികള്‍ ഒഴിവാക്കിയിട്ടുണ്ട് എന്നത് എടുത്തു പറയേണ്ടതാണ്.
ഭാരതത്തിന്റെ വടക്കന്‍ പ്രദേശങ്ങള്‍ കയ്യടക്കിയിരുന്ന ഔറംഗസേബിന് ദക്ഷിണദേശം കയ്യടക്കാന്‍ തടസ്സമായി നിന്നത് ശിവാജിയായിരുന്നു. തന്റെ പതിനഞ്ചാം വയസ്സില്‍ ഖോണ്ടാന ഉള്‍പ്പെടെ നാല് കോട്ടകളും രണ്ടായിരം സൈനികരുമായി ജൈത്രയാത്ര ആരംഭിച്ച ശിവാജി തന്റെ 52ാം വയസ്സില്‍ മരണമടയുമ്പോള്‍ മൂവായിരം കോട്ടകളും ഒരു ലക്ഷം സൈനികരെയും സ്വന്തമാക്കിയിരുന്നു. മുഗള്‍ സാമ്രാജ്യത്തെ നിലംപരിശാക്കിയ ആ വീരഗാഥ അദ്ദേഹത്തിന്റെ മരണത്തോടെ അവസാനിച്ചുമില്ല. മറാഠാ സാമ്രാജ്യം തെക്ക് തമിഴ്‌നാട് വരെയും വടക്ക് പാകിസ്ഥാനിലെ പെഷവാര്‍ വരെ വ്യാപിച്ചിരുന്നതുമായ മഹാസാമ്രാജ്യമായി മാറിയിരുന്നു.
കോട്ടകള്‍ കേന്ദ്രീകരിച്ചുള്ള ഭരണതന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ച ശിവാജിയെ കീഴടക്കണമെങ്കില്‍ അതി ദുര്‍ഘടമായ കോട്ടകള്‍ പിടിച്ചടക്കേണ്ടിയിരുന്നു. ‘ഖോണ്ടാനാ കോട്ട’ എന്ന സുപ്രധാന കോട്ടയിലേക്ക് ഔറംഗസേബ് നിയോഗിച്ചത് ഉദയഭാന്‍ സിംഗ് റാഥോറെന്ന ക്രൂരനെയാണ്. ഈ ഭാഗം കാണിക്കുമ്പോള്‍ ഹിന്ദുവിനെ ഇല്ലാതെയാക്കാന്‍ ഹിന്ദുവിനെ ഉപയോഗിക്കുന്ന തന്ത്രം ഔറംഗസേബ് പയറ്റി എന്നാണ്പശ്ചാത്തലത്തില്‍ പറയുന്നത്. ഇന്നും രാഷ്ട്രീയ കക്ഷികളും മതമൗലിക വാദികളും കപടചരിത്രകാരന്മാരും പയറ്റുന്നത് മുഗളന്മാരുടെ ഈ കുടില തന്ത്രം തന്നെയാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇര്‍ഫാന്‍ ഹബീബുമാരും ഥാപ്പറുകളും എഴുതിയുണ്ടാക്കിയ അപനിര്‍മ്മിതികളെ പിന്‍പറ്റുന്നവര്‍ ശിവാജി മഹാരാജിനെയും താനാജിയെയും പോലുള്ള ഭാരതത്തിന്റെ യഥാര്‍ത്ഥ വീരന്മാരുടെ ക്ഷാത്രവീര്യത്തെശരിയായ ചരിത്രത്തിലൂടെ മനസ്സിലാക്കാന്‍ ഇത്തരം ചിത്രങ്ങളിലൂടെയെങ്കിലും ശ്രമിക്കുമോ എന്ന് കണ്ടറിയാം.
അടുക്കും ചിട്ടയുമുള്ള കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും അവതരിപ്പിക്കുന്നതില്‍ തിരക്കഥാകൃത്ത് ശ്രദ്ധിച്ചതുകൊണ്ടാണ് ഈ ചിത്രം മികച്ചതാവുന്നത്. പില്‍ക്കാലത്ത് ഭാരത സ്വാതന്ത്ര്യസമരത്തിന്റെ മുദ്രാവാക്യമായി മാറിയ സ്വരാജിനും ഭഗവധ്വജത്തിനുമെല്ലാം വളരെ പ്രാധാന്യം സംഭാഷണങ്ങളില്‍ ഉടനീളം കാണാന്‍ കഴിയും.
