ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ശുചിത്വമേറിയതുമായ നഗരത്തിന്റെ പേരും അവിടത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേരും, സര്‍വ്വകലാശാലയുടെ പേരും എല്ലാം ആ നാട്ടുകാരിയായ ഒരു സതീരത്‌നത്തിന്റെ പേരിടണം എങ്കില്‍ ആ നഗരം ഇന്‍ഡോറും, സതീരത്‌നം അഹല്യാബായി ഹോള്‍ക്കറും ആയിരിക്കുമെന്ന് നമുക്ക് നിസ്സംശയം പറയാം.
ബ്രിട്ടീഷുകാര്‍ ഭാരതത്തില്‍ അടിച്ചേല്‍പ്പിച്ച വിദ്യാഭ്യാസ സമ്പ്രദായം ലക്ഷ്യം കണ്ടു എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ദേവി അഹല്യാബായ് ഹോള്‍ക്കറെപ്പോലെ ചരിത്രത്താളുകളില്‍ തങ്കലിപികളാല്‍ എഴുതപ്പെടാന്‍ അര്‍ഹരായ ശക്തരും പ്രഗത്ഭമതികളുമായ ഭരണാധികാരികളെപ്പറ്റിയുള്ള പാഠങ്ങള്‍ ചരിത്രപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തുവാന്‍ കഴിഞ്ഞത്. സ്വാതന്ത്ര്യാനന്തര ഭാരതത്തിലും അത് തുടരുവാന്‍ ആര്‍ക്കും മനസ്സാക്ഷിക്കുത്ത് ഉണ്ടായതുമില്ല.
മദ്ധ്യപ്രദേശ് സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്തായിട്ടുള്ള ഇന്‍ഡോര്‍ നഗരത്തിലാണ് ഹോള്‍ക്കര്‍ രാജവംശത്തിന്റെ രാജധാനി ഉണ്ടായിരുന്നത്. ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം മുപ്പതോളം വര്‍ഷങ്ങള്‍ ഒരേ ഭരണാധികാരി ജനോപകാരപ്രദമായ ഭരണപരിഷ്‌കാരങ്ങള്‍, ക്ഷേത്രസംരക്ഷണം,ക്ഷേത്ര പുനരുദ്ധാരണം എന്നിവയ്ക്കൊക്കെ പ്രാധാന്യം നല്‍കി ഭരിക്കുക എന്നുള്ളത് അത്ര നിസ്സാരകാര്യമല്ല. അതും ഒരു രാജ്ഞിയുടെ നേതൃത്വത്തില്‍. നടപ്പുവര്‍ഷത്തില്‍ മുന്നൂറാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന അഹല്യാഭായി ഹോള്‍ക്കറെ അനുസ്മരിക്കാതിരിക്കാന്‍ ഒരു ദേശീയവാദിക്കും ഒരു ആദ്ധ്യാത്മിക വിശ്വാസിക്കുമാവില്ല.
സ്വാതന്ത്ര്യാനന്തരഭാരതത്തെ ഒരു ഏകീകൃത രാഷ്ട്രമാക്കുന്നതിനായി നാട്ടുരാജ്യങ്ങളെ ഏകോപിപ്പിച്ച് ഇന്ത്യന്‍ യൂണിയന്‍ രൂപീകരിക്കുന്നതിനും രണ്ട് നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ആസേതുഹിമാചലം ഒരു രാഷ്ട്രമാണെന്ന് കണക്കാക്കി, മുഗള്‍ഭരണകാലത്തെ കൊള്ളയടികളുടെയും ധ്വംസനങ്ങളുടെയും ഫലമായി നാശോന്‍മുഖമായിരുന്ന കാശി, ദ്വാരക, കേദാര്‍നാഥ്, ഗയ തുടങ്ങിയ സ്ഥലങ്ങളിലെ മഹാക്ഷേത്രങ്ങളുടെ പുനരുദ്ധാരണങ്ങള്‍ക്കും അനുബന്ധനിര്‍മ്മിതികളുടെ പുനര്‍നിര്‍മ്മാണത്തിനുമായി വന്‍ തുകകളാണ് മഹാറാണി ഹോള്‍ക്കര്‍ സംഭാവന നല്‍കിയിട്ടുള്ളത്. അക്കാലത്ത് റാണി കോടിക്കണക്കിന് പണം എടുത്ത് ഇതിനൊക്കെയായി നല്‍കിയത് രാജ്യത്തിന്റെ ഖജനാവില്‍ നിന്നല്ല, മറിച്ച് പൂര്‍വ്വികമായി തനിക്ക് ലഭിച്ച സ്വത്തുക്കളില്‍ നിന്നാണ് എന്നുള്ളതാണ് ആ ദാനങ്ങളെ അതിമഹത്തരമാക്കുന്നത്. ഇതോടൊപ്പം തന്നെ സ്വന്തം രാജ്യത്ത് ധാരാളം ക്ഷേത്രങ്ങളും ധര്‍മ്മശാലകളും പണി കഴിപ്പിക്കുവാനും സ്വരാജ്യത്തിലെ ഓംകാരേശ്വര്‍, മഹാകാലേശ്വര്‍, ത്രയംബകേശ്വര്‍, മണ്ഡലേശ്വര്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ക്ഷേത്രങ്ങള്‍ സംരക്ഷിച്ച് പരിപാലിക്കുവാനും അവര്‍ക്ക് കഴിഞ്ഞു.
ഗയയിലെ വിഷ്ണുപദ് ക്ഷേത്രത്തില്‍ ഇന്നു കാണുന്ന ഘടന 1787-ല്‍ മഹാറാണി അഹല്യബായ് ഹോള്‍ക്കറുടെ നിര്‍ദ്ദേശത്താലും ചെലവിലുമാണ് നിര്‍മ്മിച്ചത്. 1780-ല്‍ കാശി വിശ്വനാഥക്ഷേത്രം പുനര്‍നിര്‍മ്മിച്ചതോടൊപ്പം ഗംഗാതീരത്തെത്തുന്ന ഭക്തര്‍ക്ക് ഗംഗാസ്നാനവും ഗംഗാ ആരതിയും പിതൃദര്‍പ്പണവും മറ്റും സുഗമമായി നടത്തുന്നതിനുതകുന്ന വിവിധ ഘാട്ടുകള്‍ (കല്‍പ്പടവുകള്‍) പണികഴിപ്പിച്ചത് അഹല്യാറാണിയുടെ ദീര്‍ഘവീക്ഷണവും നിശ്ചയദാര്‍ഢ്യവും മൂലമാണ്. അഹല്യദ്വാരകേശ്വര്‍, ഗൗതമേശ്വര്‍, മണികര്‍ണിക ഘട്ട്, ദശാശ്വമേധഘട്ട് , ജ്ഞാനഘട്ട്, അഹല്യാ ഘട്ട്, ശീതല്‍ഘട്ട് എന്നിവയുള്‍പ്പെടെയുള്ള ഘാട്ടുകളുടെയെല്ലാം നിര്‍മ്മാണമോ പുനര്‍നിര്‍മ്മാണമോ നടത്തിയത് മഹാറാണിയാണ്. കൂടാതെ ഉത്തരകാശിധര്‍മ്മശാല, പഞ്ചകോശി ധര്‍മ്മശാല, കപിലധാര ധര്‍മ്മശാല എന്നിവയെല്ലാം സ്ഥാപിച്ചുകൊണ്ട് തീര്‍ത്ഥാടകര്‍ക്ക് സൗജന്യതാമസത്തിനും ഭക്ഷണത്തിനും വേണ്ട സൗകര്യങ്ങള്‍ ഒരുക്കി. കാശിനഗരത്തിന്റെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നതിനായി വിവിധ കേന്ദ്രങ്ങളില്‍ മനോഹരമായ പൂന്തോട്ടങ്ങള്‍ വെച്ചുപിടിപ്പിച്ചു. അയോധ്യയിലെ സരയൂഘാട്ട് നിര്‍മ്മാണത്തിനും രാമേശ്വരത്തും ഗംഗോത്രിയിലും ജഗന്നാഥപുരിയിലും സോമനാഥിലും ക്ഷേത്രോദ്ധാരണത്തിനും തീര്‍ത്ഥാടകര്‍ക്ക് വിശ്രമസൗകര്യങ്ങളൊരുക്കുന്നതിനും മഹാറാണി അഹല്യ നല്‍കിയ സംഭാവനകള്‍ ചെറുതല്ല.
ഇന്ന് നിലനില്‍ക്കുന്ന വ്യവസ്ഥാപിതമായ ചരിത്രപഠന വ്യവസ്ഥിതിക്ക് പുറത്തുനിന്ന് ശ്രീമതി അഹല്യാഭായി ഹോള്‍ക്കറെക്കുറിച്ച് കേള്‍ക്കാന്‍ ഇടവന്നതിനെത്തുടര്‍ന്ന് ഒരിക്കലെങ്കിലും ഇന്‍ഡോര്‍ നഗരത്തെക്കുറിച്ചും അഹല്യാബായിയുടെ കാലത്തെ ഭരണവ്യവസ്ഥയെകുറിച്ചും കൂടുതല്‍ അറിയണമെന്നു തോന്നി. അക്കാലത്തെ ഭരണത്തെപ്പറ്റി പരാമര്‍ശിക്കുന്ന ചരിത്ര വസ്തുക്കള്‍ ശേഖരിച്ചുസൂക്ഷിച്ചിരിക്കുന്ന മ്യൂസിയവും കൊട്ടാര സമുച്ചയങ്ങളും ക്ഷേത്രങ്ങളും മറ്റും കാണണമെന്ന് ആഗ്രഹിച്ചിരുന്നു. അതനുസരിച്ച് കഴിഞ്ഞ വര്‍ഷം ഉജ്ജയിനിയിലും ഇന്തോറിലും ഓംകാരേശ്വറിലുമായി കുടുംബസമേതം ഒരു ഹ്രസ്വസന്ദര്‍ശനം നടത്തുവാന്‍ കഴിഞ്ഞത് ഒരു മഹാഭാഗ്യമായി കരുതുന്നു. ഹോള്‍ക്കര്‍ രാജ്ഞിയുടെ മൂന്നൂറാം ജന്മവാര്‍ഷികാഘോഷം നടക്കുന്ന ഈ പുണ്യാവസരത്തില്‍ അത് വായനക്കാരുമായി പങ്കുവയ്ക്കണമെന്നും തോന്നി. .
മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ജില്ലയിലെ ചൗണ്ടി ഗ്രാമത്തില്‍ 1725 മേയ് 31-നാണ് മങ്കോജി ഷിന്‍ഡെയുടെയും സുശീലയുടേയും മകളായി അഹല്യാബായി ജനിച്ചത്. അക്കാലത്ത് പൊതുവേ പെണ്‍കുട്ടികളെ സ്‌കൂളില്‍ അയക്കാറില്ലായിരുന്നെങ്കിലും അഹല്യാബായിയുടെ അച്ഛന്‍ അവളെ എഴുത്തും വായനയും പഠിപ്പിച്ചിരുന്നു. 1733-ല്‍ പേഷ്വ ബാജിറാവുവിന്റെ സൈന്യത്തിലെ കമാന്‍ഡറും മാള്‍വയുടെ ഭരണാധികാരിയുമായിരുന്ന മല്‍ഹാര്‍റാവു ഹോള്‍ക്കര്‍ പൂനെയിലേക്കുള്ള യാത്രാമധ്യേ ചൗണ്ടിയിലെ ക്ഷേത്രത്തിലെത്തിയപ്പോള്‍ ക്ഷേത്രകാര്യങ്ങളില്‍ സജീവമായി ഏര്‍പ്പെട്ടിരുന്ന എട്ട് വയസ്സുകാരി പ്പെണ്‍കുട്ടിയായ അഹല്യയെ കാണുകയുണ്ടായി. അവളുടെ ഭക്തിയിലും സ്വഭാവത്തിലും ആകൃഷ്ടനായ മല്‍ഹാര്‍ തന്റെ മകന്‍ ഖണ്ഡേറാവുവിനെക്കൊണ്ട് അഹല്യയെ വിവാഹം കഴിപ്പിക്കുവാന്‍ തീരുമാനിച്ചു.
