മരം കോച്ചുന്ന തണുപ്പ്. പൊന്നണിഞ്ഞുനില്‍ക്കുന്ന നെല്‍വയലുകള്‍. സുഗന്ധവാഹിനിയായ തൈതെന്നല്‍. നിഴലും നിലാവും കമ്പളം വിരിച്ച് മനോഹരിയായ ഭൂമി. നിശാപുഷ്പങ്ങള്‍ പുഞ്ചിരിക്കുന്നു.
ധനുമാസമാണ്, ധനുമാസത്തിലെ തിരുവാതിരയാണ് ഭഗവാന്റെ തിരുനാള്‍. ഭഗവാന്‍ പരമശിവന്റെ തിരുനാള്‍ വടക്കന്‍ കേരളത്തില്‍ വളരെ ആഘോഷത്തോടെ കൊണ്ടാടുന്നു. സ്ത്രീകള്‍ക്കാണ് ഈ ഉല്‍സവത്തിന് അധികം പ്രധാനം.
വൃശ്ചിക മാസത്തിലെ തോട്ടംകിള കഴിഞ്ഞാല്‍ മണ്‍പണി തുടങ്ങുകയായി. തൊപ്പക്കിഴങ്ങും കുവ്വയും ചേമ്പും കാവിത്തുമെല്ലാം വിളവെടുക്കുന്നകാലം. ആതിരയാകുമ്പോഴേക്ക് മുറ്റവും മണ്‍തിണ്ടുമെല്ലാം മെഴുകി വൃത്തിയാക്കി മുറ്റത്തുള്ള കേടുപാടുകള്‍ നീക്കി മുറ്റം മുഴുവന്‍ ചാണകം തളിക്കുന്നു. മകരകൊയ്ത്തിനുള്ള മുന്നൊരുക്കം കൂടിയാണിത്. തിരുവാതിരക്കുള്ള കുവ്വപ്പൊടി ധാരാളം ഉണ്ടാക്കിവയ്ക്കും. ചക്കയും മാങ്ങയും ഉണ്ടാകാന്‍ തുടങ്ങുന്ന കാലം.
തൊടിയില്‍ ധാരാളം മൈസൂര്‍പൂവന്‍കായ വിളഞ്ഞുനില്‍പ്പുണ്ടാകും. ആതിരയടുക്കുമ്പോള്‍ ഇവ വെട്ടി പത്തായത്തില്‍ കെട്ടിത്തൂക്കി പുക കൊടുക്കും. കായ നിറം മാറിയാല്‍ മുറികളില്‍ വിട്ടത്തിന്മേല്‍ കെട്ടിത്തൂക്കും. ആതിരക്ക് നേത്രക്കായ നാലാക്കി മുറിച്ചാണ് വറുക്കാറുള്ളത്.
ധനുമാസത്തിലെ അശ്വതിയാകുമ്പോഴേക്ക് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാകും. പണ്ടെല്ലാം വീട്ടില്‍ മുളകൊണ്ടും കയറുകൊണ്ടും ഊഞ്ഞാല്‍ കെട്ടിയിരുന്നു. മുളകൊണ്ട് ഊഞ്ഞാല്‍ കെട്ടുന്നവര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ ഉണ്ടായിരുന്നു. വീട്ടിലേയും അയല്‍പക്കത്തേയും കുട്ടികള്‍ വന്ന് ഊഞ്ഞാലാടിയിരുന്നു. അശ്വതി മുതല്‍ വിശാലമായ അമ്പലക്കുളത്തിലേക്ക് ഞങ്ങള്‍ കുളിക്കാന്‍ പോകും. രാവിലെ മൂന്നരയോടെ എഴുന്നേറ്റ് നിത്യ കര്‍മ്മങ്ങള്‍ക്കുശേഷം മൂന്നും കൂട്ടി മുറുക്കും. വെറ്റില, കളിയടക്ക, ചുണ്ണാമ്പ് ഇവയാണ് മൂന്ന് കൂട്ടം. സ്ത്രീകളും പെണ്‍കുട്ടികളും മൂന്നും കൂട്ടണമെന്ന് നിര്‍ബന്ധമാണ്. ഈറന്‍ മാറാനുള്ള തുണികളും കമ്പിറാന്തലും ഓലച്ചൂട്ടുമൊക്കയായി, കുടുംബത്തിലുള്ള അയല്‍ക്കാരെയും വിളിച്ച് ഞങ്ങള്‍ കുളത്തിലേക്ക് നടക്കും. കുളത്തില്‍ ധാരാളം പേര്‍ തുടിച്ചുകുളിക്കാനുണ്ടാകും.