‘ആകാശം ദിവസത്തില്‍ രണ്ടു തവണ,സൂര്യന്‍ ഉദിക്കുന്നതിനു മുന്‍പും അസ്തമിച്ചതിനു ശേഷവും, വിളംബരം ചെയ്യുന്ന ആ കാവിക്കൊടിയെ നീ വിചാരിച്ചാല്‍ തുടച്ചു മാറ്റാനാകില്ല’ തുടങ്ങിയ താനാജിയുടെ വാക്കുകള്‍ ഹര്‍ഷാരവങ്ങളോടെ സ്വീകരിക്കപ്പെടുന്നു. അവിടെ വിശാലഹിന്ദുസാമ്രാജ്യത്തിന്റെ ധീരോദാത്തതയും കാവിധ്വജത്തിന്റെ മഹിമയുമാണ് തിരക്കഥാകൃത്ത് പ്രകടമാക്കിയിരിക്കുന്നത്.
സിനിമയുടെ പശ്ചാത്തലത്തിലേക്ക് വീണ്ടും വരാം. ഖോണ്ടാന കോട്ടയിലേക്ക് നിയോഗിക്കപ്പെട്ട ഉദയഭാന്‍ മുഗള്‍സൈന്യവും നാഗിന്‍ എന്ന കൂറ്റന്‍ പീരങ്കിയുമായി വരുന്ന രംഗം ഇംഗ്‌ളീഷ് സിനിമകളില്‍ കാണുന്ന Visual Cinematic Perfection നമ്മുടെ സിനിമകളിലും സാധ്യമാണെന്ന് തെളിയിക്കുന്നു. വളരെ കുറഞ്ഞ ലൈറ്റിങ്ങില്‍വളരെ കൃത്യതയോടെ ചിത്രീകരിച്ചിരിക്കുന്ന ഈ രാത്രിദൃശ്യം ജലമാര്‍ഗ്ഗത്തിലുള്ള ഒരു സൈനികവിന്യാസത്തെ എങ്ങനെ ക്യാന്‍വാസില്‍ വരച്ച ചിത്രം പോലെ മനോഹരമായി അവതരിപ്പിക്കാം എന്ന് കാട്ടിത്തരുന്നു.ഖോണ്ടാന കോട്ട മറാഠാ സാമ്രാജ്യത്തിന്റെ അഭിമാനമെന്ന വണ്ണം ഉയര്‍ന്നു നില്‍ക്കുന്ന കോട്ടയാണ്. ജീവന്‍ കൊടുത്തും അത് സംരക്ഷിക്കും എന്ന് പ്രതിജ്ഞയെടുക്കുന്ന താനാജി തന്റെ മകന്റെ വിവാഹം പോലും മറന്ന് രാജ്യരക്ഷയ്ക്കായി പുറപ്പെടുന്നു. തന്റെ സുഹൃത്തിന്റെ ഈ സാഹസത്തോട് വൈകാരികമായി പ്രതികരിക്കുന്ന ശിവാജിയുടെ രംഗം ശരദ് കേല്‍ക്കര്‍ ഭംഗിയാക്കിയിട്ടുണ്ട്. യുദ്ധത്തിന് പുറപ്പെടുന്ന താനാജിയെ ‘യശസ്വീ ഭവ’ എന്ന് പറഞ്ഞു ശിവാജിയുടെ അമ്മ ആശീര്‍വദിക്കുമ്പോള്‍ ഭവാനി സ്മരണ ഉണര്‍ത്തിക്കൊണ്ട് ശിവാജി ‘ജഗദംബ’ എന്ന് പറയുന്നത് ആരിലും രോമാഞ്ചമുണ്ടാക്കും.