പിന്നീട് നാം കണ്ടത് ചൗണ്ടിയിലെ ക്ഷേത്രത്തിലേക്ക് വേണ്ട പൂക്കള്‍ ശേഖരിച്ചും മാലകെട്ടിയും വളര്‍ന്ന സാധാരണക്കാരിയായ ഒരു പെണ്‍കുട്ടി മാള്‍വ എന്ന മഹാരാജ്യത്തിന്റെ മഹാറാണിയായിത്തീര്‍ന്ന കഥയാണ്. ഭരണം നടത്തിയ 27 ആണ്ടുകള്‍ (ഡിസംബര്‍ 1767മുതല്‍ 1795 ആഗസ്റ്റ് വരെ) കൊണ്ട് മാള്‍വയിലെ ജനങ്ങളുടെ ജീവിതത്തെയാകെ സമൃദ്ധിയിലേക്ക് നയിച്ച ക്ഷേമരാജ്യനായികയുടെ കഥയാണ്. അതിന്റെ പിന്‍തുടര്‍ച്ചയെന്നോണം അവരുടെ രാജധാനിയായിരുന്ന ഇന്തോര്‍ ഇന്നും ശുചിത്വത്തിന്റെ കാര്യത്തിലും വികസനത്തിന്റെ കാര്യത്തിലും കൃഷി, വാണിജ്യ,വ്യവസായ മേഖലകളുടെ കാര്യത്തിലും ഭാരതത്തിലെ മറ്റേത് നഗരങ്ങളേക്കാളും മുന്‍പന്തിയില്‍ നില്‍ക്കുന്നു. ഏറെ വര്‍ഷങ്ങളായി ഏറ്റവും വൃത്തിയുള്ള ഭാരതീയ നഗരങ്ങള്‍ക്ക് ലഭിക്കുന്ന അവാര്‍ഡ് ഇന്‍ഡോറിന് സ്വന്തമാണ്.
ഒന്‍പത് വയസ് തികയുന്നതിനുമുന്‍പ് തന്റെ പുത്രവധുവായി എത്തിയ അഹല്യയെ അവളുടെ ഭര്‍തൃമാതാവ് ഗൗതമബായിയാണ് വളര്‍ത്തിയത്. അഹല്യ പ്രാവര്‍ത്തികമാക്കിയ ഉദാത്തമായ ഭരണ നിപുണതകള്‍ പകര്‍ന്ന് നല്‍കിയത് ഭര്‍തൃമാതാവാണ്. അവര്‍ രാജ്യഭരണം, കണക്കെഴുത്ത് , രാഷ്ട്രീയം എന്നിവയില്‍ അഹല്യയ്ക്ക് വേണ്ട പരിശീലനം നല്‍കി. മാതാ ജീജാബായി ശിവജിക്കുനല്‍കിയ അതേ മാതൃവാല്‍സല്ല്യത്തോടെ. 1754-ല്‍ തന്റെ പിതാവ് മല്‍ഹര്‍റാവു ഹോള്‍ക്കറിനൊപ്പം പോയ ഖണ്ഡേറാവു ഭരത്പൂരിലെ ജാട്ട് രാജാവ് സൂരജ് മാലിന്റെ കുംഹെര്‍ കോട്ട ഉപരോധത്തിലുള്ള യുദ്ധത്തിനിടയില്‍ ജാട്ട് സൈന്യത്തില്‍ നിന്ന് വെടിയേറ്റതിനെത്തുടര്‍ന്ന് കൊല്ലപ്പെട്ടു.
