വിശ്വമാനവികതയുടെ പ്രവാചകനും ഏകലോകത്തിന്റെ വക്താവുമായ ശ്രീനാരായണഗുരുവിന്റെ ‘അറിവിലുമേറിയന്നറിവി’ലേക്കുള്ള തീര്‍ത്ഥയാത്രയാണ് ശിവഗിരി തീര്‍ത്ഥാടനം. ഗുരുവിന്റെ അനുഗ്രഹാശിസ്സുകളോടും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടും കൂടി സമാരംഭിച്ച ശിവഗിരി തീര്‍ത്ഥാടനം 87-ാമത് വര്‍ഷത്തിലേക്കു കടക്കുകയാണ്.
ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ആവിര്‍ഭാവത്തിന് കാരണക്കാരായത് ശ്രീനാരായണ ഭക്തരായ കിട്ടന്‍ റൈറ്ററും വല്ലഭശ്ശേരി ഗോവിന്ദന്‍ വൈദ്യരുമായിരുന്നു. മീനച്ചിലാറിന്റെ തീരത്ത് ആത്മീയശാന്തി പ്രസരിച്ചുകൊണ്ടിരിക്കുന്ന നാഗമ്പടം മഹാദേവക്ഷേത്രമുറ്റത്തെ തേന്മാവിന്‍ ചുവട്ടിലിരുന്നാണ് ശിവഗിരി തീര്‍ത്ഥാടന രൂപരേഖ ഗുരുവും ശിഷ്യന്മാരും ക്രമപ്പെടുത്തിയത്. ഇവര്‍ക്കു പ്രചോദനമായി നിന്നത് കവി മൂലൂര്‍ പത്മനാഭ പണിക്കരായിരുന്നു.


ശിവഗിരി തീര്‍ത്ഥാടന പ്രസ്ഥാനത്തിന് ഈറ്റില്ലമൊരുക്കുവാന്‍ സുകൃതം ലഭിച്ചത് സരസകവി മൂലൂര്‍ പത്മനാഭ പണിക്കരുടെ ‘കേരളവര്‍മ്മ സൗധം’ എന്ന ഭവനത്തിനാണ്. 1928 ജനുവരി 16ന് ഗുരുദേവന്‍ തീര്‍ത്ഥാടനത്തിന് അനുവാദം നല്‍കിയെങ്കിലും ഒമ്പത് മാസം കഴിഞ്ഞപ്പോള്‍ സപ്തംബര്‍ 20ന് ഗുരുദേവന്‍ മഹാസമാധി പ്രാപിച്ചു. മഹാസമാധി കഴിഞ്ഞ് നാലു വര്‍ഷം കഴിഞ്ഞാണ് ശിവഗിരി തീര്‍ത്ഥാടനം ആരംഭിക്കുവാന്‍ സാധിച്ചത്.
ശിവഗിരിയിലെ ശാരദാദേവി പ്രതിഷ്ഠാവേളയില്‍ സരസ കവി മൂലൂര്‍ എഴുതിയ ശ്രീനാരായണ ഗുരുദേവ കീര്‍ത്തനത്തില്‍ ”പുണ്യതീര്‍ത്ഥത്തില്‍ കുളിച്ചന്ത്യയാമത്തില്‍, വര്‍ണഛവിയാല്‍ തമസ്സുനീക്കി’ എന്ന പ്രയോഗത്തില്‍ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ സൂചന നല്‍കുന്നുണ്ട്.
”സ്വാമി തൃപ്പാദങ്ങള്‍ കല്‍പിച്ച ശിവഗിരി തീര്‍ത്ഥാടനം” എന്ന പേരില്‍ തീര്‍ത്ഥാടനത്തെ കുറിച്ച് ആദ്യം പുസ്തകമെഴുതി പ്രസിദ്ധീകരിച്ചത് മൂലൂര്‍ തന്നെയായിരുന്നു. ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ചത് മൂലൂരിന്റെ പുത്രന്‍ ദിവാകര പണിക്കരുടെ നേതൃത്വത്തില്‍ ഇലവുംതിട്ടയില്‍ നിന്നു തിരിച്ച അഞ്ചംഗ സംഘമായിരുന്നു. 1932 ഡിസം. 28നു ഇലവുംതിട്ടയില്‍ നിന്നും തിരിച്ച ആദ്യ പദയാത്ര തീര്‍ത്ഥാടകരായ അഞ്ചു മഞ്ഞക്കിളികളുടെ സംഘത്തെ സ്വാമി സുഗണാനന്ദ സ്വീകരിച്ചതോടെ തീര്‍ത്ഥാടന പ്രസ്ഥാനം നിലവില്‍ വന്നു. ”വെള്ളവസ്ത്രം ഗൃഹസ്ഥന്മാരുടെതാണ്; കാഷായം സന്യാസിമാര്‍ക്ക്, കറുത്തവസ്ത്രം ശബരിമല ഭക്തര്‍ക്ക്; ശിവഗിരിതീര്‍ത്ഥാടകര്‍ക്ക് മഞ്ഞവസ്ത്രം ആയിക്കൊള്ളട്ടെ; ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും വസ്ത്രം.
തീര്‍ത്ഥാടനം ദുര്‍വ്യയമാവരുതെന്നു ഗുരുവിനു നിര്‍ബ്ബന്ധമുണ്ടായിരുന്നു. പഴയവെള്ളമുണ്ട് മഞ്ഞളില്‍ മുക്കിയെടുത്താല്‍ മതിയെന്നു ഗുരു പറഞ്ഞു. തീര്‍ത്ഥാടകര്‍ ശുദ്ധിപാലിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു.