കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പാര്‍ലമെന്റിലവതരിപ്പിച്ച പൗരത്വഭേദഗതി ബില്ലിനെ വഴിതെറ്റിക്കുന്ന പ്രതിഷേധങ്ങളും, അനാവശ്യമായ ഭയവും അനര്‍ത്ഥമുണ്ടാക്കുന്ന പ്രചാരണങ്ങളുമാണ് പ്രതിപക്ഷം നേരിട്ടത്. ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി ഭാരതത്തില്‍ അഭയം തേടിയ ഹിന്ദുക്കള്‍, സിഖുകാര്‍, ക്രിസ്ത്യാനികള്‍, പാര്‍സികള്‍, ജൈനന്മാര്‍, ബൗദ്ധന്മാര്‍ എന്നിവര്‍ക്ക് ഭാരത പൗരത്വം നല്‍കാന്‍ പാകത്തില്‍, 1955ലെ ഭാരത പൗരത്വനിയമം ഭേദഗതി ചെയ്തുകൊണ്ട് അവതരിപ്പിച്ച ഈ ബില്ലിന്റെ പേര് പൗരത്വ (ഭേദഗതി) ബില്‍ എന്നാണ്. 2014 ഡിസംബര്‍ 31നോ അതിനു മുമ്പോ ഭാരതത്തില്‍ അഭയം തേടിയവര്‍ക്കാണ് ഭാരതപൗരത്വത്തിന് അര്‍ഹതയുണ്ടാവുക. ഈ അഭയാര്‍ത്ഥികള്‍ പീഡനവും നിര്‍ബന്ധിത മതപരിവര്‍ത്തന ഭീഷണിയും വിവേചനവും നിരന്തരം നേരിട്ടുകൊണ്ടിരുന്നവരാണ്. തങ്ങളുടെ ജീവനും മതവിശ്വാസവും സുരക്ഷയും ഉറപ്പാക്കാന്‍ പോന്ന മറ്റേതെങ്കിലും രാജ്യമില്ലാതിരുന്ന സാഹചര്യത്തിലാണ് അവര്‍ ഭാരതത്തില്‍ അഭയം തേടിയത് എന്നത് അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നു.
സാധാരണഗതിയില്‍ ഔദാര്യപൂര്‍ണമായ ഇത്തരമൊരു നടപടി പ്രശംസ നേടുമായിരുന്നു. എന്നാല്‍ വോട്ടില്‍ കണ്ണുനട്ട് മുസ്ലീങ്ങളെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയ കക്ഷികള്‍, ഇത്തരം ദുരന്താനുഭവമുണ്ടായ മുസ്ലീങ്ങള്‍ക്ക് എന്തുകൊണ്ട് പൗരത്വ (ഭേദഗതി) ബില്ലിന്റെ ആനുകൂല്യം നിഷേധിക്കുന്നു എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. എന്നാല്‍, അത്യന്തം സരളമായ സ്ഥിതിവിവരക്കണക്കുകള്‍ ഈ വാദഗതിയുടെ പൊള്ളത്തരം വിളിച്ചോതുന്നവയാണ്.
വിഭജനത്തിനുശേഷം പാകിസ്ഥാന്‍ ജനസംഖ്യയില്‍ 15% ആയിരുന്നു ഹിന്ദുക്കള്‍. 1950 ആയപ്പോഴേക്ക് 7% ആയി കുറഞ്ഞ ഹിന്ദു ജനസംഖ്യ 2018ല്‍ 1.5% ആയി ചുരുങ്ങി. അവരുടെ വാര്‍ഷിക ജനനനിരക്കിന്റെ വര്‍ദ്ധന 3.5% ആയിരിക്കെയാണ് ഇത് സംഭവിച്ചത് എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. അതുപോലെ, 1947ല്‍ കിഴക്കന്‍ പാകിസ്ഥാനില്‍ അവരുടെ ജനസംഖ്യാ അനുപാതം 30% ആയിരുന്നു. 1971ല്‍ ബംഗ്ലാദേശ് സ്വതന്ത്രമായപ്പോള്‍ അവരുടെ ജനസംഖ്യാ അനുപാതം 23% ചുരുങ്ങിയെങ്കില്‍ ഇപ്പോഴത് കേവലം 7% മാണ്. 70 വര്‍ഷത്തിനകം അവരുടെ ജനസംഖ്യയില്‍ 90% കുറവുണ്ടായത് നിരന്തരമായ പീഡനത്തിന്റെ ഫലമായാണ്. സിഖുകാരുടേയും ക്രിസ്ത്യാനികളുടേയും ബൗദ്ധന്മാരുടേയും അവസ്ഥ ഇതിലും പരിതാപകരമാണ്. പൗരത്വ (ഭേദഗതി) ബില്‍ ഏകദേശം 35 ലക്ഷം വരുന്ന ആ ജനത അനഭിമതരും ദാരിദ്ര്യമനുഭവിക്കാന്‍ വിധിക്കപ്പെട്ടവരും ഉപേക്ഷണീയരുമായി നശിച്ചുപോകുന്നത് തടയും. അസംഖ്യം പ്രശ്‌നങ്ങള്‍ ഉണ്ടാകാമെങ്കിലും തങ്ങളുടെ മതപരവും സാംസ്‌കാരികവും മനഃശാസ്ത്രപരവും സാമൂഹ്യവുമായ ആചാരവിചാരങ്ങളുമായി അവര്‍ക്ക് സുഗമമായി ഇടപെടാനും ആത്യന്തികമായി വിശ്രമിക്കാനുമായുള്ള അവരുടെ വാഗ്ദത്ത ഭൂമി കേവലം ഭാരതം മാത്രമാണ്.
അതേ സമയം, അനധികൃതമായി ഭാരതത്തില്‍ വസിക്കുന്ന 2.35 ലക്ഷം പാകിസ്ഥാന്‍ മുസ്ലീങ്ങളെ മതപീഡനമനുഭവിക്കുന്നവരായി മുദ്രകുത്തി ഇവിടെ തുടരാന്‍ അനുവദിക്കുന്നത് ആത്മവഞ്ചനാപരമായിരിക്കും. ജാഗ്രതക്കുറവുള്ള ഭരണവ്യവസ്ഥയുടെ ഫലമായിട്ടാണ്, തഴച്ചുവളരുന്ന ഇവിടത്തെ സാമ്പത്തിക വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ അവര്‍ ഇവിടെ തങ്ങുന്നത്. കേവലം സാമ്പത്തിക കാരണങ്ങളാല്‍ അനധികൃതമായി ഇവിടേയ്ക്ക് നുഴഞ്ഞു കയറിയ 15 ദശലക്ഷം വരുന്ന ബംഗ്ലാദേശ് മുസ്ലീങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. ഒരുപക്ഷെ പീഡനമനുഭവിക്കുന്നുണ്ടെങ്കില്‍ തന്നെ അവിടങ്ങളിലെ മുസ്ലീങ്ങള്‍ക്ക് 45 മുസ്ലീം രാജ്യങ്ങളില്‍ കുടിയേറി അവിടത്തെ ജനങ്ങളുമായി തങ്ങളുടെ മതവിശ്വാസം പങ്കിട്ടു ജീവിക്കുന്നതായിരിക്കും കൂടുതല്‍ സന്തോഷകരം.
പൗരത്വ (ഭേദഗതി) ബില്‍ ഭരണഘടനയിലെ 14, 15 എന്നീ അനുച്ഛേദങ്ങള്‍ക്ക് വിരുദ്ധമാണെന്ന വാദം വിചിത്രമാണ്. അത് മതാടിസ്ഥാനത്തില്‍ ജനങ്ങളെ വിവേചിച്ചു കാണുന്നില്ല. മറിച്ച് വ്യത്യസ്ത വിഭാഗങ്ങളില്‍പെട്ട അനധികൃത നുഴഞ്ഞു കയറ്റക്കാരെ മാത്രമാണ് വേര്‍തിരിച്ചു കാണുന്നത്. ഈ വിഷയത്തില്‍ കൈകടത്താന്‍ ഭരണഘടനയക്ക് യാതൊരു അധികാരവുമില്ല.
അസം ഗണപരിഷത്ത്, ഓള്‍ അസം സ്റ്റ്യുഡന്റ്‌സ് യൂണിയന്‍, നോര്‍ത്ത് – ഈസ്റ്റ് സ്റ്റ്യൂഡന്റ്‌സ് ഓര്‍ഗനൈസേഷന്‍, ഇന്‍ഡിജിനസ് നാഷണലിസ്റ്റ് പാര്‍ട്ടി ഓഫ് ത്വിപ്ര മുതലായവരുടെ, പൗരത്വ (ഭേദഗതി) ബില്‍ തങ്ങളുടെ ഭാഷ, സംസ്‌കാരം, ആചാരസമ്പ്രദായങ്ങള്‍, ഭൂമിയുടെ ഉടമസ്ഥാവകാശം എന്നിവയെ വിപരീതമായി ബാധിക്കുമെന്ന ഭയം പൂര്‍ണമായും കാല്പനികമാണ്. നിരാലംബരായ ചെറിയൊരു വിഭാഗം ജനങ്ങള്‍ക്ക് മാത്രമാണ് ഭാരത പൗരത്വം നല്‍കുക എന്നതിനു പുറമെ മറ്റ് ഭാരതീയരെപ്പോലെ അവര്‍ക്കും തദ്ദേശവാസികളുടെ സംസ്‌കാരം, രാഷ്ട്രീയവും സാമ്പത്തികവുമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പാകത്തിലുള്ള ഇന്നര്‍ലൈന്‍ പെര്‍മിറ്റ് മുതലായ പ്രാദേശിക നിബന്ധനകള്‍ ബാധകമായിരിക്കും. ഭാരതപൗരത്വം ലഭിക്കുന്ന ആ അഭയാര്‍ത്ഥികള്‍, വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ വിട്ട്, കൂടുതല്‍ അവസരങ്ങളും സ്വീകാര്യതയും തേടി ഭാരതത്തിന്റെ മറ്റ് ഭാഗങ്ങളില്‍ പോകാനാണ് സാധ്യത. 1947ലെ വിഭജനത്തിന്റെ ഏറ്റവും വലിയ ഇരകളായ ഹതഭാഗ്യരായ ആ അമുസ്ലീങ്ങളെ സ്വീകരിക്കുന്ന വിഷയത്തിലെങ്കിലും ബുദ്ധികെട്ട രാഷ്ട്രീയ താല്പര്യങ്ങള്‍ പിന്തള്ളപ്പെടേണ്ടത് ആവശ്യമാണ്.
(റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ്ങിന്റെ മുന്‍ സ്‌പെഷ്യല്‍
സെക്രട്ടറിയാണ് ലേഖകന്‍)
(കടപ്പാട്: ദ സണ്‍ഡെ മാഗസിന്‍)
(വിവ:യു.ഗോപാല്‍മല്ലര്‍)