ചെറുപ്രായത്തില്‍ വിധവയാകുവാന്‍ വിധിക്കപ്പെട്ട അഹല്യ ഭര്‍ത്താവിന്റെ മരണത്തോടനുബന്ധിച്ച് അന്ന് നിലനിന്നിരുന്ന സാമൂഹിക ആചാരമായ സതിയനുഷ്ഠിക്കുവാന്‍ തയാറായപ്പോള്‍ അവരുടെ ഭര്‍തൃപിതാവാണ് അഹല്യാബായിയെ അതില്‍ നിന്ന് പിന്‍തിരിപ്പിച്ചത്. തുടര്‍ന്ന് മല്‍ഹര്‍ റാവു ഹോള്‍ക്കര്‍ നേരിട്ട് സൈനിക കാര്യങ്ങളില്‍ അഹല്യക്ക് വേണ്ട പരിശീലനം നല്‍കിക്കൊണ്ട് രാജ്യഭരണത്തിന് പ്രാപ്തയാക്കി. അഹല്യയുടെ ഭരണകാലത്ത് ഭാരതത്തിലെ എല്ലാ പ്രധാനക്ഷേത്രങ്ങളിലും എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വേണ്ട സേവനങ്ങള്‍ ഒരുക്കി. അവ സ്നാനഘട്ടങ്ങളായോ അന്നദാനമന്ദിരങ്ങളായോ സ്തംഭവിളക്കുകളായോ കൊടിമരങ്ങളായോ ധര്‍മ്മശാലകളുടെയോ ക്ഷേത്രങ്ങളുടെയോ രൂപങ്ങളി ലായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം ഏകീകൃതഭാരതത്തിന്റെ രൂപരേഖ സര്‍ദാര്‍ പട്ടേലിനെപ്പോലുളളവര്‍ക്ക് ലഭിച്ചത് അഹല്യാബായി ഹോള്‍ക്കറില്‍ നിന്നാണോ എന്ന് ചിന്തിച്ചാല്‍ അതില്‍ അത്ഭുതപ്പെടാനില്ല. സര്‍ദാര്‍പട്ടേലിന് അകാലചരമം നേരിടേണ്ടി വന്നില്ലായിരുന്നെങ്കില്‍ ഭാരതത്തിന്റെ നവനിര്‍മ്മാണത്തിന് സോമനാഥില്‍നിന്നും തുടക്കം കുറിച്ച പട്ടേലിന് ഹോള്‍ക്കറുടെ മാതൃക പിന്‍തുടര്‍ന്ന് ഭാരതതത്തിലെ മറ്റ് തീര്‍ത്ഥക്ഷേത്രങ്ങളെ എല്ലാം പുനരുദ്ധരിച്ചുകൊണ്ട് ഭാരതത്തിന്റെ ഏകത്വഭാവം അനുഭവവേദ്യമാക്കാനാകുമായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നാടിന്റെ ദുര്‍ഗതി മാറുവാന്‍ പിന്നെയും പതിറ്റാണ്ടുകള്‍ വേണ്ടി വന്നു എങ്കിലും അതിനൊക്കെ പ്രാരംഭം കുറിച്ചു കഴിഞ്ഞുവെന്ന് നമുക്കഭിമാനിക്കാം.