അജയ് ദേവ്ഗണ്‍ താനാജിയെ ഗംഭീരമാക്കിയെങ്കിലും അഭിനയമികവിന്റെ കാര്യത്തില്‍ അതിലും ഒരു പടി മുന്നിലാണ് സൈഫ് അലി ഖാന്‍. ക്രൂരനായ ഉദയഭാനെ സൈഫ് തന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നാക്കി മാറ്റിയിരിക്കുന്നു, മുഗള്‍കാലത്തെ ക്രൂരതയുടെ മുഖം വെളിവാക്കുന്ന പല രംഗങ്ങളും സംവിധായകന്‍ ഇതില്‍ ചേര്‍ത്തിട്ടുണ്ട്.
സിനിമയിലെ ഗാനരംഗങ്ങള്‍, പശ്ചാത്തല സംഗീതം എന്നിവയും നിലവാരം പുലര്‍ത്തുന്നവയാണ്. പതിനേഴാം നൂറ്റാണ്ടിലെ വസ്ത്രധാരണം, സാമൂഹ്യ ചുറ്റുപാടുകള്‍ എന്നിവ ഭംഗിയായി അവതരിപ്പിക്കാന്‍ കലാസംവിധായകര്‍ക്കും കഴിഞ്ഞിട്ടുണ്ട്.
ചിത്രത്തിലെ പ്രധാനഭാഗമായ ഖോണ്ടാനാ യുദ്ധം സാങ്കേതികതയുടെ സഹായത്തോടെ ഗംഭീരമായിത്തന്നെ അവതരിപ്പിക്കുന്നതില്‍ ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ രംഗത്തില്‍ അജയ് ദേവ്ഗണ്‍, സൈഫ് അലി ഖാന്‍ എന്നിവര്‍ മാത്രമല്ല പടയാളികളുടെ ചെറിയ വേഷങ്ങള്‍ ചെയ്യുന്നവര്‍ പോലും ഭാവതീവ്രതയെ ആവിഷ്‌കരിച്ചിട്ടുണ്ട് എന്ന് എടുത്തു പറയേണ്ടതുണ്ട്.
ഖോണ്ടാന കോട്ടയിലെ യുദ്ധം മുഗള്‍ സാമ്രാജ്യത്തിന്റെ അടിത്തറ ഇളക്കി വിശാലഹിന്ദുസാമ്രാജ്യത്തിന്റെയും സ്വരാജ് എന്ന ആദര്‍ശത്തിന്റെയും സ്ഥാപനത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച താനാജി എന്ന ധീരയോദ്ധാവിന്റെ പാവനസ്മരണയുണര്‍ത്തുന്നതാണ്. ആ വൈകാരികഭാവം പ്രേക്ഷകനില്‍ നിറയ്ക്കാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു എന്നത് അഭിനന്ദനീയമാണ്. വൈകാരികതയും യുദ്ധനൈപുണ്യവും ചേരുന്ന ആ രംഗങ്ങള്‍ ത്രീ ഡി സാങ്കേതികതയുടെ ഉപയോഗം കൊണ്ടുകൂടി കാണുമ്പോള്‍ പ്രേക്ഷകരില്‍ ദൃശ്യവിസ്മയങ്ങള്‍ ഉളവാക്കും എന്നതില്‍ തര്‍ക്കമില്ല. ഖോണ്ടാന യുദ്ധരംഗം മഹാനായ ഒരു ദേശസ്‌നേഹിയുടെ വീര്യത്തെയും സമര്‍പ്പണത്തെയും നമുക്ക് വെളുപ്പെടുത്തി തരുന്നു.ധീരനായ താനാജിയുടെ ജീവന്‍ അധിനിവേശത്തിന്റെ ദുര്‍മോഹങ്ങളെ നശിപ്പിച്ചുകൊണ്ട് വീരസ്വര്‍ഗ്ഗം പൂകുമ്പോള്‍സ്വരാജിന്റെ മഹിമയെ ഉണര്‍ത്തിക്കൊണ്ട് ഭഗവധ്വജം ഖോണ്ടാനാകോട്ടയുടെ മകുടത്തില്‍ ഉയര്‍ന്നു പറക്കുവാന്‍ തുടങ്ങിയിരുന്നു, ഒരിക്കലും അസ്തമിക്കാത്ത സനാതനസംസ്‌കൃതിയുടെ സംരക്ഷണം ആ ധ്വജവാഹകരില്‍ നിഷിപ്തമാണെന്നു ഓര്‍മിപ്പിച്ചുകൊണ്ട്.