കുളത്തിലെത്തിയാല്‍ എല്ലാവരുംമുങ്ങും. അരയോളം വെള്ളത്തില്‍ നിന്ന് രണ്ടുകയ്യും വെള്ളത്തിലടിച്ച് എല്ലാവരും ആതിരപാട്ടുകള്‍ പാടും. താളത്തിലുള്ള തുടിയും പാട്ടും കേള്‍ക്കാനും കാണാനും കൗതുകമാണ്. തുടി കഴിഞ്ഞാല്‍ എല്ലാവരും വൃത്തത്തില്‍ നിന്ന് തൈര്‍ കടയും. കൈകള്‍ കൂട്ടിപ്പിടിച്ച് വെള്ളത്തില്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നതാണ് തൈര്‍കടയല്‍. തണുത്ത് വിറക്കുമ്പോഴും ആവേശത്തിന് കുറവൊന്നുമില്ല. കുളിയും ഈറന്‍മാറലും ശിവദര്‍ശനവും കഴിഞ്ഞ് ഞങ്ങള്‍ വീട്ടിലെത്തും. വടക്കിനിയില്‍ കത്തിച്ചുവച്ച നിലവിളക്കിനു ചുറ്റുമായി നിന്ന് ഞങ്ങള്‍ തിരുവാതിര കളിക്കും. കളി കഴിയുമ്പോഴേക്ക് നേരം വെളുക്കും.
മകയിരം രാത്രി തന്നെ തിരുവാതിര കുളിക്കാന്‍ പോകാനുള്ള ഒരുക്കം തുടങ്ങും. രാത്രി കളഭപാത്രത്തില്‍ പനിനീര്‍ ചേര്‍ത്ത് കളഭമുണ്ടാക്കിവയ്ക്കും. ഈറന്‍ മാറാനുള്ള പുത്തന്‍ വസ്ത്രങ്ങള്‍ ഒരുക്കിവയ്ക്കും. കണ്ണാടി, കണ്‍മഷി, സിന്ദൂരം ഇവയെല്ലാം ഒരുക്കിവയ്ക്കും. വാക, മഞ്ഞള്‍ ഇവയും തയ്യാറാക്കും. മൂന്നരയോടെ എണീറ്റ് നിത്യകര്‍മം കഴിച്ച് മൂന്നുകൂട്ടി, ഒരുക്കിവച്ചതെല്ലാമെടുത്ത് ആതിരപാട്ടുകളും പാടി കുളത്തിലേക്കുനടക്കും. പുന്നെല്ലിന്റെ മണവും കാറ്റും തവളകളുടെ ശബ്ദവുമെല്ലാം കേട്ട് കുളത്തിലെത്തും. കുളിക്കുമ്പോള്‍ മുഖത്ത് മഞ്ഞള്‍ തേക്കണമെന്ന നിര്‍ബന്ധമായിരുന്നു. ആകെ മുങ്ങി അരയോളം വെള്ളത്തില്‍ തുടിയും പാട്ടുമെല്ലാം കഴിഞ്ഞ് കുളിച്ച് വസ്ത്രങ്ങള്‍ മാറി കളഭവും കണ്‍മഷിയും കുങ്കുമവുമെല്ലാം അണിയും. കുളി കഴിഞ്ഞവര്‍ക്കെല്ലാം ഇവ കൊടുക്കും. കുളിച്ചൊരുങ്ങി തൊഴുതശേഷം വീട്ടിലേക്കു നടക്കും.