ഭാരതത്തിലെല്ലായിടത്തും കോടികള്‍ മുടക്കി ക്ഷേത്രങ്ങളും തീര്‍ത്ഥസ്ഥാനങ്ങളും പുനര്‍നിര്‍മ്മിച്ചു കൊണ്ടിരിക്കുമ്പോള്‍ അവര്‍ സ്വന്തം രാജ്യത്തിനു വേണ്ടി യാതൊന്നും ചെയ്തിട്ടില്ല എന്ന് ആരും കരുതേണ്ടതില്ല. വെറുമൊരു ഗ്രാമപ്രദേശം മാത്രമായിരുന്ന ഇന്‍ഡോറിനെ ഒരു സമ്പന്നനഗരമാക്കി ത്തീര്‍ക്കുവാന്‍ ശ്രീമതി ഹോള്‍ക്കര്‍ക്ക് സാധിച്ചു. വിന്ധ്യാ പര്‍വതങ്ങളില്‍ താമസിച്ച് കൊള്ളയും കൊലയും നടത്തിവന്നിരുന്ന ഭീമന്‍മാരേയും ഗോണ്ടുകളേയും അമര്‍ച്ച ചെയ്തും രാജ്യാതിര്‍ത്തികളിലെല്ലാം സുരക്ഷാ സന്നാഹങ്ങളോടെയുള്ള കോട്ടകള്‍ പണിത് പരിപാലിച്ചും പൗരന്മാര്‍ക്ക് സമാധാന ജീവിതം ഉറപ്പാക്കി. നീതി-ന്യായ നിര്‍വഹണത്തില്‍ സുതാര്യത ഉറപ്പാക്കുവാന്‍ രാജദര്‍ബാറുകളില്‍ അവര്‍ നേരിട്ട് പങ്കെടുത്ത് പരാതിക്കാരെ നേരില്‍ കണ്ട് ഏവര്‍ക്കും തുല്യ നീതി ലഭ്യമാക്കി. ഒരു രാജ്യത്തിന്റെ വികസനത്തിന് റവന്യൂവരുമാനം വര്‍ദ്ധിപ്പിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഭരണച്ചെലവുകള്‍ കുറയ്ക്കുക എന്നത്. ഈ തത്ത്വം നടപ്പിലാക്കിയതിലൂടെ അവര്‍ ഭാവി ഭരണാധികാരികള്‍ക്ക് നല്‍കിയ മാതൃക പഠനാര്‍ഹമാണ്.
1795 ഓഗസ്റ്റ് 13-ാം തീയതി അഹല്യഹോള്‍ക്കര്‍ നിത്യത പ്രാപിച്ചു. റാണി ഹോള്‍ക്കറോടുളള ആദരസൂചകമായി ഇന്‍ഡോറിലെ വിമാനത്താവളത്തിന് ദേവി അഹല്ല്യാബായി ഹോള്‍ക്കര്‍ അന്താരാഷ്ട്ര വിമാനത്താവളമെന്ന് നാമകരണം ചെയ്തിരിക്കുന്നു. ഇന്‍ഡോ യൂണിവേഴ്സിറ്റി ഇന്ന് ‘ദേവി അഹല്ല്യാബായി ഹോള്‍ക്കര്‍ വിശ്വവിദ്യാലയ’മെന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. കൊച്ചുവേളിയില്‍നിന്നും ഇന്‍ഡോറിലേക്ക് പോകുന്ന ട്രെയിനിന്റെ പേര് അഹല്യാനഗരി എക്സ്പ്രസ്സ് എന്നതും മഹാറാണിയുടെ സ്മരണാര്‍ത്ഥമാണ്. ദേവിയുടെ ജന്മനഗരമടങ്ങുന്ന അഹമ്മദ്നഗര്‍ പട്ടണത്തിന്റെ ഔദ്യോഗിക നാമം 2023 ജൂണ്‍ ഒന്ന് മുതല്‍ ‘അഹല്യാനഗരി’ എന്നായിരിക്കുമെന്ന് മഹാരാഷ്ട്രാ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതൊക്കെയാണെങ്കിലും ഭാരതചരിത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പല ഗ്രന്ഥങ്ങളിലും പാഠപുസ്തകങ്ങളിലും അഹല്യാബായി ഹോള്‍ക്കറെക്കുറിച്ചുള്ള അദ്ധ്യായങ്ങള്‍ ഇല്ല എന്ന് തന്നെ പറയാം. ആ പുണ്യവതിയുടെ മൂന്നാം ജന്മശതാബ്ദി ആചരണത്തിന്റെ ഭാഗമായിട്ടെങ്കിലും അതിനുള്ള ശ്രമം നടത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.