സ്ത്രീകളെല്ലാം തിരുവാതിര നോല്‍ക്കും. ഇളനീര്‍വെള്ളവും പൂവന്‍പഴവും കഴിച്ചാണ് നോല്‍ബ് തുടങ്ങുക. അരിഭക്ഷണം കഴിക്കയില്ല. കുവ്വവിരകിയതും എട്ടുകൂട്ടം കൂട്ടിയ പുഴുക്കും പപ്പടവും പഴവുമെല്ലാം കഴിച്ച് വ്രതമെടുക്കും. മംഗല്യത്തിനുവേണ്ടിയാണ് പെണ്‍കുട്ടികള്‍ നോല്‍ക്കുന്നത്. ഭര്‍ത്താവിന്റെ ആയുരാരോഗ്യത്തിനുവേണ്ടി സ്ത്രീകള്‍ നോല്‍മ്പെടുക്കുന്നു. കൈകൊട്ടിക്കളി, കുമ്മി, തുമ്പിതുള്ളല്‍, പെണ്ണുകളി തുടങ്ങി പലകളികളും ഞങ്ങള്‍ കളിച്ചിരുന്നു. സ്ത്രീകളുടെ ഉത്സവത്തിന് മോടികൂട്ടാന്‍ പുരുഷന്മാര്‍ സദാ സന്നദ്ധരായിരുന്നു.
പുണര്‍തത്തിന്‍ നാള്‍ അമ്മായി സദ്യയാണ്. സ്ത്രീകള്‍ ഭര്‍ത്താക്കന്മാരുടെ വീട്ടിലേക്ക് പോകും. അമ്മാമന്മാരുടെ ഭാര്യമാര്‍ വീട്ടിലേക്കുവരും. മരുമക്കത്തായമായതിനാല്‍ സ്ത്രീകള്‍ സ്ഥിരം താമസം സ്വന്തം വീട്ടില്‍ തന്നെയാണ്. വിശേഷസമയങ്ങളില്‍ മാത്രമെ സ്ത്രീകള്‍ ഭര്‍ത്തുവീട്ടില്‍ വിരുന്നിരിക്കാന്‍ പോകയുള്ളു. നാട്ടിലെ ഇത്തരം ആഘോഷങ്ങളൊന്നും ഇന്നത്തെ തലമുറക്ക് അറിയുകയില്ല. മഹത്തായ നമ്മുടെ പൈതൃകം സംരക്ഷിക്കാന്‍ എന്തുചെയ്യണമെന്നറിയുന്നില്ല. പുത്തന്‍ തലമുറയ്ക്കു മുന്നില്‍ നമ്മള്‍ പഴഞ്ചന്മാര്‍ മാത്രം.
കഥകളിലൂടെ, പാട്ടുകളിലൂടെ, നാടന്‍കളികളിലൂടെ കുട്ടികള്‍ക്ക് പല അറിവുകളും നേടാനാവും. പഠനഭാരത്തില്‍ നിന്ന് അല്പമെങ്കിലും മാനസികോല്ലാസം ലഭിക്കാന്‍ ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ സഹായിക്കും. തുടിയുടെ താളവും ഈണവും ഇന്നും മനസ്സില്‍ തെളിയുന്നു.
ധനുമാസത്തില്‍ തിരുവാതിരാ….
ഭഗവാന്‍ തന്റെ തിരുനാളല്ലോ…
ഭഗവതിക്ക് തിരുനോയമ്പ്….
ഉണ്ണരുത്… ഉറങ്ങരുത്…
തുടികുളത്തില്‍ തുടിമുഴങ്ങീ…
വെയില്‍ പാറമേല്‍ വെയില്‍ പരന്നു…
ഉണരുണരു…. ഭഗവതിയെ….
തിരുവാതിര രാത്രിയില്‍ ഉറക്കമൊഴിക്കണം. പാതിരക്ക് പാതിരാപ്പൂ ചൂടുകയും വേണം.
ഇന്നിനിവരാതവണ്ണം കഴിഞ്ഞുപോയ ആ നല്ല നാളുകളെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സുതേങ്ങുന്നു.